ട്രാന്‍സ്ഹ്യൂമനിസവും ഭാവി ലോകവും

ഭാവി ലോകത്തെ നിയന്ത്രിക്കാന്‍ പോകുന്നത് ട്രാന്‍സ്ഹ്യൂമനിസത്തിന്റെ ഉപശാഖാ സാങ്കേതിക വിദ്യകളായിരിക്കും. മനുഷ്യന്റെ മാനുഷികവും ശാരീരികവുമായ പരിമിതികള്‍ മറികടക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

Update: 2024-07-31 12:30 GMT
Advertising

ശാസ്ത്രവും സാങ്കേതികവിദ്യയും ഭാവിയില്‍ മനുഷ്യരാശിയെ വളരെയധികം മാറ്റുമെന്നതില്‍ യാതൊരു സംശയവുമില്ല. മനുഷ്യര്‍ക്ക് ഇതിനകം തന്നെ സ്മാര്‍ട്ട് ടെക്‌നോളജിയുമായി വലിയ രീതിയിലുള്ള ബന്ധമാണുള്ളത്. അതില്‍ എടുത്തു പറയേണ്ട ഒന്നാണ് ട്രാന്‍സ്ഹ്യൂമനിസം.

എന്താണ് ട്രാന്‍സ്ഹ്യൂമനിസം?

മനുഷ്യനും ടെക്‌നോളജിയും തമ്മിലുള്ള ഒരു ഫിലോസഫിക്കല്‍ മൂവ്‌മെന്റ് ആയാണ് ട്രാന്‍സ്ഹ്യൂമനിസം വളര്‍ന്നു വരുന്നത്. വിവിധ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് മനുഷ്യരുടെ ആരോഗ്യം മെച്ചപ്പെടുത്തുക, കഴിവുകള്‍ വര്‍ധിപ്പിക്കുക തുടങ്ങി രോഗമില്ലാത്ത, വൈകല്യങ്ങളില്ലാത്ത, വാര്‍ധക്യമില്ലാത്ത, മരണമില്ലാത്ത മനുഷ്യരുടെ ലോകം എന്ന് ട്രാന്‍സ്ഹ്യൂമനിസം കൊണ്ട് അര്‍ഥമാകുന്നു. മനുഷ്യന്റെ മാനുഷികവും ശാരീരികവുമായ പരിമിതികള്‍ മറികടക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

ട്രാന്‍സ്ഹ്യൂമനിസത്തിന്റെ ഉത്ഭവം

1957 ല്‍ ഇംഗ്ലീഷ് ജീവശാസ്ത്രജ്ഞനായ ജൂലിയന്‍ ഹക്സ്ലിയാണ് തന്റെ ലേഖനത്തിലൂടെ 'ട്രാന്‍സ്ഹ്യൂമനിസം' എന്ന പദം ആദ്യമായി കൊണ്ടുവരുന്നത്. അതിന് ശേഷം ട്രാന്‍സ്ഹ്യൂമനിസത്തിന്റെ സ്ഥാപകനായി അദ്ദേഹത്തെ കണക്കാക്കപ്പെടുന്നു. എന്നാല്‍, 1923-ല്‍ ജെ.ബി.എസ് ഹാല്‍ഡേന്‍ എന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞനാണ് തന്റെ ഡീഡലസ്: സയന്‍സ് ആന്‍ഡ് ദി ഫ്യൂച്ചര്‍ എന്ന ലേഖനത്തിലൂടെ ട്രാന്‍സ്ഹ്യൂമനിസത്തിന്റെ അടിസ്ഥാനപരമായ ആശയങ്ങള്‍ ആദ്യമായി മുന്നോട്ടുവെക്കുന്നത്. സാങ്കേതിക വിദ്യകളുടെ പ്രയോഗത്തില്‍ നിന്ന് മനുഷ്യജീവ ശാസ്ത്രത്തിന് വലിയ രീതിയിലുള്ള മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞുവെച്ചു.

