ലോറിയുടമ മനാഫ്: വിദ്വേഷ പ്രചാരണത്തിന്റെ വ്യക്തിഅനുഭവം - ഇസ്ലാമോഫോബിയ: സെപ്റ്റംബര്‍ മാസം സംഭവിച്ചത്

2024 സെപ്റ്റംബര്‍ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ : ഭാഗം മൂന്ന്.

Update: 2024-10-16 06:03 GMT
Advertising

2024 ജൂലൈ 16നാണ് കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടാവുന്നത്. മണ്ണിന്റെ കുത്തൊഴുക്കില്‍ തൊട്ടടുത്ത ഹൈവേയിലുണ്ടായിരുന്ന വാഹനങ്ങള്‍ തകരുകയും പുഴയിലേക്ക് ഒഴുകിപ്പോവുകയും ചെയ്തു. ഇതേ ഹൈവേയില്‍ വാഹനമൊതുക്കി വിശ്രമിച്ചിരുന്ന കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനും ഈ അപകടത്തില്‍പ്പെട്ടു.

അര്‍ജുന്‍ ഓടിച്ചിരുന്ന വണ്ടിയുടെ ഉടമസ്ഥന്‍ കോഴിക്കോടു സ്വദേശി മനാഫാണ്. തുടക്കത്തില്‍ അര്‍ജുനെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ മന്ദഗതിയിലായിരുന്നു. അപകടത്തിന്റെ ആഴത്തെക്കുറിച്ചോ അപകടത്തില്‍പെട്ടവരെയക്കുറിച്ചോ വ്യക്തതയില്ലാതിരുന്നതും കാരണമായിരുന്നു. മനാഫിന്റെ തുടര്‍ച്ചയായ ശ്രമങ്ങള്‍ അതില്‍ മാറ്റം വരുത്തി. കേരള സര്‍ക്കാരും വേണ്ടവിധത്തില്‍ പ്രശ്നത്തില്‍ ഇടപെട്ടു. കേരളത്തില്‍നിന്നുള്ള മാധ്യമങ്ങളും സംഭവസ്ഥലത്തെത്തിയിരുന്നു. അസാധാരണമായ മാധ്യമശ്രദ്ധ വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടവരുത്തി. അദ്ദേഹം സംഭവസ്ഥലത്തിനടുത്ത് വാടകവീടെടുത്ത് താമസിച്ചാണ് അര്‍ജുനുവേണ്ടിയുള്ള തിരച്ചിലിന്റെ ഭാഗമായത്.

ഏകദേശം രണ്ടര മാസത്തിനുശേഷം സെപ്റ്റംബര്‍ 25-26 തിയ്യതികളിലായി ഗംഗാവാലിപ്പുഴയില്‍നിന്ന് അര്‍ജുന്റെ മൃതദേഹാവശിഷ്ടങ്ങളും വണ്ടിയും കണ്ടെടുത്തു. 12 അടി താഴ്ചയിലായിരുന്ന ലോറി ക്രെയിന്‍ ഉപയോഗിച്ചാണ് ഉയര്‍ത്തി കരയ്‌ക്കെത്തിച്ചത്. ലോറി പൂര്‍ണ്ണമായും ചെളിക്കുള്ളിലായിരുന്നു. പല തവണ നിര്‍ത്തിവച്ച തിരച്ചില്‍ പല പ്രതിബന്ധങ്ങളെയും തരണം ചെയ്ത ശേഷമാണ് വിജയത്തിലെത്തിയത്.

മനാഫിനെതിരെയുള്ള തെറ്റിദ്ധാരണകള്‍:

അര്‍ജുന്റെ മൃതദേഹാവശിഷ്ടം കണ്ടെടുത്ത് സംസ്‌കരിച്ചശേഷം ഏറെ താമസിയാതെ പുതിയൊരു വിവാദത്തിന് തുടക്കമായി. മനാഫിനും നദിയിലെ തിരച്ചിലിന് സഹായം നല്‍കിയ ഈശ്വര്‍ മാല്‍പെക്കുമെതിരേ അര്‍ജുന്റെ കുടുംബം പത്രസമ്മേളനം നടത്തി. കുടുംബം ഉന്നയിച്ച ആരോപണങ്ങള്‍ ഇവയാണ്: അര്‍ജുന്റെ ഭാര്യ കൃഷ്ണപ്രിയയെ മാനസികമായി തളര്‍ത്തുന്നതായിരുന്നു മനാഫിന്റെ പല വാക്കുകളും. അര്‍ജുന്റെ മകനെ തന്റെ നാലാമത്തെ കുട്ടിയായി വളര്‍ത്തുമെന്ന് മനാഫ് പറഞ്ഞു. മനാഫും മാല്‍പെയും ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന അര്‍ജുന്റെ അമ്മയുടെ വൈകാരികതയെ ചൂഷണം ചെയ്തു. ഈശ്വര്‍ മാല്‍പെയെ കൊണ്ടുവന്നത് മനാഫാണ്. മനാഫും മാല്‍പെയും ചേര്‍ന്ന് ഷിരൂരില്‍ ഡ്രഡ്ജര്‍വെച്ച് നാടകപരമ്പര നടത്തി. ആദ്യത്തെ രണ്ട് ദിവസവും ഡ്രഡ്ജറിന്റെ പ്രവര്‍ത്തനങ്ങള്‍ മാല്‍പെയെ കേന്ദ്രീകരിച്ചാണ് മുന്നോട്ടുനീങ്ങിയത്. അതിനാല്‍ ആ രണ്ട് ദിവസവും നമുക്ക് നഷ്ടമായി. അക്കാര്യം അവിടത്തെ എസ്പിക്കും എംഎല്‍എയ്ക്കും അറിയാം. മനാഫിന് യുട്യൂബ് ചാനലുണ്ട്. അര്‍ജുന്റെ ലോറി ഉയര്‍ത്തുന്നതും അവിടെ നടക്കുന്ന സംഭവങ്ങളും യുട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്തു. അര്‍ജുന്റെ പേരും പറഞ്ഞ് പബ്ലിസിറ്റിക്കുവേണ്ടി മനാഫ് ഓടിനടക്കുന്നു. ഡ്രഡ്ജര്‍ കൊണ്ടുവരലൊന്നും നടക്കില്ലെന്ന് കുടുംബത്തെ പറഞ്ഞ് പറ്റിച്ചു. മനാഫ് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് കാര്യങ്ങളെ അയാളുടെ വഴിക്ക് നീക്കുകയാണ് ചെയ്തത്. അര്‍ജുന്റെ പേരില്‍ പണം പിരിക്കുന്നു. യൂട്യൂബ് ചനാലിലൂടെ പണമുണ്ടാക്കുന്നു. ഇങ്ങനെ പോകുന്നു ആരോപണങ്ങള്‍ ('അര്‍ജുന്റെ പേരില്‍ പണം പിരിക്കുന്നു, പ്രശസ്തിക്കുവേണ്ടി പണം വീട്ടില്‍ കൊണ്ടുതരുന്നു': മനാഫിനെതിരെ അര്‍ജുന്റെ കുടുംബം, ഒക്ടോബര്‍ 2, 2024, മീഡിയവണ്‍; തിരച്ചില്‍ വൈകിപ്പിച്ചത് മാല്‍പെ, യുട്യൂബില്‍ ലൈവിട്ട് വ്യൂസ് നോക്കുകയായിരുന്നു മനാഫ്- കുടുംബം, ഒക്ടോബര്‍ 2, 2024 മാതൃഭൂമി).

