ചെകുത്താന്റെ സന്തതി - ലിവിങ് ടുഗെതര്‍: നോവല്‍

നോവല്‍ ഭാഗം: 26

Update: 2024-08-29 13:11 GMT
Advertising

ഒരു ചെറു പുഞ്ചിരിയോടെ ഭാവന തുടര്‍ന്നു, 'ക്രൂരതയും അഹങ്കാരവും തലയ്ക്കു പിടിച്ച പിശാചുക്കളുടെ സമാനതകളില്ലാത്ത മുഖംതേടി ഞങ്ങള്‍ അലഞ്ഞപ്പോള്‍ ആ യാത്രയുടെ അവസാനം ചന്ദ്രികയിലും ബാഹുലേയനിലും ആയിരുന്നു. ഇസബെല്ലയുടെ അമ്മായിയച്ചന്‍ വര്‍ഗീസിന് എതിരെ അന്വേഷണം എത്തിയപ്പോള്‍ കേസ് ഫയല്‍ ക്ലോസ് ചെയ്യാറായി എന്നതായിരുന്നു ധാരണ. എന്നാല്‍, വര്‍ഗീസ് എത്തും മുമ്പ് ഇസബെല്ല കൊല്ലപ്പെട്ടിരുന്നു എന്നത് സ്ഥിരീകരിക്കുന്നതായിരുന്നു പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്. അതായത് ഹോട്ടല്‍ വരാന്തയിലെ സി.സി.ടി.വിയില്‍ പര്‍ദ്ദയണിഞ്ഞ സ്ത്രീ മുറിയിലേക്ക് പ്രവേശിക്കുന്നതിനും മൂന്ന് മിനിറ്റ് മുമ്പ് ഇസബെല്ല മരിച്ചിരുന്നു. ആ മൂന്ന് മിനിറ്റാണ് ഞങ്ങളെ ആശയക്കുഴപ്പത്തില്‍ ആക്കിയത്. പക്ഷേ, കൂടുതല്‍ തുമ്പുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ ആ ഭാഗം പുറം ലോകത്തില്‍ നിന്നും ഞങ്ങള്‍ക്ക് മറച്ചു വെക്കേണ്ടി വന്നു. കാരണം, അത്രയും വലിയ ഹോട്ടലിലെ സുരക്ഷ ഭേദിച്ച് നടത്തിയ കൊലപാതകമാണ്, അതിലുപരി ആ കൊലപാതകം നടത്തിയത് വര്‍ഗീസ് ആണെന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള മനപ്പൂര്‍വ്വമായി തന്നെ സൃഷ്ടിക്കുകയോ അവശേഷിപ്പിക്കുകയോ ചെയ്തിരുന്ന തെളിവുകള്‍ അവിടെ ഉണ്ടായിരുന്നു. അന്വേഷണത്തിന്റെ ഒരു ഘട്ടം വരെയും ആദം ആയിരുന്നു സംശയമുനയില്‍. എന്നാല്‍, ആദത്തിന്റെ പുറകെ സഞ്ചരിച്ചപ്പോള്‍ യഥാര്‍ഥ പ്രതി മറ്റെവിടെയോ സുഖിച്ച് ഉലാത്തുകയാണെന്ന് മനസ്സിലായി.

