19(1)(a): അഭിപ്രായ സ്വാതന്ത്ര്യത്തിനായി സംസാരിക്കുന്ന സിനിമ

19(1)(a) എന്നത് ഇന്ത്യന്‍ ഭരണഘടനയിലെ അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും ഉറപ്പുനല്‍കുന്ന അനുച്ഛേദത്തെ കുറിക്കുന്നതാണ്. ശീര്‍ഷകം ഓര്‍മിപ്പിക്കുന്നതു പോലെ, ഹിന്ദുത്വ അജണ്ട നടപ്പില്‍ വരുത്തുന്ന ഇന്ത്യയിലെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ മുറിപ്പാടുകളെയാണ് ഈ സിനിമ പ്രതിനിധാനം ചെയ്യുന്നത്.

Update: 2022-09-24 12:26 GMT
Click the Play button to listen to article

ഇന്ത്യന്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന ശക്തമായ സിനിമയാണ് 19(1)(a).വൈകാരികവും രാഷ്ട്രീയവുമായ ചില കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്ന ചിത്രത്തില്‍ നിത്യ മേനന്‍, വിജയ് സേതുപതി, ശ്രീകാന്ത് മുരളി, ഇന്ദ്രജിത്ത്, ഇന്ദ്രന്‍സ് എന്നിവര്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്.

19(1)(a) എന്നത് ഇന്ത്യന്‍ ഭരണഘടനയിലെ അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും ഉറപ്പുനല്‍കുന്ന അനുച്ഛേദത്തെ കുറിക്കുന്നതാണ്. ശീര്‍ഷകം ഓര്‍മിപ്പിക്കുന്നതു പോലെ, ഹിന്ദുത്വ അജണ്ട നടപ്പില്‍ വരുത്തുന്ന ഇന്ത്യയിലെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ മുറിപ്പാടുകളെയാണ് ഈ സിനിമ പ്രതിനിധാനം ചെയ്യുന്നത്.


തമിഴ്‌നാട്ടിലെ ഏതോ ഒരു തെരുവിലെ, മരച്ചുവട്ടിലൊരു ചായക്കട. ലോഡ്ജില്‍ നിന്നിറങ്ങി, സിഗരറ്റ് കത്തിച്ച്, ചായ വാങ്ങി, കടയ്ക്ക് കുറച്ചപ്പുറം മാറി നിന്ന് ചായ കുടിക്കാന്‍, സിഗരറ്റ് വലിക്കാന്‍ നടക്കുന്ന നായകന്‍. (വിജയ് സേതുപതി) കാലില്‍ തട്ടിയ ആരോ ഉപയോഗിച്ച് വലിച്ചെറിഞ്ഞ ബോട്ടില്‍ കച്ചറ ഡബ്ബയിലേക്ക് എടുത്തിടുമ്പോള്‍, തെരുവിന്റെ മറ്റൊരു മൂലയിലെ ഇരുട്ടില്‍ നിന്ന് ഒരു ബൈക്കിന്റെ മുരള്‍ച്ചയും അതില്‍ നിന്നുമുള്ള വെളിച്ചവും അയാളെ മൂടുന്നു. തുടര്‍ന്ന് ഒരു വെടിയൊച്ചയുടെ ഭികരതയോടെ ബൈക്കിന്റെ അലര്‍ച്ച സ്‌ക്രീനിനെ വിഴുങ്ങുന്നു. തിരശ്ശീലയില്‍ 19(1)(a )എന്ന അക്ഷരം തെളിയുന്നു. എന്തൊരു ഉജ്ജ്വല തുടക്കമാണ് ഒരു സിനിമയുടേത്.

കാമറ പിന്നെ കാണിക്കുന്നത് കേരളത്തിലെ അടഞ്ഞുകിടക്കുന്ന ഒരു ഫോട്ടോ കോപ്പി സെന്ററിന്റെ ഷട്ടര്‍ ചിത്രത്തിന്റെ പ്രഭാത കാഴ്ചയാണ്. തുടര്‍ച്ചയായി ആലിലകളുടെ ആകാശമാണ്, വാച്ചുകെട്ടുന്ന, വളയിടുന്ന, പൊട്ടുകുത്തുന്ന, ഹെല്‍മെറ്റ് വെച്ച് സ്‌കുട്ടിയോടിച്ച് പോകുന്ന നായികയിലേക്കാണ് (നിത്യ മേനോന്‍)

'അല്ലേലും എനിക്കിത് പറയാന്‍ ആരുമില്ല. പറഞ്ഞാലും ആരു വിശ്വസിക്കില്ല.

