ഋഷി സുനകിന് മാന്ദ്യം മറികടക്കാനാകുമോ
തകരുന്ന സാമ്പത്തിക നിലയില്‍ നിന്നും രാജ്യത്തെ എന്ത് വിലകൊടുത്തും തിരിച്ചു കൊണ്ടുവരികയെന്ന സാമ്പത്തികമായ വെല്ലുവിളിയാണ് പ്രധാനമായും സുനകിന് മുന്നിലുള്ളത്. താന്‍ അതിനെ ധീരമായി ഏറ്റെടുക്കുകയാണെന്നും അതിനുവേണ്ടിയുള്ള നടപടികള്‍ തുടങ്ങിയെന്നുമാണ് സുനകിന്റെ ആദ്യ പ്രസ്താവനകള്‍ വ്യക്തമാക്കുന്നത്. തകര്‍ന്ന സാമ്പത്തിക വ്യവസ്ഥയില്‍ സുനക് രാജ്യത്തെ മുന്നില്‍ നിന്നു നയിക്കുന്നത് ഇതാദ്യമല്ല. പ്രധാനമന്ത്രി ആയിരുന്നില്ലെങ്കിലും കോവിഡ് കാലത്ത് രാജ്യത്തെ സമ്പദ്-വ്യവസ്ഥയെ മുന്നോട്ട് നയിച്ച സുനകിന് പക്ഷെ, ഇത്തവണ കൂടുതല്‍ കടുത്ത നടപടികളിലേക്ക് പോകേണ്ടി വരും.
ബ്രിട്ടനെ ഇനി ഋഷി സുനക് നയിക്കും. രണ്ട് മാസത്തിനിടെ ബ്രിട്ടന്റെ മൂന്നാമത്തെ പ്രധാനമന്ത്രിയായാണ് സുനക് അധികാരമേല്‍ക്കുന്നത്. 42 വയസ്സ് മാത്രം പ്രായമുള്ള ബ്രിട്ടിഷ് പ്രധാനമന്ത്രി പദവിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജനാണ് ഋഷി സുനക്. ബോറീസ് ജോണ്‍സനും ലിറ്റ് ട്രസ്സും രാജിവെച്ച ശേഷമാണ് ഋഷിയെ തേടി പ്രധാനമന്ത്രി പദമെത്തുന്നത്. സര്‍ക്കാര്‍ ഖജനാവിന്റെ അധിപനായിരുന്നു ഋഷി സുനക്. ചരിത്രത്തില്‍ ഇതാദ്യമായി ബക്കിങ്ങ്ഹാം പാലസിലെ രാജാവിനെക്കാള്‍ ധനികനാണെന്ന ഖ്യാതിയോടെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഡൗണിങ്സ്ട്രീറ്റ് പത്തിലേക്ക് ഋഷി സുനക് അധിവസിക്കാനെത്തുന്നത്. 2025 ജനുവരിയിലെ പൊതു തെരെഞ്ഞെടുപ്പ് വരെയുള്ള കാലാവധി പൂര്‍ത്തിയാക്കണമെങ്കില്‍ ഋഷി നന്നായി വിയര്‍ക്കേണ്ടി വരും. രാജ്യത്തെ ഗ്രസിച്ചു കഴിഞ്ഞ സാമ്പത്തിക മാന്ദ്യം, രാഷ്ടീയ അസ്തിരയില്‍ നിന്നും രാജ്യത്തെ രക്ഷിക്കുക, തുടങ്ങിയ പ്രധാന വിഷയങ്ങളാണ് സുനകിനു മുന്നിലുള്ളത്.