ട്രാന്‍സ്ഹ്യൂമനിസത്തിന്റെ പ്രധാന ഉദാഹരണങ്ങള്‍

നാനോടെക്‌നോളജി, ബയോടെക്‌നോളജി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ക്രയോജനിക് ഫ്രീസിങ്, ജനിതക എഞ്ചിനീയറിംഗ്, സൂപ്പര്‍ ഇന്റലിജന്‍സ്, മൈന്‍ഡ് അപ്‌ലോഡിംങ് എന്നിങ്ങനെയുള്ള സാങ്കേതികവിദ്യകള്‍ ട്രാന്‍സ് ഹ്യൂമനിസത്തിന്റെ ഉദാഹരണങ്ങളാണ്.

നാനോടെക്‌നോളജി

ദ്രവ്യത്തെ അതിന്റെ പരമാണുതലത്തില്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന സാങ്കേതിക വിദ്യയാണ് നാനോടെക്‌നോളജി. നമ്മുടെ കണ്ണുകള്‍ കൊണ്ടുപോലും കാണാന്‍ കഴിയാത്ത വസ്തുക്കള്‍ ഉപയോഗിച്ച് നമുക്ക് ഉപയോഗപ്രദമായ കാര്യങ്ങള്‍ ചെയ്യാന്‍ സഹായിക്കുന്ന ടെക്‌നോളജിയാണിത്. കാന്‍സര്‍ രോഗികളുടെ ശരീരത്തില്‍ നാനോ സെന്‍സര്‍സ് കടത്തി വിട്ട് കാന്‍സര്‍ സെല്‍സ് നശിപ്പിക്കാന്‍ കഴിയുമെന്നാണ് പറയപ്പെടുന്നത്. ഇങ്ങനെ നാനോ സ്‌കെയിലില്‍ ദ്രവ്യം കൈകാര്യം ചെയ്ത് ഉപകരണത്തെയോ ഉല്‍പന്നത്തെയോ നിര്‍മിക്കുന്നതാണ് നാനോടെക്‌നോളജി കൊണ്ട് അര്‍ഥമാകുന്നത്. 

ബയോടെക്‌നോളജി

മനുഷ്യരുടെയും മൃഗങ്ങളുടെയും ജീവിതം മെച്ചപ്പെടുത്താന്‍ പുതിയ ഉല്‍പ്പന്നങ്ങളും രീതികളും ജീവജാലങ്ങളും വികസിപ്പിക്കുന്നതിനുള്ള ബയോളജിയുടെ ഉപയോഗമാണ് ബയോടെക്‌നോളജി. ഏറ്റവും ലളിതമായി പറഞ്ഞാല്‍ ബയോടെക്‌നോളജി എന്നത് ജീവശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള സാങ്കേതികവിദ്യയാണ്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്

ഇതിനകം തന്നെ നമ്മുടെ ദൈനംദിന ജീവിതത്തില്‍ വലിയ പങ്ക് വഹിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഭാവിയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മനുഷ്യ മനസ്സിനെപ്പോലെ ബുദ്ധിപരമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ഒരു സോഫ്റ്റ് വെയറിനെയോ റോബോട്ടിനെയോ പ്രോഗ്രാം ചെയ്ത് പ്രവര്‍ത്തിപ്പിക്കുന്നതിനെയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI)എന്ന് പറയുന്നത്.

മൈന്‍ഡ് അപ്‌ലോഡിങ്

ട്രാന്‍സ്ഹ്യൂമനിസത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് മൈന്‍ഡ് അപ്‌ലോഡിങ്. മനുഷ്യന്റെ തലച്ചോറിനെ സ്‌കാന്‍ ചെയ്ത് അതിലെ വിവരങ്ങള്‍ ഒരു ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലേക്ക് അപ്‌ലോഡ് ചെയ്യുക എന്നതാണ് മൈന്‍ഡ് അപേ്‌ലോഡിങ് കൊണ്ട് ഉദ്ദേശിക്കുന്നത്. ഓര്‍മകള്‍ ബാക്കപ്പ് ചെയ്യാനും ചിന്താ പ്രക്രിയകളെ കൃത്രിമമായി പുനര്‍നിര്‍മിക്കാനും ഈ അപ്ലിക്കേഷന്‍ കൊണ്ട് സാധിക്കുമെന്നാണ് ശാസ്ത്രലോകം പറയുന്നത്.

