കുന്ദേരയും ഇന്‍ഫെന്തേയും പ്രസരിപ്പിക്കുന്ന പ്രതീക്ഷയുടെ ദര്‍ശനം

സ്വാതന്ത്ര്യത്തിന്റെ അര്‍ഥവും വ്യാപ്തിയും തിരിച്ചറിയാന്‍ ചരിത്രത്തെ പ്രാപ്തമാക്കുന്നത് സമഗ്രാധിപത്യമാണെന്നാണ് കുന്ദേരയും ഇന്‍ഫെന്തേയും പറയുന്നത്. അത്യന്തം ശുഭപ്രതീക്ഷയോടെയാണ് ഇരുവരുടേയും നോവലുകളുടെ അന്ത്യം.

Update: 2023-10-16 12:28 GMT
Advertising

മറവിക്കെതിരെ സ്മൃതിയുടെയും അധികാരത്തിനെതിരെ ചിരിയുടെയും കലാപം തീര്‍ത്ത (ശരിക്കും യുദ്ധം എന്ന് തന്നെയാണെന്ന് തോന്നുന്നു പറയേണ്ടത്, ഇംഗ്ലീഷില്‍ അത് battle of memory against oblivion എന്നാണ് പറയപ്പെടാറുള്ളത്) മിലന്‍ കുന്ദേര, ഏതൊരു വിഹ്വലാവസ്ഥയിലും മുന്നോട്ടു വെക്കുന്നത് പ്രതീക്ഷയുടെ ദര്‍ശനമാണ്. മറവിക്കെതിരെ ഓര്‍മ, അധികാരത്തിനെതിരെ ചിരി, വിഹ്വലതകള്‍ക്കും ഭയത്തിനുമെതിരെ പ്രതീക്ഷയും - ഇങ്ങനെയാണ് കുന്ദേരയുടെ ദര്‍ശനം പ്രദീപ്തവും ജീവസ്സുറ്റതുമാകുന്നത്. ഇവിടെ നമുക്ക് ക്യുബന്‍ എഴുത്തുകാരനായ ഗിയെര്‍മോ കബ്രെറ ഇന്‍ഫെന്തേയുടെ നോവല്‍ ഓര്‍ക്കാവുന്നതാണ്. ചരിത്രത്തോടൊപ്പമുള്ള സഞ്ചാരം തന്നെയാണ് ഇന്‍ഫെന്തേയുടെ പുസ്തകങ്ങളും. പ്രത്യേകിച്ച് 'View of Dawn in the Tropics' എന്ന നോവല്‍.

മതന്‍സാസ് എന്ന ക്യൂബന്‍ പ്രവിശ്യയുടെ കഥയാണ് ഇന്‍ഫെന്തേ പറയുന്നത്. ചെക്കൊസ്ലൊവാക്യയില്‍ കുന്ദേരയെയും റഷ്യയില്‍ പ്ലാറ്റനോവിനെയും ഒക്കെ കണ്ടതുപോലെത്തന്നെ ക്യൂബയില്‍ ഫിദല്‍ കാസ്‌ത്രോയുടെ മൂവ്‌മെന്റില്‍ പങ്കാളിയായിരുന്നു ഇന്‍ഫെന്തേ. ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകാംഗങ്ങളില്‍പ്പെട്ടവരായിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കള്‍. മതന്‍സാസിന്റെ ചരിത്രത്തിലൂടെ ക്യൂബയുടെ ചരിത്രം തന്നെ പറയുകയാണ് View of Dawn in the Tropics.

