ഇതിഹാസതുല്യനായ തൊഴിലാളി നേതാവിന്റെ വിളി

ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട് ദീര്‍ഘകാലം അന്യായമായ തടങ്കലില്‍ കഴിഞ്ഞ് ജയില്‍ മോചിതയായ സുധാ ഭരദ്വാജ് താന്‍ സഞ്ചരിച്ച വഴികളെ കുറിച്ച് പറയുന്നു. ( അല്‍പാ ഷായുടെ 'The Incarceration: BK-16 and the search for Democracy in India' എന്ന പുസ്തകത്തില്‍ നിന്നും - ഭാഗം: 07 )

Update: 2024-07-09 02:34 GMT
Advertising

ഐ.ഐ.ടി കാണ്‍പൂരിലെ പഠന കാലത്തിനിടയിലും തൊട്ടടുത്ത വര്‍ഷങ്ങളിലുമായി, സുധ ഭരദ്വാജ് തെരഞ്ഞെടുത്ത വഴി, അമ്മയില്‍ നിന്നും, സവിശേഷ കാമ്പസ് ജീവിതത്തില്‍ നിന്നും അവളെ അകറ്റുന്നതായിരുന്നു.

''വിദ്യാര്‍ഥിയായിരിക്കെ, കാണ്‍പൂര്‍ കാമ്പസിനും അമ്മ താമസിച്ചതും ജോലി ചെയ്തിരുന്നതുമായ ജെ.എന്‍.യു കാമ്പസിനും ഇടയിലാണ് ഞാന്‍ സമയം ചിലവഴിച്ചിരുന്നത്. പലതും സംഭവിക്കാന്‍ തുടങ്ങിയ സമയമായിരുന്നു അത്.

''ജെ.എന്‍.യുവിന് വളരെ അടുത്ത്, തടവറകള്‍ പോലുള്ള ക്യാമ്പുകളില്‍, ഭയാനകമായ അവസ്ഥയില്‍, ധാരാളം നിര്‍മാണ തൊഴിലാളികളെ ഞങ്ങള്‍ കണ്ടെത്തി. 1982-ലെ ഏഷ്യന്‍ ഗെയിംസിന് ഡല്‍ഹി ആതിഥേയത്വം വഹിക്കാനിരുന്നതിനാല്‍, സ്റ്റേഡിയം, ഫ്‌ളൈ ഓവറുകള്‍, സിനിമാശാലകള്‍, പഞ്ചനക്ഷത്ര ഹോട്ടലുകള്‍ എന്നിവ പെട്ടെന്ന് നിര്‍മിക്കുന്നതിനായി, രാജസ്ഥാന്‍, ഒഡീഷ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ വിദൂര ഗ്രാമങ്ങളില്‍ നിന്നാണ് അവരെ കൊണ്ടുവന്നത്'', സുധ പറഞ്ഞു.

മുംബൈയിലെ തങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പണിമുടക്കിയ ഡല്‍ഹി ടെക്‌സ്‌റ്റൈല്‍ മില്‍ തൊഴിലാളികള്‍, നിയോഗിയെ ജയിലില്‍ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തെരുവില്‍ പ്രതിഷേധം നടത്തുകയുണ്ടായി. നിയോഗി അറസ്റ്റ് ചെയ്യപ്പെട്ടത്, ഛത്തീസ്ഗഢിലെ ദാല്ലി രാജ്ഹാരയില്‍ ആയിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ പ്രശസ്തി മറ്റിടങ്ങളിലെ തൊഴിലാളികള്‍ക്കിടയില്‍ കൂടി പരന്നിരുന്നു.

ഒളിമ്പിക്‌സിന് ശേഷം ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മള്‍ട്ടി-സ്‌പോര്‍ട്‌സ് അന്താരാഷ്ട്ര ഈവെന്റായിരുന്നു ഏഷ്യാഡ്. സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഇന്ത്യയുടെ സാമ്പത്തികവും സാങ്കേതികവുമായ മുന്നേറ്റം ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരമായിരുന്നു അത്. എന്നാല്‍, ഡല്‍ഹിയില്‍ അതോടൊപ്പം വളര്‍ന്നത് വിശാലമായ ലേബര്‍ ക്യാമ്പുകള്‍ കൂടിയാണ്.

