പരിഷത്ത് നേതൃത്വത്തില്‍ നവകേരളം സാധ്യമാകില്ല

പരിഷത്തില്‍ സി.പി.എമ്മിന്റെ നിയന്ത്രണം ശക്തമാകുംതോറും പാരിസ്ഥിതിക പ്രശ്നങ്ങളില്‍ ഇടപെടുന്ന പ്രക്ഷോഭസംഘടന എന്ന നിലയില്‍ നിന്ന് അതേറെ അകന്നു. മാത്രമല്ല, ഇടതുപക്ഷം ഭരിക്കുമ്പോള്‍ സര്‍ക്കാര്‍ പദ്ധതികളുടെ നടത്തിപ്പുകാര്‍ മാത്രമായി സംഘടന മാറാനും തുടങ്ങി. ജനകീയാസൂത്രണ പ്രവര്‍ത്തനങ്ങളിലും ഡി.പി.ഇ.പിയിലും സാക്ഷരതാ പ്രസ്ഥാനത്തിലുമൊക്കെ അതായിരുന്നു കണ്ടത്.

Update: 2023-05-30 15:34 GMT
Advertising

കേരളത്തിന്റെ സാമൂഹ്യ-പാരിസ്ഥിതിക-വിദ്യാഭ്യാസ മേഖലയില്‍ ഏറെ സ്വാധീനം ചെലുത്തിയിട്ടുള്ള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ വജ്രജൂബിലി സമ്മേളനം ഏറെ ശ്രദ്ധേയമായത്, കെ.റെയില്‍ ഹരിത പദ്ധതിയാണെന്ന സര്‍ക്കാര്‍ അവകാശവാദം തെറ്റാണെന്ന പ്രഖ്യാപനത്തോടെയാണ്. സില്‍വര്‍ ലൈന്‍ വിവാദം ശക്തമാവുകയും നാടെങ്ങും ശക്തമായ ജനകീയ സമരങ്ങള്‍ നടക്കുകയും ചെയ്ത സമയത്ത് പദ്ധതിക്കെതിരെ പരിഷത്ത് രംഗത്തുവന്നിരുന്നു. അതുമായി ബന്ധപ്പെട്ട ഒരു ലഘുലേഖ ഓണ്‍ലൈനില്‍ പ്രചരിക്കുകയും ചെയ്തിരുന്നു. പരിഷത്തിന്റെ സീനിയര്‍ വക്താവെന്നു വിശേഷിപ്പിക്കാവുന്ന ആര്‍.വി.ജി മേനോന്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച സംവാദത്തില്‍ സില്‍വര്‍ ലൈനിനെതിരെ രംഗത്തുവരുകയും ബദല്‍ പദ്ധതി നിര്‍ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍, പരിഷത്തിന്റെ ചരിത്രത്തില്‍ പലപ്പോഴും സംഭവിച്ചിട്ടുള്ള പോലെ പിന്നീട് കേട്ടത് നിശബ്ദത മാത്രമാമായിരുന്നു. പരിഷത്തിനെ കുറിച്ചറിയുന്നവര്‍ക്ക് അതില്‍ അത്ഭുതമൊന്നും തോന്നിയില്ല. സംഘടനക്കുള്ളിലെ സി.പി.എം സ്വാധീനമാണ് അതിനുള്ള കാരണമെന്നത് പകല്‍പോലെ വ്യക്തമായിരുന്നു. അപ്പോഴും ഒരു വിഭാഗം പദ്ധതിക്കെതിരായ നിലപാടെടുക്കാന്‍ സംഘടനക്കകത്ത് പോരാട്ടം തുടര്‍ന്നിരുന്നു. അതിന്റെ ഫലമാണ് വൈകിയാണെങ്കിലും ജനകീയസമരം താല്‍ക്കാലികമായെങ്കിലും വിജയിച്ച ശേഷമാണെങ്കിലും ഈ നിലപാട് പ്രഖ്യാപനത്തിന് കാരണമായത്. പാരിസ്ഥിതികമായും സാമ്പത്തികമായും പദ്ധതി കേരളത്തിനു ഭീഷണിയാണെന്നും പദ്ധതിയുടെ ഡി.പി.ആര്‍ അപൂര്‍ര്‍ണമാണെന്നും ഗൗരവമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും സമ്മേളനത്തില്‍ പുറത്തിറക്കിയ ലഘുലേഖയില്‍ പറയുന്നു.

