പ്രോട്ടോക്കോള്‍ ഓര്‍മകളുടെ പകര്‍ത്തിയെടുക്കല്‍
ജീവിതത്തെ തന്നെ പിടിച്ചു നിര്‍ത്തി സംസാരങ്ങള്‍ക്ക് ഭാഷയും സഞ്ചാരങ്ങള്‍ക്ക് അതിരും നിശ്ചയിച്ച മഹാമാരിയുടെ പ്രോട്ടോക്കോള്‍ കാലമാണ് 'കഠിനകഠോരമീ അണ്ഡകടാഹം' എന്ന സിനിമ. ബേസില്‍ പകര്‍ന്നാടിയ ബച്ചു എന്ന കഥാപാത്രം ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിയെടുക്കാന്‍ പ്രയാസപ്പെടുന്ന ഓരോരുത്തരുടേയും ജീവിതമാണ്.
മഹാമാരി, മഹാവിപത്ത്, മഹാപ്രളയം എന്നൊക്കെ പറഞ്ഞ് നമ്മള്‍ ദുരന്തങ്ങളെ മഹത്വവത്കരിച്ചാണ് നേരിടുന്നത്. ആ ദുരന്തകാലത്ത് അനുഭവിക്കുന്ന എല്ലാ യാതനകളും വേദനകളും അങ്ങനെ മറക്കാനാവാത്തതായി മാറും. ഒരു സമൂഹത്തെയാകെ ബാധിച്ചതാണെങ്കില്‍ പ്രത്യേകിച്ചും. അങ്ങനെ അനുഭവങ്ങളുടെ എത്രയെത്ര സംഭവങ്ങളുടെ കാലമായിരുന്നു കോവിഡ് കാലം. ഒരു സോപ്പ് കുമിളയുടെ മുന്നില്‍ പിടക്കുന്നത് എന്ന് ശാസ്ത്രലോകം ആണയിടുന്ന കോറോണയെന്ന വൈറസ് ലോകത്തെ ജനതയുടെ ജീവിതമാകെ മാറ്റിയെഴുതി. മനുഷ്യന്‍ വേഗം കുറച്ചു, കിതച്ചു. അടങ്ങിയിരിക്കാനും അവിടിരുന്ന് പുതിയ ലോകത്തെ കാണാനും പഠിച്ചു. സൗന്ദര്യത്തിന് അല്‍പം വിട നല്‍കി മുഖാവരണം പേറി ജീവിച്ചു. ആഹാരങ്ങളും പാനീയങ്ങളും ശ്രദ്ധിച്ചു ഭക്ഷിച്ചു. അടുപ്പത്തിനും അകലത്തിലും മാനദണ്ഡങ്ങള്‍ നിശ്ചയിച്ചു. വൃത്തിക്ക് പ്രാമുഖ്യം നല്‍കി, കൈകഴുകി ശീലിച്ചു. വിവാഹമടക്കമുള്ള ആര്‍ഭാടങ്ങള്‍ക്ക് അവധി നല്‍കി ജീവിതത്തെ നയിച്ചു. മരണവീടുകളിലടക്കമുള്ള ആള്‍കൂട്ടങ്ങള്‍ക്ക് പകരം, എണ്ണങ്ങള്‍ക്ക് കണക്ക് നിശ്ചയിച്ചു. ജീവിതത്തിന്റെ എല്ലാ രംഗത്തും പുതിയ ശീലങ്ങളുടേയും ശൈലികളുടേയും രീതികളെ പരിചയിച്ചു നീങ്ങി. ആരോഗ്യ വിദഗ്ധരുടെ വാക്ക് കടമെടുത്താല്‍ എല്ലാത്തിനും ഒരു പ്രോട്ടോക്കോള്‍ ഉണ്ടായി. ആ പ്രോട്ടോക്കോള്‍ കാലമെന്നത് അക്കാലത്ത് ജീവിച്ചിരുന്ന ആര്‍ക്കാണ് മറക്കാനാവുക. ജീവിതത്തെ തന്നെ പിടിച്ചു നിര്‍ത്തി സംസാരങ്ങള്‍ക്ക് ഭാഷയും സഞ്ചാരങ്ങള്‍ക്ക് അതിരും നിശ്ചയിച്ച ആ പ്രോട്ടോക്കോള്‍ കാലമാണ് 'കഠിനകഠോരമീ അണ്ഡകടാഹം' എന്ന സിനിമ.