എന്റെടുത്ത് നിന്ന് എല്ലാവരും പ്രതീക്ഷിക്കുന്നത് മാത്രമേ ഞാനിതുവരെ ചെയ്തിട്ടുള്ളു. '


ഈ സിനിമയിലെ നായിക പറയുന്ന സംഭാഷണങ്ങളാണ് മുകളില്‍ പറഞ്ഞത്. അവളെ മനസ്സിലാക്കാന്‍ ഇത്രയും മതി. അവള്‍ക്കൊരു പേരില്ലായെന്നത് സിനിമ കണ്ട പലരും ശ്രദ്ധിച്ചു കാണില്ല. അവളെ പോലെ പേരില്ലാത്ത നിരവധി പെണ്‍ജീവിതങ്ങളുടെ പ്രതിനിധിയായതിനാലാവാം സംവിധായിക അവളെ ഒരു പേരിലൊതുക്കാന്‍ ശ്രമിക്കാതിരുന്നത്. അല്ലെങ്കില്‍ തന്നെ ഒരു സെറോക്‌സ് ഷോപ്പിലെ 'പെണ്‍കുട്ടിയുടെ പേര് ആര് ശ്രദ്ധിക്കാന്‍, അവളുടെ ജീവിതമെന്തെന്ന് ആര് അന്വേഷിക്കാന്‍.

നായിക അവളുടെ കൂട്ടുകാരിയുടെ നിക്കാഹിന്റെ തലേ ദിവസം ചോദിക്കുന്ന ഒരു ചോദ്യത്തിലേക്ക്:

'നിനക്കിപ്പോള്‍ നിക്കാഹ് വേണ്ടെങ്കില്‍ അതു പറഞ്ഞൂടെ ' കൂട്ടുകാരിയുടെ മറുപടി: ' അവര് പറയുമ്പോള്‍ കേള്‍ക്കുന്നതാ എളുപ്പം. തിരിച്ചെന്തെങ്കിലും പറഞ്ഞാല്‍ തന്നെ തിരിയില്ലായെന്ന് ഉറപ്പല്ലേ ' പെണ്‍ജീവിതങ്ങള്‍ മറ്റുള്ളവരുടെ ഇഷ്ടങ്ങളില്‍ ഇല്ലാതാവുന്നത് അടയാളപ്പെടുത്തുന്നത് ഇങ്ങനെയൊക്കെയാണ്.


നായികയുടെ ഫോട്ടോ കോപ്പി സെന്ററിലേക്ക്,ഗൗരി ശങ്കര്‍ എന്ന നായകന്‍അയാളുടെ ഏറ്റവും പുതിയ പുസ്തകത്തിന്റെ കയ്യെഴുത്തുപ്രതി കോപ്പിയെടുക്കാന്‍ എത്തുന്നു. 'ഷോപ്പ് എത്ര മണി വരെ കാണും. എന്നയാള്‍ തമിഴ് കലര്‍ന്ന മലയാളത്തില്‍ ചോദിക്കുന്നുണ്ട്

'കൊഞ്ചം ലേറ്റായാലും ഞാന്‍ വരും. ലേറ്റായാലും ഉങ്കള്‍ക്കൊന്നും ബുദ്ധിമുട്ടില്ലയാ'വൈകാതെ വരാമെന്ന ഉറപ്പാേടെ, അയാള്‍ ഓട്ടോ കയറി പോകാന്‍ ശ്രമിക്കുന്നു. കോപ്പി ബൈന്‍സ് ചെയ്യേണ്ടതുണ്ടോയെന്ന് അവള്‍ തെരുവിലേക്ക് വിളിച്ചു ചോദിക്കുന്നു. ഉങ്കളുടെ ഇഷ്ട പോലെ ചെയ്‌തോയെന്ന അയാളുടെ മറുപടി അവളില്‍ സന്തോഷം നിറയ്ക്കുന്നു. പക്ഷേ, ആ രാത്രി വളരെ വൈകീട്ടും അയാള്‍ തിരിച്ചെത്തുന്നില്ല. അയാളുടെ തിരോധാനം പേരില്ലാത്ത പെണ്‍കുട്ടിയില്‍ ഉണ്ടാക്കുന്ന അവസ്ഥയാണ് പിന്നെ സിനിമ മുന്നോട്ട് വെയ്ക്കുന്ന പ്രമേയം.

