It's natural to feel unbelievable and improbable when it's someone else's life - ലിവിങ് ടുഗെതര്‍: നോവല്‍

നോവല്‍ അവസാന ഭാഗം

Update: 2024-09-10 05:10 GMT
Advertising

ലക്ഷ്മണിന്റെ ഏറെനാളത്തെ ആഗ്രഹമായി കൊണ്ടുനടന്നിരുന്ന കഥയാണ് ലോകോത്തര നിലവാരത്തില്‍ സിനിമ സംവിധാനം ചെയ്ത് ഏവരുടേയും പ്രശംസ പിടിച്ചു പറ്റിയ മൃണാള്‍ ദ്വാവിക് സംവിധാനം ചെയ്യാമെന്ന് ഏറ്റത്. അന്താരാഷ്ട്ര കമ്പനിയുടെ ഉന്നത പദവിയില്‍ ഇരിക്കുന്ന അദ്ദേഹം ജോലിക്കിടയില്‍ നിന്നുമാണ് സ്വന്തം പാഷനായ സിനിമാ സംവിധാനത്തില്‍ ഒരു കൈ പയറ്റാന്‍ ഇറങ്ങിത്തിരിക്കുന്നത്. തൊട്ടതെല്ലാം പൊന്നാക്കുന്ന മൃണാള്‍ ഇത്തവണ സ്വന്തം ബാനറില്‍ സമൂഹ മനഃസാക്ഷിയെ കാര്‍ന്നു തിന്നുന്ന ഒരു വിഷയത്തിലേക്കാണ് ക്യാമറ ചലിപ്പിക്കുന്നത്. എന്നാലും ദേശീയ അവാര്‍ഡ് ജേതാവും സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡും ഏറ്റു വാങ്ങിയ മൃണാള്‍ ദ്വാവിക് സംവിധാനം ചെയ്യുന്ന സിനിമ സ്വാഭാവികമായും ചര്‍ച്ചാവിഷയമാണ്. നാഷ്ണല്‍ അവാര്‍ഡ് സ്വീകരിച്ച ശേഷം ഒരു ദേശീയ മാധ്യമത്തില്‍ ചോദ്യം ആവര്‍ത്തിക്കപ്പെട്ടപ്പോള്‍ ആദ്യമായി മൃണാള്‍ മനസ് തുറന്നു.

'കലയെ മോഹിക്കുന്ന ഒരാള്‍ക്ക് എന്റര്‍ടൈന്‍മെന്റ് എന്നതില്‍ ഉപരി സമൂഹത്തിനോട് കടമകളും ഉത്തരവാദിത്വങ്ങളും ഉണ്ട്. ചില വിഷയങ്ങള്‍ സമൂഹമധ്യത്തിലേക്ക് എത്തിക്കേണ്ടതും അവരെ ആ വിഷയത്തിന്റെ അപകടാവസ്ഥയെ കുറിച്ച് ബോധവത്കരിക്കേണ്ടതും അത്യാവശ്യമാണ്. ഈയടുത്ത് പത്രമാധ്യമങ്ങളിലുടെ പുറത്ത് വരുന്ന സമൂഹ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവങ്ങളാണ് ഇത്തരമൊരു കഥയിലേക്ക് ഞങ്ങളെ എത്തിച്ചത്. ജീവിതത്തിനെ റിലേറ്റ് ചെയ്യാന്‍ കഴിയുന്ന ഏത് കഥയും വിജയിക്കും. കഥ-തിരക്കഥ എഴുതിയ ലക്ഷ്മണ്‍ ശ്രീവാസ്തവയും തിരക്കഥയുടെ ഏറ്റവും അവസാന ഭാഗം എഴുതിയ സച്ചിന്‍ സുഗന്ധും അവരുടെ ആത്മാവും കണ്ണുനീരും ചേര്‍ത്തിണക്കി തയ്യാറാക്കുന്ന ഈ സിനിമയുടെ ജീവന്റെ തുടിപ്പുള്ള താളം പിഴയ്ക്കില്ലെന്ന് ഞാന്‍ ഉറപ്പു പറയുന്നു. കാരണം, ഇതൊരു കഥയ്ക്ക് വേണ്ടി സൃഷ്ടിച്ച കഥയല്ല. മറിച്ച് യഥാര്‍ഥ ജീവിതച്ചൂളയില്‍ ഇതുപോലെ ഉരുകുന്ന മനുഷ്യരുമായി നിങ്ങള്‍ക്ക് സാമ്യം തോന്നിയേക്കാം. അതിനാല്‍ തന്നെ എങ്ങും എവിടെയും സംഭവിക്കാത്ത കാര്യങ്ങള്‍ എന്നൊന്നുമുള്ള അവകാശ വാദങ്ങള്‍ ഞങ്ങള്‍ ഉന്നയിക്കുന്നില്ല. കുടുംബബന്ധങ്ങളെ താറുമാറാക്കുന്നതിന് വേണ്ടി മന:പൂര്‍വ്വം സൃഷ്ടിക്കപ്പെടുന്ന ലിവിംഗ് ടുഗതര്‍ ബന്ധങ്ങളെ കുറിച്ചുള്ള ഈ കഥ പറയേണ്ടത് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യം തന്നെയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു..

