ഒളപ്പമണ്ണക്കവിതകള്‍ പൊതുവേ പ്രകാശത്തിന്റെ കവിതകളാണെങ്കിലും, ഇരുട്ടിന്റെ കവിതയാണ് നങ്ങേമക്കുട്ടി

ഒളപ്പമണ്ണ സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെ ദാമ്പത്യ കവിതകളായ നങ്ങേമക്കുട്ടി, സുഫല, ചന്ദനം എന്നീ കവിതകളിലൂടെ ഒരു ഭ്രമര സഞ്ചാരം.

Update: 2023-10-16 07:48 GMT
Advertising

മലയാള കവിതാ സാഹിത്യ ചരിത്രത്തില്‍ അധികമൊന്നും ആഘോഷിക്കപ്പെടാതിരുന്ന ഒരു കവി തന്റെ ഇല്ലത്തും സമീപത്തും കേട്ട ശബ്ദ ശകലങ്ങളെ അതിസൂക്ഷ്മം ഗ്രഹിച്ച് തന്റെ ഏകാന്ത നിമിഷങ്ങളോടു ചേര്‍ത്തുവച്ച് സുഖദുഃഖമിശ്രമായ മനുഷ്യ ജീവിതാവസ്ഥകളെക്കുറിച്ചു പാടി നിര്‍മ്മമനായി കടന്നു പോയിട്ട് കാലം കുറച്ചായി. ആശാനും ചങ്ങമ്പുഴയും വൈലോപ്പിള്ളിയും ജിയും മറ്റും വിമര്‍ശനങ്ങള്‍ക്ക് വിധേയരായപ്പോഴും അധികമാരാലും ശ്രദ്ധിക്കപ്പെടാതെ ആദ്യമാദ്യം വിപ്ലവ കവിതകളെഴുതി പിന്നെ പ്പിന്നെ ജീവിത ദുഃഖങ്ങളോട് താദാത്മ്യപ്പെട്ട് മനുഷ്യ കഥാനുഗായിയായും തന്നോടു തന്നെ സംസാരിക്കുന്നതുപോലെയും കുറെയേറെ പറഞ്ഞു വച്ചിട്ട് നടന്നു മറഞ്ഞു കളഞ്ഞു അദ്ദേഹം.

നങ്ങേമക്കുട്ടി

' വാക്കിന്നു പോലും മുറിവേല്‍ക്കാതെ

യനായാസം

നീറ്റുന്നു വാറ്റുന്നു നീ ജീവിത മഹാസാരം'

ഒളപ്പമണ്ണയെക്കുറിച്ചോര്‍ക്കുമ്പോള്‍ ഇങ്ങനെ പാടാനാണ് തോന്നുന്നത്. ജീവിത രസായനമായിരുന്നു ആ കവിത. തന്റെ മാനസപുത്രിയായ നങ്ങേമയെപ്പോലെ മിണ്ടാതെയനങ്ങാതെ ഒക്കെയും ഹൃദയത്തില്‍ സംഭരിച്ച് ഒളിച്ചിരുന്ന് വേദനിച്ച കവിത. അപാരമായ പ്രപഞ്ച സത്യങ്ങളെ ഉള്ളിലൊതുക്കി അന്തമില്ലാത്ത പ്രകൃതി പോലെ തുളുമ്പിയ ഒരാള്‍ നമ്മുടെ കണ്ണില്‍ പെടാത്ത കാര്യങ്ങളെയൊക്കെ പെറുക്കിയെടുത്ത് കവിത കെട്ടി വച്ച് ഇറങ്ങി നടന്നു കഴിഞ്ഞിരിക്കുന്നു. കാലത്തിന്റെ വഴിത്തിരിവില്‍ വച്ച് അവിചാരിതമായി ഒരു പുനര്‍വായന. ഒളപ്പമണ്ണയെ വീണ്ടും വായിക്കൂ എന്നു ശഠിച്ച അശരീരികള്‍ ഒഴിഞ്ഞു പോകാതെ ഇടയ്ക്കിടെ ഓര്‍മ്മപ്പെടുത്തലുകളുമായി വന്നു കൊണ്ടിരുന്നു. ഏകാന്തയാത്രയുടെ ആത്മീയസപര്യയില്‍ കവി കൂടെയുണ്ടായിരുന്നു നിസ്സംഗതയോടെ ലജ്ജാലുവായി ഞാനൊന്നും പറഞ്ഞിട്ടില്ലേ എന്ന അമ്പരപ്പോടെ. എങ്കിലും ഒന്നു പറഞ്ഞു 'കുട്ടീ നീ നങ്ങേമയെ ഒന്നു പോയി നോക്കു. അത് എവിടെത്തിയോ ആവോ? ഏകാന്തയാത്രിക, ഗര്‍ഭിണി, കുട്ടിത്തം ചോരാത്തവള്‍. കരളില്‍ നിന്നു പറിച്ചെടുത്ത് വലിച്ചെറിഞ്ഞു കളഞ്ഞതാണ്. ഇറങ്ങിപ്പോയിട്ടില്ലിതേവരെ ആ കടച്ചില്‍. ' സ്വതേ ജലാര്‍ദ്രമായ കണ്ണുകളുയര്‍ത്തി കവി നോക്കുന്നു. അവിടെനങ്ങേമയുടെ ഉറങ്ങാക്കണ്ണുകള്‍ കണ്ടു. ഉറക്കക്കറപിടിച്ചുകറുത്തു കുഴിഞ്ഞ കണ്‍തടങ്ങള്‍. എത്ര നാളായിക്കാണും അവള്‍ ഉറങ്ങിയിട്ട്? ഉറങ്ങുവതെങ്ങനെ? നങ്ങേമക്കുട്ടിയാണവള്‍.

നങ്ങേമക്കുട്ടി ഒരു കുടുംബ കവിതയാണെങ്കില്‍ കൂടി സഫലമാകാത്ത ദാമ്പത്യത്തിന്റെ കവിത കൂടിയാണ്. ഒരു സംഭവ കവിത എന്നതിലുപരി അക്കാലത്ത് ഒരാണെഴുതിയ പെണ്‍പക്ഷ കവിതയാണ്. മൂന്നു സ്ത്രീകളും രണ്ടു പുരുഷന്മാരും മുഖ്യ കഥാപാത്രങ്ങളാകുന്ന എന്നാല്‍, രണ്ടേ രണ്ടു പെണ്‍മനസ്സിലൂടെ മാത്രം സഞ്ചരിക്കുന്ന, അതേ സമയം തന്നെ ഒരേയൊരു പെണ്ണുടലും ഉയിരും മാത്രം ചുട്ടു നീറുന്ന കഥാ കവിത.

