സാറാ ജോസഫ് ശൂര്‍പ്പണഖയോടു ചെയ്തത് - തായ്കുലം എന്ന കഥയെക്കുറിച്ച്

പ്രകടമായി രാമനെ എതിര്‍ക്കുന്നു എന്ന നിലയില്‍ രാവണനെ ന്യായീകരിക്കുകയും രണ്ട് പുരുഷ സങ്കല്പങ്ങളെയും പുനരാനയിക്കുകയും ചെയ്യുന്നു. സ്ത്രീവിരുദ്ധ പുരുഷ സങ്കല്പങ്ങളായ എല്ലാരെയും സഹോദരിയായി കാണുന്ന ആവതില്ലാത്ത രാമനെയും സ്ത്രീയെ ആക്രമിക്കുന്ന ലൈംഗിക വീരനെയും ഫാഷിസ്റ്റുകളെ പോലെ സാറാ ജോസഫും അംഗീകരിക്കുന്നു.

Update: 2022-09-24 12:28 GMT
Click the Play button to listen to article

പൊതുവെ സ്ത്രീ എഴുത്തുകാരി, ഫെമിനിസ്റ്റ് എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്ന ആളാണ് സാറാ ജോസഫ്. അവരുടെ 'തായ്കുലം'എന്ന കഥയില്‍ ശൂര്‍പ്പണഖയാണ് പ്രധാന കഥാപാത്രമാകുന്നത്. വാല്മീകി രാമായണം തുടങ്ങി അനേകം രാമായണങ്ങള്‍ വ്യത്യസ്ത രാജ്യങ്ങളിലായി ഉണ്ട്. ഇവയിലെല്ലാം വ്യത്യസ്തപാഠങ്ങളായി ശൂര്‍പ്പണഖയുടെ കഥ നമുക്ക് കാണാന്‍ സാധിക്കും. ഇന്ത്യയില്‍ തന്നെ പല രാമായണങ്ങളുണ്ട്. അതുപോലെ തായ്‌ലന്റ്, ടിബറ്റ്, ബര്‍മ്മ തുടങ്ങി അനവധി രാജ്യങ്ങളില്‍ വ്യത്യസ്തതകളോടു കൂടിയ രാമായണങ്ങളുണ്ട്. ആ നിലയില്‍ അനേകം പാഠങ്ങളുള്ള ഒന്നാണ് രാമായണ കഥ. മിക്കവാറും എല്ലാ പാഠങ്ങളിലും പ്രത്യക്ഷപ്പെടുന്ന കഥാപാത്രമാണ് ശൂര്‍പ്പണഖ. രാവണന്റെയും കുംഭകര്‍ണ്ണന്റെയും ഒക്കെ സഹോദരി ശൂര്‍പ്പണഖയെ സംബന്ധിച്ചുള്ള ഏറ്റവും പ്രഖ്യാതമായ കാര്യം രാമനുമായി ബന്ധപ്പെട്ടുള്ളതാണ്.

സീതയും ശൂര്‍പ്പണഖയും

രാമായണത്തിന്റെ പല പാഠങ്ങളിലൂടെ നമുക്കു മുന്‍പിലെത്തുന്ന സ്ത്രീമാതൃകകളുണ്ട്. നല്ല സ്ത്രീ/ചീത്ത സ്ത്രീ എന്നീ മാതൃകകളാണ് അവ. സീത/ശൂര്‍പ്പണഖ എന്നീ കഥാപാത്രങ്ങള്‍ യഥാക്രമം, പതിവ്രത, അഭിസാരിക എന്ന തരത്തിലുള്ള വിപരീതദ്വന്ദ്വങ്ങളുടെ പ്രതിനിധാനങ്ങളാണ്. രാമന്‍, രാവണന്‍ എന്നത് പുരുഷ സംബന്ധമായ ഇത്തരം വിപരീതങ്ങളാണ്. ജീവിതത്തില്‍ നമുക്ക് ശൂര്‍പ്പണഖയേയും സീതയേയുമൊന്നും കാണാന്‍ സാധിക്കില്ല. പതിവ്രത, വേശ്യ എന്നീ അച്ചുകളില്‍ വാര്‍ത്ത സ്ത്രീകള്‍ ജീവിതത്തിലില്ല. പൂര്‍ണ്ണ സമയം ഒരു പുരുഷനെ മാത്രം ധ്യാനിച്ചിരിക്കുന്ന സ്ത്രീയും ആരെയും സ്‌നേഹിക്കാതെ പൂര്‍ണ്ണസമയം ശരീരവില്‍പന നടത്തുന്ന സ്ത്രീയും അസാധ്യത ആണ്. മറക്കുടയ്ക്കുള്ളില്‍ ഇരിക്കുന്ന സ്ത്രീ വിശുദ്ധസ്ത്രീയും പാടത്തു പണി ചെയ്യുന്ന സ്ത്രീ മോശം സ്ത്രീയും ആകുന്ന ഈ നിലപാടിന്റെ അര്‍ഥം സ്ത്രീകളുടെ കര്‍തൃത്വത്തെ ചോര്‍ത്തിക്കളയുക, സ്ത്രീയെ വ്യവസ്ഥാപിത സമൂഹത്തിന്റെ അടിമയാക്കുക എന്നുള്ളത് മാത്രമാണ്. സ്ത്രീ പുരുഷസ്‌നേഹവുമായിട്ട് പതിവ്രതാ സങ്കല്‍പത്തിനു ബന്ധമൊന്നുമില്ല. കുന്തി പതിവ്രതാരത്‌നങ്ങളില്‍ ഒരാളാണ്. സ്‌നേഹിച്ച ഒരാളില്‍ നിന്നും ഉണ്ടായ കുട്ടിയേയും ആ ബന്ധത്തെയും കളഞ്ഞു മറ്റൊരു വിവാഹം കഴിക്കുകയും അയാള്‍ കൂട്ടിക്കൊടുത്തവരില്‍ നിന്നും ഉണ്ടായ കുട്ടികളെ വളര്‍ത്തുകയും ചെയ്തത് കൊണ്ടാണ് കുന്തി പതിവ്രത ആയത്. വ്യവസ്ഥാനുകൂലമായ അനേകം ബന്ധമുള്ളയാളും പതിവ്രതയാകാം എന്നര്‍ഥം. എങ്കിലും ശൂര്‍പ്പണഖ പതിവ്രതയല്ല. കാരണം, സ്ത്രീ പുരുഷബന്ധത്തില്‍ സ്‌നേഹം ഒട്ടും ഉണ്ടാകരുത്, സ്ത്രീയുടെ ഇച്ഛ ഒരിക്കലും ഉണ്ടാകരുത് എന്നുള്ളതാണ്. വില്ലൊടിച്ചും അമ്പെയ്തും ഒക്കെയുള്ള മത്സരത്തിനു കിട്ടുന്ന ട്രോഫിയുടെ അവസ്ഥയിലേയ്ക്ക് സ്ത്രീ മാറണം. സ്വാഭാവികമായും ഇത് സവര്‍ണ പുരുഷാധികാരത്തിന്റെ സൃഷ്ടിയാണ്. നല്ല പുരുഷനായ രാമന്‍ ഉണ്ടാകണമെങ്കില്‍ ശൂര്‍പ്പണഖയും ഉണ്ടായേ തീരൂ. വാസ്തവത്തില്‍ രാമന്റെ നന്മയെ ചിത്രീകരിക്കുന്നതിനാണ് ശൂര്‍പ്പണഖയുമൊത്തുള്ള ആരണ്യകാണ്ഡത്തിലെ രംഗം തന്നെ നിര്‍മിച്ചിരിക്കുന്നത്. രാമനെന്ന ധാര്‍മിക പുരുഷമാതൃകയുടെ ഒരു പ്രധാന ഘടകം ഏകപത്‌നീവ്രതമാണ്. ഇത് തെളിയിക്കുന്നതിന്റെ ഭാഗമായാണ് ശൂര്‍പ്പണഖയില്‍ നിന്നുള്ള ഒരഭ്യര്‍ഥനയെ രൂപപ്പെടുത്തിയെടുക്കുന്നത്. ഇന്ത്യന്‍ സാഹചര്യത്തിലും കേരളീയ സാഹചര്യത്തിലും പിന്നീടിത്, രാമന്റെ ശൂര്‍പ്പണഖാ നിരാസവും ഏകപത്‌നീവ്രതവും ഒരു മൂല്യമായി നിലനില്‍ക്കുകയാണ് ചെയ്യുന്നത്. അച്ഛന്റെ വാക്കു കേട്ട് രാജ്യമപ്പാടെയുപേക്ഷിക്കുക എന്നതും സമാനമായി ത്യാഗത്തിന്റെയും ധാര്‍മികതയുടെയും സൂചകമാണ്.


