ആരണ്യകം | Short Story
| കഥ
''സഖാവ് നന്നായി പിടിച്ചിരുന്നോളൂ.'' സോമന്‍ പറഞ്ഞു.
വനം തീര്‍ത്ത ഇരുട്ടില്‍ അവിടവിടെ അരിച്ചിറങ്ങുന്ന അരണ്ട നിലാവാണ് ചെറിയൊരു വെട്ടം പകര്‍ന്നിരുന്നത്. വഴിയുടെ ഇരു വശത്തും വളര്‍ന്നു നില്‍ക്കുന്ന കാട്ടു ചെടികളുടെ ഉരസല്‍ ചൊറിച്ചിലും നീറ്റവും സമ്മാനിച്ചു. ചീവീടുകളും, കൂടണയുന്ന കാട്ടു പക്ഷികളും ചേര്‍ന്ന് വിചിത്രമായ ഒരു കോറസ് തീര്‍ക്കുന്നു. മിന്നാമിനുങ്ങുകള്‍ ഇടക്കിടെ തലങ്ങും വിലങ്ങും പറന്നു കൊണ്ടിരുന്നു.
കൈലി മുണ്ടും, കൈയുളള ബനിയനും സോമന്റെ ബലിഷ്ഠമായ ശരീരത്തെ പൊതിഞ്ഞു വെക്കാന്‍ പര്യാപ്തമല്ലെന്ന് തോന്നി. ഒരു സര്‍ക്കസ്സുകാരനെപ്പോലെ അവന്‍ പ്രതിബന്ധങ്ങള്‍ നിറഞ്ഞ കാനനപ്പാതയിലൂടെ സൈക്കിള്‍ ചവിട്ടിക്കൊണ്ടിരിക്കുന്നത് ഇപ്പോള്‍ ഒരു മണിക്കൂറോളമായി. അവസാനം ഒരു വളവ് ആരംഭിക്കുന്ന സ്ഥലത്തു വെച്ച് കീഴ്ക്കാം തൂക്കമായ ഒരിറക്കം. ഒരു ചെറിയ സമതലത്ത് പനയോല മേഞ്ഞ കൂരക്കു മുന്‍പില്‍ അവന്‍ സൈക്കിള്‍ നിര്‍ത്തി. അവന്റെ ശരീരം വിയര്‍പ്പില്‍ കുളിച്ചിരുന്നു.
അകത്തു നിന്ന് മണ്ണെണ്ണ വിളക്കിന്റെ നേരിയ വെളിച്ചം അരിച്ചിറങ്ങുന്നു. ചെറിയ കുഞ്ഞിന്റെ കരച്ചിലും, താരാട്ടു പാട്ടിന്റ ശീലും ആ വിജനതയില്‍ ഒരു അശാന്തിയുടെ ആവരണമണിയുന്നതായി മനോജിന്ന് തോന്നി.
ഇന്നിപ്പോള്‍ താന്‍ രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം തനിയെ സഞ്ചരിച്ച് അവിടെ എത്തിയിരിക്കുന്നു. ഭൂതകാലത്തിന്റെ ഓര്‍cയിലേക്ക് ഒരു തിരിച്ചു നടത്തം. ഒരു രാത്രിയുടെ മറവു പറ്റി ഓടി രക്ഷപ്പെടുമ്പോള്‍ ഈ ഒരു രംഗം സങ്കnd]്പത്തിലെങ്കിലും ഉണ്ടായിരുന്നില്ല. ഇവിടെ അസ്വസ്ഥപ്പെടുത്തുന്ന ചിന്തകളാണ്. അവ തന്നെ വേട്ടയാടാന്‍ തുടങ്ങിയിട്ട് ഏറെ ദിവസങ്ങളായി. കനിവിന്റെ ഉള്‍ക്കടല്‍ ഓളം തല്ലാന്‍ തുടങ്ങിയതു മുതല്‍ തന്റെ നെഞ്ചിലെ നീറ്റലും, പാതിയുറക്കത്തിലെ വേദന കലര്‍ത്തുന്ന ചിന്തകളും തന്നെ ഈ തീരുമാനത്തിലേക്ക് തളളിക്കൊണ്ടു വന്നു. തനിക്ക് ഒരു നന്ദി കെട്ടവനാകാന്‍ സാധിക്കുന്നില്ല എന്ന കാര്യം അയാളുടെ ഹൃദയം കുളിര്‍പ്പിച്ചു. താടിയും തലയും, മുഖത്തിന്റെ മുക്കാലും മൂടുന്ന തലേക്കെട്ടും ഇന്നില്ല. തനിക്ക് പിന്നാലെ zപാലീസില്ല. ഇന്ന് താന്‍ സര്‍വ്വതന്ത്ര സ്വതന്ത്രനായാണ് ഇങ്ങോട്ട് തിരിച്ചു വന്നിരിക്കുന്നത്.