വീണ്ടും മുഴങ്ങുന്നു പരിഭവ സ്വരത്തില്‍ ആ കഥാകാവ്യം നേരമല്ലാത്ത നേരത്ത്. വെള്ളെഴുത്താര്‍ന്ന കണ്ണിലൂടെ കാലം തീണ്ടാരിപ്പടുപ്പാര്‍ന്ന പെണ്‍കിടാങ്ങളെ നോക്കുന്നു. നാടിന്റെ നിശിതമായ കണ്ണാണത്. കാറ്റത്തിട്ട പുസ്തകം പോലെ മറിഞ്ഞു പോകുന്ന നാളുകള്‍. നങ്ങേമ എത്ര മറച്ചു പിടിച്ചിട്ടും ശരീരം ഗര്‍ഭലക്ഷണങ്ങള്‍ കാണിക്കുകയാണ്.

'വെറുക്കനെ വെറുക്കനെ

മുലക്കണ്ണു കറുക്കുമോ? 'പാറതി സംശയിക്കുന്നു. എന്തുകൊണ്ട് ഓമന തന്നെക്കാണുമ്പോള്‍ മാറിപ്പോകുന്നു ? മുഖവും കണ്ണും വിളര്‍ത്തിരിക്കുന്നതെന്ത്?

ഒരു കഥാകാവ്യമെന്നതിലുപരി ഒരു ക്ലാസിക് കാവ്യത്തിലേക്ക് നങ്ങേമക്കുട്ടി നടന്നു കയറിക്കഴിഞ്ഞു തന്റെ നീരു വച്ച പാദങ്ങളോടെ. 1967ലാണ് രചനാരംഭം കുറിക്കുന്നത്. തനിക്ക് അതി പരിചിതമായ ഒരു സംഭവമാണ് കവിതയുടെ ബീജം എന്നു മാത്രമാണ് കവി പറഞ്ഞിട്ടുള്ളത്. ആദ്യം ഒരു ഖണ്ഡം മാത്രമായിരുന്ന ഈ കാവ്യശില്പത്തെ അഞ്ചു ഖണ്ഡമായി വികസിപ്പിക്കുവാന്‍ ശ്രീ എന്‍.വി. കൃഷ്ണവാര്യര്‍ കാരണമായതും ഏഴു വര്‍ഷം നീണ്ട രചനാകാലത്തിനൊടുവില്‍ മലയാളം കണ്ട ഏറ്റവും മികച്ച ദുരന്തകഥാകാവ്യം ഉടലെടുത്തതും കാലത്തിന്റെ ഒരു കളി തന്നെയായിരിക്കണം. മൂന്നു തിരിയിട്ട ഗായത്രവൃത്തത്തില്‍ തന്നെ ഈ കവിതകെട്ടുമ്പോള്‍ ചുരുങ്ങിയ വാക്കുകളില്‍ ഒരു ഭാവപ്രപഞ്ചത്തെ ആവാഹിക്കണമെന്ന് ഒളപ്പമണ്ണ ആഗ്രഹിച്ചിരുന്നു എന്നു തോന്നും. ഈ കൃതിയെക്കുറിച്ച് ലീലാവതി ടീച്ചറുടെ അഭിപ്രായം ഇപ്രകാരമാണ്. ' കണ്ണീരുപ്പു വെള്ളത്തിന്റെ പരവയില്‍ ആഴത്തില്‍ തപ്പിയാല്‍ പോലും വല്ലപ്പോഴുമേ ഇത്തരമൊരു മുഴുത്ത മുത്ത് കയ്യില്‍ തടയൂ. ഇതിന് സദൃശമായ ഒന്ന് ഒളപ്പമണ്ണയ്ക്കു പോലും പിന്നീട് കയ്യില്‍ തടഞ്ഞില്ല. ആന മുത്ത് കണ്ടെത്തിയെന്ന് ആശ്വസിച്ചാലും'. (ഒളപ്പമണ്ണയുടെ കഥാകാവ്യങ്ങള്‍) 


പദങ്ങള്‍ അളന്നു തൂക്കിയെടുക്കുന്ന കണിശക്കാരനായ കവി ആവശ്യമില്ലാത്ത ഒരു വാക്കു പോലും തൊടുക്കുന്നില്ല. ചിലപ്പോള്‍ ഒരു വാക്കു തന്നെ ആവര്‍ത്തിച്ചു കൊണ്ട് കാവ്യശരീരത്തെ ഒന്നുകൂടി മുറുക്കിക്കെട്ടുകയാണ്. നങ്ങേമ എന്നും കൃശഗാത്രിയാണ്, മേദസ്സില്ലാത്തവള്‍. നങ്ങേമക്കുട്ടി ഒരു കുടുംബ കവിതയാണെങ്കില്‍ കൂടി സഫലമാകാത്ത ദാമ്പത്യത്തിന്റെ കവിത കൂടിയാണ്. ഒരു സംഭവ കവിത എന്നതിലുപരി അക്കാലത്ത് ഒരാണെഴുതിയ പെണ്‍പക്ഷ കവിതയാണ്. മൂന്നു സ്ത്രീകളും രണ്ടു പുരുഷന്മാരും മുഖ്യ കഥാപാത്രങ്ങളാകുന്ന എന്നാല്‍, രണ്ടേ രണ്ടു പെണ്‍മനസ്സിലൂടെ മാത്രം സഞ്ചരിക്കുന്ന, അതേ സമയം തന്നെ ഒരേയൊരു പെണ്ണുടലും ഉയിരും മാത്രം ചുട്ടു നീറുന്ന കഥാ കവിത. ഒരു സഞ്ചാര കവിത കൂടിയാണിത്. കഥാനായിക ഉള്ളിലും പുറത്തും അലയാന്‍ വിധിക്കപ്പെട്ടവള്‍. എന്നാല്‍, അച്ഛനമ്മമാരുടെയും പാറതിയുടെയും അലച്ചില്‍ മാനസികമാണ്. തന്റെ പ്രിയ നായികയെ പിന്തുടര്‍ന്ന് അവളുടെ ഓരോ വിയര്‍പ്പുതുള്ളിയും അപമാനവും കണ്ണീരും ഒപ്പിയെടുത്ത് കടലാസിലേക്ക് പകര്‍ത്തുകയാണ് കവി. ഈ കവിത കണ്ണീരും വിയര്‍പ്പും വീണ് നനഞ്ഞിട്ടുണ്ടാകും. ഒരു ഘട്ടത്തില്‍ അവള്‍ പറയുന്നുണ്ട്,

