പ്രണയമഴയിൽ കിളിർത്ത കവിതകൾ

മുഹ്സിന അബ്ബാസിന്റെ " ഭ്രാന്ത് പൂക്കുന്ന നേരം" എന്ന കവിതാസമാഹാരത്തിനു പ്രമുഖ സാഹിത്യകാരനും മുൻ ചീഫ് സെക്രട്ടറിയുമായ കെ ജയകുമാറിന്റെ വായന

Update: 2022-12-31 12:09 GMT
'ഭ്രാന്ത് പൂക്കുന്ന നേരം' എന്ന പേര് കൊണ്ടുതന്നെ മുഹ്സിനയുടെ കവിതകള്‍ വലിയ കൗതുകത്തോടെയാണ് വായിക്കാനെടുത്തത്. ജീവിതാനുഭവങ്ങളുടെ വൈപുല്യമല്ല അവയിലൂടെയുള്ള കവിമനസ്സിന്റെ സഞ്ചാരസാന്ദ്രതയാണ് നല്ല കവിതയുടെ പ്രചോദനം. ആ സഞ്ചാരത്തിനിടയിലാണ് സാധാരണ ജീവിതസന്ദര്‍ഭങ്ങള്‍ കവിതയ്ക്ക് വേണ്ട മുഹൂര്‍ത്തങ്ങളായി രൂപാന്തരപ്പെടുന്നതും, കവിയുടെ ഇച്ഛയ്ക്കും അതീതമായി കാവ്യബിംബങ്ങള്‍ രൂപപ്പെടുന്നതും, സാധാരണ വാക്കുകളും ആശയങ്ങളും കവിതയുടെ സ്വരൂപത്തില്‍ ചേര്‍ന്ന് അസാധാരണങ്ങളാവുന്നതും. സഹജമായ ഈ കഴിവിനെ സ്ഫുടം ചെയ്‌തെടുക്കുകയാണ് കവിയുടെ നിയോഗം. പ്രകൃതിയോടും ജീവിതത്തോടും തന്നോടുമുള്ള അനുരാഗമാണ് ഈ കവിതയുടെ അടിസ്ഥാന ചോദന. 'എന്നോടുള്ള പ്രണയം കൊണ്ടാണ് ഈ മഴയിങ്ങനെ തോരാതെ പെയ്യുന്നത്.' എന്ന തിരിച്ചറിവിലെ ആത്മരതി സമ്മാനിച്ച കണ്ണുകളോടെയാണ് ഈ കവി തന്റെ ജീവിത സന്ദര്‍ഭങ്ങളെയും വിചാരങ്ങളെയും ഭാവങ്ങളെയും നോക്കുന്നത്. കവികള്‍ക്ക് കൂടെപ്പിറപ്പാണ് ഈ അവസ്ഥ. കാത്തിരിക്കാനും കിനാവ് കാണാനും കരയാനും ചിരിക്കാനും കലഹിക്കാനുമെല്ലാം ഇത് കവിയ്ക്ക് സാധൂകരണം നല്‍കുന്നു. 'മുറിവുണങ്ങാത്തൊരീ മനസ്സുമായ് മാനത്തെ മഴവില്ലിനായി കാത്തിരിക്കാന്‍' കഴിയുന്നത് അതുകൊണ്ടാണ്. പ്രണയത്തെക്കുറിച്ചുള്ള കൊച്ചുകവിതകളിലൊന്നില്‍ ഈ ആത്മാന്വേഷണം മൂടുപടം പൊക്കിനോക്കുന്നത് ശ്രദ്ധിക്കുക.


ഞാന്‍ പ്രണയിച്ചത് / നിന്നെയല്ല

നിന്നിലെ / നീ പോലുമറിയാത്ത

എന്നെത്തന്നെയാണ്.


പ്രണയമാണ് ഈ കവിതകളിലെ ആന്തര്യാമിയായ ഭാവം. എന്നാല്‍ ഇവിടെ ഉപാസിക്കപ്പെടുന്ന പ്രണയം എന്താണ്? കൗമാരത്തിലും യൗവ്വനത്തിലും ആണിനും പെണ്ണിനുമിടയില്‍ അങ്കുരിക്കുന്ന 'പൂവ് പോലുള്ളൊരോമന കൗതുകവും' 'താത്കാലിക ഭ്രമവുമാണോ?' മേലുദ്ധരിച്ച വരികളിലെ എന്നെത്തന്നെ പ്രണയിക്കുന്ന ആ പ്രണയത്തിന് അനവധി ദലങ്ങളുണ്. ഈ കവിതകളില്‍ സാധാരണ സ്ത്രീപുരുഷ ബന്ധത്തിലെ ഉയര്‍ച്ചതാഴ്ചകളും സംഘര്‍ഷങ്ങളും തീര്‍ച്ചയായുമുന്ദ്.