തനിക്കെതിരേ ഉയര്‍ന്ന എല്ലാ ആരോപണങ്ങളും മനാഫ് നിഷേധിച്ചു. ആരോപണങ്ങള്‍ ശരിയെങ്കില്‍ തന്നെ കല്ലെറിഞ്ഞുകൊല്ലട്ടെയെന്നായിരുന്നു മനാഫിന്റെ പ്രതികരണം (അങ്ങനെയെങ്കില്‍ മാനാഞ്ചിറയില്‍ വന്ന് നില്‍ക്കും, കല്ലെറിഞ്ഞ് കൊല്ലട്ടെ: അര്‍ജുന്റെ കുടുംബത്തെ തള്ളി മനാഫ്, വണ്‍ഇന്ത്യ, ഒക്ടോബര്‍ 2, 2024). പ്രശ്നം കുടുംബങ്ങള്‍ തമ്മില്‍ സംസാരിച്ച് തീര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു: സാമുദായിക സൗഹാര്‍ദം ആഗ്രഹിക്കുകയും അതിന് വേണ്ടി പ്രവൃത്തിക്കുകയും ചെയ്യുന്ന ആളാണ് ഞാന്‍. അത്തരത്തിലുള്ള ആളുടെ പേരില്‍ തന്നെ ഭിന്നിപ്പുണ്ടാക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നത് സങ്കടകരമാണ്. താന്‍ മതസ്പര്‍ദ്ധ വളര്‍ത്താനല്ല, മത സൗഹാര്‍ദം വളര്‍ത്താനാണ് ശ്രമിച്ചതും ശ്രമിക്കുന്നതും. അര്‍ജുന്റെ കുടുംബവുമായി എനിക്ക് ഒരുപ്രശ്നവുമില്ല. കേസിന്റെ കാര്യം ഒന്നും ഞാന്‍ നോക്കിയിട്ടില്ല. അതെന്തായാലും ഒരുപ്രശ്നവുമില്ല. എല്ലാം സംസാരിച്ച് തീര്‍ക്കാന്‍ കഴിയും എന്ന് എനിക്ക് ഉറപ്പുണ്ട്. അര്‍ജുന്‍ പോയി. ഇനി അവരുടെ കുടുംബത്തെയും നമ്മുടെ കുടുംബത്തെയും നോര്‍മല്‍ ലൈഫിലേക്ക് മടങ്ങിപ്പോകാന്‍ അനുവദിക്കണം (ഈ വിഷയം കുടുംബങ്ങള്‍ തമ്മില്‍ സംസാരിച്ച് തീര്‍ത്തോളും; ഊതിപ്പെരുപ്പിക്കരുത്, ആരും മുതലെടുക്കരുത്'-മനാഫ്, 'ഇരുകുടുംബങ്ങളെയും നോര്‍മല്‍ ലൈഫിലേക്ക് മടങ്ങാന്‍ അനുവദിക്കണം, ഒക്ടോബര്‍ 4, മാധ്യമം).

പൊലീസ് നടപടി :

പത്രസമ്മേളനത്തിനു ശേഷം അര്‍ജുന്റെ കുടുംബത്തിനെതിരേ സോഷ്യല്‍മീഡിയയിലൂടെ കടുത്ത രീതിയിലുള്ള പ്രചാരണം നടന്നു. അടുത്ത ദിവസം വിദ്വേഷപരാമര്‍ശത്തിന്റെ പേരില്‍ അര്‍ജുന്റെ കുടുംബം പൊലിസില്‍ പരാതി നല്‍കി. നീചമായ സൈബര്‍ ആക്രമണം നടക്കുന്നുവെന്നും ഇതില്‍ നടപടി വേണമെന്നുമായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്. ഇത് പരിഗണിച്ച് മനാഫ് അടക്കമുള്ളവര്‍ക്കെതിരേ ചേവായൂര്‍ പൊലിസ് കേസെടുത്തു. തിരച്ചിലുമായി ബന്ധപ്പെട്ട കാര്യങ്ങളും പരാതിക്കാരുടെ കുടുംബപശ്ചാത്തലവും കുടുംബത്തിന്റെ മാനസികാവസ്ഥയും വൈകാരികതയും മുതലെടുത്ത് മനാഫ് സമൂഹമാധ്യമങ്ങള്‍ വഴി പ്രചാരണം നടത്തിയെന്നാണ് എഫ്ഐആറില്‍ പറഞ്ഞിരുന്നത് (സൈബര്‍ ആക്രമണം; അര്‍ജുന്റെ കുടുംബത്തിന്റെ പരാതിയില്‍ മനാഫിനെതിരെ കേസ്, ഒക്ടോബര്‍ 4, 2024, ദേശാഭിമാനി).

