മൂര്‍ സ്വവാലി
കഥ
സ്വര്‍ണ്ണ നിറമുള്ള ആകാശം കാര്‍മേഘങ്ങള്‍ക്കായി കാത്തിരിക്കുന്ന, വെയിലിന്റെ അസഹ്യമായ ചൂടില്‍ ഒന്നുപെയ്തിരുന്നുവെങ്കിലെന്ന് മനുഷ്യനും മൃഗങ്ങളും സകലസൃഷ്ടിയും കേഴുന്ന ഒരു പകലുച്ചയിലാണ് ലാവണ്യ ആദ്യമായി എന്റെ ക്ലാസ്സ് മുറിയിലേക്ക് ആദ്യമായി കടന്നുവന്നത്. ഞാനന്ന് രണ്ടാം ക്ലാസ്സിലാണ് പഠിപ്പിച്ചിരുന്നത്. കാഴ്ചയില്‍ അവള്‍ക്ക് രണ്ടില്‍ പഠിക്കേണ്ട പ്രായമായിരുന്നില്ല.
വലിയനീണ്ടമുഖം, മുഖത്തുമിന്നുന്ന പച്ചക്കല്ലുപതിച്ച സാധാരണയിലും സ്വല്‍പ്പം വലിപ്പക്കൂടുതലുള്ള മൂക്കുത്തി, ചെമ്പന്‍ നിറത്തില്‍ കഴുത്തറ്റം കിടക്കുന്ന ചുരുണ്ട തലമുടി, ഇളം മഞ്ഞ നിറത്തിലുള്ള വലിയ ബോര്‍ഡര്‍ പിടിപ്പിച്ച നീല ഉടുപ്പ്.
വാതില്‍പ്പടിയില്‍ പ്രധാന അധ്യാപികയോടൊപ്പം അവള്‍ എന്നെയും നോക്കികൊണ്ട് നിന്നു.
'ഇത് നമ്മുടെ രാമേട്ടന്റെ വാടകമുറിയില്‍ താമസിക്കുന്ന കുട്ടിയാണ്, അസാമില്‍ നിന്നു വന്നതാണ്, പായക്കമ്പനിയില്‍ പണിക്ക് പോവുകയാണ് അച്ഛനും അമ്മയും, കുട്ടി അവിടെ വെറുതെ ഇരിക്കുമ്പോള്‍ രാമേട്ടന്‍ കൊണ്ടുവന്നതാണ്, ടീച്ചര്‍ അക്ഷരങ്ങള്‍ പഠിപ്പിച്ചേക്ക്, പേര് ലാവണ്യ എന്നാണെന്നു തോന്നുന്നു'
ഇതും പറഞ്ഞു പ്രാധാന അധ്യാപിക തിടുക്കത്തില്‍ നടന്നകന്നു.
ഞാന്‍ ഒന്നു പുഞ്ചിരിച്ചു കൊണ്ട് അവളുടെ കൈതണ്ടയില്‍ പിടിച്ചു, യന്ത്രികമായി അവള്‍ എന്നെ അനുഗമിച്ചു. ഞാനവളെ രണ്ടാമത്തെ ബെഞ്ചില്‍ അറ്റത്തു ഇരുത്തി.
'ലാവണ്യ ഇവിടെ ഇരുന്നോളൂ' എന്നും പറഞ്ഞു ഞാന്‍ തിരിഞ്ഞു നടക്കാന്‍ തുടങ്ങിയപ്പോള്‍ അവള്‍ പെട്ടന്ന് എന്റെ കൈകളില്‍ അമര്‍ത്തിപ്പിടുത്തമിട്ടു.
ഒരു ബാലികയുടെ കൈകളില്‍ ഉണ്ടാവേണ്ടിയിരുന്ന മൃദുത്വം അവളുടെ കൈപ്പത്തിയില്‍ അന്യമായി തോന്നി, ഞാന്‍ അപ്പോഴാണ് അവളുടെ കണ്ണുകളിലേക്ക് നോക്കിയത്!
വിഷാദ ചുവയുള്ള എന്തൊക്കെയോ നിഴലിക്കുന്നു.
'ലാവണ്യ ഇവിടെ ഇരുന്നോളു, ഞാനാണ് മോളുടെ ക്ലാസ്സ് ടീച്ചര്‍, ഇവരെല്ലാം ലാവണ്യയുടെ കൂട്ടുകാരാണ് '
ഞാന്‍ ഒന്ന് മന്ദഹസിച്ചുകൊണ്ട് അവളോട് പറഞ്ഞു.