സുധയും ജെ.എന്‍.യുവിലെയും ഐ.ഐ.ടി കാണ്‍പൂരിലെയും അവളുടെ ചില സുഹൃത്തുക്കളും- അപ്പോഴേക്കും സുധ അവളുടെ ഐ.ഐ.ടി പ്രൊഫസറുടെ മകനെ വിവാഹം ചെയ്തിരുന്നു - കുടിയേറ്റ തൊഴിലാളികളുടെ കുട്ടികളെ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ലേബര്‍ ക്യാമ്പുകളിലേക്ക് പോയി. അവര്‍ അതിനെ വികല്‍പ് (ബദല്‍) എന്ന് വിളിക്കുകയും അധ്വാനിക്കുന്ന പാവപ്പെട്ടവരുടെ ജീവിതത്തെ കേന്ദ്രീകരിച്ച് ബാത്ചീത് (സംഭാഷണം) എന്ന പേരില്‍ ഒരു മാസിക ആരംഭിക്കുകയും ചെയ്തു. അവര്‍ തൊഴിലാളികളുടെ ആരോഗ്യ കാര്യങ്ങള്‍ ശ്രദ്ധിക്കുന്ന ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ വിദ്യാര്‍ഥികളുമായും തൊഴിലാളികളുടെ അവസ്ഥയെക്കുറിച്ച് ആശങ്കയുള്ള മറ്റ് ഒട്ടനവധി ഗ്രൂപ്പുകളുമായും ചേര്‍ന്നുപ്രവര്‍ത്തിച്ചു.

പി.യു.സി.എല്‍-മായി വളരെയധികം സാമ്യമുള്ള, ഡല്‍ഹി ആസ്ഥാനമായുള്ള, പൗരാവകാശ സംഘടനയായ പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ ഡെമോക്രാറ്റിക് റൈറ്റ്സ് (പി.യു.ഡി.ആര്‍) തൊഴിലാളികളുടെ അവസ്ഥ സംബന്ധിച്ച് ഒരു 'വസ്തുതാന്വേഷണം' നടത്തുകയുണ്ടായി. മിനിമം വേതനം, ബാലവേല നിരോധനം, കുടിയേറ്റ തൊഴിലാളികളുടെ സംരക്ഷണത്തിനായുള്ള നിയമങ്ങള്‍ എന്നിവ ഉള്‍പ്പെടെ നിരവധി തൊഴില്‍ നിയമലംഘനങ്ങള്‍ തൊഴിലുടമകള്‍ നടത്തുന്നതായി കണ്ടെത്തിയതിനാല്‍ അവര്‍ തൊഴിലാളികള്‍ക്ക് വേണ്ടി സുപ്രീം കോടതിയില്‍ രേഖാമൂലം ഹര്‍ജി സമര്‍പ്പിച്ചു. കോടതിയില്‍ നിന്ന് അവര്‍ക്ക് ലഭിച്ച അനുകൂല വിധി ഇന്ത്യയിലെ പൊതുതാല്‍പ്പര്യ വ്യവഹാരങ്ങളുടെ ചരിത്രത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. വിധി പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാന്‍ സാമൂഹിക ശാസ്ത്രജ്ഞരുടെ ഒരു സമിതിയെ നിയോഗിച്ചു. 


| ഭിലായ് സമരകാലത്ത് കരാര്‍ തൊഴിലാളികളുടെ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയില്‍ രാഷ്ട്രപതി കെ.ആര്‍ നാരായണനുമായി. ഇടത്തുനിന്ന് - രാജേന്ദ്ര സെയില്‍, മേഘ് ദാസ്, ഷെയ്ഖ് അന്‍സാര്‍, അനൂപ് സിംഗ് (പിന്നില്‍), പ്രസിഡന്റ് കെ ആര്‍ നാരായണന്‍, ജനക്ലാല്‍ താക്കൂര്‍, സുധ ഭരദ്വാജ്, ചന്ദ്രകല.

 നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ച ഒരു മനുഷ്യനെയാണ് സുധ ഏറ്റവും കൂടുതല്‍ ഓര്‍ത്തത്. ഭക്ഷണം, പാര്‍പ്പിടം, വേതനം എന്നിങ്ങനെ എല്ലാത്തിനും അവര്‍ ആശ്രയിക്കുന്ന ലേബര്‍ കോണ്‍ട്രാക്ടര്‍മാരുടെ അടിമത്തത്തിലാണ് തൊഴിലാളികളെന്ന് അദ്ദേഹം അവരോട് പറഞ്ഞു. അടുത്ത ദിവസം അവര്‍ ലേബര്‍ ക്യാമ്പില്‍ തിരിച്ചെത്തിയപ്പോള്‍ ആ മനുഷ്യനെ കാണാനില്ലായിരുന്നു. എല്ലായിടത്തും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

''തൊഴിലാളികളെ സംഘടിപ്പിക്കുന്നത് ഗൗരവതരമായ കാര്യമാണെന്ന് ആ ഘട്ടത്തിലാണ് ഞാന്‍ തിരിച്ചറിഞ്ഞത്. നിങ്ങള്‍ക്ക് ആവശ്യമുള്ളപ്പോള്‍ എഴുന്നേറ്റു പോകാന്‍ കഴിയില്ല. തൊഴിലാളികളെ സംബന്ധിച്ചിടത്തോളം, നിങ്ങളുടെ സാന്നിധ്യം ജീവിതത്തിനും മരണത്തിനും ഇടയിലുള്ള വ്യത്യാസം ഉണ്ടാക്കും. അത് അവരുടെ നിലനില്‍പ്പിന്റെ പ്രശ്നമായിരുന്നു. തൊഴിലാളികള്‍ക്കായി പ്രവര്‍ത്തിക്കുക എന്നതിനര്‍ഥം അവര്‍ക്ക് നിങ്ങളെ ആവശ്യമുള്ളപ്പോഴെല്ലാം അവിടെ ഉണ്ടായിരിക്കുക എന്നതാണ്. അവിടെ ആയിരിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുമ്പോള്‍ മാത്രമല്ല, എല്ലായ്‌പ്പോഴും'', സുധ പറഞ്ഞു. അപ്പോഴാണ് തന്റെ ജീവിതത്തെ നാടകീയമായി മാറ്റിമറിക്കാനെത്തുന്ന ശങ്കര്‍ ഗുഹ നിയോഗി എന്ന തൊഴിലാളി നേതാവിനെ കുറിച്ച് സുധ ആദ്യമായി കേള്‍ക്കുന്നത്. 


| ശങ്കര്‍ ഗുഹ നിയോഗി

മുംബൈയിലെ തങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പണിമുടക്കിയ ഡല്‍ഹി ടെക്‌സ്‌റ്റൈല്‍ മില്‍ തൊഴിലാളികള്‍, നിയോഗിയെ ജയിലില്‍ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തെരുവില്‍ പ്രതിഷേധം നടത്തുകയുണ്ടായി. നിയോഗി അറസ്റ്റ് ചെയ്യപ്പെട്ടത്, ഛത്തീസ്ഗഢിലെ ദാല്ലി രാജ്ഹാരയില്‍ ആയിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ പ്രശസ്തി മറ്റിടങ്ങളിലെ തൊഴിലാളികള്‍ക്കിടയില്‍ കൂടി പരന്നിരുന്നു.

ഔപചാരിക മേഖലയിലെ തൊഴിലാളികളെ മാത്രം പ്രതിനിധീകരിക്കുന്ന മിക്ക യൂണിയനുകളില്‍ നിന്നും വ്യത്യസ്തമായി, നിയോഗി അനൗപചാരിക മേഖലയില്‍ അപകടകരമായ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികളെ സംഘടിപ്പിക്കുകയായിരുന്നു. ഡല്‍ഹിയിലെ തൊഴിലാളികളില്‍ നിന്ന് നിയോഗിയെ കുറിച്ച് അറിഞ്ഞ സുധയും സുഹൃത്തുക്കളും അദ്ദേഹത്തിന്റെ മോചനത്തിനായി പ്രചാരണം നടത്തി. അവര്‍ ജെ.എന്‍.യുവിലെ പ്രൊഫസര്‍മാരില്‍ നിന്ന് ഒപ്പുശേഖരണം നടത്തുകയും നീതി നേടിയെടുക്കുന്നതിനായി അവരുടെ ബന്ധങ്ങള്‍ ഉപയോഗിക്കുകയും ചെയ്തു. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ നിയോഗി തനിക്ക് വേണ്ടി പ്രചാരണം നടത്തിയ വിദ്യാര്‍ഥികളെ കാണാന്‍ ആഗ്രഹിച്ചു.