മനാഫിന്റെത് നാടകമാണെന്ന ആരോപണവും ചിലര്‍ ഉയര്‍ത്തി. മനാഫിന്റെ യുട്യൂബ് അണ്‍സബ്സ്‌ക്രൈബ് ചെയ്യാനും ചിലര്‍ ആവശ്യപ്പെട്ടു. പക്ഷേ, വെറും പതിനായിരം പേര്‍ മാത്രം സബ്സ്‌ക്രൈബ് ചെയ്തിരുന്ന ലോറി ഉടമ മനാഫ് എന്ന ചാനല്‍ ഈ കുറിപ്പ് തയ്യാറാക്കുമ്പോള്‍ 5.03 ലക്ഷം സബ്സ്‌ക്രൈബേഴ്സുമായി മുന്നേറുകയാണ്. (ലോറി ഉടമ മനാഫ്, യുട്യൂബ് ചാനല്‍, ഒക്ടോബര്‍ 10, 2024) 


തെളിവുകള്‍ പരിശോധിച്ച പൊലിസ് മനാഫിനെ കേസില്‍നിന്ന് ഒഴിവാക്കി. മനാഫിന്റെ യുട്യൂബ് ചാനല്‍ പരിശോധിച്ചപ്പോള്‍ അപകീര്‍ത്തിപ്പെടുത്തുന്നതൊന്നും കണ്ടെത്താന്‍ കഴിയാത്തതിനാലായിരുന്നു നടപടി. പകരം മനാഫിനെ സാക്ഷിയാക്കി. മനാഫിനെതിരെ കേസെടുക്കണം എന്ന് അര്‍ജുന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നില്ലെന്നും പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ പേര് ഉള്‍പ്പെടുത്തുകയായിരുന്നുവെന്നും റിപോര്‍ട്ടുണ്ട് ('അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല'; ലോറി ഉടമ മനാഫിനെ കേസില്‍നിന്ന് ഒഴിവാക്കും, ഒക്ടോബര്‍ 5, 2024, മെട്രോവാര്‍ത്ത).

പരാതിയും പൊലിസ് കേസും സജീവമായി നില്‍ക്കുന്നതിനിടയില്‍ത്തന്നെ മനാഫ് അര്‍ജുന്റെ വീട്ടിലെത്തി സൗഹൃദം പുതുക്കി. തങ്ങള്‍ക്കിടയില്‍ നീരസങ്ങള്‍ അവസാനിച്ചെന്ന് മനാഫും കുടുംബവും മാധ്യമങ്ങളോട് പറഞ്ഞു (ഹാഷ്മി പറഞ്ഞു, മനാഫ് കേട്ടു; അര്‍ജുന്റെ വീട്ടിലെത്തി വീട്ടുകാരെ കണ്ട് നീരസം തീര്‍ത്ത് മനാഫ്, 24 ന്യൂസ് ഒക്ടോബര്‍ 5, 2024).

മനാഫിന്റെ പരാതിയില്‍ മെല്ലെപ്പോക്ക്:

ഷിരൂരില്‍ തിരച്ചില്‍ നടക്കുന്ന ദിവസങ്ങളില്‍ മനാഫിനെതിരേ നടന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരേ അദ്ദേഹം കോഴിക്കോട് സിറ്റി പൊലിസ് കമീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. തന്നെയും കുടുംബത്തെയും കുറിച്ച് തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നും വര്‍ഗീയ അധിക്ഷേപം നടത്തുന്നുവെന്നുമായിരുന്നു ആഗസ്റ്റ് 2-ാം തിയ്യതി നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്. ന്യൂസ് കഫെ എന്ന യുട്യൂബ് ചാനല്‍ ഉടമ വി.കെ ബൈജു, ഡിഎന്‍എ ന്യൂസ് മലയാളം എന്ന യു ട്യൂബ് ചാനല്‍ എന്നിവരെ പേരെടുത്തുതന്നെ പറഞ്ഞിരുന്നു. എന്നാല്‍, രണ്ട് മാസം കഴിഞ്ഞിട്ടും ആ പരാതിയില്‍ പൊലിസ് നടപടിയെടുത്തില്ല. എന്നാല്‍, അതിനുശേഷം അര്‍ജുന്റെ കുടുംബം നല്‍കിയ പരാതിയില്‍ കേസെടുക്കുകയും ചെയ്തു. തന്റെ പരാതിയില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മനാഫ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. യൂട്യൂബര്‍മാരുടെ തെറ്റായ പ്രചരണങ്ങള്‍ കാരണം ആത്മഹത്യ ചെയ്യേണ്ട അവസ്ഥയിലാണ് താനും കുടുബവുമെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ മനാഫ് ചൂണ്ടിക്കാട്ടുന്നു (ലോറിയുടമ മനാഫ് നല്‍കിയ പരാതിയില്‍ കേസെടുക്കാത്ത പൊലീസ് നടപടിക്കെതിരെ വിമര്‍ശം, ഒക്ടോബര്‍ 9, 2024, മീഡിയവണ്‍).

മനാഫിനെതിരേ വിദ്വേഷപ്രചാരണങ്ങള്‍:

അര്‍ജുന്‍ വളരെ ആരോഗ്യവും മനക്കരുത്തുമുള്ളയാളാണെന്നും അവന്‍ തിരിച്ചുവരുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും ലോറിയുടമ തുടക്കം മുതല്‍ വിശ്വസിക്കുകയും ആവര്‍ത്തിച്ച് പറയുകയും ചെയ്തിരുന്നു. വണ്ടിയില്‍ പത്ത് ലിറ്റര്‍ വെള്ളമുണ്ടെന്നും അത് അര്‍ജുന് കൈയെത്തിപ്പിടിക്കാന്‍ കഴിഞ്ഞാല്‍ ജീവന്‍ നിലനില്‍ക്കുമെന്നും അദ്ദേഹം പ്രതീക്ഷ പങ്കുവെച്ചിരുന്നു.

മനാഫിന് ലഭിച്ച മാധ്യമശ്രദ്ധയുടെ ഭാഗമായിട്ടാവാം തുടക്കം മുതല്‍ത്തന്നെ അദ്ദേഹത്തിനെതിരേ വിദ്വേഷപ്രചാരണവും ആരംഭിച്ചിരുന്നു. പ്രധാനമായും സമാന്തര ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും സാമൂഹികമാധ്യമങ്ങളിലൂടെയുമാണ് അത് നടന്നത്. അതിലൊന്നാണ് ബൈജു വി.കെ എന്നയാളുടെ ന്യൂസ് കഫേ ലൈഫ് എന്ന യൂട്യൂബ് ചാനലും ചാണക്യ ന്യൂസ് ടിവി എന്ന ഫെയ്‌സ്ബുക്ക് ചാനലും. മനാഫിനെ സംശയമുനയില്‍ നിര്‍ത്തി എട്ട് വീഡിയോകളാണ് ഇയാള്‍ പലതവണയായി ചെയ്തത്. മനാഫിന് കള്ളക്കടത്താണെന്നും അര്‍ജുനെയും ലോറിയെയും ഒളിപ്പിച്ചതാണെന്നുംവരെ ഇയാള്‍ ആരോപണമുന്നയിച്ചു. മനാഫ് അന്വേഷണം വഴിതെറ്റിച്ചു, തുടര്‍ച്ചയായി തെരച്ചില്‍ നടത്തിച്ച് സര്‍ക്കാറിന്റെ കോടികള്‍ പാഴാക്കി തുടങ്ങിയ ആരോപണങ്ങളും തൊടുത്തുവിട്ടു. (മാധ്യമം, സെപ്തംബര്‍ 25, 2024).