'മെയ് അക്കോ ബുജി നാപ്പേം'
ചെറിയ ഭയത്തോടെ അവള്‍ എന്നെ നോക്കികൊണ്ട് വിക്കി വിക്കി പറഞ്ഞു,
ഇതു കേട്ടതും ക്ലാസ്സിലെ മറ്റുകുട്ടികളും ഞാനും ഒരേപോലെ അന്താളിച്ചു നിന്നു,
മറ്റു കുട്ടികളില്‍ നിന്നും ഞങ്ങള്‍ക്കിടയില്‍ വരാന്‍ പോകുന്ന വലിയ അന്തരം അപ്പോഴാണ് ഞാന്‍ മനസിലാക്കിയത്.
ഭാഷ!
ഒന്ന് ആലോചിച്ചപ്പോഴാണ് കാലമെത്ര മാറിയിരിക്കുന്നു എന്ന ബോധ്യമെനിക്കുണ്ടായത്, ഞാനുടനെ എന്റെ ഫോണില്‍ ഗൂഗിള്‍ ട്രാന്‍സലെറ്റര്‍ എടുത്ത് അസാമീസ് ഭാഷക്കായി തിരച്ചില്‍ ആരംഭിച്ചു. അവള്‍ എന്നോട് പറഞ്ഞത് 'എനിക്കൊന്നും മനസിലാവുന്നില്ല എന്നാണ് '!
എനിക്ക് അവളോട് പറയാനുള്ള മറുപടി മലയത്തില്‍ നിന്ന് അസാമീസ് ഭാഷയിലേക്ക് പരിവര്‍ത്തനം ചെയ്തു അവളോട് പറഞ്ഞു
'അപ്നി യാത് വാഹക്, അപ്പോന ഷേര്‍ണിഷിക്ഷക്, ചിന്ത നക്രിബ്'
അതുകേട്ടതും അവളുടെ ചുണ്ടുകളില്‍ ആഴത്തിലുള്ള ചിരി പടര്‍ന്നു.
ഞാനവളെ ഇടക്കിടക്ക് അരികിലേക്കു വിളിച്ചു അക്ഷരങ്ങള്‍ പറഞ്ഞു കൊടുത്തു,
'അ'
ആദ്യക്ഷരം!
എന്റെ ചുണ്ടുകളിലേക്ക് അവള്‍ സൂക്ഷിച്ചു നോക്കികൊണ്ട് അവളത് ഏറ്റു പറഞ്ഞു
'അ'
ഓരോ അക്ഷരങ്ങള്‍ അവള്‍ പഠിച്ചെടുക്കുന്തോറും അവള്‍ എന്നെ വല്ലാതെ സ്‌നേഹിക്കുന്നുവെന്ന് ഞാന്‍ മനസിലാക്കി, അവളുടെ മുഖത്തെ പച്ചക്കല്ലുള്ള മൂക്കുത്തിപോലെ മുഖവും തിളങ്ങിത്തുടങ്ങി, ഞാന്‍ എന്തെങ്കിലും പറഞ്ഞാല്‍ അവളത് പെട്ടന്ന് മനസിലാക്കുന്നുവെന്നത് എനിക്ക് വലിയ സന്തോഷമുണ്ടാക്കി, എന്റെ മുഖത്ത് വിരിയുന്ന സന്തോഷം അവള്‍ക്ക് വലിയ ഒരാനന്ദമുണ്ടാക്കി.
ഒരധ്യാപിക എന്ന നിലയില്‍ അവളോട് പൂര്‍ണമായും നീതി പുലര്‍ത്താന്‍ കഴിയുമോ എന്ന ഭയം എനിക്ക് നന്നായി ഉണ്ടായിരുന്നു.
ഇടക്കെല്ലാം അവള്‍ എന്നോട് വല്ലാതെ വാചാലയാവുമായിരുന്നു.
അവളുടെ മുഖഭാവങ്ങള്‍ക്കനുസരിച്ച് എന്നോട് സംവദിക്കുന്ന കാര്യങ്ങള്‍ ഞാനുള്‍കൊള്ളാന്‍ ശ്രമിച്ചു, അവള്‍ ചിരിക്കുമ്പോള്‍ ഞാനും ചിരിച്ചു. അവളുടെ പരിഭവങ്ങള്‍ ചിലയിടക്ക് മനസിലാവാറില്ലയെങ്കിലും ഞാനും പരിഭവിച്ചു.
പതുക്കെ പതുക്കെ അവള്‍ എന്നിലേക്ക് വളരെയടുത്തു!
