മോര്‍ച്ചറിയിലെ തണുപ്പ്

ലിവിങ് ടുഗെതര്‍ - നോവല്‍ | അധ്യായം 05

Update: 2024-01-05 13:47 GMT
Advertising

ഫ്‌ളൈറ്റ് ഇറങ്ങി ആദം നേരെ ഇസയുടെ ഫ്‌ളാറ്റിലേക്ക് പോയി. അവിടെ ചെന്നപ്പോള്‍ ഫ്‌ളാറ്റ് പൊലീസിന്റെ സുരക്ഷാ വലയത്തില്‍ നിയന്ത്രിച്ചു കിടക്കുന്നതാണ് കണ്ടത്. അടുത്ത ഫ്‌ളാറ്റുകളിലുള്ളവരെ കയറി കാണാന്‍ അവന് മനസ്സുറപ്പുണ്ടായിരുന്നില്ല. എത്രയും വേഗം ഇസയെ കാണണമെന്ന ചിന്ത മാത്രമാണ് ഉണ്ടായിരുന്നത്.

അവര്‍ ഫോണില്‍ പറഞ്ഞ ഹോട്ടലിലേക്കും ചെന്നു. ഹോട്ടലും ഇതേ പോലെ തന്നെ പൊലീസ് ക്ലോസ് ചെയ്തിരിക്കുകയാണ് എന്ന് അവന്‍ അറിഞ്ഞു. അങ്ങോട്ടും പോകേണ്ട കാര്യമില്ല. ഇനി എന്ത് ചെയ്യും എന്ന് ആലോചിച്ചു നില്‍ക്കുമ്പോഴാണ് പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ് ഇസയുടെ ബോഡി ഏറ്റുവാങ്ങുന്നതിനു വേണ്ടി ചെല്ലണമെന്ന പൊലീസ് അറിയിപ്പ് ലഭിച്ചുവെന്ന് രണ്‍ബീര്‍ പറഞ്ഞത്. പക്ഷേ, ഡെഡ്‌ബോഡി ഏറ്റുവാങ്ങി താന്‍ ഇവിടെ എന്താണ് ചെയ്യേണ്ടത് എന്ന് ഒരു രൂപവും ഉണ്ടായിരുന്നില്ല.

അപ്പോഴാണ് ആദത്തിന്റെ പപ്പ അവിടേക്ക് വന്ന് ആദത്തിനെക്കൂട്ടി വീട്ടിലേക്ക് പോയത്. ഇസയെ കാണണമെന്ന് പലതവണ പറഞ്ഞെങ്കിലും പപ്പ അനുവദിച്ചില്ല. കാലുപിടിച്ച് പറഞ്ഞുനോക്കി.

''എന്തുവന്നാലും ശരി അവളെ നീ ഇനി കാണുന്നില്ല''- എന്ന് പറഞ്ഞ് ആദത്തിന്റെ എതിര്‍പ്പുകള്‍ വകവെക്കാതെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി. അവനെ പിടിച്ചു വലിച്ച് കൊണ്ടുവരാനുള്ള ആളുകളുമായാണ് വര്‍ഗീസ് പോയിരുന്നത്. വീട്ടില്‍ മമ്മി കാത്തിരിപ്പുണ്ടായിരുന്നു. ആകെ തകര്‍ന്ന അവസ്ഥയിലായിരുന്നു ഉണ്ടായിരുന്നത്. പൊലീസും കേസും മാധ്യമങ്ങളുടെ ബഹളവുമൊക്കെയായി തങ്ങളുടെ മകന്റെ ജീവിതം തകരാറിലാകുമോ എന്ന് അവര്‍ ഭയപ്പെട്ടു.

