അടുക്കള

| കവിത

Update: 2024-04-17 06:41 GMT
Advertising

അടുക്കളച്ചിരികള്‍ക്ക്

ചിലപ്പോഴൊക്കെ എന്തൊരഴകാന്നറിയുമോ?

ജാലകത്തിലൂടെ പുലര്‍ച്ചയുടെ

ഉണര്‍വ്വ് വന്ന് തൊടിയിലേക്കെന്നെ

ക്ഷണിക്കാറുണ്ട്.

ഒറ്റച്ചിരിയില്‍ മറുപടി കൊടുത്ത്.

പ്രഭാതരുചികള്‍ക്ക് കൂട്ടൊരുക്കാറാണ്

ചില ഓര്‍മകള്‍ പ്രണയാര്‍ദ്രമായി

തൊട്ട് വിളിക്കുമ്പോള്‍

സമയമില്ലായ്മയുടെ പരിഭവങ്ങള്‍

പകരം കൊടുക്കാറുണ്ട്.

പാല്‍തിളച്ച് തൂവാതിരിക്കാന്‍

ധൃതിപ്പെടുമ്പോള്‍

ഉച്ചയൂണിന്റെ ഒരുക്കങ്ങള്‍

ഹൃദയത്തില്‍ തുടങ്ങിവെയ്ക്കുമ്പോള്‍

തിരക്കിനടിയില്‍ ഇടയ്ക്കിടയ്ക്ക്

ചായക്കപ്പ് നീട്ടുമ്പോള്‍

തിരക്കില്‍ ചില ചിരികള്‍ പാതിയില്‍

ഉടഞ്ഞ് പോവാറുണ്ട്.

അമ്മേന്ന് നീട്ടി വിളിച്ച്

ഉറക്കത്തിന്റെ ആലസ്യത്തില്‍

നിന്നുണരാതെ പരിഭവിക്കുമ്പോള്‍

വാത്സല്യ ച്ചിരികളില്‍

ഞാനെന്നെ മറക്കാറുണ്ട്

ദൂരങ്ങളെ ഉടച്ച് കളഞ്ഞ്

നീ നിന്റെ ഓര്‍മ വിരലുകളാല്‍

എന്നിലേയ്‌ക്കെത്തുമ്പോള്‍

കാലം ഗതിമാറി ഒഴുകിയല്ലോയെന്ന

എത്രയോ സങ്കടച്ചിരികള്‍

അടുക്കളക്കരിയിലേയ്ക്ക്

കുടഞ്ഞെറിഞ്ഞ് കളയാറുണ്ട്.

എങ്കിലും അടുക്കളച്ചിരിയുടെ

നോവായി നിന്നെ ഞാന്‍

അറിയാറുണ്ട് അത്രമേല്‍ നിശബ്ദമായി. 


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ബിന്ദു സുനില്‍

Writer

Similar News

കടല്‍ | Short Story