*********
''ട്യേയ്.. കാര്‍ത്തൂ... ഞാനാടി. വാതില്‍ തൊറക്ക്.''
സോമന്‍ ഇറയത്തു നിന്ന് വിളിച്ചു. അകത്ത് ആളനക്കവും, വാതില്‍ നിരങ്ങി നീങ്ങുന്നതിന്റെ ശബ്ദവും കേട്ടു.
''സഖാവ് വളരെ സൂക്ഷിച്ചിരിക്കണം. ഇരുട്ടിലേ വെളിക്കിറങ്ങാനും മറ്റും പോകാവൂ. ഞാന്‍ കാട്ടു തേനും മറ്റും ശേഖരിക്കാന്‍ പോയാല്‍ അത് ബടെ വീട്ടീല് കൊണ്ടന്ന് അരിച്ച് കുപ്പ്യേളിലാക്കി പട്ടണത്തിലെ കടേളില് കൊടുക്കാന്‍ പോയേ മിക്ക ദെവസോം തിരിച്ചെത്തുളളൂ. ന്റെ പോക്കും വരവും മറ്റൊരു വഴിക്കാണ്. നമ്മള്‍ വന്നത് രഹസ്യ വഴീല്‍ക്കൂട്യാണ്.''
''കാര്‍ത്തുവും മോനും മാത്രേ ഇവിടുണ്ടാകൂ. ഞാനില്ലാത്തപ്പൊ പൊറത്ത് കടക്കര്ത്. എന്തെങ്കിലും അപായ സൂചന വന്നാല്‍ പിന്നിലെ ചെറ്റ തൊറന്നാല്‍ കാണണ മരത്തിമ്മെ കെട്ടിയ കയറീപ്പിടിച്ച് കീഴ്പ്പട്ടേക്ക് ഊഴ്‌ന്നെറങ്ങിക്കോ. താഴെ നല്ല വളളിപ്പടര്‍പ്പാ. ആര്‍ക്കും കാണാന്‍ പറ്റില്ല.''
''ട്യേ....ദാ ആ പ്ലാസ്റ്റിക് സഞ്ചീല് പഞ്ചാരേം, ചായപ്പൊടീംണ്ട്. സഖാവിന് ച്ചിരി കട്ടന്‍ ചായണ്ടാക്ക്. കൊളളിക്കിഴങ്ങ് പുഴുങ്ങീട്ട്‌ണ്ടെങ്കി അതും എട്‌ത്തോ. ഒന്നും കഴിച്ചട്ട്ണ്ടാകുല്ല സഖാവ്. നല്ല വെശപ്പ്ണ്ടാകും.''
''ങ്ങള് ദേ ആ കാണണ ചായ്പ്പില് ഇട്ട കയറ് കട്ടിലീല് കെടന്നോളീ സഖാവെ. കുളി വേണങ്കി പിന്നില് കുഴിതാളീല് വെച്ച വെളളത്തീന്ന്ട്ത്തായ്‌ക്കോട്ടെ. എല്ലാതും രാത്രീല് മാത്രം മതീ ട്ടാ. ഇവ്‌ടെ ഊരീന്ന് ചുറ്റിക്കറങ്ങി അരെങ്കിലും എത്ത്യാല് കാര്‍ത്തൂനേം, മോനേം അല്ലാണ്ട് ആരേം കാണാമ്പാടില്ല.''
സോമനെപ്പറ്റി കുമാരന്‍ സഖാവ് പറഞ്ഞത് മനോജ് ഓര്‍cിക്കുകയായിരുന്നു.
