ഖയാല്‍: ഭയമായിരുന്നു, എങ്ങനെ, എന്തില്‍ നിന്ന് ആരംഭിക്കുമെന്നോര്‍ത്ത്
ചൈനീസ് ജീവിതവും ചരിത്രവും ഓര്‍മകളും; 'ഖയാല്‍' ലേക്കുള്ള എഴുത്തു വഴികളെ കുറിച്ച്.
ചൈനയിലെ ജീവിതത്തെക്കുറിച്ച് ആദ്യമെഴുതിയത് 2019 ല്‍, കെ.സി നാരായണന്‍ എഡിറ്ററായിരിക്കെ ഭാഷാപോഷിണിയിലാണ്. പിന്നീട് മറ്റ് പല പ്രസിദ്ധീകരണങ്ങളും ആവശ്യപ്പെട്ടെങ്കിലും നോണ്‍ ഫിക്ഷന്റെ ആളല്ല ഞാന്‍ എന്നൊരു ബോധ്യത്തിലായിരുന്നതുകൊണ്ടോ എന്തോ വൈമുഖ്യമായിരുന്നു. ദിനേന അനുഭവിക്കുന്ന, അല്ലെങ്കില്‍ അടുത്തറിയുന്ന സ്ഥലികളും മനുഷ്യരുമൊക്കെയല്ലേ എന്റെ ഭാവനയുടെ വളങ്ങള്‍ എന്ന സ്വാര്‍ഥതയും.
അങ്ങനെയിരിക്കെ, ലോകത്തെ കീഴ്‌മേല്‍ മറിച്ചിട്ട കോവിഡിന്റെ കെടുതിയില്‍ പെട്ടുഴറിപ്പോയി. എഴുതാന്‍ പോയിട്ട് വായിക്കാന്‍ പോലുമാകാത്ത അക്കാലത്തിന്റെ മൂര്‍ധന്യത്തിലാണ് ഗൃഹലക്ഷ്മിയില്‍ നിന്ന് ചൈനാജീവിതത്തെ കുറിച്ച് ഒരു തുടര്‍പംക്തി എഴുതാമോ എന്ന ചോദ്യമെത്തിയത്. അധികം ആലോചിക്കാതെ സമ്മതം മൂളി. പിടിതരാതെ കുതറിക്കൊണ്ടിരുന്ന എഴുത്തിനെ വരുതിയിലാക്കാന്‍ ഇതൊരു ഉപാധിയാക്കാമെന്നു വച്ചു.
ഖയാല്‍ എന്നാല്‍ ഉറുദുവില്‍ 'ഭാവന' എന്നര്‍ത്ഥം. ജീവിതത്തില്‍ സത്യമായും ഭവിച്ച സംഭവങ്ങളെ എഴുതുന്ന ഒരു പംക്തിയിലേക്ക് ആ പേര് എന്തിന് തെരഞ്ഞെടുത്തു എന്ന് ചോദിച്ചാല്‍ ഉത്തരമില്ല. കാരണങ്ങള്‍ ചികയാതെ വന്നു ചേരുന്ന ചിലതിനെയെല്ലാം അപ്പാടെ സ്വീകരിക്കുന്നത് ചില നേരങ്ങളില്‍ ഹരമാണ്. അതേ ഹരം തന്നെ അതിന് പിന്നിലും!
അപ്പോഴും ഭയമായിരുന്നു, എങ്ങനെ, എന്തില്‍ നിന്ന് ആരംഭിക്കുമെന്നോര്‍ത്ത്. മനുഷ്യനിലെ ഓര്‍മകള്‍ക്ക് ഒരിക്കലും ചിട്ടയുണ്ടാവില്ല, വികൃതി കാണിച്ചുകൊണ്ട് കുതറിയോടി നടക്കുന്ന ഒരു കുട്ടിയെപ്പോലെയാണത്. ആ തിരിച്ചറിവോടെ തന്നെ, മെല്ലെ മെല്ലെ, 2009 മുതല്‍ക്കുള്ള ചൈനാജീവിതത്തിന്റെ അരികുകളിലേക്കും കോണുകളിലേക്കും ഊളിയിട്ടു. പലതും, പലരെയും അമ്പേ മറന്നുപോയിട്ടുണ്ടല്ലോ എന്ന് വേവലാതിപ്പെട്ടു. മറക്കാന്‍ സാധ്യതയുള്ളതെന്ന് വിചാരിച്ച് അനുഭവിച്ചതെല്ലാം പക്ഷെ, ഞങ്ങളിവിടെയുണ്ട് എന്ന് ഉറക്കെ പ്രസ്താവിച്ചുകൊണ്ട് എനിക്കരികിലേക്ക് വന്നുനിന്നു. സമ്മര്‍ദത്തിന് അടിമപ്പെടുത്താതെ, നേര്‍ത്ത മഴത്തുള്ളികളുടെ നിപതനംപോല്‍ എന്നിലേക്കെത്തിയ ഓര്‍മകളെ മാത്രം സ്വീകരിച്ചു. അവശേഷിച്ചവയെ തീര്‍ത്തും തിരസ്‌കരിച്ചു.
