ജീവിതത്തിന്റെ നൂലറ്റങ്ങള്‍, മരണത്തിന്റേയും | Short Story

| കഥ

Update: 2024-10-23 11:35 GMT
Advertising

എസ്തപ്പാന്‍ ചേട്ടന്‍ മരിച്ചു കൃത്യം ഒന്‍പത് നാള്‍ കഴിഞ്ഞാണ് അവള്‍ മരിക്കാന്‍ തീരുമാനിക്കുന്നത്. എന്തെന്നാല്‍ അയാളുടെ മരണ ശേഷമാണ് അവള്‍ക്കു ചുറ്റും അതുവരെയില്ലാത്ത ഒരു തരം ശൂന്യത പെറ്റു പെരുകാന്‍ തുടങ്ങുന്നത്.

ജീവിതത്തിന്റെ വസന്തില്‍, അവനവനില്‍ നിറഞ്ഞു തുളുമ്പി നില്‍ക്കുന്ന നേരത്ത് എല്ലാം ഇട്ടെറിഞ്ഞ്, സ്വയം ഒരു ഇറങ്ങിപ്പോക്ക് നടത്തുന്നത് ഒരര്‍ഥത്തില്‍ വിപ്ലവം തന്നെയാണെന്ന് എസ്തപ്പാന്‍ ചേട്ടന്‍ ഇടയ്‌ക്കൊക്കെ അവളോട് പറയുമായിരുന്നു.

അതുകൊണ്ട് തോട്ടത്തില്‍ ഇറങ്ങുന്ന കാട്ടു പന്നികളെ വെടിവെക്കുന്ന ആ പഴഞ്ചന്‍ തോക്കുകൊണ്ട് സ്വയം വെടിയുതിര്‍ത്തു ഹിറ്റ്‌ലറെ പോലെ ഒരു ഓളം തീര്‍ത്താകും താന്‍ മരിക്കുക എന്ന് അയാള്‍ എത്രയോ തവണ മുമ്പ് അവളോട് വീമ്പു പറഞ്ഞിട്ടുണ്ട്.

എന്നിട്ടിപ്പൊ ഒരു മാതിരി പൂച്ചയെ പോലെ റബര്‍ തോട്ടത്തിലെ ഷീറ്റു പുരയ്ക്കുള്ളില്‍, ആരാലും ശ്രദ്ധിക്കപ്പെടാതെ അറ്റാക്ക് വന്നു മരിച്ചു കിടന്നയാള്‍.

തൊട്ടപ്പുറത്തെ കോഴി ഫാമിന്റെ ഒത്ത നടുക്ക് കെട്ടിത്തൂക്കിയ ഫിലിപ്‌സിന്റെ പഴയ റേഡിയോയില്‍ ഒഴുകിക്കൊണ്ടിരുന്ന വയലാറിന്റെ പാട്ടും ആസ്വദിച്ചു നിലത്ത് വെറുതെ കമിഴ്ന്നു കിടക്കുകയാണെന്നാണ് ബോഡി കണ്ട കുഞ്ഞപ്പന്‍ ചേട്ടന്‍ ആദ്യം വിചാരിച്ചത്.

എസ്തപ്പാന്‍ ചേട്ടന് കൃഷി കൂടാതെ പണ്ട് കാലത്ത് പള്ളി സെമിത്തേരിയില്‍ കുഴി വെട്ടുന്ന ജോലിയും ഉണ്ടായിരുന്നു. ഒരു ധീരകൃത്യം ചെയ്യുന്ന ആവേശത്തിലാണ് അയാള്‍ മരിച്ചവര്‍ക്ക് വേണ്ടി കുഴി വെട്ടി കൊണ്ടിരുന്നത്്. കുട്ടികളുടെ കുഴിമാടത്തില്‍ മാത്രം വെളുത്ത പാരിജാത പൂക്കളോ വെള്ള റോസാ പുഷ്പങ്ങളോ വെച്ചു അലങ്കരിച്ചയാള്‍ ആദ്യത്തെ മൂന്ന് രാത്രികളില്‍ അവര്‍ക്ക് വേണ്ടി കാവലിരിക്കല്‍ പതിവായിരുന്നു.