ആത്മീയതയും രോഗവും

നവോത്ഥാന കാലഘട്ടത്തില്‍ ഇത്തരം വിശുദ്ധമൂല്യങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ഏകപത്‌നീ വ്രതവും രാജ്യമുപേക്ഷിക്കലുമടക്കം കുട്ടികൃഷ്ണമാരാരുടെ 'വാല്മീകിയുടെ രാമന്‍' എന്ന കൃതിയില്‍ വിമര്‍ശനാത്മകമായി ചോദ്യം ചെയ്യപ്പെടുന്നത് കാണാം. നവോത്ഥാന സമരങ്ങളിലൂടെ ഇത്തരം മൂല്യങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നതാണ് അതിന്റെ പശ്ചാത്തലം. വനവാസക്കാലത്ത്, പിതാവിനോടും കൈകേയിയോടും ഭരതനോടും അമര്‍ഷം പ്രകടിപ്പിക്കുന്ന രാമനെ ഉദ്ധരിച്ചുകൊണ്ട് ത്യാഗം എന്ന മൂല്യത്തെത്തന്നെ മാരാര് ചോദ്യം ചെയ്യുന്നു. ഒരു സ്ത്രീ പ്രണയാഭ്യര്‍ഥന നടത്തുമ്പോള്‍ യുക്തിപൂര്‍വം അതിനെ നിരസിക്കുന്നതിനു പകരം തന്റെ സഹോദരനടുത്തേക്ക് പറഞ്ഞുവിടുന്നത് അത്യന്തം സ്ത്രീവിരുദ്ധമായ ഒരു പ്രവൃത്തിയാണ്. ഇതിന് 'സ്‌നേഹ വൈകല്യം' എന്ന മനഃശാസ്ത്രപരമായ വ്യാഖ്യാനമാണ് മാരാര്‍ നല്‍കുന്നത്. ശൂര്‍പ്പണഖയെ പറഞ്ഞു വിടാതെ അവിടെ നിര്‍ത്തുന്നത് പെണ്ണിനെ കാണുന്നതില്‍ മാത്രം സന്തോഷം കണ്ടെത്തുന്ന 'സെക്‌സ് വേരിയേഷനാ'ണ് എന്നാണ് മാരാര്‍ പറയുന്നതിന്റെ അര്‍ഥം. ആത്മീയത ഒരു രോഗമാണ്, വിശുദ്ധപുരുഷസങ്കല്‍പം സ്ത്രീവിരുദ്ധമാണ് എന്നതാണ് അതിന്റെ നവോത്ഥാന അര്‍ഥം. പ്രണയാഭ്യര്‍ഥന നടത്തുന്ന സ്ത്രീ മോശം സ്ത്രീയാണെന്നത് ഒരു ഇന്ത്യന്‍ ഉപരിവര്‍ഗസങ്കല്‍പമാണ്. അതുപോലെത്തന്നെ രാമന്‍ നല്‍കുന്ന മറുപടിയിലെ ഒരു ഭാഗം താന്‍ 'ഭാര്യാസമേതനാണ്' എന്നാണ്. ലക്ഷ്മണനും വിവാഹിതനായ ഒരാളാണ്. അങ്ങനെയിരിക്കെ ഭാര്യ കൂടെയില്ലായിരുന്നെങ്കില്‍ രാമന് എന്തു സംഭവിക്കുമായിരുന്നു എന്ന ചോദ്യവും മാരാര്‍ ഉയര്‍ത്തുന്നു. പ്രണയത്തെയും സ്ത്രീയെയും ലൈംഗികതയെയും കുറിച്ചുള്ള ആര്യ-ദ്രാവിഡ മൂല്യസങ്കല്‍പങ്ങളിലെ ഭിന്നത എന്ന നിലയിലും ഇത് വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്.