'സര്‍ ഇതുമായി ബന്ധപ്പെട്ട ഒരു ചോദ്യം ഞങ്ങള്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്നു. തീര്‍ച്ചയായും ആ ചോദ്യത്തിന്റെ ഉത്തരമായിരിക്കും ഞങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ പോകുന്ന ഇന്റര്‍വ്യൂവിന്റെ തലക്കെട്ട്. സ്ത്രീ പക്ഷത്ത് നിന്ന് സംസാരിക്കുന്ന ഇത്തരം കഥകള്‍ സ്ത്രീകള്‍ എഴുതി സംവിധാനം ചെയ്യുന്നതാണ് നമുക്ക് ഏറെ പരിചിതം. എന്നാല്‍, ഇവിടെ പുരുഷന്‍മാര്‍ അത് ഏറ്റെടുത്തിരിക്കുന്നു. അതിനെക്കുറിച്ച് എന്താണ് പറയാന്‍ ഉള്ളത്?' ജേണലിസ്റ്റ് ചോദിച്ചു.

'സ്ത്രീകളാണ് സമൂഹത്തിലെ കള്ളത്തരങ്ങള്‍ക്കെതിരെയും അതിനിരയാക്കപ്പെടുന്ന സ്ത്രീകളെയും കുറിച്ച് ശബ്ദമുയര്‍ത്തുന്നതെങ്കില്‍ നിങ്ങള്‍ അവരെ ഫെമിനിസ്റ്റ് എന്ന് വിളിച്ച് കോര്‍ണര്‍ ചെയ്‌തേക്കാം. 90 ശതമാനം പുരുഷന്മാരും സ്ത്രീകളെ സംരക്ഷിക്കണമെന്ന് ചിന്തിക്കുന്നവരും അവരെ ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നവരാണ്. എന്നാല്‍ ബാക്കി വരുന്ന 10 ശതമാനം പുരുഷന്മാര്‍ ഞങ്ങള്‍ 90 ശതമാനം പുരുഷന്മാരുടെയും ശത്രുക്കളാണ്. ഈ ബാക്കി നില്‍ക്കുന്ന 10 ശതമാനം ക്രിമിനല്‍സ് സ്ത്രീകള്‍ക്ക് എതിരെ ചെയ്യുന്ന അക്രമങ്ങളും പീഢനങ്ങളും തെണ്ടിത്തരങ്ങളും കാരണം ചീത്തപ്പേര് മുഴുവന്‍ പുരുഷ വര്‍ഗത്തിനുമാണ്. സമൂഹത്തിനോടുള്ള ഉത്തരവാദിത്തമെന്ന നിലയില്‍ അത് വെളിയില്‍ കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നു. ബാക്കി വരുന്ന ആ 10 ശതമാനം പുരുഷന്‍മാര്‍ സ്ത്രീകള്‍ക്ക് എന്ന പോലെ ഞങ്ങള്‍ക്കും തലവേദനയും അപമാനവും ആണ്. യാതൊരു വിധത്തിലും മാപ്പ് അര്‍ഹിക്കാത്ത വിധത്തില്‍ കൃമികളാണ് അത്തരക്കാര്‍. അവരെ പോര്‍ട്രേറ്റ് ചെയ്യുന്നതില്‍ തെറ്റ് തോന്നുന്നില്ല.'