സ്പാനിഷ് അധിനിവേശവും പിന്നീട് ബ്രിട്ടീഷ് കൊളോണിയലിസവും ക്യൂബയില്‍ അതിക്രൂരമായിരുന്നു. കടുത്ത തടങ്കല്‍ (internment) ഉദേശിച്ചു കൊണ്ടുള്ള കോണ്‍സന്‍ട്രേഷന്‍ കാമ്പുകള്‍ ചരിത്രത്തിലാദ്യമായി നിലവില്‍ വന്നത് ക്യൂബയിലാണ്. സ്പാന്യാഡുകള്‍ സ്ഥാപിച്ചത്. ഇംഗ്ലീഷ് അധിനിവേശത്തിന് ശേഷം, ലാറ്റിന്‍ അമേരിക്കന്‍ പ്രദേശങ്ങള്‍ യു.എസിന്റെ നിയന്ത്രണത്തിലായി. തുടര്‍ന്ന് വ്യത്യസ്ത വിഭാഗങ്ങളെ ഉള്‍ക്കൊള്ളുന്ന ലാറ്റിന്‍ അമേരിക്കന്‍ ദേശീയത വളര്‍ന്നു വന്നു. ലിബര്‍ത്തദോര്‍ എന്നറിയപ്പെട്ട വിമോചനപ്പോരാളികളുണ്ടായി.

കവികളുടെയും കലാസാംസ്‌കാരിക പാരമ്പര്യങ്ങളുടെയും സമൃദ്ധിയാണ് മതന്‍സാസിന്റെ സവിശേഷത. ഒപ്പം സമൃദ്ധമായ പ്രകൃതിയും. Venice of Cuba, City of Bridges എന്നെല്ലാം അറിയപ്പെടുന്ന ആ കൊച്ചു പ്രവിശ്യയില്‍ പരസ്പരം ഇഴചേര്‍ന്നും വേര്‍പിരിഞ്ഞും പരസ്പരം മുറിച്ചും മൂന്ന് പുഴകളൊഴുകുന്നു. പതിനേഴ് പാലങ്ങളുണ്ട് മതന്‍സാസ് നഗരത്തില്‍. ആഫ്രിക്കന്‍, നേറ്റിവ് അമേരിക്കന്‍ ഫോക്‌ലോറിന്റെ കേന്ദ്രമായും ആ നഗരം അറിയപ്പെടുന്നു. എന്നാല്‍, ഇതിന് തന്നെ ദൗര്‍ഭാഗ്യകരമായ മറുവശവുമുണ്ട്. മതന്‍സാസ് എന്ന സ്പാനിഷ് പദത്തിന്റെ അര്‍ഥം massacre, slaughter, blood-bath എന്നൊക്കെയാണെന്ന് കേള്‍ക്കുമ്പോള്‍ മനസ്സിലാവും. ചോരപ്പുഴകളുടെ ചരിത്രമാണതിന്. സിബോണി, ടെയ്‌നോ, കരീബ് തുടങ്ങിയ അമേരിന്ത്യന്‍ ഗോത്രങ്ങള്‍ തമ്മില്‍ത്തന്നെ കുടിപ്പകയായിരുന്നത്രേ. തുടര്‍ന്ന് ക്രിസ്റ്റഫര്‍ കൊളംബസിന്റെയും സ്പാന്യാഡുകളുടെയും അധിനിവേശത്തിന്റെ കാലമായിരുന്നു.