പൂര്‍വ്വ ഇന്ത്യയിലെ പഞ്ചാബ് പ്രവശ്യയില്‍ (ഈ പ്രദേശം ഇപ്പോള്‍ പാക്കിസ്ഥാന്‍ അതീനതയിലുള്ള ഗുജ്‌റന്‍വാല എന്നാണ് അറിയപ്പെടുന്നത്) വേരുള്ള ഋഷിയുടെ മുത്തച്ചന്‍ ജീവിതായോധനത്തിനായി ഇന്ത്യയില്‍ നിന്നും ഈസ്റ്റ് ആഫ്രിക്കയിലേക്ക് കുടിയേറി. കെനിയക്കാരനായ പിതാവ് യശ്‌വീറും ടാന്‍സാനിയക്കാരിയായ മാതാവ് ഉഷാ സുനക്കും ഉള്ളതെല്ലാം വിറ്റ് കുടുംബസമേതം ഈസ്റ്റ് ആഫ്രിക്കയില്‍ നിന്നും ബ്രിട്ടനിലേക്ക് പോവുകയായിരുന്നു. ബ്രിട്ടനിലെ സൗത്ത് ആപ്സ്റ്റണില്‍ ജനിച്ച ഋഷി സുനക് സാന്‍ഫോര്‍ഡ് ഗ്രാജ്വേറ്റ് സ്‌കൂള്‍ ഓഫ് ബിസിനസ്സ്, വിഞ്ചെസ്റ്റര്‍ കോളജ്, ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്നും വിദ്യാഭ്യാസം നേടി. ഫിലോസഫി, പൊളിറ്റിക്‌സ്, എക്കണോമിക്‌സ് എന്നീ വിഷയങ്ങളില്‍ പ്രാവീണ്യം നേടിയ ശേഷം ലണ്ടനിലെ ഇന്‍വെസ്റ്റ്മെന്റ് ബാങ്കില്‍ അനലിസ്റ്റായും ഹെഡ്ജ് ഫണ്ട് സ്ഥാപനമായ ചില്‍ഡ്രന്‍സ് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് മാനേജ്മെന്റിലും ഉയര്‍ന്ന ജോലി നോക്കി. പിന്നീട് ഈ സ്ഥാപനത്തിന്റെ പാര്‍ട്ണറുമായി. കുടുംബ സ്ഥാപനമായ കറ്റാമരന്‍ വെഞ്ച്വേഴ്സില്‍ ഡയറക്ടറുമായും ചുമതല വഹിച്ചു. 2009 ല്‍ പ്രമുഖ ഇന്ത്യന്‍ വ്യാപാരിയും ഇന്‍ഫോസിസ് സ്ഥാപകനുമായ നാരായണ മൂര്‍ത്തിയുടെ മകളായ അക്ഷിതമൂര്‍ത്തിയെ വിവാഹം ചെയ്തു. കൃഷ്ണ, അനൗഷ്‌ക എന്നുപേരുള്ള രണ്ടു പെണ്‍കുട്ടികളാണ് മക്കള്‍. 2015 മുതല്‍ റിച്ച്‌മോണ്ടില്‍ നിന്നുള്ള പാര്‍ലമെന്റ് മെമ്പറായി. 2019-ല്‍ ബോറിസ് മന്ത്രിസഭയിലെത്തി. ചീഫ് സെക്രട്ടറി ഓഫ് ട്രഷറര്‍ ആയാണ് തുടങ്ങിയതെങ്കിലും പിന്നീട് സര്‍ക്കാര്‍ ഖജനാവിന്റെ ചുമതല വഹിക്കുന്ന ധനമന്ത്രിയായി മാറുകയും ചെയ്തു.
എന്തുകൊണ്ട് ഋഷി സുനക്
കഴിഞ്ഞ ഏതാനും മാസങ്ങളായി ബ്രിട്ടണ്‍ വലിയൊരു സാമ്പത്തിക മാന്ദ്യത്തെ നേരിടുകയാണ്. എന്നാല്‍, ബ്രിട്ടണില്‍ വര്‍ഷങ്ങളായി ഖജനാവ് നിയന്ത്രിക്കുന്ന ഒരാള്‍ എന്ന നിലയില്‍ നിലവിലുള്ള ഈ മാന്ദ്യത്തെ നേരിടാന്‍ ഋഷിയേക്കാള്‍ പറ്റിയ ഒരാള്‍ സഭയില്‍ വേറെയില്ലെന്നതാണ് വസ്തുത. ധനകാര്യ മന്ത്രിയായത് കൊണ്ട് സാമ്പത്തിക രംഗത്തെ അപകടനില തരണം ചെയ്യാന്‍ എല്ലാവര്‍ക്കും കഴിയണമെന്നില്ല. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയും രാജ്യത്തെ വിവിധ സാമ്പത്തിക സ്ഥാപനങ്ങളില്‍ നിന്നുള്ള പരിചയവുമുള്ള സുനകിനു സ്വന്തമായുള്ള ആസ്തിയുടെ ബലവും പ്രശ്‌നങ്ങളെ കൈകാര്യം ചെയ്തുകൊണ്ടുള്ള മുന്‍ പരിചയവുമുണ്ട്. എന്നാല്‍, തന്റെ അക്കാദമിക പശ്ചാത്തലം തന്നെയാണ് നാളിതു വരെയുള്ള വളര്‍ച്ചയില്‍ സുനകിനു മുതല്‍കൂട്ടായിട്ടുള്ളത്. ഇതെല്ലാം തെളിയിക്കുന്നത് അദ്ദേഹം സാധാരണ രാഷ്ടീയക്കാരനല്ലെന്നതാണ്. ഈ യഥാര്‍ഥ്യമാണ് സുനകിനു പ്രധാനമന്ത്രി പദവി പോലും എളുപ്പമാക്കിയത്.