വീട്ടിലെത്തിയ ആദം ഉടനെ തന്നെ സുഹൃത്തായ റണ്‍ബീറിനെ ഫോണ്‍ ചെയ്ത് വീട്ടിലേക്ക് വിളിപ്പിച്ചു. പൊലീസ് സ്റ്റേഷനില്‍ പോകുന്നതിനു മുമ്പ് അപ്പോള്‍ നാട്ടില്‍ അറിഞ്ഞ വിവരങ്ങള്‍ അറിയാന്‍ ശ്രമിച്ചു. ദുബായില്‍ വച്ച് തന്നെ അത് റണ്‍ബീറിനോട് പറഞ്ഞ് ഏല്‍പ്പിച്ചിട്ടുണ്ടായിരുന്നു. പറഞ്ഞപടി തന്നെ അവന്‍ പ്രവര്‍ത്തിച്ചു. ഇസയുടെ ചുറ്റുപാടുമുള്ള മറ്റു ഫ്‌ളാറ്റുകളില്‍ അന്വേഷിച്ചു. ഏതോ ഒരാള്‍ അവിടെ വരാറുള്ള വിവരങ്ങളാണ് അവര്‍ പറഞ്ഞത്. അത് നഥാനാണെന്ന് ആദത്തിന് മനസ്സിലായി. പക്ഷേ, ഇവള്‍ ഹോട്ടലില്‍ എന്തിനു പോയി എന്നതാണ് ഇപ്പോഴും മനസ്സിലാകാത്ത വിഷയം. ഇസയാണ് ഹോട്ടലില്‍ റൂം ബുക്ക് ചെയ്തിട്ടുള്ളത്. 'ഈ രഹസ്യം എന്തിന് തന്നില്‍ നിന്നും ഇസ മറച്ചുവെച്ചു?'  


പൊലീസ് സ്റ്റേഷനില്‍ പോകുന്നതിനു മുമ്പ് കേസില്‍ ഉണ്ടായിരിക്കുന്ന വിവരങ്ങള്‍ ശേഖരിക്കുകയും എന്തൊക്കെ പറയണം, പറയേണ്ട എന്നതിനെക്കുറിച്ച് ഒരു രൂപരേഖ തയ്യാറാക്കുകയും ചെയ്തു. അതിനു വേണ്ടി അഡ്വക്കേറ്റ് ജയശങ്കര്‍ അവിടെ ആ വീട്ടില്‍ വന്നു. വര്‍ഗീസിന്റെ ഉറ്റ സുഹൃത്താണ് വക്കീല്‍. തന്റെ മകനെ രക്ഷിക്കണമെന്ന് വര്‍ഗീസ് ജയശങ്കറിനോട് പ്രത്യേകം പറഞ്ഞു. ജയശങ്കറിനും ആദം ഒരു മകനെ പോലെയാണ് ഉണ്ടായിരുന്നത്. ചെറുപ്പം തൊട്ടേ അറിയാവുന്ന കുട്ടിയായതിനാല്‍ അവനെ മറ്റൊരു അപകടത്തിലേക്ക് തള്ളി വിടാതിരിക്കാനായി അഡ്വക്കേറ്റിന്റെ ശ്രമം.

ഏതാനും നിമിഷങ്ങള്‍ക്കകം ഫ്രഷായി ആദം താഴത്തെ നിലയിലേക്ക് വരികയും ബ്രേക്ഫാസ്റ്റിന് വേണ്ടി ഇരിക്കുകയും ചെയ്തു. മമ്മിയുടെ മുഖം കരഞ്ഞ് തളര്‍ന്നിരിക്കുന്നു.

'എന്താണ് മമ്മി? എന്തിനാണ് കരയുന്നത്?'

'മോനെ എനിക്ക് പേടിയാകുന്നു. നീ എന്തെങ്കിലും പ്രശ്‌നങ്ങളില്‍ പോയി ചാടുമോ എന്ന് എനിക്ക് ഭയമാകുന്നു. നീ ഇങ്ങോട്ട് വരേണ്ടിയിരുന്നില്ല. ദുബായില്‍ തന്നെ ഇരുന്നാല്‍ മതിയായിരുന്നു.'

'അതെങ്ങനെ ശരിയാവും മമ്മി? വക്കീല്‍ അങ്കിളും കൂടി പറഞ്ഞിട്ടാണ് ഞാന്‍ വന്നത്. കാരണം, അങ്ങനെ മാറിനിന്ന് കഴിഞ്ഞാല്‍ എനിക്ക് അതില്‍ എന്തെങ്കിലും പങ്കുണ്ടെന്ന് കരുതാന്‍ ഇടയാകും. കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ രക്ഷപ്പെടാന്‍ ഒന്നും പിന്നെ സാധിക്കുകയില്ല. പക്ഷേ, ഇവിടെ ഞാന്‍ തെറ്റ് തന്നെ ചെയ്തിട്ടില്ല. പിന്നെ ഞാന്‍ എന്തിനാണ് വരാന്‍ ഭയക്കേണ്ടത്? ഇസ എന്നോട് വളരെ സന്തോഷത്തില്‍ അല്ലാതെ ഒരിക്കലും സംസാരിച്ചിട്ടുമില്ല. മറിച്ച് ഞങ്ങള്‍ക്കിടയില്‍ യാതൊരു സംസാരവും ഉണ്ടായിട്ടില്ല. മനസാ വാചാ ഞാന്‍ അറിയാത്ത കാര്യത്തിന് ഞാന്‍ ഭയക്കേണ്ടതില്ലല്ലോ മമ്മി.'

