സിന്‍: സാര്‍വലൗകികതയെ അടയാളപ്പെടുത്തുന്ന നോവല്‍

ഹരിതാ സാവിത്രിയുടെ സിന്‍ എന്ന നോവല്‍ ഓര്‍മിപ്പിക്കുന്നതും ഈ സര്‍വത്രിക സത്യമാണ്. ഉത്തരേന്ത്യക്കും ഗള്‍ഫ് നാടുകള്‍ക്കുമപ്പുറം അധികം സഞ്ചരിക്കാത്ത മലയാള സാഹിത്യത്തെ മലയാളിക്ക് അപരിചിതമായ സംഘര്‍ഷങ്ങളുടെ ടര്‍ക്കിഷ് മേഖലയിലേക്ക് പറിച്ചു നടുകയാണ് എഴുത്തുകാരി. | 2023 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ ഹരിത സാവിത്രിയുടെ 'സിന്‍' നോവല്‍ വായന.

Update: 2024-07-27 06:51 GMT
Advertising

'ആകാശത്തേക്ക് നീണ്ടുനില്‍ക്കുന്ന ഇലവുമരത്തിന്റെ സൂചിത്തലപ്പില്‍നിന്നു കായകള്‍ പൊട്ടിച്ചിതറി വീണുതുടങ്ങി. മേഘം അടര്‍ന്നുവീണതുപോലെ പഞ്ഞിത്തുണ്ടുകള്‍ താഴേക്കു പറന്നുവന്നു. നിമിഷനേരത്തിനുള്ളില്‍ ഒരു കരിമ്പടത്തെക്കാള്‍ കനത്തില്‍ അത് സീതയെ പൊതിഞ്ഞു. ശ്വാസംമുട്ടിക്കുന്ന ആ ആവരണത്തില്‍നിന്നു രക്ഷപ്പെടാനായി അവള്‍ കൈകള്‍ ആഞ്ഞുകുടഞ്ഞുകൊണ്ട് കുതറി. പഞ്ഞിയുടെ വെളുത്ത സുതാര്യമായ ശകലങ്ങള്‍ മൂളിപ്പറക്കുന്ന കാറ്റില്‍ തലയ്ക്കു മീതെ വീണ്ടും കുന്നുപോലെ പറന്നു കൂടിക്കൊണ്ടേയിരുന്നു. മൃദുവായ ആഴത്തിലേക്ക് ആരോ വലിച്ചെടുക്കുന്നതുപോലെ സീത പതിയെ മുങ്ങിത്താണു. ശ്വാസംമുട്ടുന്നു. കൈകാലുകള്‍ ആഞ്ഞടിച്ചുകൊണ്ട് അല്‍പം വായുവിനായി അവള്‍ തല നീട്ടിപ്പിടഞ്ഞു. പക്ഷേ, പുറത്തുചാടാന്‍ ശ്രമിക്കുംതോറും തൂവലുകള്‍ കണക്കെ തലയ്ക്കു മീതെ പൊഴിഞ്ഞുകൂടിയ പഞ്ഞിക്കഷണങ്ങള്‍ അവളെ അടിത്തട്ടു കാണാനാവാത്ത അഗാധതയിലേക്ക് അമര്‍ത്തിയാഴ്ത്തി' - സിന്‍³: മനുഷ്യാവസ്ഥയ്ക്ക് കാലദേശാതിര്‍ത്തികള്‍ക്കപ്പുറമുള്ള സാര്‍വലൗകികതയെ ഓര്‍മിപ്പിക്കുന്ന നോവല്‍

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണത്തെ വായന തരക്കേടില്ലാത്ത തരത്തില്‍ പുരോഗമിക്കുന്നുണ്ടെങ്കിലും കൂടുതലായും വായനയില്‍ വന്നിരുന്നത് ഫേസ് ബുക്ക് സുഹൃത്തുക്കളുടെ കഥാ സമാഹാരങ്ങളും ഓര്‍മ അനുഭവങ്ങളുമൊക്കെയാണ്. ഒന്നുകില്‍ അവര്‍ സ്‌നേഹം കൊണ്ട് അയച്ചു തരുന്നതോ അല്ലങ്കില്‍ സ്‌നേഹം കൊണ്ട് നമ്മള്‍ ചോദിച്ച് വാങ്ങുന്നതോ ഒക്കെ. കയ്യിലെത്തിയതിന്റെ ഓര്‍ഡറനുസരിച്ച് വായിച്ചു തീര്‍ക്കാന്‍ ഇനിയും പുസ്തകങ്ങള്‍ കാത്തിരിക്കുമ്പോഴാണ് ഫേസ്ബുക്കിലും നേരിട്ടും ഫ്രണ്ടല്ലാത്ത, മുന്‍പ് കാര്യമായി കേട്ടു പരിചയമില്ലാത്ത ഹരിത സാവിത്രിയുടെ 'സിന്‍' എന്ന പുസ്തകം കയ്യിലെത്തുന്നത് (പുസ്തകം വായിച്ചതിന് ശേഷം എഴുത്തുക്കാരിയെ നേരിട്ട് പോയി കണ്ടു, പരിചയപ്പെട്ടു )