അതേസമയം സാമ്പത്തിക നില തരണം ചെയ്താല്‍ സുനകിനു തുടരാന്‍ കഴിയുമൊ, കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയില്‍ തന്നെയുള്ള വെള്ളക്കാര്‍ ഇന്ത്യന്‍ വംശജനായ ഒരാളെ വെച്ച് പൊറുപ്പിക്കുമൊ എന്നെല്ലാം കാത്തിരുന്നു കാണേണ്ടി വരും. വംശീയത ഏറ്റവും കൂടിയ അളവില്‍ നില്‍നില്‍ക്കുന്ന ബ്രിട്ടനില്‍ തനിക്കെതിരെ പാര്‍ട്ടിയില്‍ നിന്നുള്ള വംശീയ യാഥാര്‍ഥ്യത്തെ തരണം ചെയ്യാന്‍ അദ്ദേഹത്തിനു സാധിച്ചാല്‍ മാത്രമേ രണ്ട് വര്‍ഷം തികക്കാന്‍ സാധിക്കുകയുള്ളൂ. അല്ലെങ്കില്‍ സാമ്പത്തിക നില നേരെയാകുന്ന മുറയില്‍ അധികാരം മറ്റൊരാള്‍ക്ക് കൈമാറാന്‍ സുനക് നിര്‍ബന്ധിതനായേക്കും. വെള്ളക്കാരനു പകരം ഒരു തവിട്ട് നിറക്കാരനെ വാഴിക്കാന്‍ വെള്ളക്കരുടെ വംശീയബോധം അനുവദിച്ചില്ലെങ്കില്‍ ആവശ്യ സന്ദര്‍ഭത്തില്‍ ഉപയോഗപ്പെടുത്തിയ ശേഷം സാവധാനം പുറത്തേക്കുള്ള വഴിയൊരുക്കാന്‍ കരുനീക്കങ്ങളും ഉണ്ടായേക്കും.
സമ്പദ്‌വ്യവസ്ഥ നിലം പതിക്കുമ്പോള്‍
ബ്രിട്ടന്റെ സമ്പദ്ഘടന നാള്‍ക്കുനാള്‍ നിലംപതിച്ചു കൊണ്ടിരിക്കുകയാണ്. വിലക്കയറ്റം, ജീവിത ചെലവിലെ വര്‍ദനവ് എന്നിവയെല്ലം ചെറുകിട സംരംഭങ്ങളെ കാര്യമായി ബാധിച്ചു. കൊറോണക്ക് മുമ്പുണ്ടായിരുന്നതിനേക്കാള്‍ താഴ്ന്ന അവസ്ഥയിലാണ് സാമ്പത്തികനില എത്തിനില്‍ക്കുന്നത്. പണപ്പെരുപ്പവും ഇന്ധന വിലവര്‍ധനവും രാജ്യത്തിന്റെ നടുവൊടിക്കുന്ന അവസ്ഥയിലാണ്. നിലവിലുള്ള മാന്ദ്യം ഏതാണ്ട് 2023 ന്റെ മധ്യത്തോളം നീണ്ടുനില്‍ക്കുമെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. തല്‍കാലം പിടിച്ച് നില്‍ക്കണമെങ്കില്‍ 40 ബില്ല്യണ്‍ പൗണ്ട് (ഏതാണ്ട് 4 ലക്ഷം കോടി രൂപ) പൊതുവരവിലേക്ക് വകയിരുത്തേണ്ടി വരുമെന്നാണു ബ്രിട്ടീഷ് ഭരണകൂടത്തിന്റെ വിലയിരുത്തല്‍.
