ഗഗനചാരി: അന്യഗ്രഹജീവികളും പ്രണയത്തിന്റെ അസ്‌കിതയും

'ഡിസ്റ്റോപ്പിയന്‍ മോക്യുമെന്ററി ' എന്ന വിഭാഗത്തില്‍ പെടുത്താവുന്ന തരത്തില്‍, സാങ്കല്‍പികമായ ഒരിടത്ത് പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങളുടെ ഒരു ഡോക്യുമെന്ററി ഷൂട്ടിംഗിനിടയിലെ സംഭാഷണങ്ങളിലൂടെയാണ് സിനിമ വികസിക്കുന്നത്.

Update: 2024-07-10 15:29 GMT
Advertising

' ഹേ ചെക്കാ, നിന്റെ ചാട്ടം എങ്ങോട്ടാണെന്ന് എനിക്ക് മനസ്സിലായി ' എന്ന് ഒരു അന്യഗ്രഹ ജീവി സംസാരിക്കുക, നിന്റെ ബഹുമാനം തീരെ കുറഞ്ഞു പോയി എന്ന് പറയുമ്പോള്‍ രാഘവന്‍ എന്ന് പേരിട്ട എ .ഐ അസിസ്റ്റന്റ് ഓ, മ്പ്രാ..... എന്ന് ബഹുമാനത്തിന്റെ അളവ് എഴുപത്തഞ്ച് ശതമാനം ആക്കി വര്‍ധിപ്പിക്കുക... മലയാള സിനിമയില്‍ നമ്മള്‍ ഇതുവരെ പരിചയിക്കാത്തൊരു കഥയും ഡയലോഗുകളും ഴോണറുമാണ് അരുണ്‍ ചന്ദു 'ഗഗനചാരി' എന്ന സിനിമയില്‍ അവതരിപ്പിക്കുന്നത്.

സയന്‍സ് ഫിക്ഷന്‍ മൂവി എന്ന് കേട്ടതു കൊണ്ട് ടീനേജുകാരനായ മകനെയും കൂട്ടിയാണ് സിനിമയ്ക്ക് പോയത്. അവഞ്ചേഴ്‌സും ഗോഡ്‌സിലയും അവതാറുമൊക്കെ ഇഷ്ടപ്പെടുന്ന അവന് സിനിമയുടെ വൈബ് അത്രയ്ക്ക് ഇഷ്ടമായില്ല. ഭൂരിഭാഗം ട്വന്റി കിഡ്‌സിനും ഇല്ലാത്ത ചില മുന്‍കാല സിനിമ - കാഴ്ചാനുഭവങ്ങളാണ് അതിനു കാരണമായി എനിക്ക് തോന്നിയത്. മമ്മൂട്ടിയും മോഹന്‍ലാലും മുതല്‍ മലയാള സിനിമയിലെ പ്രധാന നായക കഥാപാത്രങ്ങള്‍ എല്ലാവരും തന്നെ ചെയ്തിരിക്കുന്ന സകലകലാവല്ലഭനായ ഒരു കഥാപാത്രത്തെയാണ് ഗണേഷ് കുമാര്‍ ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്. ചന്ദ്രനില്‍ പോകാന്‍ ആഗ്രഹിക്കുകയും ചന്ദ്രനിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്ത് കാത്തിരിക്കുകയും ചെയ്യുന്ന അദ്ദേഹം, ഭൂമിയെ ആക്രമിക്കാന്‍ എത്തിച്ചേര്‍ന്നിരിക്കുന്ന അന്യഗ്രഹ ജീവികളില്‍ നിന്നും സംരക്ഷണം തേടി ഒരു ബങ്കറിനുള്ളില്‍ അഭയം തേടിയിരിക്കുന്നയാളാണ്. ഈ കഥാപാത്രം ഒരു വലിയ ചിത്രകാരന്‍ കൂടിയാണ്. നവതലമുറ സിനിമകളില്‍ ഇത്തരം എല്ലാ തികഞ്ഞവരെ കാണാന്‍ പ്രയാസമാണ്. ഗണേഷ് കുമാറിന്റെ വിക്ടര്‍ എന്ന കഥാപാത്രത്തിന് നേര്‍വിപരീതമാണ് അജുവര്‍ഗീസിന്റെ വൈഭവും ഗോകുല്‍ സുരേഷിന്റെ അലനും. സിദ്ദിക്ക് - ലാല്‍ സിനിമകളിലെ ബാച്ചിലര്‍ കൂട്ടുകാരെയും അവര്‍ ഒപ്പിക്കുന്ന വിഡ്ഢിത്തങ്ങളെയും ഓര്‍മിപ്പിക്കുന്ന ധാരാളം രംഗങ്ങള്‍ ഈ സിനിമയിലുണ്ട്. 'ഡിസ്റ്റോപ്പിയന്‍ മോക്യുമെന്ററി ' എന്ന വിഭാഗത്തില്‍ പെടുത്താവുന്ന തരത്തില്‍, സാങ്കല്‍പികമായ ഒരിടത്ത് പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങളുടെ ഒരു ഡോക്യുമെന്ററി ഷൂട്ടിംഗിനിടയിലെ സംഭാഷണങ്ങളിലൂടെയാണ് സിനിമ വികസിക്കുന്നത്. 


