നന്‍പകല്‍ നേരത്ത് മയക്കം: കോണ്‍ഫ്‌ളിറ്റുകളുടെ അയ്യരുകളി
റിയലിസം എന്ന സിനിമാ സങ്കേതം നമ്മളെ ഞെട്ടിപ്പിക്കുന്ന രീതിയില്‍ ഫിക്ഷണലൈസ് ചെയ്ത്, ഫ്രെയിം ചെയ്ത സിനിമയാണ് 'നന്‍പകല്‍ നരത്ത് മയക്കം'. വിളഞ്ഞു നില്‍ക്കുന്ന ഒരു പാടത്ത് കൂടി ജെയിംസ് നടന്നു പോകുമ്പോള്‍ അയാള്‍ നമ്മളെയും വേറൊരു ലോകത്തേക്ക് കൈ പിടിച്ചു കൊണ്ടുപോവുകയാണ്, ഒരു മയക്കു മരുന്ന് പോലെ.
അനെല്‍ കരിയ സംവിധാനം ചെയ്ത സെര്‍ജ് എന്ന രണ്ടായിരത്തി ഇരുപതില്‍ പുറത്തിറങ്ങിയ ബ്രിട്ടീഷ് ത്രില്ലര്‍ സിനിമ കണ്ടു ഞെട്ടിയത്തിന്റെ പിറ്റേ ദിവസം രാവിലെ ആണ് നന്‍പകല്‍ നേരത്ത് മയക്കത്തിന് ടിക്കറ്റ് എടുക്കുന്നത്. സെര്‍ജ് നമ്മളുടെ തലച്ചോറിനെ തന്നെ ചുഴറ്റി എറിഞ്ഞ് ഭ്രാന്തിന്റെ വണ്ട് മൂളുന്ന ഒരു ലോകത്തെത്തിക്കുമ്പോള്‍ നന്‍പകല്‍ നേരത്ത് മയക്കം വളരെ സ്ലോ ആയി നമ്മളെ മറ്റൊരു ലോകത്തെത്തിച്ചു മയക്കി കിടത്തും. സിനിമ കണ്ടു തിയേറ്റര്‍ വിടണോ വേണ്ടയോ എന്നു നമ്മളുടെ ചോയ്‌സ് മാത്രമായി മാറും. അതൊരു മിസ്റ്റിക് ലോകമാണ്. നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയില്‍ നിന്നും ഉണരണോ വേണ്ടയോ എന്നത് നമുക്ക് മാത്രം തിരഞ്ഞെടുക്കാം. ചിലപ്പോള്‍ ഈ സിനിമയില്‍ നിന്നു ഉണരാതിരിക്കുക എന്നതും ഈ സിനിമയില്‍ തന്നെ മരിക്കുക എന്നതും അതി മനോഹരമായ ഒരു ആത്മീയാനുഭവം ആയിരിക്കാം. അതുകൊണ്ട് കൂടെ ആയിരിക്കും ഇതേ സിനിമയില്‍ ഒരു ചുമരില്‍ ചാണകം ഉണങ്ങാനായി ഒട്ടിച്ചു വെക്കുന്ന പ്രായമായ സ്ത്രീ 'ഇന്ത വഴി നിറയെ പേര്‍ പോയിരിക്കാന്‍, ശിലരെല്ലാം സത്ത് പോയിട്ടാന്‍' എന്നും പറയുന്നത്.
മോഡേണിറ്റി മാധ്യമമായ ടി.വിയില്‍ കാണുന്ന തമിഴ് പുരാണ സിനിമ, ജെയിംസ് എന്ന മലയാളി-അയാളുടെ അപര ജീവിതത്തിലെ തമിഴന്‍, അയാള്‍ കണ്ടു മുട്ടുന്ന, അയാള്‍ക്ക് നഷ്ടപ്പെട്ടുപോകുന്ന കാലങ്ങളും മനുഷ്യരും എല്ലാം കൂടെ ചേര്‍ന്ന് അനേകങ്ങള്‍ ആയ ദ്വന്ദനങ്ങളുടെ പെരുമഴ കൂടിയാണ് ഈ സിനിമ. ഈ ദ്വന്ദ്വനങ്ങളുടെ കാഴ്ചകള്‍ക്കപ്പുറമുള്ള നൂറുതരം കാഴ്ചകളും ഈ സിനിമ സാധ്യമാക്കുന്നുണ്ടാകാം.