'' ആനുകാലികങ്ങളിലൊക്കെ നല്ല ക്ലാസ് എഴുത്തുകള്‍ എഴുതാറുള്ള ആളാണ് ഹരിത സാവിത്രി. ആ ഒരിഷ്ട്ടം കൊണ്ട് കണ്ടപ്പോള്‍ വാങ്ങിച്ചതാണ്. ഉള്ളിലെന്താണന്ന് വലിയ ധാരണയൊന്നുമില്ല , സുധീര്‍ വായിച്ചു നോക്ക് '' എന്നും പറഞ്ഞ് പഴയ മുതലാളി റെഷിക്ക തന്നതാണ് ഈ പുസ്തകം. നാന്നൂറ്റമ്പത് രൂപയൊക്കെ ചിലവാക്കി നമ്മക്കൊരാള് സമ്മാനം തരുമ്പൊ അത് വെറുതെ കൊണ്ടുപോയി ഷെല്‍ഫില്‍ വെക്കുന്നത് അയാളോട് ചെയ്യുന്ന ചതിയാണല്ലോ എന്നാലോചിച്ചപ്പൊ പിന്നേക്ക് വെക്കാതെ കിട്ടിയ അന്ന് തന്നെ വായിച്ചു തുടങ്ങി.

എന്‍.എസ് മാധവന്റെ ഒന്നാന്തരം അവതാരികയും ഒരു കഥപോലെ മനോഹരമായ എഴുത്തുകാരിയുടെ ആമുഖ കുറിപ്പും വായിച്ചു കഴിഞ്ഞതോടെ ഉള്ളിലെന്തായിരിക്കും എന്നറിയാനുള്ള ആകാംക്ഷയില്‍ വായനയെ മുന്നോട്ടു കൊണ്ടുപ്പോയി. ഒറ്റയിരിപ്പിന് വായിച്ചു തീര്‍ക്കാനാവാത്ത സമയക്കുറവും സ്മാര്‍ട്ട്‌ഫോണ്‍ യുഗത്തിലെ തടസങ്ങളും ഉണ്ടായിട്ടും പകലും രാത്രിയുമായി നാല്‍പ്പത്തെട്ടു മണിക്കൂറിനുള്ളില്‍ അവസാന പേജും വായിച്ചു തീര്‍ത്തു.

ഇറാഖ് ടര്‍ക്കി, സിറിയ, അല്‍മേനിയ എന്നീ രാജ്യങ്ങളില്‍ താമസിക്കുന്ന ഇസ്‌ലാം മത വിശ്വാസികളായ കുര്‍ദ് വംശജരെപ്പറ്റിയും കുര്‍ദുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ടര്‍ക്കിയില്‍ അവര്‍ക്ക് നേരിടേണ്ടി വന്ന മനുഷ്യാവകാശ ലംഘനങ്ങളെയും തുറന്നു കാണിക്കുന്ന ചരിത്ര പ്രധാനമായ ഒരു പുസ്തകമാണ് സിന്‍.

സിന്‍ വെറുമൊരു നോവലല്ല. ലോകത്തിന്റെ നാനാഭാഗത്തുമുള്ള ന്യൂനപക്ഷത്തിന്റെ ജീവിതമാണ്, അവരോട് ഭൂരിപക്ഷക്കാരായ ഭരണകൂടങ്ങള്‍ കാണിച്ചു കൂട്ടുന്ന നെറികേടുകളുടെ നേര്‍ കാഴ്ച്ചകളാണ്. നമ്മളിപ്പോള്‍ ജീവിച്ചു കൊണ്ടിരിക്കുന്ന ജീവിതം അതി സുന്ദരമായതാണ് എന്ന് തിരിച്ചറിയാതെ, അപരന്റെ സന്തോഷത്തിനേയും സമ്പത്തിനേയും തന്റേതുമായി താരതമ്യം ചെയ്ത് അര്‍ഥമില്ലാതെ മനസു വിഷമിച്ചിരിക്കുന്ന സകലമാന മനുഷ്യരും വായിച്ചിരിക്കേണ്ട പുസ്തകമാണിത്.