' നിങ്ങള്‍ക്കു പുരുഷന്മാരേ

നേരമ്പോക്കാണു ജീവിതം'

ഒളപ്പമണ്ണ ആത്മവിമര്‍ശനത്തിന് സ്വയം വിധേയനാവുകയാണ്. ആറ്റൂരിന്റെ സംക്രമണത്തിലും പുരുഷവര്‍ഗത്തോട് മൊത്തത്തിലുള്ള കലഹം കാണാം.

'പുറപ്പെട്ടേടത്താ

ണൊരായിരം കാതമവള്‍ നടന്നിട്ടും

കുനിഞ്ഞു വീഴുന്നു

ണ്ടൊരായിരം വട്ടം നിവര്‍ന്നു നിന്നിട്ടും'

രണ്ടു കവികള്‍ രണ്ടു കാലത്തിലിരുന്നു കൊണ്ട് കുറ്റസമ്മതം നടത്തുകയാണ്. മറ്റൊരു നങ്ങേമ തന്നെയല്ലേ ആറ്റൂരിന്റെ കണ്ണിലും നൂലട്ടയായി കാഴ്ച തെളിക്കുന്നത്? അതോ അനാദികാലം മുതലിങ്ങോളം അലയാന്‍ വിധിക്കപ്പെട്ട അനേകം നങ്ങേമമാരോ?

അഞ്ചു ഖണ്ഡങ്ങളിലായി പരന്നു കിടക്കുന്ന ഈ കഥാകാവ്യം കാറ്റത്തിട്ടൊരു പുസ്തകം പോലെ താറുമാറായിപ്പോയ പെണ്‍ജീവിതങ്ങളുടെ കദനകാവ്യം തന്നെ. കാപട്യമറിയാത്തവള്‍, സത്യാഭിസന്ധ എന്നിങ്ങനെയാണ് കവി ആ പതിന്നാലുവയസ്സുകാരി നങ്ങേമയെ നമുക്ക് പരിചയപ്പെടുത്തുന്നത്.

' വീഴാതെ നില്‍ക്കുന്നു

നാത്തുമ്പത്തുള്ള വാചകം

നാളത്തില്‍ സ്‌നേഹ ബിന്ദുപോല്‍.'

പാറതിയുടെ നാത്തുമ്പത്തു നിന്ന വാചകത്തുള്ളി വീണാല്‍ അമ്മയെന്ന നാളം കെട്ടുപോകും' വീഴാതിരിക്കുന്നതെങ്ങനെ? അടിമയാണവള്‍ വിധേയയും. സ്‌നേഹം കൊണ്ടുള്ള അടിമത്തം, സാമൂഹിക വ്യവസ്ഥയോടുള്ള വിധേയത്വം. വീഴാന്‍ വിറപൂണ്ട വെള്ളത്തുള്ളിക്ക് വീഴാതെ വയ്യല്ലോ. കൈ തെറ്റി വീണുപോയ കുപ്പിപ്പാത്രം പോലൊരു വാചകമായിരുന്നു അത്. ആ വാചകത്തോടൊപ്പം അമ്മയും ചിതറിപ്പോയി.

' പുറത്തു കാട്ടുവാന്‍ വയ്യാ

തൊളിക്കാനരുതാതെയും

എന്തോ പോക്കുന്നിതോമന'

കൈ തെറ്റി വീണുപോയ കുപ്പിപ്പാത്രം ഉടഞ്ഞുപോകും ഇനിയത് കൂടിച്ചേരുകയില്ല. കല്‍പട കേറുന്ന അമ്മ അചേതനമാകുന്നു. സ്വന്തം മൃതദേഹം ചുമന്നുകൊണ്ടു നടക്കുന്നവള്‍. അചേതനമെന്ന ചേതനയറ്റ വാക്കിനെ ആവര്‍ത്തിച്ചു കൊണ്ട് ആ വാക്കിന്റെ ജഡാവസ്ഥയെ കവി അന്വര്‍ത്ഥമാക്കുന്നു. ഒരു പക്ഷേ, ആ വാക്ക് ഇത്ര മരവിച്ചു പോകുന്നത് ആദ്യമായിട്ടായിരിക്കാം. ഒരു സാധാരണ വാക്കിനെ ചില കഠിന ജീവിതാവസ്ഥകളോട് ചേര്‍ത്തു വയ്ക്കുമ്പോഴുണ്ടാകുന്ന രാസമാറ്റം. തന്റെ ജീവനായ ഓമനയെ പറിച്ചെറിയുന്നതെങ്ങനെ? എറിയാതിരിക്കുന്നതെങ്ങനെ? കടുത്ത സാമൂഹിക വ്യവസ്ഥകളോട് പോരാടി നില്‍ക്കാന്‍ അഭിജാതവും പൂജാദികര്‍മങ്ങളില്‍ വ്യാപൃതവുമായ ഒരു സാധു ബ്രാഹ്മണ കുടുംബത്തിന് സാധിക്കുമോ? എന്നാല്‍, ആധുനികതയുടെ വെളിച്ചം അവിടെ പരക്കുന്നുമുണ്ട്. ട്യൂഷന്‍ മാസ്റ്റര്‍ വീട്ടിലെത്തി പഠിപ്പിക്കുന്നുണ്ട്. വളരെ സ്വതന്ത്രവുമായിരുന്നു ഗൃഹാന്തരീക്ഷം. എന്നാല്‍, കളങ്കിതയായ മകളെ സംരക്ഷിക്കാനാതെ ക്രൂരമായ സാമൂഹിക വ്യവസ്ഥക്ക് നിരുപാധികം വിട്ടുകൊടുക്കുകയാണ്. അപരാധിയെങ്കിലും നിഷ്‌ക്കളങ്കയായ മകള്‍ക്കു വേണ്ടി പോരടിച്ചു നില്‍ക്കാതെ അവളെ സമൂഹത്തിനു വിട്ടുകൊടുത്തുകൊണ്ട് വേദന തിന്നു തീര്‍ക്കുന്നവര്‍.

