സ്മൃതിശില
| കവിത
Update: 2023-11-26 10:08 GMT
ചിതറിവീണുവോ
കാണാപ്പുറങ്ങളിലെയക്ഷരങ്ങള്‍
പിടഞ്ഞകന്നുവോ,
നെഞ്ചിലെ നിണകണങ്ങളായി
ഇറ്റുവീണുവോ...
കവിതേ നീയിനിയുമെന്നില്‍
നിറയാത്തതെന്തേ
തെളിനീരിലെന്നെയാര്‍ദ്രമാക്കാത്തതെന്തേ...
അരുതിനിയരുതേ പെരിയാറേ
നീയിനിയുമെന്നെയും കാത്തു
നിശ്ചലയാകേണ്ട,
യൊഴുകുക നിന്റെ
ആഴക്കടലിലേക്ക്,
നിന്റെ നിയോഗത്തിലേക്ക്.
ഞാനിവിടെയൊരു ശിലയായി
ചേറില്‍ പുതഞ്ഞുകിടക്കട്ടെ
യുഗങ്ങളോളം,
കല്‍പ്പാന്തകാലത്തോളമേകനായന്യനായ്
നിഷ്‌ക്കാസിതനായി.
ഒരിക്കല്‍,
എന്നെങ്കിലുമൊരിക്കല്‍
പെരിയാറേ
നിന്റെ പേരാവുമീ ശിലയിലാരെങ്കിലും
കുറിക്കുക, യതുപോരുമേ
ജീവിതം ധന്യമാകാന്‍,
അതുപോരുമേ സ്മൃതികള്‍
അനശ്വരമാകാന്‍!