'ഇതിലെ കഥാപാത്രങ്ങളെക്കുറിച്ച് പ്രേക്ഷകര്‍ക്ക് കൊടുക്കുന്ന സൂചന എന്താണ്?' അടുത്ത ചോദ്യം കേട്ടപ്പോള്‍ മൃണാള്‍ പുഞ്ചിരിച്ച് കൊണ്ട് ഉത്തരം പറഞ്ഞു.

'തെറ്റിനെതിരെ, അനീതിക്കെതിരെ, അധര്‍മത്തിനെതിരെ, അന്യായത്തിനെതിരെ വിരല്‍ ചൂണ്ടുന്ന ശക്തമായ ഒരു സ്ത്രീ കഥാപാത്രത്തിനെയാണ് ഞങ്ങള്‍ അവതരിപ്പിക്കുന്നത്. നമ്മുടെ രാജ്യത്തിന്റെ ചരിത്ര ഏടുകളില്‍ നീതിക്കും ന്യായത്തിനും ധര്‍മത്തിനും വേണ്ടി യുദ്ധം ചെയ്യുന്ന മഹിളകളെ പോലെ അനീതിയ്‌ക്കെതിരെ ചങ്കൂറ്റത്തോടെ വിരല്‍ ചൂണ്ടുന്ന സ്ത്രീയാണ് കേന്ദ്ര കഥാപാത്രം. അവരുടെ യുദ്ധത്തിന്റെ രീതി വ്യത്യസ്തമാണ്. സ്ത്രീ ക്ഷമിക്കാനും സഹിക്കാനും മാത്രം ഉള്ളവളല്ല, അന്യായങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താനും ഉള്ളവളാണ്. ചിലര്‍ക്കെങ്കിലും അതില്‍ ദഹനക്കേട് ഉണ്ടായേക്കാം. അതിനെയെല്ലാം പുല്ലുവില മാത്രമേ കൊടുക്കുന്നു. കാരണം, ചിലര്‍ക്കെങ്കിലും പൊള്ളാതിരുന്നാല്‍ അത് അസ്വാഭാവികതയാണ്. '

'അങ്ങനെയെങ്കില്‍ കഥാപശ്ചാത്തലം കണ്ടെത്തിയ രീതി ഒന്ന് വിവരിക്കുമോ?' അടുത്ത ചോദ്യം ഉടന്‍ തന്നെ ശരവേഗത്തില്‍ തൊടുത്തുവിട്ടു.

'ലിവിംഗ് ടുഗതര്‍ കുടുംബ ബന്ധങ്ങള്‍ തകര്‍ക്കുന്നതിനു വേണ്ടി വ്യാപകമായി ദുരുപയോഗം ചെയ്യുന്നതും ഇതൊരു പാരലല്‍ ബിസിനസായി വേര് പടര്‍ത്തുന്നതും അടുത്തിടെ ഇന്ത്യയില്‍ പലയിടത്തായി നടക്കുന്ന ലിവിംഗ് ടുഗതര്‍ പാര്‍ട്ട്‌ണേഴ്‌സിന്റെ കൊലപാതകവും എല്ലാം ഈ സിനിമ സംസാരിക്കുന്നുണ്ട്. എങ്കിലും കഥയും പശ്ചാത്തലവും കഥാപാത്രങ്ങളും സാങ്കല്‍പികം മാത്രമാണ്. '

'ഇത് ഒരു പ്രതിഷേധത്തിന് ഇടയാക്കുന്ന വിഷയമാണെന്ന് താങ്കള്‍ക്ക് തോന്നുന്നില്ലേ?' സ്വല്‍പം ആശങ്കയോടെ ചോദിച്ചു.