ഈ രണ്ടര മാസത്തിനുള്ളില്‍ ഈ ചാനല്‍ പുറത്തുവിട്ട വിഡിയോകളുടെ ശീര്‍ഷകങ്ങളുടെ സാംപിളുകള്‍ താഴെ നല്‍കുന്നു:

1. അര്‍ജുന്റെ മൃതദേഹത്തെയും മനാഫ് വെറുതെ വിട്ടില്ല, ചെയ്ത്ത് കണ്ടോ?

2. അര്‍ജുനെ മനാഫ് ചതിച്ചു! ലോറിയില്‍ കള്ളത്തടിയും നിരോധിത വസ്തുക്കളും കള്ളപ്പണമോ? ഞെട്ടിക്കുന്ന രേഖകള്‍ പുറത്തുവിടുന്നു.

3. അര്‍ജുന്‍ ജീനവോടെ? മനാഫ് കള്ളത്തടി മാഫിയ കേസ് പ്രതി! അര്‍ജുനെയും ലോറിയെയും ഒളിപ്പിച്ച് വച്ചത് ഇവിടെ

4. വണ്ടി ഉടമ മനാഫ് പെട്ടു, കളളക്കളിക്ക് കാരണം ഇത്, പൊക്കി അകത്തിട്ട് പൊലിസ്, ഞെട്ടിക്കുന്ന വിവരങ്ങള്‍

5. അര്‍ജുന്‍ ജീവനോടെ മനാഫ് കള്ളത്തടി മാഫിയ കേസ് പ്രതി! അര്‍ജുനെയും ലോറിയെയും ഒളിപ്പിച്ച് വച്ചത് ഇവിടെ ലോറിയുമില്ല തടിയുമില്ല മനാഫിന്റെ കള്ളക്കളി പൊക്കാന്‍ കര്‍ണാടക, ഓഡിയോ ലീക്കായി

6. അര്‍ജുന്‍ ഇവിടുണ്ട്, ഇനിയാരും തിരയേണ്ട അവസാനം മനാഫ് സമ്മതിച്ചു, വെളിപ്പെടുത്തല്‍ ദൃശ്യങ്ങള്‍ പുറത്ത്

7. മാപ്പ് മാപ്പ് മാപ്പ് ഞങ്ങള്‍ ചെയ്തത് ഇത്! അവസാനം മനാഫ് തെറ്റ് സമ്മതിച്ച് വെളിപ്പെടുത്തുന്നു. അര്‍ജുന്‍ ഇവിടെ, വമ്പന്‍ ട്വിസ്റ്റ്

8. ലോറിയും മൊബൈലും ഇവിടുണ്ട്! ഇനി പറയേണ്ടത് മനാഫ്, കള്ളക്കളി പൊളിഞ്ഞു, അറസ്റ്റിലേക്ക് പൊലിസ്

9. മനാഫ് കളിച്ചത് ഒടുക്കത്തെ കളി, മറച്ചത് ഇതൊക്കെ! വാഹനത്തില്‍ കൊണ്ടുവന്നത് ഇത്.

ഒടുവില്‍ മനാഫ് പറഞ്ഞതിന് സമീപത്തുനിന്ന് മൃതദേഹം കിട്ടിയപ്പോള്‍ 'മനാഫ് അഗ്നിശുദ്ധി തെളിയിച്ചു' എന്ന പേരില്‍ പുതിയ ഒരു വീഡിയോ പുറത്തുവിട്ടു. അതിലും ആരോപണങ്ങള്‍ ആവര്‍ത്തിച്ചു. കൂടാതെ പഴയ വീഡിയോകള്‍ ഡിലീറ്റ് ചെയ്യുകയും ചെയ്തു. കേരളത്തില്‍ ഹിന്ദുക്കളും ക്രിസ്ത്യാനികളും അപകടത്തില്‍ മരിച്ചാല്‍ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കില്ലെന്നും അത് മുസ്ലിംകള്‍ക്ക് മാത്രമേ നല്‍കൂ എന്നും ഈ വിഡിയോയില്‍ ബൈജു ആരോപിക്കുന്നുണ്ട്: ''അര്‍ജുന്റെ വണ്ടി കണ്ടെടുത്തു. അതുകണ്ടപ്പോള്‍ മനസ്സു നൊന്തു. ഉള്ള കാര്യം ഉള്ളതുപോലെ പറയും. ജബ്ബാറാണോ, മമ്മദാണോ എന്നൊന്നും നോക്കില്ല. ഞമ്മന്റെ ആളുകള്‍ കാണിക്കുന്ന അനുകൂലത കാണിക്കാറില്ല. ജോസഫാണെങ്കിലും അയ്യപ്പനാണെങ്കിലും മമ്മദാണെങ്കിലും... ഉള്ളിന്റെ ഉള്ളില്‍നിന്നു ചെയ്യുന്ന നന്മകള്‍ ജാതി മത രാഷ്ട്രീയ വ്യത്യാസമില്ലാതെ പറയാറുണ്ട്. മനാഫിന്റെ വാക്കുകള്‍ കേള്‍ക്കേണ്ടതുതന്നെയാണ്. അര്‍ജുന്‍ ഓടിച്ചിരുന്ന വാഹനത്തിലെ സാധനങ്ങള്‍ കള്ളത്തടിയാണോ രേഖകളില്‍ തുക കുറച്ച് കാണിച്ച് കള്ളക്കണക്കാണോയെന്നൊക്കെയുള്ള ആരോപണങ്ങള്‍ എന്തായാലും മനാഫിനെതിരേ നിലകൊള്ളുന്നുണ്ട്.

