'സെവന്‍ സാമുറായ്' മുതല്‍ 'അപ്പോക്കാലിപ്‌റ്റോ' വരെ കയറിയിറങ്ങിപ്പോയ വൈകുന്നേരങ്ങള്‍
അക്ഷരങ്ങളെ, വാക്കുകളെത്തേടിയുള്ള യാത്ര, സത്യത്തില്‍ അതൊരു കത്തിജ്വലിക്കുന്ന പ്രണയാനുഭവമാണ്. പ്രണയത്തെ തേടിയുള്ള അവിരാമമായ യാത്രയും നീണ്ട കാത്തിരിപ്പുമാണ്. കൂടിച്ചേരലിന്റെ ആഹ്ലാദവും, വേര്‍പിരിയലിന്റെ ദുഃഖസാന്ദ്രമായ സ്മൃതികളും തീര്‍ച്ചയായും അതിലുണ്ടാകുമെന്നുറപ്പുള്ള മനോഹരമായ ഒരു യാത്ര. | വായാനാദിന ഓര്‍മ
എനിക്കിപ്പോഴുമോര്‍മ്മയുണ്ട്, ആ പുഴുങ്ങിയെടുത്ത സന്ധ്യകള്‍, കത്തുന്ന വേനല്‍. പ്ലസ് -ടു വാര്‍ഷികപരീക്ഷക്ക് മുമ്പായി കിട്ടിയ പഠനാവധിക്ക് കൃത്യമായി ചിക്കന്‍പോക്‌സ് വന്ന നിര്‍ഭാഗ്യവതിയായ പെണ്‍കുട്ടി. എങ്കിലും ഒരു വശത്ത് അപരിചിതമായ ദേശങ്ങള്‍ വളരുമ്പോള്‍ മറുവശത്ത് പ്രത്യാശയുടെ നേര്‍ത്ത നിലാവ് പരക്കുന്നുണ്ടായിരുന്നു എന്നിപ്പോള്‍ തോന്നുന്നു. പുസ്തകങ്ങള്‍ എപ്പോഴും എന്റെ കൂടെയുണ്ടായിരുന്നു, കൂടെ ആ അവധിക്ക് തൊട്ടുമുമ്പായി കടന്നുപോയ ദിവസങ്ങളില്‍ തന്നെയായിരുന്നു ഞാനപ്പോഴും. ഞങ്ങളെ അമ്പരിപ്പിച്ചുകൊണ്ട് സുവോളജി അധ്യാപകനും അങ്ങേയറ്റത്തെ സിനിമാഭ്രാന്തനുമായ ഞങ്ങളുടെ പ്രിയപ്പെട്ട മാഷ് പരീക്ഷക്ക് മുന്നോടിയായിത്തന്നത് ജന്തുശാസ്ത്രം എളുപ്പത്തില്‍ കരസ്ഥമാക്കാനുള്ള ഫോര്‍മുലകളായിരുന്നില്ല. പകരം, അന്നുവരെ കാണാത്ത വിഭ്രമിപ്പിക്കുന്ന കാഴ്ച്ചകളാല്‍ നിറഞ്ഞുപൊന്തി ഞങ്ങളുടെ ക്ലാസ്മുറി. ജപ്പാനിലെ ഒരു പര്‍വ്വത അടിവാരത്തില്‍, ഒരു കൊള്ളസംഘത്തെ നേരിടാനിറങ്ങിയ ഏഴു യോദ്ധാക്കളുടെ കഥ പറഞ്ഞ 1954-ല്‍ ഇറങ്ങിയ അകിര കുറസോവയുടെ 'സെവന്‍ സാമുറായ്' മുതല്‍ അമേരിക്കന്‍ ചിത്രമായ 'അപ്പോക്കാലിപ്‌റ്റോ' വരെ കയറിയിറങ്ങിപ്പോയ വൈകുന്നേരങ്ങള്‍.
മുട്ടത്തുവര്‍ക്കിയോടും എസ്.കെ പൊറ്റക്കാടിനോടും അങ്ങേയറ്റം ആരാധനയുള്ള ഒരു അമ്മായി ഉണ്ടായിരുന്നു എനിക്ക്. ഖുര്‍ആനോടൊപ്പം സാഹിത്യത്തിലും രാഷ്ട്രീയത്തിലും സമകാലിക വിഷയങ്ങളിലുമെല്ലാം തല്‍പരയായിരുന്ന ഒരാള്‍. മുട്ടത്തുവര്‍ക്കിയുടെ നോവല്‍ എന്തോ കാരണങ്ങളാല്‍ മുടങ്ങിപ്പോയ ഒരു ഞായറാഴ്ച്ച ഒരു വന്‍ ജനാവലി പത്രമാപ്പീസിലേക്ക് പ്രകടനമായിച്ചെന്ന് ഇടിച്ചു കയറിയതായും വായനക്കാരെ സമാധാനിപ്പിച്ചു പറഞ്ഞയക്കാന്‍ പത്രാധിപര്‍ കഷ്ട്ടപ്പെട്ടതായുമുള്ള കഥകള്‍ പറഞ്ഞ് ഞങ്ങള്‍ കുട്ടികളില്‍ ഉദ്വേഗം ജനിപ്പിക്കുകയും പ്രസിദ്ധീകരിച്ചിരുന്ന തുടര്‍ രചനകള്‍ അവര്‍ ആര്‍ത്തിയോടെ മോന്തുകയും ചെയ്തിരുന്നു.
