പാരനോര്‍മല്‍ ചിന്തകളിലേക്ക് നയിക്കുന്ന ഇരട്ട

മറ്റുള്ളവരുടെ കുറ്റങ്ങളുടെ ശിക്ഷ ഒരു തെളിയിക്കപ്പെടലിനും സാധ്യത ഇല്ലാതെ വിധി ആയി നമ്മളെ പിന്തുടരും എന്ന ഒരു മനുഷ്യ നിയന്ത്രണ സാധ്യത ഇല്ലാത്ത ഇടത്തേക്ക് ഈ സിനിമ നമ്മെ കൊണ്ടെത്തിക്കും. ചില മനുഷ്യര്‍, നമ്മുടെ വിധി ആയി നമ്മുടെ കൂടെ തന്നെ ഉണ്ടാകും എന്ന തടുക്കാന്‍ പറ്റാത്ത വിധി നിര്‍മിച്ചു വിടുന്ന ഈ സിനിമ ഉണ്ടാക്കുന്ന അലോസരം ചെറുതൊന്നുമല്ല. സ്വപ്‌നത്തില്‍ നിന്നൂ ഞെട്ടി എഴുന്നേല്‍ക്കുന്നത് പോലെ ഈ സിനിമയും നമുക്കിട്ട് ഒരു തട്ട് തട്ടും.

Update: 2023-03-04 15:22 GMT

മനുഷ്യരുടെ പ്ലോട്ടുകളിലൂടെ വികസിച്ച്, മനുഷ്യരിലേക്കും അപ്പുറത്തേക്ക് എത്തപ്പെടുമ്പോള്‍ ആ സിനിമ പല തരത്തിലും ഞെട്ടിക്കും. അത്തരത്തില്‍ മനുഷ്യരുടെ കുറ്റവാളിത്തങ്ങള്‍ മറ്റ് മനുഷ്യരുടെ വിധി ആയി മാറുന്ന കാഴ്ച ഒരുക്കിയ ഒരു സിനിമയാണ് ഇരട്ട. കുറ്റം, കുറ്റാന്വേഷണം എന്നതിനപ്പുറം കുറ്റം എന്ന കൃത്യത്തെ വിധിയുമായി കൂട്ടുപിണക്കി മനുഷ്യരെ സംഘര്‍ഷപ്പെടുത്തി ഒരു ഉത്തരം കൊടുക്കാതെ പോകുന്ന, 'അവസാനിക്കാത്ത' ഈ സിനിമ അവസാനിക്കുമ്പോഴാണ് ഒരു പക്ഷേ കാണികളിലെ സംഘര്‍ഷം ആരംഭിക്കുന്നത്. സിനിമക്കുള്ളിലെ മനുഷ്യര്‍, അവര്‍ പൊലീസിങ്ങിലും ഭരണകൂടത്തിനിടയിലും മോറല്‍ സ്‌പേസിലും നിന്നു സംഘര്‍ഷപ്പെട്ട് ഒന്ന് നന്നായി ജീവിക്കാതെ അവസാനിക്കുന്ന രണ്ടു മനുഷ്യരും അവരുടെ ചുറ്റുപാടുകളുമാണ് ഈ സിനിമയുടെ പ്രമേയം. അത്തരം സംഘര്‍ഷങ്ങളുടെ അവസാനം ഒരു ട്രോമ ആയി പരിരക്ഷകരായ മനുഷ്യരിലേക്കും പകര്‍ത്തി വല്ലാത്ത ഒരു അവസ്ഥയിലേക്ക് എത്തിക്കുമ്പോഴാണ് ഇരട്ട പേടിപ്പിക്കുന്ന, ഞെട്ടിപ്പിക്കുന്ന സിനിമ ആകുന്നത്.