സ്‌പെയിനിലെ ബാഴ്‌സലോണയിലെ ഗവേഷണ വിദ്യാര്‍ഥിയായ സീതാ എന്ന മലയാളിപ്പെണ്‍ക്കുട്ടി തന്റെ കാമുകനായ ദേവ്‌റാനെ അന്വേഷിച്ച് ടര്‍ക്കിയിലേക്ക് വരുന്നത് മുതലാണ് പുസ്തകത്തിലെ കഥ തുടങ്ങുന്നതെങ്കില്‍ ചരിത്രത്തിലെ കഥ തുടങ്ങുന്നത് അതിനേക്കാള്‍ എത്രയോ മുന്‍പാണ് എന്നാണ് എഴുത്തുക്കാരി സാക്ഷ്യപ്പെടുത്തുന്നത്.

ഗര്‍ഭിണിയായ സീത തെരഞ്ഞുവരുന്ന ദേവ്‌റാന്‍ ഒരു കുര്‍ദ് പൗരനാണ് എന്നതും ടര്‍ക്കി ഭരണകൂടം ന്യൂനപക്ഷങ്ങളുടെ മേല്‍ നടത്തുന്ന ആക്രമണങ്ങളെ പ്രതിരോധിക്കുന്ന കുര്‍ദ് പോരാളികളുടെ കൂടെയാണ് അയാളുടെ യാത്രയെന്നതുമാണ് കഥയെ അവസാനം വരെ സങ്കീര്‍ണ്ണമാക്കുന്നത്. കുര്‍ദ് നാട്ടുഭാഷയില്‍ ജീനി എന്നര്‍ഥം വരുന്ന സിന്‍ എന്നതിന്റെ ഇംഗ്ലീഷ് മീനിങ്ങ് തെറ്റ് എന്നതാണെന്നാണ് അസ്‌ലമോള് പറഞ്ഞു തന്നത്. അതെന്തായാലും, ഒരു ത്രില്ലര്‍ സിനിമയെ പോലെ പലതരത്തിലൂള്ള രംഗങ്ങളിലൂടെ കടന്നുപോകുന്ന ഒരസാധാരണമായ കഥയാണ് സിന്‍.

കുടിയേറ്റക്കാരെന്ന പേരില്‍ നിസ്സഹായരായ മനുഷ്യ ജീവിതങ്ങളെ വേട്ടയാടുന്ന പൊലീസും ഭരണകൂടവും ഒരു ഭാഗത്തും ഈ ലോകം അത്ര മോശമൊന്നുമല്ല ആരും ആരേക്കാളും താഴെയല്ല എന്ന് കരുതുന്ന, ഈ ഭൂമിക്ക് എല്ലാവരും തുല്യ അവകാശികളാണ് എന്ന വിശ്വാസത്തില്‍ സഹജീവികള്‍ക്ക് പരിഗണന നല്‍കുന്ന, അവരെ കൂടെ കൂട്ടുന്ന എണ്ണത്തില്‍ കുറഞ്ഞ മനുഷ്യര്‍ മറ്റൊരു ഭാഗത്തും. രണ്ട് കൂട്ടര്‍ക്കുമിടയില്‍ ജീവന്‍ കയ്യില്‍ പിടിച്ചുകൊണ്ട് പരക്കം പായുന്ന ഇരകളാക്കപ്പെടുന്ന വേറൊരു കൂട്ടരും.

കഥയിലെ നായികയായ സീതയെപ്പോലെ എഴുത്തുക്കാരിയായ ഹരിതയും സ്‌പെയിനിലെ ഗവേഷണ വിദ്യാര്‍ഥിയാണ് എന്നാണ് മനസ്സിലാക്കുന്നത്. സ്‌പെയിനിലെ പഠനകാലത്തിനിടയ്ക്ക് ലോകത്തെ ഏറ്റവും രക്തരൂക്ഷിതമായ യുദ്ധം നടക്കുന്ന കുര്‍ദ് മേഖലയിലേക്ക് ഹരിത നടത്തുന്ന സാഹസികമായ യാത്രയില്‍ നിന്നാണ് ഈ നോവല്‍ പിറവികൊള്ളുന്നത്.