ആ ഇടയ്‌ക്കെപ്പോഴോ ആണ് വടക്കമ്പാട്ടെ ലോറന്‍സേട്ടന്റെ ഇളയ മകള്‍ അന്ന കാലു തെറ്റി പറമ്പിലെ കുളത്തില്‍ വീണ് മരിച്ചത്. അങ്ങേയറ്റം ദു:ഖം തളം കെട്ടി നിന്ന ആ തണുത്തുറഞ്ഞ രാത്രിയിലും എസ്തപ്പാന്‍ ചേട്ടന്‍ പതിവ് പോലെ രണ്ടെണ്ണം അടിച്ചു ആകുഞ്ഞിന്റെ കുഴിമാടത്തിന് കാവലിരുന്നു.

പതിയെ പതിയെ മയക്കത്തിലേക്ക് വീണ അയാള്‍ ഇടയ്‌ക്കെപ്പോഴോ ഉണര്‍ന്നപ്പോള്‍, ആ കാഴ്ച കണ്ട് ഞെട്ടി. കല്ലറയ്ക്ക് മീതെ, തനിക്ക് ചുറ്റും വട്ടം പറക്കുന്ന വലിയ ചിറകുകളുള്ള ഒരു കൂട്ടം വെളുത്ത ശലഭങ്ങള്‍. ഭയം കൊണ്ടോ സങ്കടം കൊണ്ടോ അലറി കരഞ്ഞയാള്‍ അവിടെ നിന്നും വീട്ടിലേക്കോടി. പിന്നീട് എസ്തപ്പാന്‍ ചേട്ടന്‍ കുഴി വെട്ടാന്‍ പോയിട്ടില്ല. അന്നത്തോടെ ആ പണി നിര്‍ത്തി. എങ്കിലും വെളുത്ത പൂമ്പാറ്റകളെ കാണുമ്പോഴൊക്കെ ഇപ്പോഴും അയാളുടെ കണ്ണു നിറയും. വാക്കുകള്‍ വറ്റും.

അന്നൊക്കെ സ്‌കൂള്‍ വിട്ടു വരുമ്പോള്‍ സ്ഥിരമായി നാരായണന്‍ ചേട്ടന്റെ കടയില്‍ കടല വാങ്ങാന്‍ കേറുന്ന പതിവ് ഉണ്ട്. അപ്പോഴൊക്കെ അയാള്‍ തള്ളിവിടുന്ന പ്രേതകഥകള്‍ കേട്ട് എത്രയോ തവണ അവിടെ ചുറ്റി പറ്റി നിന്നിട്ടുണ്ട്.

ചുരുക്കി പറഞ്ഞാല്‍ കുട്ടിക്കാലം മുതലുള്ള ആത്മ ബന്ധമാണെന്ന് അവളും എസ്തപ്പാന്‍ ചേട്ടനും തമ്മില്‍ എന്ന് സാരം. നട്ടപ്പാതിരക്ക് പുഴയ്ക്ക് അക്കരെ കുന്നിന് മുകളിലൂടെ അയാള്‍ ചൂട്ടും മിന്നിച്ച് ഒറ്റയ്ക്ക് ഒരു പോക്കുണ്ട്. കട്ട പിടിച്ച ഇരുട്ടില്‍ ഒഴുകി നീങ്ങുന്ന ഒരു കുഞ്ഞു വിളക്ക് പോലെ. എന്നിട്ട് നേരം വെളുക്കുന്നതിന് മുന്‍പേ വഴിയരികില്‍ ഇറങ്ങി നിന്ന് സൊസൈറ്റിയിലേക്ക് പാലും കൊണ്ട് പോകുന്ന ഏതെങ്കിലുമൊരു വണ്ടിയില്‍ കയറി പള്ളിക്കവലയിലെത്തും.

'അല്ല ഇന്നലെ രാത്രി കുന്നിന് കുറുകെ പ്രകാശം വിതറി ഒരു അദൃശ്യ ശക്തി കടന്നു പോയത് ആരേലും കണ്ടോ' എന്നൊരു ചോദ്യം എറിഞ്ഞു ആ ദിവസത്തെ ഹൊറര്‍ എപ്പിസോഡ് അയാള്‍ തുടങ്ങി വെക്കും.