വെള്ളത്തില്‍ കുടമെന്ന പോലെ ഇരുട്ടില്‍ ഭൂമി താഴ്ന്നു പോകുന്നു. നങ്ങേമക്കുട്ടിയെപ്പോലെ രാത്രിയും നിശബ്ദയാണ്. ഒന്നും പറയാത്തവള്‍ എല്ലാമറിഞ്ഞിട്ടും മിണ്ടാത്ത രാത്രി മഴനീരില്‍ കരയുകയാണ്. ഇടിമിന്നലില്‍ തെളിഞ്ഞ പാതിരയുടെ കൈകളില്‍ വാ കീറിക്കരഞ്ഞ് തുടുത്തുപോയൊരു ചോരക്കുഞ്ഞ്. മുത്തശ്ശിയുടെ കാതില്‍ കുഞ്ഞിന്‍ കരച്ചിലായി ഭൂമി മാറുകയാണ്. മനസ്സില്‍ നാളുകളായി കലങ്ങിക്കിടന്നതൊക്കെ കണ്ണീരായി കുത്തിയൊലിക്കുകയാണ്.

' പാവം ഗര്‍ഭിണി പുത്രിയെ. നിഷ്‌ക്കരുണമായ ലോകത്തില്‍ അലയാന്‍ വിട്ട പാപികള്‍. 'എന്ന് കവി അവരെ, വിമര്‍ശിക്കുന്നുണ്ട്.

എന്നാല്‍, പാവം കുട്ടി ചെയ്തതെന്ത്? സ്‌നേഹത്താല്‍ നീണ്ട, കൂടെ കൂട്ടുവാന്‍ മുതിര്‍ന്ന കൈകളെ തട്ടിമാറ്റി സ്‌നേഹത്താലന്ധയായ അവള്‍ അച്ഛനമ്മമാരോടൊട്ടി നിന്നു. ബഹിശ്ചര പ്രാണനായ അച്ഛന്‍, സ്‌നേഹസംഫുല്ലയായ അമ്മ, അവര്‍ തന്നെ കൈവിട്ടു കളയുമെന്ന് ഓര്‍ക്കാന്‍ പോലും അവള്‍ക്ക് കഴിയുമായിരുന്നില്ല. കണ്ണീരോടെ പിന്‍വാങ്ങുന്ന ആ സ്‌നേഹധനനെ പിന്നീടൊരിക്കലും കാണുന്നുമില്ല. അവളെത്തേടി അവന്‍ വരാതിരുന്നതെന്തുകൊണ്ട്? കവി മൗനിയാണിവിടെ. ചിലപ്പോള്‍ അയാളെ ആണിന്റെ ഒരു മുഖം മാത്രമായിക്കണ്ട് ഉപേക്ഷിച്ചു കളഞ്ഞതാകാം, നങ്ങേമയുടെ മാത്രം യാത്രയാണിത്. തെരുവില്‍ അലയുന്ന അനേകം പെണ്‍ശരീരങ്ങളില്‍ ഒന്ന്. പിന്നീട് അമ്മയായ നങ്ങേമ ആശുപത്രിയില്‍ ഓര്‍മകളില്‍ പൊങ്ങിക്കിടന്ന് തുഴയുമ്പോള്‍ അദ്ദേഹം അക്കരെ വരുന്നുണ്ട്. എന്നാല്‍, അവള്‍ തുഴയുന്തോറും അയാള്‍ നില്‍കുന്ന അക്കര അകന്നു പോവുകയാണ്. പെയ്തുകൊണ്ടിടി വെട്ടുന്ന മേഘം പോലെ അച്ഛനും ദുഃഖപ്പട്ടിണിക്കിട്ട മെയ്യുമായ് അമ്മയും നില്‍ക്കുന്നുണ്ട്. നടുക്കടലില്‍ പെട്ടവള്‍ അഭയ തീരങ്ങളകന്നു പോകുന്നതറിഞ്ഞ് പിന്നാക്കം തുഴഞ്ഞ് ഒരു തുരുത്തിലടിയുകയാണ്. ആരുമില്ലാത്തുരുത്തില്‍ മകനു നല്‍കുവാന്‍ അവള്‍ക്കാകെയുള്ളത് അമ്മിഞ്ഞ മധുരം മാത്രം.

ഗര്‍ഭിണിയായിരുന്ന നാളൊക്കെ കുഞ്ഞ് ഗര്‍ഭപാത്രത്തില്‍ സുരക്ഷിതനായിരുന്നു. അവളുടെ പ്രാണവള്ളിയില്‍ തൂങ്ങിക്കിടന്നു ആ കുഞ്ഞു ജീവിതം. മരിയ്ക്കാന്‍ പോലും അവളെ അനുവദിക്കാതെ. അന്ന് അവനെ എവിടെ വയ്ക്കും എന്ന ചോദ്യമില്ല; ഇനിയോ? ഇരിക്കാനിടമില്ലാത്ത അമ്മ കയ്യില്‍ കുട്ടിയും' കാലില്‍ ജീവിക്കുന്നവള്‍. കൈ വീശി നടക്കാന്‍ പോലുമാകാത്ത അസ്വതന്ത്രയായ അമ്മ. കറുത്ത മതില്‍ ചൂഴുന്ന ഭൂമിയില്‍ അവള്‍ക്ക് പാതകളില്ല. അവളെ ചൂഴുന്ന ഇരുട്ട് മറ്റൊരര്‍ത്ഥത്തില്‍ ജന്മഗൃഹത്തെയും ചൂഴുന്നുണ്ട്. കരിനീരാഴിയില്‍ താണു കിടക്കുംപാറപോലെ എന്നാണ് ആ വീടിനെ കവി വിശേഷിപ്പിക്കുന്നത്. എണ്ണ വറ്റിയ റാന്തലിന്‍ നാടപോലെ ചേതനയറ്റവര്‍, അടുത്തടുത്ത കുഴികളില്‍ പെട്ട വെള്ളം പോലെ മയങ്ങുന്നവര്‍ ഇടയ്ക്കിടെ ഉണരുന്നുണ്ട്. പൊന്നോമന വാതിലുന്തുന്നുണ്ടോ എന്ന് തോന്നാറുണ്ട്. അറുത്തിട്ടും അറ്റുപോകാത്ത ജന്മബന്ധങ്ങളുടെ കവിതയാണിത്. ഏകാന്ത യാത്രികയായ നായികയെപ്പോലെ കവിതയും ഒറ്റപ്പെട്ടു നില്‍ക്കുന്നു.