കാര്‍ത്തുവിന്റെ കുടുംബവും, സോമന്റെ കുടുംബവും അയല്‍ക്കാരായിരുന്നു. അടിവാരത്തുനിന്ന് ഉയര്‍ന്നു നില്‍ക്കുന്ന ഒരു വലിയ പീഠം പോലെ തോന്നിക്കുന്ന സ്ഥലം. ഓടമുള ഉപയോഗിച്ച് പെണ്ണുങ്ങള്‍ കുട്ട, മുറം, തടുക്ക് എന്നിവ ഉണ്ടാക്കും. ആണുങ്ങള്‍ തേന്‍, മെഴുക്, പച്ച മരുന്നുകള്‍ എന്നിവ ശേഖരിക്കും. ആഴ്ചയിലൊരിക്കല്‍ സാധനങ്ങള്‍ ടൗണിലെത്തിച്ച് വിറ്റ് അരിയും, സാമാനങ്ങളും വാങ്ങി മടങ്ങുന്ന പതിവാണ്. അങ്ങനെ ടൗണില്‍ പോയി ഒരു ദിവസം വരുമ്പോഴേക്കും മഴയും ഇരുട്ടുമായി. ശക്തിയായ കാറ്റും മഴയും കാരണം അവര്‍ വീടുകളിലെത്തി ഉളളത് കഴിച്ച് കിടന്നുറങ്ങി. മഴ തകര്‍ത്തു പെയ്തു കൊണ്ടിരുന്നു. പ്രകൃതിയുടെ താണ്ഡവം വെളളപ്പാച്ചിലിലൂടെ നടമാടിയപ്പോള്‍ അതിന്റെ വഴിയിലുളള സകലതിനേയും തുടച്ചു മാറ്റി അത് പാഞ്ഞു പോയി. രാവിലെ രണ്ടു കുടുംബങ്ങളും താമസിച്ചിരുന്ന സ്ഥലത്തിന്റെ അടയാളം പോലും ബാക്കിയാക്കാതെ മലവെളളത്തില്‍ എല്ലാം ഒലിച്ചു പോയിരുന്നു. മണ്ണില്‍ പുതഞ്ഞ നിലയില്‍ കണ്ടെടുത്ത മൂന്നു പേരില്‍ ഒരു ആണും രണ്ടു പെണ്ണുങ്ങളും. ആണായി ബാക്കിയായത് സോമനും, പെണ്ണുങ്ങളില്‍ കാര്‍ത്തുവും, അവളുടെ അമ്മയും. പരിക്കുകളില്‍ നിന്ന് മോചനമായി ജീവിതത്തിലേക്ക് തിരിച്ചു വന്നത് സോമനും, കാര്‍ത്തുവും മാത്രം. ആരുമില്ലാതായ ഇരുവരും തന്താങ്ങള്‍ക്ക് കൂട്ടായി ജീവിക്കാന്‍ തീരുമാനിച്ചു. ''നിങ്ങളെ ഇവര്‌ടെ അടുത്തേക്ക് വിടുന്നത് ഇവരെ അന്വേഷിച്ചു വരാന്‍ വേറെ ആരുമില്ലാത്തതിനാലാണ്. ഇതാണ് ഉളളതില്‍ സുരക്ഷിതമായ സ്ഥലം.'' കുമാരന്‍ സഖാവിന്റെ വാക്കുകള്‍.