'ആ എസ്തപ്പാന് പ്രാന്താണ്, അവന് ആകാശത്തിന് താഴെള്ള ഒന്നിനേം പേടില്ല, അതുപോലെ ആണോ പേടീം ഭയോള്ള നമ്മള്, അയാള്‍ടെ കാര്യം പറയുമ്പോ കൂടെ കൂടെ മുത്തശ്ശി പറയും. (സത്യത്തില്‍ പേടി എന്നത് സാധാരണ പേടിയും ഭയം എന്നത് അതിന്റെ മാരക വേഷന്‍ ആണെന്നുമാണ് അന്ന് വിചാരിച്ചത്. രണ്ടും ഒന്നാണെന്ന് അറിയില്ല എന്ന് ചുരുക്കം)

എന്തോ അവള്‍ക്ക് മാത്രം അയാളുടെ മരണം ഒരു വന്‍മരം വീണത് പോലെ തോന്നി.

......................

2

പതിമൂന്നാം നിലയിലെ തന്റെ ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയോടു ചേര്‍ന്ന കുഞ്ഞു മുറിക്കുള്ളിലെ ചില്ലുജാലകത്തിനരികിലിരുന്ന് അവള്‍ അകലേക്ക് നോക്കി.

'കടലിലേക്ക് തുറക്കുന്ന ഒരു ജാലകം'

പണ്ട് മുതലേ മനസ്സില്‍ കയറിക്കൂടിയ നീല നിറമുള്ളൊരു സങ്കല്‍പമായിരുന്നു അത്. കടലും ജനല്‍ പാളികളും നിറഞ്ഞ എത്രയെത്ര പെയിന്റിങ്ങുകളാണ് ഇപ്പോഴും വീട്ടില്‍ മുറിക്കുള്ളില്‍ ഉള്ളത്. ഒരു പാട് ദിവസങ്ങളുടെ അലച്ചിലിനൊടുവിലാണ് ഇത് പോലൊരു സ്ഥലം ഒത്തു കിട്ടിയത്. സ്റ്റുഡിയോ അപാര്‍ട്‌മെന്റ് ആണേലും വാടകയ്ക്ക് വല്യ കുറവൊന്നുമില്ലെന്ന് അവള്‍ സുഹൃത്തുക്കളോട് ഇടയ്ക്കിടെ പരിഭവം പറയുഞ്ഞു.

പിന്നെ കുറച്ചു ദിവസത്തേക്കല്ലേ തത്കാലം അഡ്ജസ്റ്റ് ചെയ്യാന്നു വെച്ചു. ഓഫീസിലേക്ക്, നടന്നു പോകാനുള്ള ദൂരം, ദീര്‍ഘ ദൂര ഡ്രൈവിംഗ്, പെട്രോള്‍ ലാഭിക്കല്‍ ഇതൊക്കെയാണ് ഈ താത്കാലിക നഗര വാസത്തിന് നാട്ടിലും വീട്ടിലും പറഞ്ഞ കാരണങ്ങള്‍. ദൂരെ സന്ധ്യ മാഞ്ഞു തുടങ്ങുന്നു, തിരകള്‍ക്ക് മേല്‍ വട്ടമിട്ട് പറക്കുന്ന കടല്‍കാക്കകളെ ഇപ്പോള്‍ കാണുന്നില്ല. നിമിഷാര്‍ഥ നേരത്തേക്ക് മാത്രം തീരത്തെ തൊട്ട്, ഒരു വാക്കു പൊലും മുഴുമിപ്പിക്കാനാവാതെ തിരികെ മടങ്ങുന്ന തിരകളുടെ നിഴലും ഇരുട്ടില്‍ മറഞ്ഞു. ഒരു നഗരത്തിന്റെ സൗന്ദര്യം എപ്പോഴും അതിന്റെരാത്രികളിലാണ്.