ആ സമയത്താണ് എന്നെ കാണാന്‍ താരക കുറച്ച് ഡോക്യുമെന്റ്‌സും ഫയലുമായി വരുന്നത്. അതില്‍ നിന്നും തോന്നിയ ചെറിയ ഒരു സംശയത്തില്‍ ഞങ്ങള്‍ പ്ലാന്‍ ബിയുടെ സാധ്യതയെ കുറിച്ച് വിശകലനം ചെയ്തത്. വെറുതെ ഒരു ചാന്‍സ് എടുക്കാന്‍ തോന്നി. അങ്ങനെ അവര്‍ക്കു പിന്നാലെ രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തില്‍ പ്രാഥമിക സൈബര്‍ തെളിവുകള്‍ ലഭിച്ചു. കൂടുതല്‍ പുറകെ വെച്ചു പിടിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. പൊലീസിന് മുമ്പിലിരുന്ന് ചന്ദ്രികയും ബാഹുലേയനും നഥാനും മൃദുലയും പ്രിയദര്‍ശനും വിയര്‍ക്കുമ്പോള്‍ ഞങ്ങള്‍ അവരെ സ്‌കെച്ച് ചെയ്ത് കഴിഞ്ഞിരുന്നു. ഭര്‍തൃഗൃഹത്തില്‍ ഒറ്റപ്പെടുത്തി ഷോട്ട് സര്‍ക്യൂട്ട് മൂലം തീ പിടിച്ചെന്ന് വരുത്തി മരുമകളെ അതിനുള്ളില്‍ തന്നെ ഇട്ട് ചുട്ട് എരിച്ച് കൊല്ലാനുള്ള ക്രിമിനല്‍ ബുദ്ധിയുടേയും ഗൂഢാലോചനയുടേയും ചരടിന്റെ ഇങ്ങേ അറ്റം രഹസ്യാന്വേഷണ വിഭാഗത്തിന്റെ കൈയിലാണെന്ന് അറിയാതെ അവര്‍ ആട്ടം ആടി കൊണ്ടേ ഇരുന്നു.

ഇസബെല്ല കൊലപാതകവും യാദൃശ്ചികമായി ഒരു വഴിത്തിരിവില്‍ എത്തുന്നതും ആ ദിവസം തന്നെയായിരുന്നു.

തുടക്കം മുതല്‍ തന്നെ പോസ്റ്റ്‌മോര്‍ട്ടത്തിലെ ഇസബെല്ലയുടെ മരണസമയത്തിനും പര്‍ദ്ദ ധരിച്ച സ്ത്രീ മുറിയില്‍ എത്തുന്നതും തമ്മില്‍ മൂന്ന് മിനിറ്റ് വ്യത്യാസം ഉണ്ടായിരുന്നു. വര്‍ഗീസ് അല്ല യഥാര്‍ഥ പ്രതി എന്ന് ആദ്യമേ അറിയും എങ്കിലും പിന്നെയാര് ഇത്രയും സൂക്ഷ്മമായി ഇത്രയും വലിയ ഹോട്ടലില്‍ കയറി കൃത്യം നിര്‍വഹിച്ചു എന്നത് ഏറെ കുഴപ്പിച്ചു. പ്രൊഫഷണല്‍ കില്ലറിനോട് കിടപിടിയ്ക്കുന്ന രീതിയില്‍ ചന്ദ്രികയുടെ ഉള്ളിലെ പകയും വാശിയും വൈരാഗ്യവും ചടുലമായ കൊലയാളിയുടെ ഭാവങ്ങള്‍ പകര്‍ന്നു കൊടുത്തു. ഇത്രയും വയസായ ഒരു വൃദ്ധയാണ് ചെറുപ്പക്കാരിയുടെ ധൈര്യത്തിലും ഊര്‍ജത്തിലും കൊലപാതകം നടത്തിയത് എന്നത് ലോകം തന്നെ ഞെട്ടലോടെയാണ് കേട്ടത്.

ഇസബെല്ലയെ ഈ പണിയിലേക്ക് തള്ളിവിട്ട സുഹൃത്ത് മുഖേന ലിവിംഗ് ടുഗതര്‍ കോണ്‍ട്രാക്ട് പുതുക്കിയ കാര്യം അറിയാന്‍ ഇടയായത് യഥാര്‍ഥ പ്രതികളിലേക്ക് വേഗത്തില്‍ എത്തിച്ചു. ഇസബെല്ലയുടെ ഭര്‍ത്താവിന് പോലും അറിയാത്ത ഒരു കാര്യമായിരുന്നു അത്. അത് എന്തിന് ഭര്‍ത്താവില്‍ നിന്നും മറച്ചുവെച്ച് രഹസ്യമായി ചെയ്തു എന്നത് ആ കോണ്‍ടാക്ട് തേടി പിടിക്കുന്നതില്‍ ഞങ്ങളെ എത്തിച്ചു. കഴിഞ്ഞ കോണ്‍ട്രാക്ടിനേക്കാള്‍ മൂന്നിരട്ടി തുക അതില്‍ എഴുതിയത് ശ്രദ്ധയില്‍ പെട്ടു.