ഇനി ജീവിക്കണോ എന്നൊക്കെ തോന്നിപ്പിക്കുന്ന ഭീകരമായ ചിന്തകള്‍ മനുഷ്യരിലേക്ക് ഈ സിനിമ നിര്‍മിച്ച് വിട്ടേക്കാം. ഹിച്ച്‌കോക്ക്, മാര്‍ട്ടിന്‍ സ്‌കോര്‍ സസെ, ക്രിസ്റ്റഫര്‍ നോളന്‍, വാച്ചോവിസ്‌കിസ്, ബെര്‍ഗ്മാന്‍ തുടങ്ങിയ അനേകം ക്രൈം ഡീല്‍ ചെയ്തവരും സയന്‍സ് ഫിക്ഷന്‍ സിനിമ ചെയ്തവരും അതിനപ്പുറം മറ്റു സിനിമകള്‍ ചെയ്തവരും ആയ സംവിധായകര്‍ മനുഷ്യര്‍ക്ക് പുറത്തേക്ക് അവരുടെ പ്ലോട്ടുകളെ എത്തിച്ചിട്ടുണ്ട്. മനുഷ്യ ബന്ധങ്ങള്‍ വ്യവസ്ഥാപിത സമൂഹം എന്നിവക്ക് പുറത്തേക്ക് സിനിമകളെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്. ഇരട്ട എന്ന സിനിമ ഒരു സാധാരണ ക്രൈം ഡീല്‍ ചെയ്യുന്നതിലൂടെ - സമൂഹം, ക്രൈം, നിയമം, അന്വേഷണങ്ങള്‍ എന്നതിനപ്പുറം - ഒരിക്കലും തടുക്കാനാകാത്ത വിധി എന്ന സങ്കല്‍പങ്ങളുടെ ചിന്തകളിലേക്ക് കൈ പിടിച്ചു കൊണ്ടുപോകുമ്പോള്‍ ആണ് ഈ സിനിമ വിടാതെ എന്നെ പിന്തുടരുന്നത്.


അതി സാധാരണമായ ഒരു ക്രൈം പ്ലോട്ട്. അതിനോടു ചേര്‍ന്നുള്ള ഒട്ടും വ്യത്യസ്തത തോന്നിപ്പിക്കാത്ത അന്വേഷണവും. ഫിലിം മേക്കിങ്ങിലും, സിനിമാറ്റിക്കല്‍ ആയി വലിച്ചു നീട്ടലുകളുമൊക്കെ ഉള്ള സിനിമ എന്ന രീതിയിലും ഒട്ടും ആഘോഷിക്കാന്‍ ഇല്ലാത്ത ഒരു സാധാരണ സിനിമ മാത്രമാണ് ഇരട്ട. പക്ഷേ, ചില സ്വപ്നങ്ങളിലൊക്കെ എന്ന പോലെ കുറ്റം ചെയ്യുന്ന ഒരു അപരന്‍ നിങ്ങളെ എപ്പോഴും പിന്തുടര്‍ന്നു കൊണ്ടിരിക്കുന്നുണ്ടാകും. അല്ലെങ്കില്‍ അവനവനില്‍ തന്നെ ഒളിപ്പിച്ചുവെച്ച ഒരു കുറ്റവാളി നിങ്ങളുടെ കൂടെ എപ്പോഴും ഉണ്ടാകും, അത് നിങ്ങളെ വേട്ടയാടും എന്നൊക്കെ തരത്തിലുള്ള സമൂഹം നിര്‍മിച്ച് വെച്ച മൊറാലിസ്റ്റിക് ആയ ചിന്തകള്‍ക്കപ്പുറം ഉള്ള ഒരു സാധ്യത ഈ സിനിമ നല്‍കുന്നുണ്ട്. മറ്റുള്ളവരുടെ കൂറ്റങ്ങളുടെ ശിക്ഷ ഒരു തെളിയിക്കപ്പെടലിനും സാധ്യത ഇല്ലാതെ വിധി ആയി നമ്മളെ പിന്തുടരും എന്ന ഒരു മനുഷ്യ നിയന്ത്രണ സാധ്യത ഇല്ലാത്ത ഇടത്തേക്ക് ഈ സിനിമ കൊണ്ടെത്തിക്കും. ചില മനുഷ്യര്‍, നമ്മുടെ വിധി ആയി നമ്മുടെ കൂടെ തന്നെ ഉണ്ടാകും എന്ന തടുക്കാന്‍ പറ്റാത്ത വിധി നിര്‍മിച്ചു വിടുന്ന ഈ സിനിമ ഉണ്ടാക്കുന്ന അലോസരം ചെറുതൊന്നുമല്ല. സ്വപ്‌നത്തില്‍ നിന്നൂ ഞെട്ടി എഴുന്നേല്‍ക്കുന്നത് പോലെ ഈ സിനിമയും നമുക്കിട്ട് ഒരു തട്ട് തട്ടും. മറ്റുള്ളവര്‍ ചെയ്യുന്ന ഒരു കുറ്റം, സകല അധികാരങ്ങളും ഭരണകൂട പിന്തുണയുമുള്ള മനുഷ്യരുടെയും ജീവിതത്തെയും സാമൂഹ്യ നിര്‍മിതമായ നിയമങ്ങള്‍ക്ക് അപ്പുറമുള്ള വിധിയിലൂടെ ജീവിതകാലം മുഴുവന്‍ വേട്ടയാടിയേക്കാം എന്ന രീതിയില്‍ ഈ സിനിമ എഴുതി വെക്കുന്ന ഫിലോസഫി പേടിപ്പിക്കുന്നുണ്ട്. ഒരു ഫോണ്‍ എറിഞ്ഞു പൊട്ടിക്കുന്നതിലൂടെയാണ് ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത ഈ സിനിമയുടെ രണ്ടാം ഭാഗം എന്ന ഒരു കഥാപാത്രത്തിന്റെ ശ്മശാന ജീവിതം ആരംഭിക്കുന്നത്. സിനിമയിലെ ക്ലൈമാക്‌സിലെ ആ ഒറ്റ രംഗത്തില്‍ നിന്നാകാം കാണികളില്‍ പല തരം സിനിമകള്‍ നിര്‍മിക്കപ്പെടുക.