കേവലമായ, നന്മ മാത്രമുള്ള ശാസ്ത്രം എന്ന ആശയം ഇന്നു വ്യാപകമായി ചോദ്യം ചെയ്യപ്പെടുന്നുണ്ട്. മറ്റെന്തുംപോലെ ശാസ്ത്രവും കേവലമല്ല എന്നും അതിനു പുറകിലും ഒരു രാഷ്ട്രീയമുണ്ടെന്നുമുള്ള ആശയങ്ങളും ഇന്നു ശക്തമാണ്. അത് ചോദ്യം ചെയ്യലുകള്‍ക്ക് അതീതമോ അവസാനവാക്കോ അല്ല. എന്നാല്‍, പരിഷത്തിപ്പോഴും പഴയ നിലാപാടില്‍ തന്നെയാണ് ഉറച്ചുനില്‍ക്കുന്നതെന്ന് മുകളില്‍ സൂചിപ്പിച്ച പുതിയ പ്രഖ്യാപനം വ്യക്തമാക്കുന്നു.

ചിന്തയിലും പ്രവര്‍ത്തിയിലും മാറ്റം വരുത്തി നവകേരളം സാധ്യമാക്കണമെന്ന പ്രഖ്യാപനവും പരിഷത്തിന്റെ വജ്രജൂബിലി സമ്മേളനം നടത്തുകയുണ്ടായി. കേരളം കൈവരിച്ച നേട്ടങ്ങള്‍ നിലനിര്‍ത്തി ആഭ്യന്തര ദൗര്‍ബല്യങ്ങള്‍ പരിഹരിക്കണം. അതിനായി ശാസ്ത്രനേട്ടങ്ങള്‍ ജനകീയമാക്കണമെന്നും അറിവിനെ സാര്‍വത്രികമാക്കണമെന്നും ശാസ്ത്രത്തിന്റെ രീതി ജീവിതചര്യമാക്കണമെന്നും പതിവുപോലെ സമ്മേളനം അഭിപ്രായപ്പെട്ടു. ഒറ്റ നോട്ടത്തില്‍ ശരിയെന്നു തോന്നുന്ന പ്രഖ്യാപനം തന്നെ. എന്നാല്‍, എന്താണ് ഇന്നത്തെ കേരളത്തിന്റെ അവസ്ഥയെന്നും കേരളപ്പിറവിക്കും 60 വര്‍ഷത്തെ പരിഷത്ത് അടക്കമുള്ള സംഘടനകളുടെ പ്രവര്‍ത്തന ശേഷവും എന്തു മാറ്റമാണ് ഉണ്ടായിട്ടുള്ളതെന്നും പരിശോധിക്കുമ്പോള്‍ ശുഭപ്രതീക്ഷയല്ല, നിരാശയാണ് ലഭിക്കുക എന്നു പറയാതിരിക്കാനാവില്ല. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ജനകീയ ശാസ്ത്ര പ്രസ്ഥാനമായ പരിഷത്തിന്റെ 60 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നത് അതിനാല്‍ തന്നെ അവസരോചിതമായിരിക്കും.

ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് എന്ന ആകര്‍ഷകമായ മുദ്രാവാക്യം മുന്നോട്ടുവെച്ചാണ് പരിഷത്ത് രൂപീകരിക്കപ്പെടുന്നത്. 1962 ഏപ്രില്‍ എട്ടിന് കോഴിക്കോട് ഡോ. കെ.ജി അടിയോടിയുടെയും പി.ടി ഭാസ്‌കരപ്പണിക്കരുടെയും നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു സംഘടനാ രൂപീകരണം. സെപ്റ്റംബര്‍ 10 നു കോഴിക്കോട് ദേവഗിരി കോളജില്‍ വച്ച് പരിഷത്ത് ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു. ഭാസ്‌കരന്‍ നായരായിരുന്നു ആദ്യത്തെ പ്രസിഡന്റ്. കെ.ജി അടിയോടി, എന്‍.വി കൃഷ്ണവാര്യര്‍ എന്നിവരും ഭാരവാഹികളായിരുന്നു.


ശാസ്ത്രത്തെ ലളിതമായ രീതിയില്‍ വിശദീകരിക്കുന്ന പുസ്തകങ്ങള്‍ ജനങ്ങളിലെത്തിക്കുക എന്ന പ്രവര്‍ത്തനമായിരുന്നു ആദ്യഘട്ടങ്ങളില്‍ പരിഷത്ത് പ്രധാനമായും ചെയ്തത്. ശാസ്ത്രം പരിപൂര്‍ണ്ണമായും സത്യവും ശരിയുമാണെന്നും പ്രശ്നങ്ങളെന്തെങ്കിലുമുണ്ടെങ്കില്‍ അത് പ്രയോഗിക്കുന്നവരുടെ പ്രശ്നമാണെന്നുമാണ് അന്ന് പരക്കെ വിശ്വസിക്കപ്പെട്ടിരുന്നത്. വാസ്തവത്തില്‍ അതിന്റെ തുടര്‍ച്ചയാണ് ഇന്നു കേരളത്തില്‍ യുക്തിവാദികളടക്കമുള്ള ഒരു വിഭാഗം കടുത്ത ശാസ്ത്രമാത്രവാദികളായതും ദൈവത്തിന്റെ സ്ഥാനത്ത് ശാസ്ത്രത്തെ പ്രതിഷ്ഠിച്ചതുമെന്ന് കരുതാം. എന്നാല്‍, കേവലമായ, നന്മ മാത്രമുള്ള ശാസ്ത്രം എന്ന ആശയം ഇന്നു വ്യാപകമായി ചോദ്യം ചെയ്യപ്പെടുന്നുണ്ട്. മറ്റെന്തുംപോലെ ശാസ്ത്രവും കേവലമല്ല എന്നും അതിനു പുറകിലും ഒരു രാഷ്ട്രീയമുണ്ടെന്നുമുള്ള ആശയങ്ങളും ഇന്നു ശക്തമാണ്. അത് ചോദ്യം ചെയ്യലുകള്‍ക്ക് അതീതമോ അവസാനവാക്കോ അല്ല. എന്നാല്‍, പരിഷത്തിപ്പോഴും പഴയ നിലാപാടില്‍ തന്നെയാണ് ഉറച്ചുനില്‍ക്കുന്നതെന്ന് മുകളില്‍ സൂചിപ്പിച്ച പുതിയ പ്രഖ്യാപനം വ്യക്തമാക്കുന്നു.