പാതിരാവില്‍ ഒരു കുട്ടിക്കരച്ചില്‍ കേട്ട് കെട്ടുപൊട്ടുന്ന പെരുവെള്ളം പോലെ താഴോട്ടൊലിച്ച അച്ഛനമ്മമാര്‍ നങ്ങേമയ്ക്കുള്ള ഉമ്മറം കുറ്റബോധത്തോടെ ആദ്യമായി തുറക്കുകയാണ്. എങ്ങനെ കണ്ണീര്‍ക്കറ പുരണ്ട് ചടച്ചുന്തിയ ആ മുഖം നോക്കും? ചോരവാര്‍ന്നേറെച്ചടച്ചവള്‍, ചുങ്ങാത്ത വയറുള്ളവള്‍, വെറും തൊണ്ട മാത്രമുള്ള പെറ്റമ്മ നങ്ങേമയെ എങ്ങനെ കാണും? എന്നാല്‍, പൂമുഖം ശൂന്യമാണ്. ഭൂമിയൊരു പെണ്ണാന പോലെ ചെവി വട്ടം പിടിക്കുന്നു. അതിന്റെ കുഞ്ഞിക്കണ്ണു പോലെ ഇല്ലത്തെ പൂമുഖ റാന്തല്‍ പടിയിറങ്ങിപ്പോയ ഓമനയ്ക്കായി ആദ്യമായി മിഴിയ്ക്കുന്നു. മകളെ കാണാതെ പരിഭ്രാന്തരായ അച്ഛനമ്മമാരുടെ വിളി മൂകതയില്‍ നീന്തുന്നു. വെള്ളത്തില്‍ കുടമെന്ന പോലെ ഇരുട്ടില്‍ ഭൂമി താഴ്ന്നു പോകുന്നു. നങ്ങേമക്കുട്ടിയെപ്പോലെ രാത്രിയും നിശബ്ദയാണ്. ഒന്നും പറയാത്തവള്‍ എല്ലാമറിഞ്ഞിട്ടും മിണ്ടാത്ത രാത്രി മഴനീരില്‍ കരയുകയാണ്. ഇടിമിന്നലില്‍ തെളിഞ്ഞ പാതിരയുടെ കൈകളില്‍ വാ കീറിക്കരഞ്ഞ് തുടുത്തുപോയൊരു ചോരക്കുഞ്ഞ്. മുത്തശ്ശിയുടെ കാതില്‍ കുഞ്ഞിന്‍ കരച്ചിലായി ഭൂമി മാറുകയാണ്. മനസ്സില്‍ നാളുകളായി കലങ്ങിക്കിടന്നതൊക്കെ കണ്ണീരായി കുത്തിയൊലിക്കുകയാണ്.

കറുത്ത പാറയായി നില്‍ക്കുന്ന നാലുകെട്ടിന്റെ ചുറ്റും ഇരമ്പുന്ന ഒച്ചയായി നവജാതന്റെ കരച്ചില്‍ മുഴങ്ങുന്നു. അത് മാറുന്ന കാലത്തിന്റെ ശബ്ദമാണെന്നറിയാനുള്ള കാതുകള്‍ ഇനിയും തുറക്കുന്നില്ല. അറ്റംകാണാപ്പരപ്പുമായ് ആ കരിങ്കടല്‍ പൊങ്ങിപ്പൊങ്ങിപ്പരക്കുകയാണ്. ഇരുട്ടിനു മീതെ മാറുന്ന കാലത്തിന്റെ പുതുവെളിച്ചം ആദിത്യ ശോഭയോടെ ഉദിക്കുമ്പോഴും കൊട്ടക്കോരിക കൊണ്ട് അമ്മ കോരുന്നതും തര്‍പ്പണം ചെയ്യാന്‍ അച്ഛന്‍ കൈക്കുടന്നയിലെടുക്കുന്നതും ആ കരിങ്കടല്‍ തന്നെ.

പ്രണയം, ലൈംഗികത എന്നീ സ്വതന്ത്രവും ശക്തവും ജൈവികവുമായ ചോദനകളെ ഇന്നും കപട സദാചാരബോധത്തിന്റെ വൃത്തികെട്ട കണ്ണുകൊണ്ട് കാണുന്ന മലയാളി സമൂഹത്തിലേക്ക് നോക്കിക്കൊണ്ട് കവിഋഷിയുടെ താപവചസ്സുകള്‍ ഇന്നും മുഴങ്ങുന്നു ഈ കവിതയിലൂടെ. ജാതിയും ജാത്യാചാരങ്ങളും കൂടി തല്ലിത്തകര്‍ത്തു കളഞ്ഞ കുരുന്നു പെണ്‍ജീവിതങ്ങള്‍ക്ക് നങ്ങേമക്കുട്ടി എന്ന കഥാകാവ്യത്തിലൂടെ ഒളപ്പമണ്ണയിലെ പുരുഷന്‍ തിലോദകം അര്‍പ്പിക്കുകയാണ്.