ഒരു പക്ഷേ കുറ്റവാളികളെ സൃഷ്ടിച്ചു കൊണ്ടും, അവരെ കല്ലെറിഞ്ഞു കൊണ്ടും, ഇതില്‍ പാപികള്‍ അല്ലാത്തവര്‍ കല്ലെറിയട്ടെ എന്ന പരിഗണന കൊണ്ടും, നീതി, ന്യായം തുടങ്ങിയ വ്യവസ്ഥകള്‍ കൊണ്ടും, കുറ്റവാളികളെ ജയിലില്‍ അടക്കണം, തൂക്കിക്കൊല്ലണം എന്ന നിവേദനങ്ങള്‍ കൊണ്ടും ആള്‍ക്കൂട്ട ആക്രോശങ്ങളിലൂടെയുമൊക്കെ ആണ് സമൂഹം ക്രിമിനലുകളെ പുറത്തു നിര്‍ത്തി 'നല്ല' ഒരു സാമൂഹമായിത്തീരുന്നത്. ഇത്തരം സമൂഹങ്ങളിലാണ് ഭരണഘടനകള്‍ ഉണ്ടാകുന്നതും. അത് ആഘോഷിക്കുന്നതും. നിയമ സംഹിതകള്‍ ഉണ്ടാകുന്നതും അതിനനുസരിച്ച് ശിക്ഷകള്‍ വിധിക്കുന്നതും. വധ ശിക്ഷകള്‍ ഉണ്ടാകുന്നതും, പൊലീസുകാര്‍ വെടിവെച്ചു കൊല്ലുമ്പോള്‍ കയ്യടികള്‍ ഉണ്ടാകുന്നതുമൊക്കെ. ഇത്തരത്തിലുള്ള സമൂഹങ്ങളിലാണ് വളരെ ടെക്‌നിക്കല്‍ കുറ്റവും ശിക്ഷയും നിര്‍മിച്ച് കോടതികളെ സമീപിച്ചു നിയമ സംഹിതികളിലൂടെയും കോന്‍സ്റ്റിറ്റിയൂഷനുകളിലൂടെയും മനുഷ്യരെ വിചാരണ ചെയ്യുകയും ജയിലില്‍ അടക്കുകയും ചെയുന്നത്. ഈ സിനിമയുടെ വ്യത്യസ്തത, മനുഷ്യര്‍ ചരിത്രപരമായി സൃഷ്ടിച്ചെടുത്ത പല കുറ്റങ്ങളും ഇത്തരം കോടതി, നിയമം, നീതി തുടങ്ങിയ സാങ്കേതികകളുടെ പുറത്തു നിന്നുകൊണ്ട് പല തരത്തിലും പല മനുഷ്യരെയും ബാധിക്കുന്നു എന്നതാണ്. ഇത്തരം സോഷ്യല്‍ ക്രൈറ്റീരിയകള്‍ക്ക് പുറത്തു നിന്നു കൊണ്ട് ഈ സിനിമ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കും. ക്രൈം, ശിക്ഷ, നീതി ന്യായങ്ങള്‍ എന്നതിന്നുമൊക്കെ അനേകായിരം മാനങ്ങള്‍ ഉണ്ട് എന്ന രീതിയിലേക്ക് ഈ സിനിമ കൊണ്ട് എത്തിക്കും.