ശൂര്‍പ്പണഖയും പല രാമായണങ്ങളും

ശൂര്‍പ്പണഖയുടെ കഥ തന്നെ വ്യത്യസ്ത ആഖ്യാനങ്ങളില്‍ വ്യത്യസ്തമാണ്. ശൂര്‍പ്പണഖ സ്വര്‍ണ്ണമാനായി വന്ന് പ്രലോഭിക്കുന്നത് സയാം ദേശത്തെ കഥയില്‍ കാണാം. മറ്റൊരു കഥയില്‍ ലങ്കയിലെ തടവില്‍ വച്ച് രാവണന്റെ ചിത്രം വരയ്ക്കാന്‍ സീതയെ പ്രേരിപ്പിക്കുന്നതും പിന്നീട് രാമന്‍ സീതയെ ഉപേക്ഷിക്കാന്‍ കാരണമാകുന്നതും ശൂര്‍പ്പണഖയാലാണ്. ഈ വിധത്തില്‍ പ്രലോഭനങ്ങളുടെ ഒരു ബിംബമായി ശൂര്‍പ്പണഖയെ അവതരിപ്പിക്കുന്ന പാഠങ്ങള്‍ നിലവിലുണ്ട്. രാമന്‍ ശൂര്‍പ്പണഖയെ വിരൂപയാക്കുന്നതാണ് ഗരുഡപുരാണത്തിലും ഭാഗവതത്തിലും. ആശ്ചാര്യ ചൂഢാമണി എന്ന കൃതിയില്‍ ലക്ഷ്മണന് ശൂര്‍പ്പണഖയോട് പ്രണയമുണ്ടായിരുന്നതായാണ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. ഉദാരരാഘവം എന്ന രചനയില്‍ പതിനാലു വര്‍ഷത്തിനു ശേഷം ഞാന്‍ നിന്നെ വിവാഹം ചെയ്യാം എന്ന് പറയുന്ന ലക്ഷ്മണനെയാണ് കാണുന്നത്. പ്രണയം മറയ്ക്കപ്പെട്ടാലേ ശൂര്‍പ്പണഖയെ അപരസ്ത്രീയായി ചിത്രീകരിക്കാനാകൂ. അതുകൊണ്ട് അധ്യാത്മരാമായണത്തിലൊന്നും അതുണ്ടാകില്ല. ശൂര്‍പ്പണഖ ആക്രമിക്കപ്പെടുന്ന രംഗവും പല രാമായണത്തിലും പലതാണ്. ഉദാര രാഘവത്തില്‍ ചുണ്ടാണ് മുറിച്ചുകളയുന്നത്. ചമ്പു, ബാലരാമായണം തുടങ്ങിയവയില്‍ മൂക്കാണ് മുറിക്കുന്നത്. കമ്പര്‍ രാമായണത്തിലും അധ്യാത്മരാമായണത്തിലും മാറിടം ഛേദിക്കുന്നു. ലൈംഗികതയ്ക്കുള്ള ശിക്ഷ പോലെയാണ് ശൂര്‍പ്പണഖയുടെ അവയവഛേദം പ്രത്യക്ഷപ്പെടുന്നത്. അതുപോലെ പ്രലോഭനത്തിന്റെ പ്രതിരൂപമായി ശൂര്‍പ്പണഖ മാറുന്നു. അതിപ്പോ സീത രാവണനെ വരച്ചാലും അതിന്റെ പിന്നില്‍ ശൂര്‍പ്പണഖയായി മാറുന്നു. അതായത് വരയ്ക്കുകയും പ്രണയിക്കുകയും പ്രണയാഭ്യര്‍ഥന നടത്തുകയും ചെയ്യുന്ന പെണ്ണ് ശൂര്‍പ്പണഖയാണ്. ഉപരിവര്‍ഗ പുരുഷന്റെ ഉള്ളിലെ രണ്ട് സ്ത്രീ മാതൃകകളാണ് സീതയും ശൂര്‍പ്പണഖയും. വിശുദ്ധ സ്ത്രീയും യക്ഷിസങ്കല്പവും മാംസഭോജിയായ രാക്ഷസ സ്ത്രീസങ്കല്പവും ഒക്കെ ഇതിന്റെ പ്രതിനിധാനമാണ്. ജീവജാലങ്ങളെ വെറുതെ കൊല്ലുന്ന യാഗത്തെ മുടക്കാന്‍ എത്തുന്നവരാണ് ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുന്നതു കൊണ്ട് നരഭോജികളായി ആരോപിക്കപ്പെട്ട രാക്ഷസര്‍. താടകയെ രാമന്‍ കൊല്ലുന്നതു അങ്ങനെയാണ്. ആര്യപ്രസ്ഥാനത്തിന്റെ യാഗം പോലുള്ള നിലപാടുകള്‍ക്ക് എതിരെ നീക്കങ്ങള്‍ നടത്തിയ വിപ്ലവസ്ത്രീകള്‍ മോശപ്പെട്ടവരായി മാറുന്നു. താടകയെ യാഗം മുടക്കുന്നവര്‍ എന്നാരോപിച്ചാണ് കൊല്ലുന്നത്. അങ്ങനെ താടകയും ശൂര്‍പ്പണഖയും ഒക്കെ പ്രാദേശിക ജനതയുടെ പോരാട്ട പ്രതീകമായി മാറുന്നു. രാമായണത്തെ കുറിച്ച് ഏറ്റവും ദീര്‍ഘമായ പഠനങ്ങള്‍ നടത്തിയിട്ടുള്ളത് ബെല്‍ജിയം സ്വദേശിയായ, പിന്നീട് ഇന്ത്യന്‍ പൗരത്വം നേടിയ ഫാദര്‍ കാമില്‍ ബുല്‍ക്കെയാണ്. 'രാമകഥ ഉത്ഭവവും വികാസവും' എന്ന ഗവേഷണ പ്രബന്ധം അദ്ദേഹത്തിന്റേതായുണ്ട്. ഇതില്‍ ആയിരക്കണക്കിന് രാമായണ പാഠങ്ങളെ വിശകലനം ചെയ്യുന്നുണ്ട്. നീലഗിരിയില്‍ ഇപ്പോഴും ശൂര്‍പ്പണഖ പൂജിക്കപ്പെടുന്നുണ്ടെന്നും നത്തു എന്ന ജാതിയിലെ സ്ത്രീകള്‍ ശൂര്‍പ്പണഖയുടെ സന്താനങ്ങളായി കരുതുന്നു എന്നും രാമായണത്തിലെ വാനരന്മാരും രാക്ഷസന്മാരും മറ്റും വിന്ധ്യാപര്‍വത പ്രദേശങ്ങളിലേയും മധ്യഭാരതത്തിലേയും ആദിവാസികളിലെ ഉപജാതികളായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്. പ്രാദേശിക ജനതക്കുമേലുള്ള ആര്യന്‍ ആധിപത്യമായും ഇത് വിശകലനം ചെയ്യപ്പെടുന്നു. കുരങ്ങ് കൊടിയടയാളമായ ഒരു വംശമാണ് രാമായണത്തിലെ വാനരന്മാര്‍ എന്നുള്ള പല പഠനങ്ങളും പുറത്തുവന്നിട്ടുള്ളതുമാണ്. രാമായണത്തിന്റെ തന്നെ പല പാഠങ്ങളെ മുന്‍നിര്‍ത്തിയാണ് ഇത്തരം നിരീക്ഷണങ്ങള്‍ പുറത്തു വന്നിട്ടുള്ളത്. ആദിവാസി രാമായണവും മാപ്പിള രാമായണവും ഉണ്ട്. മാപ്പിള രാമായണത്തിലെ ശൂര്‍പ്പണഖ ശരിഅത്ത് നിയമമനുസരിച്ച് തന്നെ വിവാഹം ചെയ്യണം എന്നഭ്യര്‍ഥിക്കുന്നതായാണ് കാണുന്നത്.


'തായ് കുലം'

ഇത്തരം പാഠങ്ങളുടെ പശ്ചാത്തലത്തിലാണ് സാറാ ജോസഫ് ശൂര്‍പ്പണഖയുടെ സ്വഗതാഖ്യാനം എന്ന നിലയില്‍ 'തായ്കുലം' എന്ന കഥ രചിക്കുന്നത്. നിലവിലെ കേരളീയ ഫെമിനിസത്തിന്റെ ഒരു പ്രകടനപത്രികയെന്നതു പോലെയാണ് ഈ കഥ രചിച്ചിട്ടുള്ളത്. ഗ്രേസി (സീതായനം, പാഞ്ചാലി ), സുഗതകുമാരി, (പാദ പ്രതിഷ്ഠ) സാവിത്രി രാജീവന്‍ (ആരണ്യകാണ്ഡം) വിജയലക്ഷ്മി, (കൗസല്യ) കെ.ആര്‍ മീര (ശൂര്‍പ്പണഖ) പത്മരാജന്‍ (ശൂര്‍പ്പണഖ) എന്നിങ്ങനെ പലരും രാമായണത്തെ മുന്‍നിര്‍ത്തിയും ശൂര്‍പ്പണഖയെ മുന്‍നിര്‍ത്തിയും രചനകള്‍ നടത്തിയിട്ടുണ്ട്. കെ.ആര്‍ മീര ശൂര്‍പ്പണഖയെ കച്ചവടകാലത്തിലേയ്ക്ക് കൊണ്ടു വരുന്നുണ്ട്. ഇവിടെ സാറാ ജോസഫിന്റെ കഥ മാത്രമാണ് പരിശോധിക്കുന്നത്. രാമായണ പാഠങ്ങളും പഠനങ്ങളും എല്ലാം ഇവിടെ കഥാകൃത്ത് ഉപയോഗിക്കുന്നുണ്ട്. ഈ പാഠങ്ങള്‍ ഉപയോഗിച്ചു കൊണ്ട് ശൂര്‍പ്പണഖയ്ക്ക് ഒരു ആദിവാസി വ്യക്തിത്വവും പാരിസ്ഥിതിക വ്യക്തിത്വവും നല്‍കുകയാണ് ഇവിടെ. ശൂര്‍പ്പണഖയുടെ മുലകള്‍ മുറിച്ചു കളയുന്നതിനെ സംസ്‌കാരത്തിന്റെയും ഭാഷയുടെയും പ്രകൃതിയുടെയും വംശത്തിന്റെയും വേരുകള്‍ മുറിച്ചു കളയുന്നതായി അവതരിപ്പിക്കുന്നതാണ് ഇതില്‍ പിന്‍തുടരുന്ന രീതി. ഇതേ തരത്തില്‍ ആക്രമിക്കപ്പെടുന്ന അയോമുഖി എന്ന ഒരു കഥാപാത്രത്തെക്കൂടി ഈ കഥയില്‍ കൊണ്ടുവരുന്നതായി കാണാം. സീതയുടെ അഗ്‌നിപ്രവേശമറിഞ്ഞ് പൊട്ടിച്ചിരിക്കുന്ന ശൂര്‍പ്പണഖയോടെയാണ് ഈ രചന അവസാനിക്കുന്നത്. സ്ത്രീ പ്രശ്‌നത്തെ വംശീയവും പരിസ്ഥിതികവും ഭാഷാപരവുമായ പ്രശ്‌നങ്ങളുമായി എങ്ങനെ കഥ ബന്ധിപ്പിക്കുന്നു, ഇത് യഥാര്‍ഥത്തില്‍ സ്ത്രീയവസ്ഥകളെ എങ്ങനെ സംബോധന ചെയ്യുന്നു എന്നീ കാര്യങ്ങളാണ് ഇവിടെ അന്വേഷിക്കുന്നത്.