കേരളത്തിന്റെ നവ ചരിത്രത്തിലും ദുരഭിമാനക്കൊലകളുടെ കളങ്കം പടരുമ്പോള്‍ നങ്ങേമക്കുട്ടി എന്ന ദുരന്തകാവ്യത്തിന് പ്രസക്തി ഏറുകയാണ്. ഇങ്ങനെയൊക്കെയാണെങ്കിലും സൂക്ഷ്മവായനയില്‍ ഈ കഥാകാവ്യം അഗാധമായ അനുകമ്പയുടെ മൂശയില്‍ പാകപ്പെട്ടിരിക്കുന്നു എന്നു കാണാം. ആരോടും പരിഭവമില്ലാതെ ആരെയും കുറ്റപ്പെടുത്താതെ നങ്ങേമയെപ്പോലെ തന്നെ ഒളപ്പമണ്ണക്കവിതയും സ്‌നേഹാര്‍ദ്രമായി അപമാനത്തെയും അവഗണനയേയും സ്വയം വരിക്കുന്നു. അലര്‍ച്ചയോ അട്ടഹാസങ്ങളോ മുദ്രാവാക്യങ്ങളോ ഈ കാവ്യത്തില്‍ മഷിയിട്ടു നോക്കിയാല്‍ കാണില്ല .കരഞ്ഞുകൊണ്ടാണ് നിങ്ങളെന്തച്ഛനമ്മമാര്‍ എന്ന് ശപിക്കുന്നതു പോലും .കണ്ണീരില്‍ കുളിക്കുന്ന അമ്മയുടെ അടുപ്പില്‍ ചോറ് വെന്തു ചീയുന്നതും അച്ഛന്റെ ഓട്ടുകൂജയില്‍ കാപ്പിയാറിത്തണുക്കുന്നതും അവളെ പുറത്താക്കി അടയ്ക്കുന്ന കൈകള്‍ തളരുന്നതും ദു:ഖത്തിന്‍ കൂട്ടിലെ പുലി പോലെ അച്ഛന്‍ നില്‍ക്കുന്നതും അചേതനവസ്തു പോലെ കുളപ്പടി കയറുന്ന ദുഃഖത്തിന്‍ കട്ട പോലുള്ള അമ്മയും തീ പിടിച്ച വെളിച്ചെണ്ണ പോലെ ആസകലം നീറുന്ന നങ്ങേമയും വായനക്കാരന്റെ മനസ്സില്‍ എക്കാലവും ഉടക്കിക്കിടക്കും. തന്റെ നിത്യജീവിത പരിസരത്തില്‍ നിന്നാണ് കവിവാക്കുകള്‍ പെറുക്കി എടുക്കുന്നത്. അതും എത്ര സൂക്ഷ്മമായി. ദുര്‍മ്മേദസ്സില്ലാത്ത വിശേഷണങ്ങളില്‍ അഭിരമിക്കാത്ത ശുദ്ധ കവിത.

സുഫല

സുഫലദാമ്പത്യത്തിന്റെ രസക്കൂട്ടുകള്‍ ചാലിച്ചെഴുതിയ സുഫല (1974) പേരുപോലെ തന്നെ സദ്ഫലങ്ങള്‍ വിളയുന്ന ഗൃഹസ്ഥാശ്രമപരിസരത്തിന്റെ കവിതയാണ്. ഒരു കാലത്ത് നമ്പൂതിരിയില്ലങ്ങള്‍ക്ക് അന്യമായിരുന്ന സഫല ദാമ്പത്യം യാഥാര്‍ഥ്യമായപ്പോള്‍ കാലത്തിന്റെ ആവീണ്ടെടുപ്പില്‍ ഏറെ കൃതാര്‍ഥനായ ഒളപ്പമണ്ണയിലെ കവിമനസ്സ് പതഞ്ഞുയരുന്നുണ്ടെങ്കിലും തടം തല്ലാതെ ഒഴുകി നിറയുകയാണ് സ്വച്ഛ ശാന്തമായ വരികളിലൂടെ. അസാധാരണവും അനന്യവുമായ കവിതയുടെ സൂക്ഷ്മ ശരീരം കയറിപ്പോകാത്ത ഇടുക്കുകളും ദുര്‍ഘട പാതകളുമില്ല. കവിത സ്വയം വന്നു പിറക്കുകയാണ് രക്ത മാംസങ്ങളോടെ. അതുകൊണ്ടുതന്നെയാണ് ഒളപ്പമണ്ണക്കവിതകള്‍ വീണ്ടും വീണ്ടും എടുത്തോമനിക്കാന്‍ തോന്നുന്നത്ര നിഷ്‌ക്കളങ്കമായിരിക്കുന്നതും.

സുഫല മുലപ്പാലിന്റെ മണമുള്ള കവിതയാണ്. ഒരു പെണ്ണ് അമ്മ എന്ന സുകൃതാവസ്ഥയിലേക്ക് ഉയരുമ്പോള്‍ അവളിലുണ്ടാകുന്ന ഭാവമാറ്റത്തെ എത്ര അവധാനതയോടെയാണ് കവി പകര്‍ത്തുന്നു.

'ജാലകങ്ങളില്‍ പടര്‍ മുല്ല പൂക്കവേ സഖി

നാലു പെറ്റവളായ നീയുറങ്ങുന്നൂ ചാരെ '

കവിത ചിറകുവിടര്‍ത്തുകയാണ്. പകലൊക്കെ മരക്കമ്പനി നോക്കി നടത്തുന്ന തിരക്കില്‍ പെട്ട് രാത്രിയുടെ അന്ത്യയാമങ്ങളിലൊന്നില്‍ കണ്ണു മിഴിക്കുമ്പോള്‍ അരികിലുറങ്ങുന്ന ആത്മസഖിയെ കണികാണുന്ന മനോഹര മുഹൂര്‍ത്തത്തിലാണ് കവിത തുടങ്ങുന്നത്. ഒരു സാധാരണ കാഴ്ച കവിതയുടെ മാന്ത്രികത്തൂവല്‍ തൊടുമ്പോള്‍ അസാധാരണമാകുന്ന രാസമാറ്റത്തിന് സാക്ഷികളാകുന്ന വായനക്കാരുടെ മുന്നില്‍ ഒരു മലയാളി ഗൃഹാന്തരീക്ഷം മറനീങ്ങിത്തെളിയുകയാണ്. ജാലകത്തില്‍ പടരുന്ന മുല്ലവള്ളി പോലെ പൂത്തു വിടര്‍ന്ന് അരികിലുറങ്ങുന്നവള്‍. നാലു പെറ്റവള്‍ എന്ന വിശേഷണത്തിന്റെ ഗരിമയിലും വിശുദ്ധിയിലും മാതൃത്വത്തിന്റെ സഹ ജാമല ഭാവത്തെ കൊരുത്തിട്ടിരിക്കുന്നത് എത്ര സൂക്ഷ്മമായിട്ടാണെന്നു നോക്കു. പടര്‍വള്ളി അവളാകുന്നു മുല്ലപ്പൂ പോലെ വിടര്‍ന്നു പരക്കുന്നത് മുലപ്പാലും. സുഫല മുലപ്പാലിന്റെ മണമുള്ള കവിതയാണ്. ഒരു പെണ്ണ് അമ്മ എന്ന സുകൃതാവസ്ഥയിലേക്ക് ഉയരുമ്പോള്‍ അവളിലുണ്ടാകുന്ന ഭാവമാറ്റത്തെ എത്ര അവധാനതയോടെയാണ് കവി പകര്‍ത്തുന്നതെന്നു നോക്കാം.