റിയലിസം എന്ന സിനിമ സങ്കേതം നമ്മളെ ഞെട്ടിപ്പിക്കുന്ന രീതിയില്‍ ഫിക്ഷണലൈസ് ചെയ്തു ഫ്രെയിം ചെയ്ത ഒരു സിനിമയാണ് 'നന്‍പകല്‍ നരത്ത് മയക്കം'. വിളഞ്ഞു നില്‍ക്കുന്ന ഒരു പാടത്ത് കൂടി ജെയിംസ് നടന്നു പോകുമ്പോള്‍ അയാള്‍ നമ്മളെയും വേറൊരു ലോകത്തേക്ക് കൈ പിടിച്ചു കൊണ്ടുപോവുകയാണ്. ഒരു മയക്കു മരുന്ന് പോലെ. പതുക്കെ ചുഴറ്റി ചാണകം നിറഞ്ഞ ഒരിടത്ത് ഒരു പശു കിടക്കുന്ന മറ്റൊരു ലോകത്തേക്ക്. ഒരു ആല്‍മരം നോക്കുകൂത്തിയായും അതിരായും നില്‍ക്കുന്ന മറ്റൊരു ദേശത്തേക്ക്. ആ ചുഴിയില്‍ പെട്ട് പോകുന്നവര്‍ക്ക് റിയലിസം ഏതാണ് ഫിക്ഷന്‍ ഏതാണ് മെറ്റാ ഫിക്ഷന്‍ ഏതാണെന്ന് അറിയാതെ ഈ സിനിമയുടെ ചുഴിയല്‍ പേട്ടുപോകും. ഒരു പക്ഷേ, മാര്‍ക്വെസ് ഒക്കെ ലിറ്ററേച്ചറില്‍ ഉപയോഗിച്ച മാജിക്കല്‍ റിയലിസത്തിന്റെ ഒരു ലോകത്തേക്ക്. അത്തരം നമ്മള്‍ കാണാന്‍ ആഗ്രഹിക്കുന്നതോ അല്ലെങ്കില്‍ എണ്‍പതുകളിലോ തൊണ്ണൂറുകളിലോ കണ്ടു മറന്നതോ ആയ ഏതോ ഉള്‍ നാടന്‍ തമിഴ് നാടന്‍ ദേശത്തേക്ക് നമ്മളും വലിഞ്ഞു കയറുകയാണ്. ആ ദേശത്തെ നമ്മള്‍ അങ്ങ് പെരുത്ത് ഇഷ്ടപ്പെട്ടു പോവുകയാണ്.