ഓര്‍മകളെ തിരഞ്ഞു പിടിച്ചെടുക്കുക എന്നാല്‍ പേരറിയാത്ത ഒരാനന്ദത്തെ അനുഭവിക്കുക എന്ന് കൂടിയാണ് അര്‍ത്ഥം. അത് മനസ്സിലാക്കിയത് 'ഖയാല്‍' എഴുതുക വഴിയാണ്. ഒന്നും എഴുതാന്‍ കാണില്ലെന്ന വിചാരത്തോടെ ആരംഭിച്ച ഒരു പംക്തി, ഒന്നര വര്‍ഷത്തോളം എന്നെ നിരന്തരം എഴുതിപ്പിച്ചു എന്ന മഹാത്ഭുതമാണ് ഇന്ന് കൂട്ടിനുള്ളത്.
മുടങ്ങാതെ ഈ കോളം വായിച്ചവരുണ്ട്. അഭിപ്രായം നേരിട്ടും കത്തുകളായും അറിയിച്ചവരുണ്ട്. ലോകത്തെ സകല സ്ത്രീജിവിതങ്ങളും വെറും തുടര്‍ച്ചകളാണെന്ന് എഴുതിയപ്പോള്‍ സ്വന്തം ജീവിതം പറയാനായി എനിക്ക് മുന്നിലേക്ക് വിശ്വാസത്തോടെ വന്ന ചിലരുമുണ്ട്. പിഴവുകള്‍ ധാരാളമുള്ള ഒരു സാധാരണ മനുഷ്യയാണ് ഞാനെന്ന ബോധം ധാരാളമായുണ്ട്. എങ്കിലും പലരെയും ശ്രദ്ധയോടെ കേട്ടിരിക്കാനായിട്ടുണ്ട്. വാക്കുകളാല്‍ ചേര്‍ത്തു പിടിക്കാനും സാന്ത്വനിപ്പിക്കാനുമായിട്ടുണ്ട്. അതിനാല്‍ തന്നെ ഖയാല്‍ നല്‍കിയ വലിയൊരു സൗഭാഗ്യം ചില മനുഷ്യരെ അറിയാനായി എന്നതാണ്; തൊട്ടും തലോടിയും അവരിലൊരാളാവാനായി അല്പമെങ്കിലും സാധിച്ചു എന്നതാണ്.
'ഖയാല്‍' സാറാ ജോസഫ്, എസ്. ഹരീഷിന് നല്‍കി പ്രകാശനം നിര്‍വഹിക്കുന്നു.
'ജീവിച്ചതല്ല, ഓര്‍ക്കുന്നതും പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി ഓര്‍മയില്‍ വെക്കുന്നതുമാണ് ജീവിതം'- ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസ് പറഞ്ഞതാണ്. അങ്ങനെയെങ്കില്‍, 'ഖയാല്‍' എഴുതിയതിലൂടെ, അഗാധമായ സ്‌നേഹവായ്പുകള്‍ നല്‍കിയും സ്വീകരിച്ചും ഈ തുച്ഛമായ ജീവിതത്തിലെ ഒരു ഭാഗം അതിരറ്റ ആഹ്ലാദത്തോടെ ഞാന്‍ കഴിച്ചുതീര്‍ത്തു എന്ന് മാത്രമേ പറയാനുള്ളു.
(ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച 'ഖയാല്‍' ന്റെ ആമുഖത്തില്‍ നിന്ന്)