നീല വെളിച്ചം | Short Story
| കഥ
നിലാവില്‍ ആ നീലവെളിച്ചം നന്നായി തിളങ്ങുന്നുണ്ടായിരുന്നു. കണ്ട മാത്രയില്‍ മാനത്ത് നിന്നടര്‍ന്നുവീണൊരു നക്ഷത്രപൊട്ടു പോലെയാണ് തോന്നിയത്. കൗതുകം കൊണ്ട് കയ്യിലെടുത്തപ്പോഴാണ് പിടി വെച്ചൊരു കൊച്ചു കല്ലാണതെന്ന് തിരിച്ചറിഞ്ഞത്. കളയാനൊട്ടും മനസ്സ് വരാത്തത് കൊണ്ട് അപ്പോള്‍ തന്നെയത് കീറിയ ട്രൗസറിന്റെ കീറാത്ത പോക്കറ്റിലേക്കാഴ്ത്തി.
''ഇയ്യറിഞ്ഞോ പളുങ്ക്യേ... കുറിഞ്ഞ്യാല്‍ മലയിലിക്കുറി കാലംതെറ്റി നീലക്കുറിഞ്ഞി പൂത്തിട്ടുണ്ടത്രേ''
''ഉവ്വോ. ന്റെ ദേവീ നീ കാത്തു. ഇനീപ്പോ സീസണാകുമേ. മസാലപ്പൊടികളൊക്കെ ഇച്ചിരികൂടി വാങ്ങണം. ഗോവിന്ദനിന്നെങ്ങാനും കുന്നിറങ്ങുന്നുണ്ടോന്നാവോ?''
വരിനില്‍ക്കുന്നവരുടെ വായ്‌രുചിക്കുള്ളത് വറവ് ചട്ടിയിലേക്ക് കോരിയൊഴിക്കുന്നതിനിടയിലുംഇത്തിരി സന്തോഷത്തോടെ പളുങ്കി ആരോടെന്നില്ലാതെ പറഞ്ഞു.
കടക്കു പിന്നിലെ ഓട് മേഞ്ഞ ഒറ്റ മുറിയില്‍ ഓട്ട വീണ പുതപ്പിനുള്ളിലായ് ഉറക്കച്ചടവോടെ കിടക്കുകയായിരുന്നു പാച്ചു. അവനതുകേട്ട് ഒന്നുകൂടി അസ്വസ്ഥനായി തന്റെ പോക്കറ്റില്‍ തപ്പി നോക്കി. ഉണ്ട്, അതിവിടെത്തന്നെയുണ്ട്.
കുളിര്‍ക്കാറ്റിന്റെ തലോടലേറ്റ് ഹിമ കണങ്ങളില്‍ ലയിച്ചു നില്‍ക്കുന്ന പുതിയൊരു പ്രഭാതത്തിലേക്ക് ഒറ്റമുറിയുടെ തുരുമ്പെടുത്ത തകര വാതിലവന്‍ വലിച്ചു തുറന്നു. ഞരങ്ങിയും മൂളിയും വാഹനങ്ങളൊന്നൊന്നായി മല കയറി തുടങ്ങിയിരിക്കുന്നു. അമ്മച്ചിയുടെ കടയടക്കംപാതയോരത്തുള്ള നാലഞ്ചു കടകള്‍ ചുരം കയറുന്നവര്‍ക്ക്വയറുനിറക്കാനുള്ള അത്താണിയാണ്. എല്ലായിടത്തും അത്യാവശ്യം നല്ല തിരക്കുമുണ്ട്. ഉള്ളിലിരിക്കാന്‍ കഴിയാത്തവര്‍ റോഡരികത്ത് നിന്നും ഇരുന്നുമൊക്കെ കയ്യിലുള്ളത് ആസ്വദിച്ച് കഴിക്കുന്നു. പുതു ജോഡികളായിട്ടും, കൂട്ടുകാരായിട്ടും കുടുംബമായിട്ടുമൊക്കെ വന്നവരുണ്ട് കൂട്ടത്തില്‍. വിലകൂടിയ ക്യാമറകളും, മണ്ടയില്‍ മൊബൈലുറപ്പിച്ച വടികളുമൊക്കെയായി പല ചേച്ചിമാരും ചേട്ടന്മാരും വീഡിയോ പിടിക്കുന്ന തിരക്കിലാണ്. മാനത്തെ ഉമ്മ വെക്കുന്ന കുന്നുകളിലൂടെ, കോട മൂടിയ മലമ്പാതകളിലൂടെ കറങ്ങികറങ്ങിയൊടുവില്‍ തട്ടുകടകളിലെ ചില്ലുകൂടുകളില്‍ ഊഴവും കാത്തിരിക്കുന്ന പലഹാരങ്ങള്‍ വരെ ക്യാമറക്കണ്ണുകളില്‍ ഒപ്പിയെടുത്ത് വാക്‌സാമര്‍ഥ്യത്തിന്റെമേംപൊടിചേര്‍ത്തവര്‍ വീഡിയോക്കുള്ളിലാക്കുന്നുണ്ട്. പണമുണ്ടാക്കാന്‍ കാലത്തിന്റെ പുതിയ തന്ത്രമാണിതെന്ന് മുതിര്‍ന്നവരാരൊക്കയോ പറഞ്ഞു കേട്ടിട്ടുണ്ട്.
പെട്ടന്ന് എന്തോ ഓര്‍ത്തിട്ടെന്നവണ്ണം അവന്‍ രാജമ്മാള്‍ മുത്തശ്ശിയുടെ കുടിലിനെ ലക്ഷ്യമാക്കി ഓടി. മുഷിഞ്ഞ സാരിത്തലപ്പ് വലിച്ചുകുത്തി, മുറുക്കിമുറിഞ്ഞ പല്ലുകള്‍ക്കിടയിലൂടെ വിരലറ്റം കടത്തി വായ വൃത്തിയാക്കിക്കൊണ്ടിരിക്കയായിരുന്നു മുത്തശ്ശി. അവന് തന്നോടെന്തോ ചോദിക്കാനുണ്ടെന്ന ആ മുഖഭാവം കണ്ടിട്ടാവണം പിടിപൊട്ടിയ കോപ്പയിലെ വെള്ളം കൊപ്ലിച്ച് തുപ്പി അവര്‍ തൊട്ടടുത്ത കരിമെഴുകിയ തിണ്ണയില്‍ വന്നിരുന്നു.
''ന്ത്യേ കുട്ട്യേ മോന്തേലൊരു വാട്ടം. ഒന്നും കിട്ടീട്ടുണ്ടാവില്ല്യ ല്ലേ?''
കൂരകള്‍ക്കു മുമ്പില്‍ രുചികരമായ ഭക്ഷണം വിളമ്പുമ്പോഴും വിറ്റുകഴിഞ്ഞു ബാക്കിവരുന്നതെന്തോ അതിനായ് ഉച്ചവെയിലോളം കാത്തിരിക്കുന്നവരാണ് ഈ അടുക്കളയുടെ പിന്നാമ്പുറക്കാര്‍.
''ഏയ് അതല്ല മുത്തശ്ശീ.. ഒരു കാര്യമറിയാന്‍ണ്ട്''
''എന്താ ന്റെ കുട്ടിക്ക് അറിയേണ്ടേ?''
ചുക്കിച്ചുളിഞ്ഞ കൈത്തലപ്പുകൊണ്ട് അവന്റെ കവിളില്‍ തലോടി ആ പടു വൃദ്ധ ചോദിച്ചു.
''പണ്ട് മൂക്കുത്തി തിരഞ്ഞ്കൊക്കയില്‍ വീണ് മരിച്ചു പോയ സുന്ദരിപ്പെണ്ണിന്റെ കഥയില്ലേ''
''ഏത് കഥ''
''കാലംതെറ്റി നീലക്കുറിഞ്ഞി പൂക്കുമ്പോള്‍ അവളുടെ ആത്മാവ് പിന്നേം മൂക്കുത്തി തിരഞ്ഞ്വരുന്ന കഥ. ആ കഥ സത്യാണോ?''
''ഈ കുട്ടിക്കിതെന്താ, അതൊക്കെ കുട്ട്യോളെ കണ്ടോണ്ടിരിക്കാന്‍ ഞാനോരോ കഥ പറേണതല്ലേ, അതൊന്നും സത്യല്ലാ ട്ടോ''
പാച്ചുവപ്പോള്‍ ചെങ്കുത്തായ മലയുടെ കൂര്‍ത്ത മുനമ്പിലേക്ക് കണ്ണും നട്ടിരിക്കയായിരുന്നു. അവനവിടെ മുത്തശ്ശിയുടെ കഥയിലെ ശെല്‍വിയെ കണ്ടു. ഇരുണ്ട് തുടുത്ത മൂക്കില്‍ തിളങ്ങുന്ന നീലക്കല്ല് വെച്ച മൂക്കുത്തിയണിഞ്ഞ സുന്ദരിയായ ശെല്‍വിയെ.
പണ്ടൊരിക്കല്‍ കാലംതെറ്റിനീലക്കുറിഞ്ഞി പൂത്തപ്പോള്‍ അവളും അവളുടെ പ്രിയനും ഒത്തിരി സന്തോഷത്തോടെ അതിനു നടുവിലൂടെയെങ്ങനെ പാട്ടുംപാടി നടന്നത്രേ. ഒടുവില്‍ നേരമിരുട്ടി കുന്നിറങ്ങി കുടിലിലെത്തിയപ്പോഴാണ് തനിക്കവന്‍ ഒരുപാട് സ്‌നേഹത്തോടെ സമ്മാനിച്ച ആ മനോഹരമായ മൂക്കുത്തി നഷ്ടപ്പെട്ടവിവരം അവളറിഞ്ഞത്. സങ്കടം സഹിക്കവയ്യാതെ ആ രാത്രിതന്നെ അവള്‍ ആരോരുമറിയാതെ കുന്നു കയറി. എന്നാല്‍, അന്ന് മൂക്കുത്തി തിരഞ്ഞുപോയ ശല്‍വിയെ പിന്നീടാരും കണ്ടിട്ടില്ലത്രെ. കൊക്കയില്‍ വീണ് മരിച്ചുപോയതാണെന്നും, അതല്ല സായിപ്പിന്‍ ബംഗ്ലാവിലേക്കാരോ പിടിച്ചുകൊണ്ടുപോയി കൊന്നതാണെന്നുമൊക്കെ നാട്ടുകാര്‍ പലതും പറഞ്ഞു. എന്തായാലും, കാലം തെറ്റി കുറിഞ്ഞി പൂക്കുന്ന രാവുകളില്‍ ഒരു നീല വെളിച്ചവും തേടിമലമുകളിലെവിടെയൊക്കയോ ശെല്‍വിയുടെ ആത്മാവ് എത്താറുണ്ട് എന്നാണത്രേ കഥ.
''ഇക്കുറീം കാലംതെറ്റി കുറുഞ്ഞി പൂത്തിട്ടുണ്ടെന്ന്. അവളുടെ ആത്മാവ് വീണ്ടും വര്യോ?'' അല്‍പ്പം വിറയലോടെയവന്‍ ചോദിച്ചു.