ഞാന്‍ സ്‌കൂളിലേക്ക് പോകുന്ന വഴിയില്‍ അവളുടെ വാടക മുറിയുടെ മുന്‍വശത്ത് അവള്‍ എന്നെ കാത്തുനിന്നു, ദൂരെ നിന്നെന്നെ കണ്ടാല്‍ നിറഞ്ഞ പുഞ്ചിരിയോടെ എന്നെ വരവേറ്റ് 'ടീച്ചര്‍'എന്ന വിളിയോടെ എന്റെ കൈകള്‍ മുറുക്കെ പിടിക്കും, അവളുടെ ആ പുഞ്ചിരിക്ക് ആ ദിവസം മുഴുവനും നന്നാക്കുവാനുള്ള മാന്ത്രികതകയുണ്ടെന്ന് ഞാനും മനസിലാക്കി.
ഞാന്‍ ഒന്ന് ഓഫിസ് മുറിയിലേക്ക് പോയിക്കഴിഞ്ഞാല്‍ അവള്‍ എന്റെ പുറകെ വന്നു വാതില്‍പ്പടിയില്‍ കാത്തു നില്‍ക്കുമായിരുന്നു.
ഭാഷ ഒരു വലിയ പ്രശ്‌നമായതിനാല്‍ അവള്‍ക്ക് സംസാരിക്കാന്‍ ഞാനല്ലാതെ മറ്റൊരാള്‍ അവിടെയില്ലെന്നതും അവളുടെ ഏക ആശയവിനിമയ മാധ്യമം ഞാന്‍ മാത്രമാണെന്നതും എനിക്ക് അവളോടുള്ള സ്‌നേഹത്തിന്റെ ആഴം കൂട്ടി! എന്നെ മാത്രം ആശ്രയിച്ചു ഒരുവള്‍'!
ഭാഷയില്ലാതെ സ്‌നേഹം വിനിമയം ചെയ്യുവാന്‍ കഴിയുമെന്ന വലിയ പാഠം ലാവണ്യ എന്നെ പഠിപ്പിച്ചു.
അവളോരോ അക്ഷരങ്ങളുമെഴുതാന്‍ തുടങ്ങുമ്പോള്‍ ഞാനെത്രെയോ വലുതായി തോന്നുമായിരുന്നു,
അങ്ങനെ ദിവസങ്ങള്‍ പോയികൊണ്ടിരിക്കെ ലോകം കൊറോണയുടെ പിടിയിലകപ്പെടുന്നു എന്ന വാര്‍ത്ത ദിന പത്രങ്ങളില്‍ സാധാരണയായിക്കഴിഞ്ഞ വേളയില്‍.
എല്ലാതവണയും ഓരോരോ പുതിയ രോഗങ്ങള്‍ ദിനംപ്രതി അവതാരമെടുക്കുന്നുവെങ്കിലും അതൊന്നും നാം ജീവിക്കുന്ന ചുറ്റുപാടിലേക്ക് കടന്നുവരില്ലെന്ന അമിതമായതും മിഥ്യയുമായ ആത്മവിശ്വാസത്തോടെ ദിവസങ്ങള്‍ കൊഴിഞ്ഞു പോകവേ, ചെറിയൊരു ജലദോഷവും തലവേദനയും എന്നിലും അസ്വസ്ഥതയുണ്ടാക്കിയ അന്ന് ഞാന്‍ സ്‌കൂളിലേക്ക് പോകുന്ന വഴിയില്‍ പതിവുപോലെ അവളെ കണ്ടില്ല!
ഒരുപക്ഷേ അവള്‍ ഇന്ന് അവധിയായിരിക്കുമെന്ന് മനസിലോര്‍ത്ത് ഞാന്‍ നടന്നകന്നു,
'ടീച്ചര്‍',,
ആ വിളികേട്ടതും ഞാന്‍ പുറകിലേക്ക് നോക്കി.
പക്ഷേ, എന്നുമെനിക്ക് നല്‍കാറുള്ള പുഞ്ചിരിക്ക് പകരം കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അവള്‍ എന്നെ ഓടി വന്നു കെട്ടിപ്പിടിച്ചു.
'എന്താണ്?
എന്തുപറ്റി?'
ഞാന്‍ ചോദിച്ചപ്പോള്‍ അവളെന്നെ ഇറുക്കിപ്പിടിച്ചുകൊണ്ട് എന്തൊക്കെയോ പറഞ്ഞു പൊട്ടിക്കരഞ്ഞു. നിര്‍ത്താതെയുള്ള കരച്ചിലില്‍ അവള്‍ എങ്ങലോടെ സംസാരിച്ചു കൊണ്ടിരുന്നു.
