ചേലകളുടെ അലിഖിത രാഷ്ട്രീയവും, ചില ഡിജിറ്റല്‍ ആകുലതകളും

| വായന

Update: 2024-03-08 15:51 GMT
Advertising

ഡിജിറ്റല്‍ കാലഘട്ടത്തിലെ സൈബര്‍ വ്യവഹാരങ്ങളില്‍ ജീവിക്കുന്നവര്‍ എന്തു മാത്രം ജാഗരൂകരായിരിക്കണമെന്ന് ഓര്‍മപ്പെടുത്തുന്നതാണ് കൃപ അമ്പാടിയുടെ 'ഇരുന്തത് ഒരേയൊരു ചേല' എന്ന കഥ. എന്നുമാത്രമല്ല, അത്തരമൊരു സാഹചര്യത്തില്‍ ജീവിതസംഹിതകളുംപ്രണയ- പ്രണയേതര വികാരങ്ങളും, കാഴ്ചപ്പാടുകളുമെല്ലാം എപ്രകാരം ഡിജിറ്റലൈസ് ചെയ്യപ്പെടുന്നുവെന്നതും ഈ കഥയില്‍ പരിശോധിക്കപ്പെടുന്നു.

കഥയിലെ കനിമൊഴിയെന്ന കഥാപാത്രം പരമദരിദ്ര; പരമദരിദ്രയായ അവള്‍ക്ക്, 'ഇരുന്തത് ഒരേയൊരു ചേല''... ഉടുത്തുപഴകിച്ചുരുണ്ട ആ ചേലയാകട്ടെ, എണ്ണംകൊണ്ടും, അവസ്ഥകൊണ്ടും വേണ്ടിടത്തും വേണ്ടാത്തിടത്തുമെല്ലാം അവളുടെ ഇല്ലായ്മയെ ഉദ്‌ഘോഷിക്കുന്നു. എന്നാല്‍, ഈ കഥ കനിമൊഴിയുടേയോ, അവള്‍ക്ക് ആകെയുണ്ടായിരുന്ന ഒരേയൊരു ചേലയുടെയോ കഥയല്ല. കഥയുടെ തുടക്കത്തിലെ സ്വപ്നരംഗത്തില്‍ വെള്ളത്തില്‍ നനഞ്ഞു കുതിര്‍ന്ന ആ ഒരൊറ്റച്ചേലയവള്‍ പിഴിഞ്ഞുകുടഞ്ഞു വീണ്ടും ധരിക്കുന്നതോടെ അവളും അവളുടെ ഒരേയൊരു ചേലയും കഥയുടെ മെയിന്‍ ഫ്രെയിമില്‍നിന്നും പുറത്താകുന്നു. അവിടം മുതല്‍, കഥയുടെ ശീര്‍ഷകത്താല്‍ പ്രേരിതമായ, വായനക്കാരുടെ മുന്‍വിധികളെയും, തീര്‍പ്പുകളെയും അമ്പരപ്പിച്ചു കൊണ്ട് തീര്‍ത്തും അപരിചിതമായ മറ്റൊരു സരണിയിലൂടെ സഞ്ചരിക്കുകയാണ് കഥാശരീരവും, ഒപ്പം വായനക്കാരും.

ഡിജിറ്റല്‍ രതിജീവിതത്തില്‍ തനിക്കും കെണികളേറെയുണ്ടെന്ന കാര്യത്തില്‍ അവള്‍ ബോധവതിയാണ്. സമൂഹത്തിന്റെ അബോധമനസ്സില്‍ ജനിതകമാറ്റം വരാതെ തുടരുന്ന യാഥാസ്ഥിതിക സദാചാര ബോധമാവട്ടെ, ഏകപക്ഷീയമായി അത്തരക്കാര്‍ക്ക് പതിത്വം വിധിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണല്ലോ ഡിജിറ്റല്‍ ആനുകൂല്യങ്ങള്‍ ആസ്വദിക്കുന്നവരാണെങ്കില്‍പ്പോലും 'മതിലകത്ത് ഫാമിലി ഗ്രൂപ്പ് '-ഉം, സൗഹൃദങ്ങളും, രേഷ്മ ഡോക്ടറുംജോലി ചെയ്യുന്ന സ്ഥാപനവും, എന്തിന്, സ്വന്തം അമ്മ പോലും ധാനിഷിനെ അസ്പൃശ്യനാക്കിയത്..