''കുറുഞ്ഞി പൂത്താല്‍ എല്ലാര്‍ക്കുംനല്ല കോളൊക്കില്ലേടാ, അപ്പൊ സന്തോസല്ലേണ്ടാവാ, അതിനെടേലാ ഓന്റൊരു മൂക്കുത്തി. പൊട്ടക്കഥയും വിസ്വസിച്ചു വന്നേക്കുന്നു ചെറുക്കന്‍'' പൊട്ടിച്ചിരിക്കാന്‍ തുടങ്ങിയ മുത്തശ്ശിക്കരികില്‍ നിന്നുമവന്‍ ഒന്നുമുരിയാടാതെ തിരിച്ചോടി. പിന്നെ ആരോടെന്നില്ലാതെ പിറുപിറുത്തു. ''അല്ല ആ കഥ നുണയല്ല, സത്യാണ്. ശരിക്കും സത്യാണ''
ചുറ്റുപാടുമൊന്ന് വീക്ഷിച്ച് പോക്കറ്റില്‍നിന്നും അവനത് ഉള്ളം കയ്യിലെടുത്തു. എന്നിട്ട് ഒന്നുകൂടി സൂക്ഷിച്ചു നോക്കി. അതെ, ഇതൊരു മൂക്കുത്തി തന്നെ. ഇതതു തന്നെയായിരിക്കും. അതോണ്ടല്ലേ ഇതിനിത്രേം ഭംഗിയുള്ളത്. നോക്കി നോക്കി നില്‍ക്കേ എന്തോ ഒരു പേടി വന്ന് പൊതിഞ്ഞപ്പോള്‍ പെട്ടെന്ന് തന്നെ അവനത് പോക്കറ്റിലേക്ക് തിരിച്ചു വെച്ചു.
''പാച്ചു.. അമ്മ തിരക്കുന്നൂ ട്ടോ..''
അതും പറഞ്ഞ് കുട്ടേട്ടന്‍ തന്റെ ജീവിതത്തിനിടയിലൂടെ വീണ്ടും നടന്നുകൊണ്ടേയിരുന്നു. പാവം പകലന്തിയോളംഇതേ നടപ്പാണ്. തോളില്‍ തൂക്കിയിട്ട വലിയ വടിയില്‍ കാഴ്ച്ചക്കാരെ ചിരിപ്പിക്കുന്ന പലതരം കോമാളി മാസ്‌ക്കുകള്‍ തൂങ്ങിയാടുന്നുണ്ടെങ്കിലും ആ മനുഷ്യന്‍ ഒരിക്കലെങ്കിലും ഉള്ളറിഞ്ഞൊന്ന് ചിരിച്ചിട്ടുണ്ടോ എന്നത് സംശയമാണ്.
ചൂളം വിളിച്ചുകൊണ്ട് ചീറിപ്പാഞ്ഞു വന്ന ഒരാംബുലന്‍സപ്പോള്‍ ഒതുങ്ങിക്കൊടുത്ത വണ്ടികള്‍ക്കിടയിലൂടെ താഴേക്ക് കുതിച്ചു. ജീവനുകള്‍ കയ്യില്‍ പിടിച്ച് നിലവിളിച്ചോടുന്ന ആ വണ്ടിയെ കാണുന്നതു തന്നെ പാച്ചുവിന് പേടിയാണ്. പണ്ട് തേയില തോട്ടത്തില്‍ നിന്ന് പാമ്പു കടിച്ച അച്ഛനെ കൊണ്ടുപോയതും തിരിച്ച് വെള്ള പുതച്ചു കൊണ്ടുവന്നതുംഇതുപോലൊരു വണ്ടിയിലായിരുന്നത്രേ. അതുകൊണ്ടുതന്നെ ആ മൂളല്‍ കേള്‍ക്കുമ്പോഴേക്കും അവന്റെ കുഞ്ഞു മനസ്സ് പ്രാര്‍ഥിക്കാറുണ്ട്. 'ദൈവമേ, അതിലുള്ളോര്‍ ആരാണെങ്കിലും നീ കാത്തോളണേ..'
റോഡരികില്‍ വണ്ടി നിര്‍ത്തി സോഡാ കുടിക്കുന്നവരപ്പോള്‍ ആരോടോ പറയുന്നുണ്ടായിരുന്നു.