അതേസമയം തകരാറിലായ സമ്പദ്‌വ്യവസ്ഥ ബ്രിട്ടന്റെ മാത്രം സ്ഥിതിയല്ല. കൊറോണക്ക് ശേഷം ഏഴുനേറ്റ് നിന്ന ലോക സാമ്പത്തിക രംഗം ഏതാനും മാസങ്ങളായി അത്ര ചെറുതല്ലാത്ത സാമ്പത്തിക മാന്ദ്യത്തെ നേരിടുകയാണ്. ആഗോളാടിസ്ഥാനത്തില്‍ ഇത് പ്രകടമാണ്. റഷ്യ ഉക്രൈന്‍ യുദ്ധത്തോടേയാണ് പ്രതിസന്ധി മറ നീക്കി പുറത്ത് വന്നത്. സാമ്പത്തിക അസ്ഥിരതയും ഊര്‍ജ പ്രതിസന്ധിയും രാജ്യത്തിന്റെ സമ്പദ് രംഗത്തെ കൂടുതല്‍ പരുങ്ങലിലാക്കി. ചുരുക്കത്തില്‍ ലോകം വലിയൊരു സാമ്പത്തിക മാന്ദ്യത്തിന്റെ പടിവാതില്‍ക്കലാണ് ഇപ്പോഴെത്തി നില്‍ക്കുന്നത്. എണ്ണയുല്‍പാദന രാജ്യങ്ങള്‍ക്ക് മാത്രമാണ് കുറച്ചെങ്കിലും ഈ മാന്ദ്യത്തില്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കുന്നത്. ''അമേരിക്ക നിലവില്‍ മാന്ദ്യത്തെ നേരിട്ടുകൊണ്ടിരിക്കുകയാണെന്നും റഷ്യയും ജര്‍മനിയും തൊട്ടു പുറകിലുണ്ടെന്നും റഷ്യയുടെ സ്ഥിതി പരിതാപകരമാണെന്നും'' ഓര്‍ഗനൈസേഷന്‍ ഓഫ് എക്കണോമിക് കോ-ഓപ്പറേഷന്‍ ആന്റ് ഡെവലപ്‌മെന്റ് (OECD) വിലയിരുത്തുന്നു.
പല കോണുകളിലായി നിലകൊള്ളുന്ന പ്രമുഖരുള്ള തന്റെ പാര്‍ട്ടിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം തിരിച്ചു കൊണ്ടുവരികയും ഐക്യം തകര്‍ന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ ഒന്നിപ്പിച്ച് നിര്‍ത്തുകയെന്നത് പക്ഷേ അല്‍പ്പം കടുത്തതാണ്. പടിപടിയായി പിളരുന്ന പാര്‍ട്ടിയെ നേരെയാക്കണം. സ്വന്തം ക്യാബിനറ്റിലും പാര്‍ട്ടിയിലും സുനകിനെ അംഗീകരിക്കാത്തവര്‍ ഏറെയുണ്ടെന്ന വസ്തുത നിലനില്‍ക്കെ പാര്‍ട്ടിയിലെ തീവ്ര വലതുപക്ഷക്കാരെ അനുനയിപ്പിക്കല്‍ അത്ര എളുപ്പമാവില്ല.