പക്ഷേ, അവ മാത്രമായിരുന്നെങ്കില്‍ വായനക്കാര്‍ ഈ കവിതകളില്‍ വ്യത്യസ്തമായ ഹൃദയവീചികള്‍ അനുഭവിക്കുമായിരുന്നില്ല. പ്രണയത്തിന്റെ നിരവധി സന്ദര്‍ഭങ്ങളും പ്രണയം വരുന്ന വഴികളും, പ്രണയം സമ്മാനിക്കുന്ന സങ്കടങ്ങളുമെല്ലാം ഈ കവി കൈയൊതുക്കത്തോടെയും നറുമയുള്ള കല്‍പനകളിലൂടെയും പകര്‍ന്നുതരുന്നുണ്. ട്


നീ പോയ വഴിയില്‍ / നിന്നിലേക്ക്

പറന്നടുക്കുവാനാവാതെ / ചിറകറ്റുവീണ

ശലഭമാണെന്റെ പ്രണയം


എന്ന വരികളില്‍ ഹതാശയിലമര്‍ന്ന പ്രണയത്തെ നാം കാണുന്നുവെങ്കില്‍,


നിലാവായി ഞാനിങ്ങനെ

തെളിഞ്ഞു നില്‍ക്കുമ്പോഴും

നീയവിടെ / നക്ഷത്രങ്ങളോട്

കിന്നാരം പറഞ്ഞിരിപ്പാണ്

എന്ന ഭാഗത്ത് കാത്തിരിപ്പിന്റെ വ്യര്‍ത്ഥതയാണ് വായനക്കാര്‍ അനുഭവിക്കുന്നത്.



'നമുക്ക് നമ്മളാകാൻ കഴിയുമായിരുന്നു.' എന്ന വാക്കുകളില്‍ നമുക്കങ്ങനെയാകാന്‍ കഴിഞ്ഞില്ലെന്ന പരമാര്‍ത്ഥമുണ്. സമൂഹം ട് പെൺകുട്ടിയെന്നും നല്ല കുട്ടിയെന്നും പട്ടം ചാര്‍ത്തി 'ഞാനിവിടെ ചില്ലുഭരണിയില്‍ ശ്വാസംമുട്ടിയിരുപ്പാണ്' എന്ന വാക്കുകളില്‍ നിസ്സംഗതയുണ്ട്. 'വസന്തത്തില്‍ നിന്ന് പുറത്താക്കപ്പെട്ടവളോടാണോ / ഇനിയും പൂക്കളെക്കുറിച്ച് വാചാലമാവുന്നത്? എന്ന ചോദ്യത്തില്‍ നഷ്ടങ്ങളോടുള്ള പൊരുത്തപ്പെടലുണ്.ട്. എന്നാല്‍ ഈ സന്ദര്‍ഭങ്ങളുടെ സാധാരണതയില്‍ നിന്ന് പ്രണയത്തെ അസാധാരണ വിതാനത്തിലേയ്ക്കുയര്‍ത്താന്‍ കവിക്ക് സാധിക്കുന്നു. അതാണ് ഇവയെ ശ്രദ്ധാര്‍ഹങ്ങളാക്കുന്നതും.


'കണ്‍മുന്നില്‍ / കാണുന്നതിനേക്കാളെല്ലാം


ഉദാത്തമല്ലോ / ഇതുവരെ കാണാത്ത


നിന്നോടുള്ള പ്രണയം' എന്ന് വാചാലമായി പറഞ്ഞ കാര്യം മികച്ച കാവ്യബിംബങ്ങളിലൂടെ മറ്റൊരിടത്ത് അവതരിപ്പിക്കുമ്പോള്‍ ഈ കവിതയിലെ പ്രണയത്തെ നാം സര്‍ഗ്ഗാത്മകതയും ആത്മീയവുമായ കണ്ണുകള്‍കൊണ്ടു നോക്കാന്‍ നിര്‍ബന്ധരായിപ്പോകും.

ഈ മതിലുകള്‍ മറച്ചുവെച്ചത് രണ്ടു പൂന്തോട്ടങ്ങളെയല്ല നമുക്കിടയില്‍ പൂക്കാമായിരുന്ന  ഒരായിരം പ്രണയപുഷ്പങ്ങളെയാണ്. അസാമാന്യസാദ്ധ്യതകളുള്ള ഒരു പ്രണയത്തിന്റെ നിമന്ത്രണം ഈ കവിയുടെ ഹൃദയത്തില്‍ വന്നുവീഴുന്നുണ്ട്. ആ പ്രണയം അന്വേഷിക്കുന്ന നീ ' ചുവരുകള്‍ മറച്ച എന്റെ ആകാശത്തില്‍ തന്നെ നിലാവായ് ഒളിച്ചിരിപ്പുണ്' എട് ന്ന തിരിച്ചറിവില്‍ ആത്മീയ ധ്വനിയുള്ള കവിതയുടെ വിരല്‍സ്പര്‍ശം അറിയാം. ' നീയില്ലാത്ത ഇടങ്ങളിലാണ് എനിക്കെന്നെ നഷ്ടമാവുന്നത്' എന്ന് പറയുമ്പോഴും 'നീ' എന്ന സാന്നിദ്ധ്യത്തിന് അര്‍ത്ഥവ്യാപ്തി കൈവരുന്നു.സൂഫികവികളില്‍ കാണാറുള്ള വൈരുദ്ധ്യാത്മകമായ ചില ഇമേജുകള്‍ ഈ കവിതകളില്‍ കാണാവുന്നതും ആഹ്ലാദകരമാണ്.