അതിപ്പോഴും യാഥാര്‍ഥ്യമാണ്. വാഹനത്തിന്റെ രേഖകള്‍ പരിശോധിച്ച് ആധികാരികമല്ലെങ്കില്‍ നിയമനടപടിയിലേക്ക് മനാഫ് കടക്കേണ്ടിവരും. കര്‍ണാടക അധികാരികള്‍ അത് സൂചിപ്പിച്ചു. അര്‍ജുന്റെ ഭാര്യയ്ക്ക് ജോലി കൊടുത്തു, നല്ലതാണ്. സാധാരണ മുസ്ലിംകളല്ലെങ്കില്‍ ഇങ്ങനെ ജോലി കൊടുക്കാറില്ല. ആരുടെ അനാസ്ഥകൊണ്ടാണെങ്കിലും കൊല്ലപ്പെടുന്നത് ഹിന്ദുവോ ക്രൈസ്തവനോ ആണെങ്കില്‍ അവര്‍ക്ക് ഒരു രീതിയും മുസ്ലിമാണെങ്കില്‍ മറ്റൊരു രീതിയുമാണ്. (മനാഫ് വാക്ക് പാലിച്ചു, അര്‍ജുനെ കൊണ്ടുവന്നു, ഇത് എല്ലാവര്‍ക്കുമുള്ള ഉത്തരം...!, ന്യൂസ് കഫേ ലൈവ്, സെപ്തംബര്‍ 25, 2024)

ബൈജു വി.കെയുടെ ചരിത്രം

ബൈജു വി.കെ ഇതാദ്യമല്ല ഇത്തരം വിദ്വേഷപ്രചാരണങ്ങളുമായി രംഗത്തുവരുന്നത്. യുട്യൂബിലൂടെ മതവിദ്വേഷം പ്രചരിപ്പിച്ചതിന് ഇദ്ദേഹത്തിനെതിരേ നേരത്തെ പെരിന്തല്‍മണ്ണ പൊലിസ് കേസെടുത്തിരുന്നു. മനഴി ബസ് സ്റ്റാന്‍ഡിനടുത്ത് ആര്യാസ് ഹോട്ടല്‍ ഉടമ അബ്ദുറഹ്മാനെതിരെ യൂട്യൂബില്‍ മതവിദ്വേഷ പ്രചരണം നടത്തിയ സംഭവത്തിലായിരുന്നു നടപടി. ആര്യാസ് എന്ന പേരില്‍ വെജിറ്റേറിയന്‍ ഹോട്ടല്‍ നടത്തുന്നതും ഹോട്ടല്‍ മാനേജറുടെ മേശപ്പുറത്ത് ഗണപതി വിഗ്രഹത്തിന് സമാനമായ ഒരു പ്രതിമ കണ്ടെത്തിയതുമാണ് ബൈജുവിനെ പ്രകോപിതനാക്കിയത്. വിദ്വേഷ പ്രചരണം നടത്തുക, പൊതുസ്ഥലത്ത് മദ്യപിക്കുക, റോഡില്‍ ഗതാഗത തടസം സൃഷ്ടിക്കുക, പലിശയ്ക്ക് പണം കൊടുക്കുക, പട്ടികജാതി അതിക്രമം, മാനഭംഗം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ചെയ്തതിന് പൂക്കോട്ടുംപാടം, കാടാമ്പുഴ, കോഴിക്കോട് മെഡിക്കല്‍ കോളജ് തുടങ്ങിയ പൊലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരേ വിവിധ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. (യൂട്യൂബിലൂടെ മത വിദ്വേഷ പ്രചരണം; ചാണക്യാ ന്യൂസ് റിപ്പോര്‍ട്ടര്‍ ബൈജു അറസ്റ്റില്‍ (ജൂണ്‍ 25, 2023, തേജസ് ന്യൂസ്). മുസ്ലിംകള്‍ കഫവും തുപ്പലും ഉള്ള ഭക്ഷണമാണ് വിതരണം ചെയ്യുന്നതെന്നും പാകിസ്താന്‍ ചിന്താഗതിയുള്ള നിരവധി തീവ്രവാദികളെ സൃഷ്ടിച്ച നാടാണ് മലപ്പുറമെന്നുമുള്ള പരാമര്‍ശമാണ് കേസിന് ആസ്പദമായ വീഡിയോയിലുള്ളത്. 'തുപ്പല്‍ ഫുഡ് 'മാണ്ട', ഗണപതിക്ക് നിവേദിച്ച വെജിറ്റേറിയന്‍ മതി, മലപ്പുറം മുസ്ലിംകള്‍ രംഗത്ത്'; എന്നായിരുന്നു ഇതിന്റെ ശീര്‍ഷകം. (മീഡിയവണ്‍, ജൂണ്‍ 25, 2023)

ഫേസ്ബുക്കിലെ വംശീയപ്രചാരണം:

മനാഫിനെതിരേ അസംഖ്യം ഐഡികളിലൂടെ വിദ്വേഷപരാമര്‍ശം നടന്നു. പല മാധ്യമങ്ങളും ഇക്കാര്യം റിപോര്‍ട്ട് ചെയ്തു. (നിരന്തരം വര്‍ഗീയ 'വിദ്വേഷ പ്രചരണം'; ഇവനെ പിടിച്ച് ജയിലില്‍ ഇടാത്തതെന്ത്? ചോദ്യം ജനങ്ങളുടേതാണ്, മറുപടി സര്‍ക്കാര്‍ നല്‍കണം, സെപ്റ്റംബര്‍ 26, 2024, അന്വേഷണം. കോം). മാധ്യമവാര്‍ത്തകളും സംഘ്പരിവാര്‍ നേതാക്കളുടെ പ്രതികരണങ്ങളും ഷെയര്‍ ചെയ്താണ് പല ഐഡികളും മനാഫിനെതിരേ ആക്രമണമഴിച്ചുവിട്ടത്. മനാഫിനെ മാത്രമല്ല, അര്‍ജുന്റെ കുടുംബാംഗങ്ങളെപ്പോലും ഇവര്‍ വെറുതെ വിട്ടില്ല. ലക്ഷ്മി കാനത്ത് എന്ന ഐഡി നടത്തിയ ചില പരാമര്‍ശങ്ങള്‍ മാതൃകയായി നല്‍കുന്നു:

1. ''ലോറിയും ഡ്രൈവറും 'ഹൈജാക്ക്' ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ലോറി ഉടമ പറയുന്നത് വിശ്വസനീയമല്ല. ആ ലോറി ഉടമയെ വേണ്ടപോലെ ചോദ്യം ചെയ്താല്‍ത്തന്നെ ഒരു ക്ലിയര്‍ ചിത്രം കിട്ടും (ലക്ഷ്മി കാനത്ത്, എഫ്ബി, ജൂലൈ 23, 2024).