ശാസ്ത്രപ്രചാരണവും ശാസ്ത്രീയ നിലപാടുകളും മാതൃഭാഷയില്‍ ഏറ്റവും ലളിതമായി നടത്തുക, ശാസ്ത്രസാഹിത്യ രചനകളുടെ പ്രസാധനത്തിന് കൂട്ടായ പരിപാടികള്‍ ആവിഷ്‌കരിക്കുക, ശാസ്ത്ര വിഷയങ്ങള്‍ ആധാരമാക്കി ചര്‍ച്ചകള്‍ നടത്തുക എന്നിവയായിരുന്നു പരിഷത്തിന്റെ ആദ്യകാല പ്രവര്‍ത്തനങ്ങള്‍. കുട്ടികള്‍ക്കായി യൂറീക്ക, ശാസ്ത്രകേരളം, മുതിര്‍ന്നവര്‍ക്കായി ശാസ്ത്രഗതി തുടങ്ങിയ ആനുകാലികങ്ങള്‍ പരിഷത്ത് ആരംഭിച്ചു, പിന്നീട് സംസ്ഥാനത്തെ തന്നെ വലിയ പ്രസാധകരായി പരിഷത്ത് മാറി. ആയിരത്തിലധികം പുസ്തകങ്ങളും ലഘുലേഖകളും പരിഷത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ''എന്തുകൊണ്ട് എന്തുകൊണ്ട് എന്തുകൊണ്ട്'', 'എങ്ങനെ എങ്ങനെ എങ്ങനെ' ശാസ്ത്രകൌതുകം, പ്രകൃതിയുടെ താക്കോല്‍, മനുഷ്യശരീരം, ശാസ്ത്രനിഘണ്ടു തുടങ്ങിയ വിജ്ഞാനകോശങ്ങളും, വായിച്ചാലും തീരാത്തപുസ്തകം, കേരളം മണ്ണും മനുഷ്യനും, വരു ഇന്ത്യയെകാണാം, ചരിത്രത്തില്‍ എന്ത് സംഭവിച്ചു, പരിണാമം എന്നാല്‍, ചിരുതക്കുട്ടിയും മാഷും, നാലു ഭാഗങ്ങളില്‍ ശാസ്ത്രം ചരിത്രത്തില്‍ തുടങ്ങിയ പുസ്തകങ്ങള്‍ ഏറെ ശ്രദ്ധേയമായി. പരിഷത്ത് പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം ഏറെയും കണ്ടെത്തുന്നത് പുസ്തകവില്‍പ്പനയിലൂടെയാണ്. ചുറ്റുമുള്ള ലോകത്തെ മനസ്സിലാക്കാന്‍ പരിഷത് പുസ്തകങ്ങള്‍ ഒരു കാലത്ത് കുട്ടികളെ ഏറെ സഹായിച്ചു.