സ്‌പെയിന്‍-ഇംഗ്ലണ്ട് യുദ്ധത്തെത്തുടര്‍ന്ന് ഹവാന കീഴടക്കിയ ഇംഗ്ലീഷുകാര്‍ ക്യൂബയില്‍ ധാരാളം ആഫ്രിക്കന്‍ അടിമകളെ കൊണ്ടുവന്നു. ഇത്തരം കുടിയേറ്റങ്ങള്‍ പൊതുവെ ലാറ്റിന്‍ അമേരിക്കയില്‍ പുതിയ നരവര്‍ഗങ്ങളെ സൃഷ്ടിച്ചിട്ടുണ്ട്. ഇന്‍ഡിജനസ് അമേരിക്കര്‍ക്കും ആഫ്രിക്കര്‍ക്കും വെള്ളക്കാര്‍ക്കും പുറമെ, Mestizo (Mixed European and Indigenous American), Mulatto (Mixed African and European ancestry), Zambo (Mixed Indigenous American and African ancestry) എന്നീ നരവര്‍ഗങ്ങളും അവിടെ വികാസം പ്രാപിച്ചു. സ്പാനിഷ് അധിനിവേശവും പിന്നീട് ബ്രിട്ടീഷ് കൊളോണിയലിസവും ക്യൂബയില്‍ അതിക്രൂരമായിരുന്നു. കടുത്ത തടങ്കല്‍ (internment) ഉദേശിച്ചു കൊണ്ടുള്ള കോണ്‍സന്‍ട്രേഷന്‍ കാമ്പുകള്‍ ചരിത്രത്തിലാദ്യമായി നിലവില്‍ വന്നത് ക്യൂബയിലാണ്. സ്പാന്യാഡുകള്‍ സ്ഥാപിച്ചത്. ഇംഗ്ലീഷ് അധിനിവേശത്തിന് ശേഷം, ലാറ്റിന്‍ അമേരിക്കന്‍ പ്രദേശങ്ങള്‍ യു.എസിന്റെ നിയന്ത്രണത്തിലായി. തുടര്‍ന്ന് വ്യത്യസ്ത വിഭാഗങ്ങളെ ഉള്‍ക്കൊള്ളുന്ന ലാറ്റിന്‍ അമേരിക്കന്‍ ദേശീയത വളര്‍ന്നു വന്നു. ലിബര്‍ത്തദോര്‍ എന്നറിയപ്പെട്ട വിമോചനപ്പോരാളികളുണ്ടായി.

അമേരിക്കന്‍ സഹായത്തോടെ ക്യൂബ സ്വതന്ത്രരാജ്യമായെങ്കിലും സ്വാതന്ത്ര്യപ്പോരാളികള്‍ ഏകാധിപതികളായി മാറി. അങ്ങനെ ഏകാധിപത്യം വാണ ഫുള്‍ജെന്‍സിയോ ബത്തീസ്തയുടെ കാലത്താണ് ഫിദല്‍ കാസ്ത്രോയുടെ വിപ്ലവം ഉണ്ടായത്. അതേസമയം കാസ്ത്രോയുടെ വിപ്ലവഭരണകൂടവും സമഗ്രാധിപത്യം തന്നെയായി മാറിയതിന്റെ കഥ കൂടിയാണ് ഇന്‍ഫെന്തെ എന്ന നോവലിസ്റ്റ് പറയുന്നത്. എന്നാല്‍, ഇത്രയൊക്കെ ദുരിതങ്ങളുടെ കഥ പറഞ്ഞിട്ടും View of Dawn in the Tropics എന്ന നോവല്‍ അവസാനിക്കുന്നത് അത്യന്തം ശുഭപ്രതീക്ഷയോടെയാണ്. എല്ലാത്തിനെയും അതിജയിക്കാന്‍ ആ ദ്വീപ് അവിടെത്തന്നെയുണ്ടാവും എന്ന് നോവലിസ്റ്റ് പറയുന്നു. അങ്ങനെയാണ് കബ്രെറ ഇന്‍ഫെന്തെയുടെ നോവല്‍ പ്രസാദാത്മകമായിത്തീരുന്നത്; അതും അത്രയും നേരം ഒരു നാട്ടിനും ജനതക്കും മേല്‍ വന്നുപതിച്ച ദുരന്തങ്ങളിലൂടെ കടന്നു പോയിട്ടും.


ഈ പ്രതീക്ഷ തന്നെയാണ് മിലന്‍ കുന്ദേരയും പ്രസരിപ്പിക്കാന്‍ ശ്രമിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ അര്‍ഥവും വ്യാപ്തിയും തിരിച്ചറിയാന്‍ ചരിത്രത്തെ പ്രാപ്തമാക്കുന്നത് സമഗ്രാധിപത്യം തന്നെയാണെന്ന് കുന്ദേര പറയുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, 'Totalitarianism is not only hell, but all the dream of paradise'.