ആ യാത്രക്കിടയില്‍ തിമൂറും മുസ്തഫയും, സ്വര്യയും, അക്ബറും അയ്‌റിനും പേരോര്‍മയില്ലാത്ത മനുഷ്യരെല്ലാവരും മറ്റൊരു പേരില്‍ മറ്റൊരു രൂപത്തില്‍ ഹരിതയെ തൊട്ടുപോയവരായിരിക്കാം. താന്‍ കണ്ട കാഴ്ചകളെ, കണ്ടുമുട്ടിയ മനുഷ്യരെ, അനുഭവിച്ചറിഞ്ഞ രുചികളെ, ഭൂപ്രകൃതികളെ, രക്തം മണക്കുന്ന സത്യങ്ങളെ ലോകത്തിനു മുന്നില്‍ തുറന്നുക്കാണിക്കാന്‍ നിമിത്തമായി നീളന്‍ മുടിയുള്ള സീതാ എന്ന മലയാളി പെണ്‍കുട്ടിയെ തൂലികയില്‍ ചേര്‍ത്തുകൊണ്ട് തികച്ചും വ്യത്യസ്തമായ ഒരു വായനാനുഭവം പകര്‍ന്നു തരുകയാണ് എഴുത്തുകാരി.

അവതാരികയില്‍ എന്‍.എസ് മാധവന്‍ പറയുന്നത് പോലെ, മലയാള സാഹിത്യം അപരിചിതമായ നാടുകളിലേക്ക് അപൂര്‍വമായേ സഞ്ചരിച്ചിട്ടുള്ളൂ. അതില്‍ കുറ്റം പറയാന്‍ ഒന്നുമില്ല, ഏറ്റവും പരിചിതമായ ഇടങ്ങളില്‍ നിന്നാണ് സാധാരണ ആത്മാവിഷ്‌കാരത്തിന്റെ നാമ്പുകള്‍ പൊട്ടിമുളയ്ക്കുക. അതിനോടൊപ്പം തന്നെ സ്ഥലകാലങ്ങളുടെ അതിര്‍വരമ്പുകള്‍ക്കപ്പുറം മനുഷ്യാവസ്ഥക്ക് ഒരു സര്‍വലൗകികഭാവമുണ്ടന്നും നമ്മെ ഓര്‍മിപ്പിക്കുന്നതും സാഹിത്യം തന്നെയാണ്. എഴുത്തച്ചനും ഷേക്‌സ്പിയറും നമ്മുടെ പുസ്തക ഷെല്‍ഫുകളില്‍ സ്‌നേഹപൂര്‍വം സഹവസിക്കുന്നതിന്റെ രഹസ്യം ഇതു തന്നെയാണ്. മനുഷ്യ ജീവിതങ്ങള്‍ എല്ലായിടത്തും എല്ലാ കാലത്തും അഭിന്നമ്മാണ്.

'സിന്‍' വെറുമൊരു നോവലല്ല. ലോകത്തിന്റെ നാനാഭാഗത്തുമുള്ള ന്യൂനപക്ഷത്തിന്റെ ജീവിതമാണ്, അവരോട് ഭൂരിപക്ഷക്കാരായ ഭരണകൂടങ്ങള്‍ കാണിച്ചു കൂട്ടുന്ന നെറികേടുകളുടെ നേര്‍ക്കാഴ്ച്ചകളാണ്. നമ്മളിപ്പോള്‍ ജീവിച്ചു കൊണ്ടിരിക്കുന്ന ജീവിതം അതി സുന്ദരമായതാണ് എന്ന് തിരിച്ചറിയാതെ, അപരന്റെ സന്തോഷത്തിനേയും സമ്പത്തിനേയും തന്റേതുമായി താരതമ്യം ചെയ്ത് അര്‍ഥമില്ലാതെ മനസു വിഷമിച്ചിരിക്കുന്ന സകലമാന മനുഷ്യരും വായിച്ചിരിക്കേണ്ട പുസ്തകമാണിത്.

ഹരിതാ സാവിത്രിയുടെ സിന്‍ എന്ന നോവല്‍ ഓര്‍മിപ്പിക്കുന്നതും ഈ സര്‍വത്രിക സത്യമാണ്. ഉത്തരേന്ത്യക്കും ഗള്‍ഫ് നാടുകള്‍ക്കുമപ്പുറം അധികം സഞ്ചരിക്കാത്ത മലയാള സാഹിത്യത്തെ മലയാളിക്ക് അപരിചിതമായ സംഘര്‍ഷങ്ങളുടെ ടര്‍ക്കിഷ് മേഖലയിലേക്ക് പറിച്ചു നടുകയാണ് എഴുത്തുകാരി.