ലൈംഗിക ശരീരം

പുരുഷനില്‍ നിന്നും സ്ത്രീ ഏല്‍ക്കുന്ന പീഡനങ്ങളുടെ പ്രതിനിധി എന്ന നിലയില്‍ ശൂര്‍പ്പണഖയെ അവതരിപ്പിക്കാനുള്ള ശ്രമം ഈ കഥയിലുണ്ട്. വ്യതിരിക്തമായ സ്‌ത്രൈണാവയവം എന്നു പറയാവുന്ന മാറിടം മുറിപ്പെടുന്നതാണല്ലോ ശൂര്‍പ്പണഖയുടെ കഥ. 'മെയ്യിളകുമ്പോള്‍ എനിക്ക് ഇടവും വലവും നോവുന്നു. മുലകള്‍ നൊന്തു വിങ്ങുന്നു' എന്നിങ്ങനെയുള്ള വരികള്‍ സ്ത്രീ അവയവമായ സ്തനങ്ങളില്‍ ഊന്നിയുള്ളതാണ്. മയന്‍ എന്ന ശില്‍പി കൊത്തിയ കരിങ്കാളിശില്‍പത്തെ ഓര്‍മിപ്പിക്കുന്ന മുലകളായിരുന്നു തന്റേതെന്ന ശൂര്‍പ്പണഖയുടെ വാക്കുകളും ഇതില്‍ കാണാം. രാമ ലക്ഷ്മണാദികളാല്‍ മുല ഛേദിക്കപ്പെട്ട അയോമുഖിയെക്കുറിച്ചും സമാനമായ വര്‍ണ്ണനകള്‍ കാണാം. ഓടലെണ്ണ മിന്നുന്ന മുടിക്കാടും മിന്നിച്ച് എപ്പഴും പിടയുന്ന മീന്‍ കണ്ണുകള്‍ വെട്ടിച്ച് പൂങ്കൊണ്ടല്‍ നിറയുന്ന അരക്കെട്ടിളക്കി അവള്‍ വരുമ്പോള്‍ രാവണപ്പെരുമാള്‍ക്കും അടിതെറ്റുന്നു എന്നു അയോ മുഖിയെക്കുറിച്ചു പറയുന്നു. സ്ത്രീശരീര വര്‍ണ്ണനയാണിത്. അതുപോലെ മൂന്നും നാലും തലമുറകള്‍ മുലയൂട്ടാന്‍ പോന്ന കനകമുലകളാണ് മുറിക്കപ്പെട്ടതെന്നാണ് ഈ കഥാപാത്രത്തെക്കുറിച്ച് പറയുന്നത്. സ്ത്രീയുടെ ശരീരത്തെയും കാമത്തെയും നിഷേധിക്കുന്ന ആഖ്യാനങ്ങള്‍ ലോകമെമ്പാടും രൂപപ്പെട്ടിട്ടുണ്ട്. അങ്ങനെയല്ലാത്തവയും ഉണ്ട്. ഈ സാഹചര്യത്തിലാണ് സ്ത്രീ ശരീരത്തിന്റെ വര്‍ണന ഇവിടെ കടന്നുവരുന്നത്. സ്ത്രീശരീരത്തെ ഒഴിവാക്കിയെടുക്കുന്നതിന് പ്രതിഷേധമെന്ന നിലയില്‍ സ്ത്രീ ശരീരത്തെ ഉയര്‍ത്തിക്കൊണ്ടു വരുന്ന ചില പാശ്ചാത്യസിദ്ധാന്തങ്ങളുടെ പ്രയോഗം പോലെയാണ് ഈ വര്‍ണന കടന്നു വരുന്നത്. എന്നാല്‍, പാട്ടും മണിപ്രവാളവും ഒരു കാലത്തു രൂപപ്പെട്ട കേരളത്തില്‍ സ്ത്രീ ശരീരത്തിന്റെ നിരാസവും സ്ത്രീ ശരീരത്തിന്റെ ആഘോഷവും പരസ്പരപൂരകമാണ്, രണ്ടും സ്ത്രീവിരുദ്ധമാണ് എന്നു മനസിലാക്കാന്‍ പ്രയാസമില്ല. ക്ഷേത്രച്ചുവരുകളിലെ രതി ശില്പങ്ങളിലേയ്ക്ക് നോക്കിയാലും മതി.


രണ്ട് തരം ആഖ്യാനങ്ങളാണ് നവോത്ഥാന പുര്‍വ്വ കാലത്ത് സ്ത്രീക്ക് പ്രധാനമായും നല്‍കപ്പെട്ടിട്ടുള്ളത്. ഒന്ന് പ്രസവിക്കുന്ന സ്ത്രീ. വേളി കഴിക്കാനുള്ള സ്ത്രീ, മറ്റൊന്ന് അഴകുള്ള, പുരുഷന് നേരമ്പോക്കിനു വേണ്ടിയുള്ള, സംബന്ധത്തിനുള്ള സ്ത്രീ. വേളി കഴിക്കാനുള്ള സ്ത്രീ ആനന്ദിപ്പിക്കുന്ന സ്ത്രീ (പതിവ്രത/ വേശ്യ) എന്നീ ദ്വന്ദ്വം നമ്മുടെ സാമൂഹിക ജീവിതത്തില്‍ നിലനിന്നിരുന്നതുമാണ്. ഇവ രണ്ടിന്റെയും നിഷേധമാണ് നവോത്ഥാന കാലം മുന്നോട്ടു വയ്ക്കുന്നത്. എന്നാല്‍, 'രാവണപ്പെരുമാള്‍ക്കും അടിതെറ്റുന്ന' സ്ത്രീ ശരീരം എന്ന് പറഞ്ഞുവച്ചുകൊണ്ടു പുരുഷ പ്രലോഭനീയ വസ്തുവായി സ്ത്രീ ഇവിടെ മാറുന്നു. അതുപോലെ 'അനേകം തലമുറകള്‍ പാലൂട്ടാന്‍ പോന്ന കനകമുലകള്‍' എന്നു പറഞ്ഞു കൊണ്ട് തലമുറകളോളം പാലൂട്ടുന്നവളാണ്, ജീവിതം മുഴുവന്‍ പ്രസവിക്കേണ്ടുന്നവളാണ് സ്ത്രീ എന്ന സങ്കല്പവും പിന്‍തുടരുന്നു.ഇത്തരത്തില്‍ സ്ത്രീയെ ശരീരത്തില്‍ തളച്ചിടുന്ന ക്രൂരമായ സ്ത്രീവിരുദ്ധതയാണ് ഇത്തരം കഥകള്‍ക്ക് പിന്നിലുള്ളത്.