'ഈ വിഷയവുമായി ബന്ധമുള്ളവര്‍ക്ക് ഇതിനെ എതിര്‍ക്കാതെ തരമില്ലല്ലോ. തലയില്‍ മുണ്ടിട്ട് എന്തും ചെയ്യാം, പക്ഷേ, അത് ആരും അറിയരുത് എന്ന വിചാരിക്കുന്നവരാണ് അവര്‍. ഭാര്യയുടെ ഗര്‍ഭപാത്രത്തില്‍ ബീജം നിക്ഷേപിച്ചു എന്നതുകൊണ്ട് മാത്രം ആരും പിതാവ് ആകുന്നില്ല. അവരുടെ അമ്മയെ പരപുരുഷ ബന്ധം സ്ഥാപിച്ച് കുടുക്കാന്‍ വേണ്ടി ക്വൊട്ടേഷന്‍ കൊടുത്ത് അതിനു വേണ്ട സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്ന പക്കാ ക്രിമിനലുകളേയും അച്ഛന്‍ എന്നു ആ മക്കള്‍ വിളിക്കുന്നതിലല്ലേ ലജ്ജിക്കേണ്ടത്. ബീജം നിക്ഷേപിച്ച് സ്ത്രീയെ ഗര്‍ഭിണിയാക്കിയതിന്റെ പേരില്‍ ഭര്‍ത്താവിന്റെ അധികാരങ്ങള്‍ ഉപയോഗിച്ച് അവളെ മാനസികമായും ശാരീരികമായും പിച്ചിച്ചീന്തുന്നവരോട് തികഞ്ഞ അവജ്ഞ മാത്രം. നേരത്തെ പറഞ്ഞ പത്തു ശതമാനത്തില്‍ ഉള്‍പ്പെടുന്നു ഇവര്‍. ഈ കഥ ഇത്തരക്കാര്‍ക്ക് ദഹിക്കണമെന്നില്ല. തങ്ങളുടെ ചെയ്തികള്‍ പുറംലോകം അറിയുമ്പോള്‍ ഈര്‍ഷ്യ തോന്നുന്നത് സ്വാഭാവികം. '

'ലിവിംഗ് ടുഗതറിന് എതിരെയാണോ കഥ? അങ്ങനെയൊരു അടക്കം പറച്ചിലുണ്ടല്ലോ?' ജേണലിസ്റ്റിന്റെ അടുത്ത ചോദ്യം.

'ഈ കഥ ഒരിക്കലും ലിവിംഗ് ടുഗതറിന് എതിരെയല്ല. പക്ഷേ, കുടുംബ ബന്ധങ്ങള്‍ ശിഥിലമാക്കാനും മരുമക്കളുടെ കണ്ണുനീര്‍ വീഴ്ത്താനും കുഞ്ഞുങ്ങളെ അനാഥരാക്കാനും ലിവിംഗ് ടുഗതര്‍ ഈസിയായി ദുരുപയോഗം ചെയ്യാമെന്ന് അവകാശപ്പെടുന്ന സമൂഹത്തിലെ കുലീനരെന്ന് സ്വയം അവകാശപ്പെടുന്ന കപട സദാചാരക്കാരുടെ ക്രിമിനല്‍ ബുദ്ധിക്ക് എതിരെയാണ് ഈ കഥ. നാട്യകലാരത്‌നങ്ങളായ ആട്ടിന്‍ തോലണിഞ്ഞ ചെന്നായ്ക്കളായ ക്രിമിനലുകള്‍ക്കെതിരെയാണ് ഈ കഥ സഞ്ചരിക്കുന്നത്. സ്ത്രീകള്‍ മാത്രമേ സ്ത്രീകളേയും കുട്ടികളേയും ബാധിക്കുന്ന വിഷയത്തെക്കുറിച്ച് സംസാരിക്കാവൂ എന്നൊരു നിയമം ഒന്നും ഇല്ലല്ലോ.' മൃണാള്‍ ഗൗരവപൂര്‍വ്വം മറുപടി പറഞ്ഞു.