ശാസ്ത്രപ്രചരണങ്ങള്‍ക്കായി മറ്റനവധി മാര്‍ഗങ്ങളും പരിഷത്ത് സ്വീകരിച്ചിരുന്നു. അതിലേറ്റവും പ്രധാനമായിരുന്നു സംസ്ഥാനം മുഴുവന്‍ എത്തുന്ന ശാസ്ത്രകലാജാഥകള്‍. നിരവധി തെരുവുനാടകങ്ങളും പരിഷത്ത് അവതരിപ്പിച്ചു. ഗ്രാമപത്രങ്ങളിലൂടെയും ആശയങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ശ്രമിച്ചു. ആ ധാര ഇപ്പോള്‍ ലൂക്ക എന്ന ഓണ്‍ലൈന്‍ സംവിധാനത്തിലെത്തിയിരിക്കുന്നു. ജനങ്ങളില്‍ ശാസ്ത്രീയ ചിന്താഗതി വളര്‍ത്തുമ്പോള്‍, അവര്‍ നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന പല വസ്തുക്കള്‍ക്കും സാധനങ്ങള്‍ക്കും ബദലുകള്‍ ആവശ്യമായി വരും. അങ്ങനെയുള്ള ബദലുകളെ വികസിപ്പിച്ചെടുക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും പരിഷത്ത് ശ്രദ്ധിച്ചിരുന്നു. ചൂടാറാപ്പെട്ടി, പുകയില്ലാ അടുപ്പ്, പരിഷത്ത് സോപ്പുകള്‍, ഐ.ആര്‍.ടി.സി. ഗാര്‍ഹിക ബയോഗ്യാസ് പ്ലാന്റ്, പരിഷത്ത് ഇലക്ട്രോണിക് ചോക്കുകള്‍ തുടങ്ങിവ പരിഷത്ത് പുറത്തിറക്കിയ ഉത്പന്നങ്ങളാണ്. പരിസ്ഥിതി, ആരോഗ്യം വിദ്യാഭ്യാസം, ഊര്‍ജം, ഉപഭോക്തൃ പ്രസ്ഥാനം, വികേന്ദ്രീതാസൂത്രണം, സാങ്കേതികവിദ്യ തുടങ്ങി നിരവധി മേഖലകളില്‍ പരിഷത്ത് ഇടപെടാനാരംഭിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സമാന്തര നോബല്‍ സമ്മാനത്തിന് സംഘടന അര്‍ഹമായിട്ടുണ്ട്.

പ്രാഥമിക വിദ്യാഭ്യാസരംഗത്ത് പരിഷത്ത് പലതും ചെയ്തു. എന്നാല്‍, ഉന്നതവിദ്യാഭ്യാസം വളരെ മോശപ്പെട്ട അവസ്ഥയിലായി. അങ്ങനെയൊക്കെ പരിശോധിച്ചാല്‍ പരിഷത്ത് പ്രവര്‍ത്തനം എത്രമാത്രം വിജയകരമാണെന്നത് തര്‍ക്കവിഷയമാണ്. വലിയ വീടും കാറും ആര്‍ഭാട വിവാഹവും വലിയ സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാഭ്യാസവും വന്‍കിട ആശുപത്രികളിലെ ചികിത്സയും മറ്റുമാണ് മലയാളിയെ കടക്കെണിയിലാക്കുന്നത് എന്ന് പരിഷത്ത് സര്‍വേ നടത്തി കണ്ടെത്തി. എന്നാല്‍, അതെല്ലാം കൂടുതല്‍ രൂക്ഷമാവുകയാകുകയാണ് ഉണ്ടായത്.

കേരളത്തില്‍ പാരിസ്ഥിതികാവബോധവും ശാസ്ത്രീയചിന്തയും ഉണ്ടാക്കിയെടുക്കുന്നതില്‍ തീര്‍ച്ചയായും പരിഷത്തിനു വലിയ പങ്കുണ്ട്. എന്നാല്‍, അതിനൊക്കെ ശേഷവും എന്താണ് ഇന്നത്തെ കേരളം എന്നു പരിശോധിച്ചാല്‍ നിരാശയാണത് സമ്മാനിക്കുക. ഇന്നും ശാസ്ത്രീയമായ ലോകവീക്ഷണമില്ലാതെ, നവോത്ഥാനമൂല്യങ്ങളെല്ലാം നഷ്ടപ്പെട്ട് അനാചാരങ്ങളിലേക്കും അന്ധവിശ്വാസങ്ങളിലേക്കും തിരിച്ചുനടക്കുന്ന ജനതയാണ് മലയാളി എന്നതാണ് യാഥാര്‍ഥ്യം. അതാണല്ലോ രൂപീകരണസമയത്തു പറഞ്ഞ കാര്യങ്ങള്‍ തന്നെ ഏറെക്കുറെ ഷഷ്ഠിപൂര്‍ത്തിയിലും പറയേണ്ടിവരുന്നത്. മറുവശത്ത് പരിസ്ഥിതി സംരക്ഷണത്തിലധിഷ്ഠിതമായ വികസന സങ്കല്‍പ്പവും പൊതുവില്‍ നമുക്കില്ലാതായിപോയി. ഒരു ഭാഗത്ത് കേവല പരിസ്ഥിതിവാദവും മറുവശത്ത് കേവല വികസനവാദവുമാണ് ശക്തമായത്. മാത്രമല്ല, കേവല വികസന വാദികള്‍ സമീപകാലത്ത് ധൈഷണികമായ ആധിപത്യവും നേടിക്കഴിഞ്ഞിരിക്കുന്നു. പരിഷത്തിലും അതിനുള്ള സ്വാധീനമാണ് കെ. റെയില്‍ നിലപാട് വൈകാന്‍ കാരണമായത്. നിരോധിക്കപ്പെട്ട മരുന്നുകള്‍ പോലുള്ള പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടും വ്യാപകമായി പ്രചരിപ്പിച്ചിട്ടും ഇന്നും കേരളത്തിലെ ആരോഗ്യമേഖലയില്‍ നടക്കുന്നത് രാജ്യത്തെതന്നെ ഏറ്റവും വലിയ ചൂഷണമാണ്.