'..... പരസ്പരം രഹസ്യങ്ങളില്ലാതെ, പൊതുവായ ഇച്ഛാശക്തിയും വിശ്വാസവും കൊണ്ട് ഏകീകൃതമായി എല്ലാവരും യോജിച്ച് ജീവിക്കുന്ന ഒരു ലോകത്തിന്റെ പഴയ സ്വപ്നം... നമ്മുടെ എല്ലാവരുടെയും ഉള്ളില്‍ ആഴത്തിലുള്ളതും എല്ലാ മതങ്ങളിലും ആഴത്തില്‍ വേരൂന്നിയതുമായ ഈ പുരാരൂപങ്ങളെ സമഗ്രാധിപത്യം ചൂഷണം ചെയ്തില്ലെങ്കില്‍, അതിന് ഒരിക്കലും ഇത്രയധികം ആകര്‍ഷകമാകാന്‍ കഴിയില്ല.

നിലനില്‍പിന്റെ ആദ്യഘട്ടങ്ങളില്‍ത്തന്നെ പറുദീസയെക്കുറിച്ചുള്ള സ്വപ്നം യാഥാര്‍ഥ്യമാകാന്‍ തുടങ്ങിയാല്‍, അവിടെയും ഇവിടെയും ആളുകള്‍ പ്രതിബന്ധങ്ങളുമായി വരുമെന്ന് കുന്ദേര നിരീക്ഷിക്കുന്നുണ്ട്. പറുദീസയുടെ ഭരണാധികാരികള്‍ ഏദന്റെ ഒരു വശത്ത് ഗുലാഗുകള്‍ നിര്‍മിക്കുക തന്നെ ചെയ്യുമെന്ന് അദ്ദേഹം പറയുന്നു. കാലക്രമേണ, ഈ ഗുലാഗുകള്‍ കൂടുതല്‍ വലുതും പൂര്‍ണ്ണതയുള്ളതുമായി വളരുന്നു, അതേസമയം അടുത്തുള്ള പറുദീസ കൂടുതല്‍ ചെറുതും ദരിദ്രവുമാകുന്നു.'

ഈ ഞെരുക്കവും ദാരിദ്ര്യവുമാവാം, അല്ലെങ്കില്‍ അത് കൂടിയാവാം ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ കുന്ദേരയിലെ സര്‍ഗാത്മകതയെ പ്രചോദിപ്പിച്ചത്. മുകളില്‍ ഗുലാഗ് എന്ന് പറഞ്ഞത് കോണ്‍സന്‍ട്രേഷന്‍ കാമ്പുകളിലെ സോവിയറ്റ് സിസ്റ്റമാണ്. ഇന്നും നിലനില്‍ക്കുന്ന പീഡന കോണ്‍സന്‍ട്രേഷന്‍ കാമ്പുകളുണ്ട്. North Korean prison camp, Guantanamo Bay detention camp, Refugee detention centres in Libya, Uyghur re-education camps in China, Migrants detentionന് വേണ്ടിയുള്ള ട്രംപിന്റെ തടങ്കല്‍ കേന്ദ്രങ്ങള്‍... തുടങ്ങിയവ ഉദാഹരണം'

എന്തായാലും പ്രതീക്ഷയാണ് മിലന്‍ കുന്ദേരയുടെ ജീവിത ദര്‍ശനം, അതാണ് അദ്ദേഹത്തിന്റെ കൃതികളുടെ പ്രകാശവും.

വിഖ്യാത അമേരിക്കന്‍ നോവലിസ്റ്റ് ഫിലിപ് റോത്തുമായുള്ള അഭിമുഖത്തില്‍ മിലന്‍ കുന്ദേര ഇപ്രകാരം പറയുന്നുണ്ട്.