കോണ്‍ടാക്ട് സൈന്‍ ചെയ്ത ശേഷമാണ് ഇസബെല്ല പലരുമായും ലിവിംഗ് ബന്ധത്തില്‍ ഏര്‍പ്പെട്ട വിവരം ചന്ദ്രികയും ബാഹുലേയനും അറിയുന്നത്. മാത്രവുമല്ല കോണ്‍ട്രാക്ട് തുകയ്ക്ക് പുറമെ പല പേരിലായി വലിയ തുകകള്‍ തന്നെ അവള്‍ ആവശ്യപ്പെട്ടു കൊണ്ടേയിരുന്നു. എന്നാലും ആറുമാസം അല്ലേ സഹിക്കേണ്ടത് ഉള്ളൂ, അത് കഴിഞ്ഞാല്‍ ഈ കളി അവസാനിപ്പിക്കാം എന്ന് അവര്‍ കരുതി. മരുമകളെ ഓടിക്കാന്‍ മറ്റൊരു വഴി കണ്ടെത്താം എന്ന് ചന്ദ്രിക കാല്‍ക്കുലേറ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍, ആറുമാസത്തെ കാലാവധിക്ക് ശേഷം വീണ്ടും തുടരാന്‍ ഇസബെല്ല നിര്‍ബന്ധിച്ച് തുടങ്ങി. നഥാനും അവളോട് ചെറിയ രീതിയിലുള്ള ഒരു അടുപ്പം തോന്നിത്തുടങ്ങിയിരുന്നു. അങ്ങനെ വല്ലവന്മാരുടെ കൂടെയെല്ലാം നടക്കുന്ന ഒരു പെണ്ണുമായുള്ള ബന്ധം ചന്ദ്രികയ്ക്ക് അത്ര ബോധിച്ചില്ല. മാത്രവുമല്ല, ഇനി അവളില്‍ എങ്ങാനും നഥാന് കുഞ്ഞുങ്ങളും ഉണ്ടായാല്‍ അവറ്റകള്‍ സ്വത്തിന് തടസ്സമായി നില്‍ക്കും. അതെല്ലാം ഒഴിവാക്കാന്‍ ചന്ദ്രികയും ചന്ദ്രികയുടെ ഭര്‍ത്താവും കണ്ടെത്തിയ മാര്‍ഗം അവളെ തന്നെ ഇല്ലാതാക്കുക എന്നതാണ്. എയ്ഡ്‌സ് രോഗത്തെക്കുറിച്ചുള്ള ഭീതിയും അവര്‍ക്കുള്ളില്‍ വ്യാപകമായിട്ടുണ്ടായിരുന്നു. ആരുടെയെല്ലാം കൂടെ കഴിഞ്ഞതാണ്, അവള്‍ക്ക് എയ്ഡ്‌സ് ഉണ്ടെങ്കില്‍ തനിക്കും എയ്ഡ്‌സ് വരുമെന്ന കടുത്ത ചിന്തയില്‍ നഥാന്റെ മുടികള്‍ പോലും നരയ്ക്കാന്‍ തുടങ്ങി.

ഒരേസമയം മകന്റെ ജീവിതത്തിലെ രണ്ട് സ്ത്രീകളെ ഒഴിവാക്കാന്‍ ചന്ദ്രിക തീരുമാനിച്ചു. ചന്ദ്രികയുടെ ഗൂഢമായ ആഗ്രഹം മകന്റെ ജീവിതത്തില്‍ നിന്നും സ്ത്രീയുടെ സാമീപ്യം തന്നെ ഒഴിവാക്കി അവന്റെ സ്വത്തുക്കളും കൂടി മൃദുലയുടെ കൈകളിലേക്ക് എത്തിച്ചേരണമെന്ന നിഗൂഢമായ ഉദ്ദേശശുദ്ധിയായിരുന്നു. അതിനു വേണ്ടി ഭാര്യയേയും കാമുകിയേയും ഭൂമിയില്‍ നിന്നും ഓടിക്കാന്‍ ബാഹുലേയനെ കൂട്ടുപിടിച്ചു.