തദ്ദേശീയ വികസനത്തിനും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ അധികാരത്തിനുമായി പരിഷത്ത് ഏറെ സംസാരിച്ചെങ്കിലും ജനകീയാസൂത്രണ പ്രവര്‍ത്തനങ്ങളില്‍ കാര്യമായി ഇടപെട്ടെങ്കിലും അധികാരമെല്ലാം കേന്ദ്രീകരിക്കുന്നതായാണ് കാണുന്നത്. മലപ്പുറത്ത് റസാഖ് എന്ന പൊതുപ്രവര്‍ത്തകന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞത് പരിസ്ഥിതിക്ക് ഹാനികരമായ പ്ലാസ്റ്റിക് സംസ്‌കരണ സ്ഥാപനത്തിനെതിരെ നടപടി എടുക്കാന്‍ തങ്ങള്‍ക്ക് അധികാരമില്ല എന്നായിരുന്നല്ലോ.


ഊര്‍ജ്ജമേഖലയില്‍ പരിഷത്ത് മുന്നോട്ടുവെച്ച താപനിലയം തികഞ്ഞ പരാജയമാണെന്ന് തെളിഞ്ഞിരിക്കുന്നു. നഗരമാലിന്യം സംസ്‌കരിക്കാന്‍ കേന്ദ്രീകൃതമായ സംവിധാനത്തിനാവില്ല എന്നു മനസ്സിലാകാന്‍ പരിഷത്ത് ഏറെ കാലമെടുത്തു. അപ്പോഴേക്കും അതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് എത്രയോ പ്രക്ഷോഭങ്ങള്‍ നടന്നു കഴിഞ്ഞിരുന്നു. പ്രാഥമിക വിദ്യാഭ്യാസരംഗത്ത് പരിഷത്ത് പലതും ചെയ്തു. എന്നാല്‍, ഉന്നതവിദ്യാഭ്യാസം വളരെ മോശപ്പെട്ട അവസ്ഥയിലായി. അങ്ങനെയൊക്കെ പരിശോധിച്ചാല്‍ പരിഷത്ത് പ്രവര്‍ത്തനം എത്രമാത്രം വിജയകരമാണെന്നത് തര്‍ക്കവിഷയമാണ്. വലിയ വീടും കാറും ആര്‍ഭാട വിവാഹവും വലിയ സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാഭ്യാസവും വന്‍കിട ആശുപത്രികളിലെ ചികിത്സയും മറ്റുമാണ് മലയാളിയെ കടക്കെണിയിലാക്കുന്നത് എന്ന് പരിഷത്ത് സര്‍വേ നടത്തി കണ്ടെത്തി. എന്നാല്‍, അതെല്ലാം കൂടുതല്‍ രൂക്ഷമാവുകയാകുകയാണ് ഉണ്ടായത്.