പല തരം ദ്വന്ദങ്ങളുടെ കോണ്‍ഫ്‌ളിറ്റുകളുടെ അയ്യരുകളി കൂടി ആണ് ഈ സിനിമ. ജെയിംസ് എന്ന മലയാളി നാടകകക്കാരന്‍ ഒരു വീട്ടിലെ മാഞ്ഞു പോകാത്ത ചുമരിലെ അയാളുടെ നിഴലായി മാഞ്ഞു പോകാത്ത തമിഴ് നാട്ടുകാരന്‍ പാല്‍കാരന്‍, റേഷന് കട എന്ന റിയാലിറ്റിയില്‍ ജീവിക്കുന്ന നാടകക്കാരനും നാടകമേ ഉലകം എന്നു വിളിച്ചു പറയുന്ന ബസ് ഡ്രൈവര്‍, ഒരു പാടത്തിന് നടുവില്‍ വെളിച്ചത്തില്‍ നിര്‍ ത്തിയിട്ടിരിക്കുന്ന ബസ്. ആ ബസില്‍ വെളിച്ചത്തിന്റെയും മോഡേണിറ്റിയുടെയും ഇടം ആയ തമിഴ് സിനിമ പാട്ട്, ഭര്‍ത്താവിനെ നഷ്ടപ്പെടുകയും 'നേടുക' യും ചെയ്യുന്ന രണ്ടു ലോകങ്ങളില്‍ ജീവിക്കുന്ന രണ്ടു ഭാര്യമാരായ സ്ത്രീകള്‍, തമിഴ് ദേശത്തെ ഓരോ വീട്ടിലെയും ടി.വിയില്‍ തമിഴ് സിനിമ കണ്ടു എഴുന്നേല്‍ക്കാത്ത അടിപൊളി അമ്മൂമ്മ. മോഡേണിറ്റി മാധ്യമമായ ടി.വിയില്‍ കാണുന്ന തമിഴ് പുരാണ സിനിമ, ജെയിംസ് എന്ന മലയാളി-അയാളുടെ അപര ജീവിതത്തിലെ തമിഴന്‍, അയാള്‍ കണ്ടു മുട്ടുന്ന, അയാള്‍ക്ക് നഷ്ടപ്പെട്ടുപോകുന്ന കാലങ്ങളും മനുഷ്യരും എല്ലാം കൂടെ ചേര്‍ന്ന് അനേകങ്ങള്‍ ആയ ദ്വന്ദനങ്ങളുടെ പെരുമഴ കൂടിയാണ് ഈ സിനിമ. ഈ ദ്വന്ദ്വനങ്ങളുടെ കാഴ്ചകള്‍ക്കപ്പുറമുള്ള നൂറുതരം കാഴ്ചകളും ഈ സിനിമ സാധ്യമാക്കുന്നുണ്ടാകാം.
ഭാഷ എന്ന മനുഷ്യ സാങ്കേതങ്ങളുടെ അതിര്‍ വരമ്പുകളെ തകര്‍ത്ത് ഭാഷയെ തന്നെ നോക്കി കളിയാക്കി ചിരിച്ചു കൊണ്ടാണ് ഈ സിനിമ മുന്നോട്ട് പോകുന്നത്. ഒരു നാടക വണ്ടിയില്‍ തമിഴ് പാട്ട് മാറ്റി വെച്ചു മലയാളം പാട്ട് വെക്കുമ്പോള്‍, ജെയിംസ് ചോദിക്കുന്ന 'മലയാളം സിനിമ ഉണ്ടാകുന്നതിന് മുമ്പുള്ള പാട്ടാണ ല്ലോ, ഇതിലും മുന്നെയുള്ള പാട്ടൊന്നുമില്ലേ?' എന്ന ചോദ്യമാണ്. ഒരു പക്ഷേ മലയാളിയുടെ ഈ പതിഞ്ഞ പാട്ട് പോലും സഹിക്കാന്‍ പറ്റാതെ ആകാം ജെയിംസിലെ അപര വ്യക്തിത്വം ആ ബസ്സില്‍ നിന്നു ഇറങ്ങിപ്പോയത് എന്നു ഓര്‍ത്ത് ചിരിക്കാം. മലയാളി-തമിഴ് എന്ന അതിര്‍ത്തി വെച്ചുകൊണ്ട് വിഭജിക്ക പ്പെടുന്ന, അപരവല്‍കരിക്കപ്പെടുന്ന സംഗതികളെയൊക്കെ ഈ സിനിമ രസകരമായി ട്രോളുന്നുണ്ട്. ഒരിക്കലും ഒരു മലയാള സിനിമ എന്ന് അവകാശപ്പെട്ടു ഞെളിയാന്‍ സാധിക്കാത്ത ലോകോത്തര സിനിമയാണിത്. ഈ സിനിമയില്‍ മലയാളമൊക്കെ വെറുതെ ഒരു മരുന്നിന് മാത്രമേ ഉള്ളൂ. 'പാണ്ടികളുടെ കയ്യില്‍ നിന്നു അടി വാങ്ങിച്ചു കൂട്ടണ്ട' എന്നും പറഞ്ഞു ജെയിംസിനെ അന്വേഷിക്കുന്ന നാടകക്കാരനായ റേഷന് കടക്കാരനൊക്കെ അന്യായ കോമഡി ആയി മാറുന്നുണ്ട്. ഒരു പക്ഷേ കേരള തമിഴ്‌നാട് അതിരത്തികളില്‍ ജീവിക്കുന്ന മനുഷ്യരൊക്കെ ആയിരിക്കാം ഈ സിനിമയെ അത്രയധികം ഏറ്റെടുത്തു ആഹ്‌ളാദിക്കുക.