ഇതിലെ ഒരു കഥാപാത്രം അവസാനിക്കുക എന്നതിന്റെ കാരണങ്ങള്‍ ഒരു പക്ഷേ സ്വയം നിര്‍മിച്ചെടുക്കുന്ന ശിക്ഷ ആകാം, സമൂഹം നിര്‍മിച്ചു കൊടുത്ത കോന്‍ഷ്യന്‍സിന്റെ ശിക്ഷ ആകാം. അതിനുമപ്പുറം, ബന്ധങ്ങളെ ക്കുറിച്ചുള്ള ഭീതി ആകാം. ഏതൊരു ധൈര്യശാലി ആയ മനുഷ്യനും തന്റെ തെറ്റ് ഇനി ജീവിക്കാന്‍ അര്‍ഹന്‍ ആക്കുന്നില്ല എന്ന ചിന്ത ആകാം, അയാള്‍ ജീവിക്കുന്ന അയാളുടെ ഭൂതകാലം സൃഷ്ടിച്ച അയാളുടെ വ്യക്തിത്വമാകാം. ഇങ്ങനെയുള്ള അനേകതരം സംഘര്‍ഷാത്മകമായ ചിന്തകള്‍ കൂടി ആകാം അയാളെ അവസാനിപ്പിക്കുന്നത്. അത്തരം ക്രൈമിനെ കുറിച്ചും വയലന്‍സിനെ കുറിച്ചും അനന്ത സാധ്യതയുള്ള പലതരം ലെയറുകളിലേക്കാണ് ഈ സിനിമ കൊണ്ടുപോകുന്നത്. മലയാള സിനിമയില്‍ അസാധാരണമായി മാത്രമേ ഇത് സംഭവിക്കാറുള്ളൂ. ഇരട്ടയില്‍ ഇരട്ടകളായ രണ്ടുപേര്‍ പലപ്പോഴും സംഘര്‍ഷപ്പെടുമ്പോഴും, അത് ദ്വന്ദത, ബൈനറി എന്നതിന് അപ്പുറം പല തരത്തിലേക്കും അവരുടെ സംഘര്‍ഷങ്ങള്‍ വളരുന്നുണ്ട്. ക്രൈം പലതരത്തിലും അവര്‍ പലപ്പോഴും പ്രയോഗിക്കുന്നുണ്ട്. അതേസമയം ഇവര്‍ രണ്ടുപേരും ഈ സമൂഹത്തിലേക്ക് ഇഴുകിച്ചേരുമ്പോഴാണ് പൊട്ടിത്തെറിച്ച് പോകാവുന്ന തരത്തിലേക്ക് ഈ സിനിമ മറ്റൊരു സംഘര്‍ഷം നിര്‍മിച്ചെടുക്കുന്നത്. ഈ സമൂഹത്തില്‍ ചേരാനും വിഘടിക്കാനും ശ്രമിക്കുമ്പോഴാണ് ഈ സിനിമയുടെ പ്ലോട്ട് മുന്നോട്ട് പോകുന്നത്. ഇരട്ടകളായ വിനോദിന്റെയും പ്രമോദിന്റെയും സംഘര്‍ഷങ്ങള്‍ സമൂഹത്തിനോട് ചേര്‍ന്നും വിഘടിച്ചും നിര്‍മിക്കപ്പെടുന്നതാണ്. അത് അവരുടെ ചെറുപ്പം മുതല്‍ രൂപപ്പെടുന്നുമുണ്ട്. സമൂഹികതയുടെ പുറത്തു നില്‍ക്കുന്ന ക്രൈം അത് ചെയ്യുന്ന വിനോദിനെ സിനിമാറ്റിക് സാമൂഹിക യുക്തിയിലൂടെ സോഷ്യല്‍ കോന്‍ഷ്യന്‍സിലൂടെ ഈ സിനിമ പുറത്തു നിര്‍ത്തുന്നുമുണ്ട്. ഈ സിനിമ തന്നെ അറിഞ്ഞും അറിയാതെയും അയാള്‍ ചെയ്യുന്ന റിയല്‍ ആയതും സംശയിക്കപ്പെടുന്നതുമായ ക്രൈമുകളിലേക്ക് കൊണ്ട് എത്തിക്കുന്നുണ്ട്. അയാള്‍ അപ്പോഴും ഈ സമൂഹത്തിന്റെ പാതയിലേക്ക് ഇരച്ചു കയറാനും ശ്രമിക്കുന്നുമുണ്ട്. അത്തരത്തിലൂടെ ഒക്കെ കടന്നുപോകുമ്പോഴും പല തരം പാരനോര്‍മല്‍ ആയ ചിന്തകളിലേക്ക് ഈ സിനിമ കൊണ്ട് പോകും,


