1992 ഡിസംബര്‍ 5

| കവിത

Update: 2024-01-23 07:53 GMT
Advertising

ആ രാത്രിയില്‍

സരയൂവില്‍ നിന്നും

കാറ്റു പെറുക്കിയെടുത്ത്

അന്തരീക്ഷത്തില്‍ സ്ഥാപിച്ച

മൂന്ന് കൂറ്റന്‍ താമരയിതളുകള്‍ പോലെ

ആ താഴികക്കുടങ്ങള്‍ കാണപ്പെട്ടു.

അവ

തലയുയര്‍ത്തി ആകാശത്തെ നോക്കി.

മഞ്ഞിന്റെ പഞ്ഞിമണികള്‍

കുടിച്ചവരെപ്പോലെ

കാലത്തില്‍ കൂത്താടിക്കൊണ്ടിരിക്കുന്നു

അതിന് മുകളില്‍

ഒരു പാതിച്ചന്ദ്രന്‍

അസാമാന്യമായ് തിളങ്ങിക്കൊണ്ടിരിക്കുന്നു.

അതിന് മുകളില്‍

കണ്ണെത്താ ദൂരത്തോളം

നക്ഷത്രപ്പാടങ്ങള്‍

വിളഞ്ഞു വിളഞ്ഞു മറിഞ്ഞുകൊണ്ടിരിക്കുന്നു.

അതിനും മുകളില്‍

ആ താഴികക്കുടങ്ങള്‍ക്ക് മാത്രം

കാണാകുന്ന വിധത്തില്‍

വെളിച്ചത്തിന്റെ ഒരിടനാഴി

പ്രത്യക്ഷപ്പെട്ടു.

പരമകാരുണികനായ തമ്പിരാനേ,

പള്ളി വിളിച്ചു.

ഭൂമിയിലെ വൃക്ഷങ്ങളെല്ലാം

അപ്പോള്‍

അതിന് മുന്നില്‍ മുട്ടുകുത്തി.

ഓരോ വെളിച്ചത്തുണ്ടും ജപമാലയിലെ

മണികളായി.

പ്രപഞ്ചം

ആ പ്രാര്‍ത്ഥനയിലെ വാക്കുകളായി

സകല ചരാചരങ്ങളേയും

അടുക്കി വെച്ചു

ആ പള്ളിക്ക്

നീലത്തിമിംഗലത്തേക്കാള്‍ വലിപ്പമുണ്ടായിരുന്നു.

മനുഷ്യനേക്കാള്‍ ഓര്‍മ്മയുണ്ടായിരുന്നു.

ആമയേക്കാള്‍ ആയുസ്സുണ്ടായിരുന്നു.

അതിന്റെ ഉദരത്തിനുള്ളില്‍

നൂറ്റാണ്ടുകള്‍ നിസ്‌ക്കരിച്ചിരുന്നു.

സമാധാനം സ്വന്തം വാസ്തുവിദ്യയെ

അതില്‍ നിക്ഷേപിച്ചിരുന്നു.

അത് ഭൂമിയുടെ വേഗത്തില്‍

സഞ്ചരിക്കുമായിരുന്നു.

പ്രപഞ്ചത്തിന്റെ താളത്തില്‍

നൃത്തം വെയ്ക്കുമായിരുന്നു.

സമുദ്രങ്ങളുടെ ഭാഷയില്‍

സംസാരിക്കുമായിരുന്നു.

നാളെ ഉണരാനിരിക്കുന്ന രാത്രിയിലേയ്ക്കാണ്

അന്നും അത് തല ചായ്ച്ചത്.

നാളെ സൂര്യനോട് പറയാനുള്ള

സ്വപ്നത്തിലേയ്ക്കാണ്

മനം ചായ്ച്ചത്.

പിറ്റേന്ന്

ആദ്യം കയറിപ്പറ്റിയ കര്‍ഭീകരന്‍

ചുറ്റിക കൊണ്ട്

ആ ശിരസ്സില്‍

ആഞ്ഞടിച്ചപ്പോള്‍

മുഖത്തു തെറിച്ച രക്തം

സൂര്യന്‍

രശ്മികള്‍ കൊണ്ട് തുടച്ചു

കുടഞ്ഞപ്പോള്‍

ആ കൊഴുത്ത അനീതി

എല്ലാ രാജ്യങ്ങളിലും

എല്ലാ സമുദ്രങ്ങളിലും

തെറിച്ചു വീണു.

എല്ലാ മേഘങ്ങളിലും

എല്ലാ മഴകളിലും

കൂടിക്കലര്‍ന്നു.

ആ ചൂടില്‍പ്പൊള്ളിയ മലയാളം കൊണ്ട്

ഇന്ന് ഞാന്‍ പ്രാകട്ടെ.

വെടിവെച്ചു വീഴ്ത്തിയ

ഒരു പള്ളിയുടെ ഇറച്ചി

പച്ചയ്ക്ക് തിന്നവരേ,

നിങ്ങള്‍ നിങ്ങളുടെ തന്നെ

ഇറച്ചിയാണ് തിന്നതെന്ന്

കണ്ടെത്തുന്ന ദിനം വരുന്നുണ്ട്.  


.............................

2024 ജനുവരി 21, 9.20 pm, മാവേലി എക്‌സ്പ്രസ്സ് | വര: സ്വാതി ജോര്‍ജ്

(പി.എന്‍ ഗോപീകൃഷ്ണന്‍ എഫ്.ബി പേജില്‍ കുറിച്ചത്)   


പി.എന്‍ ഗോപീകൃഷ്ണന്‍  


സ്വാതി ജോര്‍ജ്

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - പി.എന്‍ ഗോപീകൃഷ്ണന്‍

Writer

Similar News

കടല്‍ | Short Story