2018: മലയാളത്തിന്റെ ബ്രഹ്മാണ്ഡ സിനിമ
ലോകമെമ്പാടുമുള്ള മലയാളികള്‍ മാത്രമല്ല, ലോകജനതക്കുള്ള സത്‌സന്ദേശമായി ഈ സിനിമ സ്വീകരിക്കപ്പെടും എന്നതില്‍ സംശയമില്ല.
2018 ല്‍ പ്രളയം കേരളത്തില്‍ വന്നെത്തിയത് ഒരു മുന്നറിയിപ്പും ഇല്ലാതെ ആയിരുന്നു. അതുപോലെ തന്നെ ആ ദുരന്തമുഖത്തെ വീറോടെ, ഒരുമയോടെ നേരിട്ട മലയാളിയെ ആ സ്‌നേഹവും, കടന്നുവന്ന വഴിയും ഓര്‍മപെടുത്താന്‍ വന്ന സിനിമയും വലിയ മുന്നറിയിപ്പില്ലാതെ എത്തി. കാരണം, എല്ലാ ബഹളങ്ങള്‍ക്കുമപ്പുറം പ്രളയവും ഈ സിനിമയും ഒരേ പോലെ ശക്തമാണ്. ജൂഡ് ആന്റണി ജോസഫ്, താങ്കളുടെ ചങ്കൂറ്റത്തിന് അഭിനന്ദനങ്ങള്‍.
ഒരു ഒറിജിനല്‍ സിനിമ ലോകത്തിന് സമര്‍പ്പിച്ചതിന് നന്ദി
മൂന്നോ നാലോ സന്ദര്‍ഭങ്ങള്‍ക്കിടയില്‍ നിന്ന് ഒരു കഥ പറഞ്ഞു ശീലിച്ച സിനിമാ ശില്‍പങ്ങള്‍ക്കിടയില്‍ നിന്നും ഇവിടെ മലയാളിക്കും ലോകര്‍ക്കും നന്നായി അറിയാവുന്ന, അവരില്‍ മിക്കവരും അനുഭവിച്ച പ്രളയം ക്രോഡീകരിച്ച വികാരങ്ങളുടെ കഥ പറയാന്‍ പത്തോളം കഥാ സന്ദര്‍ഭങ്ങള്‍ യാതൊരു വിരസതയും ഉണ്ടാക്കാതെ പ്രേക്ഷകമനസ്സുകളില്‍ കണ്‍ഫ്യൂഷന് ഇടയാക്കാതെ അവതരിപ്പിക്കാന്‍ ഒരു ജീനിയസ് ഫിലിം മേക്കര്‍ന് മാത്രം കഴിയുന്ന കാര്യമാണ്.
എല്ലാവരും ഹീറോസ്
ഈ അതിജീവനത്തിന്റെ കഥയില്‍ എല്ലാവരും കേരളത്തെ നയിച്ചവരാണ്. ഈ സിനിമയിലും അങ്ങനെത്തന്നെ. മലയാളസിനിമയിലെ മുന്‍നിര താരങ്ങള്‍ അണിനിരന്നെങ്കിലും ഒരേ പരിഗണന, ആര്‍ക്കും സ്‌പെഷ്യല്‍ എന്‍ട്രിയും ഒന്നുമില്ല എന്നത് സിനിമയില്‍ സ്വാഭാവികത നിലനിര്‍ത്തി. വില്ലനായി വന്ന മഴയും പ്രളയയവും വീടും നാടും നശിപ്പിച്ചു എങ്കിലും മനുഷ്യമനസ്സുകളെ ഒന്നിപ്പിക്കാന്‍ സാധിച്ചു. ചെറുത്, വലുത് എന്നില്ലാതെ പരസ്പരം അംഗീകരിക്കാന്‍ വഴിയൊരുക്കി. അഞ്ചു വര്‍ഷത്തിനു ശേഷം നമുക്കിടയില്‍ എന്തെങ്കിലും ചെറിയ വേര്‍തിരിവുകള്‍ വന്നു പോയെങ്കില്‍, എന്തിനെങ്കിലും നമ്മള്‍ അഹങ്കരിച്ചു പോയെങ്കില്‍ മനുഷ്യരേ ഈ സിനിമ നമുക്കൊരു ഓര്‍മപ്പെടുത്തലാണ്.