നേരത്തേ സൂചിപ്പിച്ചതുപോലെ,കഥാനായകനായ ധാനിഷ് കാണുന്ന ഒരു സ്വപ്നരംഗമാണ് കഥയുടെ തുടക്കം. പെരിയാറിന്റെ നിലയില്ലാച്ചുഴികളിലൊന്നില്‍ച്ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുകയാണ്, സ്വപ്നത്തിലയാള്‍. അയാള്‍ താമസിക്കുന്ന ഫ്‌ളാറ്റിലെ ജൈവപാഴ്വസ്തുക്കള്‍ ശേഖരിച്ച് നീക്കം ചെയ്യാനെത്തുന്ന കനിമൊഴിയും, അവളുടെ മകനും ചേര്‍ന്ന് അയാളെ മരണക്കയത്തില്‍ നിന്നും ജീവിതത്തിലേയ്ക്ക് വലിച്ചടുപ്പിക്കുന്നു. മാറ്റിയുടുക്കുവാന്‍ മറ്റൊന്നില്ലാത്തതിനാല്‍ ഉടുത്തുടുത്ത് ചുരുണ്ട് പഴകിയ, തനിക്ക് ആകപ്പാടെയുള്ള ഒരേയോരു ചേല എറിഞ്ഞു കൊടുത്താണ് സ്വപ്നത്തില്‍ കനിമൊഴി അയാളുടെ രക്ഷകയായത്.

സ്വപ്നത്തില്‍ ധാനിഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കില്‍ അതിനൊരു കാരണവും ഉണ്ട്. അയാളും, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് വഴി സൃഷ്ടിച്ചെടുക്കപ്പെട്ട ഒരു നിര്‍മിത സുന്ദരിയും ഉള്‍പ്പെട്ട പോണ്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന്റെ ആഘാതത്തിലാണ് ധാനിഷ്. തുടര്‍ന്ന്, ബന്ധുക്കള്‍ ഉള്‍പ്പെട്ട കുടുംബക്കൂട്ടായ്മകളിലും, സൗഹൃദ കൂട്ടായ്മകളിലും നിന്ന്മാത്രമല്ല, ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നുവരെ അയാള്‍ ഒഴിവാക്കപ്പെടുന്നു. അയാള്‍ ഉള്ള ലിഫ്റ്റില്‍ കയറുവാന്‍വരെ പരിചയക്കാര്‍ വൈമുഖ്യം കാണിക്കുന്നു. എല്ലാവരാലുമുള്ള ഒറ്റപ്പെടുത്തലില്‍ നിന്നും, കടുത്ത അപമാനഭാരത്തില്‍ നിന്നും രക്ഷപ്പെടുവാന്‍ ഒരുപക്ഷേ അയാളുടെ ഉപബോധമനസ്സ് ഉപദേശിച്ച പോം വഴിയാകാം, സ്വപ്നത്തിലെ ആത്മഹത്യാശ്രമം.

സൈബറിടങ്ങളുടെ ഭ്രമാത്മക സാധ്യതകളില്‍ മതിമറക്കുന്ന ഒരു കാലഘട്ടത്തിന്റെ പരിച്ഛേദമാണ് ഈ കഥ എന്നു വേണമെങ്കില്‍ പറയാം. മൂന്നു പതിറ്റാണ്ട് പിന്നില്‍നടക്കുന്ന ഒരു മനസ്സുംവച്ചുകൊണ്ട് ഈ കഥ വായിക്കാനൊരുമ്പെടരുത്. മാത്രമല്ല, അലസവായനയെ നിര്‍ദാഷിണ്യം നിരാകരിക്കുകയും ചെയ്യുന്നു ഈ കഥ. കഥയുടെ പ്രാരംഭത്തിലുള്ള സ്വപ്നരംഗം പോലും സൂക്ഷ്മവായന ആവശ്യപ്പെടുന്നു. കാരണം, തുടക്കത്തിലെ ആ സ്വപ്ന രംഗവിവരണത്തില്‍, പിന്നീട് കഥയുടെ ആത്മാവും അന്തര്‍ധാരയുമായി ഭവിക്കുന്ന രണ്ട് ഘടകങ്ങള്‍ സമര്‍ഥമായി സന്നിവേശിപ്പിക്കപ്പെട്ടിരിക്കുന്നു.