രൂപീകരിച്ച് അധികം താമസിയാതെ ഉയര്‍ന്നുവരുന്ന രാഷ്ട്രീയ-സാമൂഹ്യ-പാരിസ്ഥിതിക വിഷയങ്ങളില്‍ പരിഷത്ത് ഇടപെടാനാരംഭിച്ചു. അതില്‍ ശ്രദ്ധേയമായതും ആദ്യത്തേതും സൈലന്റ് വാലി പദ്ധതിക്കെതിരായ പ്രക്ഷോഭമായിരുന്നു. അതില്‍ നേതൃത്വപരവും മാതൃകാപരവുമായ പങ്കായിരുന്നു പരിഷത്ത് വഹിച്ചത്. പ്രക്ഷോഭം വിജയിച്ചെങ്കിലും പരിഷത്തിനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടികള്‍ക്കത് കാരണമായി. തുടക്കംമുതലേ സി.പി.എമ്മിന് പരിഷത്തില്‍ വലിയ സ്വാധീനമുണ്ടായിരുന്നു എങ്കിലും മറ്റുള്ളവരും സജീവമായിരുന്നു. സൈലന്റ് വാലി പദ്ധതിക്കായി ഏറ്റവും കൂടുതല്‍ പ്രചാരണം നടത്തിയത് സി.പി.എമ്മും സി.ഐ.ടിയുവുമായിരുന്നു. സ്വാഭാവികമായും പരിഷത്തും സി.പി.എമ്മും തമ്മില്‍ വലിയ സംഘര്‍ഷത്തിനു അതു കാരണമായി. പതുക്കെ പതുക്കെ പരിഷത്തിനെ തങ്ങളുടെ പോഷകസംഘടനയാക്കി മാറ്റാനായിരുന്നു തുടര്‍ന്നു സി.പി.എം നീക്കം. കാലാകാലങ്ങളില്‍ അതിനെ പ്രതിരോധിക്കാനുള്ള നീക്കം സംഘടനക്കുള്ളില്‍ നിന്നു തന്നെയുണ്ടായി. എന്നാല്‍, സി,പി,എം വിജയിക്കുന്ന കാഴ്ചയാണ് കണ്ടത്. എത്രയോ പ്രസക്തമായ പാരിസ്ഥിതിക പ്രശ്നങ്ങളില്‍പോലും പിന്നീട് പരിഷത്ത് നിശബ്ദമായി. ചിലപ്പോള്‍ പ്രതികരണം പ്രസ്താവനയിലൊതുക്കി. ചിലപ്പോള്‍ നിലപാട് തിരുത്തി പിന്‍വാങ്ങി. അതിരപ്പിള്ളി പോലുള്ള സമരങ്ങളില്‍ പരിഷത്ത് കാഴ്ചക്കാരായി പോയതിനും കരിമണല്‍ ഖനനത്തിലും സില്‍വര്‍ ലൈനിലും മറ്റും നിശബ്ദരാകാനും കാരണം മറ്റൊന്നല്ല. വാസ്തവത്തില്‍ പരിഷത്തിന്റെ പ്രസക്തിയെതന്നെ ചോദ്യം ചെയ്യുന്നവയായിരുന്നു ഈ പിന്‍വാങ്ങലുകള്‍.


സത്യത്തില്‍ ഇടതു അനുഭാവകളായ, റിട്ടയര്‍ ചെയ്ത, സമ്പന്നരും സവര്‍ണ്ണരുമായ ഒരു വിഭാഗമാണ് ഇന്ന് പരിഷത്തിനെ നിയന്ത്രിക്കുന്നത്. പരിഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സസൂക്ഷ്മം വീക്ഷിച്ചാല്‍ ഇക്കാര്യം ബോധ്യമാകും. കേരളത്തിന്റെ വികസനത്തെ കുറിച്ച് പരിഷത്ത് ഏറെ സംസാരിച്ചിട്ടുണ്ട്, സര്‍വ്വേകള്‍ നടത്തിയിട്ടുണ്ട്, പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍, വികസനത്തിന്റെ ഒരു വിഹിതവും ലഭിക്കാത്ത ആദിവാസികള്‍, ദലിതര്‍, തോട്ടം തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്കായി എന്തെങ്കിലും ചെയ്തോ എന്നു ചോദിച്ചാല്‍ ഉത്തരം ലഭിക്കാന്‍ എളുപ്പമല്ല. ഈ വിഭാഗങ്ങള്‍ നടത്തിയ, ഇപ്പോഴും നടത്തുന്ന പോരാട്ടങ്ങളിലൊന്നും പരിഷത്ത് ഭാഗഭാക്കായിട്ടില്ല. സംഘടനയുടെ വര്‍ഗ, വര്‍ണ്ണ താല്‍പ്പര്യം തന്നെയാണ് അതിനു കാരണം.

കേരളത്തില്‍ വന്‍കിട തോട്ടം ഉടമകള്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ലക്ഷകണക്കിന് ഏക്കര്‍ ഭൂമി തിരിച്ചുപിടിക്കുന്നതിനെ കുറിച്ച് പരിഷത്ത് മിണ്ടിയിട്ടില്ല. സമൂഹത്തിന്റെ ജനാധിപത്യവല്‍കരണത്തിന് ഏറെ തടസ്സമായ ജാതി എന്ന സംവിധാനം പരിഷത്തിന്റെ അജണ്ടക്കു പുറത്താണ്. 60-ാം വാര്‍ഷികത്തിനു മുന്നോടിയായി തൃശൂരില്‍ നടക്കുന്ന, വിവിധ വിഷയങ്ങളെ കുറിച്ചുള്ള പ്രഭാഷണങ്ങളില്‍ ജാതി കടന്നുവരാത്തതിനു കാരണം മറ്റൊന്നല്ല. സര്‍ക്കാര്‍ വേതനം നല്‍കുന്ന എയ്ഡഡ് സ്ഥാപനങ്ങളില്‍ സംവരണമില്ലാത്തതിനെ, എയ്ഡഡ് അധ്യാപകര്‍ ഒരുപാടുള്ള പരിഷത്തിന് ചോദ്യം ചെയ്യാനായില്ല. മതവുമായി ബന്ധപ്പെട്ട വിഷയവും അങ്ങനെതന്നെ. ഹിന്ദുത്വരാഷ്ട്രീയത്തില്‍ നിന്നു രാജ്യം നേരിടുന്ന വെല്ലുവിളിയെ കുറിച്ച് പറയുന്നവരോട് പരിഷത്ത് പ്രവര്‍ത്തകര്‍ സ്ഥിരം ചോദിക്കുക എല്ലാ മതത്തെ കുറിച്ചും നിങ്ങള്‍ ഒരുപോലെ പറയാത്തതെന്താണ്എന്നാണ്. ഇത്തവണയും അത് കേട്ടു. ശാസ്ത്രീയമെന്നും യുക്തിപരമെന്നും അവകാശപ്പെടുന്ന നിലപാടുകള്‍ സാമൂഹ്യജീവിതവുമായി ബന്ധമില്ലാത്തതായി തീരുന്നതിന്റെ ഉദാഹരണമാണിത്.