എംഗല്‍സും സിമോണ്‍ ദി ബുവയും തമ്മില്‍ വിയോജിപ്പുകള്‍ ഉണ്ടാകുമ്പോഴും തൊഴിലില്‍ നിന്നുമുള്ള അന്യവത്കരണമാണ് സ്ത്രീയുടെ അടിമത്തത്തിന് കാരണമെന്നു രണ്ടു പേരും പറയുന്നു. ഒരു വര്‍ഗം മറ്റൊരു വര്‍ഗത്തെയും (ഉത്പാദന ഉപകരണങ്ങള്‍പിടിച്ചെടുക്കുന്നതിലൂടെ) പുരുഷന്‍ സ്ത്രീയെയും അടിച്ചമര്‍ത്തുന്നത് ഒരു ബിന്ദുവില്‍ സന്ധിക്കുന്നതായി എംഗല്‍സും സ്ത്രീയുടെ ഗാര്‍ഹികാദ്ധ്വാനം അദ്ധ്വാനമായിതന്നെ പരിഗണിക്കപ്പെടുന്നില്ല എന്ന് സിമോണും അഭിപ്രായപ്പെടുന്നു. തലമുറകളോളം പാലൂട്ടുന്ന സ്ത്രീ എങ്ങനെയാണ് തൊഴിലിനു പോകുക. മുന്നേറുന്ന സ്ത്രീയെ പ്രാകൃതകാല അടിമത്തത്തിലേയ്ക്ക് തള്ളിവിടുകയാണ് സാറാ ജോസഫ്.

ആവതില്ലാത്ത രാമനും ലൈംഗികവീരനും

അതുപോലെ കഥയില്‍, 'പെണ്ണ് കാമം കൊണ്ടുലര്‍ന്നു വരുമ്പോള്‍ ആവതില്ലെങ്കില്‍ ഉടപ്പിറന്നവളോടെന്നവണ്ണം വാക്കു പറഞ്ഞു വേറൊരിടം ചൂണ്ടി വിടണം' എന്ന ഒരു പ്രയോഗവും കാണാം. അതാണ് രാമന്‍ ചെയ്യാത്തത് എന്നാണ് പറയുന്നത്. രാമനെ എതിര്‍ക്കുകയും രാവണനെ സ്വീകരിക്കുകയും ചെയ്യുന്ന ഒരു രീതി കഥ പിന്‍തുടരുന്നു. ഈ കഥ പതിവ്രത/വേശ്യ എന്നീ സ്ത്രീയെ സംബന്ധിക്കുന്ന തൊഴില്‍ വിരുദ്ധമായ (പ്രസവവും കുഞ്ഞും ലക്ഷ്യമാക്കിയുള്ള പതിവ്രത/നേരമ്പോക്കിനുള്ള വേശ്യ) നവോത്ഥാനപൂര്‍വ സ്ത്രീമാതൃകകളെ പുനഃപ്രക്ഷേപിക്കുന്നു എന്നു പറഞ്ഞല്ലോ. പെണ്ണിനെ സഹോദരിയായി കാണുന്ന മര്യാദ രാമന്‍/ഒരുപാടു സ്ത്രീകളെ ആക്രമിക്കാന്‍ ആവതുള്ള രാവണന്‍ എന്നീ രണ്ട് പൂര്‍വകാല പുരുഷമാതൃകകള്‍ രണ്ടും സ്ത്രീവിരുദ്ധമാണ് എന്നാണ് നവോത്ഥാന കാലം തെളിയിച്ചത്. കാമം കൊണ്ടുലര്‍ന്നു വന്ന ശൂര്‍പ്പണഖയെ രാമന്‍ സഹോദരീ തുല്യം മറ്റൊരാളെ ചൂണ്ടി വിടുന്നത് രോഗമാണെന്നും അതാണ് സ്ത്രീയെ ത്യജിക്കലിലേക്ക് നയിക്കുന്നതും അതു സെക്‌സ് വേരിയേഷനാണെന്നുമാണ് നവോത്ഥാന വായനകള്‍ ബോധ്യപ്പെടുത്തിയത്. ഇവിടെ പ്രകടമായി രാമനെ എതിര്‍ക്കുന്നു എന്ന നിലയില്‍ രാവണനെ ന്യായീകരിക്കുകയും രണ്ട് പുരുഷ സങ്കല്പങ്ങളെയും പുനരാനയിക്കുകയും ചെയ്യുന്നു. സ്ത്രീവിരുദ്ധ പുരുഷ സങ്കല്പങ്ങളായ എല്ലാരെയും സഹോദരിയായി കാണുന്ന ആവതില്ലാത്ത രാമനെയും സ്ത്രീയെ ആക്രമിക്കുന്ന ലൈംഗിക വീരനെയും ഫാഷിസ്റ്റുകളെ പോലെ സാറാ ജോസഫും അംഗീകരിക്കുന്നു. സ്ത്രീയെ സഹോദരിയായി കാണുന്നവനും സ്ത്രീഭയം ഉണ്ട്, ആക്രമിക്കുന്നവനും ഉണ്ട്. രാമനും രാവണനും ഉണ്ട്. രാവണന്‍ സീതയെ തൊട്ടാല്‍ തല പൊട്ടിത്തെറിക്കും എന്ന മിത്തിന്റെ അര്‍ഥം അതാണ്, ആ ഭയമാണ്. ആവതില്ലായ്മയും അതിക്രമവും പൂരകമാണ്. ഭാരതീയരെല്ലാം സുഹൃത്തുക്കളാവാതെ സഹോദരീ സഹോദരന്മാരാകുന്നത് ലൈംഗിക ഭയം നിമിത്തമാണ്. അതു തന്നെയാണ് അതിക്രമത്തെയും നിര്‍മിക്കുന്നത്. സ്വാഭാവികമായി സ്ത്രീയെ കാണാന്‍ കഴിയാതിരിക്കുന്നതില്‍ നിന്നാണ് അതിക്രമങ്ങള്‍ ഉണ്ടാകുന്നത്. കാമശാസ്ത്രവും പുതിയകാല ലൈംഗികവിപണിയും രൂപപ്പെടുത്തിയ മിത്താണ് ആവതില്ലാത്ത പുരുഷനും അനന്തമായി ലൈംഗികക്രിയ ചെയ്യുന്ന ലൈംഗികവീരനും. ('ഊരുകാവല്‍ ' എന്ന നോവലിലും ബാലിയെ നായകനാക്കുന്നത് കിഷ്‌കിന്ദകുലുങ്ങുന്ന രതിക്രിയയുടെ പേരിലാണ്) ചുരുക്കത്തില്‍ പതിവ്രത/വേശ്യ, രാമന്‍/രാവണന്‍ എന്നീ നവോത്ഥാനപൂര്‍വ അധികാരവിധേയ സ്ത്രീപുരുഷ സങ്കല്പത്തെ ആനയിക്കുകയാണ് സാറാ ജോസഫ്. ഇതാണ് സ്ത്രീയുടെ ദുരന്തങ്ങള്‍ക്ക് കാരണം.

പണ്ട് രാമന് പ്രാമുഖ്യം നല്‍കിക്കൊണ്ട് രാവണനെ ആനയിക്കുമ്പോള്‍ ഇന്ന് രാവണന് പ്രാമുഖ്യം നല്‍കിക്കൊണ്ട് രാമനെ ആനയിക്കുന്നു. ഇന്നത്തെ സിനിമയില്‍ രാവണനാണ് പ്രാമുഖ്യം. അയാള്‍, രാവണപ്രഭു വ്യവസായി ആയിരിക്കും. ആവതില്ലാത്ത രാമന്റെ സ്ഥാനം ഭരണകൂടങ്ങള്‍ക്ക് ആയിരിക്കും. അതു കൊണ്ട് രാവണപ്രഭു സിനിമയില്‍ മോഹന്‍ലാല്‍ വ്യവസായിയും രാമന് തുല്യനായ സിദ്ധിക്ക് പോലീസുകാരനുമായിരിക്കും. ആഗോളീകരണ കാലത്ത് സീത രാവണനെ ഇഷ്ടപ്പെടുകയും ഭരണകൂട പ്രതിനിധിയായ രാമന്‍ സീതയെ, സ്റ്റേറ്റിനെ വ്യവസായിയായ രാവണന് കൂട്ടിക്കൊടുക്കുകയും ചെയ്യും. രാമ രാജ്യം പൂര്‍ണ്ണമായും വ്യവസായികള്‍ നിയന്ത്രിക്കുന്നതായിരിക്കും. അത്തരം രാഷ്ടീയമാണ് ഇത്തരം കഥകള്‍ക്ക് ഉള്ളത്.