മൊബൈല്‍ ഫോണില്‍ ഫോര്‍വേഡ് ചെയ്ത് കിട്ടിയ പോണ്‍ വീഡിയോയിലെ പുരുഷ കഥാപാത്രം തന്റെ ആണ്‍സുഹൃത്തായ ധാനിഷ് ആണെന്നു കാണുമ്പോള്‍ എല്ലാ പ്രണയികളെയും അത്തരം സന്ദര്‍ഭത്തില്‍ ആവേശിക്കാറുള്ള സ്വാര്‍ത്ഥതാഭരിതമായ കുശുമ്പ് അവളെയും ആവേശിക്കുന്നു. അതുകൊണ്ടാവാം, പണ്ടു കേട്ട കഥയിലെ ഗോപികമാരെപ്പോലെ വീഡിയോയിലെ നിര്‍മിതസുന്ദരി ധാനിഷിനോട് തുണി യാചിച്ചു കരഞ്ഞപ്പോള്‍, അവന്‍ അവള്‍ക്ക് തുണിയെറിഞ്ഞു കൊടുത്തപ്പോള്‍ അവള്‍ അസ്വസ്ഥയാകുന്നതും, തന്റെ രാഷ്ട്രീയം ഭേദഗതി ചെയ്യുന്നതും. 

ഇതില്‍ ഒന്നാമത്തെ ഘടകം രതി കര്‍മങ്ങളുടെ കാവ്യാത്മകമായ പരോക്ഷ വര്‍ണ്ണനകളാണ്. അടിവയറ്റിലിഴയുന്ന ചെറുപുല്ലുകളുടെ നിരതെറ്റിക്കാന്‍ വലത്തോട്ടു തിരിയുന്ന പെരിയാറിന്റെ പൊക്കിള്‍ച്ചുഴിയിലേക്ക് ധാനിഷ് കൊതിയോടെ നോക്കുന്നതും, ആഴമളക്കാന്‍ ആ പൊക്കിള്‍ച്ചുഴിയിലേയ്ക്ക് അവന്‍ എടുത്തു ചാടുന്നതും, വീറും പേറുമുള്ളവളുടെ പൊക്കിള്‍ച്ചുഴി ഏതു പോന്നവനേയും മുക്കിക്കൊല്ലുവാന്‍ പോന്നതാണെന്ന് നിരൂപിക്കുന്നതുമായ ഭാഗം നോക്കൂ. ഇവിടെ, രതികാമനയെ വ്യംഗ്യാത്മകമായി ഉദ്ദീപിപ്പിക്കുന്ന പൊക്കിള്‍ച്ചുഴിവര്‍ണ്ണനയും അതിലേയ്ക്കുള്ള ഒരുവന്റെ എടുത്തു ചാട്ടവും മരണോന്മുഖമായ വിരക്തിയുടെ ചിത്രമല്ല, മറിച്ച് രതികല്‍പിതമായ ആസക്തിയുടെ ചിത്രമാണ് വായനക്കാരുടെ മനസ്സില്‍ വരച്ചിടുന്നത്. ഇത് ഒന്നു മാത്രമല്ല; കഥയിലുടനീളമുണ്ട് കാവ്യാത്മകമധുരവും ലഹരിയും പേറി അക്ഷരങ്ങളില്‍ അന്തിക്കള്ളു പോലൊഴുകുന്ന രതിവര്‍ണ്ണനകളും, നിരീക്ഷണങ്ങളും. വെളുപ്പാന്‍കാലത്ത് ധാനിഷിന്റെ ചുണ്ട് കിട്ടുവാന്‍ ആവി പൊക്കിക്കിടന്ന് ഒടുക്കം തിളച്ചു വറ്റേണ്ടി വന്ന കാപ്പിയുടെ വര്‍ണ്ണന മറ്റൊരുദാഹരണം. 


