പുസ്തകങ്ങളുള്ളിടത്തോളം ഒരൊറ്റ മനുഷ്യനും ഒറ്റക്കാവില്ല; 'ആയതിനാല്‍ അവസാനത്തെ മനുഷ്യന്‍ ഒറ്റക്കാവില്ല'

ഒരു പുസ്തകം വായിക്കുന്നതിനേക്കാള്‍ അനേകപുസ്തകങ്ങളെ വായിച്ചെടുക്കുന്ന ഒരാളുമായുള്ള സംവാദം പ്രയോജനപ്പെടും എന്നത് എത്ര യാഥാര്‍ഥ്യമെന്ന് ഈ പുസ്തകം പറയാതെ പറയുന്നു. മെഹദ് മഖ്ബൂല്‍ എഴുതിയ 'ആയതിനാല്‍ അവസാനത്തെ മനുഷ്യന്‍ ഒറ്റക്കാവില്ല' പുസ്തകത്തിന്റെ വായന.

Update: 2024-06-19 14:04 GMT
Advertising

അജ്ഞതയാകുന്ന അന്ധകാരത്തിന്റെ ആഴിയിടങ്ങളിലേക്ക് ആപതിക്കുന്ന അകങ്ങളെ ജ്ഞാനത്തിന്റെ വിശാലവിഹായത്തിലേക്ക് വികസിപ്പിക്കുന്ന വിസ്മയകരമായ പ്രക്രിയയാണ് വായന. ഇരുട്ട് വീഴുന്ന ഉള്ളകങ്ങളെ വെട്ടമുള്ളതാക്കി, അനുഭവങ്ങളുടെ അപര്യാപ്തതയെ സമ്പന്നമാക്കി, ആശയങ്ങളെ സന്നിവേശിപ്പിച്ച് ചിന്തകള്‍ക്ക് വളമേറ്റി അതുവഴി മനസ്സിന് ആനന്ദവും ആസ്വാദനവും നല്‍കുന്നു വായന.

ഏതൊന്നിനെയും അതെന്താണോ ആ നിലക്ക് തന്നെ അവയെ തിരിച്ചറിയാനും ഉള്‍ക്കൊള്ളാനുമുള്ള ഉള്‍വികാസവും കരുത്തും വായനയുടെ സംഭാവനകളാണ്. വായന നമ്മുടെ ഭാവനയുടെ വാതായനങ്ങള്‍ തുറന്ന് നമ്മെ ജീവസുറ്റതാക്കുന്നു.

'ഞാനൊരു പുസ്തകം വായിച്ചു എന്റെ ജീവിതം മറ്റൊന്നായി' എന്ന ഓര്‍ഹാന്‍ പാമുക്കിന്റെ ഒരു വാക്യമുണ്ട്. അത്തരത്തില്‍ വായനയുടെ ആഴങ്ങളിലേക്ക് ആര്‍ത്തിയോടെ ആണ്ടിറങ്ങാന്‍ കൊതിപ്പിക്കുന്ന ഒന്നാണ് മെഹദ് മഖ്ബൂലിന്റെ 'ആയതിനാല്‍ അവസാനത്തെ മനുഷ്യന്‍ ഒറ്റക്കാവില്ല' എന്ന പുസ്തകം.

പുസ്തകങ്ങളിലൂടെ കാടും മേടും കടലും കരയും മാനവും മണ്ണും കടന്ന് അനുഭവങ്ങളുടെ മലനിരകള്‍ താണ്ടി താണ്ടി സമ്പുഷ്ടമായ ഒരു ഹൃദയം നേടുവാന്‍ ഈ പുസ്തകം പിന്നെയും പിന്നെയും കൊതിപ്പിച്ചു കൊണ്ടേയിരിക്കും.  