''ഇപ്പോഴത്തെ പിള്ളേരുടെ ഒരു കാര്യം, എന്തോ ഫോട്ടോ ഷൂട്ടിനാണെന്നും പറഞ്ഞു വന്നോരാണത്രേ. ചെക്കന്‍ കാലു തെന്നി താഴേക്കുപോയെന്ന്. പരിക്കുണ്ടെങ്കിലും കൊക്കയില്‍ വീഴാഞ്ഞത് അതിന്റെ ഭാഗ്യം''
കരിയാന്‍ വെമ്പിയ ദോശയുംവെള്ളം ചേര്‍ത്തു നീട്ടിയ ചമ്മന്തിയും പളുങ്കി അവന് മുന്നിലേക്ക് നീട്ടി. അത് മുറിച്ച് തിന്നാന്‍ തുടങ്ങിയപ്പോഴേക്കും ഞങ്ങടെ പങ്കെവിടേയെന്ന് ചോദിച്ച് ചിരപരിചിതരായ വാനരപ്പട സ്ഥലത്തെത്തി.
ടാ, ഉള്ളതു മുഴുവന്‍ അവറ്റങ്ങള്‍ക്ക് കൊടുക്കാന്‍ നിക്കണ്ട, ആളുകള്‍ വേസ്റ്റാക്കിയതെന്നെഇവിടെ ഇഷ്ടംപോലേണ്ട്. ഞാന്‍ കൊടുത്തോളാം'' അമ്മ പിറകീന്ന് വിളിച്ചു പറഞ്ഞു.
പാച്ചൂ...വേഗം വാടാ..'' തേയിലക്കൊളുന്ത് നുള്ളാന്‍ തോട്ടത്തിലേക്ക് വരിവരിയായിപ്പോകുന്ന ചേച്ചിമാര്‍ക്കിടയില്‍ നിന്ന് ബോബിയും ബെന്നിയും തലനീട്ടി. പ്ലേറ്റിലുള്ളത് വായിലേക്ക് കുത്തിത്തിരുകി അവശേഷിച്ചൊരു കഷ്ണം വാനരന്മാര്‍ക്ക് പങ്കുവെക്കാനായ് നീട്ടി അവനവര്‍ക്കൊപ്പം ഓട്ടം പിടിച്ചു. ആടിപ്പാടി ആര്‍പ്പുവിളികളോടെ പോകുന്ന ടൂറിസ്റ്റ് ബസ്സില്‍നിന്നും കുട്ടികളവര്‍ക്കുനേരെ കൈവീശി. കാഴ്ച്ചക്കാരുടെ നയനങ്ങളില്‍ കണ്‍കുളിര്‍മ്മ കോരിയിടുന്ന ആ പച്ച മനുഷ്യര്‍, കണ്ണീര് തോരാത്ത ഉള്ളം മറച്ചുവെച്ച് കുട്ടികള്‍ക്ക് നേരെയും കൈവീശിക്കാണിച്ചു.
ചായത്തോട്ടത്തിനു നടുവിലെ ഇടുങ്ങിയ നീളന്‍ വഴികളിലൂടെ ഓടിക്കളിക്കുന്നതിനിടെ ഒളിച്ചു നിന്ന ബോബനെത്തേടി പാച്ചു പഴയ സായിപ്പിന്‍ ബംഗ്ലാവിന്റെ മുന്‍പിലെത്തി. ആളനക്കമറിഞ്ഞ വവ്വാല്‍ കൂട്ടങ്ങള്‍ വലിയ ശബ്ദത്തോടെ ചിറകടിച്ചുയര്‍ന്നു. ദൂരെ നിന്നൊരു കുറ്റിച്ചൂലാന്‍പക്ഷി എന്തിനെന്നറിയാതെ നീട്ടിക്കൂവി. ക്ലാവ് പിടിച്ച തൂണുകള്‍ക്കടുത്തെത്തിയപ്പോള്‍ തന്നെയാരോ പിന്തുടരുന്നതായി അവന് തോന്നി. ഞെട്ടിത്തിരിഞ്ഞതും രണ്ടടി പിറകിലേക്ക് മാറിയതും ഒരുമിച്ചായിരുന്നു. ഒരു സുന്ദരിഅവനടുത്തേക്ക് ഓടിവരുന്നു. അടുത്തെത്തും തോറും അവളുടെ സുന്ദരമായ മുഖം മാഞ്ഞുമാഞ്ഞു പോകുന്നതായും, പേടിപ്പെടുത്തുന്ന ഏതോ രൂപം തെളിഞ്ഞു വരുന്നതായും അവന് തോന്നി.
