നിലവിളക്ക് വിവാദം: 1968 മുതല്‍ 2024 വരെ - ഇസ്‌ലാമോഫോബിയ: ജൂലൈ മാസം കേരളത്തില്‍ സംഭവിച്ചത്
നിലവിളക്ക് പോലുള്ള ഒരു പ്രശ്നത്തോട് മതപരമായും അല്ലാതെയും വിയോജിക്കാന്‍ ഒരു മുസ്‌ലിമിന് അവകാശമുണ്ട്. എന്നാല്‍, ഇസ്‌ലാമോഫോബിക് പൊതുബോധം മുസ്‌ലിംകളില്‍നിന്ന് ഈ അവകാശത്തെ എടുത്തുമാറ്റുന്നു. നിലവിളക്ക് കത്തിക്കാനുള്ള അവകാശം മാത്രമല്ല, അതിനുള്ള കാരണം തെരഞ്ഞെടുക്കാനും ഒരു മുസ്‌ലിമിന് അവകാശമുണ്ടാവേണ്ടത് പ്രധാനമാണ്. (2024 ജൂലൈ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്‌ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ ഭാഗം: 09)
സിവില്‍ സര്‍വീസ് നേടിയവരെ അനുമോദിക്കാന്‍ തിരുവനന്തപുരം സിവില്‍ സര്‍വീസ് അക്കാദമി ജൂലൈ 3 2024നു സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യമന്തി പിണറായി വിജയന്‍ ഈശ്വര പ്രാര്‍ഥനയുമായി ബന്ധപ്പെട്ട് നടത്തിയ ചില പ്രസ്താവനകള്‍ വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. പരിപാടി ആരംഭിക്കുന്നതിനു മുന്നോടിയായി ഈശ്വരപ്രാര്‍ഥനയ്ക്കായി എല്ലാവരോടും എഴുന്നേറ്റുനില്‍ക്കാന്‍ വേദിയില്‍നിന്നു നിര്‍ദേശമുണ്ടായി. ഇത് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചു. സര്‍ക്കാര്‍ ചടങ്ങുകള്‍ മതനിരപേക്ഷമാക്കണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. വിശ്വാസികളും അവിശ്വാസികളുമുണ്ട്, മതനിരപേക്ഷത രാഷ്ട്രീയ പരികല്‍പനയല്ല, ഭരണഘടനയുടെ അടിസ്ഥാനസ്വഭാവമാണ്. ഒന്‍പതാം ക്ലാസില്‍ പഠിച്ച ഉപനിഷത്തിന്റെ ഏതാനും വരികളും അദ്ദേഹം വേദിയില്‍ ചൊല്ലി (മാതൃഭുമി ഓണ്‍ലൈന്‍, ജൂലൈ 3, 2024).
ഈ വാര്‍ത്തയോട് മുന്‍ വിദ്യാഭ്യാസ മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ പി.കെ അബ്ദുറബ്ബ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. (എഫ്ബി, ജൂലൈ 4, 2024) നിലവിളക്ക് കത്തിക്കാത്തതിന് തന്നെ മതതീവ്രവാദിയായി ചാപ്പ കുത്തിയ അനുഭവം അദ്ദേഹം ഓര്‍മിപ്പിച്ചു. സാംസ്‌കാരിക നായകര്‍ മുതല്‍ സിനിമ സൂപ്പര്‍ സ്റ്റാറുകള്‍ വരെ തനിക്കെതിരേ രംഗത്തിറങ്ങി. പോരാഞ്ഞിട്ട് നിലവിളക്കുമായി എസ്.എഫ്.ഐക്കാരെകൊണ്ട് തെരുവിലും സമരം ചെയ്യിച്ചു! എന്തായാലും ഇപ്പോഴെങ്കിലും സഖാക്കള്‍ക്ക് നേരം വെളുത്തല്ലോയെന്നായിരുന്നു പരിഹാസം.
2015ലെ നിലവിളക്ക് വിവാദം:
2015 ജൂണ്‍ 19ാം തിയ്യതി തിരുവനന്തപുരത്ത് നടന്ന പി.എന്‍ പണിക്കര്‍ അനുസ്മരണച്ചടങ്ങിലും വായനാദിനത്തിലും അരങ്ങേറിയ ഒരു വിവാദത്തിലേക്കാണ് അബ്ദുറബ്ബ് ശ്രദ്ധക്ഷണിച്ചത്. അബ്ദുറബ്ബ് അന്ന് വിദ്യാഭ്യാസമന്ത്രിയാണ്. പരിപാടിയുടെ ഭാഗമായി മമ്മുട്ടി വിളക്കുകൊളുത്തി. തുടര്‍ന്ന് വിളക്ക് വിദ്യാഭ്യാസമന്ത്രിക്ക് കൈമാറി. പക്ഷേ, വിളക്ക് കൊളുത്താന്‍ മന്ത്രി വിസമ്മതിച്ചു. ഇത് മമ്മുട്ടിക്ക് ഇഷ്ടപ്പെട്ടില്ല. അദ്ദേഹം പ്രതികരിച്ചു. താനും ഒരു മുസ്‌ലിം മതവിശ്വാസിയാണ്. മതാചാരപ്രകാരമാണ് ജീവിക്കുന്നത്. നോമ്പും എടുക്കുന്നുണ്ട്. പല ചടങ്ങുകളിലും വിളക്ക് കൊളുത്താറുണ്ട്. അതിലെന്താണ് പ്രശ്നമെന്നും മമ്മൂട്ടി ചോദിച്ചു. വിളക്ക് കൊളുത്തുന്നത് ഒരു പ്രത്യേക മതത്തിന്റെ ആചാരമല്ലെന്നും മുസ്‌ലിം ലീഗ് ഇത്തരം വിശ്വാസങ്ങള്‍ അവസാനിപ്പിക്കണമെന്നുംകൂടി മമ്മൂട്ടി ചൂണ്ടിക്കാട്ടി. അടുത്തതായി സംസാരിച്ച പി.ജെ കുര്യന്‍ മമ്മുട്ടിക്ക് പിന്തുണപ്രഖ്യാപിച്ചു. അന്ധവിശ്വാസങ്ങള്‍ തടയാന്‍ വായന ആയുധമാക്കണമെന്നും അദ്ദേഹം ഉപദേശിച്ചു. യോഗയും വിളക്കും ഒരു മതത്തിന്റെ ഭാഗമല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. അടുത്ത ദിവസങ്ങളില്‍ റബ്ബ് തന്റെ നിലപാട് ആവര്‍ത്തിച്ചു. സി.എച്ച് ഉള്‍പ്പെടെയുള്ള ലീഗ് നേതാക്കള്‍ നിലവിളക്ക് കൊളുത്താറില്ലായിരുന്നുവെന്നും ലീഗിന്റെ പാരമ്പര്യമാണ് താന്‍ പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിവാദം മുസ്‌ലിം ലീഗിലും ചില പ്രതികരണങ്ങളുണ്ടാക്കി. പൊതുചടങ്ങുകളില്‍ നിലവിളക്ക് പാടില്ല എന്നത് ലീഗിന്റെ നിലപാടാണെന്ന് ലീഗ് ജനറല്‍ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.എല്‍.എ പറഞ്ഞു. നിലവിളക്ക് കൊളുത്താത്തവരും ലീഗിലുണ്ടെന്നായിരുന്നു കെ.എം ഷാജിയുടെ അഭിപ്രായം. പക്ഷേ, മുനീറിന്റെ നിലപാട് മറിച്ചായിരുന്നു. നിലവിളക്ക് കൊളുത്തരുതെന്ന് പാര്‍ട്ടിക്ക് നിലപാടില്ല. വിവിധ മുസ്‌ലിം സംഘടനകളും അനുകൂലവും പ്രതികൂലവുമായി വിളക്കു വിവാദത്തില്‍ പ്രതികരിച്ചു. പക്ഷേ, ഈ വിവാദം കൊച്ചിയില്‍ ചേര്‍ന്ന മുസ്‌ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗം ചര്‍ച്ച ചെയ്തില്ല. ചര്‍ച്ച ഇനിയും തുടര്‍ന്നാല്‍ വിവാദം ഗുണം ചെയ്യുക ബി.ജെ.പിക്ക് ആയിരിക്കുമെന്നും ഇക്കാര്യത്തില്‍ സി.എച്ച് പോലുള്ള മുന്‍ഗാമികളുടെ നിലപാടാണ് ലീഗിനെന്നും പരസ്യപ്രസ്താവന പാടില്ലെന്നും ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. (ഡൂള്‍ ന്യൂസ്, ആഗസ്റ്റ് 3, 2015)