ഞാനന്ന് അത്ഭുതപ്പെട്ടു, മനസ്സും ശരീരവും വെന്തുവിങ്ങി നാറിയ ആ ദിവസങ്ങളില്‍ എന്നെ നയിച്ചത് രസതന്ത്രമോ, ജന്തുശാസ്ത്രമോ ഗണിതമോ ഒന്നുമല്ലല്ലോ എന്നോര്‍ത്ത്. അതൊരു വഴിത്തിരിവായിരുന്നു. തിരിച്ചറിവായിരുന്നു. സ്വതവേ സ്വപ്നജീവിയായ ഒരുവള്‍ക്ക് ഇനിയെന്തു വേണം അക്ഷരങ്ങളിലേക്കും കാഴ്ച്ചകളിലേക്കും കൂപ്പുകുത്താന്‍!
വിഷയവും ഭാവനയും രചനാശില്‍പ്പവും വരികളും ഒന്നായുണര്‍ത്തുന്ന മാന്ത്രികത സാഹിത്യത്തിന് മാത്രം അവകാശപ്പെട്ടതാണ്. വിനിമയങ്ങളുടേയും ചലനങ്ങളുടേയും നിറങ്ങളുടേയും ഈണങ്ങളുടേയും നിര്‍ഭരത മൂലം എന്നെ വീണ്ടുംവീണ്ടും പുനര്‍ജനിപ്പിച്ച എഴുത്തുകാര്‍, രചനകള്‍, സംവിധായകര്‍, വരികള്‍.. ഒരു നാടന്‍ ഉത്സവം പോലെ, ഉത്സവത്തിലേക്ക് നാട് സ്വാഭാവികമായി ഓടിയെത്തുന്നതുപോലെ എന്ന് കെ.ജി ശങ്കരപ്പിള്ള പി. കവിതകളെക്കുറിച്ച് പറഞ്ഞത് ഓര്‍ത്തുപോകുന്നു. അതുപോലൊരു ഫീല്‍.
ആക്ഷേപഹാസ രീതിയിലുള്ള രാഷ്ട്രീയ വിമര്‍ശനങ്ങളും ക്രിസ്ത്യാനിയുടെ ജീവിതവും ആര്‍ക്കും മനസ്സിലാവുന്ന സുന്ദരമായ ഭാഷയില്‍ ആവിഷ്‌ക്കരിച്ച ജനപ്രിയ എഴുത്തുകാരനായ മുട്ടത്തുവര്‍ക്കിയോടും യാത്രാനോവലുകളുടെ തമ്പുരാനായ എസ്.കെ പൊറ്റക്കാടിനോടും അങ്ങേയറ്റം ആരാധനയുള്ള ഒരമ്മായിയുണ്ടായിരുന്നു എനിക്ക്. അമ്മാവന്റെ ഭാര്യ. ഖുറാനോടൊപ്പം സാഹിത്യത്തിലും രാഷ്ട്രീയത്തിലും സമകാലിക വിഷയങ്ങളിലുമെല്ലാം തല്‍പരയായിരുന്ന ഒരാള്‍. മുട്ടത്തുവര്‍ക്കിയുടെ നോവല്‍ എന്തോ കാരണങ്ങളാല്‍ മുടങ്ങിപ്പോയ ഒരു ഞായറാഴ്ച്ച ഒരു വന്‍ ജനാവലി പത്രമാപ്പീസിലേക്ക് പ്രകടനമായിച്ചെന്ന് ഇടിച്ചു കയറിയതായും വായനക്കാരെ സമാധാനിപ്പിച്ചു പറഞ്ഞയക്കാന്‍ പത്രാധിപര്‍ കഷ്ട്ടപ്പെട്ടതായുമുള്ള കഥകള്‍ പറഞ്ഞ് ഞങ്ങള്‍ കുട്ടികളില്‍ ഉദ്വേഗം ജനിപ്പിക്കുകയും പ്രസിദ്ധീകരിച്ചിരുന്ന തുടര്‍ രചനകള്‍ അവര്‍ ആര്‍ത്തിയോടെ മോന്തുകയും ചെയ്തിരുന്നു. എന്റെ ആത്മവിശ്വാസത്തിന്റെ അടിത്തറ വര്‍ഷങ്ങളോളം പണിപ്പെട്ട് കെട്ടിയെടുത്തതില്‍ ഇവര്‍ക്കൊക്കെയുള്ള പങ്ക് വിവരിക്കുക അസാധ്യമാണ്.
