എരിഞ്ഞമരുന്ന ചാമ്പലില്‍ തെളിയുന്ന അഗ്‌നി - രാവുണ്ണി
നിഷാന അബ്ദുള്ളയുടെ 'ഈര്‍ച്ചവാളിതളുകള്‍' കവിതാപുസ്തകത്തിന്റെ വായന.
ഈര്‍ച്ചവാള്‍ ഹിംസയുടെ പ്രതീകമാണ്. വിച്ഛേദിക്കലാണ്, ചേര്‍ത്തു പിടിക്കലല്ല ഈര്‍ച്ചവാളിന്റെ പണി. പൂവും ഇതളും സര്‍ഗ്ഗാത്മകതയുടെ പ്രതീകമാണ്. മൃദുലതയും സൗന്ദര്യവും സുഗന്ധവും കൊണ്ട് പൂവിതള്‍ ചുറ്റിലുമുള്ളവരെ ആകര്‍ഷിച്ചു കൊണ്ടിരിക്കും. ആകര്‍ഷണവും വികര്‍ഷണവും ചേര്‍ന്ന ഒരു സംയുക്ത നാമമാണ്, പേരാണ് നിഷാന അബ്ദുള്ള സ്വന്തം കന്നിക്കവിതാപുസ്തകത്തിന് കൊടുത്തിരിക്കുന്നത് എന്നത് കൗതുകകരമാണ്. രണ്ടുമുണ്ട് നമ്മുടെ ജീവിതത്തില്‍. കവികള്‍ എല്ലാം കാണേണ്ടവരാണ്. എല്ലാം ആവിഷ്‌കരിക്കേണ്ടവരുമാണ് എന്നതായിരിക്കാം കവിയുടെ കാഴ്ചപ്പാട്.
എരിഞ്ഞമരുന്ന ചാമ്പലില്‍ തെളിയുന്ന അഗ്‌നിയാണ് നിഷാനയുടെ കവിത. സൗമ്യമായ പദാവലികള്‍ക്ക് പിന്നില്‍ പ്രതികരണ പ്രക്ഷുബ്ധമായ മനസ്സ് സഹൃദയര്‍ കാണുന്നു. രൂപത്തില്‍ കുഞ്ഞു കവിതകളാണെങ്കിലും ഉള്ളടക്കത്തില്‍ ആഴമേറിയ ജീവിത ദര്‍ശനങ്ങളുണ്ട്. പ്രണയത്തിന്‍ തൂവാലയെ മങ്ങിയ കീറത്തുണിയായി പരിവര്‍ത്തിപ്പിക്കുന്ന കെട്ട കാലത്തോടുള്ള കയര്‍ക്കലുണ്ട്. നെഞ്ചുകീറി നേരുകാട്ടുന്ന ആര്‍ജവമുണ്ട്. ഉലകിനോടും വാഴ്‌വിനോടുമുള്ള കരുണയും പ്രത്യാശയുമുണ്ട്.
എരിഞ്ഞമരും ചാമ്പലിനുള്ളില്‍/തെളിയുന്നോരഗ്‌നി കണക്കെ/അനുസ്യൂതം മിന്നി മിനുങ്ങണ്/അണയാതൊരു ചെറുകനല്‍ത്തുണ്ട്.. മറന്നു കിടക്കുന്നവയില്‍ ഒന്നുമില്ലെന്ന് കരുതരുത്. ചാരത്തിനുള്ളില്‍ കനല്‍ ഒളിഞ്ഞു കിടപ്പുണ്ടാകും എന്നതില്‍ വലിയൊരു സത്യമുണ്ട്. പുറമേ കാണുന്നതല്ല സത്യം. കണ്ണുകൊണ്ടുള്ള കാഴ്ചയില്‍ തോന്നുന്നതുമല്ല. അകം കാണണം. അതിന് അകക്കണ്ണു വേണം. അകക്കണ്ണ് തുറപ്പിക്കലാണ് കവിതയുടെ ധര്‍മ്മം എന്ന് നിഷാനയ്ക്ക് അറിയാം.
ആണധികാര വ്യവസ്ഥയില്‍ നിന്ന് നമ്മുടെ സമൂഹം ഇനിയും വിമുക്തി നേടിയിട്ടില്ല. കലാ സാഹിത്യ സാംസ്‌കാരിക മണ്ഡലങ്ങളില്‍ ലിംഗനീതിയുടേതായ ജാഗ്രത ഉണ്ടായി വരുന്നുണ്ട് എന്നത് പ്രതീക്ഷജനകമായ കാര്യമാണ്.
മുമ്പേ നടന്നിട്ടുടമയാകേണ്ട/പിമ്പേ നടന്നിട്ടടിമയാകേണ്ട/ഒപ്പം നടന്നിടാം/ഒരുമിച്ചിരുന്നീടാം/ഒത്തിരി കാര്യങ്ങള്‍/ഒരുമയില്‍ ചെയ്തിടാം.. എന്ന് നിഷാനയുടെ കവിത വിളിച്ചു പറയുന്നുണ്ട്. ഒരുമയും സമത്വവുമാണ് നീതി. ലിംഗനീതിയുടെ കാര്യത്തില്‍ മാത്രമല്ല, ജീവിതത്തിന്റെ എല്ലാ തുറകളിലും ഇവ ഉണ്ടാവണം.
പുച്ഛമടക്കിയു-മൊച്ചയടക്കിയും/കണ്ണിണ കൂമ്പിയും/സര്‍വ്വംസഹയാം/പെമ്പിള ചമയാന്‍ തയ്യാറില്ലാത്തവരുടെ കാലമാണ് ഇനി വരുന്നത് എന്ന് കവിത മുന്നറിയിപ്പു തരുന്നു.
സൗജന്യത്തിന്‍ പെരുമഴ നനയും/വിഡ്ഢികളല്ലോ നമ്മള്‍ എന്ന് അങ്ങാടിവാണിഭത്തിലെ കള്ളത്തരങ്ങള്‍ തുറന്നു കാട്ടുകയും ചെയ്യുന്നു. താളബോധവും പ്രമേയത്തെളിച്ചവുമുള്ള ഈകവിതകള്‍ വായനക്കാരുടെ ഹൃദയത്തില്‍ തൊടും.
(പുസ്തകത്തിന്റെ അവതാരികയില്‍ നിന്ന്)
കാവ്യശിഖ ബുക്ക് ഹൗസ് ആണ് പുസ്തകത്തിന്റെ പ്രസാധകര്‍.