*********
തുടങ്ങിയത് ഒരു ലേഖനത്തെപ്പറ്റി പത്രത്തിന്റെ അഭിപ്രായ കോളത്തിലൂടെ വിമര്‍ശിച്ചു കൊണ്ടാണ്. പിന്നീട് മറ്റഭിപ്രായങ്ങള്‍ പലരും എഴുതിയപ്പോള്‍ തന്റെ നിലപാട് വ്യക്തമാക്കി ഒരു സാമാന്യം ദീര്‍ഘമായ ലേഖനം എഴുതി. അത് പബ്ലിഷ് ചെയ്യുമെന്ന നേരിയ പ്രതീക്ഷ പോലുമില്ലായിരുന്നു. എന്നാല്‍, എല്ലാവരേയും അമ്പരപ്പിച്ച് അത് അച്ചടിച്ചു വന്നു. ഒരു പുതിയ യുവ വിപ്ലവകാരി ഉദയം കൊണ്ടതായി പലരും അഭിപ്രായം എഴുതി. തനിക്ക് മനസ്സറിഞ്ഞില്ലാത്ത ഒരു വിപ്ലവ പരിവേഷം അങ്ങിനെ കിട്ടി. അത് ഗുണത്തേക്കാളേറെ ദോഷം ചെയ്തു. തീവ്ര ചിന്താപരമായ പരാമര്‍ശങ്ങള്‍ തന്നെ ഒരു പ്രതേക ചിന്താധാരയുടെ വക്താവാക്കുന്നേടത്തോളം എത്തി. zപാലീസും അന്വേഷണവും പിന്നാലെ കൂടിയപ്പോള്‍ ഒരു പാര്‍ട്ടി തന്നെ ഏറ്റെടുത്തതാണ്. പി.ജി കഴിഞ്ഞ് കോളജിന്റെ പടിയിറങ്ങുന്നതിന്ന് തൊട്ടു മുന്‍പത്തെ ദിവസം പാര്‍ട്ടിയില്‍ നിന്ന് നിര്‍ദ്ദേശം കിട്ടി. ഒളിവില്‍ പൊയ്‌ക്കോളൂ. സ്ഥലം ഞങ്ങള്‍ ഏര്‍പ്പാടു ചെയ്യാം. അമ്മയും, അമ്മാവനും പറഞ്ഞു:
''അവന്‍ ആവശ്യല്ല്യാതെ എട്ത്ത് ചാടീതാ. സ്വന്തം കാര്യം നോക്കി നടന്നാല്‍ മതീര്‍ന്നല്ലൊ?''
''ഒന്ന് വെളളം തോര്‍ന്നല്ലോന്ന് ആശ്വസിച്ചതാ. പടിക്കല്‍ കൊണ്ടോന്ന് കലമുടച്ചല്ലോ ഭഗവതീ.'' അമ്മ പരിതപിച്ചു.
''മന്വേട്ടന്‍ അങ്ങനെ കുറ്റൊന്നും ചെയ്തില്ലല്ലൊ. കോടതീന്ന് ശിക്ഷിക്കാന്‍ മാത്രം കേസും ഇല്ല.'' അമ്മാവന്റെ മകള്‍ അജിത തന്റെ പക്ഷം ചേര്‍ന്ന് വാദിച്ചു. അവള്‍ തന്റെ മനസ്സില്‍ ചില സ്വപ്നങ്ങളെ താലോലിക്കുന്നുണ്ടാകാം. അങ്ങനെ ജീവതപ്രയാണത്തിലെ മോഹന തീരത്തിലേക്ക് ഒരു തിരിച്ചു പോക്കും. അവള്‍ താലോലിക്കുന്ന, ബാല്യത്തില്‍ താനും ആഗ്രഹിച്ചിരുന്ന ഒരു ജീവിതത്തിലേക്ക് എത്തിപ്പെടാന്‍ സാധിക്കുമോ എന്ന ആശങ്ക അയാളുടെ മനസ്സില്‍ ഉയര്‍ന്നു വന്നു.
പൊലീസ് അന്വേഷിച്ച് വീട്ടിലെത്തിയത് ഒരു വിപ്ലവ പാര്‍ട്ടിയുടെ പ്രവര്‍ത്തകരെ തിരയുന്നതിനോട് ചേര്‍ത്താണ്. സായുധ പൊലീസിനെ ഇവരെ പിടി കൂടാന്‍ നിയോഗിച്ചപ്പോള്‍ നാട്ടിലും കാട്ടിലുമുളള ഒളിത്താവളങ്ങളെ ലക്ഷ്യമിട്ട് അവര്‍ തിരച്ചിലാരംഭിച്ചു. പാര്‍ട്ടിയുടെ നിര്‍ദ്ദേശമനുസരിച്ച് സോമന്‍ തന്നോട് ജാഗ്രതയായിരിക്കാന്‍ പ്രത്യേകം ഓര്‍മിപ്പിച്ചു കൊണ്ടിരുന്നു.
