നവീനകവിതയിലെ അരിക്കൊമ്പന്‍
ആരിഫ മെഹ്ഫില്‍ എഴുതിയ 'വെയില്‍ മരത്തിലെ മഞ്ഞു തുള്ളികള്‍' കവിതാ പുസ്തകത്തിന്റെ വായന.
മലയാള കവിതയില്‍ പെണ്‍കരുത്തുകള്‍ ഏറിവരുന്ന ദശാസന്ധിയാണിത്. പ്രാചീനകാലം എണ്ണിയാല്‍ മനോരമ തമ്പുരാട്ടി മുതല്‍ എണ്ണി തുടങ്ങണം.
തമ്പുരാട്ടി തുടങ്ങിയത് കോട്ടക്കല്‍ നിന്നാണ്. മലപ്പുറത്തുനിന്ന് മറ്റൊരു ആധുനികോത്തര കവിതാ സമാഹാരത്തിന് ആസ്വാദനം എഴുതുമ്പോള്‍ മനോരമ തമ്പുരാട്ടിയെ പോലൊരു വിദുഷിയില്‍ നിന്ന് തുടങ്ങിയത് വെറുതെയല്ല. കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ പോലും വാഴ്ത്തിയ 'തമ്പുരാട്ടി' കവിതകള്‍ അക്കാലത്തെ ചെലവ് കുറഞ്ഞ ആക്ഷേപഹാസ്യ ചരക്കുകള്‍ ആയിരുന്നു ഏറിയ പങ്കും.
മലപ്പുറത്തു നിന്നുള്ള ഈ ആധുനികോത്തര കവിതാ സമാഹാരം 'വെയില്‍ മരത്തിലെ മഞ്ഞുതുള്ളികള്‍' ആരിഫ മെഹ്ഫില്‍ - വരുംകാല മലയാള കവിതയില്‍ പെണ്‍ സാന്നിധ്യങ്ങള്‍ മുഴക്കിയേക്കാവുന്ന ഈറ്റക്കാടിന്‍ ഇരമ്പലുകളായി ഞാന്‍ കാതോര്‍ക്കുന്നു. ഈറ്റയില്‍ നിന്നും മുളയുന്ന ഓടക്കുഴലുകളെ ഓര്‍ത്താണ് ഈറ്റക്കാട് എന്ന് വിശേഷിപ്പിച്ചത്.
വെയില്‍ മരത്തിലെ മഞ്ഞു തുള്ളികള്‍ എന്ന കാവ്യഗ്രന്ഥ നാമകരണത്തില്‍ നിന്ന് തന്നെ ആരിഫയുടെ കവിതകള്‍ നല്‍കുന്ന കതിര്‍ക്കനം വിശദമാണ്. വീരാന്‍ കുട്ടിയെ പോലൊരു കാവ്യ മര്‍മജ്ഞന്‍,'കവിതയെ വാതില്‍ ആക്കി എങ്ങനെ പുറത്തു കടക്കാം എന്ന് കാണിച്ചു തരികയാണ്, ജീവിതത്തിന്റെ സംഘര്‍ഷം നിറഞ്ഞ നാള്‍ വഴികളിലൂടെ' എന്നു പറയണമെങ്കില്‍ ആ കവിതയുടെ കതിര്‍ക്കനം ഊഹിക്കാവുന്നതേയുള്ളൂ.
'പുഞ്ചിരിക്കുന്ന ഗാന്ധിയെ മറയാക്കി സത്യം കുഴിച്ചുമൂടുന്ന വേഷപ്പകര്‍ച്ചകള്‍'
'ജനല്‍ പാളികള്‍ക്കിടയിലൂടെ ഒളിച്ചു കടന്ന വെയില്‍ കുഞ്ഞുങ്ങള്‍'
ജെല്‍സയില്‍ നിന്നിറങ്ങിയവരോട്,
'ഇപ്പോള്‍ നീ ഹവ്വ മാത്രമാണ്'
തുടങ്ങിയ മനോരമ തമ്പുരാട്ടി പാരമ്പര്യങ്ങള്‍ നിറയുന്ന വരികള്‍ എനിക്ക് ആഴത്തില്‍ മനസ്സിലോടി. ഓരോ കവിത കഴിയുമ്പോഴും അനുഭവങ്ങളുടെ പരിപാകമേന്തി നില്‍ക്കുന്ന വരികള്‍ എനിക്ക് അനുഭവമായി.