പരിഷത്തില്‍ സി.പി.എമ്മിന്റെ നിയന്ത്രണം ശക്തമാകുംതോറും പാരിസ്ഥിതിക പ്രശ്നങ്ങളില്‍ ഇടപെടുന്ന പ്രക്ഷോഭസംഘടന എന്ന നിലയില്‍ നിന്ന് അതേറെ അകന്നു. മാത്രമല്ല, ഇടതുപക്ഷം ഭരിക്കുമ്പോള്‍ സര്‍ക്കാര്‍ പദ്ധതികളുടെ നടത്തിപ്പുകാര്‍ മാത്രമായി സംഘടന മാറാനും തുടങ്ങി. ജനകീയാസൂത്രണ പ്രവര്‍ത്തനങ്ങളിലും ഡി.പി.ഇ.പിയിലും സാക്ഷരതാ പ്രസ്ഥാനത്തിലുമൊക്കെ അതായിരുന്നു കണ്ടത്. അതോടൊപ്പം നവ ലിബറല്‍ നയങ്ങള്‍ക്കനുസൃതമായി ആഗോളവല്‍ക്കരണ നയങ്ങള്‍ നടപ്പാക്കുന്ന എന്‍.ജി.ഒ ആയി പരിഷത്ത് മാറുന്നു എന്ന വിമര്‍ശനവും വ്യാപകമായി ഉയര്‍ന്നു. എം.എന്‍ വിജയന്‍ മാഷും എം.പി പരമേശ്വരനും രണ്ടുപക്ഷത്തായി നടന്ന സംവാദവും റിച്ചാര്‍ഡ് ഫ്രാങ്കി.-.തോമസ് ഐസക് വിവാദവുമൊക്കെ ഏറെ ചര്‍ച്ചയായല്ലോ. പരമേശ്വരന്റെ നാലാം ലോക സങ്കല്‍പ്പം വര്‍ഗ്ഗസമരത്തിന് എതിരാണെന്ന പാര്‍ട്ടിയുടെ കണ്ടെത്തലിനു പരിഷത്തിലും വ്യാപകമായ പിന്തുണയുണ്ടായി. പിന്നീട് വിജയന്‍ മാഷും എം.പിയും പാര്‍ട്ടിയില്‍ നിന്നു പുറത്തുപോയി എന്നതു വേറെ കാര്യം. അതോടെ പരിഷത്തില്‍ പാര്‍ട്ടി നിയന്ത്രണം ഏറെക്കുറെ പൂര്‍ണ്ണമാകുകയും ചെയ്തു.

ശാസ്ത്രവും സാങ്കേതിക വിദ്യയുമൊക്കെ ജനനന്മക്ക് എന്നു പറയുമ്പോഴും, ഇപ്പോഴും അവയെ ഭയപ്പെടുന്നതായി കാണുന്നു. ആ മേഖലകളിലെ മുന്നേറ്റങ്ങള്‍ തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുമെന്ന പഴയ പല്ലവി ഇപ്പോഴും ആവര്‍ത്തിക്കുന്നവരും പരിഷത്തിലുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ 60 കഴിഞ്ഞ പരിഷത്തിനു കേരളത്തില്‍ ഇനിയും പ്രസക്തിയുണ്ടെന്നു പറയാന്‍ ബുദ്ധിമുട്ടുണ്ട്. വജ്രജൂബില സമ്മേളനത്തില്‍ പ്രഖ്യാപിച്ചപോലെ അവരുടെ നേതൃത്വത്തില്‍ നവകേരളം കെട്ടിപ്പടുക്കാന്‍ കഴിയുമെന്നു പറയാനും സാധിക്കില്ല.