2012ല്‍ ആരംഭിച്ച ഒരു വിവാദത്തിന്റെ തുടര്‍ച്ചയിലാണ് 2015ല്‍ വിവാദമുണ്ടാവുന്നത്. വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റ അബ്ദുറബ്ബ് തന്റെ ഔദ്യോഗിക വസതിയുടെ പേര് ഗംഗ എന്നതില്‍നിന്ന് ഗ്രെയ്്സ് എന്നാക്കി മാറ്റിയിരുന്നു. ഈ പേര് മാറ്റം വലിയ വിവാദമായി. ആ വിവാദം തുടങ്ങുന്നതുതന്നെ നിലവിളക്ക് കൊളുത്തുന്നത് വിസമ്മതിച്ചതാണ്. ഇതേ കുറിച്ച് ഡോ. സുദീപ് മുഹമ്മദ് എഴുതുന്നു: ഇത് നാട്ടിലെ മുഖ്യ മതേതരവാദികളെയും സംഘ്പരിവാരങ്ങളെയും ഒരുപോലെ ചൊടിപ്പിച്ചു. ഗംഗ എന്ന് പേരുള്ള ഔദ്യോഗിക വസതിയില്‍ അദ്ദേഹം താമസിക്കാന്‍ വിസമ്മതിക്കുകയും ആ വീടിന്റെ പേര് ഗ്രെയ്സ് എന്നാക്കിമാറ്റാന്‍ തീരുമാനിക്കുകയും ആ മാറ്റം സര്‍ക്കാര്‍ അനുവദിച്ചുകൊടുക്കുകയും കൂടി ചെയ്തതോടെ സംഗതി പിന്നെയും വഷളായി. നമ്മുടെ മതേതരത്വത്തിന്റെ തകര്‍ച്ചയായിട്ടാണ് ഇത് പൊതുവേ വിലയിരുത്തപ്പെട്ടത്. ഗംഗ എന്ന പേരിന് എന്താണൊരു കുഴപ്പം എന്നും അതൊരു നദിയുടെ പേരല്ലേ എന്നും തുടങ്ങി നമ്മുടെ മഹത്തായ ഭാരതീയ സംസ്‌കാരത്തിന്റെ ഭാഗമായ ഗംഗ എന്ന പേര് മാറ്റാന്‍ പറയുന്ന ആള്‍ രാജ്യദ്രോഹിയാണെന്ന് വരെ പോയി വാദങ്ങള്‍.'' (മതമില്ലാത്ത നിലവിളക്കും ഗംഗയും കുഞ്ഞാമിനയും, ഡോ. സുദീപ് മുഹമ്മദ്, നാലാമിടം, ജൂണ്‍, 2012)
ആ സമയത്ത് മന്ത്രിക്കെതിരേ വലിയ പരിഹാസങ്ങളും അരങ്ങേറി. ഫേസ്ബുക്കിലൂടെയാണ് പ്രധാനമായും അത് പ്രചരിച്ചത്. ചില ഉദാഹരണങ്ങള്‍: 'അല്ലിക്ക് ആഭരണം എടുക്കാന്‍ ഇനി ഗ്രേസ് പോകണ്ട' എന്നും 'വിന്ധ്യ ഹിമാചല യമുനാ ഗ്രേസീ' എന്നുമൊക്കെ ഫെയ്സ്ബുക് സ്റ്റാറ്റസുകള്‍ ഒന്നിന് പിറകെ ഒന്നായി വന്നു. 'ഈ മന്ത്രിയെങ്ങാന്‍ എ.കെ ആന്റണിയുടെ പദവിയില്‍ എത്തിയാല്‍ ത്രിശൂല്‍ മിസൈലിന്റെയും അര്‍ജ്ജുന്‍ ടാങ്കിന്റെയും ദ്രോണ മുങ്ങിക്കപ്പലിന്റെയും പേരെല്ലാം അഞ്ച് വര്‍ഷത്തേയ്ക്ക് മാറ്റുമായിരിക്കും' എന്നാണ് വേറൊരാള്‍ പറഞ്ഞത്. 'ഗംഗ, യമുന, കാവേരി, ഗോദാവരി തുടങ്ങിയ നദികളുടെ പേരുകള്‍ കുഞ്ഞാമിന, ബീയാത്തുമ്മ, പാത്തുമ്മ, മൈമൂന എന്നാക്കി മാറ്റണമെന്ന് വിദ്യാ-ആഭാസ വകുപ്പ് മന്ത്രി' എന്നും അതിലും ഒരുപടി കടന്ന്, അങ്ങേര്‍ അങ്ങേരുടെ വീട്ടിലെ സോണി, ഉഷ തുടങ്ങിയ പേരുള്ള ടി.വി യുടെയും ഫാനിന്റെയുമൊക്കെ പേര് മാറ്റാന്‍ പോകുന്നു എന്ന് പറഞ്ഞ് സര്‍ക്കാര്‍ ലെറ്റര്‍ പാഡിലുള്ള ഒരുത്തരവിന്റെ വരെ ഫോട്ടോകള്‍ ഫെയ്സ്ബുക്കില്‍ പ്രചരിച്ചു. (ഡോ. സുദീപിന്റെ ലേഖനത്തില്‍ ഉദ്ധരിച്ചത്)
കോഴിക്കോട്ടെ നിലവിളക്ക് പ്രതിഷേധം:
2015ലെ നിലവിളക്ക് പ്രതിഷേധത്തില്‍ സി.പി.എമ്മിന്റെ ബഹുജന സംഘടനകളായ ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐയും പങ്കെടുത്തു. ഓണപ്പരീക്ഷയായിട്ടും പാഠപുസ്തകങ്ങള്‍ മുഴുവന്‍ വിതരണം ചെയ്തിരുന്നില്ല. ആ സമയത്താണ് മന്ത്രി സ്‌നേഹസ്പര്‍ശം വെബ്‌സൈറ്റിന്റെ ലോഞ്ചിനു വേണ്ടി കോഴിക്കോട് കെ.പി കേശവമേനോന്‍ ഹാളിലെത്തിയത്. മന്ത്രിക്കെതിരെ വിദ്യാര്‍ഥി-യുവജന സംഘടനകള്‍ പ്രതിഷേധിച്ചു. കരിങ്കൊടി ഉയര്‍ത്തിയതിനൊപ്പം അവര്‍ പ്രതീകാത്മകമായി നിലവിളക്കും കൊളുത്തി. (ജൂലൈ 6, 2015, സിറാജ്). വിവാദം നടക്കുന്ന സമയമായതിനാല്‍ ശ്രദ്ധപിടിച്ചുപറ്റുന്നതിനായിരുന്നു ഈ സമരരീതിയെന്നാണ് എസ്.എഫ്.ഐയുടെ ഒരു നേതാവ് വിശദീകരിച്ചത് (ഡൂള്‍ ന്യൂസ്, ജൂലൈ 7, 2015)
| അബ്ദുറബ്ബിനെതിരെ ഡി.വൈ.എഫ്.ഐ കോഴിക്കോട് നടത്തിയ പ്രതിഷേധം.
ബിജെപി പ്രതിഷേധം:
ആലപ്പുഴയിലെ മുതുകുളത്ത് ശ്രീനാരായണ ഗുരുവിന്റെ 'നമുക്ക് ജാതിയില്ല' പ്രഖ്യാപനത്തിന്റെ നൂറാം വാര്‍ഷിക ആഘോഷത്തോട് അനുബന്ധിച്ച് നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന ജി. സുധാകരന്‍, പൊതുപരിപാടികളില്‍ നിലവിളക്ക് കൊളുത്തുന്നതും, പ്രാര്‍ഥന ചൊല്ലുന്നതും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. (ആഗസ്റ്റ് 29, 2016) വേണമെങ്കില്‍ ദേശഭക്തിഗാനമാകാം.
സര്‍ക്കാര്‍ പരിപാടികള്‍ക്ക് നിലവിളക്ക് കൊളുത്തേണ്ടതില്ലെന്ന മന്ത്രി സുധാകരന്റെ പ്രസ്താവനയ്‌ക്കെതിരെ സി.പി.എം എം.എല്‍.എ (ഷൊര്‍ണൂര്‍) പി.കെ ശശി രംഗത്തുവന്നു. ഏത് തമ്പുരാന്‍ വിലക്കിയാലും വിളക്ക് കൊളുത്തുമെന്നും മനസ്സില്‍ ഇരുട്ടുള്ളവരാണ് വെളിച്ചത്തെ ഭയപ്പെടുന്നതെന്നും നിലവിളക്ക് കൊളുത്തുന്നത് താന്‍ സന്തോഷത്തോടെ ചെയ്യുന്ന കാര്യമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. (മാതൃഭുമി ഓണ്‍ലൈന്‍, ആഗസ്റ്റ് 30 2016)
സുധാകരന്റെ അഭിപ്രയത്തോട് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനും വിയോജിച്ചു. മതചിഹ്നങ്ങള്‍ സര്‍ക്കാര്‍ പരിപാടിയുടെ ഭാഗമാകാന്‍ പാടില്ലെന്നും നിലവിളക്കിനെയും നിലവിളക്ക് കൊളുത്തലിനെയും ആ രീതിയില്‍ കാണേണ്ടതില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. (2016 സെപ്തംബര്‍ 13, മീഡിയവണ്‍). സര്‍ക്കാരിന്റെ നൂറ് ദിനത്തോടനുബന്ധിച്ചായിരുന്നു അദ്ദേഹത്തിന്റെ പത്രസമ്മേളനം.
ഇതോനുബന്ധിച്ച് മറ്റു ചില നാടകങ്ങളും അരങ്ങേറി. പറവൂരില്‍ ജി. സുധാകരന്‍ പങ്കെടുത്ത അധ്യാപക ദിന പരിപാടിയില്‍ സംഘാടകര്‍ നിലവിളക്ക് ഒഴിവാക്കി. ഇതില്‍ പ്രതിഷേധിച്ച് ബി.ജെ.പി വാര്‍ഡ് മെമ്പര്‍ വേദിക്ക് പുറത്ത് നിലവിളക്ക് കത്തിച്ചു പ്രതിഷേധിച്ചു. പുറത്തിരുന്നു കത്തുന്ന നിലവിളക്ക് വേദിയിലേക്ക് കൊണ്ടുവരാന്‍ സുധാകരന്‍ ആവശ്യപ്പെട്ടു. ചുമ്മാ വിവാദം ഉണ്ടാക്കുകയാണ്. ഞാന്‍ എല്ലാ ദിവസവും നാലെണ്ണം കൊളുത്തുന്ന ആളാണ്. എല്ലാ പ്രകാശവും മഹത്തായതാണ്. സര്‍ക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഭരണഘടനാപരമായി നമ്മള്‍ സംസാരിച്ചു എന്ന് വരും. ആ പറയുന്നതൊക്കെ അശയപ്രചരണത്തിന് വേണ്ടി മാത്രമാണ്. ആരെയും അടിച്ചേല്‍പിക്കാന്‍ വേണ്ടിയല്ല. അതായിരുന്നു വിശദീകരണം (ഏഷ്യാനെറ്റ്, 2016 സെപ്റ്റംബര്‍ 6).