ഫാസിസത്തിന്റെ വര്‍ത്തമാനത്തോട് തന്റെ എഴുത്തുകളിലൂടെ നിരന്തരം കലഹിക്കുന്ന എഴുത്തുകാരനാണ് ഗൗരീശങ്കര്‍. തന്നെ ഇല്ലാതാക്കാന്‍ പുറപ്പെട്ട ബൈക്കിന്റെ മുരള്‍ച്ച അയാളുടെ കാതുകളില്‍ കേള്‍ക്കാന്‍ കഴിയുന്നുണ്ട്. എഴുത്ത് എന്ന തന്റെ പ്രതിഷേധം, തനിക്ക് ശേഷവും പുറം ലോകത്ത് എത്തണമെന്ന അയാളുടെ ലക്ഷ്യമാണ്, ഫോട്ടോ കോപ്പി സെന്ററിലേക്ക് അയാളെ എത്തിക്കുന്നത്. അവളിലൂടെ തന്റെ പ്രതിഷേധം വായനാ സമൂഹത്തില്‍ എത്തുമെന്ന് തന്നെ അയാള്‍ വിചാരിച്ചിരിക്കണം. അവളറിയാതെ അയാള്‍ അവളെ നിരീക്ഷിച്ചിരിക്കണം. പലപ്പോഴും നമ്മളറിയാത്ത ആളുകള്‍ക്ക് നമ്മുടെ ലൈഫിന്റെ മുന്‍ സീറ്റില്‍ ഇടം കൊടുക്കേണ്ടി വരുന്നതു കൂടിയാണ് ജീവിതം.

ഗൗരിശങ്കര്‍, മാധ്യമപ്രവര്‍ത്തകയുംസോഷ്യല്‍ ആക്ടിവിസ്റ്റുമായിരുന്ന കര്‍ണാടകയിലെ ഗൗരി ലങ്കേഷിനെ ഓര്‍മപ്പെടുത്തുന്നുണ്ട്. സനാതന്‍ സന്‍സ്ഥ എന്ന ഹിന്ദുത്വ ഭീകരസംഘടനാ പ്രവര്‍ത്തകര്‍ വെടിവച്ചു കൊല്ലുകയായിരുന്നു അവരെ. എന്നാല്‍, സിനിമയ്ക്ക് അവരുടെ ജീവിതകഥയുമായി ബന്ധമൊന്നുമില്ല. പക്ഷേ, ഇന്നിന്റെ ഇന്ത്യയില്‍ പ്രതിഷേധിക്കുന്നവര്‍ക്കെല്ലാം ഒരേ അവസാനമാണ് സംഭവിക്കുന്നതെന്ന് വേണമെങ്കില്‍ വായിച്ചെടുക്കാം എന്ന് എഴുത്തുകാരികൂടിയായ സംവിധായിക പറയാതെ പറയുന്നുണ്ട്.



സിനിമ അവസാനിക്കുമ്പോള്‍, അതൊരു രാത്രിയാണ്. തന്റെ ഫോട്ടോ കോപ്പി സെന്ററില്‍ നിന്ന് അവള്‍ പുറത്തേക്കിറങ്ങുമ്പോള്‍ കടയാകമാനം ഒന്ന് നിരീക്ഷിക്കുന്നുണ്ട്. ഇനിയൊരിക്കലും താന്‍ ഇവിടെ വരില്ലായെന്ന് ആ നോട്ടം വെളിപ്പെടുത്തുന്നു. തുടര്‍ന്ന് ഷട്ടര്‍ താഴ്ത്തുമ്പോള്‍ ബൈക്കുകളുടെ അലര്‍ച്ച സ്‌ക്രീനിനെ മൂടുന്നു. ഇതിലും മനോഹരമായി എങ്ങനെ ഒരു സിനിമ അവസാനിപ്പിക്കും.

എത്ര ഹൃദ്യവും കാവ്യവുമാണ് ഈ സിനിമയുടെ ഭാഷയെന്നത് ആശ്ചര്യം തോന്നി. ഒരു കഥ പോലെ കവിത പോലെ ഉരുവിടുന്ന സംഭാഷണങ്ങളാല്‍ സമൃദ്ധമാണ് ഓരോ സീനും. ഒരു വാക്കും വെറുതെ പറയുന്നില്ലായെന്നതാണ്, തിരക്കഥയുടെ ശക്തി.


