കുരുക്ക്
| കവിത
Update: 2024-01-22 14:48 GMT
കാണാചങ്ങലയില്‍ അലയുന്ന ഓരോ പെണ്‍ജന്മവും തേടുന്ന ചിലതുണ്ട്.
ഇരുള്‍മൂടും നോവിന്നപ്പുറം ഏറെയകലെയായി
പെണ്‍മണല്‍ മിനുങ്ങും മായാവീഥി.
ഋതുവര്‍ണ്ണമേല്‍ക്കാന്‍
ഒരു പകല്‍ച്ചില്ല.
വിരഹ നോവിന്നറ്റത്തെ
ഇത്തിരി പൊട്ട് വെളിച്ചം.
കിനാതേരിലേറി നിഗൂഡ
പാതയിലൂടൊരു ആളറിയാ പോക്ക്.
നിദ്രയൊഴിയും യാമങ്ങളിലവള്‍
ആരുമറിയാതെ ഹൃദയഭിത്തിയിലോരോന്നായ്
കുറിച്ചിടുന്നുണ്ടാവാം.
നിലതെറ്റിയൊഴുകിയോടുവിലൊരശ്രു ബിന്ദു മാത്രമായ് ഒടുങ്ങും വരെ.
ആക്രോശവാക്കിന്‍ കൂര്‍ത്തവാളഗ്രങ്ങളില്‍ തട്ടി ചോരചിന്തും മോഹങ്ങള്‍ പിന്നെയും.
എന്നിട്ടും
ഏവരും കണ്ടത് 'ഭാഗ്യവതി'യുടെ പൊന്‍പുഞ്ചിരി
മാത്രം.
ആഴ്‌ന്നൊന്നു നോക്കൂ.
ആ മിഴിക്കോണിലായി കടലോളങ്ങള്‍.
പവിഴപ്പുറ്റുകളും
അഗാധ ചുഴികളും ഒളിച്ചു കളിക്കുന്ന ഇടമത്രേ അത്!