പെട്രോഡോളര്‍ സ്വാധീനവും പാന്‍ ഇസ്ലാമിസവും
വിളക്കുകൊളുത്താനുള്ള വിസമ്മതത്തില്‍ അബ്ദുറബ്ബിനെതിരേ പ്രതികരിച്ച മറ്റൊരു നേതാവാണ് സി.പി.എം വക്താവായ കെ.ടി കുഞ്ഞിക്കണ്ണന്‍. പെട്രോ ഡോളറില്‍ കുരുത്ത ഇസ്‌ലാമിക രാഷ്ട്രീയം, മൗലികവാദം, സങ്കുചിതത്വം തുടങ്ങിയ പദാവലികളാണ് അദ്ദേഹം ഉപയോഗിച്ചത്: ''നിലവിളക്ക് കൊളുത്തല്‍ അനിസ്‌ലാമികമാണെന്ന അബ്ദറബ്ബുമാരുടെ നിലപാട് ചരിത്രത്തെയും ഇസ്‌ലാമിന്റെ ദര്‍ശനത്തെയും സംബന്ധിച്ച സങ്കുചിതധാരണകളില്‍ കഴിയുന്നത് കൊണ്ടാണ്. ഇസ്‌ലാം അനുഷ്ഠിക്കപ്പെടേണ്ടത് ദേശരാഷ്ട്ര സവിശേഷതകളിലൂന്നിയായിരിക്കണമെന്നാണ് ഖുറാനിക പണ്ഡിതന്മാര്‍ പറഞ്ഞിട്ടുള്ളത്. പൊന്നാനിയിലെ പള്ളിയില്‍ ഇപ്പോഴും നിലവിളക്കുണ്ടെന്ന് കെ.ടി ജലീല്‍ ഇസ്‌ലാമിന്റെ സാംസ്‌കാരിക സമഞ്ജസതക്ക് ഉദാഹരണമായി പറയാറുണ്ട്. പെട്രോള്‍ ഡോളറിന്റെ സ്വാധീനത്തില്‍ കുരുത്ത് വന്ന രാഷ്ട്രീയ ഇസ്‌ലാമിസ്റ്റുകളാണ് പാനിസ്‌ലാമിക വീക്ഷണങ്ങള്‍ ഉയര്‍ത്തി ദേശീയ സവിശേഷതകളെയും സാംസ്‌കാരികമായ ബഹുസ്വരതയെയും നിഷേധിക്കുന്ന മൗലികവാദധാരണകള്‍ അടിച്ചേല്‍പ്പിച്ചത്. അറബ് നാടുകളില്‍ ആരംഭിച്ച ദഅവ പ്രസ്ഥാനമാണ് മതത്തെ അനുഷ്ഠാന പരതയിലും മൗലികവാദപരമായ വ്യാഖ്യാനങ്ങളിലും ചുരുക്കിയെടുത്തതെന്ന് അസ്ഖര്‍ അലി എന്‍ജിനിയര്‍ നിരീക്ഷിക്കുന്നുണ്ട്'' (ഫേസ്ബുക്ക് പോസ്റ്റ്, ജൂണ്‍ 20, 2015) അനുഷ്ഠാനപരവും തീവ്രവുമായ മതമാണ് അബ്ദുറബ്ബുമാരടക്കമുള്ള വര്‍ഗീയവാദികളുടെ മതമെന്നാണ് അദ്ദേഹം തുടര്‍ന്നെഴുതുന്നത്.
നിലവിളക്ക് വിവാദം അപരവിദ്വേഷത്തില്‍നിന്ന്
നിലവിളക്ക് വിവാദത്തില്‍ അബ്ദുറബ്ബിന് അനുകൂലമായ നിലപാടെടുത്ത നിരവധി ഇടതുപക്ഷ ചിന്തകരുമുണ്ട്. അവരില്‍ പ്രധാനികളാണ് ജി.പി രാമചന്ദ്രനും (നിലവിളക്ക് കൊളുത്തുമ്പോള്‍ പൊട്ടുന്ന കുഴിബോംബുകള്‍, 9 ജൂലൈ 2015, സിറാജ് ഓണ്‌ലൈന്‍) കെ.ഇ.എന്‍ കുഞ്ഞഹമ്മദും. വിളക്ക് കത്തിച്ചുകൊണ്ട് ഉദ്ഘടനംചെയ്യുന്നതും കത്തിക്കാതെ ചെയ്യുന്നതും തമ്മില്‍ മൗലികമായ വ്യത്യാസമൊന്നുമില്ലെന്ന് മാധ്യമത്തില്‍ കെ.ഇ.എന്‍ എഴുതി: കത്തിക്കുന്നവര്‍ക്ക് കത്തിച്ച് ഉദ്ഘാടനം ചെയ്യാനും കത്തിക്കാത്തവര്‍ക്ക് കത്തിക്കാതെ, ''ഉദ്ഘാടനം ചെയ്യുന്നു'' എന്നുമാത്രം പറഞ്ഞ് ഉദ്ഘാടനം നിര്‍വഹിക്കാനും സ്വാതന്ത്ര്യമുണ്ടായിരിക്കണം. വിളക്ക് കൊളുത്തിയില്ലെങ്കില്‍, മതേതരത്വം മോഹാലസ്യപ്പെട്ട് വീഴും എന്ന തരത്തിലുള്ള നാടുവാഴിത്ത തമാശകള്‍ ഈ ആധുനികകാലത്തും മതേതരവാദികള്‍ ആവര്‍ത്തിക്കരുത്. വിളക്കിന് അനുകൂലമായ സിന്ദാബാദ് വിളികള്‍ കേള്‍ക്കുമ്പോള്‍ ആവേശഭരിതരാവുകയും അതിനെതിരായ മൂര്‍ദാബാദ് വിളികളുയരുമ്പോള്‍, പ്രകോപിതരാവുകയും ചെയ്യേണ്ട കാര്യമില്ല. ഓരോരുത്തരും സ്വന്തം ഭാഷ ഉച്ചത്തില്‍ പറയുന്നതോടൊപ്പം, മറ്റുള്ളവരുടെ ഭാഷ ശ്രദ്ധാപൂര്‍വം കേള്‍ക്കുകയും വേണം. ഒരൊറ്റ 'പാരമ്പര്യം' മാത്രം എന്ന കടുംപിടിത്തത്തെക്കാള്‍, 'ഭിന്ന പാരമ്പര്യങ്ങള്‍' എന്ന കാഴ്ചപ്പാടാണ് മതനിരപേക്ഷത മുന്നോട്ട് വെക്കേണ്ടത്. പന്തം കത്തിച്ചും തുടികൊട്ടിയും നാടമുറിച്ചും പ്രാവിനെ പറത്തിയും നിലവിളക്ക് കത്തിച്ചും ദഫ് മുട്ടിയും പുസ്തകം നിവര്‍ത്തിയും സാര്‍വദേശീയ ഗാനം ചൊല്ലിയും സൗകര്യാനുസരണം മറ്റെന്ത് ചടങ്ങ് സ്വീകരിച്ചും ഒന്നും സ്വീകരിക്കാതെയും ചെയ്യാവുന്നൊരു കാര്യത്തെക്കുറിച്ച്, ചുമ്മാ തര്‍ക്കിക്കുന്നതിലര്‍ഥമില്ല.'നാനാത്വത്തിലെ ഏകത്വ'ത്തെക്കുറിച്ച് പറയുന്നവര്‍ വെറും വിളക്കിന്റെ മാത്രം വെളിച്ചത്തില്‍ സ്തബ്ധരാവരുത്. നമ്മുടെ നിലവിളക്ക് വിവാദം വീര്യമാര്‍ജിക്കുന്നത് നവോത്ഥാന ചരിത്രത്തില്‍നിന്നല്ല, ''അപരവിദ്വേഷത്തില്‍നിന്നാണ്''. അതുകൊണ്ടാവണം, ബദല്‍ മതേതര അനുഷ്ഠാനങ്ങളെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണംപോലും നമുക്കിടയില്‍ നടക്കാതെപോവുന്നത്; നിലവിളക്കിനെ പ്രശംസിക്കുന്നതിനു പകരം 'പ്രശ്നവത്കരിക്കുന്നവരൊക്കെ' പ്രാഥമികാന്വേഷണംപോലും നടക്കുംമുമ്പെ പ്രതികളാവുന്നത്. നിങ്ങളുടെ പേര് ഏതെങ്കിലും കാരണത്താല്‍ നവഫാഷിസ്റ്റുകള്‍ സൃഷ്ടിച്ച 'അപര'ത്തില്‍ പെട്ടാല്‍, പിന്നെ പറയേണ്ട, 'ദേശവിരുദ്ധത'യിലേക്ക് ഏറെ ദൂരമുണ്ടാവില്ല. പിന്നെ ഒരു തമാശയായി തോന്നിയത്, ഒരേയൊരു മതേതര അനുഷ്ഠാനമായി നിലവിളക്കുതന്നെ നിര്‍ബന്ധപൂര്‍വം നിലനിര്‍ത്തണമെന്ന് വാദിക്കുന്നവരില്‍ ചില പണ്ഡിതര്‍, എവിടെയൊക്കെ വെളിച്ചമുണ്ടോ, അവിടെയൊക്കെയൊരു നിലവിളക്കുണ്ടെന്നൊരു നിലപാട് സ്വീകരിക്കുന്നതായി കാണുന്നതാണ്. എന്നാല്‍, വിളക്കില്ലാതെ വെളിച്ചമുണ്ടാവുന്നതാണ് 'വിസ്മയം'. മതഗ്രന്ഥങ്ങളിലൊക്കെ പൊതുവില്‍ ആവര്‍ത്തിക്കുന്ന 'പ്രകാശത്തിന്' നമ്മുടെ 'നിലവിളക്കുമായി' ഒരു ബന്ധവുമില്ല! അതെല്ലാം ആവിഷ്‌കരിക്കുന്നത് 'വിളക്കില്ലാതെ' വെളിച്ചമുണ്ടാവുമെന്ന ആത്മാന്വേഷണത്തിന്റെ നിര്‍വൃതിയാണ്. (കെ.ഇ.എന്‍, സെപ്തംബര്‍ 19, 2016, മാധ്യമം)