ജനിതക എഞ്ചിനീയറിങ്

സാങ്കേതിക വിദ്യ ഉപയോഗിച്ച് ഒരു ജീവിയുടെ ഡി.എന്‍.എ ഘടനയില്‍ മാറ്റം വരുത്തുന്നതാണ് ജനിതക എഞ്ചിനീയറിംങ്. പ്രത്യേക രീതിയിലൂടെ ജീവികളില്‍ ജീനുകളുടെ സ്ഥാനം മാറ്റുകയും ഒരു ജീവിയില്‍ നിന്ന് മറ്റൊരു ജീവിയിലേക്ക് ജീന്‍ മാറ്റുകയോ ചെയുന്ന പ്രവര്‍ത്തനത്തെ ഇത് ഉദ്ദേശിക്കുന്നു.

ക്രയോജനിക് ഫ്രീസിങ്

മരണ ശേഷവും മനുഷ്യന്റെ ശരീരത്തെ ഒരു പ്രത്യേക രീതിയില്‍ ഫ്രീസ് ചെയ്ത് സൂക്ഷിച്ചു മനുഷ്യനെ പുനര്‍ജീവിപ്പിക്കാന്‍ കഴിയുമെന്ന ശാസ്ത്ര ലോകത്തെ പരീക്ഷണമാണ് ക്രായോജനിക് ഫ്രീസിങ്.

ട്രാന്‍സ്ഹ്യൂമനിസം എന്നത് ശാസ്ത്ര ലോകത്തെ ആളുകള്‍ മാത്രം ചിന്തിക്കുന്ന കാര്യമല്ല. ഗൂഗിള്‍ സഹസ്ഥാപകന്‍ ലാറി പേജ്, ആമസോണ്‍ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ജെഫ് ബെസോസ്, ടെസ്‌ലയുടെ സി.ഇ.ഒ എലോണ്‍ മസ്‌ക് എന്നിവരുള്‍പ്പെടെയുള്ള സംരംഭകരില്‍ നിന്നും ട്രാന്‍സ്ഹ്യൂമനിസം കൂടുതല്‍ പിന്തുണ കണ്ടെത്തുന്നു. 2016 ല്‍ എലോണ്‍ മസ്‌ക് സ്ഥാപിച്ച ന്യൂറലിങ്ക് (Neuralink) എന്ന കമ്പനി, മനുഷ്യരുടെ തലച്ചോറിനും കംപ്യൂട്ടറിനുമിടയില്‍ നേരിട്ടുള്ള ആശയവിനിമയ വഴികള്‍ സൃഷ്ടിക്കുന്ന ബ്രെയിന്‍ കമ്പ്യൂട്ടര്‍ ഇന്റര്‍ഫേസുകള്‍ നിര്‍മിക്കുന്നു. വാര്‍ധക്യത്തെയും ആയുസ്സിനെയും നിയന്ത്രിക്കുന്നവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനിയായ കാലിക്കോ ലാബ്‌സ് (Calico Labs) ആരംഭിച്ചത് ഗൂഗിള്‍ സഹസ്ഥാപകന്‍ ലാറി പേജ് ആണ്. ഇങ്ങനെ തുടങ്ങി ലോകത്തെ അതിസമ്പന്നരായ സംരംഭകരുടെ പിന്‍ബലവും ട്രാന്‍സ് ഹ്യുമാനിസത്തിന്റെ പിന്നിലുണ്ട്.


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - സിയാന അലി

Media Person

Similar News