ശങ്കര്‍ ഗുഹ നിയോഗി ജയിലില്‍ നിന്ന് മോചിതനായപ്പോള്‍, ഭിലായ് സ്റ്റീല്‍ പ്ലാന്റിനായി ഇരുമ്പയിര് ഖനനത്തിലേര്‍പ്പെട്ട ദല്ലി രാജ്ഹാരയിലെ ഖനിത്തൊഴിലാളികള്‍ ഛത്തീസ്ഗഡ് മൈന്‍സ് ശ്രമിക് സംഘ് എന്ന പേരില്‍ ഒരു യൂണിയന്‍ ആരംഭിക്കാന്‍ അദ്ദേഹത്തെ ക്ഷണിച്ചു, ഇത് പിന്നീട് ഛത്തീസ്ഗഡ് മുക്തി മോര്‍ച്ച എന്ന പ്രസ്ഥാനമായി പരിണമിച്ചു.

ഇരുപത്തിരണ്ടുകാരിയായ സുധയും അവളുടെ സുഹൃത്തുക്കളും ചെയിന്‍-സ്മോക്കക്കറായ, പൊക്കമുള്ള, സുന്ദരനായ, പ്രഭാവശാലിയായ, അവരെക്കാള്‍ ഇരുപത് വയസ്സ് കൂടുതലുള്ള ഈ ബംഗാളിയെ കണ്ട് അമ്പരന്നു. പുകച്ചുരുളുകളാല്‍ പൊതിഞ്ഞ്, പരുക്കന്‍ കോട്ടണ്‍ കുര്‍ത്തയും പൈജാമയും ധരിച്ച്, തല ഉയര്‍ത്തിപ്പിടിച്ച്, -ഗാംഭീര്യം തുളുമ്പുന്ന പ്രസംഗവും ഉയര്‍ന്ന ജാതി പശ്ചാത്തലവും ഉണ്ടായിരുന്നിട്ടും-നിയോഗി തൊഴിലാളികളോടൊപ്പം തറയില്‍ ഇരുന്നു. ഭിലായ് പട്ടണത്തിലെ റഷ്യന്‍ പിന്തുണയുള്ള, പൊതുമേഖലാ സ്ഥാപനമായ, ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റീല്‍ പ്ലാന്റില്‍ വിദഗ്ധ തൊഴിലാളിയായി ജോലി ചെയ്യുന്നതിനിടെയാണ് നിയോഗി തന്റെ ബിരുദ പഠനം പൂര്‍ത്തിയാക്കിയത്. പ്ലാന്റിലെ ബ്ലാസ്റ്റ് ഫര്‍ണസ് തൊഴിലാളികളുടെ നേതൃത്വത്തില്‍ നടത്തിയ സമരം കാരണം അദ്ദേഹത്തെ പിരിച്ചുവിടുകയായിരുന്നു.

കുറച്ചുകാലം നിയോഗി നക്‌സലൈറ്റ് വിപ്ലവ പ്രസ്ഥാനങ്ങളില്‍ ആകൃഷ്ടനായി. പക്ഷേ, അവര്‍, 'ബഹുജന സംഘടന'യുടെ-അതായത് സാധാരണക്കാരുടെ തുറന്നതും നിരായുധവും അതേസമയം സംഘടിതവുമായ പ്രതിഷേധം-ആവശ്യകതയില്‍ അവര്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തിയില്ലെന്നും കര്‍ഷകരെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതിലൂടെ തൊഴിലാളികളെ അണിനിരത്തുന്നതില്‍ നിന്ന് അവര്‍ പിന്നാക്കം പോയതായും അദ്ദേഹത്തിന് തോന്നി.