യോഗദിനം: ഷൈലജടീച്ചറുടെ വ്യത്യസ്ത അനുഭവം;
2016 ജൂണ്‍ 21ന് ദി ന്യൂസ് മിനിറ്റ്സ് റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് യോഗാദിനത്തില്‍ യോഗ ചെയ്യുന്നതിനു മുന്നോടിയായി പ്രാര്‍ഥന ആലപിച്ചതിനെ അന്നത്തെ ആരോഗ്യമന്ത്രിയായിരുന്ന കെ.കെ ഷൈലജ ടീച്ചര്‍ ചോദ്യം ചെയ്തു. യോഗ ചെയ്യുന്ന കാര്‍പ്പറ്റില്‍ മറ്റുളളവര്‍ കൈകൂപ്പി ഇരിക്കുമ്പോള്‍ കൈകൂപ്പാതെ ഇരുന്ന് അവര്‍ പ്രതിഷേധം പ്രകടിപ്പിക്കുകയും ചെയ്തു. പ്രാര്‍ഥന മതപരമാണെന്നും യോഗ മതേതരമാണെന്നുമായിരുന്നു മന്ത്രി വാദിച്ചത്. ഷൈലജ ടീച്ചറുടെ പ്രവൃത്തി വ്യാപകമായി അംഗീകരിക്കപ്പെട്ടു. ഒപ്പം അവര്‍ക്കെതിരേ വിമര്‍ശനവും ഉയര്‍ന്നു. എന്നാല്‍, നിലവിളക്ക് കത്തിക്കുന്നതില്‍നിന്ന് ഒഴിഞ്ഞുമാറിയ മുസ്‌ലിംലീഗ് നേതാക്കള്‍ കേള്‍ക്കേണ്ടിവന്നതുപോലുള്ള വിമര്‍ശനം അവര്‍ക്ക് നേരിടേണ്ടിവന്നില്ല.
1993ലെ നിലവിളക്ക് വിവാദം:
2015നു മുമ്പും നിലവിളക്ക് വിവാദം പല തവണ കേരളത്തിലുണ്ടായിട്ടുണ്ട്. 1993ലായിരുന്നു അത്. തിരുവനന്തപുരത്ത് ഒരു സ്വകാര്യസ്ഥാപനം സംഘടിപ്പിച്ച ചടങ്ങില്‍ കുഞ്ഞാലിക്കുട്ടിയാണ് ഉദ്ഘാടകനായി പങ്കെടുത്തത്. വിളക്കുകൊളുത്തി പരിപാടി ഉദ്ഘാനം ചെയ്യാന്‍ ക്ഷണിച്ചപ്പോള്‍ അദ്ദേഹം വിസമ്മതിച്ചു. വേദിയിലുണ്ടായിരുന്ന യേശുദാസ് ഇതിനെ എതിര്‍ത്തു. 2015ല്‍ മമ്മുട്ടിയെന്ന പോലെ അന്ന് യേശുദാസാണ് വിവാദത്തിന് തുടക്കമിട്ടത്. (ശരിഅത്തും നിലവിളക്കും, എം.എം ശരീഫ്, 1994 ജൂലൈ 31, പുസ്തകം 72, ലക്കം 22, പേജ് 26 മുതല്‍ 29 വരെ).
ശരിഅത്ത് വിവാദത്തിന്റെ തീ അണഞ്ഞിട്ടില്ലാത്തതിനാല്‍ ചര്‍ച്ച പ്രധാനമായും അതിനെ ചുറ്റിപ്പറ്റിയായിരുന്നു. മതേതരമായി സംഘടിപ്പിക്കപ്പെട്ട ചടങ്ങിലാണ് ഒരു മുസ്‌ലിംനേതാവ് ഇത്തരത്തില്‍ പെരുമാറിയതെന്ന ആശങ്കയാണ് ഇതേ കുറിച്ചുള്ള കുറിപ്പില്‍ എം.എം ശരീഫ് എഴുതിയത്. മതാന്ധ്യം ബാധിച്ചവരാണ് ഈ വാദമുയര്‍ത്തിയവരെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മതപരമായി പ്രാധാന്യമില്ലാത്ത ചടങ്ങില്‍ വിളക്കുകൊളുത്തുന്നതിനെ മതപരമായി വായിക്കേണ്ടതില്ലെന്നായിരുന്നു ലേഖകന്റെ വാദം. നിലവിളക്ക് കൊളുത്തുന്നത് ആചാരവിരുദ്ധമാണെന്ന് വാദിക്കുന്നവര്‍ മതപരമായ തീവ്രതക്കാരാണത്രെ.
അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ നിലവിളക്ക് കൊളുത്താതിരുന്നാലുള്ള പ്രശ്‌നങ്ങള്‍ ഇതായിരുന്നു: നിലവിളക്ക് കൊളുത്താതിരിക്കുന്നത് സഹവര്‍ത്തിത്വത്തിനും സൗഹാര്‍ദത്തിനും താളപ്പിഴ വരുത്തും. മറ്റൊരു ദൈവത്തിന്റെ പേരിലറുത്തതാണെങ്കിലും മതസൗഹാര്‍ദം നിലനിര്‍ത്താന്‍ വേണ്ടി നിയമത്തില്‍ ഇളവുചെയ്യാന്‍ ഖുര്‍ആന്‍ അനുവദിക്കുന്നു. അടിസ്ഥാനപ്രമാണങ്ങള്‍ക്ക് വിരുദ്ധമല്ലെങ്കില്‍ പല സമ്പ്രദായങ്ങളും ശരീഅത്തിന്റെ ഭാഗമാക്കാം. ഭാരതത്തില്‍ ചില ദേശീയാചാരങ്ങള്‍ മുസ്‌ലിംജീവിതത്തിന്റെ ഭാഗമായിട്ടുണ്ട്. അവ തുടരാം. ഏതെങ്കിലും സര്‍ക്കാരാഫീസുകളിലോ കോടതികളിലോ വാഹനങ്ങളിലോ കാണാറുള്ള ദേവന്മാരുടെയോ ദേവാലയങ്ങളുടെയോ ചിത്രങ്ങള്‍ സെക്കുലറിസത്തിനെതിരാണെങ്കില്‍ മുസല്ല വിരിച്ച് ഓഫീസുകളിലും കോടതിമുറികളിലും പൊതുനിരത്തുകളില്‍പ്പോലും നമസ്‌കരിക്കുന്നതും സെക്കുലറിസത്തിന് വിരുദ്ധമായി കാണേണ്ടിവരില്ലേ? ആത്മശാന്തിയാണ് ഇരുകൂട്ടരുടെയും ലക്ഷ്യം. ഈ സഹിഷ്ണുതയാണ് യഥാര്‍ഥ ശരീഅത്ത്. വിശാലമായ രാഷ്ട്രീയ-സാമൂഹിക ബന്ധങ്ങളില്‍ മതത്തിന്റെ ഇടുങ്ങിയ പുറംതോട് പൊട്ടിച്ചുകൊണ്ടുതന്നെ ദേശീയോദ്ഗ്രഥനവും മതപരമായ സമന്വയവും ശരീഅത്ത് വിഭാവന ചെയ്യുന്നു. കേരളീയ സംസ്‌കാരത്തിന്റെ ഉജ്ജ്വലപ്രതീകങ്ങളായ നിറപറയോ നിലവിളക്കിന്റെ വെളിച്ചമോ നിഷേധിക്കുന്നത് ആത്മനിഷേധമാവും.