കൃപ അമ്പാടി

ഇനി രണ്ടാമത്തെ ഘടകം പറയാം. ലോകം നൂറ്റൊന്ന് ശതമാനം digitalize ചെയ്യപ്പെട്ടു എന്നു തന്നെയിരിക്കട്ടെ; അപ്പോള്‍പോലും വ്യക്തികളും സമൂഹവും പഴകിയും പരിശീലിച്ചും പോരുന്ന ചില യാഥാസ്ഥിതിക സദാചാരസങ്കല്‍പങ്ങള്‍ക്ക് സാഹചര്യാനുസൃതമായ genetic mutation സംഭവിക്കുന്നില്ലയെന്നതാണ് അത്. ഈ ഘടകവും വളരെ തന്മയത്വപൂര്‍വ്വം കഥയില്‍ ഇഴചേര്‍ത്തിരിക്കുകയാണ് കഥാകാരി. ഡിജിറ്റല്‍ ലൈംഗികതയിലുള്ള വ്യാപക തല്‍പരത തന്നെയാണ് സമൂഹമാധ്യമങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ അല്‍ഗോരിതമാവുന്നതും. പുതിയ തലമുറയാകട്ടെ, വ്യവസ്ഥാപിത ലൈംഗിക സങ്കല്‍ഋപങ്ങളിലെ യാഥാസ്ഥിതികതയെ വെല്ലുവിളിക്കുകയും, നിരാകരിക്കുകയും ചെയ്തുകൊണ്ട് ഏതാണ്ടൊരു നിഷേധാത്മക ഭാവത്തോടെ, തുറന്ന സൈബറിടങ്ങളില്‍ ഡിജിറ്റല്‍ ലൈംഗികത ആഘോഷമാക്കുന്നു. പക്ഷേ, അപ്പോഴും ആഘോഷകരുടെ അബോധമനസ്സ് സമൂഹവിചാരണയെ അങ്ങേയറ്റം ഭയപ്പെടുന്നു. കഥാനായകനായ ധാനിഷ് പനിച്ചുവിറച്ചു കിടക്കുന്നതും, സ്വപ്നത്തില്‍ ആത്മഹത്യാ പ്രേരിതനാവുന്നതും അക്കാരണത്താലാണ്. അയാളുടെ പെണ്‍സുഹൃത്ത് ദില്‍ഷയും സൈബര്‍ സെക്‌സിലും ഡിജിറ്റല്‍ ഓര്‍ഗാസത്തിലും ലഹരി തിരയുന്നവളാണ്. അവളും പക്ഷേ സമൂഹത്തിന്റെ സദാചാര സംഹിതകളുടെ ചൂണ്ടുവിരലിനെ ഭയക്കുന്നു. അതുകൊണ്ടാണല്ലോ സ്വന്തം ഫോണിലെ സ്വകാര്യദൃശ്യങ്ങളും മറ്റും ഡിലീറ്റ് ചെയ്ത് സുരക്ഷിതയെന്ന് സ്വയം സമാധാനിക്കുന്നത്! എങ്കിലും ഡിജിറ്റല്‍ രതിജീവിതത്തില്‍ തനിക്കും കെണികളേറെയുണ്ടെന്ന കാര്യത്തില്‍ അവള്‍ ബോധവതിയാണ്. സമൂഹത്തിന്റെ അബോധമനസ്സില്‍ ജനിതകമാറ്റം വരാതെ തുടരുന്ന യാഥാസ്ഥിതിക സദാചാര ബോധമാവട്ടെ, ഏകപക്ഷീയമായി അത്തരക്കാര്‍ക്ക് പതിത്വം വിധിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണല്ലോ ഡിജിറ്റല്‍ ആനുകൂല്യങ്ങള്‍ ആസ്വദിക്കുന്നവരാണെങ്കില്‍പ്പോലും 'മതിലകത്ത് ഫാമിലി ഗ്രൂപ്പ് '-ഉം, സൗഹൃദങ്ങളും, രേഷ്മ ഡോക്ടറുംജോലി ചെയ്യുന്ന സ്ഥാപനവും, എന്തിന്, സ്വന്തം അമ്മ പോലും ധാനിഷിനെ അസ്പൃശ്യനാക്കിയത്..

