അലമാര | Poetry

| കവിത

Update: 2024-09-19 12:39 GMT
Advertising

നിറംമങ്ങി തുരുമ്പെടുത്ത്

ഹൃദയത്തിന്റെ ഉള്ളറകളില്‍

സൂക്ഷിച്ചു വെച്ചപോലെ

പലതും അടക്കിപ്പിടിച്ച്

അടഞ്ഞുകിടക്കുന്നു.

അവ്യക്തമായ രൂപം നിഴലിക്കുന്ന

കണ്ണാടിയില്‍ കാലത്തിന്റെ

വിരലടയാളങ്ങള്‍.

ഓര്‍മകളുടെ കരകരപ്പില്‍

മലര്‍ക്കെ തുറന്ന്

ഒരുകാലത്തെ മിഴിച്ച്‌നോക്കുന്നു,

അമരവള്ളിയില്‍ പടര്‍ന്ന്

ആകാശം തൊടാന്‍ കൊതിച്ച

ആരോഒരാള്‍.

നെഞ്ചില്‍ നിന്ന് പണ്ടെങ്ങോ

പാറിപ്പോയൊരു കിളിക്കുഞ്ഞ്

വീണ്ടും കുറുകുന്നു.

അകങ്ങളില്‍ പഴമയുടെ ഗന്ധം,

സ്വപ്നങ്ങളുടെ നിറം,

ചോരച്ചുവപ്പന്‍ മഞ്ചാടി,

വളപ്പൊട്ടുകളില്‍

കടുംനിറങ്ങളുടെ ഉത്സവം,

കരളില്‍ നിന്ന് അടര്‍ന്നുവീണ

ദിനാന്ത്യക്കുറിപ്പുകള്‍,

നിറയേ നീയുള്ള

ഉള്ളറകള്‍,

ഉരുണ്ട പൂവുപോലെ അടപ്പുള്ള

പളുങ്കുപാത്രത്തില്‍

കാലം നിറം മാറ്റിയ

ഉണങ്ങിയ പൊട്ടിക്ക,

അതിലേക്ക് നോക്കിയിരിക്കേ...

ഓര്‍മകള്‍ പൊട്ടിത്തെറിക്കുന്നു.

പച്ചയില്‍ അടര്‍ത്തിയെടുത്തതൊക്കെയും

ഉണങ്ങിയുണങ്ങി

എനിക്കുമാത്രമറിയാവുന്ന

ഭാഷയില്‍ എന്നോട് മിണ്ടുന്നു.

ഈ ഇരുട്ടറയില്‍നിന്ന് ചുവന്ന

ഇതളുകള്‍ കണ്ടെടുക്കേ

മുറിഞ്ഞവിരലുകളില്‍

നിന്റെ പേരുള്ള

കവിത പൂക്കുന്നു.

ഓര്‍ത്തെടുക്കാന്‍ ബാക്കിവെച്ച

കൗതുകങ്ങള്‍..

മടക്കിവെച്ച വേഷപ്പകര്‍ച്ചകള്‍..,

ഒരു നെടുവീര്‍പ്പിനപ്പുറം

വാതിലുകളടച്ച്

തിരിഞ്ഞു നടക്കുമ്പോള്‍

വാരിയെല്ലുകള്‍ക്കിടയില്‍

മുളച്ചുപൊന്തിയ ചിറകുകള്‍

കൊഴിഞ്ഞു വീഴുന്നു.

അലമാരയുടെ താക്കോല്‍പഴുതിലൂടെ

അമരവള്ളിയെന്നെ തൊടാനായുന്നു!


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - റബീഹ ഷബീര്‍

Writer

Similar News