കുര്‍ദ് എന്നും ടര്‍ക്കി എന്നും അടയാളപ്പെടുത്തി ഇതില്‍ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും ലോകത്ത് പലയിടത്തും പല പേരുകളിലും സംഭവിച്ചു കൊണ്ടിരിക്കുന്നതാണ്, ജനാധിപത്യ ഇന്ത്യയിലെ സമകാലിക സംഭവങ്ങളുടെ വെളിച്ചത്തില്‍ നോക്കിയാല്‍ നാളെ ഇന്ത്യയിലും സംഭവിച്ചേക്കാവുന്നതുമാണ്. അല്ലങ്കില്‍ സംഭവിക്കുന്നുണ്ടായിരിക്കാം. രൂപം കൊണ്ടും മതം കൊണ്ടും ചുറ്റുമുള്ളവരാല്‍ അകറ്റി നിറുത്തപ്പെടുന്നവര്‍ എല്ലാക്കാലങ്ങളിലും എല്ലായിടത്തുമുണ്ട്. നോവലില്‍ അത് കുര്‍ദുകളാണങ്കില്‍ മറ്റൊരിടത്ത് മുസ്‌ലിംകളോ, ദലിതരോ ആദിവാസികളോ ന്യൂനപക്ഷങ്ങളില്‍ ആരുമേ ആവാം. വോട്ടുപ്പെട്ടികള്‍ നിറച്ച് ഭരണം നിലനിര്‍ത്തേണ്ട സര്‍ക്കാരുകള്‍ക്ക് ഇങ്ങനെ ചിലരുണ്ടാവേണ്ടത് അത്യാവശ്യമാണ്. അവരെ ഭുരിപക്ഷത്തിന്റെ ആവശ്യം പോലെ ഉപയോഗിക്കാം. മാനത്തിനും ജീവനും വേണ്ടിയുള്ള അവരുടെ പരക്കം പാച്ചിലുകളാണ് ഭരണകക്ഷികള്‍ക്ക് തുടരാനുള്ള ഊര്‍ജമാവുന്നത്. സിന്‍ ഒരു അനുഭവമാണ്, വ്യത്യസ്തമായ ജീവിതങ്ങളുടെ നേര്‍ക്കാഴ്ച്ചകള്‍ പകര്‍ത്തി വെച്ച സിന്‍ ഒരു അത്ഭുതവുമാണ്.

നന്ദി, മലയാള സാഹിത്യത്തിന് പരിചിതമല്ലാത്ത ജീവിത കാഴ്ച്ചകളെ പകര്‍ത്തി വെച്ചതിന്, വ്യത്യസ്തമായ ഭൂപ്രകൃതിയിലെ മനുഷ്യ ജീവിതങ്ങളെ പരിചയപ്പെടുത്തിയതിന്. സീതയേയും തിമൂറിനേയും, മുസ്തഫയേയും, അര്‍മാനേയും ഗുല്ലിനേയുമൊക്കെ പ്രിയപ്പെട്ടവരാക്കിയതിന്. ചിച്ച്ക്ക എന്ന ഗ്രാമിണ സൗന്ദര്യവും കൊതിയൂറുന്ന രുചിക്കൂട്ടുകളും പരിചയപ്പെടുത്തിയതിന്. ദവ്‌റാന്റെ റോജ എന്ന നായയെ വരച്ചു കാണിച്ചതിന്.  

തിമൂര്‍ - '' സീതയെ ഈ അവസ്ഥയില്‍ ഉപേക്ഷിച്ചാല്‍ എന്റെ ഭാവി ചിലപ്പോള്‍ സുരക്ഷിതമായേക്കും, പക്ഷേ പിന്നീട് ഞാനെങ്ങനെ സമാധാനമായി ഉറങ്ങും സ്വപ്നം കാണും ചിരിക്കും '' എന്ന് പറഞ്ഞ് സീതയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ വേണ്ടി മാത്രം സ്വന്തം ജീവന്‍ ബലികൊടുത്ത തിമൂറിനെ പ്രത്യേകമായി ഓര്‍ക്കുന്നു സ്‌നേഹപ്പെടുന്നു. തിമൂറിനെ കൊന്നുകളഞ്ഞ എഴുത്തുകാരിയോട് വെറുതെ പിണങ്ങുന്നു. കഥയില്‍ പറയുന്നത് പോലെ ഈ ലോകമെങ്ങും ശാന്തിയുണ്ടാവാന്‍ ആഗ്രഹിക്കുന്നു.


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - സുധീര്‍ പെരുമ്പിലാവ്

Writer

Similar News

കടല്‍ | Short Story