പവനന്റെ നിലപാട്:
പക്ഷേ, എല്ലാവരുടെയും നിലപാട് അതായിരുന്നില്ല. പ്രമുഖ യുക്തിവാദിയായ പവനന്‍ ഇതിനെതിരേ മാതൃഭൂമി ആഴ്ചപ്പതിപ്പിലേക്ക് കത്തെഴുതി: നിലവിളക്ക് കത്തിച്ചുവയ്ക്കുന്നത് ഇസ്‌ലാമില്‍ മതചടങ്ങല്ല. അങ്ങനെ ഒരു വാദം ശരീഫിനുമില്ല. അഗ്നി ആരാധന ഇസ്‌ലാമിന് ഹറാമാണ്. അതും ശരീഫ് സമ്മതിക്കുന്നു. പക്ഷേ, നിലവിളക്ക് കത്തിക്കലും ആരാധനയും ഹൈന്ദവരുടെ മതചടങ്ങാണെന്നു മാത്രം അദ്ദേഹം പറയുന്നില്ല. അംഗീകരിച്ചതായും കാണുന്നില്ല. തുടര്‍ന്ന് പവനന്‍ തന്റെ അഭിപ്രായം പറഞ്ഞു: അഗ്നി ആരാധന ഹറാമാണെന്നു കരുതുന്നവരെ നിലവിളക്കു കൊളുത്താന്‍ നിര്‍ബന്ധിക്കേണ്ടതില്ല. അത് മതചടങ്ങല്ലെന്നും കേരള സംസ്‌കാരമാണെന്നും കരുതുന്നവര്‍ക്ക് ഉദ്ഘാടനത്തിനു നിലവിളക്കു കത്തിക്കാം. ഇതൊരു അനാവശ്യവിവാദമാണെന്നും അദ്ദേഹം പറഞ്ഞു. (ഇതും തുടര്‍ന്നുവരുന്ന എല്ലാ ഉദ്ധരണികളും 1993 മെയ് 2ലെ മാതൃഭൂമിയില്‍നിന്ന്)
മറിച്ച് അഭിപ്രായമുള്ളവരുണ്ടായിരുന്നു. വിളക്കുകത്തിക്കാത്തവര്‍ മതഭ്രാന്തന്മാരാണെന്നു പറഞ്ഞവര്‍പോലുമുണ്ടായിരുന്നു (മുഹമ്മദ് ബഷീര്‍, ബോംബെ). ഇത്തരം അനുഷ്ഠാനങ്ങള്‍ ഭാരതീയസംസ്‌കൃതിയുടെ ഭാഗമാണെന്നും (ഉദയഭാനു കണ്ടോത്ത്-തിരുവനന്തപുരം, എ.കെ അഹമ്മദുണ്ണി വടക്കാഞ്ചേരി) ജനാധിപത്യ മൂല്യങ്ങളെ ആദരിച്ചുകൊണ്ടെങ്കിലും പൊതുഖജനാവിന്റെ ചെലവില്‍ ഉദ്ഘാടനങ്ങള്‍ നടത്തുന്നവര്‍, ചെയ്യുന്നവര്‍ രാജ്യകാര്യമാണെന്ന് ഓര്‍ക്കണമെന്നും നിലവിളക്കുകൊളുത്താത്ത തരം മതാന്ധത വിവിധ മതസ്ഥരുടെ സഹവാസത്തിനു ഉതകുന്നതല്ലെന്നും പറഞ്ഞവരുമുണ്ടായിരുന്നു (അഡ്വ. കെ. പ്രമോദ് കൊയിലാണ്ടി). മുസ്‌ലിംസമൂഹത്തിന്റെ സഹിഷ്ണുതയില്ലായ്മയും മതാന്ധതയുമാണ് നിലവിളക്ക് കത്തിക്കാത്തിലൂടെ തെളിഞ്ഞതത്രെ (ജെ.പി പുതുശ്ശേരി, തൃശൂര്‍).
ഇതിനെ വിമര്‍ശിച്ച് നിലവിളക്കും മതേതരത്വവും ശരീഅത്തും എന്ന പേരില്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് 1993 മെയ് 16ലെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ലേഖനമെഴുതി. ഇതിനോട് പ്രതികരിച്ചുകൊണ്ട് പെരുന്ന കെ.എന്‍ നായര്‍ നിലവിളക്കു വിവാദത്തെ സല്‍മാന്‍ റുഷ്ദിയിലെക്ക് നീട്ടിവായിച്ചു (നിലവിളക്കും മതേതരത്വവും ശരീഅത്തും, പെരുന്ന കെ.എന്‍ നായര്‍, 1993 മെയ് 30 മാതൃഭൂമി ആഴ്ചപ്പതിപ്പ്).
ജനം (1993, സംവിധാനം: വിജി തമ്പി): ആളെ കത്തിച്ചാലും നിലവിളക്ക് കത്തിക്കില്ല:
1993ല്‍ പുറത്തിങ്ങിയ ജനം എന്ന സിനിമയില്‍ നിലവിളക്ക് പ്രശ്‌നം ചര്‍ച്ച ചെയ്യുന്നുണ്ട്. വിജി തമ്പി സംവിധാനം ചെയ്ത സിനിമയില്‍ സിദ്ധിഖ്, ഗീത, ജഗദീഷ്, തിലകന്‍, മാമുക്കോയ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ടി. ദാമോദരന്റെതായിരുന്നു തിരക്കഥ. മാമുക്കോയയുടെ കോയക്കുട്ടി സാഹിബ് ഒരു മുസ്‌ലിംപാര്‍ട്ടി നേതാവാണ്. പൊരുമരാമത്ത് വകുപ്പ് മന്ത്രിയാണ്. മണ്ടനാണ്. അദ്ദേഹം ജനത ടവര്‍ എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനച്ചടങ്ങിനെത്തുകയാണ്. ദീപവും താലവുമായി നിരന്നു നില്‍ക്കുന്ന പെണ്‍കുട്ടികള്‍. മന്ത്രി ഫലകം അനാച്ഛാദനം ചെയ്തു. അടുത്തതായി ഒരു ദീപം തെളിയിക്കാന്‍ സംഘാടകര്‍ ആവശ്യപ്പെട്ടു. അദ്ദേഹം നിരസിച്ചു. വിളക്ക് ഐശ്യര്യത്തിന്റെ പ്രതീകമല്ലേയെന്ന് സിദ്ധിഖിന്റെ കഥാപാത്രം ചോദിച്ചു. മന്ത്രിയുടെ മറുപടി ഇതായിരുന്നു: വിളക്ക് നമുക്ക് ഹറാമാണ്. വേറെ എന്തൊക്കെ കത്തിക്കാനുണ്ട്. ചൂട്ടോ, ചന്ദനത്തിരിയോ സാമ്പ്രാണിയോ ഒരാളെ കാട്ടിത്തന്നോളൂ ഞാന്‍ കത്തിക്കാം. നിലവിളക്ക് കത്തിക്കാന്‍ മന്ത്രിയുടെ സംസ്‌കാരം അനുവദിക്കാത്തതുകൊണ്ട് ചന്ദനത്തിരി കത്തിക്കുകയാണ് എന്ന പ്രഖ്യാപനത്തോടെ ആ സീന്‍ അവസാനിച്ചു.
കുഞ്ഞാലിക്കുട്ടിക്കൊപ്പം ഇ.എം.എസ്:
അതേ വര്‍ഷം ഒക്ടോബറില്‍ ഇ.എം.എസ് ഈ വിഷയത്തില്‍ ഒരു വിശദീകരണം നല്‍കി: ''സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ കല്ലിടല്‍, ഉദ്ഘാടനം മുതലായവ സംഘടിപ്പിക്കുമ്പോള്‍ മതസ്വഭാവമുള്ള ഒരു പരിപാടിയും ഉണ്ടായിക്കൂട. ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി വിളക്ക് കത്തിക്കുക എന്ന നടപടിയില്‍ താന്‍ പങ്കുകൊള്ളുകയില്ലെന്ന പരസ്യ നിലപാടെടുത്ത ലീഗുമന്ത്രി കുഞ്ഞാലിക്കുട്ടിയുടെ സമീപനം ഇനി മറ്റു മന്ത്രിമാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അംഗീകരിക്കേണ്ടിവരും' (അവധി ദിവസങ്ങളും മതനിരപേക്ഷതയും, 1993 ഒക്ടോബര്‍ 10, പുസ്തകം 25, ലക്കം 17, പേജ് 6) പൊതുഅവധി ദിവസങ്ങളെക്കുറിച്ചുള്ള ദേശാഭിമാനി കോളത്തിലാണ് അദ്ദേഹം ഇതുസംബന്ധിച്ച പരാമര്‍ശം നടത്തിയത്.
1968: നിലവിളക്കും സി.എച്ചും:
നിലവിളക്ക് വിവാദം 1993നും മുമ്പും ഉണ്ടായിട്ടുണ്ട്. 1968ലായിരുന്നു അത്. മുസ്‌ലിംലീഗ് നേതാവായ സി.എച്ച് മുഹമ്മദ്കോയ പല വേദികളിലും ഉദ്ഘാടനച്ചടങ്ങിന്റെ ഭാഗമായി നിലവിളക്ക് കത്തിച്ചിട്ടുള്ള ആളാണ്. (ഡി. ബാബു പോള്‍, ഇ-വാര്‍ത്ത, ഡിസംബര്‍ 10, 2015) എന്നാല്‍, 1968ലെ സംസ്ഥാന യുവജനോത്സവവേദിയില്‍ നിന്ന് ഒരു നിലവിളക്ക് വിവാദം പൊട്ടിപ്പുറപ്പെട്ടു. അറിഞ്ഞിടത്തോളം ആദ്യ നിലവിളക്ക് വിവാദവും ഇതാണ്. ജനുവരി 24 മുതല്‍ 26 വരെ തൃശൂരിലായിരുന്നു യുവജനോത്സവം നടന്നത്. നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിര്‍വഹിക്കാന്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ചിനോട് സംഘാടകര്‍ അപേക്ഷിച്ചു. അദ്ദേഹം നിരസിച്ചു. മന്ത്രി തന്റെ വിസമ്മതം അറിയിച്ചശേഷവും സംഘാടകര്‍ വിട്ടില്ല. അവര്‍ പല തവണ നിര്‍ബന്ധിച്ചു.