പത്താം ക്ലാസ്സില്‍ പഠിപ്പിച്ച ഗംഗാധരന്‍ മാഷാണ് പറഞ്ഞതെന്ന് തോന്നുന്നു ''അത്രയൊന്നും പ്രശസ്തനല്ലാത്ത ഒരു കൊളമ്പിയന്‍ നോവലിസ്റ്റ് തന്റെ അഞ്ചാമത്തെ നോവലുമായി അതേ കാലത്ത് ഭാഗ്യപരീക്ഷണം നടത്തുന്നുണ്ടായിരുന്നു. ഏകാന്തതയുടെ നൂറുവര്‍ഷങള്‍ സ്പാനിഷ് സാഹിത്യത്തില്‍ ചെയ്തതെന്തോ അതുതന്നെ ഖസാക്കിന്റെ ഇതിഹാസം മലയാളത്തില്‍ ചെയ്തു'' എന്ന്
വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരെയും പാറപ്പുറത്ത് എന്ന തൂലികാനാമത്തിലെഴുതിയ കെ. ഈശോമത്തായിയെയും അഗാധമായ ഉള്‍ക്കാഴ്ച്ചയോടെ ജീവിതാനുഭവങ്ങളിലെ വൈവിധ്യങ്ങളെ വിഷയീഭവിപ്പിച്ച മലയാളത്തിന്റെ പ്രിയകവിയായിരുന്ന വൈലോപ്പിള്ളി ശ്രീധരമേനോനെയും എല്ലാം പാടിയും പറഞ്ഞും തന്നവരുണ്ട്. രണ്ട് ലോകമഹായുദ്ധങ്ങള്‍ - അതിന്റെ ഫലമായുണ്ടായ പട്ടിണിയും ദാരിദ്രവും എന്നിങ്ങനെ തികച്ചും അശാന്തമായ കാലഘട്ടത്തില്‍ തങ്ങളുടെ കാവ്യജീവിതം ജീവിച്ചു തീര്‍ത്തവരാണ് ഇവരില്‍ പലരുമെന്നോര്‍ക്കുമ്പോള്‍
'നന്ദിയാല്‍ നിറയുന്നു എന്നന്തരംഗം
മനമേ നടത്തിയ വിധങ്ങളെ ഓര്‍ത്ത്
നന്ദിയാല്‍ നിറയുന്നു എന്നന്തരംഗം'
ഇതെല്ലാമാണെങ്കിലും നിരന്തരം നവീകരിക്കപ്പെടുന്നതെന്ന് പറയപ്പെടുന്ന സാമൂഹിക ജീവിതത്തിലേക്ക് സാംസ്‌കാരിക പാരമ്പര്യത്തില്‍പ്പോലും രൂഢമൂലമായിരിക്കുന്ന ബിംബങ്ങളും പേറി സ്ത്രീകള്‍ ഇന്നിത്ര കാലത്തോളം നടന്നു കയറിയത് അങ്ങേയറ്റം കിതച്ചുകൊണ്ട് തന്നെയാണ്. ലളിതാംബിക അന്തര്‍ജ്ജനം, സരസ്വതിയമ്മ, രാജലക്ഷ്മി, മാധവിക്കുട്ടി തുടങ്ങി അരുന്ധതി റോയിയും കെ.ആര്‍ മീരയും ആ ലിസ്റ്റ് ഒരുപാട് നീളുന്നു.
ലളിതാംബിക അന്തര്‍ജ്ജനം തന്റെ ഭൂതകാലാനുഭവങ്ങളിലേക്ക് നോക്കി പറഞ്ഞ ഈ വരികള്‍ക്ക് ഇപ്പോഴും ജീവനുണ്ട്'' ഗാര്‍ഹികവും സാമൂഹികവും സാഹിത്യപരവുമായ കര്‍ത്തവ്യങ്ങളെ ഒരേ സമയത്ത് ചെയ്ത് തീര്‍ക്കണമെന്ന് അവള്‍ വാശിപിടിച്ചു. എല്ലാം അവളുടെ ജീവിതത്തിന്റെ ഭാഗങ്ങളായിരുന്നു. ഒന്നിനെയും നിരസിക്കുക വയ്യ. ഫലം എല്ലാം അപൂര്‍ണ്ണം''
അക്ഷരങ്ങളെ, വാക്കുകളെത്തേടിയുള്ള യാത്ര, സത്യത്തില്‍ അതൊരു കത്തിജ്വലിക്കുന്ന പ്രണയാനുഭവമാണ്. പ്രണയത്തെ തേടിയുള്ള അവിരാമമായ യാത്രയും നീണ്ട കാത്തിരിപ്പുമാണ്. കൂടിച്ചേരലിന്റെ ആഹ്ലാദവും, വേര്‍പിരിയലിന്റെ ദുഃഖസാന്ദ്രമായ സ്മൃതികളും തീര്‍ച്ചയായും അതിലുണ്ടാകുമെന്നുറപ്പുള്ള മനോഹരമായ ഒരു യാത്ര.