കൊമ്മ: ചോദ്യംചെയ്യപ്പെടുന്ന അടിമയുടമ അധീശത്വം
മനുഷ്യന്‍ എന്നും കഥകള്‍ തേടിക്കൊണ്ടിരുന്നു. ചുറ്റുമുള്ള മനുഷ്യരിലേക്കും പ്രകൃതിയിലേക്കും നോക്കുമ്പോള്‍ അവന് കഥകള്‍ കിട്ടിക്കൊണ്ടിരുന്നു. ഒരിടത്ത് സങ്കടക്കടല്‍ നീന്തി കടക്കുമ്പോഴും അവനില്‍ കഥകള്‍ നിറയും. ചിലപ്പോള്‍ അവനില്‍ ഓരോ കാഴ്ചയും ഓരോ കഥയും നല്‍കും. - ജംഷീറ മറിയം എഴുതിയ 'കൊമ്മ' കഥാ പുസ്തകത്തിന്റെ വായന
''വന്നു ചേരുകയല്ല.. ചേര്‍ക്കപ്പെടുകയായിരുന്നു ഉല്‍പത്തിയുടെ കണ്ണികള്‍ വീണ്ടും... ജീവോല്‍ പത്തിയുടെ...'
മനുഷ്യന്‍ എന്നും കഥകള്‍ തേടിക്കൊണ്ടിരുന്നു. ചുറ്റുമുള്ള മനുഷ്യരിലേക്കും പ്രകൃതിയിലേക്കും നോക്കുമ്പോള്‍ അവന് കഥകള്‍ കിട്ടിക്കൊണ്ടിരുന്നു. ഒരിടത്ത് സങ്കടക്കടല്‍ നീന്തി കടക്കുമ്പോഴും അവനില്‍ കഥകള്‍ നിറയും. ചിലപ്പോള്‍ അവനില്‍ ഓരോ കാഴ്ചയും ഓരോ കഥയും നല്‍കും.
'ഒരു കൈയില്‍ ആത്മാവ് വേര്‍പെട്ട ഉടലും താങ്ങി അതിന്റെ ഭാരം താങ്ങാന്‍ ആവാതെ ഒടിഞ്ഞു തൂങ്ങിയ കാലും വലിച്ചുആ ഒറ്റക്കാലന്‍ കാക്ക മുടന്തി അതിലേ നടന്നു. ഒറ്റക്കാലുള്ള ബലിക്കാക്ക എന്ന കഥയില്‍ ഈ ബലിക്കാക്ക നമ്മുടെ ഉള്ളില്‍ നിറയുന്നു. ജംഷീറ മറിയം എന്ന കഥാകാരിയുടെ കൊമ്മ എന്ന കഥാ സമാഹാരം ബാഷോ ബുക്‌സ് ആണ് പുറത്തിറക്കിയത്. കുറച്ചു നല്ല കഥകള്‍, നല്ല ഭാഷ, സൂക്ഷ്മമായ ജീവിത നിരീക്ഷണങ്ങള്‍ ഈ പുസ്തകത്തില്‍ കാണാം.
ഏഴു ചെറുതും വലുതുമായ കഥകളുടെ മനോഹരമായ ഒരു സമാഹാരമാണ് 'കൊമ്മ' എന്ന കഥാ പുസ്തകം. ഓരോ കഥയിലും ജംഷീറ തന്റെതായ ഒരു കൈയൊപ്പ് ചാര്‍ത്തിയിരിക്കുന്നു എന്ന് വായനയിലൂടെ കടന്നുപോകുമ്പോള്‍ ബോധ്യപ്പെടും.