കനിമൊഴിയ്ക്ക് ഇരുന്ത ഒരേയൊരുചേലയിലടക്കം ഈ കഥയില്‍ പലയിടത്തും പരാമര്‍ശിക്കപ്പെടുന്ന ചേലകളില്‍ അലിഖിതമായ രാഷ്ട്രീയമുണ്ട്. ആ രാഷ്ട്രീയം വ്യവസ്ഥിതിയിലോ, അവസ്ഥകളിലോ അനുഭവപ്പെടുന്ന അപാകതകളിലും അസന്തുലനത്തിലുമുള്ള അസംതൃപ്തിയുടെ ബഹിര്‍സ്ഫുരണം ആണ്. കനിമൊഴിയ്ക്ക് ആകെപ്പാടെയുള്ള ഒരൊറ്റച്ചേല ഉടുത്തു പഴകിയതും ചുരുണ്ടു കൂടിയതുമാണ്. ആ ചേല അവളുടെ ഇല്ലായ്മ എന്ന അവസ്ഥയുടെ പ്രതീകമാണ്. ചേലയുടെ പ്രതീകാത്മകദൗത്യങ്ങള്‍ ഇവിടംകൊണ്ട് തീരുന്നില്ല. സ്വപ്നരംഗത്തില്‍, ചുഴിയില്‍ മുങ്ങിത്താഴുന്ന ധാനിഷിന്, തന്റെ നാണം മറയ്ക്കാന്‍ ആകപ്പാടെയുള്ള ഒരേയൊരു ചേല കനിമൊഴി അഴിച്ചു പറിച്ച് എറിഞ്ഞു കൊടുക്കുമ്പോള്‍ അവിടെ നിരുപാധിക മാനുഷികതയുടെ ഉദാത്തസന്ദേശമാകുകയാണ് ആ ചേല. ചേലയുടെ ഒരറ്റത്ത് ജീവനു വേണ്ടിയുള്ള പിടിവലി; മറ്റേയറ്റത്ത് കാലുറയ്ക്കാതെ വലയുന്നതും, വലിയുന്നതുമാകട്ടെ, അവളുടെ ജീവിതവും! കയത്തില്‍ വീണവന്റെ വലിച്ചിലില്‍ കാലിടറാതെ പിടിച്ചു നില്‍ക്കുവാന്‍ ആവുന്നത്ര നോക്കിയിട്ടും ഒടുവില്‍ പിടിച്ചു നില്‍ക്കാനാവാതെ കനിമൊഴിയുടെ കാല്‍ ഇടറുന്ന ഘട്ടത്തെ കഥാകൃത്ത് വിശദീകരിക്കുന്നതു നോക്കൂ:

' ഊരുന്നവന്റെ വലിയ ലോകത്തേയ്ക്കുള്ള വലിച്ചിലില്‍ ഉടുക്കാനില്ലാത്തോളുടെ ചെറിയ ലോകത്തിന് കാലുകള്‍ വഴുക്കിത്തുടങ്ങി ' എന്ന് ! എത്ര മനോഹരമായ പരിപ്രേഷ്യം. പക്ഷേ, ഇത് വിളിച്ചു പറയുന്നതോ, അസന്തുലിതമായ വ്യവസ്ഥിതിയുടെ രാഷ്ട്രീയവും! സമ്പന്ന സമൂഹം ഒരുക്കുന്ന ഭ്രമിപ്പിക്കുന്ന ചതിച്ചുഴികളില്‍ വഴുക്കിവീഴുന്നവര്‍ പലപ്പോഴും ദരിദ്രരായ സ്ത്രീകള്‍ ആണ്. കുടല്‍ ചുടുന്ന വിശപ്പും, ഭൂമിയില്‍ അവര്‍ക്ക് നിഷേധിക്കപ്പെട്ട പ്രലോഭനങ്ങളും ഒത്തുപിടിച്ചു വലിക്കുമ്പോള്‍ ആ നിരാലംബരുടെ വിവേകം പതറിയാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല. ഈയൊരു തത്വമാണ് മനോഹരമായ പരിപ്രേഷ്യത്തിലൂടെ കഥാകാരി വരഞ്ഞിട്ടത് ..