എണ്‍പതുകളിലും താണ്ണൂറുകളിലും കണ്ട്, നമ്മളുടെ തന്നെ ഓര്‍മകളില്‍ മുമ്പെങ്ങോ പോസ്റ്റര്‍ ചെയ്യപ്പെട്ട നഗര കേന്ദ്രീകൃതമല്ലാത്ത തമിഴ്‌നാടന്‍ ജ്യോഗ്രഫിയെ അതി മനോഹരമായി പുതിയ നൂറ്റാണ്ടിലേക്ക് ഇഴചേര്‍ത്തുകൊണ്ട് അതി മനോഹരമായി പ്രെസന്റ് ചെയ്ത സിനിമ കൂടിയാണ് നന്‍പകല്‍ നേരത്ത് മയക്കം. എണ്‍പതുകളിലെ 'കിഴക്കേ പോകും റെയില്‍' മുതല്‍ 'കരകാട്ടക്കാരന്‍' വരെ ഉള്ള തമിഴ് സിനിമകളില്‍ കണ്ട, യാത്രകളില്‍ കണ്ട തമിഴ്‌നാടന്‍ ദേശങ്ങളെ അതിമനോഹരമായ ഭംഗിയിലൂടെ ഈ സിനിമ ഫ്രെയിം ചെയ്തിട്ടുണ്ട്. ഈ ഫ്രെയിമിങ്ങുകള്‍ക്കൊപ്പം അതേകാലത്തേക്ക് കൊണ്ടുപോകുന്ന തമിഴ് പാട്ടുകള്‍ ഉള്‍പ്പെട്ട ബി.ജി.എം എല്ലാം മനുഷ്യനെ കൊത്തി വലിച്ചു ആ ദേശത്തേക്ക് കൊണ്ട് പോയി കുടിയിരുത്തും. നമ്മള്‍ കഥകളിലോ സിനിമയിലോ യാത്രയിലോ മുമ്പെങ്ങോ കണ്ട വിളഞ്ഞു നില്‍ക്കുന്ന ചോളപ്പാടങ്ങളും ചെറിയ ബ്രാണ്ടിക്കടകളും, സര്‍ക്കാര്‍ ഓഫീസുകളും കൂട്ടമായി മനുഷ്യര്‍ താമസിക്കുന്ന തെരുവുകളും അവരുടെ വസ്ത്രങ്ങളും അമ്പലങ്ങളും ലോങ്‌ഷോട്ടുകളിലെ പനകളും സൈക്കിള്‍ യാത്രകളും രണ്ടു പട്ടികളുടെ ഷോട്ടുകളും ഒക്കെ തമിഴ്‌നാട്ടിലെ ഏതോ ദേശത്തേക്ക് കൊത്തിപ്പറിച്ച് കൊണ്ടുപോകും.