പ്രകൃതിയും അവിടത്തെ അന്തേവാസികളുമാണ് കഥയുടെ പൊതുവായ ആകര്‍ഷണം. 'നബിദിനം' എന്ന കഥ നോക്കുക: 'തവളയുടെ കൂട്ടക്കരച്ചില്‍ പുലര്‍ച്ചയിലേക്ക് കേട്ടാണ് ഷംന ഉണര്‍ന്നത്.... വെള്ളം വറ്റുമ്പോള്‍ അവയെല്ലാം എങ്ങോട്ട് പോകുമെന്നാലോചിച്ചു അവള്‍ ഉറക്കമിളച്ചിട്ടുണ്ട്.' കുറ്റിക്കാടും പാമ്പുകളും ക്ഷുദ്രജീവികളും നിറഞ്ഞ മദ്രസവഴി പാമ്പിനെപോലെ വളഞ്ഞുപുളഞ്ഞുപോകുന്ന നടവഴിയാണ്. കുറുന്തോട്ടി, കമ്യൂണിസ്റ്റപ്പ, തൊട്ടാവാടി, കരിങ്കുറിഞ്ഞി, മുക്കുറ്റി തുടങ്ങിയ സസ്യങ്ങളുടെ നിഗൂഢ വാസം നമ്മെ ആ കുറ്റിക്കാട്ടിലേക്ക് എങ്ങനെ കൊതിപ്പിക്കാതിരിക്കും?
'ഒറ്റപ്പച്ചമരം' എന്ന കഥയില്‍ മരുഭൂമിയാണ് കഥാപ്രതലം. ഇഷാക്കിന്റെ യാത്രയിലേക്ക് കയറിവന്ന അപരിചിതന്‍ ആരാണെന്ന ഉത്തരംതേടുമ്പോള്‍ ഭാഷയും ജീവിതസമസ്യകളും വായനയെ കീഴ്‌പ്പെടുത്തുന്നു.
'ഒറ്റക്കാലുള്ള ബലിക്കാക്ക' മരണാനന്തരവുംഅമ്മയ്ക്ക് മകനിലേക്ക് നീളുന്ന കാരുണ്യം വ്യത്യസ്തമായി പറഞ്ഞുവെയ്ക്കുന്നു. കുളിക്കടവ് പുരാണം സ്ത്രീകളുടെ മാത്രം കുത്തകയായ ഒരു പ്രത്യേകലോകത്തെ വരച്ചുകാട്ടുന്നു.കുളിക്കടവില്‍ കണ്ടുമുട്ടുന്ന നിരവധി സ്ത്രീ കഥാപാത്രങ്ങള്‍ക്കും ബംഗ്ലാവിന്റെ നിഗൂഢതയില്‍ ഒളിച്ചിരിക്കുന്ന സായിപ്പിനും ഒക്കെ ഒരുപാട് കഥകള്‍ പറയുവാനുണ്ട്.
'കൊമ്മ'യാണ് ഈ കൊച്ചുപുസ്തകത്തിലെ ഏറ്റവും ആകര്‍ഷകമായ കഥ എന്ന് എനിക്ക് തോന്നുന്നു. ഇരുട്ട് വാരിപ്പുതച്ച്ആലിക്കെട്ടിലെ നിഗൂഢതയില്‍ വസിക്കുന്ന ബാംഗ്ലാവും ആനന്ദംകല്ലും കൊമ്മക്കയവും മാത്രമല്ലനരിച്ചീറുകളും കുറുക്കന്‍മാരും കുളക്കോഴികളും വവ്വാലുകളും പാമ്പുകളും ചെന്നായകളുമൊക്കെ കൊമ്മയിലെ അന്തരീക്ഷത്തെ ഒന്നാകെ പനിപിടിപ്പിക്കുന്നുണ്ട്. മോണ്‍സണ്‍ സായിപ്പും മകന്‍ എഡിസണ്‍ സായിപ്പും പത്‌നി എലിസയും കൂടി ചേര്‍ന്നാലേ കൊമ്മയുടെ അന്തരീക്ഷം പൂര്‍ണ്ണമാകൂ.