ഇനിയുമുണ്ട്.. ബാല്യത്തില്‍, അമ്മ പറഞ്ഞ ഒരു കഥയില്‍, കുളിക്കാനിറങ്ങിയ ഗോപികമാരുടെ ചേല കവര്‍ന്ന് മരക്കൊമ്പിലിരുന്ന് ഓടക്കുഴലൂതിയ ശ്രീകൃഷ്ണന്റെ ചെകിട്ടത്തൊന്ന് പൊട്ടിക്കുവാന്‍ അവരുടെ കൂട്ടത്തില്‍ ഒരുത്തിയുമുണ്ടായില്ലേയെന്ന ദില്‍ഷയുടെ ധാര്‍മികരോഷത്തില്‍, സ്വശരീരത്തെച്ചൊല്ലിസ്ത്രീകള്‍ക്ക് സഹജമായുള്ള ഉത്കണ്ഠകളെയും അരക്ഷിതത്വബോധത്തെയും പൊതിഞ്ഞും പുണര്‍ന്നും ദുരീകരിക്കുന്ന ചേലയെന്ന സുരക്ഷാ പ്രതീകത്തെച്ചൊല്ലിയുള്ള പെണ്‍മനസ്സിന്റെ വേവലാതികളും, പ്രതിഷേധവുമാണ് ചേലയുടെ രാഷ്ട്രീയമാകുന്നത്. എന്നാല്‍, സമാനമായ മറ്റൊരു സാഹചര്യത്തില്‍ അവളുടെ പ്രതികരണം മറ്റൊന്നാണ് - മൊബൈല്‍ ഫോണില്‍ ഫോര്‍വേഡ് ചെയ്ത് കിട്ടിയ പോണ്‍ വീഡിയോയിലെ പുരുഷ കഥാപാത്രം തന്റെ ആണ്‍സുഹൃത്തായ ധാനിഷ് ആണെന്നു കാണുമ്പോള്‍ എല്ലാ പ്രണയികളെയും അത്തരം സന്ദര്‍ഭത്തില്‍ ആവേശിക്കാറുള്ള സ്വാര്‍ത്ഥതാഭരിതമായ കുശുമ്പ് അവളെയും ആവേശിക്കുന്നു. അതുകൊണ്ടാവാം, പണ്ടു കേട്ട കഥയിലെ ഗോപികമാരെപ്പോലെ വീഡിയോയിലെ നിര്‍മിതസുന്ദരി ധാനിഷിനോട് തുണി യാചിച്ചു കരഞ്ഞപ്പോള്‍, അവന്‍ അവള്‍ക്ക് തുണിയെറിഞ്ഞു കൊടുത്തപ്പോള്‍ അവള്‍ അസ്വസ്ഥയാകുന്നതും, തന്റെ രാഷ്ട്രീയം ഭേദഗതി ചെയ്യുന്നതും. സാഹചര്യങ്ങള്‍ സമാനമാണെങ്കില്‍പ്പോലും വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ എന്തുകൊണ്ട് അവയില്‍ വിഭിന്നസമീപനങ്ങള്‍ സ്വീകരിക്കപ്പെടുന്നു എന്ന ചോദ്യത്തിന്റെ ഉത്തരം, ആ വിഷയത്തില്‍ ആ സമയത്തെ നമ്മുടെ മാനസിക ന്യായീകരണത്തിന്റെ പ്രകൃതമാണത് തീരുമാനിക്കുക എന്നതാണ്. ഈ വസ്തുത ഏറ്റവും യുക്തമായി പ്രസ്തുത കഥാസന്ദര്‍ഭത്തില്‍ പ്രയോജനപ്പെടുത്തിയിരിക്കുന്നു.

പ്രണയം മാംസഭോജിയാകാമോ?

ഒരിക്കലും പാടില്ല എന്നായിരുന്നു ചിലരുടെ ശാഠ്യം. മാംസനിബദ്ധമല്ല രാഗം എന്നു പാടിനടന്നിരുന്ന ആ തലമുറയെ ഈ ഡിജിറ്റല്‍ സെക്‌സ് കാലത്ത് ഇനി വംശനാശഭീഷണി നേരിടുന്നവയുടെ റെഡ് ഡാറ്റാ ബുക്ക് -ല്‍ നോക്കിയാല്‍ മതി!