ഒരു ദിവസം രാത്രി ഭക്ഷണം കഴിച്ചിരിക്കുമ്പോള്‍ പെട്ടെന്ന് മുറ്റത്താകമാനം വെളിച്ചം പരന്നു. തോക്കു ചൂണ്ടി പൊലീസുകാര്‍ ഉളളിലേക്കിരച്ചെത്തിയതും, ''ഓടിക്കോ'' എന്ന് പറഞ്ഞ് മുന്നിലെത്തിയ പൊലീസുകാരന്റെ തോക്കില്‍ സോമന്‍ പിടിയിട്ടു എന്നാണ് അറിയാന്‍ കഴിഞ്ഞത്. താന്‍ കയറില്‍ തൂങ്ങി താഴെ രക്ഷപ്പെട്ടപ്പോള്‍ വെടി പൊട്ടുന്ന ശബ്ദം മേലെ നിന്നും കേട്ടു. ഒപ്പം കാര്‍ത്തുവിന്റെ ആര്‍ത്ത നാദവും.
സോമന്‍ പൊലീസിന്റെ വെടിയുണ്ടക്കിരയായതായ നടുക്കുന്ന വാര്‍ത്ത പിന്നീടറിഞ്ഞു. കാര്‍ത്തുവിനും കുഞ്ഞിനും എന്ത് സംഭവിച്ചു എന്ന് ഒരു വിവരവുമില്ല. ബന്ധുക്കളായി ആരും ഇല്ലാത്ത ഒറ്റപ്പെട്ട കൊച്ചു കുടംബമാണ് സോമന്റേതെന്ന് പാര്‍ട്ടി നേതാക്കള്‍ ആദ്യമേ പറഞ്ഞിരുന്നതാണല്ലൊ! തന്നെ രക്ഷിക്കാന്‍ വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച സോമനെക്കുറിച്ചാലോചിച്ച് മനം നീറിപ്പുകഞ്ഞു. ആ പാവപ്പെട്ട മനുഷ്യന്റെ വിയര്‍പ്പിന്റെ അംശം പറ്റി താനും കുറേ ദിവസം ജീവിച്ചില്ലെ! അവന്റെ ഭാര്യയോടും കുഞ്ഞിനോടും തനിക്ക് കടപ്പാടില്ലെ? തനിക്ക് മനഃസ്സാക്ഷിയുടെ ചോദ്യത്തിന് എങ്ങനെ മറുപടി പറയാനാകും?
*********
തെരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഒരാശ്വാസമായി. മതിയായ കാരണമില്ലാതെ പൊലീസ് കേസെടുത്ത് തെരഞ്ഞു കൊണ്ടിരുന്നവരുടെ തുടരന്വേഷണം അവസാനിപ്പിക്കുകയും, അറസ്റ്റ് ചെയ്യപ്പെട്ടവര്‍ക്ക് ജാമ്യം അനുവദിക്കാനും തീരുമാനമായപ്പോഴാണ് പിന്നെ പുറത്തിറങ്ങാനായത്.
''മനോജേ... നിയ്യ് വല്ല ജോലിക്കും ശ്രമിക്ക്. ഇങ്ങനെ നടക്കാന്‍ തൊടങ്ങ്യാല് ഇനീം നിയ്യ് വല്ല ഏടാകൂടത്തിലും പോയി ചാടും.'' അമ്മ പറഞ്ഞു.
''ശരിയമ്മേ... അത് തന്നെയാണ് എന്റേം ഉദ്ദേശ്യം. പിന്നെ അമ്മേ... ഒരു പാവം മനുഷ്യന്‍ എനിക്കായി ജീവന്‍ ബലി നല്‍കി. അയാളുടെ ഭാര്യേം, കുട്ടീം ഇപ്പോള്‍ എന്തവസ്ഥേലാന്ന് അറീല്ല. അവരെ ഒന്ന് പോയി കാണണം.''
''ഇനി അതൂം വെച്ച് വല്ല പ്രശ്‌നോംണ്ടാവോ മോനേ?'' അമ്മ സംശയം പ്രകടിപ്പിച്ചു.
'ഇല്ലമ്മേ...എല്ലാ കേസും പിന്‍ വലിച്ചല്ലോ. ഇനിയൊന്നും ഉണ്ടാവില്ല.'
ഒരപരിചിതനെപ്പോലെ അയാള്‍ ആ കൂരയുടെ മുറ്റത്തു നിന്ന് വിളിച്ചു.
''ആരൂംല്ലെ ഇവിടെ?''