ബ്രിട്ടനില്‍ വിലക്കയറ്റവും ഉയര്‍ന്ന പലിശനിരക്കും ജനജീവിതത്തെ നേരിട്ട് ബാധിച്ചിരിക്കുന്നു. 2022 വരെ നേരെനിന്ന ആളോഹരി വരുമാനം കഴിഞ്ഞ മാസം 0.2% താഴോട്ട് പോയി. രാജ്യത്തിന്റെ ഉത്പാദനത്തില്‍ 0.6% വും നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ 1.4% വും കുറവ് വന്നു. നിത്യോപയോഗ സാധനങ്ങള്‍ക്ക് കഴിഞ്ഞ ഒരു വര്‍ഷത്തേക്കാള്‍ 10% വില വര്‍ധനവുമുണ്ടായത് ബ്രിട്ടന്റെ സാമ്പത്തികനിലയെ കൂടുതല്‍ വശളാക്കി. ലിറ്റ്‌റെസ്സ് ഭരണകൂടം ഒരു മിനി ബജറ്റ് നടപ്പാക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. 1950 ശേഷമുണ്ടായ 11 ഓളം മാന്ദ്യങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍, കൂടിയത് ഒന്നര വര്‍ഷം വരെ നിലവില്‍ രൂപപ്പെട്ട മാന്ദ്യം നിലനില്‍ക്കുമെന്നാണ് കണക്കാക്കുന്നത്. എന്തായാലും 2024 ഓടു കൂടി പൂര്‍ണ്ണമായും പ്രതിസന്ധികള്‍ അവസാനിക്കുമെന്നും 2008 ലുണ്ടായ മാന്ദ്യത്തോളം വരില്ലെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു. മാന്ദ്യത്തെ നേരിടാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് വീണ്ടും പലിശനിരക്ക് വെട്ടിച്ചുരുക്കുമെങ്കില്‍ ചെറുകിട സംരംഭങ്ങള്‍ക്ക് വലിയ ആശ്വാസമായേക്കും. അതു വഴി മാര്‍ക്കറ്റ് അഭിവൃദ്ധിപ്പെടുമെന്നും വിലയിരുത്തപ്പെടുന്നു. എല്ലാ ഗവര്‍മെന്റ് സ്ഥപനങ്ങളും അടിയന്തിരമായി ചെലവു ചുരുക്കല്‍ നടപടികള്‍ക്ക് വിധേയമാകണമെന്ന നിര്‍ദേശം ധനമന്ത്രി ജറമി ഹണ്ട് ഇതിനകം നല്‍കിക്കഴിഞ്ഞു. പ്രധാനമന്ത്രിയും ധനമന്ത്രിയും തമ്മിലുള്ള കൂടിക്കഴ്ച്ചക്ക് ശേഷം നികുതി വര്‍ധനവ്, പൊതുചെലവു കുറക്കല്‍ തുടങ്ങി കൂടുതല്‍ കരുതല്‍ നടപടികളും ഉണ്ടായേക്കും.
സുനകിന്റെ ആസ്തികള്‍
ചരിത്രത്തില്‍ ഇന്നോളം ബ്രിട്ടീഷ് ഭരണകൂടങ്ങള്‍ക്ക് പരിചിതമല്ലാത്ത അത്രയും ആസ്തിയുണ്ട് പ്രധാനമന്ത്രിയായെത്തുന്ന ഋഷി സുനകിനു. 20-ആം വയസ്സില്‍ മള്‍ട്ടിമില്യനയര്‍ എന്ന പദവി കരസ്ഥമാക്കിയ സുനകിനെ ബ്രിട്ടണിലെ ഏറ്റവും ധനികനായ രാഷ്ടീയക്കാരനായി സന്‍ഡേ ടൈംസ് തെരഞ്ഞെടുത്തിരുന്നു. ലഭ്യമായ കണക്കുകള്‍ പ്രകാരം നിലവില്‍ 730 മില്ല്യണ്‍ പൗണ്ട് (ഏതാണ്ട് 823.4 മില്യണ്‍ യു.എസ് ഡോളര്‍) ആസ്തിയുള്ള സുനകും ഇന്ത്യയിലെ മള്‍ട്ടി ബില്ല്യണ്‍ ഡോളര്‍ ഐ.ടി കമ്പനിയില്‍ 0.93% ഷെയര്‍ ഉള്ള പ്രിയതമ അക്ഷതയും ബ്രിട്ടണിലെ ഏറ്റവും ധനിക കുടുംബങ്ങളുടെ പട്ടികയില്‍ പെട്ടവരാണ്. സുനകിനു ബ്രിട്ടണിലും അമേരിക്കയിലും മൂന്നു വസ്തുവകകള്‍ സ്വന്തമായുണ്ട്. ഏതാണ്ട് 20മില്യന്‍ ഡോളറാണ് അതില്‍ നിന്നുള്ള വരുമാനം. പടിഞ്ഞാറന്‍ ലണ്ടനിലെ കിംഗ് വെസ്റ്റണില്‍ ഏതാണ്ട് 10 മില്ല്യന്‍ ഡോളര്‍ വില വരുന്ന വീടും സ്വന്തമാണ്. നോര്‍ത്ത് യോര്‍ക്ക്‌ഷെയറില്‍ സ്വന്തമായ എസ്റ്റേറ്റും യു.