ഇസബെല്ലയെ ഇല്ലാതാക്കാന്‍ പെസ്റ്റിസൈഡ് കണ്ടെത്തിയപ്പോള്‍ താരക ഇല്ലാതാക്കാന്‍ രണ്ട് പ്ലാനുകള്‍ കരുതി. കാരണം, ബുദ്ധിയുടെ കാര്യത്തില്‍ ഇസബെല്ലയേക്കാള്‍ താരക ഒരു പടി മുന്നിലായിരുന്നു. ചന്ദ്രികയുടെ കുടിലതന്ത്രങ്ങളും കപട ബുദ്ധിയൊന്നും താരകയുടെ മുന്നില്‍ വിലപ്പോവില്ല.

ഹോട്ടലില്‍ എങ്ങനെ പെസ്റ്റിസൈഡ് ചന്ദ്രിക എത്തിച്ചു എന്ന അന്വേഷണം അവസാനിച്ചത് ഹോട്ടലല്‍ഉടമസ്ഥനായ ആലിബാബയുടെ അടുത്ത സുഹൃത്തായ നഥാനിലാണ്. നഥാന്റെ എല്ലാവിധ തോന്നിവാസങ്ങള്‍ക്കും കൂട്ടുനില്‍ക്കുന്ന ആലിബാബയുടെ സഹായത്തോടുകൂടി ഹോട്ടലിലേക്ക് വിഷം എത്തിച്ചു. ആലിബാബ എന്ന കൊടും കുറ്റവാളിയുടെ പേരിലാണ് ഹോട്ടല്‍ ലൂസിഫര്‍. നിരവധി കേസുകളില്‍ പ്രതിയായ ആലിബാബയുടെ ഹോട്ടലില്‍ അണ്ടര്‍ ഗ്രൗണ്ട് പാസ്സേജ് ഉണ്ടായിരുന്നു. അതിനാല്‍ അതിലൂടെ ആലിബാബയ്ക്ക് താല്‍പര്യമുള്ള മുറികളിലേക്ക് എത്തിച്ചേരാന്‍ സാധിക്കുമായിരുന്നു. ഹോട്ടല്‍ സി.സി.ടി.വികളില്‍ പെടാതെ ഇസബെല്ലയുടെ മുറിയിലേക്ക് എത്തുവാന്‍ ചന്ദ്രികയ്ക്കും നഥാനും ആ പാസ്സേജ് തുണയായി. ഹോട്ടലിന്റെ ഉള്ളിലെ സ്റ്റാഫ് വിചാരിക്കാതെ അത് തുറന്നു കിട്ടില്ലെന്ന് ഉറപ്പായിരുന്നു. ആരും കാണാതെ മുറിയില്‍ കയറാനും ഇസബെല്ല കുടിച്ചു വെച്ചിരുന്ന ജ്യൂസില്‍ പെസ്റ്റിസൈഡ് ചേര്‍ക്കാനും ഈ ബന്ധങ്ങള്‍ അവരെ സഹായിച്ചു. മുറിയിലെത്തി കൃത്യം നിര്‍വഹിച്ച ശേഷം വന്ന വഴിയിലൂടെ തന്നെ തിരിച്ച് ഹോട്ടലില്‍ നിന്നും പുറത്തു കടക്കുകയും ചെയ്തു. എന്നാല്‍, എല്ലാത്തിനും ഒരു തെളിവ് ബാക്കിവെക്കാനുള്ള ദൈവത്തിന്റെ ശ്രദ്ധ ഇവിടെയും തെറ്റിയില്ല. യാതൊരു കാരണവശാലും തെളിവ് പൊലീസിന് ലഭിക്കരുതെന്ന മനപ്പൂര്‍വമായ ഉദ്ദേശത്താല്‍ അമ്മയും മകനും സ്വന്തം ഫോണ്‍ വീട്ടില്‍ നിന്നും എടുക്കാതെ ആണ് ഹോട്ടലിലേക്ക് വന്നിരുന്നത്. എങ്ങാനും പൊലീസ് അന്വേഷണം ടവര്‍ ലൊക്കേറ്റ് ചെയ്താലും തന്നിലേക്ക് അന്വേഷണം എത്തരുത് എന്ന ഉദ്ദേശം ഉണ്ടായിരുന്നു. എന്നാല്‍, അന്നത്തെ ദിവസം ബാഹുലേയന്‍ മാര്‍ക്കറ്റില്‍ പോകാന്‍ ആ കാര്‍ ഉപയോഗിക്കുകയും തന്റെ മൊബൈല്‍ അറിയാതെ ആ കാറില്‍ വെച്ചിട്ട് പോരുകയും ചെയ്തു. ഇതറിയാതെ ആ ക്രിമിനല്‍സ് അരമണിക്കൂറിന് ശേഷം അതേ കാറില്‍ ഹോട്ടല്‍ പരിസരത്തേക്ക് പോയി. പിന്നീട് ആ കാര്‍ ഹോട്ടല്‍ പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്നു. ചന്ദ്രികയുടെയും നഥാന്റേയും മൊബൈല്‍ വീട്ടിലാണെങ്കിലും ബാഹുലേയന്റെ മൊബൈല്‍ ഹോട്ടല്‍ പരിധിയില്‍ പെടുകയും ചെയ്തു. ബാഹുലേയനെ ചോദ്യം ചെയ്തപ്പോഴാണ് ബാഹുലേയന്‍ അന്നത്തെ ദിവസം മാര്‍ക്കറ്റില്‍ മാത്രമാണ് പോയത് എന്ന വിവരം പുറത്ത് വന്നത്.