രാത്രിയുടെ സൗന്ദര്യത്തെകുറിച്ച് തന്റെ അവസാന രാത്രിയില്‍ ഇരുന്ന് ഒരാള്‍ ഒരു കവിത എഴുതിയാല്‍ എങ്ങനെയിരിക്കും. എന്തായാലും ദുഃഖഭരിതമായ വരികള്‍ക്ക് തന്നെയാണ് സാധ്യത. അല്ലെങ്കില്‍ തന്നെ ആത്മഹത്യ ചെയ്യാന്‍ ഒരുങ്ങിയ ഒരാള്‍ക്ക് തന്റെ അവസാന രാത്രിയില്‍ രാവിന്റെ വശ്യതയെ കുറിച്ചോര്‍ത്തിരിക്കാന്‍ പറ്റുമോ.

അവള്‍ വീണ്ടും ഫോണെടുത്തു. അതിന്റെ തിളങ്ങുന്ന സ്‌ക്രീനിലൂടി വിരലുകള്‍ ഓടിച്ചു, ആരുടേയോ വാട്‌സ്ആപ് സ്റ്റാറ്റസില്‍ തന്റെ മുഖം കണ്ട് അവള്‍ തെല്ലിട അങ്ങോട്ട് പോയി.

ദീപ്തി ചേച്ചിയാണ്. ഉച്ചയ്ക്ക് ലഞ്ച് കഴിക്കാന്‍ പോയപ്പോ എടുത്ത ഫോട്ടോയാണ്.

സകല ഇറച്ചി തീറ്റയും പെട്ടെന്ന് ഉണ്ടായ ഒരു പ്രത്യേക വെളിപാടില്‍ ഉപേക്ഷിക്കേണ്ടി വന്ന ചേച്ചി തന്റെ പഴയ ഫേവറേറ്റ് ഡിഷ് ആയ പൊറോട്ടയും ബീഫും കണ്ടപ്പോള്‍ പണ്ടെന്നോ, പ്രണയിച്ചു പിരിഞ്ഞ പഴയ കാമുകനെ കണ്ട അവസ്ഥയിലായിരുന്നു. ഉള്ളില്‍ ഒരു കൊളുത്തി വലിക്കലിന്റെ വേദനയോടെ പെട്ടെന്ന് ഒരു മസാല ദോഷയും കഴിച്ചു കക്ഷി പെട്ടെന്ന് എണീറ്റു. പോസ്റ്റ് ഇടാന്‍ ഉള്ളത് കൊണ്ട് പക്ഷെ ഫോട്ടോ എടുക്കാന്‍ മറന്നില്ല.

ജീവിതം ആസ്വദിക്കാനല്ല പാട് , ആസ്വദിക്കുന്നുണ്ടെന്ന് മറ്റുള്ളവരെ കാണീക്കിനാണ് പാട് എന്ന അടുത്തൊരു സുഹൃത്ത് പറഞ്ഞത് വെറുതെ ഓര്‍മ വന്നപ്പോള്‍ ചുണ്ടില്‍ ഒരു ചിരി പടര്‍ന്നു.

പക്ഷേ, ആത്മഹത്യ ചെയ്യാന്‍ പോകുന്ന ഒരാള്‍ക്ക് ചിരി വരാന്‍ പാടുള്ളതല്ലല്ലോ. അതിനര്‍ഥം പൂര്‍ണമായും മനസ്സ് മരണത്തിന് വേണ്ടി പാകപ്പെട്ടിട്ടില്ല എന്നാണ്. അകത്തേക്ക് പോയി. ഒരു ആമ്പിയന്‍സ് ക്രിയേറ്റ് ചെയ്യാന്‍ ഫ്രിഡ്ജില്‍ നിന്നും പാതി കാലിയായ വോഡ്കയുടെ കുപ്പി എടുത്തു. അതിലേക്ക് അല്‍പം ഓറഞ്ച് ജ്യൂസും മിക്‌സ് ചെയ്തു.