'ഒരു നോവല്‍ ഒന്നും സമര്‍ഥിക്കുന്നില്ല. അന്വേഷിക്കുകയും ചോദ്യങ്ങളുന്നയിക്കുകയും മാത്രമാണത് ചെയ്യുന്നത്. എന്റെ രാജ്യം നശിച്ചു പോകുമോ, എന്റെ കഥാപാത്രങ്ങള്‍ ശരിയാണോ എന്നൊന്നും എനിക്കറിഞ്ഞുകൂടാ. ഞാന്‍ കഥയുണ്ടാക്കുന്നതിന്റെ അര്‍ഥം ഞാന്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നുവെന്നാണ്. മാര്‍ക്‌സ് ആയാലും ഇസ്‌ലാം ആയാലും നിര്‍മിച്ചിരിക്കുന്നത് ഉത്തരങ്ങളുടെ ഒരു ലോകമാണ്. അതൊരു സര്‍വാധിപത്യലോകമാണ്. അവിടെ ചോദ്യങ്ങളില്ല, നോവലിനിടവുമില്ല.'


ചിരിയുടെയും മറവിയുടെയും പുസ്തകം (The Book of Laughter and Forgetting) എഴുതിയ കുന്ദേരക്ക് നര്‍മവും ചിരിയും പ്രധാന കരുക്കളാണെന്ന് പറയേണ്ടതില്ലല്ലോ. സ്റ്റാലിനിസ്റ്റ് ഭീകരവാഴ്ചയുടെ കാലത്താണ് താന്‍ നര്‍മത്തിന്റെ വില മനസ്സിലാക്കുന്നതെന്ന് അദ്ദേഹം തന്നെ പറയുന്നുണ്ട്. സമൂഹത്തിന്റെ നര്‍മശൂന്യതയും തമാശയോടുള്ള അധികാര വ്യവസ്ഥയുടെ ഭയവുമെല്ലാം കുന്ദേരയുടെ ആഖ്യായികകളില്‍ നര്‍മമായി മാറുന്നുണ്ട്. The Festival of Insignificance, The Joke എന്നീ നോവലുകളില്‍ അത് കാണാം.

'It is important to maintain a good sense of humor and a positive mood, including joking and pranking' എന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

The Book of Laughter and Forgettingനെപ്പറ്റി Not a novel, but a book of variations എന്ന് പറഞ്ഞിട്ടുണ്ട് ചിലര്‍. ഒരു നോവലായിത്തന്നെ അതിനെ കാണണമെന്ന് തനിക്ക് നിര്‍ബ്ബന്ധമൊന്നുമില്ലെന്ന് റോത്തുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം തന്നെ പറയുന്നുണ്ട്. അതേസമയം തന്റെ വ്യക്തിപരമായ സൗന്ദര്യബോധത്തില്‍ അതൊരു നോവല്‍ തന്നെയാണെന്നുറപ്പാണ്. എന്നാല്‍, ആരുടെമേലും അടിച്ചേല്‍പ്പിക്കാന്‍ താനാഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു.ഒരു സ്വര്‍ണഖനി പോലെയാണ് ആ പുസ്തകം എന്ന് പറയാറുണ്ട്. എവിടെ നിന്നും സ്വര്‍ണമണികളാണ്. പക്ഷേ, അത് ലഭിക്കണമെങ്കില്‍ ആദ്യം ഖനിയിലേക്കിറങ്ങണം.


ചെകുത്താന്റെയും മാലാഖമാരുടെയും ചിരികളെപ്പറ്റി എഴുതുന്നു അദ്ദേഹം. ദൈവത്തിന്റെ ലോകം അയുക്തികമെന്ന് ചിരിക്കുകയാണ് ചെകുത്താന്‍. എന്നാല്‍, ദൈവത്തിന്റെ ലോകത്തില്‍ ഓരോന്നിനും യുക്തിയുണ്ട് എന്ന് മാലാഖമാര്‍ മറുചിരിയും ചിരിക്കുന്നു. അതേസമയം മാലാഖമാരുടെ ചിരി മതഭ്രാന്തന്മാരുടെ ചിരിയായി മാറുന്നതിനെക്കുറിച്ചും മുന്നറിയിപ്പ് തരുന്നുണ്ട് മിലന്‍ കുന്ദേര. അതോടെ, ദൈവത്തിന്റെ ലോകത്തില്‍ ഓരോന്നിന്റെയും യുക്തിയും വ്യത്യസ്ത യുക്തികള്‍ തമ്മിലുള്ള പാരസ്പര്യത്തിന്റെ യുക്തിയും ഉയര്‍ത്തുന്ന യുക്തിവിചാരവും ഉണര്‍ത്തുന്ന ആനന്ദവും അപ്രത്യക്ഷമാകുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, തങ്ങളുടെ ആഹ്ലാദത്തില്‍ ഭാഗഭാക്കാകാത്ത ആരെയും തൂക്കിലേറ്റാന്‍ അവര്‍ തയാറാകുന്നു. സ്വന്തം ലോകത്തിന്റെ പ്രസക്തി മാത്രമേ മതഭ്രാന്തന്മാര്‍ക്ക് ബോധ്യമാകൂ. മറുവശത്ത് ചെകുത്താന്റെ ചിരി ശവസംസ്‌കാരത്തെപ്പോലും മൗഢ്യമാക്കുന്നു, ഓര്‍ഗികള്‍ (രതിയുത്സവങ്ങള്‍) അവര്‍ക്ക് കോമാളിക്കളിയായി മാറുന്നു.