2040 ലാണ് കഥ നടക്കുന്നത്. ചന്ദ്രനിലേക്ക് പോകുന്നതൊക്കെ വളരെ സാധാരണമായി നടക്കുന്നൊരു കാലമാണ്. പക്ഷേ, പെട്രോളൊക്കെ കരിഞ്ചന്തയില്‍ മാത്രമേ കിട്ടുകയുള്ളൂ. പെട്രോളിന് വേണ്ടി തെരുവുകളില്‍ യുദ്ധം തന്നെ നടക്കുന്നു. ഇലക്ട്രിക് വാഹനങ്ങള്‍ ആണ് തെരുവിലെമ്പാടും. അങ്ങനെ ഇടയ്ക്കിടെ വെള്ളം പൊങ്ങിയും താണും കേരളം ഒരു വെള്ളപ്പൊക്ക ബാധിത പ്രദേശമായി മാറിയപ്പോഴാണ് ഏതോ അന്യഗ്രഹത്തില്‍ നിന്നും ഒരു പേടകം സ്ഥിരമായി ആകാശത്ത് താവളം ഉറപ്പിക്കുന്നത്. ഈ അന്യഗ്രഹ ജീവികളുടെ ആക്രമണത്തില്‍ ആളുകള്‍ കൊല്ലപ്പെടുമ്പോള്‍ അന്യഗ്രഹ ജീവികളെ കണ്ടെത്താനും നശിപ്പിക്കാനുമായി അജയ്യ സേനയും ജനത പൊലീസും കര്‍മ്മോത്സുകരായി രാവും പകലും പ്രവര്‍ത്തിക്കുന്നതും കാണാം. ജനത പൊലീസിന്റെ കൈയില്‍ എല്ലാ വീടുകളുടെയും സ്‌പെയര്‍ കീ ഉണ്ട്. എപ്പോള്‍ വേണമെങ്കിലും ഏതു വീട്ടിലും കയറി വന്ന് പരിശോധിക്കും. പോയിന്റ്സ് വഴി കൈക്കൂലി കിട്ടിയെങ്കിലേ ആര്‍ക്കെങ്കിലും കുറച്ച് ഇളവുള്ളു.

വിക്ടര്‍, ചന്ദ്രനിലേക്കുള്ള യാത്ര പ്രതീക്ഷിച്ചു കഴിയുകയാണ്. അദ്ദേഹത്തിന് സഹായികളായി കൂടെ താമസിക്കുന്ന വൈഭവിനും അലനും വേറെ പ്രത്യേകിച്ച് ജോലിയൊന്നുമില്ല. സ്ത്രീ വിഷയത്തില്‍ കമ്പക്കാരനായ വൈഭവിന്റെ കൂടെയാണ് അന്യഗ്രഹജീവിയായ കഥാപാത്രം അവിടേക്ക് എത്തുന്നത്. ഗോകുല്‍ സുരേഷ് ഒരു സിനിമാ ഭ്രാന്തനായും ലോലഹൃദയനായും തകര്‍ത്തഭിനയിക്കുന്നുണ്ട്. പല പഴയ സിനിമകളുടെയും പോസ്റ്റര്‍ അലന്‍ സൂക്ഷിക്കുന്നുണ്ട്. പൂര്‍വികരുടെ കാലത്ത് പുരുഷന്മാരുടെ ഉറക്കം കെടുത്തിയിരുന്നത് ലിസ എന്ന സ്ത്രീയാണെന്ന് ആ സിനിമയുടെ പോസ്റ്റര്‍ കാണിച്ചുതന്ന് അലന്‍ ആവേശം കൊള്ളുന്നുണ്ട്. 