എന്തും പരിപൂര്‍ണ്ണതയില്‍ എത്തണമെങ്കില്‍ അതിന് അനുകൂലമായ ഒരു അറ്റ്‌മോസ്ഫിയര്‍ നമ്മള്‍ തന്നെ സൃഷ്ഠിക്കണമല്ലോ. ആദ്യം വിജയ സാധ്യതയുള്ള ഒരു മരണവഴി കണ്ടെത്തണം. തൂങ്ങി മരിക്കലൊക്കെ കിണറ്റില്‍ ചാടുന്നത് പോലെ പഴഞ്ചന്‍ ഏര്‍പ്പാടുകളാണ്. സ്വയം ഷൂട്ട് ചെയ്യാന്ന് വെച്ചാല്‍ സ്വന്തമായി തോക്കില്ല. മാത്രവുമല്ല, എങ്ങാനും പണി പാളിയാല്‍ ശിഷ്ട കാലം പൗലോ കൊയ്‌ലോയുടെ വെറോണിക്കയെ പോലെ ഏതേലും പ്രാന്താശുപത്രിയില്‍ പോയി കിടക്കേണ്ടിയും വരും.

അങ്ങനെ ഒരുപാട് ആലോചനകള്‍ക്ക് ശേഷമാണ് അത്ര ബോറല്ലാത്ത ഒരു വഴി തെളിഞ്ഞത്.

'കടല്‍'

എല്ലാത്തിനേയും തന്നിലേക്ക് മാടി വിളിക്കുന്ന കടല്‍. നട്ടപ്പാതിരക്ക് കടലിനാഴങ്ങളിലേക്ക് നടന്നു കയറുക. എന്തൊക്കെ വന്നാലും തിരികെ നീന്തി പോകരുത്. അല്ലെങ്കിലും കടലില്‍ നീന്താനുള്ള കപ്പാസിറ്റി ഒന്നും തനിക്കില്ലല്ലോ.

പക്ഷെ, പാതിരാ എന്നുള്ള ടൈം, അതൊരു ടാസ്‌ക് ആണ്.

പലരുടേയും കണ്ണു വെട്ടിച്ച് ബീച് സൈഡില്‍ എത്തിയാല്‍ തന്നെ അവിടെ പൊലീസ് ഉണ്ടാകാനും സംഗതി ചീറ്റി പോകാനും സാധ്യത ഉണ്ട്.

ഇല്ലത്ത് നിന്ന് പുറപ്പെട്ടു അമ്മാത്ത് എത്താത്ത അവസ്ഥ ഇക്കാര്യത്തില്‍ ഉണ്ടാകാന്‍ പാടില്ല. ആകെ നാണക്കേടാകും.

അങ്ങനെ ഏറെ ആശങ്കകള്‍ക്കൊടുവില്‍ അവള്‍ മരിക്കാനായ് പ്രഭാതം തന്നെ തിരഞ്ഞടുത്തു. പുലര്‍ച്ചെ നടക്കാനിറങ്ങിയതാണെന്നേ മറ്റുള്ളവര്‍ കരുതൂ. ആ സമയത്ത് ആളുകളും കുറവായിരിക്കും.

സൂര്യോദയം കണ്ടിട്ടാണെങ്കില്‍ കാലങ്ങളായി. അവസാനമായി അതും കാണാം.

അവള്‍ ഫോണ്‍ സ്പീക്കറിലേക്ക് കണക്റ്റ് ചെയ്തു ആയിരങ്ങളെ ആത്മഹത്യയിലേക്ക് നയിച്ച ആ ഹംഗേറിയന്‍ സുയിസഡ് സോങ് പരതി. പിന്നെ ഗ്ലാസ് പതിയെ ചുണ്ടോട് അടുപ്പിച്ചു. ജീവിത വിരക്തിയുടെ വന്യമായ സ്ഥലികളിലൂടിയുളള ഏകാന്തമായ യാത്രകളെ അവള്‍ മനസ്സില്‍ സങ്കല്‍പിച്ചു.

ബാക് ഗ്രൗണ്ടില്‍ ഗ്ലൂമി സണ്‍ഡെ യുടെ പല പല വേര്‍ഷനുകള്‍ ഒഴുകി.