അധികാരവും പൗരോഹിത്യവും ചിരിയെ ഭയന്നിട്ടുണ്ട്. അരിസ്റ്റോട്ടിലിന്റെ ചിരിയുടെ പുസ്തകത്തിന്റെ താളുകളില്‍ വിഷം പുരട്ടി വെക്കുന്നുണ്ടല്ലോ ഉംബര്‍തോ എകോയുടെ നോവലിലെ (The Name of the Rose) ഹോര്‍ഹെ എന്ന 'അന്ധ'പുരോഹിതന്‍. ഭീതി വളര്‍ത്തുകയാണ് എല്ലാ ദുരധികാരങ്ങളുടെയും രീതി. ഭീതി കീഴൊതുങ്ങലിലേക്ക് നയിക്കും, നര്‍മം വിമോചനത്തിലേക്കും.

Optimism is the opium of the mankind എന്നൊരു തമാശ കുറിച്ചിട്ടതാണ് ജോക്കിലെ നായകന്റെ ജീവിതത്തില്‍ വിനയായത്. Religion is the opium of the mankind എന്ന മാര്‍ക്‌സിയന്‍ വാക്യത്തിന്റെ പാരഡിയായിരുന്നല്ലോ അത്.

The Unbearable Lightness of Being ലെ നായകനാകട്ടെ, ഈഡിപ്പസിനെയും ചെക്കൊസ്ലോവാക്യന്‍ കമ്യുണിസ്റ്റ് നേതാക്കളെയും താരതമ്യം ചെയ്തതും ഒരു സറ്റൈര്‍ ആയിട്ടായിരുന്നു. ഈഡിപ്പസിനെപ്പറ്റി ഡോക്ടര്‍ തോമസ് പറഞ്ഞത്, 'There is no excuse. No one could be more innocent in his soul and conscience than Oedipus, and yet he punished himself when he saw what he had done' എന്നായിരുന്നു. താനറിയാതെ ചെയ്തുപോയ തെറ്റിന് സ്വയം തന്നെ ക്രൂരമായി ശിക്ഷിച്ച ഈഡിപ്പസ് മനഃസ്സാക്ഷിയുടെ അടയാളമാണ്.

എന്നാല്‍, ഈഡിപ്പസില്‍ നിന്ന് വ്യത്യസ്തമായി, Czech കമ്യൂണിസ്റ്റുകള്‍ തങ്ങളുടെ അജ്ഞതയെ കുറ്റബോധത്തില്‍ നിന്ന് മോചിപ്പിക്കാനും അധികാരത്തില്‍ തുടരാനും ഉപയോഗിക്കുന്നു. തന്റെ പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തതിന് ഈഡിപ്പസിനെ തോമസ് പ്രശംസിച്ചു, തെറ്റുകളെ ന്യായീകരിക്കാന്‍ അറിവില്ലായ്മയെ ഉപയോഗിച്ചതിന് കമ്മ്യൂണിസ്റ്റുകളെ കുറ്റപ്പെടുത്തുകയും ചെയ്തു. ഈ വിഷയം അദ്ദേഹം ലേഖനമായി എഴുതി. ഇതാണ് അദ്ദേഹത്തിന് ശിക്ഷയേറ്റുവാങ്ങാന്‍ നിമിത്തമായത്.

