ന്യൂനപക്ഷള്‍ക്കെതിരായ ആക്രമണങ്ങളും യു.എസ് റിലീജിയസ് ഫ്രീഡം റിപ്പോര്‍ട്ടും

പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂണില്‍ അമേരിക്ക സന്ദര്‍ശിക്കാന്‍ ഇരിക്കെയാണ് ഇന്ത്യക്കെതിരെ യു.എസ് വിദേശകാര്യ വകുപ്പിന്റെ റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഇന്ത്യയില്‍ ആസൂത്രിത ആക്രമണം നടക്കുന്നുവെന്നും ന്യൂനപക്ഷ വിരുദ്ധ കലാപങ്ങള്‍ക്ക് ഇന്ത്യയിലെ ഭണകൂടത്തിന്റെയും നിയമ സംവിധാനങ്ങളുടെയും മുഴുവന്‍ ഒത്താശയും ലഭിക്കുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

Update: 2023-05-19 14:16 GMT

യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് - വിദേശ കാര്യവകുപ്പ് എല്ലാ വര്‍ഷവും യു.എസ് റിലീജിയസ് ഫ്രീഡം റിപ്പോര്‍ട്ട് (അന്താരാഷ്ട്ര മതസ്വാതന്ത്ര്യ റിപ്പോര്‍ട്ട്) പുറത്തിറക്കാറുണ്ട്. ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍, വിവിധ പ്രദേശങ്ങളില്‍ മനുഷ്യര്‍ മതത്തിന്റെ പേരില്‍ അനുഭവിക്കുന്ന വിവേചനം, പീഡനം, വംശഹത്യ, ആക്രമണങ്ങള്‍ തുടങ്ങിയവയെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച് പുറത്തിറക്കുന്ന റിപ്പോര്‍ട്ടാണ് യു.എസ് റിലീജിയസ് ഫ്രീഡം റിപ്പോര്‍ട്ട്.

ഇന്ത്യയില്‍ മത ന്യൂനപക്ഷങ്ങള്‍ക്കുനേരെ നടക്കുന്ന ആക്രമണങ്ങലിലും വംശഹത്യ ഭീഷണിയിലും ആശങ്ക രേഖപ്പെടുത്തിക്കൊണ്ടാണ് ഇത്തവണ റിപ്പര്‍ട്ട് പുറത്തു വന്നിരിക്കുന്നത്. ഇന്ത്യയില്‍ നടക്കുന്ന ന്യൂനപക്ഷ വേട്ട അമേരിക്കയുടെ യു.എസ് റിലീജിയസ് ഫ്രീഡം റിപ്പോര്‍ട്ടില്‍ നേരത്തേയും പലതവണ ഇടം പിടിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നിരന്തരമായി നടക്കുന്ന ആക്രമണങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ചുകൊണ്ടാണ് ഇത്തവണയും റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്. 2022 നടന്ന പ്രധാനപ്പെട്ട സംഭവങ്ങളെ എടുത്തു പറഞ്ഞുകൊണ്ടുള്ളതാണ് ഈ റിപ്പോര്‍ട്ട്. ഇന്ത്യയില്‍ മുസ്‌ലിംകളും ക്രൈസ്തവരും നിരന്തരം ആക്രമണത്തിന് ഇരയാകുന്നുവെന്നും ഇത് നിയന്ത്രിക്കാനുള്ള ശക്തമായ നടപടികള്‍ കേന്ദ്രം കൈക്കൊള്ളണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.

ഇത് പ്രസിദ്ധീകരിക്കുന്ന സമയത്ത് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇന്ത്യ, ചൈന, റഷ്യ ഉള്‍പ്പടെയുള്ള വിവിധ രാജ്യങ്ങളില്‍ നടക്കുന്ന ന്യൂനപക്ഷങ്ങളും വ്യസ്ത്യസ്ത മത വിഭാഗങ്ങളും നേരിടുന്ന പീഡനങ്ങളുമാണ് എടുത്തു പറഞ്ഞത്. അമേരിക്കയെ സംബന്ധിച്ച് മറ്റുരാജ്യങ്ങളുമായുള്ള രഷ്ട്രീയ നയതന്ത്രപരമായ ബന്ധങ്ങളെ സ്വാധീനിക്കാന്‍ സാധ്യതയുള്ള റിപ്പര്‍ട്ടാണ് ഇത്. ലോകത്ത് മറ്റു രാജ്യങ്ങള്‍ മറ്റു മതങ്ങളോടും വിഭാഗങ്ങളോടും, പ്രത്യേകിച്ച് ന്യൂനപക്ഷ വിഭാഗങ്ങളോടുമുള്ള സ്വീകരിക്കുന്ന നിലപാടാണ് ഈ റിപ്പോര്‍ട്ട്.


പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂണില്‍ അമേരിക്ക സന്ദര്‍ശിക്കാന്‍ ഇരിക്കെയാണ് ഇന്ത്യക്കെതിരെ യു.എസ് വിദേശകാര്യ വകുപ്പിന്റെ റിപ്പോര്‍ട്ട്. ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഇന്ത്യയില്‍ ആസൂത്രിത ആക്രമണം നടക്കുന്നുവെന്നും ന്യൂനപക്ഷ വിരുദ്ധ കലാപങ്ങള്‍ക്ക് ഇന്ത്യയിലെ ഭണകൂടത്തിന്റെയും നിയമ സംവിധാനങ്ങളുടെയും മുഴുവന്‍ ഒത്താശയും ലഭിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. കലാപങ്ങളോടൊപ്പം തന്നെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടത്തുന്ന ബുള്‍ഡോസര്‍ രാജിനെ പരാമര്‍ശിച്ചുകൊണ്ട് ആളുകളുടെ കിടപ്പാടങ്ങള്‍ തകര്‍ക്കുന്ന രീതിയിലേക്ക് നിയമ സംവിധാനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും മാറുന്നു എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നു എന്ന് ആരോപിച്ച് അസമിലെ മദ്രസകള്‍ തകര്‍ക്കത്ത സംഭവത്തെയും കര്‍ണാടകയിലെ സ്‌കൂളുകളില്‍ കൊണ്ടുവന്ന ഹിജാബ് വിലക്കും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.


മതം മാറ്റം ആരോപിച്ച് ക്രിസ്ത്യന്‍ സംഘടനകളെ ഇന്ത്യയില്‍ വേട്ടയാടുന്നു എന്നതാണ് ഇതില്‍ എടുത്തു പറയുന്ന മറ്റൊരു പ്രധാനപ്പെട്ട കാര്യം. അത്തരം സംഭവങ്ങള്‍ കര്‍ണാടകയിലും മധ്യപ്രദേശിലും, ഉത്തര്‍പ്രദേശില്‍ നിന്നുമെല്ലാം ധാരാളമായി നാം കണ്ടുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം മാത്രം ക്രൈസ്തവര്‍ക്കുനേരെ 511 ആക്രമണ സംഭവങ്ങള്‍ ഇന്ത്യയില്‍ നടന്നു എന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ആരാധനാലയങ്ങള്‍ തകര്‍ക്കുന്ന അവസ്ഥയിലേക്ക് ഈ ആക്രമണങ്ങള്‍ എത്തുന്നു എന്നത് ആഗോളപരമായി ഗൗരവമുള്ള കാര്യമായാണ് ഈ റിപ്പോര്‍ട്ടില്‍ പറയുന്നത്. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ വക്താവ് എന്ന നിലയില്‍ ബി.ജെ.പി നേതാവ് നുപൂര്‍ ശര്‍മയുടെയും നവീന്‍ ജിന്‍ഡാലിന്റെയും പ്രവാചക നിന്ദ സംബന്ധിച്ച പ്രസ്താവനയും തുടര്‍ന്ന് അന്താരാഷ്ട്ര തലത്തിലുണ്ടായ എതിര്‍പ്പും ഗൗരവമുള്ളതാണ് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതോടൊപ്പം തന്നെ ബില്‍ക്കീസ് ബാനുവിനെ ബലാത്സംഗം ചെയ്ത പ്രതികളെ വിട്ടയച്ച നടപടിയും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കേരളത്തില്‍ നിന്നുള്ള രാഷ്ട്രീയ നേതാവ് പി.സി. ജോര്‍ജിന്റെ മുസ്‌ലിം വിരുദ്ധ പ്രസ്താവനയും റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. ഇത്തരം അക്രമങ്ങളെ അപലപിക്കാന്‍ ഇന്ത്യ ഗവണ്‍മെന്റ് തയാറാവണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.