വീട്ടില്‍ എത്തിയ ബാഹുലേയന് തന്ത്രപൂര്‍വ്വം ഉറക്ക ഗുളിക കൊടുത്ത് മയക്കി കിടത്തി കാര്‍ എടുത്ത് പുറത്തു പോയി കൃത്യം നിര്‍വഹിച്ചത് എത്ര നിസ്സാരമായി ആണെന്ന് നോക്കണം. ഉറക്കത്തില്‍ ആയ ബാഹുലേയന്‍ ഈ വിവരങ്ങള്‍ അറിഞ്ഞില്ല. തുടര്‍ അന്വേഷണമാണ് ഈ രീതിയില്‍ അവസാനിക്കുന്നതിന് സഹായകരമായത്.''

തങ്ങളുടെ കൈയിലുള്ള പൈസയുടെ അഹങ്കാരത്തില്‍ ജീവിച്ചിരുന്ന ചന്ദ്രിക ഈ കുറ്റകൃത്യത്തിന്റെ അന്വേഷണം തന്നിലേക്ക് ഒരിക്കലും എത്തില്ലെന്ന് വിശ്വസിച്ചിരുന്നു. അതിന് പ്രധാന കാരണം ഇസബെല്ലയുടെ ജീവിത സാഹചര്യമായിരുന്നു. ഒരു പ്രോസ്റ്റിറ്റിയൂട്ടിന്റെ മരണം ഒരിക്കലും പൊലീസുകാര്‍ ഏറ്റുപിടിക്കില്ലെന്ന് കരുതി. പക്ഷേ, കഥ -തിരക്കഥ - സംഭാഷണം എല്ലാം നിര്‍വഹിച്ച ചന്ദ്രികയ്ക്ക് അതിന്റെ സംവിധാനം പൊലീസ് ഏറ്റെടുത്തതോടുകൂടി കാര്യങ്ങള്‍ കൈവിട്ട അവസ്ഥയിലായിരുന്നു.