വംശീയതയും വംശശുദ്ധിയും

ഇനി കഥയിലെ വംശീയ അസ്തിത്വത്തെക്കുറിച്ചു പറയാം. ഇവിടത്തെ സ്ത്രീ പീഡനം വംശീയപീഡനം എന്ന നിലയിലും കൂടി അവതരിപ്പിക്കുകയാണ്. തീര്‍ച്ചയായും രാമകഥ വംശ സംഘര്‍ഷങ്ങളുടെ കഥ കൂടിയാണ്. പക്ഷെ, അത് അധികാരത്തിന്റെ കഥ കുടിയാണ്. വംശശുദ്ധി തകരുന്നതിലുള്ള ആകുലതയല്ല രാമായണ കഥ. രാമായണകഥയില്‍ ഹനുമാന്‍ സീതയെ കാണുന്ന സന്ദര്‍ഭത്തില്‍ താന്‍ രക്ഷിച്ചു കൊണ്ട് പോകാം എന്നു പറയുന്നുണ്ട്. എന്നാല്‍, സീത അതിന് തയ്യാറാവുന്നില്ല. പതിവ്രതയെ ഭര്‍ത്താവാണ് രക്ഷിക്കാനുള്ളത്. സീതയ്ക്ക് രക്ഷപ്പെടണമെന്നല്ലേ ഉള്ളത്; ഭര്‍ത്താവ് വീരനാണെന്നു തെളിയിക്കുന്നതാണോ പ്രധാനം എന്നു തോന്നാം. ഇതാണ് പതിവ്രതാസങ്കല്പത്തിനുള്ളിലെ അധികാരം. ഹനുമാന്‍ സീതയെ രക്ഷിച്ചെങ്കില്‍ എത്രയോ വാനരന്മാരും രാക്ഷസന്മാരും മരിക്കാതെ പോയേനെ. പക്ഷെ, ലങ്കയെ കീഴടക്കാനാവില്ലായിരുന്നു. സ്ത്രീയുടെ വിശുദ്ധി സങ്കല്പത്തിനുള്ളില്‍ വംശീയ സംഘര്‍ഷങ്ങളും അധികാര സംഘര്‍ഷങ്ങളും ഒളിഞ്ഞിരിക്കുന്നു. ഹനുമാന്‍ സീതയെ രക്ഷിച്ച് ഒരിക്കലും നായകനായി കൂടാ. ദ്രാവിഡ ജനതയ്ക്കും രാക്ഷസവംശത്തിനും മേലുള്ള ആര്യവംശത്തിന്റെ ആധിപത്യമാണ് വിഷയം. രാവണനെ മുന്‍പ് തോല്‍പിച്ചിട്ടുള്ള ബാലിയുടെ സഹായത്തോടെ രാമന് സീതയെ വളരെ എളുപ്പത്തില്‍ രക്ഷിക്കാമായിരുന്നു. എന്നാല്‍, ബാലിയെ വധിച്ച് സുഗ്രീവനെ ദാസനാക്കുകയാണ് രാമന്‍ ചെയ്യുന്നത്. കിഷ്‌കിന്ദയുടെയടക്കം ദ്രാവിഡ രാജ്യങ്ങളെ തന്ത്രപൂര്‍വം അധീനതയിലാക്കുന്നതിനുള്ള നീക്കമായി ഇതിനെ കാണാം. ഹനുമാനോ ബാലിയോ ആണ് സീതയെ രക്ഷിക്കുന്നതെങ്കില്‍ രാമന്റെ പ്രസക്തി മങ്ങിയേക്കും എന്ന അവസ്ഥയും ഇവിടെ പരിഗണിക്കേണ്ടതുണ്ട്. ഇവിടെയെല്ലാം ഏറ്റവും ചെറിയ സമയത്തിനുള്ളില്‍ സീതയെ വീണ്ടെടുക്കുക അല്ല ലക്ഷ്യം. രാജ്യങ്ങള്‍ കീഴടക്കുക എന്നതാണ് പ്രധാനം. രാമന് ലങ്കന്‍ വംശീയത തകര്‍ക്കണമെന്നൊന്നും ഇല്ല. തനിക്ക് വിധേയമായ രാജ്യമാകണമെന്നേ ഉള്ളൂ. സുഗ്രീവനെ രാജ്യമേല്‍പിക്കുന്നു.

കഥയിലെ ശൂര്‍പ്പണഖയ്ക്ക് പക്ഷെ, ഇതൊന്നും മനസിലാക്കാനുള്ള ബുദ്ധിയില്ല. രാമന്റെ ആക്രമണത്തില്‍ തന്റെ വംശീയ വിശുദ്ധി തകരുന്നതിലുള്ള ഉത്കണ്ഠയാണ്. ഉപരിവര്‍ഗത്തില്‍ പെട്ട ഒരാള്‍ തന്നെ ആക്രമിക്കുമ്പോള്‍ തന്റെ ജാതി വിശുദ്ധി തകരുന്ന ഉത്കണ്ഠ മാത്രം മതി എന്നുള്ളത് നവോത്ഥാന പൂര്‍വ്വ ഉത്കണ്ഠയാണ്. നവോത്ഥാനാനന്തരവും അത്ര ബുദ്ധിയില്ലാത്തവരാക്കി മാറ്റുകയാണ് ശൂര്‍പ്പണഖമാരെ, സാറാ ജോസഫ്. സീതയുടെ വിശുദ്ധി സങ്കല്പത്തിനുള്ളിലെന്നപോലെ ശൂര്‍പ്പണഖയുടെ വിശുദ്ധി സങ്കല്പത്തിനുള്ളിലും യുദ്ധങ്ങളും കലാപങ്ങളും ഒളിച്ചിരിക്കുന്നു. ഹനുമാനോട് കാണിച്ച സീതയുടെ വിശുദ്ധി സങ്കല്പത്തിനുളളില്‍ രാമന്റെ രാജ്യാധിനിവേശം എന്ന പോലെ ശൂര്‍പ്പണഖയുടെ വംശീയ വിശുദ്ധി നിലപാടിലൂടെ കാണാതെ പോകുന്നതും രാമന്റെ രാജ്യാധിനിവേശ അഭിവാഞ്ജയാണ്. പല രാജ്യങ്ങളും ഇന്നു കീഴടക്കപ്പെടുന്നത് ആഭ്യന്തര വംശ സംഘര്‍ഷങ്ങളിലൂടെയാണ്. രാജ്യങ്ങള്‍ കീഴടക്കപ്പെടുന്നത് വംശീയ മാഹാത്മ്യ സംസ്‌കാര നിര്‍മിതിയിലൂടെയാണ്. കുലത്തിന്റെ മാനം മുഴുവന്‍ ചെതറി വീണു എന്നാണ് അയോമുഖി പീഡിപ്പിക്കപ്പെടുമ്പോഴുള്ള ശൂര്‍പ്പണഖയുടെ പ്രതികരണം. പീഡിപ്പിക്കപ്പെടുമ്പോള്‍ മാനഭംഗം ഉണ്ടാകുന്നത് സ്ത്രീക്കാണ് എന്ന സ്ത്രീവിരുദ്ധ നിലപാടിന്റെ ആവര്‍ത്തനമാണ് ഇവിടെ കാണുന്നത്. സ്ത്രീയുടെ വംശീയ പരിശുദ്ധിയെ വീണ്ടും ഉയര്‍ത്തിക്കൊണ്ടു വരികയാണ് ഇതിലൂടെ ചെയ്യുന്നത്. സ്ത്രീയുടെ 'മാനം' എന്നത് വംശത്തിന്റെ മാനം തന്നെയാണെന്നും അത് സംരക്ഷിക്കപ്പെടേണ്ടതാണ് എന്നുമുള്ള ഒരു പ്രതീതി ഇതുണ്ടാക്കുന്നു. ദുരഭിമാനക്കൊലകള്‍ ഉണ്ടാകുന്നത് ഇത്തരം വംശ ബോധത്തില്‍ നിന്നാണ്. ശൂര്‍പ്പണഖയെ ഒരു രാഷ്ട്രീയമായി പരിഗണിക്കുന്നില്ല, വംശീയ ശരീരമാക്കുന്നു.