വെള്ളം: ഈ നൂറ്റാണ്ടില്‍ നമ്മളോരോരുത്തരും വില കൊടുത്തു കടയില്‍ നിന്നും വാങ്ങി കുടിക്കുന്ന വെള്ളം. എല്ലാ ചടങ്ങുകളിലും വേദികളിലും ആഘോഷിക്കപ്പെടുന്ന ബോട്ടില്‍ഡ് വാട്ടര്‍. മറുനാട്ടില്‍ കാതങ്ങള്‍ താണ്ടി കുടങ്ങള്‍ നിറച്ച് തലയില്‍ താങ്ങി കുടിലുകളിലേക്ക് ഭക്ഷണം പാകം ചെയ്യാന്‍ കൊണ്ടെത്തിക്കുന്ന വെള്ളം. ഭരണകൂടങ്ങളുടെയും നിയമതന്ത്രങ്ങള്‍ക്കിടയിലും കെട്ടിനിര്‍ത്തുന്ന കൂറ്റന്‍ ഡാമുകളിലെ വെള്ളം, മനുഷ്യന്‍ പറയുന്ന വ്യവസ്ഥകളെ മുക്കിക്കളയാന്‍ കെല്‍പ്പുള്ള കടലിലെ വെള്ളം. കരകവിഞ്ഞൊഴുകുന്ന കേരളമെന്ന ദൈവത്തിന്റെ നാടെന്ന അഹങ്കാര നാടിനെ വിഴുങ്ങിയ പ്രളയജലം. വെള്ളത്തിന്റെ എല്ലാ ഭാവങ്ങളെയും അതിപ്രകടനങ്ങളില്ലാതെ അവതരിപ്പിച്ച സിനിമ.
പ്രളയ ഓര്‍മകളെ പോലും ഭീതിതമാക്കുന്ന ആ സന്ദര്‍ഭങ്ങള്‍ സിനിമക്ക് വേണ്ടി വീണ്ടും ഒരുക്കക ഒട്ടും എളുപ്പമല്ല. ഇത് കേരളത്തിന്റെ ഒരുമ ഓര്‍മിക്കാന്‍ ഒരുക്കിയ മലയാളത്തിന്റെ ബ്രഹ്മാണ്ഡ സിനിമയാണ്. ലോകമെമ്പാടുമുള്ള മലയാളികള്‍ മാത്രമല്ല, ലോകജനതക്കുള്ള സത്‌സന്ദേശമായി ഈ സിനിമ സ്വീകരിക്കപ്പെടും എന്നതില്‍ സംശയമില്ല.
അഭിനയിച്ചവരുടെ പേരുകള്‍ എടുത്തു പറയേണ്ടതില്ല, അവ പോസ്റ്റര്‍കളില്‍ ഉണ്ട്, ടി.വി ചര്‍ച്ചകളില്‍ ഉണ്ട്. ഒട്ടനേകം ടെക്നിഷ്യന്‍മാരുടെ പേരുകള്‍ സിനിമക്ക് ശേഷം വെള്ളിത്തിരയില്‍, ഒറിജിനല്‍ പ്രളയത്തിന്റെ ഓര്‍മ ചിത്രങ്ങളുടെ വലതു വശത്തായി പരിഭവമില്ലാതെ ഒഴുകിപോകുന്നതും ശ്രദ്ധിച്ചു. പൊതുവെ സിനിമ തീര്‍ന്ന ഉടന്‍ എഴുന്നേറ്റ് പോകാന്‍ ശീലമുള്ള മള്‍ട്ടിപ്ലക്‌സ് ഓഡിയന്‍സ് സിനിമ ഒരുക്കിയവരുടെ പേരുകളുടെ ഒഴുക്കും തീരും വരെ സശ്രദ്ദം വായിച്ചതിന് ശേഷമേ എഴുന്നേറ്റുള്ളൂ. അഭിനന്ദങ്ങള്‍!
ജൂഡ് ആന്റണി ജോസഫ് എന്ന സംവിധായകനിലൂടെ ലോകോത്തര നിലവാരമുള്ള ഈ കലാസൃഷ്ടി അവതരിപ്പിക്കാന്‍ അവസരവും സ്വാതന്ത്ര്യവും നല്‍കിയ ഈ ബ്രഹ്മാണ്ഡ സിനിമയുടെ നിര്‍മാതാക്കള്‍ക്ക് അഭിനന്ദങ്ങള്‍!. ഒരു നല്ല സിനിമ സമ്മാനിച്ചതിനു അതോടൊപ്പം നന്ദിയും. ലോക സിനിമാ പ്രേക്ഷകര്‍ ഈ സിനിമ തീര്‍ച്ചയായും ആഘോഷിക്കും!