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്നില്‍ മമ്മൂട്ടി അഭിനയിച്ച തമിഴ് ചിത്രമാണ് ദളപതി. അതില്‍ അദ്ദേഹം രജനികാന്ത് എന്ന 'തമിഴനോട്' മത്സരിച്ച് ഒരു ദുര്യോധനന്‍ ആയി മാറുവാന്‍ ശ്രമിച്ച് വിജയിച്ചിരുന്നു. പിന്നീട് അദ്ദേഹം കുറെ അധികം തമിഴ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പക്ഷേ, നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയില്‍ ഒരു മലയാളിയില്‍ തമിഴനിലേക്ക് അദ്ദേഹം നടത്തുന്ന പകര്‍ന്നാട്ടം ഞെട്ടിച്ചു കളയും. ഒരു പക്ഷേ ആന്റണി ഹോപ്കിന്‍സിന്റെയും അര്‍ജന്റീനീയന്‍ നടന്‍ റിക്കാര്‍ഡോ ഡാരിന്‍, ജേര്‍മന്‍ നടന്‍ ഫ്രാന്‍സ് റോഗോസ്‌കി, ബ്രിട്ടീഷ് നടന്‍ റിസ് അഹമ്മദ്, ലോക പ്രശസ്തനായ മോര്‍ഗന്‍ ഫ്രീമാന്‍ എന്നിവരുടെയൊക്കെ കൂടെ നടനത്തില്‍ കൂടെ നില്‍ക്കുന്ന ഒരു മമ്മൂട്ടിയെ ആണ് ഈ സിനിമയില്‍ കാണുക. ജെയിംസ് എന്ന മലയാളി ഒരു പാടത്ത് കൂടെ നടന്നു വന്നു ഒരു വീട്ടിലെ കൈലിമുണ്ട് എടുത്തു ഉടുക്കുന്ന ആ സെക്കന്റില്‍ തമിഴനായി മാറുന്ന പരകായ പ്രവേശം തന്നെ അതി സൂക്ഷ്മമായാണ് മമ്മൂട്ടി ചെയ്തിരിക്കുന്നത്. തമിഴനായി മാറുമ്പോള്‍ മമ്മൂട്ടി എന്ന നടന്‍ തമിഴ്‌നാട്ടിലെ കൊച്ചു ബ്രാണ്ടിക്കടയില്‍, ആള്‍ക്കാര്‍ വെടി പറഞ്ഞിരിക്കുന്ന ഇടങ്ങള്‍, ബാര്‍ബര്‍ ഷാപ്പ് ചായക്കട സര്‍ക്കാര്‍ ഓഫീസ്, വീട് എന്നിവിടങ്ങളില്‍ ഉപയോഗിക്കുന്ന സ്‌പേസ് അല്ലെങ്കില്‍ തനിക്ക് അഭിനയിക്കാന്‍ കിട്ടുന്ന സ്‌പേസുകളെ കുറിച്ചുള്ള ആ മനുഷ്യന്റെ ധാരണ അപാരമാണ്. മമ്മൂട്ടി തമിഴനായി മാറുമ്പോള്‍ ലുങ്കി മടക്കി കുത്തുന്നതില്‍ അടക്കമുള്ള സൂക്ഷ്മത, അദ്ദേഹത്തിന്റെ ബോഡി മൂവ്‌മെന്റുകളിലെ സൂക്ഷ്മത, ഡയലോഗ് ഡെലിവറിയിലെ അപാരമായ നൈപുണ്യം, ഡബ്മാഷുകളിലെ ശരീര ചലനങ്ങള്‍, എന്തിന് ഒരു പാല്‍ വണ്ടി ആയ സ്‌കൂട്ടയില്‍ ഇരിക്കുമ്പോഴുള്ള ബോഡി പോസ്ച്ചര്‍ അടക്കം മനോഹരമാണ്. കൗരവര്‍, പപ്പയുടെ സ്വന്തം അപ്പൂസ് തുടങ്ങി പുതിയ നൂറ്റാണ്ടു കാലത്തെ പത്തേമാരി അടക്കമുള്ള സിനിമകളില്‍ മമ്മൂട്ടി കരയുമ്പോള്‍ നമ്മളും കരഞ്ഞിരുന്നു. പക്ഷേ, ഈ ഒരു സിനിമയില്‍ അദ്ദേഹം പരകായ പ്രവേശനം നടത്തി ഒരു തമിഴനായി കരയുമ്പോള്‍ അവിടെ കാണികള്‍ കരയണോ ചിരിക്കണോ എന്ന ഒരു സന്നിഗ്ദാവസ്ഥയിലേക്ക് മമ്മൂട്ടി കൊണ്ടെത്തിക്കുന്നുണ്ട്. ഞാന്‍ ഇവിടത്തുകരന്‍ ആണെന്ന് പറഞ്ഞു കരയുന്ന 'തമിഴനാട്ടുകാരനായി' ആ വീട്ടുമുറ്റത്തു നടത്തുന്ന പേര്‍ഫോമന്‍സ് അപാരമാണ്.
