വീട് ഒരിക്കലും ഒരു മനുഷ്യന്‍ ആകുന്നില്ല | Poetry
| കവിത
വീട് ഒരിക്കലും ഒരു മനുഷ്യന്‍ ആകുന്നില്ല.
എന്നിരുന്നാലും കവിതക്ക് വേണ്ടി ഞാന്‍ കള്ളം പറയുന്നു.
നിങ്ങളെന്റെ വീടെന്ന് പറഞ്ഞു കാമുകനെ ചുംബിക്കുന്നു.
പിന്തിരിഞ്ഞ് വീട്ടിലേക്ക് തിരിക്കുന്നു.
വീട് എത്തുമ്പോള്‍ ഞാനൊരു ദേശം കാണുന്നു.
അതൊരു കടലോ കരയോയെന്ന് ആശ്ചര്യപ്പെടുന്നു.
ചിലര്‍ അടക്കം പറയുന്നു.
ചിലരാകട്ടെ പൊട്ടിക്കരയുന്നു.
വാക്കുരുയിടാതെ ഒരു യാസീന്‍ കറങ്ങി നടക്കുന്നു.
അപ്പോള്‍ ഉമ്മ സമിയല്ലാഹു ലിമന്‍ ഹമീദ* നീട്ടി ചൊല്ലുന്നു.
ഒരു കാലി ചായ ഉമ്മറത്ത് കാല് കേറ്റി ഇരിക്കുന്നു.
തരി ഉപ്പ് അങ്ങോട്ടും മുളകിങ്ങോട്ടും പാലം കെട്ടുന്നു.
താരിഖ് തുറന്ന് ദമസ്‌കസ് പുറത്തേക്കിറങ്ങുന്നു.
അസ്വല്ലാത്തു ഹൈറും മിനന്നൗം.**
അലമാരയില്‍ പഴയൊരു പുസ്തകം തല ചായ്ക്കുന്നു.
അപ്പോള്‍ സ്‌നേഹം വഴി തിരിഞ്ഞൊരു പ്രേമലേഖനം പുറത്തെടുക്കുന്നു.
ഒരു കൈദൂരം തൊട്ടില്‍ കെട്ടുന്നു.
പഴയൊരു താരാട്ട് വിരുന്നെത്തുന്നു.
നാല് നേരം ദിക്ര്‍ ചൊല്ലുന്നു.
അമ്മീലരച്ച മൈലാഞ്ചി ഈര്‍ക്കില്‍
തുമ്പോട് കൈയില്‍ വരക്കുന്നു.
അടുക്കള വാതിലിലൂടെ
ഒരു മുസല്ല അയലില്‍ വിശ്രമിക്കുന്നു.
പാതി മുറിഞ്ഞ വാക്ക് കൊണ്ട് അവരൊരു പാട്ട് പാടുന്നു.
അപ്പോള്‍ വാതിലും കടന്ന് വീട് ഒരു വീടാകുന്നു.
എന്നിട്ടും കവിതക്ക് വേണ്ടി ഞാന്‍ കള്ളം പറയുന്നു.
........................................
* സമിയല്ലാഹു ലിമന്‍ ഹമീദ - നമസ്‌കാരത്തിലെ ഒരു പ്രാര്‍ഥന.
** അസ്വല്ലാത്തു ഹൈറും മിനന്നൗം - സുബ്ഹി ബാങ്കിലെ ഒരു വചനം