'അവസാനം ഒരു ചോദ്യം കൂടി, ഇത്തരത്തില്‍ സമൂഹത്തില്‍ പുകമറകളിലൂടെ പാരലല്‍ വേള്‍ഡ് സൃഷ്ടിക്കുന്നവരുടെ മനഃശാസ്ത്രം പഠിച്ചിട്ടുണ്ടോ?'

'മികച്ച സ്റ്റഡിയെങ്കിലും നടത്താതെ ഇത്തരമൊരു പ്രൊജക്ടുമായി ഇറങ്ങാന്‍ സാധിക്കില്ലല്ലോ. ഇത്തരത്തില്‍ കുറുക്കുവഴികളിലൂടെ വിവാഹ മോചനം നേടി മറ്റൊരു വിവാഹം ചെയ്യാമെന്ന് കരുതുന്നവര്‍ ഒന്നല്ല, പത്ത് വിവാഹം കഴിച്ചാലും ഈ കഥകളെല്ലാം ആവര്‍ത്തിക്കപ്പെടും. കാരണം, സ്വന്തം കുടുംബത്തിലെ സ്ത്രീകള്‍ മുന്‍കാലങ്ങളില്‍ ചെയ്ത കാര്യങ്ങള്‍ ഭാര്യയായി വരുന്നവളും ചെയ്യുമെന്ന അടിയുറച്ച വിശ്വാസമാണ് ഇത്തരം പുരുഷന്‍മാര്‍ക്ക് ഉള്ളത്. അത് അവരെ സംശയരോഗത്തിലേക്ക് നയിക്കുന്നു. അവര്‍ക്കൊരിക്കലും നല്ലൊരു ദാമ്പത്യ ബന്ധം ഉണ്ടാകില്ല. സംശയ രോഗത്തിന്റെ മേല്‍ കോംപ്ലക്‌സ് കൂടി ബാധിച്ച ഇവര്‍ക്ക് എല്ലാവരേയും ഈയൊരു കണ്ണോടു കൂടി മാത്രമേ കാണാന്‍ സാധിക്കുകയുള്ളു. മഞ്ഞപ്പിത്തം ബാധിച്ചവര്‍ക്ക് എല്ലാം മഞ്ഞയായി തോന്നുമെന്നതിന്റെ ഉത്തമ ഉദാഹരണമായി വെറും കോമാളികളായി അവര്‍ സമൂഹത്തിന് മുമ്പില്‍ അവശേഷിക്കുന്നു. തന്നേക്കാള്‍ ഭാര്യക്ക് അംഗീകാരം ലഭിക്കുമോ? അവളെ അനുമോദിക്കുന്ന പുരുഷന്‍മാര്‍ അവളുടെ കാമുകന്‍മാരായിരിക്കുമോ എന്നിങ്ങനെ പോകുന്നു അവരുടെ ചിന്തകള്‍. 