''ഡാ... കള്ളാ.. നീയല്ലേ എന്റെ മൂക്കുത്തി മോഷ്ടിച്ചത്? നിന്നെ ഞാന്‍ വെറുതേ വിടില്ല''
തീപാറുന്ന കണ്ണുകളുമായി അവളവനെ തൂണിലേക്കാഞ്ഞുതള്ളി. പിന്നെ കൂര്‍ത്ത നഖമുള്ള കൈകള്‍ക്കൊണ്ട് അവന്റെ കഴുത്തില്‍ വരിഞ്ഞു മുറുക്കി.
''അയ്യോ.. നിക്കത് വേണ്ടായേ.. ഞാന്‍ തരാവേ.''
കൊളുന്ത് നുള്ളുന്നതിനിടയില്‍ ആ നിലവിളി കേട്ട് തോട്ടത്തിലെ പെണ്ണുങ്ങളും അവന്റെ കൂട്ടുകാരും ഓടിയെത്തി. അതുകണ്ട് സ്വബോധം തിരിച്ചുകിട്ടിയ പാച്ചു അന്തംവിട്ട് നില്‍ക്കുന്നവരോട് അല്‍പം ജാള്യതയോടെ പറഞ്ഞു.
''ഒന്നൂല്യാ.. ഇന്നലെ ഞാന്‍ ഉറങ്ങീല്ല, ഇപ്പോ ഉറക്കം വരണപോലെ തോന്നി എന്തോ സ്വപ്നം കണ്ടതാ''
''ഹൌ..ചെക്കന്‍ പേടിപ്പിച്ചു കളഞ്ഞല്ലോ'' അവന്റെ മണ്ടക്കൊരു തട്ടും കൊടുത്ത്ലീലാമേട്ടത്തി തന്റെ വിണ്ടു കീറിയ കാല്‍പാദങ്ങളുമായി വേച്ചുവേച്ച് തോട്ടത്തിലേക്ക് തന്നെ തിരിച്ചു നടന്നു.
ബംഗ്ലാവിന്‍ തോപ്പിലെ പേരക്ക പറിച്ചും ചാമ്പതിന്നും വീണ്ടുമവര്‍ കളിയുടെ രസക്കൂട്ടുകളില്‍ മുഴുകിയെങ്കിലും ഓരോ ഇലയനക്കവും, നിഴല്‍ വെട്ടവും എന്തോ ഒരു ഭീതി അവനുള്ളില്‍ നിറച്ചുകൊണ്ടിരുന്നു. പെട്ടെന്നാണ് തോട്ടത്തിന് നടുവിലെ ആഴമേറിയ കുളം അവന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഒരു നിമിഷം! എന്തോ തീരുമാനിച്ചുറച്ച് കൂട്ടുകാരുടെ കണ്ണ് വെട്ടിച്ചവന്‍ കുളക്കടവിലെത്തി. പിന്നെ ട്രൗസറിന്റെ പോക്കറ്റില്‍ നിന്നും ആ കല്ല് കയ്യിലെടുത്തു. പുറത്തെ വെയില്‍ കിരണത്തെ ഉമ്മ വെച്ചപ്പോളത് അവന്റെ കണ്ണുകളില്‍ പ്രകാശത്തിന്റെ വര്‍ണ്ണ മേളം തീര്‍ത്തു. എന്നാല്‍, ആ കുഞ്ഞു മനസ്സില്‍ ഉയര്‍ന്നുവന്ന ഭീതിയുടെ കട്ടക്കറുപ്പിന് അതിന്റെ വെളിച്ചത്തെക്കാള്‍ തീവ്രത ഉണ്ടായിരുന്നതുകൊണ്ടാവാം മനസ്സില്ലാമനസ്സോടെയാണെങ്കിലും അവനത് കുളത്തിന്‍ നടുവിലേക്കാഞ്ഞെറിഞ്ഞു. ഒരു മിന്നാമിനുങ്ങി കണക്കെ ആഴത്തിലേക്കത് ആണ്ടു പോകുന്നത് കണ്ടപ്പോള്‍ അവന്റെ മനസ്സിലും ഏതോ വലിയ ഭാരം ഒഴിഞ്ഞുപോകുന്നപോലെ തോന്നി.