നിത്യ മേനന്‍ മലയാളത്തില്‍ മുമ്പും അഭിനയിച്ചിട്ടുണ്ടെങ്കിലും അവരുടെ ഇതുവരെ കാണാത്ത ഒരു അഭിനയശൈലി നമുക്ക് ഈ സിനിമയില്‍ കാണാം. പതിവ് ബഹളങ്ങളില്ലാതെ, വളരെ കയ്യടക്കത്തോടെ ഗൗരിയായ വിജയ് സേതുപതിയെ നമുക്ക് ഇഷ്ടപ്പെടാതിരിക്കാന്‍ വേറെ കാരണങ്ങളൊന്നുമില്ല. പ്രസാധകന്‍ സുഹൃത്തിന്റെ വേഷം ഇന്ദ്രജിത് സുകുമാരനില്‍ ഭദ്രം. സാധാരണക്കാരില്‍ സാധാരണക്കാരനായ നായികയുടെ അച്ഛന്‍ കഥാപാത്രത്തിന്റെ അലസ ജീവിതവും, നിസ്സഹായതയും, അടക്കിപ്പിടിച്ച സങ്കടങ്ങളും ശ്രീകാന്ത് മുരളി വ്യത്യസ്തമായി അവതരിപ്പിച്ചു. നായികയുടെ കൂട്ടുകാരനും ജോലി അന്വേഷകനും ഇന്നിന്റെ പ്രതിഷേധ സ്വരവുമായ ഭഗത് മാനുവലിന്റെ സഖാവും പ്രധാനപ്പെട്ട വേഷം തന്നെയാണ് ഈ ചിത്രത്തില്‍.

നായികയുടെ കൂട്ടുകാരിയായ അതുല്യയുടെ ഫാത്തിമ എന്ന കഥാപാതം ഫോട്ടോ കോപ്പി സെന്ററിനടുത്തുള്ള ലേഡീസ് ഷോപ്പിലെ ജോലിക്കാരിയുടേതാണ്. സമൂഹവും കുടുംബവും വരച്ചിട്ട കളങ്ങളില്‍ തങ്ങളുടെ വേഷങ്ങള്‍ കെട്ടിയാടുക മാത്രമാണ് കടമയെന്ന് കരുതുന്ന ഫാത്തിമ വര്‍ക്കിംഗ് ഗേള്‍സിന്റെ പ്രതിനിധിയാണ്. ദീപക് പറമ്പോലിന്റെ അന്വേഷണ ഉദ്യോഗസ്ഥനും ഇന്ദ്രന്‍സിന്റെ പൊലീസ് വേഷവും ചെറുതെങ്കിലും ശ്രദ്ധിക്കപ്പെടുന്നതാണ്.

ഗോവിന്ദ് വസന്തയുടെ സംഗീതം, മനേഷ് മാധവന്റെ ക്യാമറ, മനോജിന്റെ ചിത്രസംയോജനവും കഥയുടെ ഒഴുകിനെ മനോഹരമായി ഒഴുകാന്‍ സഹായിച്ചിട്ടുണ്ട്. സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ കൈ പൊള്ളുന്നത് പലപ്പോഴും നിര്‍മാതാക്കളുടേതായിരിക്കും. ആന്റോ ജോസഫും നീറ്റ പിന്റോയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഭരണകൂട ഭീകരതയ്‌ക്കെതിരെ ഇത്തരമൊരു ചിത്രമൊരുക്കാന്‍ മുന്നോട്ടു വന്ന അവര്‍ക്ക് ഇരുവര്‍ക്കും പ്രത്യേകം അഭിനന്ദനങ്ങള്‍.


ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നതും സംവിധായകയായ ഇന്ദു വി.എസ് തന്നെയാണ്. ആദാമിന്റെ മകന്‍ അബു, പത്തേമാരി എന്നീ ചിത്രങ്ങളില്‍ സഹസംവിധായകയായി പ്രവര്‍ത്തിച്ച ഇന്ദുവിന്റെ പ്രഥമ സ്വതന്ത്ര സിനിമയാണ് 19 (1) (a). ഇന്ത്യയില്‍ ഒരു മികച്ച സംവിധായക കൂടി ഉണ്ടായിരിക്കുന്നുവെന്നതിന് ഈ സിനിമ സാക്ഷ്യപ്പെടുത്തുന്നു. ഡിസ്‌നി ഹോട്ട്സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - രമേഷ് പെരുമ്പിലാവ്

Writer & Artist

Similar News

കടല്‍ | Short Story