നല്ലൊരു കഥാകൃത്തായ പി. സുരേന്ദ്രന്‍ മണ്ണിന്റെ വേദനകള്‍, നിശ്വാസങ്ങള്‍, മഞ്ഞക്കിളിയുടെ ഒച്ച എന്തിനേറെ ഇലയനക്കങ്ങള്‍ പോലും ആരിഫയുടെ കവിതകളില്‍ നിരീക്ഷിക്കുന്നു.
മലയാള സാഹിത്യത്തില്‍ ഇന്ന് നിരവധി 'സംഘ'ങ്ങള്‍ ഉണ്ട്. അത്തരത്തിലുള്ള യാതൊരു സംഘ സഹായങ്ങളും ഇല്ലാതെ ഒരു കാവ്യസമാഹാരം എനിക്ക് അതിശയമായി. കണ്ണുകളുടെ ഭാഷ തുണയായതിനെ നിര്‍വചിച്ച വരികള്‍, അവളുടെ ചുണ്ടില്‍ കവിത വിരിയാന്‍ വേണ്ട പേറ്റു നോവ്, ഇടയ്ക്കിടെ ഉള്ളില്‍ ഇപ്പോഴും പെയ്യാറുള്ള ഉപ്പിന്റെ തുള്ളികള്‍..... മലയാള കാവ്യ ഭൂമികയില്‍ ആരിഫ നല്ലൊരു കസേരയില്‍ ഇരിക്കാന്‍ ഇത്തരം ചില ബിംബങ്ങള്‍ മാത്രം മതി.
കാമുകനേയും ഭര്‍ത്താവിനെയും ഒന്നായി കാണുന്ന വല്ലാത്ത മാതൃസ്‌നേഹം ചില കവിതകളില്‍ വഴിയുന്നു.
ചാവുകടല്‍, പ്രണയം മൗനത്തിലാണ്, വേരിന്റെ രസതന്ത്രങ്ങള്‍, പുക വണ്ടികള്‍, മനുഷ്യന്‍ എന്ന കടല്‍, മായാത്ത സൂര്യന്‍ തുടങ്ങിയവ നെറ്റിപ്പട്ടം ചാര്‍ത്തിയ അരിക്കൊമ്പനെ പോലെ ഒറ്റയ്ക്ക് നില്‍ക്കുന്നു.
ചില രചനകള്‍ മഹാരീതികള്‍ എന്ന് പറയാവുന്നവയാണ്. ആത്മപ്രചോദനങ്ങളാല്‍ മാത്രം കവിതകള്‍ എഴുതിയ ആരിഫയുടെ രചനകള്‍ 'എന്നും ജീവിക്കും. ഉറപ്പ്.
എനിക്കേറെ കൊതി തോന്നിയ വരികള്‍ കൂടി,
മണ്ണിരയുടെ പ്രണയ കാവ്യങ്ങളില്‍,
'മഴയില്‍
കുതിരുമ്പോള്‍ പ്രണയം പൂത്തുലഞ്ഞ് മഹാകാവ്യങ്ങള്‍ രചിക്കപ്പെടുന്നു.'
ഭാഷ കൊണ്ട് പല പരീക്ഷണങ്ങളും ആരിഫ ഇതില്‍ നടത്തുന്നു എന്ന് സത്യസന്ധമായി കണ്ടെത്തിയ ബുക്ക് ഫ്രഷ് എഡിറ്റര്‍ നൗഫല്‍ പനങ്ങാടിനും ഷാനവാസ് പൂനൂര്‍ (മാനേജിംഗ് എഡിറ്റര്‍ ബുക്ക് ഫ്രഷ്,) മുക്താര്‍ ഉദരംപൊയില്‍ (ബുക്ക് ഡിസൈനിംഗ്), അര്‍ഷദ് പുനൂര്‍ എന്നിവരെയും ഈ പെണ്മാനസ കരുത്തിന്റെ ഭംഗിയില്‍ ഞാന്‍ അനുമോദിക്കട്ടെ.