മല കയറിയ വണ്ടികള്‍ പലതായി തിരിച്ചിറങ്ങിക്കൊണ്ടിരിക്കുന്നു. തട്ടുകടകളിലെകുഞ്ഞു വെളിച്ചങ്ങളെല്ലാം കണ്‍തുറന്നിട്ടുണ്ട്. കടയിലെ ബെഞ്ചിലിരുന്ന് വന്നു പോകുന്നവരിലേക്ക് വെറുതേ നോക്കിയിരിക്കവേയാണ് അവനാ കാഴ്ച്ച കണ്ടത്. പരിഷ്‌കാരിയായ് തോന്നിക്കുന്ന ഒരു പെണ്‍കുട്ടിയും ഒരു യുവാവും കുറച്ചപ്പുറത്ത് മൊബൈലിന്റെ ടോര്‍ച്ചും കത്തിച്ച് എന്തോ കാര്യമായി തിരയുന്നുണ്ട്. ഈ രാത്രിയില്‍ എന്താണിവര്‍ തിരയുന്നതെന്ന് മനസ്സിലാവാതെ അവരെത്തന്നെ ശ്രദ്ധിച്ചു നില്‍ക്കുമ്പോഴാണ് അവര്‍ക്കടുത്ത്കൂടി സരളച്ചേച്ചി നടന്നു വരുന്നത് കണ്ടത്. വെറുതേ ഒരാകാംക്ഷയോടെ ചേച്ചിയോട് കാര്യം തിരക്കി.
''എന്താന്നറീല്ല കുട്ടി.. ആ പെങ്കുട്ടിക്കവന്‍ സമ്മാനമായിക്കൊടുത്ത ഏതോ ലക്ഷങ്ങള്‍ വിലയുള്ള സാധനാണന്ന് തോന്നുന്നു. ഓ... എന്തായാലും നമ്മക്കതൊന്നും കിട്ടീട്ടില്ലേ..'' അത് പറഞ്ഞ് കൈമലര്‍ത്തി ചേച്ചി നടന്നകന്നു.
''അത് ശരിയാ, അത്ര വല്യ സാധനൊന്നും നിക്കും കിട്ടീട്ടില്ലേ..'' അവനും വിരസമായ തന്റെ പതിവ് ചര്യകളിലേക്കലിഞ്ഞു.
തിരച്ചിലവസാനിക്കാതെ അവന് മുന്നിലൂടെയും കടന്നുപോയ പെണ്‍മുഖത്തിലെ ചുവന്നു തുടുത്ത മൂക്കിലപ്പോള്‍ സൂചിപ്പൊട്ടുപോലെ അവിശേഷിച്ച ആ ഒഴിഞ്ഞ പാട് ഒരു മിന്നായം പോലെ പാച്ചു കണ്ടുവോ?
അന്ന് രാത്രിയിലെ കൂരിരുട്ടില്‍ ആ ഒറ്റമുറിയില്‍ ഒരായിരം നീലക്കുറിഞ്ഞി പൂത്തു. ചുവന്നു തുടുത്ത മൂക്കുള്ള പരിഷ്‌ക്കാരിയായൊരു സുന്ദരിപ്പെണ്ണ് പൂക്കള്‍ക്കിടയിലൂടെ എന്തോ തേടിനടന്നു. നടന്നുനടന്നവള്‍ ബംഗ്ലാവിന്‍ നടുവിലെ വലിയ കുളത്തിന്നരികിലെത്തി.അതിന്നാഴിയില്‍ നിന്ന് ഒരു നീല വെളിച്ചമപ്പോള്‍ ആരെയോ പ്രതീക്ഷിച്ച് കണ്‍തുറന്നു.