'I have decided to end at all'

Soon,there will be a candle and prayers that,

Are sad ,know

Let them not weep, let them know that

Iam glad to go , death is in no dream

For in death iam crossing you'

ലോകത്തുള്ള സകല മനുഷ്യരുടേയും വ്യഥകള്‍ ആ നിമിഷത്തിലേക്കുരുണ്ടുകൂടി അവളുടെ ഹൃദയത്തില്‍ പെയ്യാന്‍ തുടങ്ങി. ഹൃദയം വിങ്ങാന്‍ തുടങ്ങിയപ്പോള്‍ അവള്‍ കണ്ണുകള്‍ അടച്ചു. ജീവിതം തീര്‍ത്തും ശൂന്യമായ ഒരൊറ്റത്താള്‍ പുസ്തകം പൊലെ. കീറിപ്പോയ മുപ്പത്തൊന്ന് കഷണങ്ങള്‍. അതില്‍ മഷി പടര്‍ന്നൊഴുകി നീലിച്ച രോഗാതുരമായ നാളുകള്‍, അതിന്റെ മനം മടുപ്പിക്കുന്ന വിരസമായ പകലുകള്‍.

എല്ലാ ആത്മക്ഷതങ്ങള്‍ക്കുമപ്പുറം പിന്നെയും ജീവിതത്തെ തന്നെ ഭ്രമണം ചെയ്ത ആത്മാവ് നഷ്ടപ്പെട്ട ദിനങ്ങള്‍.

മനസ്സില്‍ സുഖകരമല്ലാത്ത ഏതെല്ലാമോ ഓര്‍മകളുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് റീലുകള്‍ നിര്‍ത്താതെ ഓടാന്‍ തുടങ്ങുന്നു. താന്‍ ഒറ്റയ്ക്ക് സഞ്ചരിച്ച മോഹങ്ങളുടെ മഹാ വനങ്ങള്‍. നീന്തിക്കടന്ന അഭിലാഷത്തിന്റെ നദികള്‍, പ്രണയത്തിന്റെ മരുക്കാടുകള്‍. വേദനയുടെ തീക്കാടുകള്‍. എല്ലാത്തിനുമൊടുക്കം കൂകിപ്പായുന്ന ആംബുലന്‍സിന്റെ നീല വെളിച്ചത്തില്‍ മരിച്ചു കിടക്കാനായ് കടല്‍ തീരത്തു കൂടി ഓടി മറയുന്നൊരുവള്‍.

പെട്ടെന്ന് മുറിയിലെ വിഷാദ ഗീതത്തെ ഭേതിച്ചുകൊണ്ട് ഫോണ്‍ റിങ്ങു ചെയ്യാന്‍ തുടങ്ങി. അവള്‍ ഏതോ ലോകത്തില്‍ നിന്നെന്ന പോലെ ഞെട്ടിയുണര്‍ന്നു, ഒരു ഉറക്കച്ചവടോടെ ആ അപരിചിതമായ നമ്പറിലേക്ക് നോക്കി. അവള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യാനായി ഫോണ്‍ എടുത്തു. വീണ്ടും അതേ നമ്പര്‍ നിര്‍ത്താതെ നിലവിളി കൂട്ടുന്നു.

മരണരേഖയ്ക്കതിര്‍ വരമ്പില്‍ നിന്നൊരാള്‍. ഏറ്റവും ഒടുവിലത്തെയാള്‍, ഒടുക്കത്തെ വിളി.

'മറു തലയ്ക്കല്‍ ജെറിനാണ്.

ആദ്യം മനസ്സിലായില്ല.

തന്റെ സ്‌കൂള്‍ കാല പ്രണയം. പ്ലസ്ടു കഴിഞ്ഞപ്പോള്‍ രണ്ടു വഴിക്കായതാണ്. പത്ത് പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ആ ശബ്ദം, സ്‌കൂള്‍ ഗ്രൂപ്പില്‍ നിന്ന് നമ്പറൊക്കെ തപ്പി പിടിച്ച് വിളിച്ചതാണ് കക്ഷി.