ഇനി 'വേരില മൂടിയ മനുഷ്യന്‍'എന്ന കഥ നോക്കാം. 'കൊറ്റന്റെ കൈയില്‍നിന്നും വടി മേടിച്ചു ഗജേന്ദ്രന്‍ ആ കാളയുടെ തൊലിപ്പുറത്തേക്ക് ആഞ്ഞടിച്ചു. കൂടിയ ആള്‍ക്കൂട്ടത്തില്‍ പലരുടെയും കൈയില്‍ വലിയ വടികള്‍ ഉണ്ടായിരുന്നു. എല്ലാവരുംകൂടിഉന്തിയും തള്ളിയും തല്ലിയും അതിനെ പുഴയുടെ ഒഴുക്കിലേക്ക് അടുപ്പിച്ചു. നിസ്സഹായതോടെ കൊറ്റന്റെ കണ്ണിലേക്ക് ഒരു നോട്ടമെറിഞ്ഞുകൊണ്ട് വെള്ളത്തില്‍ മുങ്ങിയും പൊങ്ങിയും ഒഴുകിയൊഴുകി ദൂരെ ഒരു പൊട്ടായി വെറുമൊരു കുമിളയായി ആ മിണ്ടാപ്രാണി അവശേഷിച്ചു.' അടിമയുടെമേല്‍ ഉടമയ്ക്കുള്ള അധീശത്തിനെതിരെ തൂലിക ചലിപ്പിക്കുകയാണ്കഥാകാരി. അടിമയായ കൊറ്റനും പ്രാകൃതനിയമം നടപ്പാക്കിയ ഉടമകളിലൊരാളായി കണ്ണിചേര്‍ക്കപ്പെട്ടതെങ്ങനെയെന്ന് ജംഷീറയിലെ എഴുത്തുകാരി സമര്‍ഥമായി പറഞ്ഞുവെക്കുന്നു ഇക്കഥയിലൂടെ. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടുവാന്‍ പാടുപെടുന്ന കൊറ്റനെപ്പോലെയുള്ള കഥാപാത്രങ്ങള്‍ നമ്മുടെ ഉള്ളത്തെ കരുണ കൊണ്ട് നിറക്കുന്നു. കനകാംബരംഎന്ന പെണ്‍കുട്ടി അങ്ങനെയാണ് ഹൃദയം കവരുന്നത്. ഒരാളിലേക്ക് നാം താദാത്മ്യം പ്രാപിക്കുമ്പോള്‍ അയാളുടെ ഇല്ലായ്മ നമ്മളെ തന്നെ ഇല്ലാതാക്കുന്നു.
'കനകാംബരം' എന്ന കഥയിലൂടെ കടന്നുപോകുമ്പോള്‍ മനുഷ്യബന്ധങ്ങളില്‍ വരുന്ന അവസ്ഥാപരിണാമങ്ങളും അതിനിടയാക്കുന്ന മാനുഷിക സാഹചര്യങ്ങളും നിസ്സഹായതകളുമൊക്കെ കൈയടക്കത്തോടെ കഥാകാരി ആവിഷ്‌കരിച്ചിരിക്കുന്നത് കാണാം. കഥയിലെ നായികയെ തന്റെ ജീവിതപരിസരത്തിലെ സുഗന്ധമായി നായകന്‍ മനസാ പരിരംഭണം ചെയ്ത് യാത്ര തുടങ്ങവേ പെട്ടെന്നൊരു നാള്‍ ആ പൂ വാടിക്കൊഴിഞ്ഞു മണം നഷ്ടപ്പെട്ടതിന്റെ വേദന നായകനൊപ്പം വായനക്കാരെയും പിടികൂടുന്നു.
ജംഷീറയുടെ തൂലിക കരുത്തുറ്റതാണ്. പ്രകൃതിയെ, അതിന്റെ താളത്തെ,താളഭംഗത്തെ, അതിലെ അന്തേവാസികളെ ഒക്കെ സൂക്ഷ്മമായി അവതരിപ്പിക്കാന്‍ ജംഷീറക്കുള്ള പാടവത്തെ അഭിനന്ദിക്കാതെ വയ്യ. ജംഷീറയുടെ ഈ അടയാളപ്പെടുത്തല്‍ അത്രമേല്‍ ശക്തമാണ്. ഭാഷപരമായും ആശയപരമായും വിഷയങ്ങളുടെ തെരഞ്ഞെടുപ്പിലെ വത്യസ്തത കൊണ്ടും. കൊമ്മ എന്ന പുസ്തകം ഇനിയും ഏറെ വായിക്കപ്പെടേണ്ടതും ചര്‍ച്ച ചെയ്യപ്പെടേണ്ടതുമാണ് എന്ന് നിസ്സംശയം പറയാം.
(എഴുത്തുകാരയ അന്‍വര്‍ ഹുസൈനും ഷമീമ ഷഹനായിയും ചേര്‍ന്നെഴുതിയതാണ് ആസ്വാദന കുറിപ്പ്)