എന്റെ മൂക്കുത്തിക്കുമുണ്ട് പറയാന്‍
| കവിത
നിന്റെ പ്രണയത്തിന്റെ നറുനിലാവും
സ്വപ്നങ്ങളുടെ പൊന്‍ വെളിച്ചവും
കൊഞ്ചലിന്റെ തേന്‍ത്തുള്ളികളും
പിണക്കങ്ങളുടെ കാര്‍മേഘങ്ങളും
വിരഹത്തിന്റെ ചെന്തീയും തട്ടിച്ചിതറുന്നത് എന്നിലല്ലേ സഖീ
നിന്റെ കാത്തിരിപ്പിന്റെ
കെടാവിളക്കായി എരിയുകയല്ലേ സഖീ ഞാന്‍
നിന്‍ വഴിത്താരയില്‍
നുണക്കുഴികളില്‍ പ്രണയം നിറച്ച്
വരുമെന്നല്ലേ സഖീ അവന്‍ നിന്നോട് ചൊല്ലിയത്
പ്രണയമഷിയെഴുതിയ
നിന്റെ മിഴികള്‍ക്ക്
എന്തു മിഴിവാണെന്റെ സഖീ
നെഞ്ചിടിപ്പിന്‍ താളം മുറുകിയപ്പോള്‍
നിന്‍ ചുവടുകള്‍ മെല്ലെയായ തെന്തേ സഖീ
കാണാനേറെ കൊതിച്ച രൂപം
നിന്‍മിഴികളില്‍ നിറയാതെ
ഒഴുകാനാവാത്ത മിഴിനീരിനാല്‍ നിറഞ്ഞത്
അറിഞ്ഞത് ഞാന്‍ മാത്രമെന്റെസഖീ
ചുട്ടുപൊള്ളിയെന്‍ മേനി
നിന്‍ ചുടുനിശ്വാസത്താല്‍ സഖീ
കാത്തിരിപ്പിനൊടുക്കം
ഏകയായി നീ മടങ്ങുമ്പോള്‍ കാതില്‍ പെയ്തുവോ
നിനക്കേറ്റം പ്രിയമുള്ള വിളി
എന്നിട്ടെന്തേ
എന്നിട്ടുമെന്തേ
മറുവിളി ചൊല്ലാനാവാതെ
തിരിഞ്ഞു നടക്കാനാവാതെ
നിന്നതെന്റെ പ്രിയ സഖീ.