യു.എസ് ഹോളോകോസ്‌റ് മ്യൂസിയത്തിന്റെ മുന്നറിയിപ്പ് ഈ റിപ്പോര്‍ട്ടില്‍ റഫറന്‍സായി പരാമര്‍ശിക്കപ്പെടുന്നുണ്ട്. യു.എസ് ഹോളോകോസ്റ്റ് മ്യൂസിയം ലോകത്തുള്ള വിവിധ സ്ഥലങ്ങളില്‍ വംശഹത്യക്കുള്ള ആഹ്വാനങ്ങളെ പരിശോധിക്കുന്ന സംവിധാനമാണ്. വംശഹത്യാ ഭീഷണി നിലനില്‍ക്കുന്ന 162 രാജ്യങ്ങളില്‍ ഇന്ത്യ എട്ടാം സ്ഥാനത്താണ് എന്ന് യു.എസ് ഹോളോകോസ്‌റ് മ്യൂസിയം റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് ഉത്തരാഖണ്ഡിലും ഉത്തര്‍പ്രദേശിലും ഡല്‍ഹിയിലുമെല്ലാം മുസ്‌ലിം ജന വിഭാഗങ്ങളെ വംശഹത്യ നടത്താന്‍ ആയുധം കയ്യിലെടുക്കാന്‍ ആഹ്വാനം ചെയ്ത നിരവധി ധര്‍മ പരിഷത്തുകള്‍ സംഘടിപ്പിക്കപ്പെടുകയുണ്ടായി. അതുകൊണ്ട് തന്നെ വംശഹത്യ മുനമ്പിലാണ് ഇന്ത്യ എന്ന് അമേരിക്കയുടെ മത സ്വതന്ത്ര റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട് എന്നത് വളരെ പ്രാധാന്യമള്ള കാര്യമാണ്.


എന്നാല്‍, യു.എസ് റിലീജിയസ് ഫ്രീഡം റിപ്പോര്‍ട്ട് ഇന്ത്യ അമേരിക്ക ബന്ധത്തില്‍ വിള്ളലുണ്ടാക്കുകയില്ല എന്നും വിലയിരുത്തപ്പെടുന്നുണ്ട്. കാരണം, കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പുറത്തുവരുന്ന ഇത്തരം റിപ്പോര്‍ട്ടുകള്‍ ഇന്ത്യ അമേരിക്ക നയതന്ത്ര ബന്ധത്തെ സ്വാധീനിച്ചിട്ടില്ല എന്നതാണ്. എന്നാല്‍, പ്രധാനമന്ത്രി അമേരിക്കന്‍ സന്ദര്‍ശനം നടത്താനിരിക്കെ ഈ റിപ്പോര്‍ട്ട് പുറത്തു വന്നത് നരേന്ദ്രമോദിയുടെ പ്രതിഛായക്ക് മങ്ങലേല്‍പ്പിക്കും എന്നത് തീര്‍ച്ചയാണ്. അമേരിക്കന്‍ സിവില്‍ സൊസൈറ്റികളില്‍നിന്നും പൊതുസമൂഹത്തില്‍ നിന്നും മോദിക്ക് ലഭിക്കുന്ന സ്വീകരണത്തില്‍ നിന്നേ ഇതിന്റെ വ്യാപ്തി വ്യക്തമാവുകയുള്ളു. അതുകൊണ്ടുതന്നെ റിപ്പോര്‍ട്ടിനെതിരെ ഇന്ത്യ രംഗത്തെത്തിയിട്ടുണ്ട്. റിപ്പോര്‍ട്ട് വസ്തുതാവിരുദ്ധമാണെന്നാണ് ഇന്ത്യയുടെ വാദം.

അമേരിക്കയുടെ ആഭ്യന്തര രാഷ്ട്രീയത്തില്‍, ഇന്ത്യയോടുള്ള സമീപനത്തില്‍ ഏതെങ്കിലും തരത്തിലുള്ള മാറ്റം ഈ റിപ്പോര്‍ട്ട് മൂലം ഉണ്ടാകുമെന്ന് കരുതാനാവില്ല. ഇന്ത്യ-അമേരിക്ക ബന്ധത്തെ ഉലച്ചുകളയുന്ന ഒന്നല്ല ഈ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് പുറത്തുവിട്ട ആന്റണി ബ്ലിങ്കന്റെ വാര്‍ത്താസമ്മേളനത്തിലോ പ്രസ്താവനയിലോ ഇന്ത്യയെ എടുത്തുപറയുകയോ പരാമര്‍ശിക്കുകയോ ഒന്നുമുണ്ടായിട്ടില്ല എന്നതാണ് അതിന് കണ്ടെത്തുന്ന ന്യായീകരണം.

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ഷെല്‍ഫ് ഡെസ്‌ക്

MeidaOne Shelf

Similar News