എന്തെല്ലാം കരളലിയിക്കും സംഭവങ്ങളാണ് അന്ന് ആ പ്രളയത്തില്‍ നടന്നത്. അതില്‍ മിക്കതും കോര്‍ത്തിണക്കി, ഒരേ നാട്ടിലെ പരസ്പരം അറിയുന്നവരുടെ കഥകളാക്കി, അവരുടെ ജീവിതങ്ങളിലെ പ്രേരണകളെയും, ദുഃഖങ്ങളേയും, സന്തോഷങ്ങളെയും പ്രളയക്കെടുതികള്‍ക്കിടയിലൂടെ സമന്വയിപ്പിച്ച കഥാവതരണം. എന്ത് രസകരമായിട്ടാണ് ഈ സംഘര്‍ഷ നിമിഷങ്ങള്‍ക്കിടയില്‍ നര്‍മം കൈകാര്യം ചെയ്തത്. മനോഹരം!.
ഒരു ജനതയുടെ സന്നദ്ധസ്വഭാവം, തീവ്രചിന്ത, മാധ്യമസംസ്‌കാരം, കുടുംബവ്യവസ്ഥകള്‍, വിവിധ ഭാവങ്ങള്‍, പ്രണയം, സ്‌നേഹ ബന്ധങ്ങള്‍, വ്യത്യസ്ത സമൂഹ വികാരങ്ങള്‍, ഉദ്യോഗസ്ഥ സ്പര്‍ധകള്‍ ,ഭരണമൂല്യങ്ങള്‍, കാഴ്ചയുള്ളവരും ഇല്ലാത്തവരുടെയും ലോകങ്ങള്‍, മനുഷ്യരുടെയും മൃഗങ്ങളുടെയും ഭീതികള്‍, രക്ഷാപ്രവര്‍ത്തകരുടെ ധീരമായ ഇടപെടലുകള്‍, ഇന്ത്യന്‍ പട്ടാള ട്രെയിനിങ്ങിന്റെ ഗുണങ്ങള്‍, ഉദ്വേഗ പൂര്‍വവും രോമാഞ്ചജനകവുമായ ദൃശ്യങ്ങള്‍. ഇടക്കിടയ്ക്ക് അറിയാതെ കരഞ്ഞു പോയി, ഇടക്ക് ചിരിച്ചു, നെഞ്ചിടിപ്പോടെ നോക്കിയിരുന്നു, ആവേശം കൊണ്ടു, അഭിമാനം തോന്നി. കേരളത്തെ ഞെട്ടിച്ച ഈ പ്രളയം കൊണ്ടുപോയ ജീവനുകളെയും അവരുടെ കുടുംബങ്ങളെയും ഓര്‍ത്തു. നിങ്ങള്‍ തരണം ചെയ്ത ജീവിതവഴികള്‍ നമ്മളോരോരുത്തരേയും കൂടുതല്‍ വിനയമുള്ളവരാക്കുന്നു.
സിനിമയിലെ സീനുകള്‍ എടുത്തു പറഞ്ഞ് ഈ ആസ്വാദനം നീട്ടുന്നില്ല. പക്ഷെ, അമ്മയെ പ്രസവത്തിനു കൊണ്ട് പോകാന്‍ ഹെലികോപ്റ്റര്‍ലേക്ക് ഉയര്‍ത്തുമ്പോള്‍ ഒരേ സമയം ആ അത്ഭുത ദൃശ്യവും അതോടൊപ്പം വേര്‍പാടിന്റെ ഭീതിയും ചേര്‍ന്നുള്ള മുകളിലേക്ക് നോക്കുന്ന ആ കുഞ്ഞിന്റെ മുഖം പ്രേക്ഷക മനസ്സുകളില്‍ പ്രതീക്ഷയുടെ ചിത്രമായി എന്നും നിലനില്‍ക്കും.
2018: Every one is a hero സ്‌നേഹത്തിന്റെ സിനിമയാണ്. സാഹോദര്യത്തിന്റെ സിനിമയാണ്. കേരളത്തിന്റെ ഒരുമയുടെ ഓര്‍മയാണ്. ഇനി വരാനിരിക്കുന്ന ഏത് വെല്ലുവിളിയെയും നേരിടാന്‍ ഈ ഒരുമ മാത്രം മതി.