മറുപടിയൊന്നും ഇല്ല. രണ്ടാമതും വിളിക്കാന്‍ തുടങ്ങി ''ആരൂംല്ലെ......'' എന്ന് പറഞ്ഞു തുടങ്ങും മുന്നെ കാര്‍ത്തു കുഞ്ഞിനേയും ഒക്കത്ത് വെച്ച് വീടിന്റെ പിന്നില്‍ നിന്ന് നടന്നു വരുന്നു. മെലിഞ്ഞുണങ്ങി തലമുടി ചപ്രച്ചിട്ട്, പഴകിയ മാക്‌സിയും, തോളില്‍ തോര്‍ത്തു മുണ്ടും ആണ് വേഷം. കുഞ്ഞും ക്ഷീണിച്ചിരിക്കുന്നു. എത്ര ആരോഗ്യവതിയായിരുന്നു അന്നത്തെ തന്റെ ഒളിജീവിത സമയത്ത് അവള്‍!
''കാര്‍ത്തൂ....വല്ലാതെയായല്ലൊ? ആരും ഒരു സഹായവും.....'' പറഞ്ഞ് തുടങ്ങിയിടത്ത് അയാള്‍ നിര്‍ത്തി. ആരോരും വന്നു നോക്കാനില്ലാത്തതായിരുന്നല്ലൊ അവരുടെ പ്രത്യേകതയായി അന്ന് കുമാരന്‍ സഖാവ് പറഞ്ഞത് വീണ്ടും അയാളുടെ ഓര്‍മയിലേക്ക് ഓടിയെത്തി.
കാര്‍ത്തു തന്റെ മകനെ നെഞ്ചോടടക്കിപ്പിടിച്ചു കൊണ്ട് കവിഞ്ഞൊഴുകിയ കണ്ണുകള്‍ തുടച്ചു.
''പല കാര്യങ്ങള്‍ക്കും ന്റെഭര്‍ത്താവിനെ എല്ലാരും ഉപയോഗിച്ചു. ന്റെ ചേട്ടന്‍ അതിന്നായി ജീവനും കൊടുത്തു. ഒരു പെണ്ണായ ഞാന്‍..! അവര്‍ക്കറിയാലൊ?... ഒന്ന് തിരിഞ്ഞു നോക്കിയേ ഇല്ല. ന്റെ മോനേം കൊണ്ട് എന്ത് പണിക്കാ ഞാന്‍ പോക്വാ? ഞാന്‍ ഒറ്റക്കല്ലെ? കാട്ടില് മരത്തിന്റെ കൊമ്പില് തുണികെട്ടി മോനെ കെടത്തും. ച്ചിരി തേനും എന്തെങ്കിലും കിട്ട്യാലായി. അത് വില്‍ക്കാനും ഈനേം കൊണ്ട് പോണ്ടെ? എന്താ ചെയ്യ്വാ! ഒരു തുണി മാറ്റിട്ക്കാനും കൂടി ഇല്ല.'' അവള്‍ തേങ്ങല്‍ കണ്ഠത്തില്‍ നിറഞ്ഞ് വാക്കുകള്‍ പുറത്തു വരാതെ ബുദ്ധിമുട്ടി.
മനോജ് തന്റെ ബാക്ക് പാക്ക് താഴെ വെച്ച് തുറന്നു. ഇവരെ കണ്ടെത്തുമെന്ന ഉറപ്പുണ്ടായിരുന്നില്ലെങ്കിലും താന്‍ വാങ്ങിയ മാക്‌സിയും, കുട്ടിയുടുപ്പും, ബിസ്‌കറ്റ് മുതലായവയും എടുത്ത് അവളെ ഏല്‍പിച്ചു. അയാളുടെ മനസ്സില്‍ പല ചിന്തകളും മിന്നി മറഞ്ഞു.