നമ്മള്‍ കുട്ടിക്കാലത്ത് കേട്ടത്തിന് അപ്പുറമുള്ള മാജിക്കല്‍ റിയലിസ്റ്റിക് യക്ഷിക്കഥ പോലെയും ചുഴഞ്ഞു കൊണ്ട് ഈ സിനിമ ചലിക്കുന്നുണ്ട്. ഒരു പക്ഷേ മനുഷ്യന്റെ മരണ ശേഷമുള്ള ജീവിതങ്ങളുടെ ശാന്തതയുടെ എന്നൊക്കെ ചിന്തിക്കാവുന്ന ഫ്രെയിമുകളാണ് ഈ സിനിമയില്‍ ഭൂരിഭാഗവും. അത്ര ഫിലോസഫിക്കല്‍ ആയി മിസ്റ്റിക്കല്‍ ആയാണ് ഈ സിനിമയെ ക്യാമറയിലൂടെ തേനി ഈശ്വര്‍ ഫ്രെയിം ചെയ്തിരിക്കുന്നത്. തുടക്കത്തില്‍ തന്നെ വേളാങ്കണ്ണിയിലെ ഒരു ലോഡ്ജ് മുറിയിലെ ഇരുട്ടില്‍ നിന്നു വെളിച്ചത്തിലേക്ക് പോയന്റ് ഓഫ് വ്യൂ ചെയ്തിരിക്കുന്ന ക്യാമറയിലാണ് അശോകന്റെ റേഷന്‍ കടക്കാരന്‍ പെട്ടെന്ന് വീട്ടിലെത്തണം എല്ലാവരോടും ഉറങ്ങി എണീക്ക് എന്നു ആവശ്യപ്പെടുന്നത്. അയാള്‍ ഒരു പക്ഷേ വളരെ രസകരമായി നന്‍പകല്‍ നേരത്തെ മയക്കം പോലെ മരിച്ച മനുഷ്യരെ ജീവിതത്തിലേക്ക് വിളിക്കുന്നതാകാം. അവിടെ ആണ് തേനി ഈശ്വരന്റെ ക്യാമറമാന്‍ വെളിച്ചത്തേക്ക് നോക്കി അശോകനെ കളിയാക്കി ചിരിക്കുന്നത്. അവിടെ നില്‍ക്ക്, നിങ്ങളെന്ന നാടകക്കാരും അതിനപ്പുറം കാണികള്‍ ആയ മനുഷ്യരും എന്റെ ക്യാമറയും ഇനി ഒരു രണ്ടു മണിക്കൂര്‍ ഒരു മരണാനന്തര ലോകത്തിലേക്കാണു പോകുന്നത്, പറ്റുമെങ്കില്‍ രക്ഷപ്പെട്ടോ എന്ന രീതിയില്‍ നമ്മളെ കളിയാക്കുകയാണ്. ഈ 'നന്‍പകന്‍ നേരത്ത് മയങ്ങുന്ന ഒരു ലോകത്താണ്' ജെയിംസ് ഒരു പ്രേത ഭാഷണം പോലെ ഒരു ബ്രാണ്ടിക്കടയില്‍ അടക്കം ആഘോഷിക്കുന്നത്. ഇലക്ക്ട്രിക് വയറുകളില്‍ ഇരിക്കുന്ന പക്ഷികള്‍, പലപ്പോഴും ഫ്രെയിമില്‍ കാണുന്ന നായകള്‍, തമിഴനായി മാറിയ ജെയിംസിന്റെ ചുമരില്‍ പതിയുന്ന നിഴല്‍ ഒക്കെ ഈ സിനിമയെ മരണത്തിന് ശേഷമുള്ള