എസ്സിലെ സാന്റാ മൊണികയിലെ കടലോരത്ത് വലിയ പാര്‍പ്പിട സമുച്ചയം തുടങ്ങി ഒട്ടേറെ ആസ്തികള്‍ വേറേയും ഉണ്ട്. ഭാര്യ അക്ഷിതയുടെ മുഴുവന്‍ കണക്കുകള്‍ ഇതു വരെ ലഭ്യമല്ലെന്നും രാജ്യത്തിനു പുറത്ത് നിന്നുള്ള അവരുടെ വരുമാനത്തിന്റെ നികുതി ഒഴിവാക്കാന്‍ 'ഭവനരഹിത'യെന്ന് ഭരണകൂടത്തിനു തെറ്റായ വിവരം നല്‍കിയെന്നും ആരോപണങ്ങളുണ്ട്. ലേബര്‍ പാര്‍ട്ടി സുനകിന്റെ കാമ്പയിന്‍ സമയത്ത് ഈ വിഷയം ഉയര്‍ത്തിയിരുന്നു. എന്നാല്‍, ഇന്‍ഫോസിസില്‍ നിന്ന് മാത്രം അക്ഷിതക്ക് 15 മില്ല്യന്‍ വരുമാനമുണ്ടെന്നും പ്രതിമാസം ഭരണകൂടത്തിനു 50,000 ഡോളര്‍ നികുതിയായി അടക്കേണ്ടി വരുമെന്നും എതിരാളികള്‍ കാമ്പയിനില്‍ കണക്കുകള്‍ സഹിതം എടുത്തു കാട്ടിയിരുന്നു.
സുനകിനു മുന്നിലുള്ള വെല്ലുവിളികള്‍
വെല്ലുവിളികള്‍കൊണ്ട് കീഴ്‌പെടുത്താനാവില്ലെന്ന് പ്രധാനമന്ത്രി പദവി ഏറ്റെടുത്ത ഉടനെ സുനക് വ്യക്തമാക്കുകയുണ്ടായി. മൂന്നു വെല്ലുവിളികളാണ് സുനകിനു മുന്നിലുള്ളത്. തകരുന്ന സാമ്പത്തിക നിലയില്‍ നിന്നും രാജ്യത്തെ എന്ത് വിലകൊടുത്തും തിരിച്ചു കൊണ്ടുവരികയെന്ന സാമ്പത്തികമായ വെല്ലുവിളിയാണ് ഒന്നാമത്തേത്. താന്‍ അതിനെ ധീരമായി ഏറ്റെടുക്കുകയാണെന്നും അതിനു വേണ്ടി പണി തുടങ്ങിയെന്നുമാണു സുനകിന്റെ ആദ്യ പ്രസ്താവനകള്‍ വ്യക്തമാക്കുന്നത്. തകര്‍ന്ന സാമ്പത്തിക വ്യവസ്ഥയില്‍ രാജ്യത്തെ മുന്നില്‍ നിന്നു നയിക്കുന്നത് ഇതാദ്യമല്ല. പ്രധാനമന്ത്രി ആയിരുന്നില്ലെങ്കിലും കോവിഡ് കാലത്ത് രാജ്യത്തെ സമ്പദ്-വ്യവസ്ഥയെ നയിച്ച സുനകിനു പക്ഷെ ഇത്തവണ കൂടുതല്‍ കടുത്ത നടപടികളിലേക്ക് പോകേണ്ടി വരുമെന്നാണ് വിലയിരുത്തല്‍.
തികച്ചും രാഷ്ടീയപരമാണ് രണ്ടാമത്തേത്. പല കോണുകളിലായി നിലകൊള്ളുന്ന പ്രമുഖരുള്ള തന്റെ പാര്‍ട്ടിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം തിരിച്ചു കൊണ്ടുവരികയും ഐക്യം തകര്‍ന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ ഒന്നിപ്പിച്ച് നിര്‍ത്തുകയെന്നത് പക്ഷേ അല്‍പ്പം കടുത്തതാണ്. പടിപടിയായി പിളരുന്ന പാര്‍ട്ടിയെ നേരെയാക്കണം. സ്വന്തം ക്യാബിനറ്റിലും പാര്‍ട്ടിയിലും സുനകിനെ അംഗീകരിക്കാത്തവര്‍ ഏറെയുണ്ടെന്ന വസ്തുത നിലനില്‍ക്കെ പാര്‍ട്ടിയിലെ തീവ്ര വലതുപക്ഷക്കാരെ അനുനയിപ്പിക്കല്‍ അത്ര എളുപ്പമാവില്ല. സുനകിന്റെ പദവിയെ വിരോധാഭാസമെന്ന് വിശേഷിപ്പിക്കുന്നവര്‍ സുനക് നയിക്കുന്ന പാര്‍ട്ടിയില്‍ ഇനിയും എത്രകാലമുണ്ടാകുമെന്ന് കാത്തിരുന്നു കാണേണ്ടി വരും. ഒന്നുകില്‍ ഏക്യപ്പെടുക അല്ലെങ്കില്‍ ഒടുങ്ങുകയെന്നാണ് ഋഷി സുനക് പാര്‍ട്ടി പ്രവര്‍ത്തകരോടു അഭ്യര്‍ഥിക്കുന്നത്.