2. ''ലോറിയെയും ഡ്രൈവറെയും കിട്ടിയില്ലേലും മിക്കവാറും മനാഫിനെ കര്‍ണാടക പൊലീസിന്റെ കയ്യില്‍ കിട്ടുന്ന ലക്ഷണമുണ്ട് (ലക്ഷ്മി കാനത്ത്, എഫ്ബി, ജൂലൈ 23, 2024)

3. ''പട്ടാളത്തെ വിശ്വാസമില്ലാത്തവര്‍ക്ക് മനാഫിനെ വിശ്വാസമാണ് പോലും? മീഡിയ രാഷ്ട്രീയ അജണ്ടകള്‍ ദുരന്തത്തിലും കുത്തി കേറ്റുന്നതില്‍ അത്ഭുതമില്ല. എന്നാല്‍, ദുരന്തമുഖത്തും പട്ടാളത്തെ പോലും അവഹേളിക്കുന്ന ഒരു അമ്മ? അതാരുടെ അജണ്ടയാണെന്നത് അന്വേഷിക്കണം. എവിടെയോ എന്തോ ഒരു വശപ്പിശകുണ്ട്, ആ സ്ത്രീയുടെ വാക്കിലും പെരുമാറ്റത്തിലും. ചെവിയില്‍ സ്വകാര്യം പറഞ്ഞ ആ സാധനം ഏതാ? ഇവരുടെ കുടുംബാഗം ആണോ? (ലക്ഷ്മി കാനത്ത്, എഫ്ബി, ജൂലൈ 23, 2024)

ഹിന്ദുത്വസംഘങ്ങളുടെ നേതാവായ കെ.പി ശശികല ഈ ദിവസങ്ങളില്‍ ഒരു കുറിപ്പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. കല്ലായിലുള്ള മനാഫിന്റെ സ്ഥാപനത്തിലെ തടി മോഷണം പോയതില്‍ അനുതാപം പ്രകടിപ്പിച്ചുകൊണ്ടുള്ള ഒരു കുറിപ്പ്. എന്നാല്‍, ഈ പോസ്റ്റ് ഷെയര്‍ ചെയ്ത ലക്ഷ്മി കാനത്ത് പ്രശ്നത്തിന് അന്താരാഷ്ട്രമാനം നല്‍കി: മനാഫിന്റെ സ്ഥാപനം കയ്യേറാന്‍ ഈ കേരളത്തില്‍ ആളുണ്ടേല്‍ പിന്നെ ഹിന്ദുക്കളുടെ സ്ഥാപനത്തിന്റെ കാര്യം പറയണോ. ഇതെന്താ കേരളം ഇപ്പോള്‍ അഫ്ഗാനിസ്ഥാന്‍ ആണോ. മാത്രമല്ല ഈ ഒരു ആരോപണത്തില്‍ എന്തൊക്കെയോ ദുരൂഹതയും മണക്കുന്നു (ലക്ഷ്മി കാനത്ത്, എഫ്ബി, സെപ്റ്റംബര്‍ 26, 2024)

തന്റെ തൊഴിലാളിയായ അര്‍ജുനെ വീണ്ടെടുക്കുന്നതിനുവേണ്ടി ആഴ്ചകളോളം പണിപ്പെട്ട മനാഫിനെ മാധ്യമങ്ങള്‍ വേണ്ടുവോളം പുകഴ്ത്തുകയും ആഘോഷിക്കുക കൂടി ചെയ്തു. ഇതേ കുറിച്ച് ഇതേ ഐഡിയില്‍നിന്നുള്ള പരാമര്‍ശങ്ങള്‍ നോക്കൂ: ''പെട്ടെന്ന് മാധ്യമ കൂതറകള്‍ നന്മമര പട്ടം കൊടുക്കാന്‍ മത്സരിയ്ക്കുന്നതിന് പിന്നില്‍ കൃത്യം ആയ ദുരൂഹത ഉണ്ട്. ഭാരതം ആക്രമിച്ചവരുടെ കൂട്ടത്തില്‍പ്പെട്ട ആയിരക്കണക്കിന് ക്ഷേത്രങ്ങള്‍ തകര്‍ത്ത ടിപ്പുവിനെ അടക്കം വെള്ള പൂശുന്നവര്‍ ഈ പഴുതില്‍ കൂടെ ആരെയെയൊക്കെയോ വെള്ള പൂശി മുഖം രക്ഷിക്കാന്‍ നോക്കുന്നുണ്ട്. അതുറപ്പാണ് (ലക്ഷ്മി കാനത്ത്, എഫ്ബി, സെപ്റ്റംബര്‍ 26, 2024)

മനാഫിനെതിരേ നടന്ന വിദ്വേഷപരാമര്‍ശത്തില്‍ ഹിന്ദു ഐക്യവേദി നേതാവായ ആര്‍.വി ബാബുവിനെപ്പോലുള്ള നേതാക്കളും പങ്കെടുത്തു: ''മനാഫിന്റെ മതം നോക്കാതെയുള്ള മനുഷ്യത്വം പ്രശംസാര്‍ഹമാണ്. അന്യമതങ്ങളോട് മതം നിഷ്‌കര്‍ഷിക്കുന്ന അകല്‍ച്ച മനാഫില്‍ പ്രകടമായില്ല. മതമോ ജാതിയോ രാഷ്ട്രീയമോ നോക്കാതെ മനുഷ്യനെ സഹായിക്കാന്‍ ആത്മാര്‍ഥമായി ശ്രമിക്കുന്നവര്‍ എല്ലാ മതവിഭാഗങ്ങളിലുമുണ്ട്. എന്നാല്‍, അവര്‍ക്ക് അര്‍ഹമായ അംഗീകാരവും ആദരവും കിട്ടണമെങ്കില്‍ അവര്‍ ഒരു പ്രത്യേക മതക്കാരായിരിക്കണം എന്ന അവസ്ഥയുണ്ടാകരുത്. കോഴിക്കോട് നൗഷാദ് വിഷയത്തിലും ഇത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ഒപ്പം മനാഫിനെ മുന്‍നിര്‍ത്തി തീവ്രവാദികളെ വെള്ള പൂശാനും അനുവദിക്കില്ല (എഫ്ബി, ആര്‍.വി ബാബു, സെപ്റ്റംബര്‍ 26, 2024).