ഒരു അപര ലോകം ക്യാമറയിലൂടെ കാണിച്ചു തരുന്നുണ്ട്. അതുപോലെ വളരെ നിശ്ചലമായ ഷെയ്ക്ക് ചെയ്യാത്ത ഫ്രെയിമിങ്ങിലൂടെ ഏതൊക്കെയോ സ്വര്‍ഗ സങ്കല്‍പങ്ങള്‍ തീര്‍ത്തു വെക്കുന്നുമുണ്ട്. ചില സ്പാനിഷ്, അര്‍ജന്റീനീയന്‍ സിനിമകളില്‍ കാണുന്ന ഉള്‍നാടന്‍ ദേശഭൂമികളുടെ ഭംഗികളെക്കാള്‍ മനോഹരമായാണ് ഈ സിനിമയിലെ ദൃശ്യങ്ങള്‍. ക്യാമറ പോലെ തന്നെ അതി ഗംഭീരമാണ് ഇതിലെ ആര്‍ട്ട് വര്‍ക്കും കോസ്റ്റ്യൂമിങും. വസ്ത്രങ്ങള്‍, വസ്ത്രങ്ങളിലെ അഴുക്ക്, ആയയില്‍ നിന്നു എടുത്തു മുഖം തുടയ്ക്കുന്ന വസ്ത്രങ്ങള്‍ അടക്കം ഈ സിനിമയില്‍ രസമാണ്.
കൗമാരങ്ങളില്‍ കേട്ട പാട്ടുകള്‍ ചിലപ്പോള്‍ നമ്മളുടെ മരണംവരെ കൂടെ ഉണ്ടാകും എന്നു പണ്ട് കേട്ടിട്ടുണ്ട്. കൗമാരത്തില്‍ കേട്ട തമിഴ് പാട്ടാണെങ്കില്‍ ചിലപ്പോള്‍ മരണത്തിന് അപ്പുറത്തേക്കുമുണ്ടാകും. ഒരു കാലത്തെ തമിഴ് പാട്ടും ടി.വിയില്‍ കാണുന്ന സിനിമകളുടെ ബി.ജി.എം ഉച്ചത്തില്‍ ഉള്ള ഡയലോഗുകള്‍ എന്നിവയൊക്കെ വെച്ചു തമിഴ് സാംസ്‌കാരികതയെ ചിത്രീകരിച്ച ലിജോ ജോസ് പല്ലിശേരിയുടെ പരീക്ഷണം ലോക സിനിമയില്‍ തന്നെ വേറെ ഉണ്ടായിരിക്കുമോ എന്ന് അറിയില്ല. ടെലിവിഷന്‍ എന്ന ടെക്‌നോളജിയില്‍ തന്റെ സ്പിരിച്ച്വാലിറ്റി പോലും കണ്ടെത്തുന്ന തമിഴ് ദേശത്തെ കറുത്ത കണ്ണട ധരിച്ച അമ്മയുടെ എപ്പോഴും ടി.വിയില്‍ നോക്കി ധ്യാനാവസ്ഥയിലുള്ള ഇരുപ്പ് അതി മനോഹരമാണ്. അവര്‍ തമിഴ് സിനിമയിലാണ് അവരുടെ സകലമാന ആത്മീയതകളും കണ്ടെത്തുന്നത് എന്നു തോന്നിപ്പോകും. അവര്‍ 'മരിച്ച' മകനോ, പുതുതായി 'ജനിച്ച' മകനോ എന്നൊ ശ്രദ്ധിക്കാതെ ടി.