പുറത്ത് മഴപ്പെയ്ത്തും / കുളിരും

ഉള്ളില്‍ ഒരായിരം / മഴയോര്‍മകളുടെ കനലും...

എന്നത് പോലെ കൊടുങ്കാറ്റ് - പുല്‍നാമ്പ്, ആരവം - നിശബ്ദത, കര - പുഴ എന്നിങ്ങനെയുള്ള ദ്വന്ദങ്ങളോടുള്ള അഭിനിവേശവും ഈ കവിതകളിലെ പ്രണയത്തിന്റെ സ്വത്വം നിര്‍വചിക്കുന്നതിന് ഏറെ സഹായകം.ചെറുപ്രായത്തില്‍ തന്നെ ഈ കവി ആത്മീയമായ ഔന്നത്യങ്ങളിലെത്തിച്ചേര്‍ന്നു എന്നല്ല. പക്ഷേ പ്രണയമെന്ന അവസ്ഥയുടെ വൈകാരകവും ആത്മീയവുമായ സാദ്ധ്യതകള്‍ കവിമനസ് ഏതുവി സ് ധേനയോ തിരിച്ചറിയുന്നുണ്. ഓട് ര്‍മകളോടും നഷ്ടങ്ങളോടും അവസ്ഥകളോടും പ്രതീക്ഷ വിടാത്ത നിസ്സംഗതയോടെ പൊരുത്തപ്പെടാന്‍ ഈ മനസ്സ് കവിക്ക് തുണയാകുന്നു. അത് വ്യത്യസ്തമായ കവിതകളായി ഉയിര്‍ക്കൊള്ളുകയും ചെയ്യുന്നു.

പരത്തിപ്പറയാനുള്ള പ്രലോഭനത്തെ ഈ കവിതകള്‍ സമര്‍ത്ഥമായി അതിജീവിക്കുന്നു. ബിംബധന്യമായി ഒതുക്കിപ്പറയാന്‍ ഈ കവിയ്ക്കറിയാം. വൃത്തബദ്ധമല്ലാതെ എഴുതപ്പെട്ടതെങ്കിലും ഈ കവിതകള്‍ക്ക് വ്യക്തമായ താളവും സംഗീതവുമുണ്ട്. പദബോധവും ലയവും ഈ കവിതകളെ അനുഗ്രഹിച്ചിരിക്കുന്നു.


ഇനിയെന്റെ വന്യമാം

ഏകാന്തയാത്രയില്‍

ഓര്‍മകള്‍ പൂക്കുന്ന

സായാന്തനങ്ങളില്‍

ചില്ലിട്ടുവച്ച നിന്‍

പുഞ്ചിരിപ്പൂവിനി

വാടാതെ കാക്കുന്ന

സൂക്ഷിപ്പുകാരി ഞാന്‍


എന്ന വരികള്‍ വായിക്കുമ്പോള്‍ ഈ ശയ്യാഗുണം ബോധ്യപ്പെടും. 'വീടിന്റെ ഗന്ധം', 'ചുവന്ന സ്വര്‍ഗ്ഗം' എന്നീ കവിതകളും ശ്രദ്ധാപൂര്‍വമുള്ള വായന അര്‍ഹിക്കുന്നു. കവിതയുടെ കല മുഹ്സിനയ്ക്ക് സ്വഭാവികമായിത്തന്നെ വശമാണെന്ന്തെളിയിക്കുന്നതാണ് ഈ കവിതകള്‍.

പ്രണയത്തെയും പ്രകൃതിയെയും ഓര്‍മകളെയും അനുഭവങ്ങളെയും അസാധാരണമായ സര്‍ഗാത്മകതയോടെയും വിശുദ്ധിയോടെയും സമീപിക്കാനുള്ള കഴിവ് ഈ കവിതകള്‍ക്ക് അപൂര്‍വമായൊരു ഉള്‍ക്കരുത്തും നിലാഭംഗിയും നല്‍കുന്നുണ്ട്. ഒരു മികച്ച കവിയുടെ പിറവി അറിയിക്കലാണ് 'ഭ്രാന്ത് പൂക്കുന്ന നേരം'




Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - കെ ജയകുമാർ

Contributor

K. Jayakumar is an Indian civil servant, poet, and author. He is an Indian Administrative Service officer from Kerala who retired as the Chief Secretary of the Government of Kerala. He has also worked as lyricist, translator and screenwriter.

Similar News

കടല്‍ | Short Story