'നിനക്ക് അങ്ങനെയൊക്കെ പറയാം. എന്റെ വിഷമം ഞാന്‍ ആരോട് പറയാന്‍? എനിക്കറിയില്ല ഇനി എന്തൊക്കെയാണ് ഉണ്ടാകാന്‍ പോകുന്നത്? അന്നേ ഞങ്ങള്‍ പറഞ്ഞതാണ് നിനക്ക് ചേരുന്നതല്ല ഈ ബന്ധമെന്ന്. ഞങ്ങളുടെ വാക്ക് കേട്ടിരുന്നെങ്കില്‍ നിനക്ക് ഈ അവസ്ഥ വരുമായിരുന്നില്ല. '

'ഇത് ഒരു കൊലപാതകം ആണെന്ന് മാത്രമേ ഞാന്‍ സംശയിക്കുന്നുള്ളു മമ്മി. കാരണം ആത്മഹത്യ ചെയ്യാനുള്ളതായ പ്രശ്‌നങ്ങളൊന്നും അവള്‍ക്കുള്ളതായി എനിക്ക് തോന്നുന്നില്ല.'

'ഇനി നീ പോയി കൊലപാതകം എന്നൊന്നും പറഞ്ഞു അത് കുത്തിപ്പൊക്കാന്‍ നില്‍ക്കണ്ട.' വക്കീല്‍ അവന് താക്കീത് നല്‍കി.

'അവരെന്തെങ്കിലും ചെയ്യട്ടെ. അവള്‍ക്കുണ്ടല്ലോ വീട്ടുകാര്‍. അവര്‍ അതുമായി മുന്നോട്ടുപോകട്ടെ.' വര്‍ഗീസ് അവന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു.

'എത്രയും വേഗം ഇവിടെ നിന്നും നീ നാടുവിടാന്‍ നോക്ക്. പിന്നെ നീ ഇങ്ങോട്ട് വന്നില്ലെങ്കിലും കുഴപ്പമില്ല. അവിടെ സന്തോഷമായിരുന്നാല്‍ മതി.' മമ്മി കരച്ചിലൂടെ പറഞ്ഞുകൊണ്ടേയിരുന്നു.

'എടി ഏലിക്കുട്ടി.. നീ ഇങ്ങനെ പേടിക്കാതെ. നമ്മുടെ ചെക്കന് ഒന്നും സംഭവിക്കില്ല. ഒരുത്തന്‍ പോലും ഇവന്റെ രോമത്തില്‍ തൊടാന്‍ ധൈര്യപ്പെടില്ല. നീ എന്താണ് വര്‍ഗീസിനെക്കുറിച്ച് വിചാരിച്ചിരിക്കുന്നത്? നിന്റെ തടിമാടന്മാരായ നാല് ആങ്ങളമാരും എന്റെ കൂടെയുണ്ട്. ഞങ്ങള്‍ക്ക് ആരെയും ഭയമില്ല. അത് നിനക്കും നല്ലപോലെ അറിവുള്ളതാണ്. അതുകൊണ്ട് വര്‍ഗീസ് ഇമ്മാനുവലിന്റെ ഭാര്യ ഒരിക്കലും ഇതുപോലെയുള്ള നിസ്സാര കാര്യങ്ങള്‍ക്ക് കരഞ്ഞ് കണ്ണുനീര് വേസ്റ്റ് ആക്കരുത്.' മമ്മിയെ നോക്കി പപ്പ പറഞ്ഞത് കേട്ട് ആദത്തിനെ ചിരി വന്നെങ്കിലും ഇസയെ കുറിച്ച് ഓര്‍ത്ത് വല്ലാത്തൊരു വിഷമം തോന്നി. അവളെ കാണണമെന്നുണ്ട്. പക്ഷേ, അങ്ങോട്ട് പോയാല്‍ പ്രശ്‌നമാകുമോ എന്ന് അറിയില്ല. എന്തായാലും അവളുടെ വീട്ടില്‍ അതിനെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിക്കുവാന്‍ രണ്‍ബീറിനെ ഏര്‍പ്പാട് ആക്കിയിട്ടുണ്ട്. വീട്ടുകാര്‍ തീര്‍ച്ചയായും ഹോസ്പിറ്റലില്‍ എത്തി കാണുമല്ലോ. അവരെക്കുറിച്ച് അന്വേഷിച്ചു. എന്നാല്‍, അവരാരും ഹോസ്പിറ്റലിലോ ഫ്‌ളാറ്റിലോ ഹോട്ടലിലോ എവിടെയും വന്നിട്ടില്ല എന്നാണ് രണ്‍ബീറിന് അറിയാന്‍ കഴിഞ്ഞത്. ആദം ഞെട്ടിത്തരിച്ചു പോയി.