ഞാന്‍ പരിസരം മറന്നു അവളെ ആലിംഗനം ചെയ്തു. നനഞ്ഞു കുതിര്‍ന്ന ചിറകുമായി ഒരു കിളിക്കുഞ്ഞു അമ്മക്കിളിയുടെ മാറിലൊട്ടികിടക്കുന്ന പോലെയവള്‍ എന്റെ നെഞ്ചോടു പറ്റിയിരുന്നു.
ഞാനവളെ അശ്വസിപ്പിച്ചു. പതിയെ സ്‌കൂളിലേക്ക് അവളെയും കൊണ്ടുനടക്കുന്ന വഴിയില്‍ മുഴുവനും അവള്‍ കരഞ്ഞുകൊണ്ട് എന്തൊക്കെയോ പറഞ്ഞുകൊണ്ടിരിന്നു. ക്ലാസ്സില്‍ പോയി അവളുടെ ഈ വലിയ സങ്കടത്തിന്റെ കാരണം അറിയാനുള്ള വ്യഗ്രതയായിരുന്നു എനിക്ക്. എനിക്കതിനു ഗൂഗിളിന്റെ സഹായം ആവശ്യമായിരുന്നു, ഞാന്‍ ധൃതിയില്‍ അവളെയും കൊണ്ട് സ്‌കൂളിലേക്ക് നടന്നു.
ഞാന്‍ ഓഫീസ് മുറിയിലേക്കു നടക്കുമ്പോള്‍ ഞാന്‍ അവളോട് കയ്യും മുഖവും കഴുകി ക്ലാസ്സിലേക്ക് നടന്നോളു ടീച്ചര്‍ ഇപ്പോള്‍ വരാമെന്ന് ആംഗ്യം കാണിച്ചു. അവള്‍ എന്നെ അനുസരിച്ചു.
ഓഫിസ് മുറിയിലേക്ക് ഞാന്‍ പ്രവേശിച്ചതും എന്റെ തലവേദന ശക്തിയായി അവളോടൊപ്പം ഞാനും കരഞ്ഞതുകൊണ്ടായിരിക്കാം. ഞാന്‍ തുമ്മികൊണ്ടിരുന്നു.
എന്നെ കണ്ടതും മറ്റു ടീച്ചേര്‍സ് എന്നോട് ചോദിച്ചു
' ടീച്ചര്‍ക്ക് സുഖമില്ലേ?'
ഇല്ല!
ചെറുതായി ഒരു ജലദോഷവും തലവേദനയുമുണ്ടെന്നു ഞാന്‍ പറഞ്ഞു.
'അയ്യോ, ടീച്ചറേ, അധ്യാപകര്‍ക്കോ കുട്ടികള്‍ക്കോ പനിയോ പനിയുടെ ലക്ഷണങ്ങളോ ഉണ്ടെങ്കില്‍ അവധിയെടുക്കണമെന്ന് നിര്‍ബന്ധമായ അറിയിപ്പുണ്ട്,
ടീച്ചര്‍ ക്ലാസ്സില്‍ കയറണ്ട വീട്ടിലേക്ക് പൊയ്‌ക്കോളൂ '!
കൊറോണ നന്നായി പടര്‍ന്നു കൊണ്ടിരിക്കുന്ന ആ വേളയില്‍ ആ ടീച്ചര്‍ പങ്കുവെച്ച ആധി ശരിയാണെന്നു എനിക്ക് തോന്നി.
ഇനി എനിക്കു കൊറോണ ആണെങ്കില്‍ ഞാന്‍ കാരണം മറ്റൊരാള്‍ക്കും ബുദ്ധിമുട്ട് ഉണ്ടാവരുതെന്നും ടെസ്റ്റ് ചെയ്തു ഫലം നെഗറ്റീവ് ആണെങ്കില്‍ നാളെ സ്‌കൂളിലേക്ക് വരാമെന്ന് കരുതി ക്ലാസ്സില്‍ കയറാതെ ഞാന്‍ ധൃതിയില്‍ വീട്ടിലേക്ക് തിരിച്ചു.
അപ്പോഴും ലാവണ്യയും അവളുടെ കാരണം അറിയാത്ത സങ്കടവും എന്റെ ഹൃദയത്തില്‍ പിടഞ്ഞുകൊണ്ടിരുന്നു. എന്തായാലും നാളെ അവള്‍ എന്താണ് എന്നോട് പറഞ്ഞതെന്ന് മനസിലാകുമല്ലോ എന്ന സമാധാനത്തില്‍ ഞാന്‍ നടന്നു.