1989ല്‍ മലയാളത്തില്‍ പുറത്തിറങ്ങിയ വടക്കു നോക്കിയന്ത്രത്തിലെ തളത്തില്‍ ദിനേശന്‍മാര്‍ ആണ് ഇത്തരം കഥയിലെ നായകന്‍മാര്‍. ദിനേശന്‍ ഭാര്യയായ ശോഭയെ തനിച്ച് വീട്ടിലാക്കി തൊട്ടടുത്തുള്ള ലോഡ്ജില്‍ താമസിച്ച് രാത്രിയില്‍ ശോഭയുടെ ജാരന്‍ വരുമോ എന്ന് ലോഡ്ജ് മുറിയില്‍ നിന്നും എത്തി നോക്കി കൊണ്ടേ ഇരുന്നത് മലയാളികള്‍ മറക്കില്ല. 5G ടെക്ക്‌നോളജിയുടെ കാലത്തും ഇതില്‍ നിന്നും ഒട്ടും മുമ്പോട്ട് പോകാത്തവരെ നമുക്ക് കാണാം. ദിനേശന്‍ ചെയ്ത പോലെ ഭാര്യയെ വീട്ടില്‍ തനിച്ചാക്കി ഒട്ടും അകലെയല്ലാത്ത ലോഡ്ജിലോ വീട്ടിലോ താമസിച്ച് ആ വീട്ടിലേക്ക് ഭര്‍ത്താവ് മുന്‍കൂട്ടി പറഞ്ഞ് ഏര്‍പ്പാടാക്കിയ ജാരന്‍ കടക്കുന്നതോടു കൂടി തളത്തില്‍ ദിനേശന്‍ ഒലക്കയുമായി വന്ന് ഓട് ഇളക്കി വീട്ടില്‍ കയറി ശോഭയെ പിടികൂടിയ പോലെ ഭാര്യയെയും പിടികൂടി തെളിവുകള്‍ ഉണ്ടാക്കാമെന്ന് സ്വപ്നം കാണുന്ന ഇത്തരം ദിനേശന്‍മാരെ മുക്കാലിയില്‍ കെട്ടിയിട്ട് ഉലക്ക കൊണ്ട് പൊതിരെ തല്ലണം. 1989ലെ ആ സിനിമയിലെ കണ്‍വെന്‍ഷനല്‍ ടെക്‌നിക്കുകള്‍ തന്നെയാണ് ഇന്നും സംശയ രോഗികളുടെ ആയുധം. ഇനി ഇതിന്റെ ഓപ്പോസിറ്റ് വേര്‍ഷനും ഉണ്ട്. മറുവശം എന്നും പറയാം. അതിന്റെ തിരക്കഥ പൂര്‍ത്തിയാകുന്നതേ ഉള്ളു. കൂടുതല്‍ വിവരങ്ങള്‍ നമുക്ക് പിന്നീട് സംസാരിക്കാം.' മൃണാള്‍ ചെയറില്‍ നിന്നും എഴുന്നേറ്റു .