പാരിസ്ഥിതിക സ്ത്രീവാദം

പരിസ്ഥിതിയുമായി സ്ത്രീയെ ബന്ധിക്കുന്ന, ശൂര്‍പ്പണഖയെ ബന്ധിപ്പിക്കുന്ന ഒരു അടരും കഥയ്ക്കുണ്ട്. 'കൊയ്‌തൊഴിഞ്ഞ പാടം പോലെ ഫലശൂന്യമായ ഒരിടം' എന്നാണ് ശൂര്‍പ്പണഖയുടെ മുറിവേറ്റ മാറിടത്തെ കഥയില്‍ വിശേഷിപ്പിക്കുന്നത്. 'പെണ്ണിന്റെ കാമത്തില്‍ തെറ്റുകുറ്റം കണ്ടാല്‍ മണ്ണിനാണ് വിന'. ഇങ്ങനെയൊക്കെ കഥയില്‍ കാണാം. സ്ത്രീക്ക് നേരെയുള്ള ആക്രമണം പരിസ്ഥിതിയ്ക്ക് നേരെയുള്ള ആക്രമണമായി ചിത്രീകരിക്കുന്നു. സ്ത്രീയും പരിസ്ഥിതിയും തമ്മിലുള്ള പാരസ്പര്യം പല കാലങ്ങളിലായി ആഖ്യാനം ചെയ്യപ്പെട്ടിട്ടുള്ള ഒന്നാണ്. പരിസ്ഥിതി എന്നത് പ്രകൃതിയില്‍ മനുഷ്യന്‍ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളാണ്. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങള്‍ പരിഹരിക്കാന്‍ മനുഷ്യന്‍ പ്രകൃതിയില്‍ നടത്തുന്ന ഇടപെടലുകളാണ് പരിസ്ഥിതിയെ നിര്‍മിക്കുന്നത്. എന്നാല്‍, മനുഷ്യന്റെ അത്യാര്‍ത്തിയുമായി ബന്ധപ്പെട്ട്, കമീഷന്‍ കിട്ടുമെന്നു കരുതി ലക്ഷക്കണക്കിനു കോടി ചെലവ് ചെയ്ത് പാലങ്ങളും റെയില്‍പാതകളും പണിയുമ്പോള്‍ അത് പരിസ്ഥിതിവിരുദ്ധമെന്നു പറയാം. പ്രകൃതിക്ക് മേലുള്ള മനുഷ്യന്റെ എല്ലാ പ്രവര്‍ത്തനങ്ങളും പരിസ്ഥിതി വിരുദ്ധമല്ല. എങ്കില്‍ മനുഷ്യസംസ്‌കാരം തന്നെയില്ല. ഇവിടെ ആക്രമിക്കപ്പെട്ട സ്ത്രീയെക്കുറിച്ചു പറയുന്നത് കൊയ്‌തൊഴിഞ്ഞ പാടം പോലെ ഫലശൂന്യമെന്നാണ്. വയലും കൊയ്യലും പ്രകൃതിക്ക് നേരെയുള്ള ആക്രമണമല്ല. അത് നിര്‍മാണ പ്രവര്‍ത്തനമാണ്. മനുഷ്യന്റെ ഒരു ഇടപെടലും ഇല്ലാത്ത വിശുദ്ധ സ്ഥലമാക്കി ഭൂമിയെ നിര്‍വ്വചിക്കുകയാണിവിടെ. പുരുഷന്‍ തൊടാത്ത വിശുദ്ധ സ്ത്രീയും അതിനൊപ്പം രൂപപ്പെടുന്നു. അതായത് കഥാകൃത്തിന്റെ ഈ സങ്കല്പം ഒരേ സമയം പരിസ്ഥിതിവിരുദ്ധവും സ്ത്രീവിരുദ്ധവുമാണ്. സ്ത്രീ വിളനിലവും പുരുഷന്‍ പ്രകൃതിയില്‍ നിര്‍മിതി നടത്തുന്നയാളും എന്നിങ്ങനെയുള്ള നിലപാടുകള്‍ പണ്ടുമുതലേ ഉണ്ട്. നിര്‍മിതിയില്‍ സ്ത്രീക്ക് കര്‍തൃത്വമില്ലാത്ത ഒരവസ്ഥ ഇതുണ്ടാക്കുന്നു. സ്ത്രീയുടെ ശരീരശാസ്ത്രപരമായ പ്രത്യേകതള്‍ വച്ച് ഇത് സാമൂഹികവും സാംസ്‌കാരികവും രാഷ്ട്രീയപരവുമായി സ്ഥാപിച്ചെടുക്കുക എളുപ്പമാണ്. പ്രത്യക്ഷത്തില്‍ ബീജം സ്വീകരിക്കുന്ന ഗര്‍ഭപാത്രം മാത്രമാണല്ലോ സ്ത്രീ. സ്ത്രീയുടെ നിഷ്‌ക്രിയത്വമാണ് ആദ്യം തെളിയിച്ചെടുക്കപ്പെട്ട അബദ്ധം എന്നാണ് സിമോണ്‍ ദി ബുവ്വ പറയുന്നത്. അടുത്ത തലമുറയെ നിര്‍മിക്കുന്നതില്‍ സ്ത്രീക്കും പുരുഷനും ഒരേയളവില്‍ പങ്കുണ്ടെന്ന ഗ്രിഗല്‍ മെന്റലിന്റെ സിദ്ധാന്തങ്ങള്‍ക്കു ശേഷം അത് സ്ഥാപിക്കപ്പെട്ടു എന്നു സിമോണ്‍ പ്രസ്താവിക്കുന്നുണ്ട്. അണ്ഡവും ബീജവും സംയോജിക്കുമ്പോള്‍ അണ്ഡത്തിന് മാറ്റമുണ്ടാവില്ല ബീജം മാത്രം മാറുന്നു എന്ന തരത്തിലുള്ള വാദങ്ങളെ ഖണ്ഡിച്ചുകൊണ്ട് അവ രണ്ടും ചേര്‍ന്ന് മറ്റൊന്നായിത്തീരുന്നു എന്ന ശാസ്ത്രയുക്തിയെ സിമോണ്‍ ഇതിനായി ഉദ്ധരിക്കുന്നു. എന്നാല്‍, നിഷ്‌ക്രിയമായ പ്രകൃതിയായി സ്ത്രീയെ അവതരിപ്പിക്കുകയാണ് തായ്കുലം എന്ന കഥ ചെയ്യുന്നത്. വയലില്‍ നടുന്നതും കൊയ്യുന്നതും പരിസ്ഥിതി പ്രവര്‍ത്തനമാണ്. എന്നാല്‍, ഇവിടെ അതിക്രമമായാണ് അവതരിപ്പിക്കുന്നത്. ഇക്കോ ഫെമിനിസ്റ്റ് തിയറി അനുസരിച്ചു പാഠപുസ്തക കമ്മിറ്റിക്കാര്‍ക്കും സച്ചിദാനന്ദനെയൊക്കെ പോലുള്ള അക്കാദമിക നിരൂപകര്‍ക്കും വ്യാഖ്യാനിക്കാന്‍ പാകത്തിന് എഴുതപ്പെട്ട കഥയാണ് ഇത്. അത്രത്തോളം യാഥാസ്ഥിതികമായതുകൊണ്ടാണ് പാഠപുസ്തകങ്ങളില്‍ ഈ കഥ ആവര്‍ത്തിക്കുന്നത്.