തങ്ങള്‍ രണ്ടുപേരും ചേര്‍ന്ന് തിരഞ്ഞെടുത്ത ജീവിതമായിരുന്നു ഈ വിവാഹം. അതില്‍ രണ്ടു പേര്‍ക്കും അവരുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടിരുന്നു. പൈസയുണ്ടാക്കാനുള്ള നെട്ടോട്ടമായിരുന്നു ഉണ്ടായിരുന്നത്.

'ആദത്തിന് സ്വന്തം കുടുംബക്കാരുടെ തറവാട്ട് പേരും സ്വത്തുമല്ലാതെ വേറെ എന്തുണ്ട്?'- എന്ന് ചോദിച്ച ഇസയുടെ പപ്പയുടെ ഒറ്റ ചോദ്യത്തില്‍ നിന്നാണ് തങ്ങള്‍ അരുതാത്ത ജീവിതത്തിലേക്ക് തിരിഞ്ഞത്. പക്ഷേ, ആ യാത്രയില്‍ തന്നെ പാതിവഴിയില്‍ നിര്‍ത്തി ഇസ മടക്കയാത്ര പോകുമെന്ന് ആദവും വിചാരിച്ചില്ല.

ഇസയുടെ വീട്ടുകാര്‍ ഡെഡ്‌ബോഡി ഏറ്റുവാങ്ങാന്‍ വരുന്നില്ല എന്ന് പൊലീസിന് അറിയിപ്പ് ലഭിച്ചു. ആദത്തിന്റെ പപ്പയും ഏറ്റുവാങ്ങാന്‍ തയ്യാറല്ലെന്ന് പൊലീസിനെ അറിയിച്ചു. ഇനി ആകെ ചെയ്യാനുള്ളത് പൊതുശ്മശാനത്തില്‍ അടക്കുക എന്നത് മാത്രമാണ്. എല്ലാവരുമുണ്ടായിട്ടും അനാഥയെ പോലെ അവള്‍ ആ മോര്‍ച്ചറിയില്‍ തണുത്തുറഞ്ഞ നിലത്ത് കിടന്നു. എന്നാല്‍, ഈ വിവരം ആദത്തിനെ അറിയിക്കാന്‍ അവന്റെ വീട്ടുകാര്‍ തയ്യാറായില്ല. അവനോട് ഇസയുടെ വീട്ടുകാര്‍ ഏറ്റെടുത്തു എന്ന് ആദത്തിന്റെ പപ്പയും മമ്മിയും കളവ് പറഞ്ഞു വിശ്വസിപ്പിച്ചു.

(തുടരും)

ചിത്രീകരണം: ഷെമി

അനിത അമ്മാനത്ത്: മലയാളത്തിലും ഇംഗ്ലീഷിലുമായി ഏഴ് കഥ-കവിതാ സമാഹാരങ്ങളില്‍ എഴുതിയിട്ടുണ്ട്. ഡി.സി ബുക്സ് വായനാ വാരാഘോഷം-2023 ലെ ബുക് റിവ്യു മത്സര വിജയി. 1111 സ്വന്തം തത്വചിന്ത ഉദ്ധരണികള്‍ തുടര്‍ച്ചയായ 11 ദിവസങ്ങളിലായി എഴുതി പ്രസിദ്ധീകരിച്ച് പുതിയ വേള്‍ഡ് വൈഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും ടൈറ്റില്‍ റെക്കോര്‍ഡ് സെറ്റ് ചെയ്തു. ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി സ്മാരക പുരസ്‌കാര ജൂറി അവാര്‍ഡ്, ഗാര്‍ഗി മാധ്യമ കൂട്ടായ്മയുടെ മാധവിക്കുട്ടി സ്മാരക ജൂറി പുരസ്‌കാരം എിവ നേടിയിട്ടുണ്ട്. 



 




Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - അനിത അമ്മാനത്ത്

Writer

Similar News

കടല്‍ | Short Story