'ഒക്കെ സര്‍.. ചര്‍ച്ചാ വിഷയമാകാന്‍ പോകുന്ന വിഷയമായിരിക്കും താങ്കള്‍ ജനമധ്യത്തിലേക്ക് അവതരിപ്പിക്കുന്നത് എന്ന കാര്യം നിസ്സംശയമാണ്. കാത്തിരിക്കുന്നു... ആള്‍ ദ ബെസ്റ്റ്. '

അവിടെ നിന്നും കാറില്‍ കയറിയ മൃണാള്‍ ഡബിംഗ് സ്റ്റുഡിയോയിലേക്ക് കുതിച്ചു. തന്റെ പ്രിയതമ ദക്ഷ ഡബിംഗില്‍ ആയിരിക്കുമെന്ന് ഓര്‍ത്ത് നമ്പര്‍ ഡയല്‍ ചെയ്തു.

'ഹലോ സച്ചിന്‍, ലക്ഷ്മണും എത്തിയില്ലേ? ഞാനിതാ പത്ത് മിനിറ്റില്‍ എത്തും. എല്ലാം റെഡിയല്ലേ.'

'ഞാനും ലക്ഷ്മണും ഇവിടെയുണ്ട്. ടീസര്‍ ഔട്ട്പുട്ടുമായി ഞങ്ങള്‍ കാത്തിരിക്കുന്നു മൃണാള്‍. '

സച്ചിന്റെ ശബ്ദത്തിന് പുറകില്‍ നിന്നും നേരിയ ശബ്ദത്തില്‍ ദക്ഷയുടെ ഡബിംഗ് ശബ്ദം മൃണാളിന്റെ കാതുകളിലേക്ക് നുഴഞ്ഞു കയറി.

'സ്വന്തം കാലിലെ മന്ത് ഒളിപ്പിച്ച് പിടിച്ച് മറ്റുള്ളവര്‍ക്കാണ് മന്ത് എന്ന് വിളിച്ചു കൂവാനും നഥാന്റെ ജീവിതം നശിപ്പിക്കാനും കൂട്ട് ചേര്‍ന്നവരും തെറ്റായ ഉപദേശം കൊടുത്തവരുമൊന്നും കൂടെ ഇനിയുണ്ടാകില്ല. അവരെല്ലാം വാരിക്കുഴിയിലേക്ക് തള്ളിയിടാന്‍ മാത്രമേ കാണുകയുള്ളു. പക്ഷേ, ആ കുഴിയില്‍ വീഴാതെ നോക്കാനുള്ള സാമാന്യ ബുദ്ധി നഥാന്‍ കാണിക്കണമായിരുന്നു. സ്വബുദ്ധിയും വിവേകവും അടിയറവ് വെച്ചപ്പോള്‍, കുരുക്കുകള്‍ മാനക്കേടായി മാറി...

ഹാ എന്തു ചെയ്യാം! പുഴയില്‍ വീണപ്പോള്‍ നീന്തി കയറുന്നതിന് പകരം ഒഴുക്കിലൂടെ ഒഴുകി സൂത്രത്തില്‍ കടലില്‍ എത്തി ചേരാന്‍ ശ്രമിച്ചതാണ്. പക്ഷേ, മാനക്കേടിന്റെ സാഗരത്തിലെ വെള്ളം നാള്‍ക്കുനാള്‍ പൊന്തി വന്നു. കടലില്‍ ഏത് ദിശയിലേക്ക് നീന്തണമെന്നറിയാതെ കൈകാല്‍ ഇട്ടടിച്ചപ്പോള്‍ ചെന്നെത്തിയതോ ആഴക്കടലില്‍! ഇനി പുഴയിലേക്ക് തിരിച്ച് നീന്താനും നിവൃത്തിയില്ല!

അരേവാഹ്... ദക്ഷ അവിടെ പൊളിച്ചടുക്കുവാണല്ലോ. മൃണാള്‍ ഒരു പുഞ്ചിരിയോടെ ഫോണ്‍ വെച്ചു. തന്നെയൊന്ന് നേരിട്ടഭിനന്ദിക്കണം.

(അവസാനിച്ചു)

അനിത അമ്മാനത്ത്: മലയാളത്തിലും ഇംഗ്ലീഷിലുമായി ഏഴ് കഥ-കവിതാ സമാഹാരങ്ങളില്‍ എഴുതിയിട്ടുണ്ട്. ഡി.സി ബുക്സ് വായനാ വാരാഘോഷം-2023 ലെ ബുക് റിവ്യു മത്സര വിജയി. 1111 സ്വന്തം തത്വചിന്ത ഉദ്ധരണികള്‍ തുടര്‍ച്ചയായ 11 ദിവസങ്ങളിലായി എഴുതി പ്രസിദ്ധീകരിച്ച് പുതിയ വേള്‍ഡ് വൈഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും ടൈറ്റില്‍ റെക്കോര്‍ഡ് സെറ്റ് ചെയ്തു. ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി സ്മാരക പുരസ്‌കാര ജൂറി അവാര്‍ഡ്, ഗാര്‍ഗി മാധ്യമ കൂട്ടായ്മയുടെ മാധവിക്കുട്ടി സ്മാരക ജൂറി പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്.



 


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - അനിത അമ്മാനത്ത്

Writer

Similar News