അതിനിടയ്ക്ക് നഥാനോട് സംസാരിച്ചപ്പോള്‍ മനസ്സിലായ വിഷയം താരകയെ ഡിവേഴ്‌സ് ചെയ്തിട്ടില്ലെങ്കില്‍ വീട്ടില്‍ നിന്നും അഞ്ച് പൈസ സ്വത്തിന്റെ ഭാഗമായി കിട്ടുകയില്ല എന്ന് മാതാപിതാക്കള്‍ ഭീഷണിപ്പെടുത്തിയിരുന്നു എന്നതാണ്. അതിനാല്‍ സ്വത്തും പണവും ലഭിക്കണമെന്ന ഉദ്ദേശത്താല്‍ ഭാര്യയേയും മകളേയും ഉപേക്ഷിക്കാന്‍ ഏത് നീചമായ വഴിയും ചെയ്യാന്‍ തയ്യാറായ പിശാചായി മാറി അയാള്‍. അതെല്ലാം പെങ്ങളായ മൃദുലയ്ക്ക് കൊടുക്കുമെന്ന വീട്ടുകാരുടെ സ്ഥിരമായ ഭീഷണിയും ഭാര്യയെ ഉപേക്ഷിച്ചില്ലെങ്കില്‍ സമൂഹം അവനെ ആണത്തമുള്ളവനായി കാണില്ലെന്ന ഉപദേശവും ബന്ധം ഒഴിഞ്ഞുപോകാന്‍ തയ്യാറാകാത്തവള്‍ക്ക് അന്യ പുരുഷനുമായി ബന്ധമുണ്ടെന്ന സ്ഥാപിക്കുന്നതിനുള്ള ക്വൊട്ടേഷനിലും അവളെ വീട്ടില്‍ ഒറ്റപ്പെടുത്തി രാത്രിയില്‍ ഷോര്‍ട്ട് സര്‍ക്കൂട്ടില്‍ വീടിനെ കത്തിച്ച് ചുട്ടെരിക്കാനും പ്ലാനുകള്‍ തയ്യാറാക്കി. ഏറ്റവും ലാഭകരമായ ബിസിനസ് ഭാര്യയുമായുള്ള വിവാഹബന്ധം വേണ്ട എന്ന് വെക്കുന്നതാണ് നഥാനും കരുതി.

പ്ലാന്‍ ബി യുടെ പിന്നാലെ ഇറങ്ങി തിരിച്ചപ്പോള്‍ ഫോണ്‍ ഹിസ്റ്ററി മുതല്‍ അവറ്റകള്‍ കുടിച്ച മുലപ്പാല്‍ വരെ ഞങ്ങള്‍ പരിശോധിച്ചു. ഫോണ്‍ രേഖകളില്‍ നിന്നും മറ്റ് ഇടപാടുകളില്‍ നിന്നും ഞങ്ങള്‍ എത്തി ചേര്‍ന്നത് അടുത്ത കാലത്തെ അവരുടെ വീടിന്റെ ഇന്‍ഷുറന്‍സ് ഇടപാടുകള്‍ കണ്ടപ്പോഴാണ്. ഇലക്ട്രിക്കല്‍ ഉപകരണങ്ങളുടെ പ്രവര്‍ത്തനത്തില്‍ അഗ്രഗണ്യര്‍ ആണെന്ന് സ്വയം സമര്‍ഥിക്കുന്ന ഇവര്‍ ഇവിടെയും മാറ്റി ചിന്തിച്ചില്ല. ഷോര്‍ട്ട് സര്‍ക്യൂട്ട് ആയിരുന്നു അവരുടെ പ്രധാന ഉദ്ദേശം. അതില്‍ താരക വെന്ത് മരിക്കുമെന്ന് അവര്‍ അതിമോഹിച്ചു. കൂട്ടത്തില്‍ വീട് കത്തി പോയേക്കാം. പക്ഷേ, അത് ഒരു പഴയ വീടല്ലേ, ദുഃഖിക്കാന്‍ എന്തിരിക്കുന്നു എന്നതാണ് ചന്ദ്രികയുടെ പക്ഷം! വീട് കത്തിച്ച് ആയാലും വേണ്ടില്ല മരുമകള്‍ കത്തി തീരണം എന്നതാണ് അവരുടെ നികൃഷ്ടമായ ചിന്ത. അല്ലെങ്കിലും പുതിയ ഒരു വീട് പണിയണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു. ഇതിപ്പോ ഒരു വെടിക്ക് രണ്ട് പക്ഷി! ഒരു സംശയവും തോന്നാത്ത രീതിയില്‍ അവശേഷിപ്പിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം ഇതുതന്നെയാണെന്ന് അവര്‍ ശരി വെച്ചു. എന്നാല്‍, ഇതിന്റെ പിന്നിലുള്ള എല്ലാവിധ ഗൂഢാലോചനയും റെക്കോര്‍ഡ് സഹിതം പൊലീസ് പൊക്കിയിട്ടുണ്ട്. പൊലീസിനും കളക്ടര്‍ക്കും ഉള്‍പ്പെടെ ചെന്ന പരാതിയിന്‍മേലുള്ള അന്വേഷണം അവസാനിച്ചു. തങ്ങളെ ആരും പിടിക്കില്ലെന്ന അഹങ്കാരത്തില്‍ വിലസുമ്പോള്‍ തൊട്ടു പുറകെ നിഴല്‍ പോലെ പൊലീസ് ഉണ്ട്. താരകയുടെ മകളുടെ ജീവനും അപകടത്തിലായതിനാല്‍ അതിനും വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വീടിന് പുറത്തും സ്‌കൂളിലും എല്ലാം കണ്ണുകള്‍ അവള്‍ക്ക് പുറകെ ഉണ്ട്.