വര്‍ഷങ്ങളായി ബാംഗ്ലൂരില്‍ ഒരു ഐടി കമ്പനിയിലാണ് ജെറിന്‍. എന്തോ അത്യാവശ്യ കാര്യത്തിനായ് ഇവിടെ എത്തിയതാണ് കക്ഷി. ഇപ്പോ തന്റെ സഹായം ചോദിക്കുന്നു. മഞ്ഞിലെ സര്‍ദാര്‍ജിയെപ്പോലെ നാളത്തെ ഒരു സായാഹ്നം കൂടി കടം ചോദിച്ചിരിക്കുകയാണ് അയാള്‍. കുറേ നേരത്തേക്ക് അവള്‍ക്ക് എന്ത് ചെയ്യണമെന്നറിയില്ലായിരുന്നു. എന്തൊക്കെയോ കലപില കൂട്ടി ഇരു ചെവികളിലൂടെയും കടന്നുപോയ പോലെ.

കാലം അതിവേഗത്തില്‍ പിന്നിലേക്കോടുകയാണ്, താന്‍ വീണ്ടും ആ പഴയ ഇലഞ്ഞി മരച്ചോട്ടിലെത്തിയിരിക്കുന്നു. ചുറ്റും മലര്‍ത്തിയിട്ട നനഞ്ഞ കുടക്കൂടയ്ക്കുള്ളിലേക്ക് മഴത്തുള്ളികള്‍ക്കൊപ്പം പെറുക്കിയിട്ട ഇലഞ്ഞി പൂക്കളുടെ ഗന്ധം. ഞാനെന്നില്‍ നിറഞ്ഞു നിന്ന മധുരമുള്ളൊരു കാലത്തിന്റെ പൊട്ടും പൊടിയും പെറുക്കിയെടുത്ത് തനിക്ക് നേരെ നീട്ടി മുന്നിലൊരാള്‍ വന്ന് നില്‍ക്കുന്നു.

അവള്‍ക്കുള്ളില്‍ ഒരു നേരിയ നിലാവ് പരന്നു. ചുറ്റും രാത്രികളില്‍ മാത്രം പൂക്കുന്ന പൂക്കളുടെ സുഗന്ധം മാത്രം. ഒരോ ഗന്ധത്തിലും ഓരോ ഓര്‍മകള്‍ വന്നു നിറയുന്നു. പുറത്തെ നേരിയ നിലാവെട്ടത്തിരുന്ന് എസ്തപ്പാന്‍ ചേട്ടന്‍ തന്റെ വയസ്സന്‍ ഡബിള്‍ ബാരല്‍ തോക്കുമായി മിന്നാമിനുങ്ങുകള്‍ക്കൊപ്പം ഒരപ്പൂപ്പന്‍ താടി കണക്കെ കനമേതുമില്ലാതെ മുറ്റത്ത് നൃത്തം ചെയ്യുന്നു. പൊടുന്നനെ എങ്ങും നിന്നോ ഒരു ചിരി ചാറി പെയ്തു ഉള്ളം തണുക്കാന്‍ തുടങ്ങുന്നു.

'എന്റെ മരണമേ നമുക്കു മറ്റൊരു വിഷാദ രാവില്‍ കണ്ടു മുട്ടും വരെ ഒരിക്കല്‍ കൂടി പിരിയാം. അതുവെരെ,

അതുവരെ മാത്രം.

അല്ലെങ്കിലും എനിക്ക് വേണ്ടി കാത്തു നില്‍ക്കാന്‍ നീയല്ലാതെ മറ്റാരാണ് ഉള്ളത്, അവളൊരു മയക്കത്തോടെ കട്ടിലിലേക്ക് വീണു.

മുറിയില്‍ പെട്ടെന്ന് ഗ്ലൂമി സണ്‍ഡേയുടെ ഈണങ്ങള്‍ നിലച്ചു. പകരം അമിത് കുമാറിന്റെ മധുര ശബ്ദം, ഒഴുകി തുടങ്ങി.

'ബടെ അച്ചെ ലഗ്‌തെഹേ,

യെ ദര്‍തീ, യെ നദിയാ... യെ രേനാ നാ ഔറ് തും....' 



 

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - നജ്മ ഇക്ബാല്‍

Writer

Similar News

കടല്‍ | Short Story