അവള്‍ ഗാഢമായ ഉറക്കത്തിലും കുഞ്ഞനങ്ങുമ്പോള്‍ അതിനെ ഇറുക്കിപ്പിടിക്കുന്നുണ്ട്. പെറ്റമ്മമാര്‍ ഉറങ്ങുമ്പോഴാണ് കൂടുതലുണരുന്നത് എന്ന സാമാന്യ തത്വം കൊണ്ടാണ് കവി ആചടുല നീക്കത്തെ സമര്‍ഥിക്കുന്നത്. മനുഷ്യ മനസ്സ് കരതലാമലകം പോലെ തട്ടിക്കളിയ്ക്കുന്ന പ്രജാപതികള്‍ തന്നെ കവികള്‍. രാത്രിയുടെ ശാന്തതയില്‍ അതിലേറെ ശാന്തമായുറങ്ങുന്ന അവളെക്കുറിക്കുന്ന വരികളിലാണ് കവിയിലെ സൂക്ഷ്മദര്‍ശിയായ ചിത്രകാരനെ നമ്മള്‍ കാണുന്നത്. പകലൊക്കെ അമ്മത്തിരക്കില്‍ അനേകം കൈകളിളക്കി ഉണര്‍ന്ന് അലയടിക്കുന്ന സമുദ്രം പോലെ പരക്കുന്നവള്‍ രാത്രിയുടെ സ്വച്ഛതയില്‍ ഉറക്കപ്പുതപ്പിനടിയില്‍ കോരി വച്ച വെള്ളം പോലെ അതീവശാന്തമായി അകംതെളിഞ്ഞു കാണപ്പെടുന്നു. കവിയിലെ പുരുഷനെ അത്ഭുതപ്പെടുത്തുകയും ആരാധകനാക്കുകയും ചെയ്തു ആഭാവമാറ്റം. ഒരു പെണ്ണിനു മാത്രം സാധ്യമാകുന്ന പരകായപ്രവേശം. ആണിന്റെ ജനിതക ഘടനയില്‍ വളരെ അപൂര്‍വ്വമാണീ കൂടുവിട്ടു കൂടുമാറല്‍.

ചന്ദനം

കവിയുടെ തന്നെ മറ്റൊരു ചെറു കവിതയായ ചന്ദനം (1965) പാടുന്നതു പോലെ അവള്‍ അരഞ്ഞരഞ്ഞില്ലാതാവുകയാണ് വീടിനും നാടിനും വേണ്ടി. ചന്ദനം എങ്ങനെയാണോ തന്റെ നിറം മണം തണുപ്പ് എല്ലാം പകരുന്നത് അതുപോലെ.

'നിന്റെ കയ്യെത്താത്തേടം

നിന്റെ കണ്ണെത്താത്തേടം

നീയാകെയെത്താത്തേട

മില്ലയിക്കുടുംബത്തില്‍ 'എന്നിങ്ങനെ അവളുടെ സര്‍വ്വവ്യാപിത്വത്തിനു മുന്നില്‍ അത്ഭുതാദരങ്ങളോടെ നില്‍ക്കുന്ന കവി വിനീത ഹൃദയനായി

'നീ തൊടും പൊട്ടിങ്ങനെ

വിയര്‍പ്പില്‍ കുതിരുമ്പോള്‍

ശ്രീദേവി സഹജീവിയായ

ഞാനസൂയാലു ' എന്നും പാടുന്നുണ്ട്. പെണ്ണ്, ഭാര്യ, അമ്മ എന്നിങ്ങനെ സ്ഥാനമാനങ്ങള്‍ നല്‍കി അവളുടെ അവസരങ്ങളേയും സൃഷ്ടിപരതയേയും തല്ലിക്കെടുത്തിയ ആണധികാരങ്ങളോടാണ് സുഫലയും ചന്ദനവും സംസാരിക്കുന്നത്.

ഇന്ദ്രിയാനുഭൂതികളിലൂടെ മാത്രം അന്വേഷിച്ചു പോവുകയും അറിയുകയും ചെയ്ത അവളെ ഇന്നീ രാത്രിയില്‍ മുല ചുരക്കുന്നവളായി കവി കാണുന്നത് അതീന്ദ്രിയ സൗന്ദര്യലഹരിയിലാണ്. അശരീരമയി എന്നു വിളിച്ചു കൊണ്ട് കവി തന്റെ ഇന്ദ്രിയക്കറകളെ അലക്കി വെളുപ്പിച്ചുടുക്കുന്നു.