'കേരളം എങ്ങനെ ചിന്തിക്കുന്നു, കേരളം എങ്ങനെ പ്രവര്‍ത്തിക്കുന്നു' എന്ന മുദ്രാവാക്യം ലക്ഷ്യമാക്കി കേരളത്തിലങ്ങോളമിങ്ങോളം നടത്തിയ വിശദമായ സര്‍വ്വേയുടെ തുടര്‍ച്ചയായി കേരള പഠനം എന്ന പുസ്തകം പരിഷത്ത് പ്രസിദ്ധീകരിച്ചിരുന്നു. വിവിധമേഖലകളില്‍ കേരള സമൂഹം എവിടെ എത്തിനില്‍ക്കുന്നു എന്നതിന്റെ നേര്‍കാഴ്ചയാണ് ആ പഠനം. തുടര്‍ന്ന് മറ്റൊരു കേരളം സാധ്യമാണ് എന്ന പേരില്‍ ഒരു കാമ്പയിനും പരിഷത്ത് ആരംഭിച്ചു. എന്നാല്‍, ഇന്നത്തെ നിലയില്‍ തുടരുകയാണെങ്കില്‍ പരിഷത്തിനു കേരളത്തില്‍ ഇനി കാര്യമായ റോളില്ലെന്നുതന്നെ പറയേണ്ടിവരും. ഒന്നാമത് ചെറുപ്പക്കാരുടെ തരിപോലും ഇല്ലാത്ത സംഘടനയാണ്, മറ്റുപല സംഘടനകളേയുംപോലെ ഇന്നു പരിഷത്ത്. അന്ധമായ ഇടതുപക്ഷ നിലപാടില്‍ നിന്ന് രക്ഷപ്പെട്ട് വസ്തുനിഷ്ഠമായി കാര്യങ്ങളെ വിശകലനം ചെയ്യാന്‍ ഈ തലമുറക്കിനി ആകുമെന്ന് കരുതാനാകില്ല. യുവതലമുറ ആഗ്രഹിക്കുന്ന ഭാവികേരളത്തെ വിഭാവനം ചെയ്യാനും ചിന്തയിലടക്കം വാര്‍ധക്യം ബാധിച്ച അവര്‍ക്കാകില്ല. മാത്രമല്ല, പരിഷത്തിന്റെ വികസന - പാരിസ്ഥിതിക-രാഷ്ട്രീയ സങ്കല്‍പ്പങ്ങളും കാലികമല്ല. ഇനിയൊരിക്കലും അത് സമരസംഘടനയായി മാറാനും പോകുന്നില്ല. 30-40 വര്‍ഷം മുമ്പ് പ്രവര്‍ത്തിച്ചിരുന്നവര്‍ തന്നെയാണ് ഇപ്പോഴുമതിന്റെ സജീവപ്രവര്‍ത്തകര്‍. അവര്‍ മിക്കവരും അപ് ടു ഡേറ്റുമല്ല. അതിനാല്‍ തന്നെ ആധുനികകാലത്തിന്റെ ഭാഷയോ ഭാവമോ രൂപമോ അവര്‍ക്ക് മനസ്സിലാകുകയില്ല.

മുമ്പ് തൊഴിലിനു വേണ്ടിയായിരുന്നു ചെറുപ്പക്കാര്‍ നാടുവിട്ടതെങ്കില്‍ ഇപ്പോള്‍ മികച്ച വിദ്യാഭ്യാസത്തിനുവേണ്ടിപോലും നാടുവിടുന്നതിന്റെ കാരണം പോലും പരിഷത്ത് മനസ്സിലാക്കുന്നു എന്നു തോന്നുന്നില്ല. അപ്പോഴും ഇവിടത്തെ പ്രാഥമിക വിദ്യാഭ്യാസത്തെ പുകഴ്ത്തി പാടുകയാണവര്‍ ചെയ്യുന്നത്. മറുവശത്ത് ഇവിടത്തെ അരികുവല്‍കരിക്കപ്പെട്ട ജനവിഭാഗങ്ങളും നേരിടുന്ന സമകാലിക വെല്ലുവിളികള കുറിച്ച് പരിഷത്തിനു കാര്യമായൊന്നും പറയാനില്ല. ശാസ്ത്രവും സാങ്കേതിക വിദ്യയുമൊക്കെ ജനനന്മക്ക് എന്നു പറയുമ്പോഴും, ഇപ്പോഴും അവയെ ഭയപ്പെടുന്നതായി കാണുന്നു. ആ മേഖലകളിലെ മുന്നേറ്റങ്ങള്‍ തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുമെന്ന പഴയ പല്ലവി ഇപ്പോഴും ആവര്‍ത്തിക്കുന്നവരും പരിഷത്തിലുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ 60 കഴിഞ്ഞ പരിഷത്തിനു കേരളത്തില്‍ ഇനിയും പ്രസക്തിയുണ്ടെന്നു പറയാന്‍ ബുദ്ധിമുട്ടുണ്ട്. വജ്രജൂബില സമ്മേളനത്തില്‍ പ്രഖ്യാപിച്ചപോലെ അവരുടെ നേതൃത്വത്തില്‍ നവകേരളം കെട്ടിപ്പടുക്കാന്‍ കഴിയുമെന്നു പറയാനും സാധിക്കില്ല.


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ഐ. ഗോപിനാഥ്

Writer, Media Person

Similar News