യൂസഫ് സ്റ്റാലിനെ വിമര്‍ശിച്ച് ഒരു കത്തെഴുതിയതിന്റെ പേരിലാണ് പ്രശസ്ത സാഹിത്യകാരനായ അലെക്‌സാന്ദര്‍ സോള്‍ഷെനിറ്റ്‌സിന് സ്റ്റാലിനിസ്റ്റ് റഷ്യയില്‍ എട്ട് വര്‍ഷം കാരാഗൃഹത്തിലും ശേഷം വീട്ടുതടങ്കലിലും കഴിയേണ്ടിവന്നത്. സത്യത്തില്‍ ഇതെല്ലാം തന്നെ അധികാരത്തിന്റെ ദുര്‍ബ്ബലതയെയാണ് അടയാളപ്പെടുത്തുന്നത്. ജിലാഒഹു (zhilaohu) എന്നാണ് അധികാരത്തെയും അതിന്റെ കരുക്കളെയും മൗ സെദോങ് വിശേഷിപ്പിക്കുന്നത്. കടലാസുപുലി എന്നര്‍ഥം. '.....All reactionaries are paper tigers. In appearance, the reactionaries are terrifying, but in reality they are not so powerful.' ബഷീറിന്റെ ഭര്‍റ്, ടൈഗര്‍ തുടങ്ങിയ കഥകള്‍ ഇതേ ദുര്‍ബ്ബലതയെ വരച്ചു കാണിക്കുന്നു. കസന്‍ദ് സക്കീസിന്റെ യേശുക്രിസ്തു പറയുന്നതും അതുതന്നെ. ദാനിയേലിന് ഒരു സ്വപ്നദര്‍ശനമുണ്ടായി. (ബൈബിളില്‍ ഈ സ്വപ്നം കാണുന്നത് ദാനിയേലല്ല, മറിച്ച് അന്നത്തെ അസീറിയന്‍ ഏകാധിപതി -നെബുക്കദ് നെസര്‍-ആണ്).

ഗാംഭീര്യമുള്ള ഒരു പ്രതിമ. തല സ്വര്‍ണം കൊണ്ടും കൈകള്‍ വെള്ളി കൊണ്ടും ഉരോദരങ്ങള്‍ ചെമ്പു കൊണ്ടും കാലുകള്‍ ഇരുമ്പു കൊണ്ടും നിര്‍മിച്ചിരിക്കുന്നു. കാണുന്നവരെല്ലാം ഭക്തിയോടെയും ഭയത്തോടെയും അതിനെ വണങ്ങി. എന്നാല്‍, അതിന്റെ പാദങ്ങള്‍ മണ്ണുകൊണ്ടുള്ളതായിരുന്നു. ചീറിപ്പാഞ്ഞു വന്ന ഒരു കല്ല് പ്രതിമയുടെ തലയില്‍ പതിച്ചു. പാദങ്ങള്‍ക്ക് ഉറപ്പില്ലായിരുന്നതിനാല്‍ പ്രതിമ മറിഞ്ഞു വീണു.

ദൈവമാണ് ആ കല്ലെറിഞ്ഞത്, ഞാന്‍ ആ കല്ലാണ് എന്ന് യേശു പറഞ്ഞു നിര്‍ത്തിയപ്പോള്‍ പൊന്തിയൂസ് പീലാത്തോസിന് 'വെളിപാടു'ണ്ടായി. സീസറിന്റെ സാമ്രാജ്യം തന്നെ ആ പ്രതിമ. അത്രയേയുള്ളു. അധികാരങ്ങളുടെ അടിത്തറ. വളരെ ദുര്‍ബ്ബലമാണ്.



Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - മുഹമ്മദ് ശമീം

Writer

Similar News

കടല്‍ | Short Story