നിലവിളക്ക് കത്തിക്കാതിരുന്നത് വലിയ വിവാദമായി. മണലൂരില്‍നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എയായിരുന്ന എന്‍.ഐ ദേവസ്സിക്കുട്ടി നിയമസഭാ ചോദ്യോത്തര വേളയില്‍ ഇത് ചോദ്യം ചെയ്തു. കേരളത്തിന്റെയും ഭാരതത്തിന്റെയും ആചാരമായ നിറപറയും വിളക്കും വയ്ക്കുന്നത് ഐശ്വര്യസൂചകമാണെന്നും അത് തെളിയിക്കാന്‍ സംഘാടകര്‍ ക്ഷണിച്ചപ്പോള്‍ മന്ത്രി കൈകൊണ്ടും കാലുകൊണ്ടും ഗോഷ്ടികള്‍ കാണിച്ച് അവരെ ഭയപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു. 1968 മാര്‍ച്ച് 13നും 21നുമായി രണ്ടു തവണ നിലവിളക്ക് പ്രശ്നം അദ്ദേഹം സഭയിലുന്നയിച്ചിരുന്നു. നിലവിളക്ക് ഉദ്ഘാടന പരിപാടിയില്‍ ഉണ്ടായിരുന്നില്ലെന്ന് പറഞ്ഞ് സി.എച്ച് ഒഴിഞ്ഞു മാറുകയായിരുന്നു ചെയ്തത്. (കേരള നിയമസഭാ പ്രൊസീഡിങ്സ്, ഡിജിറ്റല്‍ ആര്‍ക്കൈവ്സ്)
സി.എച്ചിനെ അനുകൂലിച്ചുള്ള സി. അച്യുതമേനോന്റെ നിലപാട്:
കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായ സി. അച്യുതമേനോന്‍ ഇതേ കുറിച്ച് വിവേകോദയത്തില്‍ ലേഖനമെഴുതി. ഈ നിര്‍ബന്ധബുദ്ധിയെ അനുചിതമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. മതനിരപേക്ഷ രാഷ്ട്രമായ ഇന്ത്യയില്‍ സര്‍ക്കാര്‍ ചടങ്ങുകളില്‍ നിലവിളക്ക് പോലുള്ള ആചരണരീതികള്‍ ഒഴിവാക്കണം. ഇത്തരം പരിപാടികളില്‍ നിലവിളക്ക് കത്തിക്കുന്നതില്‍ അനൗചിത്യം തോന്നാത്തത് നാട്ടില്‍ ഭൂരിഭാഗവും ഹിന്ദുക്കളായതുകൊണ്ടാണ്. നിലവിളക്ക് കത്തിക്കേണ്ടതില്ലെന്ന് തീരുമാനിക്കാന്‍ ആര്‍ക്കും അവകാശമുണ്ട്. സര്‍ക്കാര്‍ ചടങ്ങുകളില്‍ നിന്ന് നിലവിളക്ക് പോലുള്ളവ മാറ്റിനിര്‍ത്തണമെന്ന് ഉത്തരവിറക്കണമെന്നും അദ്ദേഹം നിഷ്‌കര്‍ഷിച്ചു. എന്നാല്‍, സര്‍ക്കാരേതര പരിപാടികളില്‍ നിന്ന് മതച്ഛായ ഒഴിവാക്കുന്നതിനെ അദ്ദേഹം അനുകൂലിച്ചിരുന്നില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ വിഭിന്ന മതസ്ഥര്‍ തമ്മില്‍ യാതൊരസ്വാരസ്യത്തിനും വഴിവെക്കാതെ അങ്ങേയറ്റത്തെ സഹിഷ്ണുത വളര്‍ത്താനായിരിക്കണം ശ്രമമെന്നായിരുന്നു അദ്ദേഹം എഴുതിയത്. ഉദ്ഘാടനച്ചടങ്ങിലെ പൊതുപ്രാര്‍ഥന, പെണ്‍കുട്ടികളെ അണിനിരത്തിയ താലപ്പൊലി തുടങ്ങിയവയെക്കുറിച്ചും അദ്ദേഹം എഴുതിയിരുന്നു. (ഔദ്യോഗിക ചടങ്ങുകളും മതനിരപേക്ഷതയും, 1968 നവംബര്‍, വിവേകോദയം, പുസ്തകം 2, ലക്കം 11, പേജ് 13).
എന്നാല്‍, ഈ വിവാദത്തോടുള്ള യുക്തിവാദി മാസികയുടെ പ്രതികരണം പരിഹാസത്തോടെയായിരുന്നു. വിളക്കു കൊളുത്തി ഉദ്ഘാടനം നടത്തുന്നത് കാഫിര്‍ ആയ ഹിന്ദുവിന്റെ ആചാരമാണെന്നും ഹജ്ജിനു പുറപ്പെടാറായ മന്ത്രിക്കു അത് ഹറാം തന്നെയെന്നും അവര്‍ എഴുതി. പാനൂരില്‍ മന്ത്രി കുരിക്കളെ താലപ്പൊലിയോടെ എതിരേറ്റത് യുക്തിവാദി അതേ കുറിപ്പില്‍ സൂചിപ്പിക്കുകയും ചെയ്തു. താലപ്പൊലി മന്ത്രി (അഹമ്മദ്) കുരിക്കള്‍ എടുത്താലേ ഹറാമാവൂ എന്നായിരുന്നു അതേകുറിച്ചുള്ള പരിഹാസം (യുക്തിവാദി, 1968 ഏപ്രില്‍, പുസ്തകം 39, ലക്കം 9, പേജ് 267)
വിളക്കു കൊളുത്താത്തിനെ പരിഹസിക്കുന്നവരായിരുന്നു അന്നത്തെ എഴുത്തുകാരില്‍ ചിലര്‍. അവരിലൊരാളാണ് സുകുമാര്‍. മന്ത്രിക്ക് നിര്‍ദോഷിയായ നിലവിളക്കിനോടുള്ള വിരോധകാരണം ആര്‍ക്കും പിടികിട്ടിയില്ലെന്നും ഒരു സംഘാടകന്‍ വിളക്കിന്റെ തല കല്ലെടുത്ത് കുത്തി ചളുക്കിയപ്പോള്‍ അദ്ദേഹം അത് കൊളുത്താന്‍ തയ്യാറായെന്നും സുകുമാര്‍ കലാകൗമുദിയില്‍ പരിഹസിച്ചു. അറ്റം ചളുങ്ങിയ വിളക്കിന് അദ്ദേഹം ഒരു പേരുമിട്ടു മന്ത്രിവിളക്ക്. (കലാകൗമുദി, മന്ത്രിവിളക്ക്, 1993 മെയ് 16, ലക്കം 922). അദ്ദേഹത്തിന്റെ കുറിപ്പിന്റെ ശീര്‍ഷകവും മന്ത്രിവിളക്കെന്നായിരുന്നു.
നിലവിളക്ക്: മുസ്ലിം നിലപാടുകളിലെ വൈവിധ്യങ്ങള്‍:
നിലവളിക്ക് കത്തിക്കുന്നതിനോടുള്ള മുസ്‌ലിംപ്രതികരണങ്ങള്‍ 'തീവ്രനിലപാടുള്ള സലഫി'കളില്‍നിന്നാണെന്നായിരുന്നു പൊതുവെ പ്രചരിപ്പിക്കപ്പെട്ടത്. പ്രത്യേകിച്ച് തെളിവുകളൊന്നുമില്ലാതെ പലരും പല കാലങ്ങളിലും ഇതാവര്‍ത്തിച്ചു. തീവ്രചിന്താഗതിക്കാരായ മുസ്‌ലിംകളും അല്ലാത്ത മുസ്‌ലിംകളും തമ്മിലുള്ള ഇസ്‌ലാമോഫോബിക് ദ്വന്ദം സൃഷ്ടിക്കാന്‍ ഇതുപയോഗിക്കാമെന്ന് കരുതിയിരിക്കണം. എന്നാല്‍, ഈ വിശകലനം വസ്തുതാവിരുദ്ധമായിരുന്നു.
മന്ത്രി കുഞ്ഞാലിക്കുട്ടി നിലവിളക്കു കൊളുത്താത്തതില്‍ പ്രതികരിച്ചവര്‍ അദ്ദേഹത്തെ രാജ്യദ്രോഹിയാക്കി ചിത്രീകരിച്ചതിനെതിരേ അല്‍ ഇര്‍ഫാദ് മാസിക അക്കാലത്തുതന്നെ ശക്തമായ വിമര്‍ശനമഴിച്ചുവിട്ടിരുന്നു. ഈ വിഷയത്തില്‍ അവര്‍ നിരവധി മതപണ്ഡിതന്മാരുടെ അഭിപ്രായവും തേടി. മിക്കവാറും പേര്‍ നിലവിളക്ക് കൊളുത്തുന്നതിന് എതിരായിരുന്നു. (1993, ജൂലൈ, ആഗസ്ത്, അല്‍ ഇര്‍ഫാദ്). കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരുടെ സഹോദരന്‍ കാന്തപുരം മുഹമ്മദ് മുസ്‌ലിയാരുടെ പ്രതികരണമായിരുന്നു അതിലൊന്ന്. അദ്ദേഹവും നിലവിളക്ക് കൊളുത്താതിരുന്നതിനെ ശരിവച്ചു. നിലവിളക്ക് കൊളുത്തുന്നത് അനിസ്‌ലാമികമാണെന്നായിരുന്നു പറഞ്ഞ കാരണം.