ഛത്തീസ്ഗഢിന്റെ ഗ്രാമപ്രദേശങ്ങളില്‍ നിയോഗി കറങ്ങിനടന്നു. അവിടുത്തെ തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും വേണ്ടിയുള്ള പോരാട്ടം തന്റെ ജീവിതമാക്കി മാറ്റി. അദ്ദേഹം ദുര്‍ഗില്‍ മത്സ്യം വിറ്റു, ഖേരിയില്‍ കര്‍ഷകത്തൊഴിലാളിയായി, രാജ്നന്ദ്ഗാവ് വനങ്ങളില്‍ ആടിനെ മേയ്ച്ചു. അനൗപചാരിക കരാറുകളില്‍ ഖനിത്തൊഴിലാളികള്‍ക്കൊപ്പം ഡാനിറ്റോളയിലെ ക്വാറികളില്‍ ക്വാര്‍ട്സൈറ്റ് പൊട്ടിക്കുന്ന ജോലിയില്‍ സ്ഥിരതാമസമാക്കിയതോടെ അദ്ദേഹം അവിടുത്തെ ഒരു ആദിവാസി തൊഴിലാളിയെ വിവാഹം കഴിച്ചു. എല്ലായിടത്തും ആദിവാസികളുടെ ഭൂമി 'വികസനത്തിന്' വേണ്ടി തട്ടിയെടുക്കപ്പെട്ടപ്പോള്‍ ആദിവാസികളോടൊപ്പം നിന്നു. ഇരുമ്പയിര്, ചുണ്ണാമ്പുകല്ല്, ഡോളമൈറ്റ് ഖനികളിലെ ഖനിത്തൊഴിലാളികള്‍ക്കൊപ്പം അവരുടെ അവകാശപോരാട്ടങ്ങളെ പിന്തുണച്ചു. അദ്ദേഹം നിരവധി തവണ ജയില്‍വാസം അനുഭവിച്ചതില്‍ അതിശയിക്കാനില്ല. അടിയന്തരാവസ്ഥക്കാലത്തായിരുന്നു നിയോഗി ദീര്‍ഘകാലം-ഒരു വര്‍ഷത്തിലധികം-ജയിലില്‍ കിടന്നത്.

1977-ല്‍ ജയിലില്‍ നിന്ന് മോചിതനായപ്പോള്‍, ഭിലായ് സ്റ്റീല്‍ പ്ലാന്റിനായി ഇരുമ്പയിര് ഖനനത്തിലേര്‍പ്പെട്ട ദല്ലി രാജ്ഹാരയിലെ ഖനിത്തൊഴിലാളികള്‍ ഛത്തീസ്ഗഡ് മൈന്‍സ് ശ്രമിക് സംഘ് എന്ന പേരില്‍ ഒരു യൂണിയന്‍ ആരംഭിക്കാന്‍ അദ്ദേഹത്തെ ക്ഷണിച്ചു, ഇത് പിന്നീട് ഛത്തീസ്ഗഡ് മുക്തി മോര്‍ച്ച എന്ന പ്രസ്ഥാനമായി പരിണമിച്ചു. നിയോഗിയുടെ വരവോടെ 8,000 കരാര്‍ തൊഴിലാളികള്‍ കൂട്ടത്തോടെ പുതിയ യൂണിയനില്‍ ചേര്‍ന്നു എന്നതാണ് ചരിത്രം.