ഈ കഥയിലുമുണ്ട് ഒളിഞ്ഞും തെളിഞ്ഞുമൊരു പ്രണയം. അതിസമര്‍ത്ഥമായി തന്നെ കുടുക്കിയ ഡിജിറ്റല്‍ കെണിയിലും അതുവരുത്തിവച്ച നൂലാമാലകളിലുംപെട്ട് മനസ്സ് അമ്പേ പതറിയ ധാനിഷ്, ആ അവസ്ഥയില്‍ നിന്ന് തന്നെ രക്ഷിക്കുവാന്‍ ഒരേയൊരാളുടെ സാമീപ്യത്തിനും സാന്ത്വനത്തിനും മാത്രമേ കഴിയൂ എന്ന് ഉറച്ചു വിശ്വസിക്കുന്നു. ആ ഒരേയൊരാള്‍ മറ്റാരുമല്ല; അവന്റെ സുഹൃത്തും പ്രണയിനിയുമായ ദില്‍ഷയാണ്. 'പ്രണയിനി ' എന്ന വിശേഷണം കേള്‍ക്കുമ്പോള്‍ ആരെങ്കിലുമൊക്കെ മുഖം ചുളിച്ചേക്കാം. കാരണം, കഥയിലെ ധാനിഷ്- ദില്‍ഷ ജോഡികളില്‍, നമ്മള്‍ കണ്ടും കേട്ടും പഴകിയ സാമ്പ്രദായിക പ്രണയഭാവങ്ങള്‍ കണ്ടെടുക്കുവാന്‍ പ്രയാസമാണ്; അതും അലസമായ ഒറ്റവായനയില്‍ പ്രത്യേകിച്ചും. കഥയുടെ ആദ്യഭാഗങ്ങളില്‍ മാംസനിബദ്ധത മാത്രം ആഘോഷിക്കുന്ന പ്രണയം പക്ഷേ, അവസാന ഭാഗങ്ങളോടടുക്കുമ്പോള്‍ ആത്മനിബദ്ധമായ പ്രണയ ഭാവങ്ങളിലേക്ക് ഒരു smooth U-turn എടുക്കുന്നതായിക്കാണാം. ആ ആത്മനിബദ്ധത ഒന്നു കൊണ്ടുമാത്രമാണ് ധാനിഷിനെ ഫോണില്‍ കിട്ടാതായപ്പോള്‍ ആളും അനക്കവും കെട്ട പാതിരാനേരത്താണെങ്കില്‍പ്പോലും അവന്റെ ഫ്‌ളാറ്റിലേക്ക് തിരിക്കാന്‍ അവള്‍ക്ക് രണ്ടാമതൊന്നാലോചിക്കേണ്ടിവരാതിരുന്നത്. മാത്രമല്ല, ഡിജിറ്റല്‍ കാലഘട്ടത്തില്‍ ഒരാളെ ഫോണില്‍ വിളിച്ചിട്ട് കിട്ടാതായാലും, ഓണ്‍ലൈനില്‍ കാണാതായാലും അയാള്‍ എന്തോ അപകടാവസ്ഥയിലായിരിക്കാം എന്നുറപ്പിച്ച് തിരക്കിയിറങ്ങുന്നവരെയാണ് മനുഷ്യരായി കണക്കാക്കേണ്ടത് എന്നും അവള്‍ വിശ്വസിക്കുന്നു. ധാനിഷിനെ ഫോണില്‍ കിട്ടാതാവുമ്പോള്‍, ഒരു കാരണവശാലും അനാഥമായ ഒരു മരണത്തിന് അയാളെ വിട്ടുകൊടുക്കരുതെന്ന് തീരുമാനിക്കുന്ന അവള്‍ പുറപ്പെടു മുന്‍പ്, ഡി.പിയിലെ അവന്റെ മുഖത്തെ കാക്കപ്പുള്ളിയില്‍ അമര്‍ത്തിച്ചുംബിച്ച് തന്റെ പ്രണയം പറയുന്നതു നോക്കൂ:

'' നിന്നെ ചുംബിക്കുകയെന്നാല്‍ കോടാനുകോടി നക്ഷത്രങ്ങളേയും ഗ്രഹങ്ങളേയും മറ്റാരുമറിയാതെ മടിക്കുത്തില്‍ ഒളിപ്പിക്കുക എന്നാണ്.'' 

ഇതിലേറെ ഒരു പ്രണയമെങ്ങനെ ആത്മനിബദ്ധമാകും!

ഇതു മാത്രമല്ല, ധാനിഷിനോടുള്ള പ്രണയത്തിനുപുറമേ, തനിക്ക് ഉണ്ടായിരുന്ന പ്രണയങ്ങളെയൊന്നും കേവലമായ ശാരീരിക ഇടപാടുകള്‍ എന്ന തരത്തില്‍ മാത്രമായല്ല ദില്‍ഷ പരിഗണിക്കുന്നതെന്നും കാണാം. അതിനു പരി, തരളിതമായൊരു മൃദുഭാവം അവള്‍ക്ക് ആ പ്രണയങ്ങളോടുണ്ടായിരുന്നു. കടയ്ക്കല്‍ വച്ചു വെട്ടിമുറിച്ചു മാറ്റിയ വൃക്ഷങ്ങള്‍ വീണ്ടും പൊടിച്ച്, വേരുകള്‍ മണ്ണിനടിയിലൂടെയും, ശിഖരങ്ങള്‍ മതിലിനു മുകളിലൂടെയും വളര്‍ന്ന് ചിരപരിചിതമായ പ്രിയ സ്ഥലികളിലേക്ക് എത്തിനോക്കുവാനും, തൊട്ടുതലോടുവാനും ശ്രമിക്കാറുണ്ട്. ഏതാണ്ട് അതുപോലെ, പ്രണയസ്മരണകള്‍ അവളെ സംബന്ധിച്ചിടത്തോളം എത്ര തവണ Clear chat ഓപ്ഷന്‍ നല്കിയാലും,ഒരിക്കലും end to end encrypted ആവാത്തവയാണ്....