മിത്തുകള്‍ ഭരിക്കുന്ന ഒരു ലോകത്ത് ജീവിക്കുന്ന ഏത് തലമുറയെയും ഇനി പ്രചോദിപ്പിക്കാനുള്ളത് യക്ഷിയോ ഗന്ധര്‍വനോ അല്ല, ഒരു അന്യഗ്രഹ ജീവിയായിരിക്കും എന്ന് അനാര്‍ക്കലി മരിക്കാര്‍ അവതരിപ്പിക്കുന്ന ഏലിയന്റെ വരവോടെ ഊഹിക്കാന്‍ സാധിക്കും. മല്ലിക സുകുമാരന്റേതു പോലുള്ള സ്വരത്തിലൂടെ ഏലിയാമ്മ എന്ന് അലന്‍ വിളിക്കുന്ന ഏലിയന്‍ നമ്മളെ തുടരെ തുടരെ ചിരിപ്പിക്കുന്നുണ്ട്. ഏലിയനെ ഭൂമിയില്‍ നിന്നും പുറത്താക്കാനുള്ള മന്ത്ര തന്ത്രാദികള്‍ മന്ത്രവാദ സിനിമകളെ അനുകരിച്ച് ഹാസ്യം ഉണര്‍ത്തുന്നുണ്ട്. പ്രേത സിനിമകളില്‍ കരിമ്പൂച്ച ഒരു നിത്യ സാന്നിധ്യം ആണെങ്കില്‍ നമ്മുടെ ഏലിയന്റെ ലോകത്തും പൂച്ച ചെറുതല്ലാത്ത ഒരു റോളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. നിയമവും നീതിയും പ്രണയവും വിശ്വാസവും പുതിയ അളവുകോലുകള്‍ക്കുള്ളില്‍ ആകുമ്പോള്‍ ഏലിയന്റെ ഭാഷയില്‍ പറഞ്ഞാല്‍ മനുഷ്യരെല്ലാവരും തീരെ ചെറിയ ചെക്കന്മാര് തന്നെയാണ്. പി.കെയിലെ ഏലിയന്റെ കൈയിലുള്ളതു പോലെ ഒരു ട്രാന്‍സിസ്റ്റര്‍ ഈ സിനിമയിലെ ഏലിയന്റെ കൈയില്‍ കണ്ടത് യാദൃച്ഛികമല്ലെന്നു തോന്നുന്നു.

മിത്തും രാഷ്ട്രീയവും സയന്‍സും പരിസ്ഥിതി പ്രശ്‌നങ്ങളും അര്‍ബന്‍ ലൈഫും പല തലത്തില്‍ കടന്നു വരുന്ന ഒരു സിനിമ എന്ന രീതിയില്‍ പല പൂര്‍വ്വകാല സിനിമകളുടെയും കഥകളുടെ മിമിക്രിയോ ട്രോളോ ആയി പല സീനുകളെയും കൂട്ടിയിണക്കി അവതരിപ്പിച്ചിരിക്കുന്നതിനാല്‍ ഒരു സാധാരണ പ്രേക്ഷകന് ഇതെത്രത്തോളം ദഹിക്കുമെന്ന് സംശയമുണ്ട്. കൃഷ്‌ണേന്ദു കലേഷിന്റെ പ്രാപ്പട എന്ന സിനിമയുടെ മേക്കിങ്ങുമായി ചെറുതല്ലാത്തൊരു സാമ്യവും തോന്നി. ഭൂതകാലത്തെ ചെറിയ സ്‌ക്രീനിലും വര്‍ത്തമാനകാലത്തെ വലിയ സ്‌ക്രീനിലും അവതരിപ്പിച്ചതും ചിത്രങ്ങളെയും പ്രകാശത്തെയും കഥാപാത്രങ്ങളുടെ മാനസികാവസ്ഥയ്ക്ക് അനുസരിച്ച് ഇടയ്ക്കിടെ അവതരിപ്പിച്ചതും ഓരോ കഥാപാത്രങ്ങളുടെയും ഏണിപ്പടികളിലൂടെയുള്ള കയറ്റവും ഇറക്കവും എല്ലാം സിനിമയുടെ ക്രമാനുഗതമായ വളര്‍ച്ചയ്ക്ക് സഹായകമായിട്ടുണ്ട്.

അരുണ്‍ ചന്ദുവും ശിവസായിയും ചേര്‍ന്നെഴുതിയ തിരക്കഥയില്‍ പിറന്ന സിനിമ അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ ശ്രദ്ധ നേടിയതാണ്. കോവിഡ് കാലത്തെ കുറഞ്ഞ സൗകര്യങ്ങളില്‍ പൂര്‍ത്തിയാക്കിയ സിനിമ എന്ന നിലയില്‍ അഭിനന്ദനം അര്‍ഹിക്കുന്നു.



Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - വി.കെ ഷാഹിന

Writer

Similar News

കടല്‍ | Short Story