ചന്ദ്രികയും ബാഹുലേയനും നഥാനും ഒരു ദേശീയ പാര്‍ട്ടിയില്‍ മെമ്പര്‍ഷിപ്പ് ഉള്ളവരാണ്. എന്ത് ചെറ്റത്തരം ചെയ്താലും പാര്‍ട്ടിയുടെ പൊളിറ്റിക്കല്‍ പിന്തുണ കിട്ടുമെന്ന പ്രതീക്ഷയാണ് ഇവരെ പോലെയുള്ളവര്‍ക്ക്. കുടുംബ പ്രശ്‌നങ്ങളില്‍ രാഷ്ട്രീയം ചേര്‍ത്താല്‍ തങ്ങളുടെ തെറ്റ് മറയ്ക്കാന്‍ ആകുമോ?

സ്വത്തിനോടും പണത്തിനോടുള്ള കുടുംബത്തിന്റെ ആര്‍ത്തി കൊലപാതകത്തില്‍ എത്തിച്ചേര്‍ന്നു. മകന്റെ ഭാര്യക്കും കാമുകിക്കും പിന്നാലെ തികഞ്ഞ മാനസിക രോഗിയായി അലഞ്ഞു നടന്ന അമ്മായിയമ്മയും അമ്മായിഅച്ഛനും ഈ കൊച്ചു കേരളത്തിന് തന്നെ അപമാനമാണ് എന്ന് പറയാതിരിക്കുന്നത് ആത്മഹത്യാപരമാണ്.'

'ലക്ഷ്മണ്‍ എന്താണിതെല്ലാം? ഇതപ്പോള്‍ നീ എഴുതിയ കഥ അല്ലായിരുന്നോ? യഥാര്‍ഥ സംഭവം ആണോ?'

'അതെ മൃണാള്‍... ഇതൊരു പോരാട്ടമാണ്. താരകയുടേത് സമാനമായി എത്രയെത്ര സഹോദരിമാര്‍ കൊന്ന് ഒടുങ്ങുന്നു. ആത്മഹത്യയായി എഴുതപ്പെടാന്‍ വിധിക്കപ്പെട്ട കൊലപാതകങ്ങള്‍.

അവിടെ നിന്നും യാത്ര പറഞ്ഞിറങ്ങി കുറേ നേരം മൃണാളും ലക്ഷ്മണും ഗഹനമായ ചിന്തയില്‍ തന്നെയായിരുന്നു.

മൗനം ഭഞ്ജിച്ചു കൊണ്ട് നെടുനീളത്തില്‍ കിടക്കുന്ന റോഡിലേക്ക് മിഴികള്‍ പായിച്ചു കൊണ്ട് മൃണാളിനോട് പറഞ്ഞു,'' ഒരു ഐ.പി.എസ് ഓഫീസര്‍ എന്നതിലുപരി ഭാവന എനിക്ക് ഒരു സഹോദരി തുല്യയാണ്. ആ കുടുംബത്തിനേറ്റ ആഘാതമാണ് ഇതുപോലെയുള്ള ആക്രമണങ്ങള്‍ക്ക് എതിരെ പൊരുതണമെന്ന് അവരെപ്പോലെയുള്ളവരെ ചിന്തിപ്പിക്കുന്നത്. അതുകൊണ്ടായിരിക്കാം താരകയുടെ വിഷയത്തില്‍ ഭാവന ഇത്രയധികം ഇമോഷണല്‍ ആയി ഇടപെടുന്നത്.