വിദ്വേഷ അവതരണങ്ങളെ വിമര്‍ശിച്ച് മനാഫ്:

അര്‍ജുന്റെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെടുത്തതിനുശേഷം തനിക്കെതിരേ നടന്ന വിദ്വേഷപരാമര്‍ശങ്ങളെക്കുറിച്ച് മനാഫ് മാധ്യമങ്ങളോട് മനസ്സുതുറന്നു. മാധ്യമങ്ങളുടെ തെറ്റായ റിപോര്‍ട്ടിലൂടെ താന്‍ എങ്ങനെ വേട്ടയാടപ്പെട്ടുവെന്നായിരുന്നു അദ്ദേഹം പറഞ്ഞത്: ''പല ഓണ്‍ലൈന്‍ ചാനലുകളും അല്‍ഖൈ്വദ ഭീകരനെക്കാള്‍ വലിയ ഭീകരനാക്കി. കള്ളത്തടിക്കാരനും കള്ളക്കടത്തുകാരനുമാക്കി. അര്‍ജുനെ കണ്ടെത്താനായില്ലെങ്കില്‍ ആജീവനാന്തം കൊള്ളക്കാരനും കൊലപാതകിയുമായി ജനങ്ങള്‍ക്കിടയില്‍ ജീവിക്കേണ്ടിവരുമായിരുന്നു. മനസ്സില്‍ കരുതാത്ത കാര്യങ്ങള്‍ പോലും അച്ചടിച്ചുവന്നു. മനക്കരുത്തുള്ളതിനാല്‍ പിടിച്ചുനിന്നുവെന്നുമാത്രം. (തീയില്‍ കുരുത്തതാ സാറെ ഞാന്‍, ഈ വെയിലത്തൊന്നും ഞാന്‍ വാടില്ല സാര്‍'; മനാഫ് റിപ്പോര്‍ട്ടറിനൊപ്പം, സെപ്റ്റംബര്‍ 26, 2024, റിപോര്‍ട്ടര്‍ ടിവി).

ചിലര്‍ അദ്ദേഹത്തെ മയക്കുമരുന്നു കച്ചവടക്കാരനാക്കി: ''ലോറിയില്‍ ചന്ദനമുണ്ട്, കള്ള അറയുണ്ട്. കള്ളറയില്‍ ഡ്രഗ്സ് ഉണ്ട്. സ്വര്‍ണബിസ്‌കറ്റുണ്ട്. വണ്ടി കിട്ടിയില്ലായിരുന്നെങ്കില്‍ ജീവിതകാലം മുഴുവന്‍ ആ ടാഗ് ലൈനില്‍ ജീവിക്കേണ്ടിവരുമായിരുന്നു. കള്ളക്കടത്തുകാരന്‍, ദാവൂദ് ഇബ്രാഹിം കഴിഞ്ഞാല്‍... അടുത്തയാള്‍? (ലോറി കണ്ടെത്തിയില്ലെങ്കില്‍ കള്ളക്കടത്തുകാരനെന്ന ടാഗ് ലൈനില്‍ ഞാന്‍ ജീവിക്കേണ്ടി വന്നേനെ' ഏഷ്യാനെറ്റ് ന്യൂസ്, സെപ്തംബര്‍ 26, 2024)

മനാഫിന്റെ മതം തിരയുകയും അതുപയോഗിച്ച് വിദ്വേഷപ്രചാരണം നടത്തിയവരും ഉണ്ട്: ''ഡ്രഗ്സ് ഉണ്ട്. സ്വര്‍ണബിസ്‌കറ്റുണ്ടെന്നൊക്കെ പറഞ്ഞു. ജീവിതം കോഞ്ഞാട്ടയായ ഇന്‍സിഡന്റാണ്. അത്രമാത്രം പ്രയാസപ്പെട്ടിരിക്കുന്നു ഈ വിഷയത്തില്‍. അപ്പോഴാണ് കുറേ ആളുകള്‍ മതത്തെ കുറ്റം പറഞ്ഞുവന്നത്. പേരിന് പ്രശ്നം, ജാതിക്കുപ്രശ്നം. എങ്ങനെയൊക്കെ തളര്‍ത്താന്‍ കഴിയുമോ അതൊക്കെ ചെയ്തു. തളരുന്ന കൂട്ടത്തിലല്ല, ഞാന്‍. (കള്ളപ്പണം, സ്വര്‍ണ ബിസ്‌കറ്റ്.. എന്തൊക്കെയാ പറഞ്ഞത്... ഇതാ പൊളിച്ചിട്ടുണ്ട്, നോക്കിക്കോ: സെപ്റ്റംബര്‍ 26, 2024, മീഡിയവണ്‍).

മനാഫ് തീവ്രവാദ ബന്ധമുള്ളയാളാണെന്നും ക്രിമിനലാണെന്നും കള്ളക്കടത്താണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും അത് പുറത്തുവരാതിരിക്കാനാണ് അര്‍ജുന്റെ മൃതദേഹം തിരയുന്നതെന്നും പ്രചാരണമുണ്ടായി. ഇന്‍ഷുറന്‍സ് തുകയ്ക്ക് വേണ്ടിയാണ് മനാഫ് ഇതൊക്കെ ചെയ്യുന്നത്. മനാഫിനു ചുറ്റിനും നിഗൂഢതയുണ്ട്. അര്‍ജുനെ തടഞ്ഞുവച്ചിരിക്കുകയാണ്. അര്‍ജുന്റെ മൊബൈല്‍ റിങ് ചെയ്തിട്ടുണ്ടങ്കില്‍ അത് പുഴയിലായിരിക്കുകയില്ല. ലോറി ഉടമയ്ക്കെതിരേ വലിയ കള്ളത്തരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇയാളുടെ വീടും ഫാക്റ്ററിയും കര്‍ണാടക പൊലിസ് റെയ്ഡ് നടത്തിയിരുന്നു. ഒരു മുസ്ലിം പേരുകാരനായതുകൊണ്ടാണ് സംഘ്പരിവാറുകാര്‍ ചാടിവീണതെന്നും ചാനല്‍ റിപോര്‍ട്ട് ചെയ്തു. (മനാഫ് നിങ്ങള്‍ ഒരു ഭീകരന്‍ ആണ്, വിട്ടു കൊടുക്കാന്‍ മനസിലാത്തവന്‍, സെപറ്റംബര്‍ 25, 2024, ട്രന്‍ഡ്മൊജൊ യൂടുബ് ചാനല്‍)