വിയില്‍ നോക്കിക്കൊണ്ട് തന്നെ തന്റെ 'മകനെ' മടിയില്‍ തല വെപ്പിച്ചു തലോടി കൊടുക്കുന്നുണ്ട്. വീടുകള്‍ക്ക് പുറമെയുള്ള ഫ്രെയിമുകളിലും തെരുവിന് പുറത്തു പോലും കേള്‍ക്കുന്ന തമിഴ് പാട്ടും അതിലെ ഫിലോസഫിക്കല്‍ ആയ വരികളും ഈ സിനിമയുമായി ഇഴ ചേര്‍ക്കുന്നുമുണ്ട്. നീയുള്ള സ്ഥലത്ത് നിന്നും പോയി വേറെ എവിടെയോ നിന്നെ തേടുന്ന എന്ന അര്‍ഥത്തില്‍ ഉള്ള തമിഴ് പാട്ടില്‍ തന്നെയാണ് ഈ സിനിമ തുടങ്ങുന്നതും. തെരുവ് വരെ ഭാര്യയും കാടു വരെ പുത്രനും എന്ന അര്‍ഥം വരുന്ന പാട്ടിലാണ് ഈ സിനിമ അവസാനങ്ങളില്‍ മുന്നോട്ട് പോകുന്നതും.
മലയാളം എന്ന ഒരു ഭാഷാ സാങ്കേതത്തിലേക്ക് ചുരുക്കി കെട്ടാതെ ലോക സിനിമയുടെ തന്നെ ഒരു തലത്തിലേക്ക് ഉയര്‍ന്നു നില്‍ക്കുന്നു എന്നാണ് ഈ സിനിമ കാണുമ്പോള്‍ തോന്നുന്നത്. സിനിമ കണ്ടു കഴിയുമ്പോള്‍ ഈ മരണാനന്തര അതിമനോഹരമായ പ്രേത ലോകത്ത് നിന്നു എങ്ങനെ തിരിച്ചു കയറും എന്നും ആലോചിച്ചു പോകും. നന്‍പകല്‍ നേരത്തെ മയക്കം പോലെ സൂഖമുള്ള ഒരു ഒരു പ്രേത ലോക ജീവിതം. ഈ സിനിമയുടെ അവസാന ഷോട്ടില്‍ ബസിന് പുറകെ ഓടുന്ന ഒരു പട്ടിയുടെ ഷോട്ട് പോലും ഈ മരണാനന്തര ലോകം ഇനിയും ആസ്വദിക്കാന്‍ ആഹ്‌ളാദിക്കാന്‍ ബാക്കിയുണ്ട് എന്ന ഒരു തോന്നല്‍ ആണ് ഉണ്ടാക്കിയെടുക്കുന്നത്. തന്റെ റേഷന്‍ കട കാരണമാണ് പലരും ജീവിക്കുന്നത് എന്ന ധാരണ ഉണ്ടാക്കുന്ന ഒരു കഥാപാത്രത്തോട് ശവത്തിലും അടുപ്പിലും കത്തിക്കാന്‍ ചാണകം ഉണക്കുന്ന ഒരു പ്രായമായ സ്ത്രീയെ കൊണ്ട് 'ഇതേ വഴി പലരും പോയിട്ടാന്‍, അതില്‍ പലരും ശത്ത് പോയിട്ടാന്‍' എന്നൊക്കെ പറയിക്കുന്ന എസ്. ഹരീഷ് എന്ന എഴുത്തുകാരനും ലിജോയും മമ്മൂട്ടിയും ഈ സിനിമയിലെ എല്ലാവരും ഈ സിനിമയും പൊളി ആണ്.