ആശുപത്രിയില്‍ പോയി ആന്റിജന്‍ ടെസ്റ്റ് നടത്തി ഫലം നെഗറ്റീവ് ആണെന്ന സന്തോഷത്തിലിരിക്കുമ്പോഴാണ് ഫോണിലേക്ക് ഒരുമിച്ചു ഒത്തിരി മെസേജുകളുടെ പ്രവാഹം.
ഫോണെടുത്തു വായിച്ചപ്പോഴാണ്
'കൊറോണ പടരുന്ന സാഹചര്യത്തില്‍ നാളെ മുതല്‍ പൊതു വിദ്യാലയങ്ങള്‍ക്കും സ്വകാര്യവിദ്യാലയങ്ങള്‍ക്കും ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരേ അവധി ആയിരിക്കും!
വലിയ ഞെട്ടലില്‍ ഞാനാ വാര്‍ത്ത വായിച്ചു.
ഞാനറിയാതെ എന്റെ ചുണ്ടുകള്‍ മന്ത്രിച്ചു,
'ലാവണ്യ'!
മറ്റൊരു ടീച്ചറുടെ നമ്പറിലേക്ക് വിളിച്ചു ഞാന്‍ രാമേട്ടന്റെ നമ്പര്‍ കിട്ടുമോ എന്നു അന്വേഷിച്ചു, കുറച്ചു സമയത്തിന് ശേഷം ടീച്ചര്‍ എനിക്ക് രാമേട്ടന്റെ നമ്പര്‍ അയച്ചുതന്നു.
രാമേട്ടനെ വിളിച്ചു ഞാന്‍ ലാവണ്യക്ക് ഒന്നു ഫോണ്‍ കൊടുക്കമോ എന്ന് ചോദിച്ചു.
'എല്ലാ ബോര്‍ഡറുകളും അടക്കുകയല്ലേ ടീച്ചറേ, ഇനി അവര്‍ക്ക് നാട്ടിലേക്ക് പോകുവാന്‍ കഴിയില്ല എന്ന ഭയത്തില്‍ അവര്‍ കുറച്ചു മുന്‍പ് നാട്ടിലേക്ക് പുറപ്പെട്ടു'!
രാമേട്ടന്‍ അത് പറഞ്ഞപ്പോള്‍ മറുപടികളൊന്നുമില്ലാതെ നില്‍ക്കുകയല്ലാതെ എനിക്ക് മറ്റൊന്നിനും കഴിഞ്ഞില്ല.
ലോകം മുഴുവനും വീടിനുള്ളില്‍ കഴിഞ്ഞ പിന്നീടുള്ള എല്ലാ ദിവസങ്ങളിലും ലാവണ്യ എന്നുള്ളില്‍ കരഞ്ഞുകൊണ്ടിരുന്നു. പക്വതയേറെയുള്ള അവള്‍ അത്രേയും കരയണമെങ്കില്‍ എന്തോ വലിയ കാരണമുണ്ടെന്നു ഞാന്‍ ഉറച്ചുവിശ്വസിച്ചു
ഇപ്പോഴും ചിലപ്പോഴൊക്കെ ഞാനാ വഴിയരികില്‍ 'ടീച്ചര്‍'എന്ന വിളിക്കായ് കാതോര്‍ക്കാറുണ്ട്.. എന്റെ ലാവണ്യ എന്നരികിലേക്ക് നിറഞ്ഞ പുഞ്ചിരിയുമായി എന്നെങ്കിലുമൊരിക്കല്‍ ഓടിയെത്തുമെന്ന പ്രതീക്ഷയോടെ!
എവിടെയാണെങ്കിലും ഞാന്‍ കേള്‍ക്കാതെ പോയ നിന്റെയാ വലിയ സങ്കടം തീര്‍ന്നു പോയിരിക്കണമേ എന്നെന്റെയുള്ള് നിശബ്ദമായി തേടാറുണ്ട്.
എങ്കിലും എന്റെ ഭീതി പിടിപ്പിക്കുന്ന രാത്രിയില്‍ തിളക്കം കെട്ടുപോയ പച്ചക്കല്ലു പതിച്ച മൂക്കുത്തിയിട്ട ലാവണ്യയുടെ കരച്ചിലു കേട്ടു ഞാന്‍ ഞെട്ടിയുണരാറുണ്ട്.
*************
(കഥയുടെ പേരായ 'മൂര്‍ സ്വവാലി ' എന്റെ പെണ്‍കുട്ടി എന്ന് അര്‍ഥം വരുന്ന അസമീസ് പദമാണ്)