ഇസ്‌ലാമിക വിശ്വാസപ്രമാണങ്ങള്‍ക്ക് നിരക്കാത്ത ആചാരങ്ങള്‍ പൊതുപ്രവര്‍ത്തനത്തിന്റെയും മതേതര സങ്കല്‍പങ്ങളുടേയും മറപിടിച്ച് നിസാരവത്കരിക്കാനുള്ള ശ്രമങ്ങള്‍ അത്യന്തം ഗുരുതരമായ പ്രവണതയാണന്ന് സുന്നീ യുവജന സംഘം സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍, സമസ്ത എംപ്ലോയീസ് അസോസിയേഷന്‍ ജന.സെക്രട്ടറി മുസ്തഫ മുണ്ടുപാറ, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജന.സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി എന്നിവരും ഇതേകാലത്ത് അഭിപ്രായപ്പെട്ടിരുന്നു. നിലവിളക്ക് കത്തിക്കുന്നതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ പുതിയതല്ല. കേരളത്തിലെ മുസ്‌ലിം സാമുദായിക നേതാക്കള്‍ ഉള്‍പ്പടെ എല്ലാവരും അതിനെ വിശ്വാസത്തിന് വിരുദ്ധമായി കണ്ടവരാണ്. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും, സി.എച്ച് മുഹമ്മദ് കോയാസാഹിബുമെല്ലാം ഭരണരംഗത്തും രാഷ്ടീയ രംഗത്തും തങ്ങളുടെ വിശ്വാസത്തിന് നിരക്കാത്ത ഇത്തരം കാര്യങ്ങള്‍ ചെയ്യുകയോ അതിനെ അംഗീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് സുന്നീ നേതാക്കള്‍ വാദിച്ചു (നിലവിളക്ക്; നിസാരവത്കരിക്കാനുള്ള പ്രവണത ശരിയല്ല- സുന്നീ നേതാക്കള്‍, എസ്.കെ.എസ്.എസ്.എഫ്, ജൂലൈ 8, 2015).
ഇടതുപക്ഷ പ്രവര്‍ത്തകര്‍ നിലവിളക്കും കറുത്ത തുണിയുമായി അബ്ദുറബ്ബിന്റെ പരിപാടിയിലേക്ക് മാര്‍ച്ച് ചെയ്തതിനെക്കുറിച്ചുള്ള മനോഭാവം ഇസ്‌ലാമോഫോബിക്കാണെന്ന് വിസ്ഡം ഡയലോഗ് 2024 ആഗസ്റ്റ് 18ന് നടത്തിയ 'കേരള മുസ്‌ലിം: കളവിന്റെ കണക്കെടുപ്പ്', എന്ന പരിപാടിയിലും പ്രാസംഗികര്‍ വിമര്‍ശിച്ചിരുന്നു. ഇത് പിന്നീട് 'നിലവിളക്കേന്തിയ സെക്കുലര്‍ ഫാസിസം', എന്ന ശീര്‍ഷകത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടു (അണ്‍മാസ്‌കിങ് അനോമലിസ്, ആഗസ്റ്റ് 20, 2024) നിലവിളക്കു കൊളുത്തുന്നതിനെ മതപരമായാണ് അവരും വിശദീകരിച്ചത്.
ലീഗ് നേതാവ് എം.കെ മുനീര്‍ 2018ല്‍ വിളക്കുകൊളുത്തി കോഴിക്കോട് നടന്ന ശിവസേനയുടെ ഗണേശോത്സവം ഉദ്ഘാടനം ചെയ്തിരുന്നു. തന്റെ മണ്ഡലത്തിലെ വോട്ടര്‍മാരുടെ പരിപാടി ആയതുകൊണ്ട് പങ്കെടുത്തെന്നായിരുന്നു വിശദീകരണം. തീവ്ര ഹിന്ദുത്വ നിലപാടുള്ള സംഘടനകളുടെ പരിപാടികളില്‍ പങ്കെടുക്കരുതെന്നാണ് ലീഗിന്റെ നിലപാടെന്ന് പിന്നീട് പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, മുനീറിനെ തിരുത്തി. സാമൂഹികമാധ്യമങ്ങളിലും അദ്ദേഹത്തിനെതിരേ കടുത്ത വിമര്‍ശനമുയര്‍ന്നു. (മീഡിയവണ്‍, ഏപ്രില്‍ 21, 2018) സി.എച്ച് മുഹമ്മദ് കോയയുടെ മകന്‍ ഫാഷിസ്റ്റുകള്‍ക്ക് മാന്യതയുണ്ടാക്കുന്നുവെന്നാണ് വിമര്‍ശകര്‍ ഉന്നയിച്ചത്. വിവാദമായപ്പോള്‍ മുനീര്‍ പാര്‍ട്ടിക്ക് വിശദീകരണം കൊടുത്തുവെന്ന് വാര്‍ത്തയുണ്ടായിരുന്നു. (സെപ്തംബര്‍ 16, 2016, മാധ്യമം).
എം.ജി സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയറിന്റെ ഉദ്ഘാടന വേദിയില്‍വച്ച് മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. ഡി. ബാബു പോള്‍ പി.കെ കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യത്തില്‍ നിലവിളക്ക് കൊളുത്താതിരുന്നതിനെപ്പറ്റി സംസാരിച്ചിരുന്നു. സി.എച്ച് വിളക്കുകൊളുത്തുമായിരുന്നുവെന്നായിരുന്നു അദ്ദേഹം പ്രസംഗിച്ചത്. സി.എച്ചിന് എന്തുമാകാമെന്നായിരുന്നു കുഞ്ഞാലിക്കുട്ടി മറുപടി പറഞ്ഞതെന്ന് ബാബു പോള്‍ ഓര്‍ത്തെടുത്തു (നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യാന്‍ മടിച്ച കുഞ്ഞാലിക്കുട്ടിയോട് സി.എച്ച് നിലവിളക്ക് കൊളുത്തുമായിരുന്നുവെന്ന് ബാബുപോള്‍, ഇ-വാര്‍ത്ത, ഡിസംബര്‍ 10, 2015)
മുസ്‌ലിംകള്‍ക്കെതിരേ വ്യാജപ്രചാരണങ്ങള്‍:
നിലവിളക്ക് വിഷയത്തില്‍ മുസ്‌ലിംകള്‍ക്കെതിരേ വ്യാജപ്രചാരണങ്ങളും നടന്നിട്ടുണ്ട്. 2021ലായിരുന്നു അവയിലൊന്ന്. 2020 ജൂണില്‍ ഫേസ്ബുക്കിലൂടെ ലീഗിനെതിരേ വ്യാജപ്രചാരണം നടന്നു. ലീഗ് നേതാക്കള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ വിജയം ആഘോഷിക്കാന്‍ പിണറായി വിജയന്റെ ചിത്രം വച്ച് വിളക്കുകൊളുത്തിയെന്നായിരുന്നു ആരോപിച്ചത്. ഇതേകുറിച്ച് ഇന്ത്യാ ടുഡെ അന്വേഷണം നടത്തി.
2019 ആഗസ്റ്റ് 9ന് മലപ്പുറത്തെ ശരത്ത് എന്നയാള്‍ക്ക് ലീഗ് ഒരു വീട് വച്ചുകൊടുത്തിരുന്നു. വിളക്കുകൊളുത്തി ഗൃഹപ്രവേശം നടത്തണമെന്നായിരുന്നു രതീഷിന്റെ ആഗ്രഹം. അദ്ദേഹമത് ലീഗ് നേതാക്കളോടും പങ്കുവച്ചു. അവര്‍ക്കും സമ്മതമായിരുന്നു. മരിച്ചുപോയ തന്റെ മാതാവ്, ഭാര്യ, മകന്‍ എന്നിവരുടെ ഫോട്ടോക്കരുകില്‍ അദ്ദേഹം പൂക്കള്‍ വിതറി. നിലവിളക്കും കത്തിച്ചുവച്ചു. ലീഗ് നേതാക്കള്‍ ചുറ്റും കൂടിനില്‍ക്കുമ്പോഴാണ് ഇതൊക്കെ നടക്കുന്നത്. ഇതിന്റെ ചിത്രമുപയോഗിച്ചാണ് ലീഗ് നേതാക്കള്‍ നിലവിളക്കു കൊളുത്തിയെന്ന് ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചത് (ഇന്ത്യാ ടുഡെ, മെയ് 21, 2021). ഇന്ത്യാ ടുഡെയുടെ തെരച്ചിലില്‍ ആരോപണം തെറ്റാണെന്ന് തെളിഞ്ഞു.