വായിക്കാത്തവന്‍ ഒറ്റ ജീവിതം കൊണ്ടു മടുക്കുന്നുവെങ്കില്‍ വായനയുള്ളവന്‍ അനേക ജന്മങ്ങളുടെ വായനയിലൂടെ ജീവിച്ചു കൊണ്ടേയിരിക്കുന്നുവെന്ന മഹത് വചനത്തെ ഒരൊറ്റ വായന കൊണ്ട് അനുഭവവേദ്യമാക്കുകയാണ് മെഹദ് മഖ്ബൂല്‍. അത്രയും മനോഹരമായി വായനയുടെ സൗന്ദര്യത്തെ വരച്ചു വച്ചിരിക്കുന്നു ഈ പുസ്തകത്തില്‍. ബഷീറിനെയും സുരയ്യയെയും മുകുന്ദനെയും എം.ടി, കെ.ഇ.എന്‍, ഫെറോസ് ജോണ്‍ ഗ്രീന്‍ തുടങ്ങിയ അനേകമനേകം എഴുത്തുകാരെ പരാമര്‍ശിക്കുന്നുണ്ട് വായനയെ അത്രമേല്‍ നെഞ്ചേറ്റിയ മെഹദ് മഖ്ബൂല്‍.

നോവുകളുടെ വേവുകളും വിശപ്പിന്റെ തീക്ഷ്ണതകളും യുദ്ധത്തിന്റെ കെടുതികളും ഒറ്റപ്പെടലിന്റെ നിര്‍വികാരതയും ദാരിദ്ര്യത്തിന്റെ നിസ്സഹായതകളും നമ്മുടെ കണ്ണില്‍ നിറച്ചു വെക്കുവാന്‍ പാകത്തില്‍ അതിമനോഹാരിതയോടെയാണ് ഈ പുസ്തകം ഒരുക്കിയെടുത്തത്. വായിക്കാന്‍ സമയമില്ലെന്ന് പറയുന്നയാള്‍ ബുദ്ധിപരമായി ആത്മഹത്യ ചെയ്യുന്നു എന്ന് തോമസ് ഡ്രൈയറുടെ വാക്കുകളില്‍ തുടങ്ങുന്ന മഖ്ബൂലിന്റെ ഈ പുസ്തകത്തെ മുന്നില്‍ വെച്ച് പറയാം, പുസ്തകങ്ങളുടെ ഭൂമികയുള്ളിടത്തോളം ഒരൊറ്റ മനുഷ്യനും ഒറ്റക്കാവില്ല.

ഒരു പുസ്തകം വായിക്കുന്നതിനേക്കാള്‍ അനേകപുസ്തകങ്ങളെ വായിച്ചെടുക്കുന്ന ഒരാളുമായുള്ള സംവാദം പ്രയോജനപ്പെടും എന്നത് എത്ര യാഥാര്‍ഥ്യമെന്ന് ഈ പുസ്തകം പറയാതെ പറയുന്നു. ആശയങ്ങളുടെ സംസ്‌കാരങ്ങളുടെ ദേശങ്ങളുടെ വൈവിധ്യാത്ഭുതങ്ങള്‍ പാത്തു വച്ച വായനകളില്ലാതെ, അതിന്റെ നന്മയും മഹത്വവും അറിയാതെ പോകുന്നവര്‍ യഥാര്‍ഥ നഷ്ടത്തില്‍ തന്നെയാണ്. അറിയാനായി അറിഞ്ഞിറങ്ങുമ്പോഴാണ് തന്റെ അറിവില്ലായ്മ തന്നെ എത്ര വലുതാണ് എന്ന് തിരിച്ചറിയാനാവുക.

'ഞാനെ'ന്ന പൊട്ടക്കിണറില്‍ തളച്ചിടപ്പെടാതെ അപരന്റെ അനുഭവങ്ങളിലൂടെ നമുക്ക് പരിചിതമല്ലാത്ത അനുഭവ യാഥാര്‍ഥ്യങ്ങളിലേക്ക് കടന്നു ചെന്നുകൊണ്ട് അവയെ അഭിസംബോധന ചെയ്യുവാനും അനീതിക്കെതിരെ ശക്തിയുക്തം ശബ്ദമുയര്‍ത്താനുമുള്ള കഴിവും കരുത്തും കൂടി വായനക്കാരനുണ്ടായിത്തീരുന്നു.

അകങ്ങളില്‍ കൂടുകൂട്ടുന്ന അഹം ബോധങ്ങളെ അകറ്റി വിനയത്തിന്റെ വിനീത ഭാവങ്ങളിലേക്ക് ഓരോ വായനയും വഴിനടത്തുക തന്നെ ചെയ്യും. കൂര ബുക്‌സ് ആണ് പുസ്തകത്തിന്റെ പ്രസാധകര്‍.



Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - സാജിദ എസ്.എ.പി

Writer

Similar News

കടല്‍ | Short Story