ഹൈറേഞ്ച് എന്നത് പലപ്പോഴും പല മനുഷ്യര്‍ക്കും പലതരം ക്രൈമുകളുടെയും പീഡനങ്ങളുടെയും കൊലപാതകങ്ങളുടെയും അതിക്രമങ്ങളുടെയും നിഗൂഢതകളുടെയും ജ്യോഗ്രഫി തന്നെ ആയിരുന്നു. ആദിവാസികളോടും തോട്ടം തൊഴിലാളികളോടും ദലിത് മനുഷ്യരോടുമുള്ള പലതരം ഭരണകൂട നയങ്ങളുടെയും കൂടിയേറ്റ സമൂഹങ്ങളുടെയും ഫ്യൂഡല്‍ ക്രൈമുകളുടെയും ഭൂമിക ആയിരുന്നു. അത്തരം ക്രൈമുകളുടെ പാര്‍ട്ട് ആയിട്ടായിരിക്കാം വിനോദിന്റെയും പ്രമോദിന്റെയും അച്ഛനും ഈ സിനിമയില്‍ രൂപപ്പെടുന്നത്. ആ അച്ഛനും അവസാനം അയാളുടെ ക്രൈമുകളുടെ ആത്യന്തിക ഫലമായി വെട്ടിക്കൊല്ലപ്പെടുകയാണ്. അയാളുടെ മക്കളായുള്ള ബാല്യങ്ങള്‍ ആണ് പ്രമോദിനെയും വിനോദിനെയും രൂപപ്പെടുത്തുന്നത്. അതില്‍ അമ്മയുടെ കൂടെ ജീവിച്ചു വളര്‍ന്ന പ്രമോദിന്റെ, അയാളുടെ ഭാര്യയോടുള്ള കുറ്റങ്ങള്‍ കൂടെനില്‍ക്കുന്ന സമൂഹം ക്ഷമിക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ, ഒറ്റപ്പെട്ട വിനോദിന്റെ ജീവിതം എങ്ങനെ ആയിരുന്നുവെന്ന് ഈ സിനിമ പറയുന്നുമില്ല. പ്രമോദ് കുട്ടിക്കാലത്ത് വിനോദിനെ തിരിച്ചു വിളിക്കുന്നുണ്ടെങ്കിലും അവന് അത് കേള്‍ക്കാതെ ഹൈറേഞ്ചിന്റെ ഉള്ളിലേക്ക് ഓടിപ്പോവുകയാണ്. ചിലപ്പോല്‍ അയാള്‍ അമ്മയുടെ കൂടെ ജീവിച്ചിട്ടുണ്ടാകാം. അല്ലെങ്കില്‍ മറ്റേതെങ്കിലും ജീവിതമാകാം ജീവിച്ചത്. അയാള്‍ പലതരത്തിലുള്ള കുറ്റങ്ങള്‍ ഏറ്റുവാങ്ങുന്നതിലൂടെയും ക്രിമിനല്‍വത്കരിക്കപ്പെടുന്നതിലൂടെയും വയലന്‍സ് നേരിട്ടുമൊക്കെ ആയിരിക്കാം ജീവിച്ചത്. മുമ്പ് ഉയരങ്ങള്‍ എന്ന എം.ടി-ഐ.വി ശശി സിനിമയില്‍ സമൂഹത്തിന് പുറത്തു നില്‍ക്കുന്ന മോഹന്‍ലാലിന്റെ കഥാപാത്രമാണ് ക്രൈം രൂപവല്‍കരിക്കുകയും നടപ്പാക്കുകയും ചെയ്യുന്നത്. അയാള്‍ ഈ സമൂഹത്തിന് നേരെ നടുവിരല്‍ കാണിച്ച് പൊലീസിന് പിടികൊടുക്കാതെ ആത്മഹത്യ ചെയ്യുന്നുണ്ട്. പക്ഷേ, ഈ സിനിമയില്‍ വളരെ വയലന്റായ പാസ്റ്റ് ഉള്ള രണ്ടു മനുഷ്യര്‍, വിനോദും പ്രമോദും ഭരണകൂട ടൂള്‍ ആയ പൊലീസിലൂടെ സമൂഹത്തിന്റെ ഉള്ളില്‍ കയറിയാണ് പിന്നീട് ജീവിക്കുന്നത്. വിനോദിന്റെ ക്രൈമുകള്‍ അയാള്‍ പൊലീസിങ് മറ ആക്കുന്നുമുണ്ട്. ചിലപ്പോഴൊക്കെ അയാള്‍ ക്രൈമില്‍ നിന്നു പിന്‍വാങ്ങുവാനും നല്ലവനാകാനുള്ള ശ്രമങ്ങള്‍ നടത്തുന്നുമുണ്ട്. ഒരു തരം, അക്വേറിയത്തില്‍ കിടക്കുന്ന മീനുകള്‍ക്ക് കടലില്‍ പുളക്കാന്‍ കഴിയാത്ത സംഘര്‍ഷങ്ങള്‍. പുറത്തു പോകാനും അകത്തു ജീവിക്കാനും പറ്റാത്ത വല്ലാത്ത ഭ്രാന്ത് പിടിക്കുന്ന അവസ്ഥകളിലൂടെ ഈ കഥാപാത്രങ്ങള്‍ ചിലപ്പോല്‍ സഞ്ചരിക്കുന്നുണ്ടാകാം.