നിയോഗിയില്‍ ആകൃഷ്ടയായ, സുധയും അവളുടെ സുഹൃത്തുക്കളും ഈ വിദൂര ദേശങ്ങളുടെയും അസാധാരണ മനുഷ്യരുടെയും മാന്ത്രിക കഥകള്‍ ശ്രദ്ധിച്ചു, അവര്‍ വീടെന്ന് നാളിതുവരെ വിളിച്ചതില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു രാജ്യം. ദല്ലി രാജ്ഹാരയില്‍ ആയിരക്കണക്കിന് തൊഴിലാളികള്‍ തങ്ങളുടെ പതിനാറ് മണിക്കൂര്‍ ജോലി ദിനം വെട്ടിച്ചുരുക്കുന്നതിനും ദിവസവേതന നിരക്ക് മെച്ചപ്പെടുത്തുന്നതിനുമായി വിജയകരമായി സമരം നടത്തി, ഇത് ഒരു ദശാബ്ദത്തിനുള്ളില്‍ അവരുടെ വേതനം ആറിരട്ടിയിലധികം വര്‍ധിക്കുന്നതിന് കാരണമായി. അപകടകരമായ കരാര്‍ തൊഴിലുകള്‍ നിര്‍ത്തലാക്കുന്നതിനായി അവര്‍ പോരാടാന്‍ തുടങ്ങി. ലേബര്‍ കോണ്‍ട്രാക്ടര്‍മാരെ വിജയകരമായി ഒഴിവാക്കി, പകരം തൊഴിലാളികളുടെ സഹകരണ സംഘങ്ങള്‍ സ്ഥാപിച്ചു.

തൊഴിലാളികളുടെ ശക്തി വര്‍ധിച്ചുകൊണ്ടിരിക്കെ, ദല്ലി രാജ്ഹാരയിലെ ഖനികള്‍ നിയന്ത്രിക്കുന്ന ഭിലായ് സ്റ്റീല്‍ പ്ലാന്റ് മാനേജ്മെന്റ് യന്ത്രവത്കരണത്തിലൂടെ അവരുടെ യൂണിയനെ തകര്‍ക്കാന്‍ തീരുമാനിച്ചതായി നിയോഗി സുധയോടും അവളുടെ സുഹൃത്തുക്കളോടും പറഞ്ഞു. യന്ത്രവത്കരണം എന്താണെന്ന് തൊഴിലാളികള്‍ക്ക് അറിയാമായിരുന്നു, കാരണം 1978-ല്‍ തൊട്ടടുത്തുള്ള ബെയ്‌ലാഡില ഖനികളിലെ യന്ത്രവത്കരണം 10,000 തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നതിലേക്ക് നയിക്കുകയുണ്ടായി. തൊഴിലാളികള്‍ പ്രതിഷേധിച്ചപ്പോള്‍, അവരുടെ കുടില്‍ കത്തിക്കുകയും സ്ത്രീകളെ പീഡിപ്പിക്കുകയും ചെയ്തു. ആസൂത്രിത യന്ത്രവത്കരണത്തിനെതിരെ ദല്ലി രാജ്ഹാര തൊഴിലാളികള്‍ ഇപ്പോള്‍ പണിമുടക്കുകയാണ്. ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നതും എന്നാല്‍, തൊഴിലാളികളെ പിരിച്ചുവിടാതെയുള്ളതുമായ അര്‍ദ്ധ യന്ത്രവത്കരണത്തിനുള്ള നൂതന പദ്ധതിയുമായി നിയോഗിയുടെ നേതൃത്വത്തിലുള്ള തൊഴിലാളി സംഘടന രംഗത്തെത്തിയിരുന്നു. അതിനാല്‍, സുധയെയും അവളുടെ സുഹൃത്തുക്കളെയും താന്‍ ആസ്ഥാനമാക്കിയ ഖനന നഗരമായ ദല്ലി രാജ്ഹാര സന്ദര്‍ശിക്കാന്‍ നിയോഗി ക്ഷണിച്ചപ്പോള്‍, സുധ പോകാന്‍ തയ്യാറാവുകയായിരുന്നു.

വിവര്‍ത്തനം; കെ.സഹദേവന്‍


| ശങ്കര്‍ ഗുഹാ നിയോഗിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി 2017ല്‍ ഡോ. സ്മിത പി. കുമാര്‍ എഡിറ്റ് ചെയ്ത് ട്രാന്‍സിഷന്‍ സ്റ്റഡീസ് പ്രസിദ്ധീകരിച്ച 'ശങ്കര്‍ ഗുഹാ നിയോഗി: ചിന്തയും പ്രയോഗവും ' എന്ന പുസ്തകം.

(തുടരും)


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - അല്‍പാ ഷാ

Writer

Similar News