ഭാഷയും വംശീയതയും

പ്രകൃതിയ്ക്ക് നേരെയുള്ള ആക്രമണം എന്ന നിലയില്‍ മാത്രമല്ല ഭാഷയ്ക്ക് നേരെയുള്ള ആക്രമണം എന്ന നിലപാടും കഥയില്‍ കൊണ്ടുവന്നിട്ടുണ്ട്. 'എന്റെ മെയ്യും മൊഴിയും തകര്‍ത്തു' എന്ന ഒരു വാചകവും കഥയില്‍ കടന്നുവരുന്നുണ്ട്. മൂക്കരിയുക എന്നതിലൂടെ സംസാരിക്കാനുള്ള ശേഷി സ്വാഭാവികമായും വികലമാക്കപ്പെടുന്നുണ്ട്. ഇതിനെ ദ്രാവിഡ ഭാഷകള്‍ക്കുമേലുള്ള ആര്യന്‍ അധിനിവേശമായി കണക്കാക്കാവുന്നതാണ്. കഥയില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷ തന്നെ സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്നതാണ്. സവിശേഷമായ ഒരു ഭാഷാഭേദമാണ് ഇതിലുള്ളത്. 'മൊലപ്പാലിന്റെ വേരുകള്‍ അറുത്തിട്ടത്' തുടങ്ങിയ പ്രയോഗങ്ങള്‍ ഇതിന് ഉദാഹരണമാണ്. കീഴാള ഭാഷയുടെ തിരിച്ചു പിടിക്കല്‍ എന്ന നിലയിലാണ് ഇത് ചെയ്യുന്നത്. 'അവനവന്‍' എന്ന വാക്കിനു സമാനമായി 'അവളവള്‍' എന്നുപയോഗിക്കുന്നത് കഥയില്‍ സ്ത്രീഭാഷാസ്വത്വത്തെ ഉയര്‍ത്തിപ്പിടിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് എന്നും കാണാം.ശുദ്ധമായ ഭാഷാസ്വത്വം ഇത്തരം കഥകളിലല്ലാതെ ജീവിതത്തില്‍ നിലനില്‍കുന്നില്ല. ബഷീര്‍ കൃതികളില്‍ മുസ്‌ലിം ഭാഷ തന്നെ പലതായി മാറുകയും ഏതെങ്കിലും ഭാഷാ സ്വത്വത്തിലേയ്ക്കുള്ള മടങ്ങിപ്പോക്ക് സ്ത്രീവിരുദ്ധവും അധഃസ്ഥിത വിരുദ്ധവുമായ നിലപാടാണ് എന്ന നിലയില്‍ ആവിഷ്‌കരിച്ചിരിക്കുകയും ചെയ്യുന്നത് കാണാം. 'രാത്ത് രി' 'രാത്രി 'യാകുന്നതും അതിനെയും ഉപേക്ഷിച്ച് അര്‍ത്ഥസമ്പന്നമായ നിരര്‍ത്ഥക പദങ്ങള്‍ വരുന്നതും 'ന്റുപ്പുപ്പായ്‌ക്കൊരാനണ്ടാര്‍ന്നു' പോലുള്ള കൃതികളില്‍ കാണാം. എന്നാല്‍, സാറാ ജോസഫിന്റെ കഥയില്‍ ഭാഷാ സ്വത്വങ്ങള്‍ തമ്മിലുള്ള സംഘര്‍ഷവും പരിവര്‍ത്തനവും ഇല്ല. അധഃസ്ഥിത ജനതയുടെ ദുരിതങ്ങളുടെ പ്രതിനിധാനമായിത്തീരുന്ന ഭാഷാ സ്വത്വം നിലനിര്‍ത്തുന്നതായും കാണാം. ഭാഷ പലപ്പോഴും സ്ത്രീവിരുദ്ധമാണ്. കര്‍തൃത്വത്തെ കുറിക്കുന്ന വാക്കുകള്‍ക്ക് സ്ത്രീലിംഗം പലപ്പോഴും ഇല്ല. അവളവള്‍ എന്ന വാക്ക് ഇല്ലാത്തത്, മനുഷ്യന്‍, ഈശ്വരന്‍ ഇവയൊക്കെ പുല്ലിംഗമാകുന്നതു ഒക്കെ അതു കൊണ്ടാണ്. ഭാഷയ്ക്ക് അധികാരവുമായിട്ട് ബന്ധമുണ്ട്. അധികാരം മാറുന്നതിനനുസരിച്ച് ഭാഷ മാറുന്നു. എന്നാല്‍, ഭാഷ മാത്രം മാറിയാല്‍ അധികാരഘടന മാറുമോ എന്നതാണ് പ്രശ്‌നം. പുതിയ പാഠ്യപദ്ധതിയില്‍ 'അധ്യാപകന്‍' എന്ന വാക്ക് മാറ്റി 'അധ്യാപിക' ആക്കി. അങ്ങനെ വിദ്യാഭ്യാസം സ്ത്രീപക്ഷമാക്കി. പക്ഷെ, പുതിയ പാഠ്യപദ്ധതിയില്‍ അധ്യാപക സങ്കല്‍പം തന്നെ ഇല്ലാതായി. അധ്യാപകര്‍ ഫെസിലിറ്റേറായി നിര്‍വ്വചിക്കപ്പെട്ടു. ഇതാണ് വ്യാജ സ്ത്രീവാദത്തിന്റെ ഗുണം. അധ്യാപകന്‍ ഇല്ലാതായത് മറച്ചു പിടിക്കാനും അതു വിപ്ലവമെന്നു തോന്നിപ്പിക്കാനും കഴിഞ്ഞു. അതുപോലെ ശൂര്‍പ്പണഖയുടെ നവോഥാന വ്യകതിത്വം തന്നെ ചോര്‍ത്തിക്കളഞ്ഞിട്ടാണ് ഭാഷയില്‍ വിപ്ലവം കാണിക്കുന്നത്. മാത്രമല്ല മാനം പോകുന്നു പോലുള്ള സ്ത്രീവിരുദ്ധ ഭാഷാപ്രയോഗങ്ങള്‍ കഥയില്‍ കാണുകയും ചെയ്യുന്നു.


ചുരുക്കത്തില്‍ നവോഥാനകാല അധഃസ്ഥിത ജനതയുടെ സമരങ്ങളിലൂടെ, വായനകളിലൂടെ രൂപപ്പെട്ട ശൂര്‍പ്പണഖയുടെ രാഷ്ട്രീയ വ്യക്തിത്വത്തെ ഇല്ലാതാക്കി വ്യാവസായിക കാലത്തിനനുസരിച്ച് വംശീയ ശരീരമാക്കുകയാണ് കഥാകൃത്ത്. സ്ത്രീയെ ലൈംഗിക പ്രലോഭനീയ വസ്തുവാക്കിയും ഭൂമിയെ ഒരുക്കി നിര്‍ത്തുന്ന ടൂറിസ്റ്റ് സ്ഥലമാക്കിയും മാറ്റുന്ന വ്യാവസായിക നിലപാടാണ് കഥ പ്രക്ഷേപണം ചെയ്യുന്നത്.


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ഡോ. ഷൂബ കെ.എസ്‌

contributor

Similar News

കടല്‍ | Short Story