അപമാനവും അനാഥത്വവും ഭാരപ്പെടുത്തിയ ധാനിഷിനെ നേര്‍പ്പിക്കുകയും തണുപ്പിക്കുകയും ചെയ്യുന്ന അവളുടെ സൗമ്യവാദങ്ങള്‍ക്കുമുണ്ടൊരു പുതുമ. ഒരാള്‍ ഉടലുകൊണ്ട് ആടുന്ന കലയില്‍ ആ ആളുടെ രൂപമാണ് ആഘോഷിക്കപ്പടേണ്ടതെന്നും, താളം അതിനെ ഏറ്റെടുക്കുന്ന ഉടല്‍ കണ്ടെത്തുന്നതു പോലെ രതിയും അതിനെ കൊണ്ടാടുന്ന ഉടല്‍ - അത് അവന്റേതല്ലെങ്കില്‍ മറ്റൊന്ന് - കണ്ടെത്തിയിരിക്കുമെന്നും, അതുകൊണ്ട് ഇപ്പോള്‍ അവനു നേരിടേണ്ടിവന്ന അനുഭവങ്ങളില്‍ കുറ്റബോധമോ അപമാനമോ തോന്നേണ്ട ആവശ്യമില്ലെന്നുമുള്ള വാദമുഖങ്ങളിലൂടെ അവള്‍ അവനെ വീണ്ടെടുക്കുന്നു.

അവരുടെ പ്രണയം HIGHLY INFLAMMABLE ആകുന്നതെങ്ങനെയെന്നും, എപ്പോഴെന്നും കഥാകൃത്തിന്റെ വാക്കുകളിലൂടെതന്നെ വായിക്കാം:

ശേഷം, പുലര്‍ന്നാലും പൊലിയാതിരിക്കാന്‍ രണ്ട് നക്ഷത്രങ്ങള്‍ ഭൂമിയിലേക്ക് ഇറങ്ങി പുണര്‍ന്നു കിടന്നു. ' മാനം' വാശിയോടെ അവരെത്തന്നെ നോക്കി നിന്നു; നേരമൊന്ന് വെളുപ്പിക്കാന്‍. സര്‍വ്വശക്തിയും നിറച്ച ഒരു നക്ഷത്രം മറ്റേതിനോട് ചെവിയില്‍ മന്ത്രിച്ചു: അണയരുത് ; അപകടകരമായി കത്തിനില്‍ക്കണം.

കനിമൊഴിയെന്ന ഒരുവള്‍ക്ക് ആകെയുണ്ടായിരുന്ന ഒരേയൊരു ചേലയാണ് ഈ കഥയുടെ മുഖവുര. കാലഘട്ടത്തിന്റെ പ്രവണതകളും, അവയുടേതായ ആകുലതകളും ഈ കഥയില്‍ പരിശോധിക്കപ്പെടുന്നു. സ്ത്രീകളായ എഴുത്തുകാര്‍ സാധാരണഗതിയില്‍ കൈവയ്ക്കാന്‍ മടിക്കുന്ന ഒരു വിഷയമാണ് കഥാകൃത്ത് ഈ കഥയുടെ പ്രമേയമാക്കിയിരിക്കുന്നത്. എന്നു മാത്രമല്ല, പ്രമേയത്തിന്റെ ആഖ്യാനവും,treatment ഉം വളരെ അഭിനന്ദനീയമായ വേറിട്ടൊരു ശൈലിയിലാണ് ചെയ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍, എല്ലാ വിഭാഗം വായനക്കാര്‍ക്കും ഈ കഥ ആസ്വദിക്കാനാവുമോ എന്നൊരു സംശയം ഇല്ലാതില്ല എന്നും അറിയിക്കട്ടെ. 

(സമകാലിക മലയാളം വാരികയില്‍ (2024 ജനുവരി 15) ആണ് കഥ പ്രസിദ്ധികരിച്ചത്)


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ദീപ ഗോപകുമാര്‍

Writer

Similar News

കടല്‍ | Short Story