രാജ്യത്ത് നിലനില്‍ക്കുന്ന വംശീയതയെ നേരിടുകയെന്നതാണ് മൂന്നാമത്തേത്. 2021 ല്‍ രാജ്യത്ത് 85,268 പേര്‍ക്കെതിരെ വംശീയ കുറ്റം ചുമത്തിയിട്ടുണ്ട്. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 12% കൂടുതലാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. വംശീയ ധ്രുവീകരണം ഏറ്റവും ഉത്തുംഗതയില്‍ എത്തി നില്‍ക്കുന്ന ബ്രിട്ടനില്‍ തവിട്ടുനിറക്കാരനായ പ്രധാനമന്ത്രിക്ക് ഏത്ര മുന്നോട്ട് പോകാന്‍ കഴിയും എന്നത് വലിയ പ്രതിസന്ധിയുണ്ടാക്കിയേക്കും. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ ഉള്ള പ്രമുഖര്‍ പോലും എതിരിട്ട് നില്‍ക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. രാജ്യത്തേക്ക് പ്രവേശിക്കുന്ന അഭയാര്‍ഥികളെ തിരിച്ചയക്കണമെന്ന് വാദിക്കുന്നവരും വെള്ളക്കാരല്ലാത്തവര്‍ക്ക് നേരെ നിരന്തരമായി വെറുപ്പ് ഉത്പാദിപ്പിക്കുന്ന സങ്കുചിത ദേശീയ ബോധത്തിന്റെ വാക്താക്കളും ഋഷി സുനക്കിനു ഭാരമേറിയ വെല്ലുവിളിയാകാതിരിക്കില്ല. അഭയാര്‍ഥികളുടെ വിഷയത്തില്‍ ഒട്ടേറെ നിയമങ്ങള്‍ കൊണ്ടുവരികയും അവക്ക് ഭേദഗതി വരുത്തുകയും ചെയ്ത ചരിത്രം ബ്രിട്ടനുണ്ട്. വെറും ഏഴു വര്‍ഷത്തെ രാഷ്ടീയ പാരമ്പര്യമുള്ള ഒരാള്‍ക്ക് ഈ വെല്ലുവിളികള്‍ നിഷ്പ്രയാസം ഏറ്റെടുക്കാന്‍ സാധിക്കുകയില്ല. ഇടക്കുവെച്ച് നിര്‍ത്തിപ്പോകുന്ന പ്രകൃതക്കാരനാണെന്നും, രാഷ്രീയ പരിചയം നന്നേ കുറവാണെന്നുമാണ് എതിരാളികള്‍ കാമ്പയിനുകളില്‍ അദ്ദേഹത്തിനെതിരെ ഉയര്‍ത്തിയിരുന്നത്. 357 കണ്‍സര്‍വേറ്റീവ് അംഗങ്ങളുള്ള പാര്‍ലമെന്റില്‍ ഏതാണ്ട് 200 ഓളം പെരുടെ ലീഡാണു അദ്ദേഹത്തിനു ലഭിച്ചതെന്നും പ്രമുഖരായ പലരും മറക്കു പിന്നിലാണെന്നും ആരൊപണമുണ്ട്. എന്നാല്‍, ഈ ആരോപണങ്ങളൊന്നും ശക്തരായ മന്ത്രിമാരെ തെരെഞ്ഞെടുത്ത് ഭരണം മുന്നോട്ട് നയിക്കുന്ന ചുറുചുറുക്കുള്ള ചെറുപ്പക്കാരനായ ഋഷി സുനകിനെ തളര്‍ത്താന്‍ ഇടയില്ല എന്നതാണ് പൊതുവെയുള്ള വിലയിരുത്തല്‍.