മോബൈലെടുത്ത് അമ്മയുടെ നമ്പര്‍ ഡയല്‍ ചെയ്തു. കോള്‍ കിട്ടും മുന്‍പ് അയാള്‍ കോള്‍ സ്വയം കട്ട് ചെയ്തു. ചോദിച്ച് സമ്മതം വാങ്ങി പ്രവര്‍ത്തിക്കേണ്ടതല്ല ഇപ്പോഴത്തെ അവസ്ഥ. തന്റെ ജീവന്ന് കടപ്പെട്ട ഒരു മനുഷ്യനോട് ആ കടം വീട്ടലാണ് ഇപ്പോള്‍ പ്രധാനം. അയാള്‍ ചിന്തിച്ചു. അരിഷ്ടിച്ചുളള ജീവിതത്തിലും അരവയര്‍ മാത്രം നിറച്ച് തന്നെ ഊട്ടിയ നന്മ നിറഞ്ഞ മനസ്സുളള പാവങ്ങള്‍! ആഢ്യത്വം പ്രദര്‍ശിപ്പിച്ച് ഇടുങ്ങിയ മനസ്സുമായി ജീവിക്കുന്ന പരിഷ്‌കൃത സമൂഹത്തേക്കാള്‍ എത്ര ഉയരെയാണ് അവര്‍!
*********
തിരിഞ്ഞു നിന്ന് അയാള്‍ കാര്‍ത്തുവിനെ നോക്കി. അവള്‍ കൗതുക പൂര്‍വ്വം കുഞ്ഞിന്റേയും അവളുടേയും ഡ്രസ്സുകള്‍ നിവര്‍ത്തി നോക്കുകയാണ്.
അയാള്‍ ചിന്തിച്ചു. പാവം. സകലതും നഷ്ടപ്പെട്ട, തനിച്ചായിപ്പോയ ഒരു ജന്മം. അതും തനിക്കു വേണ്ടി. അമ്മ ഒരു ആദിവാസി പെണ്ണിനെ വീട്ടില്‍ കയറ്റുമോ? അവള്‍ക്ക് അമ്മ അനുവദിക്കുന്നത് എങ്ങനെയുളള പദവിയായാലും, അതിലെ ലാഭനഷ്ടങ്ങള്‍ കണക്കാക്കേണ്ടത് തന്റെ ജീവന് കടപ്പെട്ട ഒരു യുവാവിന്റെ ആത്മത്യാഗത്തെ വെച്ചാണ്. മനസ്സില്‍ ധൈര്യം സംഭരിച്ച് അയാള്‍ കുഞ്ഞിനെ അവളുടെ കൈയില്‍ നിന്ന് വാങ്ങി. എന്നിട്ട് പറഞ്ഞു. ''ഇവനെ ഞാന്‍ നോക്കാം. നീ പോയി കുളിച്ച് ഡ്രസ്സ് മാറ്റി, എന്തെങ്കിലും എടുക്കാനുളളത് എടുത്ത് വാ.''
അവള്‍ അന്തിച്ചു നിന്നു. എന്നിട്ട് പറഞ്ഞു: ''സഖാവെ..എന്താ.? ഞാന്‍..എങ്ങനാ...?''
അയാള്‍ അവളുടെ സംസാരം തടഞ്ഞു. ''ബാക്കി പിന്നെ ആലോചിക്കാം. ഉടനെ പുറപ്പെടാന്‍ നോക്ക്.''
അവളുടെ മുഖത്ത് അത്ഭുതവും അവിശ്വസനീയതയും മാറി മാറി നിഴലിച്ചു. അയാളെ അനുസരിച്ചു കൊണ്ട് പുറപ്പെടാനായുളള ഒരുക്കത്തിനായി അവള്‍ വീടിനുളളിലേക്കു കയറി.
അയാളുടെ ഭാവനകള്‍ വര്‍ത്തമാനകാലത്തിലൂടെ സഞ്ചരിച്ച്, ഭാവിയുടെ അവ്യക്തമായ താഴ്‌വര താണ്ടി വീണ്ടും ഭൂതകാലത്തിന്റെ സ്മരണകളിലേക്ക് തിരിച്ചു നടന്നു. താനിനി എവിടെ എത്തിച്ചേരുമെന്ന
ആശങ്ക അയാളെ ഗ്രസിച്ചില്ല. താന്‍ ജീവിതയാത്ര തുടരുന്നു. യാത്രായാനം കാലത്തിന്റെ ഓളങ്ങളില്‍ സഞ്ചരിച്ച് എത്തിക്കുന്നിടത്ത് എത്തട്ടെ. അയാള്‍ മനസ്സിലുറപ്പിച്ചു.