തന്റെ അരികിലുറങ്ങുന്ന ചന്ദന ഗന്ധിയെ ആദ്യമായി കാണുന്നതുപോലെ കവി നോക്കുകയാണ് സുഫലയില്‍. മാറിലും ഹൃദയത്തിലും അമൃത ജലം നിറഞ്ഞവള്‍ ഉര്‍വ്വരയായ ശ്യാമ ഭൂമി തന്നെ. അങ്ങനെയിരിക്കെ മറ്റൊരു അവിസ്മരണീയ ദര്‍ശനത്തിലേക്ക് കവി വായനക്കാരനെ തട്ടിയുണര്‍ത്തുകയാണ്. ഉറക്കത്തിലെങ്ങോ കുഞ്ഞിക്കയ്യു തട്ടി ചുരന്നൊഴുകുന്ന മാറിടത്തിന്റെ സമൃദ്ധവും വിശുദ്ധവുമായ ഭൂമിക. ലോക ചരിത്രത്തിലെങ്ങും ഒരു ചിത്രകാരനും വരയ്ക്കാന്‍ സാധിക്കാതെ പോയ നിര്‍മലതയുടെ ഉറവയെ കവി എത്ര അനായാസം രണ്ടോ മൂന്നോ വാക്കുകളില്‍ വരച്ചിട്ടിരിക്കുന്നു. മാതൃത്വത്തിന്റെ തൂലികാ ചിത്രം ഇത്ര സൂക്ഷ്മമായി കോറിയിട്ടവര്‍ ചുരുക്കമായിരിക്കും. പ്രണയ പരവശയാകുമ്പോഴും കവിയുടെ മുന്നില്‍ അനാവൃതമാക്കാന്‍ മടിക്കുന്ന മാറിടം അവള്‍ അമ്മയായതിനു ശേഷം അടച്ചിട്ടേയില്ല എന്നു പറഞ്ഞു കൊണ്ട് കവി അവളിലെ അമ്മത്തത്തെ എടുത്തുയര്‍ത്തി ആസ്വാദക മനസ്സില്‍ പ്രതിഷ്ഠിക്കുകയാണ്. ഇന്ദ്രിയാനുഭൂതികളിലൂടെ മാത്രം അന്വേഷിച്ചു പോവുകയും അറിയുകയും ചെയ്ത അവളെ ഇന്നീ രാത്രിയില്‍ മുല ചുരക്കുന്നവളായി കവി കാണുന്നത് അതീന്ദ്രിയ സൗന്ദര്യലഹരിയിലാണ്. അശരീരമയി എന്നു വിളിച്ചു കൊണ്ട് കവി തന്റെ ഇന്ദ്രിയക്കറകളെ അലക്കി വെളുപ്പിച്ചുടുക്കുന്നു. യുവമിഥുനങ്ങള്‍ മാതാപിതാക്കളാകുന്നതോടെ അവരുടെ ശാരീരിക തൃഷ്ണ പരസ്പര ബഹുമാനത്തിനും ആരാധനയ്ക്കും വഴി മാറിക്കൊടുക്കുന്നതായി ബാലാമണിയമ്മയുടെ കവിതകളിലും വായിച്ചിട്ടുണ്ട്.

ഒളപ്പമണ്ണക്കവിതകള്‍ പൊതുവേ പ്രകാശത്തിന്റെ കവിതകളാണെങ്കിലും നങ്ങേമക്കുട്ടി ഇരുട്ടിന്റെ കവിതയാണ്. ഇടവും വലവും മുന്നും പിന്നുമില്ലാത്ത ഭൂമിയില്‍ തിങ്ങിപ്പൊങ്ങുന്ന ഇരുട്ടിലാണവള്‍. അവളുടെ ഏകാന്ത ഭൂമിയില്‍ കറുത്ത മതില്‍ ചൂഴ്ന്നു നില്‍ക്കുന്നു. അവളുടെ ജന്മഗൃഹം കരിനീരാഴിയില്‍ താണു കിടക്കുന്ന പാറപോലെ വെളിച്ചം കെട്ടിരിക്കുന്നു. നങ്ങേമ ഇറങ്ങിപ്പോയപ്പോള്‍ കെട്ടവിളക്കാണത്. പെണ്‍കഴുത്തിലെ ചെറു താലി പോലെ കിളിവാതിലില്‍ ഒറ്റ റാന്തല്‍ വെളിച്ചം മാത്രം ഇളകുന്നു. നങ്ങേമയുടെ കഴുത്തില്‍ കെട്ടാതെ പോയ ചെറുതാലി പോലെ വിറയ്ക്കുന്ന വെളിച്ചത്തെ വിഴുങ്ങാന്‍ വാ പിളര്‍ന്നു നില്‍ക്കുന്ന അനാചാരങ്ങളുടെ അനീതികളുടെ ഇരുട്ടില്‍ അലയുന്ന മൂന്ന് ആത്മാക്കള്‍.

ഒളപ്പമണ്ണക്കവിതകള്‍ പൊതുവേ പ്രകാശത്തിന്റെ കവിതകളാണെങ്കിലും നങ്ങേമക്കുട്ടി ഇരുട്ടിന്റെ കവിതയാണ്. ഇടവും വലവും മുന്നും പിന്നുമില്ലാത്ത ഭൂമിയില്‍ തിങ്ങിപ്പൊങ്ങുന്ന ഇരുട്ടിലാണവള്‍. അവളുടെ ഏകാന്ത ഭൂമിയില്‍ കറുത്ത മതില്‍ ചൂഴ്ന്നു നില്‍ക്കുന്നു. അവളുടെ ജന്മഗൃഹം കരിനീരാഴിയില്‍ താണു കിടക്കുന്ന പാറപോലെ വെളിച്ചം കെട്ടിരിക്കുന്നു.

തള്ളിക്കയറുന്ന പാതിരയോട് കവി ചോദിക്കുന്നു നങ്ങേമക്കുട്ടി പെറ്റുവോ? ഭീമമായ അന്ധകാരത്തില്‍ ചെവി വട്ടം പിടിച്ചു കൊണ്ട് ഭൂമി പെണ്ണാനയെപ്പോലെ കേട്ടു നിന്നു. നങ്ങേമയെപ്പോലെ നിശബ്ദയായി ഇരുണ്ടു നില്‍ക്കുന്ന രാത്രി. അവള്‍ക്കെല്ലാമറിയാം. അതല്ലേ അവള്‍ കരയുന്നത്. എത്ര പറന്നിട്ടും കൊമ്പത്തെത്താതെ കൂരിരുട്ടില്‍ വീണുപോകുന്ന കാക്കകള്‍. കറുത്ത പാറപോലെ നാലുകെട്ട്. അഗാധമായി കറുത്തു പരക്കുന്ന പെരുങ്കടല്‍ നാലുകെട്ടിനെ ചൂഴുന്നു. ഇരുട്ടിന്‍ മേലേ ആദിത്യന്‍ വിരിയുമ്പോഴും അമ്മ കൊട്ടക്കോരിക കൊണ്ട് കോരുന്നത് കരിങ്കടല്‍. അച്ഛന്‍ തര്‍പ്പണം ചെയ്യുന്നതും അതേ കടല്‍.



Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ഷീജ വിവേകാനന്ദന്‍

Writer

Similar News

കടല്‍ | Short Story