രണ്ടര വര്‍ഷങ്ങള്‍ക്കപ്പുറമാണെങ്കിലും അവസാനത്തേതിന്റെ അടിമയായ മനുഷ്യന്‍ എത്രപെട്ടെന്നാണ് മറവിയുടെ പഴയ വേഗത്തിലേക്ക് മാറിയത്. എല്ലാം പഴയ പടിയാക്കി അക്കാലത്തെ റൂട്ടു മാപ്പും പ്രോട്ടോക്കോളും കണ്ടൈന്‍മെന്റ് സോണുമെല്ലാം മാറി വേഗമാപിനിയുടെ വളവും തിരിവും സംബന്ധിച്ച് സംവാദങ്ങളിലാകുമ്പോഴാണ് ഓര്‍മകളെയെല്ലാം ഒരു ഫ്രെയിമിലാക്കി രണ്ട് മണിക്കൂര്‍ സമയം പിടിച്ചിരുത്തി ചിന്തകളുടെ പഴയ കിതപ്പിലേക്ക് ഈ സിനിമ നയിക്കുന്നത്. പൊലീസിനു മുന്നില്‍ പഴം വാങ്ങാന്‍ പോയ ചെറുപ്പക്കാരന്‍ പ്രതിയായ വൈറല്‍ കഥ കൊണ്ട് ആഘോഷിച്ചപ്പോള്‍ ആരും കരുതിയില്ല ഇനി കഴിക്കുന്ന ആഹാരവും സ്ഥിരമായ തൊണ്ടി മുതലായി മാറുമെന്ന്. ഒരു പന്തല്‍ പണിക്കാരന്റെ ബിരിയാണിയടങ്ങിയ ചെമ്പ് തൊണ്ടി മുതലായി മാറുന്ന സ്‌ക്രീനില്‍ നിന്ന് ശാരീരിര അകലത്തിന്റെ കഥ പറഞ്ഞു തുടങ്ങുന്ന സിനിമ പിന്നങ്ങോട്ട് മനുഷ്യാനുഭവങ്ങളുടെ നോവും നൊമ്പരങ്ങളും നിറഞ്ഞു നില്‍ക്കുകയാണ്.
തീരദേശത്തെ മനുഷ്യ ജീവിതത്തിന്റെ കൊടുക്കലും വാങ്ങലും, സ്‌നേഹവും പരപ്പും, ആര്‍ത്തലക്കുന്ന തിരമാലകള്‍ക്ക് മുന്നില്‍ ശാന്തി തേടി രാത്രി കിടത്തം നടത്തി സങ്കടമകറ്റുന്ന മനുഷ്യന്‍, സഹോദരിയുടെ ദാമ്പത്യ ജീവിതത്തിന്റെ ഉറപ്പും പ്രയാസങ്ങളും, നാട്ടിലെന്തെങ്കിലും ജോലിചെയത് ജീവിക്കാനാഗ്രഹിക്കുന്ന ചെറുപ്പങ്ങള്‍, ഗള്‍ഫ് പ്രവാസത്തിലൂടെ കുടുംബം കെട്ടിയെടുക്കുന്ന സാധാരണക്കാരന്‍-അവനെയും മകനെയും ചേര്‍ത്ത് പിടിച്ച് സ്‌നേഹത്തിന്റെ അലകള്‍ തീര്‍ക്കുന്ന ബന്ധം അങ്ങനെ ജീവിതങ്ങളുടെ ഇടയിലേക്ക് കടന്നുവരുന്ന പ്രോട്ടോകോളുകളെ ബന്ധങ്ങള്‍ക്കായി മറികടക്കുന്നതാണ് 'കഠിനകഠോരമീ അണ്ഡകടാഹം'.