പെന്തക്കോസ്തുകാരായവരെ അപരവല്‍ക്കരിക്കുക, കോമാളിവത്കരിക്കുക, ക്രൈമും ഭ്രാന്തും ചാര്‍ത്തിക്കൊടുക്കുക, കീഴാള ശരീരമുള്ള ഒരാളെ കഞ്ചാവ് വില്‍പനക്കാരന്‍ ആക്കുക, താഴെക്കിടയിലുള്ള പൊലീസുകാരെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുക, സ്ത്രീ ജീവിതത്തില്‍ വന്നാല്‍ പുരുഷന്‍ നന്നാവുക തുടങ്ങിയ ഓള്‍ഡ് ജെനറേഷന്‍ ക്ലീഷേകളുടെ തള്ളലുകള്‍ നന്നായി ബോറടിപ്പിക്കുന്ന സിനിമ കൂടി ആണ് ഇരട്ട. ഇതിലെ ഫ്‌ളാഷ് ബാക്ക് സീനുകള്‍ ഒക്കെ അന്യായ ശോകമാണ്. കേസ് അന്വേഷണമൊക്കെ ദുരന്തവും. അതുപോലെ പല തരം പ്ലാറ്റ്‌ഫോമുകളിലൂടെ അന്താരാഷ്ട്ര സിനിമകല്‍ കാണുന്ന കാണികളുടെ മുന്നിലേക്ക് വേറിട്ട, അല്ലെങ്കില്‍ മലയാളത്തില്‍ നിന്നുതന്നെ ഒട്ടും വ്യത്യസ്തമായ ഒരു സിനിമ ഭാഷയും സ്‌ക്രിപ്റ്റിങ്ങിലൂടെയും മേക്കിങ്ങിലൂടെയും ഈ സിനിമ മുന്നോട്ട് വെക്കുന്നുമില്ല. പൊലീസ്, മന്ത്രി, ഭരണകൂടം തുടങ്ങിയ പ്ലാറ്റ്‌ഫോമില്‍ അതിന്റെ കൂടെ നിന്നൊക്കെ തന്നെ ആണ് ഈ സിനിമ രാഷ്ട്രീയപരമായി തന്നെ മുന്നോട്ട് പോകുന്നത്. ഭരണകൂട ഭീകരത എന്ന് ടി.വിയില്‍ ചര്‍ച്ചയില്‍ പറയുന്നവരെ കോമഡി ആക്കി വെക്കുന്നുമുണ്ട്. ഇങ്ങനെയൊക്കെ മലയാള സിനിമയില്‍ യാതൊരു വ്യത്യസ്തമായ ഭാഷ, ഒരു ത്രില്ലര്‍ എന്ന രീതിയില്‍ നല്‍കുന്നില്ലെങ്കിലും, ഒരു ത്രില്ലിംഗ് എക്‌സ്പീരിയന്‍സ് നല്‍കുന്നതേയില്ലെങ്കിലും ഈ സിനിമയുടെ അവസാന സീനും കുറ്റവും കുറ്റവാളിത്തവും നീതിയും ന്യായവും വിധിയും എന്നിവയൊക്കെ കുറിച്ച് ഉള്ള ചിന്തകള്‍ക്കായി നമ്മുടെ ചിന്താരീതി മാറ്റാനുള്ള ഒരു കിക്ക് തരുന്നുണ്ട്. മുമ്പ് ഒരു ബുദ്ധിജീവി ആളാകാന്‍, ഒന്നുമറിയാത്ത വലിയ പുസ്തകങ്ങള്‍ ഒന്നും വായിച്ചിട്ടില്ലാത്ത ഞങ്ങളുടെ മുന്നില്‍ വെച്ചു ''മാക്‌സിം ഗോര്‍ക്കിയുടെ അമ്മ വായിച്ചിട്ടുണ്ടോ?' എന്നു ചോദിച്ചിട്ടുണ്ട്. ആ ഷോ കണ്ടതോടെ റഷ്യന്‍ ലിറ്ററേച്ചര്‍ തന്നെ വെറുത്തുപോയി. പക്ഷേ 'ഇരട്ട' എന്ന സിനിമ കണ്ടതിനു ശേഷം ദസ്‌തോവിസ്‌കിയുടെ കുറ്റവും ശിക്ഷയുമൊക്കെ വായിക്കാന്‍ തോന്നുന്നുണ്ട്. കുറ്റം, ശിക്ഷ, നീതി, വിധി എന്നിവയെ കുറിച്ചൊക്കെ ഇനിയും ചിന്തിക്കാന്‍ പല വിത്തുകളും ഈ സിനിമ ഇട്ടു തരുന്നുണ്ട്.

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - രൂപേഷ് കുമാര്‍

contributor

Similar News

കടല്‍ | Short Story