'ഭാവനയുടെ സഹോദരിക്ക് എന്തെങ്കിലും...?' വാചകം പൂര്‍ത്തിയാക്കാതെ ലക്ഷ്മണിനെ തലചരിച്ചു നോക്കിക്കൊണ്ട് ചോദിച്ചു

'ആസിഡ് അറ്റാക്ക്...'

ആ ഒരു നിമിഷത്തില്‍ മൃണാളിന്റെ കണ്ണില്‍ ഉരുണ്ടുകൂടിയത് കണ്ണുനീര്‍ത്തുള്ളികള്‍ മാത്രമായിരുന്നില്ല ഹൃദയത്തിലെങ്ങും പടര്‍ന്ന് പന്തലിക്കുന്ന വേദനയുടെ ഛായയായിരുന്നു.

'ആരായിരുന്നു ?'

'ഹേര്‍ എക്‌സ് ഹസ്ബന്‍ഡ്..!'

'സഹോദരി ഒരു എഴുത്തുകാരിയല്ലേ? അവര്‍ക്കെതിരെ എന്തിനായിരിക്കും അയാള്‍...?'

'The pen is mightier than the sword എന്നല്ലേ. തങ്ങള്‍ ചെയ്ത വൃത്തികേടുകള്‍ ലോകം അറിയുമോ എന്ന ആവലാതിയായിരുന്നു അവര്‍ക്ക്. നിശബ്ദരായിരുന്നാല്‍ ഗോസിപ്പുകളാല്‍ ശത്രുക്കള്‍ ആക്രമിക്കും, അവര്‍ക്കെതിരെ ശബ്ദിച്ചാല്‍ പലവിധ കൊട്ടേഷന്‍, ഷോര്‍ട്ട് സര്‍ക്കൂട്ട്, ആസിഡ് അറ്റാക്ക്, ആക്‌സിഡന്റ് തുടങ്ങിയവ പ്രതീക്ഷിക്കാം.

ഞങ്ങളുടെ കുഞ്ഞനുജത്തിയുടെ അനുഭവങ്ങളും സമാനമായവരുടെ അവസ്ഥകളും ജനവിചാരണക്ക് വിട്ടു കൊടുക്കാനുള്ള സമയമെത്തി എന്ന് ഭാവനയ്ക്ക് പൂര്‍ണ ബോധ്യം വന്ന നിമിഷത്തില്‍ എല്ലാവരും ചെയ്യുന്നത് പോലെ അനുഭവങ്ങള്‍ പുസ്തകമാക്കാന്‍ തന്നെയായിരുന്നു ഭാവനയുടെ ആഗ്രഹം. എന്നാല്‍, കേശവനങ്കിള്‍ സിനിമയാണെങ്കില്‍ എല്ലാ ജനങ്ങളിലേക്കും കൂടുതല്‍ വേരുറപ്പിക്കില്ലേ എന്ന് ചോദിച്ചപ്പോള്‍ ആ അച്ഛനെ മകള്‍ എതിര്‍ത്തില്ല. തുടര്‍ന്ന് നടന്നതെല്ലാം സാറിന് അറിയാമല്ലോ.''

'മടിയില്‍ കനമില്ലാത്തവന് ആരോടും എവിടെയും സ്വന്തം അവസ്ഥയും കഥയും പറയാന്‍ പേടിക്കേണ്ടതില്ല. കനമുള്ളവര്‍ കല്ലേറ് ഭയന്ന് ഓടിക്കൊണ്ടേയിരിക്കും..' മൃണാള്‍ ദീര്‍ഘ നിശ്വാസത്തോടെ തന്റെ കണ്ണുകള്‍ അടച്ച് സീറ്റില്‍ ചാരി കിടന്നു.

( തുടരും)


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - അനിത അമ്മാനത്ത്

Writer

Similar News

കടല്‍ | Short Story