ബേസില്‍ പകര്‍ന്നാടിയ ബച്ചു എന്ന കഥാപാത്രം ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിയെടുക്കാന്‍ പ്രയാസപ്പെടുന്ന ഓരോരുത്തരുടേയും ജീവിതമാണ്. കാലം രോഗം കൊണ്ടും വേഗം കൊണ്ടും പരീക്ഷിക്കുമ്പോള്‍, കാലത്തിനനുസരിച്ച് കച്ചവടത്തെ മാറ്റിപ്പിടിച്ച് അല്‍പം പണം കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍ അവിടെ പൊട്ടുന്നത് മാസ്‌കിന്റെ ചരടല്ല, മറിച്ച് ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളാണ്. കൂട്ടുകാരന്റെ ഭാര്യയുടെ സ്വര്‍ണം പണയത്തിലാക്കി പണം നേടുമ്പോഴും തന്നെ ആദ്യം സഹായിച്ചവനെ ആദ്യം പരിഗണിച്ച് കച്ചവടത്തിന്റെ ലാഭം എങ്ങനെ ഉപയോഗിക്കണമെന്ന് പഠിപ്പിച്ച് കൂട്ടുകാരനെ സമാധാനിപ്പിക്കുന്ന നമുക്കിടയില്‍ ജീവിക്കുന്ന തനി മനുഷ്യന്‍. ഒടുവില്‍ പൊട്ടിപ്പോകുന്ന മാസ്‌ക് തന്റെ ജീവിതത്തില്‍ വില്ലനാകുമ്പോള്‍ തോല്‍വി അഭിനയിച്ച് പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ എല്ലാം തകിടം മറിയുകയാണ്. പിന്നെ വില്ലന്‍ പ്രോട്ടോക്കോളാണ്. സിനിമയെ നയിക്കുന്നതത്രയും പ്രോട്ടോക്കോളാണ്.
ഈ നിബന്ധനകള്‍ പണത്തിനും സ്വാധീനത്തിനും വഴങ്ങി മറുന്നുവെന്ന രാഷ്ട്രീയ ബോധവും പ്രതിഷേധവും കൊണ്ട് സിനിമ അതിന്റെ നിലപാടിനും അടിവരയിടുന്നു. ഒരു വാര്‍ഡില്‍ വരുന്ന കൊറോണ വൈറസ് അടുത്ത വാര്‍ഡില്‍ പ്രവേശിക്കാത്ത മാജിക്കിനെ ലോജിക്ക് വെച്ച് ചോദ്യം ചെയ്യുന്ന രാഷ്ട്രീയം. ഒരോ കഥാപാത്രവും നമുക്കിടയില്‍ ജീവിക്കുന്നവരാക്കി മാറ്റുന്ന കഥയെഴുത്ത് നടത്തിയിരിക്കുന്നു ഹര്‍ഷദ്. ഇന്ദ്രന്‍സിന്റെ കഥാപാത്രം തീര്‍ക്കുന്ന വൈകാരികത ആ നടന്റെ അഭിനയ മേലൊപ്പിന് നിറം കൂട്ടുന്നു. കഥയുടെ മുന്നോട്ടുള്ള സഞ്ചാരത്തെ ഒരു ചെറിയ ഫോണിലൂടെ നയിച്ച് പ്രവാസത്തിന്റെ മണവും രുചിയും പ്രേക്ഷകനിലേക്ക് എത്തിക്കുന്നു ശ്രീജ രവി. പ്രോട്ടോക്കോളിലൂടെ മാറിമറിയുന്ന ജീവിതത്തെ നമുക്കിടയിലേക്കിറക്കി വെക്കുന്ന ശ്രീജ രവി പകര്‍ത്തിയ ഉമ്മ കഥാപാത്രം പള്ളിക്കാട്ടിലേക്ക് പടരുന്ന പ്രണയത്തിന്റെ ശ്വാസമാണ് പകരുന്നത്. അര്‍ജുന്‍ സേതു, എസ്. മുണ്ടോള്‍ എന്നിവര്‍ ചേര്‍ന്ന് പകര്‍ത്തിയ ദൃശ്യങ്ങള്‍ ആസ്വാദകന് മുന്നില്‍ വന്ന് പതിക്കുകയാണ്. മു.രിയും, ഷര്‍ഫുവും ഉമ്പാച്ചിയും രചിച്ച വരികള്‍ക്ക് ഗോവിന്ദ് വസന്ത സംഗീതമിട്ടപ്പോള്‍ ആസ്വാദനത്തിന് മാറ്റ് കൂടി. ബന്ധനങ്ങള്‍ തീര്‍ത്ത കാലത്ത് ബന്ധങ്ങള്‍ കൊണ്ട്, വന്നുവീണ പ്രേട്ടോക്കോളുകളെ മറികടന്ന തീരദേശ ജീവിതത്തിലൂടെ കാലത്തെയും കാലഘട്ടത്തെയും അണിയിച്ചൊരുക്കിയ മുഹാഷിന്റെ സംവിധാനം സിനിമക്ക് കയ്യടി നേടിക്കൊടുക്കുന്നുണ്ട്.