നിഗൂഢതയുടെ പരിവേഷമുള്ള മുസ്‌ലിം:

ഒരു ലോറി ഉടമയും തൊഴിലാളിയും തമ്മിലുള്ള ബന്ധത്തേക്കാള്‍ മനാഫിന്റെ മുസ്ലിം നാമമാണ് വിദ്വേഷ പ്രചാരകര്‍ ഏറെ താല്‍പര്യത്തോടെ ചര്‍ച്ച ചെയ്തത്. തൊഴില്‍ മേഖലയില്‍ ഒന്നിച്ചിടപഴകുന്ന വ്യക്തികള്‍ തമ്മിലുള്ള പരസ്പര ബന്ധത്തേക്കാള്‍ ചര്‍ച്ചയായത് മുസ്ലിം എന്ന മനാഫിന്റെ പ്രത്യേകതകളാണ്. മറ്റു മനുഷ്യരില്‍ നിന്നു വ്യത്യസ്തമായി മുസ്‌ലിംകള്‍ക്ക് മറ്റുള്ളവര്‍ക്ക് മനസ്സിലാക്കാനാവാത്ത ചില നിഗൂഢതകളുണ്ടെന്നതത് ഇസ്‌ലാമോഫോബിക് ഭാവനയുടെ പ്രധാന ലക്ഷണങ്ങളിലൊന്നാണ്. വിദ്വേഷ പ്രചാരകരുടെ ഭാവനയില്‍ ഈ പ്രചാരണത്തിനു പുതിയ അര്‍ഥങ്ങള്‍ കൈവരുന്നു. മനാഫിനെതിരേ ആരോപണങ്ങള്‍ ഹിന്ദുത്വാഭിമുഖ്യമുള്ളവരാണ് മുഖ്യമായും സംഘടിപ്പിച്ചത്. ഒരു ലോറി ഉടമ സ്വന്തം സുഹൃത്തിനോടും സഹപ്രവര്‍ത്തകനോടും ചെയ്യുന്ന മാനുഷിക പരിഗണനകളില്‍ പോലും ഒരു മുസ്ലിം ഗൂഢാലോചന അവര്‍ സൃഷ്ടിച്ചെടുക്കുകയായിരുന്നു. പൊതുശ്രദ്ധയുള്ള ഏതു പ്രശ്‌നങ്ങളിലും ഒരു അദൃശ്യ മുസ്‌ലിം സാന്നിധ്യം കണ്ടെടുക്കുന്ന വിദ്യ വസ്തുതകളെയും അനുഭവത്തെയും കവിഞ്ഞു നില്‍ക്കുന്ന വൈകാരികമായ മുസ്ലിം വിരുദ്ധ വംശീയ വിദ്വേഷത്തിന്റെതാണ്.

ഒരു ആശയമോ അഭിപ്രായമോ അല്ല ഈ വിദ്വേഷ പ്രചാരകര്‍ സൃഷ്ടിക്കുന്നത്. മറിച്ച് യാതൊരു വിശദീകരണവുമില്ലാത്ത വൈകാരികമായ ഒരു പ്രതികരണമാണ്. ഏതു സാഹചര്യത്തിലും പ്രത്യേകിച്ചു കാരണങ്ങളില്ലാതെ ഒരു പൊതുശത്രുവിനെ സങ്കല്‍പിച്ചു വൈകാരികമായി പ്രതികരിക്കുന്നതിനെയാണ് പൊതുവില്‍ വിദ്വേഷം എന്നു പറയുന്നത്. മനാഫിന്റെ പ്രതികരണം ഒരു തൊഴിലുടമയുടേതോ സുഹൃത്തിന്റെയോ എന്നതിലുപരി ഒരു മോശം മുസ്ലിം അദൃശ്യ ശക്തിയുടേതാണെന്ന പ്രതികരണമുണ്ടാവുന്നതിന്റെ കാരണമിതാണ്. യുക്തിയോ കാര്യകാരണ ബന്ധങ്ങളോ അല്ല, മറിച്ച് മുന്‍കൂര്‍ നിര്‍മിക്കപ്പെട്ട ഒരു മുസ്ലിം വിരുദ്ധ വെറുപ്പിന്റെ ലോക ബോധത്തെയാണ് അതു വെളിച്ചത്തു കൊണ്ടുവരുന്നത്. ഏതു സാഹചര്യത്തിലും ഒരു മോശം മുസ്ലിം സാനിധ്യം ആരോപിച്ചു മാത്രമെ വിദ്വേഷ പ്രചാരണത്തിനും അതിന്റെ പ്രായോജകര്‍ക്കും നിലനില്‍ക്കാന്‍ കഴിയൂ. വിദ്വേഷ പ്രചാരകര്‍ ഒരു സ്വതന്ത്ര തെരഞ്ഞെടുപ്പ് പോലെ അതു നിരന്തരം ചെയ്യുന്നു. ഇത്തരമൊരു സമീപനമില്ലെങ്കില്‍ അവര്‍ക്ക് അവരെ സ്വയം കണ്ടെത്താന്‍ കഴിയില്ല. വിദ്വേഷ പ്രചാരകരുടെ അസ്തിത്വത്തിന്റെ സാധുത തന്നെ അവര്‍ നിരന്തരം ആരോപിക്കുന്ന മുസ്ലിം ആദൃശ്യശക്തി എന്ന തിന്‍മക്കെതിരായ പോരാട്ട വിജയത്തിലാണ്. ഒരു മുസ്ലിം ഘടകം ഇല്ലെങ്കില്‍ അവര്‍ അതാരോപിച്ചു കണ്ടെത്തുന്നതിന്റെ കാരണമതാണ്.

(റിസര്‍ച്ച് കലക്റ്റീവ്: കെ.കെ നൗഫല്‍, മൃദുല ഭവാനി, മുഹമ്മദ് നിയാസ്, റിദ ഫാത്തിമ, റെന്‍സന്‍ വി.എം, മുഹമ്മദ് മുസ്തഫ, നിഹാല്‍ എ, അസീം ഷാന്‍, സഈദ് റഹ്മാന്‍, ബാസില്‍ ഇസ്‌ലാം, കമാല്‍ വേങ്ങര, അബ്ദുല്‍ ബാസിത്) 


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ബാബുരാജ് ഭഗവതി | കെ. അഷ്‌റഫ്

Writers

Similar News