നിലവിളക്കും ഇസ്‌ലാമോഫോബിയയും:
1968 മുതല്‍ 2024വരെയുള്ള നീണ്ട കാലയളവില്‍ നിലവിളക്ക് കത്തിക്കുന്നതിനോടുള്ള വിസമ്മതം പല നിലകളിലാണ് കേരളത്തില്‍ ചര്‍ച്ച ചെയ്തത്. നിലവിളക്ക് കത്തിക്കുന്നതിനെ അനുകൂലിക്കുകയും വിയോജിക്കുകയും ചെയ്ത മുസ്‌ലിം നേതാക്കളുണ്ട്. ഒരിക്കല്‍ അനുകൂലിക്കുകയും വിയോജിക്കുകയുംചെയ്ത സി.എച്ചിനെപ്പോലുള്ള മുസ്‌ലിം നേതാക്കളുമുണ്ട്. പക്ഷേ, അനുകൂലിക്കുന്നവരെ മതസഹിഷ്ണുതയുള്ളവരായും വിസമ്മതിക്കുന്നവരെ തീവ്രചിന്താഗതിക്കാരായും ചിത്രീകരിക്കുന്ന പ്രവണതയാണ് പൊതുസമൂഹത്തില്‍നിന്നുണ്ടായത്. വിസമ്മതത്തിനുള്ള ഏകകാരണമായി വിശ്വാസത്തെ അവര്‍ എടുത്തുകാട്ടി. പെട്രോഡോളര്‍ സ്വാധീനം, ഇസ്‌ലാമിക തീവ്രവാദം, രാജ്യദ്രോഹം, മതതീവ്രത, മൗലികവാദം തുടങ്ങി വിവിധ ഫ്രയിമുകളിലായിരുന്നു ചര്‍ച്ച പുരോഗമിച്ചത്. സലഫി/സുന്നി ദ്വന്ദം അതിന്റെ ഭാഗമായിരുന്നു. കെ.ടി കുഞ്ഞിക്കണ്ണനെയും ശരീഫിനെയും പോലുള്ളവരുടെ നിലപാടുകളില്‍ അത് നാം കണ്ടു. കോണ്‍ഗ്രസ് നേതാവ് എന്‍.ഐ ദേവസ്സിക്കുട്ടി ഭാരതീയതക്കെതിരായ നീക്കമായാണല്ലോ സി.എച്ചിന്റെ വിസമ്മതത്തെ കണക്കാക്കിയത്.
എന്നാല്‍, നിലവിളക്ക് കത്തിക്കുന്നതിനോടുള്ള വിസമ്മതം ഭരണകൂടവുമായി ബന്ധപ്പെടുത്തി മനസ്സിലാക്കുന്നവരുമുണ്ട്. ഇ.എം.എസ്, സി. അച്യുതമേനോന്‍ എന്നിവര്‍ ഈ ചിന്താഗതിക്കാരാണ്. ഭരണകൂടം മതപരമായ ചടങ്ങുകള്‍ സംഘടിപ്പിക്കരുതെന്ന് ഇ.എം.എസ്സും അച്യുതമേനോനും ആവശ്യപ്പെട്ടു. ഭൂരിപക്ഷ മതത്തിന്റെ സ്വഭാവങ്ങള്‍ ചടങ്ങുകളില്‍ കടന്നുവരുന്നത് മതനിരപേക്ഷതയ്ക്ക് എതിരാണെന്ന് ഇരുവരും കരുതി. 1968ല്‍ സി.എച്ചിനെയും (നിയമസഭാ ചര്‍ച്ച) 1993ല്‍ കുഞ്ഞാലിക്കുട്ടിയെയും ഇ.എം.എസ്സ് പിന്തുണച്ചതും 1993ല്‍ കുഞ്ഞാലിക്കുട്ടിയെ സി. അച്യുതമേനോന്‍ പിന്തുണച്ചതും ഈ നിലപാടിന്റെ വെളിച്ചത്തിലാണ്. മറ്റൊരാള്‍ കെ.ഇ.എന്നാണ്. കെ.ഇ.എന്റെ നിലപാടില്‍ കുറച്ചുകൂടി സവിശേഷത കാണാം. സവര്‍ണപ്രത്യയശാസ്ത്രത്തോടുള്ള ശക്തമായ വിയോജിപ്പായികൂടിയാണ് അദ്ദേഹം വിസമ്മതത്തെ കണക്കാക്കുന്നത്.
ഇതേ പ്രശ്നം മുസ്‌ലിംപക്ഷത്തുനിന്ന് പരിശോധിക്കുകയാണെങ്കിലും വ്യത്യസ്ത വീക്ഷണങ്ങള്‍ പ്രകടമാണ്. വിളക്ക് കത്തിക്കുന്നതിനോട് വിയോജിച്ചവരെപ്പോലത്തന്നെ അനുകൂലിച്ചവരും ലീഗിനെപ്പോലുള്ള പാര്‍ട്ടികളിലുണ്ടല്ലോ. വിയോജിച്ചവരില്‍ത്തന്നെ ചിലര്‍ വിളക്ക് കത്തിക്കുന്നതിനെ മതപരമായി വായിക്കുകയും വിയോജിക്കുകയും ചെയ്തു. ചിലരാകട്ടെ വിളക്കിനെ മതസഹിഷ്ണുതയുടെ ഫ്രയിമിനകത്താണ് മനസ്സിലാക്കിയത്. അതും മതപരമായ ഒരു കാഴ്ചപ്പാടാണ്. ഇതേ വീക്ഷണ വ്യത്യാസം മതേതരിലും കാണാന്‍ കഴിയും. ബഹുസ്വരമായ ഒരു സമൂഹത്തില്‍ മതസഹിഷ്ണുതക്ക് അതീവ പ്രാധാന്യമുണ്ടെന്ന് നിലവിളക്ക് കത്തിക്കാതിരുന്ന സി.എച്ചിനോട് യോജിച്ചുകൊണ്ടുതന്നെ അച്യുതമേനോന്‍ എഴുതി. സര്‍ക്കാര്‍ പരിപാടികളില്‍നിന്ന് നിലവിളിക്കിനെ ഒഴിവാക്കാനും മറ്റിതര പരിപാടികളില്‍ സംഘാടകരുടെ ഔചിത്യത്തിന് വിടാനും അദ്ദേഹം ആഹ്വാനം ചെയ്തു.
നിലവിളക്ക് പോലുള്ള ഒരു പ്രശ്നത്തോട് മതപരമായും അല്ലാതെയും വിയോജിക്കാന്‍ ഒരു മുസ്‌ലിമിന് അവകാശമുണ്ട്. എന്നാല്‍, ഇസ്‌ലാമോഫോബിക് പൊതുബോധം മുസ്‌ലിംകളില്‍നിന്ന് ഈ അവകാശത്തെ എടുത്തുമാറ്റുന്നു. നിലവിളക്ക് കത്തിക്കാനുള്ള അവകാശം മാത്രമല്ല, അതിനുള്ള കാരണം തെരഞ്ഞെടുക്കാനും ഒരു മുസ്‌ലിമിന് അവകാശമുണ്ടാവേണ്ടത് പ്രധാനമാണ്. മുസ്‌ലിംകള്‍ക്കിടയില്‍ ഇവ്വിഷയകമായി ചര്‍ച്ച നടക്കുമ്പോള്‍ അതില്‍ പക്ഷംചേര്‍ന്നു ഒരു വിഭാഗം നല്ല മുസ്‌ലിംകളെന്നും മറുവിഭാഗം ചീത്ത മുസ്‌ലിംകളെന്നും വാദിച്ചതാണ് 2015 ലെ വിവാദത്തിന് ശേഷം കണ്ടത്. ഒരു പ്രത്യേക പ്രവര്‍ത്തിയുടെ കാരണം ചോദ്യം ചെയ്യുന്നതും സ്വയംനിര്‍ണയാവകാശത്തിന്റെ ഭാഗമായി വേണം മനസ്സിലാക്കാന്‍. അതിനെ തടയുന്നതും ഇസ്‌ലാമോഫോബിയയാണ്. കമ്യൂണിസ്റ്റുകളും യുക്തിവാദികളും വിശ്വാസപരമായ, അല്ലെങ്കില്‍ പ്രത്യയശാസ്ത്രപരമായ വിയോജിപ്പിന്റെ ഭാഗമായി തന്നെയാണ് നിലവിളക്ക് കൊളുത്താതിരിക്കുന്നത്. പൊതുസമൂഹം അത് അങ്ങനെത്തന്നെയാണ് മനസ്സിലാക്കുന്നതും. പക്ഷേ, കമ്യൂണിസ്റ്റുകള്‍ക്ക് നല്‍കുന്ന ഈ അവകാശം മുസ്‌ലിംകള്‍ക്ക് നിഷേധിക്കപ്പെടുന്നുവെന്നതു ശരിയല്ല.
വ്യക്തികള്‍ക്കു തന്നെ ഒരു പ്രശ്നത്തെ ചിലപ്പോള്‍ മതപരമായും മറ്റു ചിലപ്പോള്‍ അല്ലാതെയും മനസ്സിലാക്കാനും അവകാശമുണ്ട്. അതായത് ഒരിക്കല്‍ മത വിശ്വാസത്തിന്റെ ഫ്രയിമിനകത്ത് ഒരു പ്രശ്നത്തെ മനസ്സിലാക്കാനും മറ്റു ചിലപ്പോള്‍ മതേതര സഹിഷ്ണുതയുടെ ഫ്രയിമിനകത്ത് അതേ പ്രശ്നത്തെ മനസ്സിലാക്കാനും ഏതൊരു മുസ്‌ലിമിനും മറ്റുള്ളവരെപോലെ അവകാശമുണ്ടാവുക പ്രധാനമാണ്. ഈ അവകാശത്തെ ഹനിക്കുന്നതും ഇസ്‌ലാമോഫോബിയയുടെ ഭാഗം തന്നെ.
(റിസര്‍ച്ച് കലക്റ്റീവ്: കെ.കെ നൗഫല്‍, മൃദുല ഭവാനി, മുഹമ്മദ് നിയാസ്, റെന്‍സന്‍ വി.എം, മുഹമ്മദ് മുസ്തഫ, നിഹാല്‍ എ.)
(വിവരങ്ങള്‍ക്ക് കടപ്പാട്: പി.എ റഷീദ്, പി.എം.എ ഹാരിസ്)