പേറ് യന്ത്രം
| കവിത
യാ രിഫായീഷേയ്ക്ക്
തങ്ങളെ
ആരുടെ
റൂഹാണിന്ന്..!?
ഓരൊ കൂമന്‍കൂവലിലും
പ്രായത്തിന്റെ
വിഷണ്ണതയോടെ
കോലായിരുന്ന്
ഉമ്മാമ്മ വ്യാകുലപ്പെടും.
കൂമന്‍കരച്ചില്‍
ഉമ്മാമാക്ക്
റൂഹാനക്കിളിയുടെ
ശംഖൂതലാണ്.
ദേഹിയില്‍ നിന്നും
ആത്മാവ്
പറിച്ചെടുക്കാന്‍ വരുന്ന
മലക്കിന്റെ
മുന്നറിയിപ്പാണ്.
ഇരുണ്ട കര്‍ക്കടകത്തില്‍
പക്ഷികള്‍ കണ്ണുതുറക്കാത്ത
മഴയില്‍
ആലംബഹീനര്‍ക്ക് വേണ്ടി
ദുഹാ ചെയ്യുമ്പോള്‍
മരിച്ചു മണ്ണടിഞ്ഞ പൂര്‍വ്വീകരുടെ
കഥ പറയും.
വീട്
വെച്ചു മാറ്റത്തിന്റെ
കാലസ്മരണയാണെന്നപ്പോള്‍
മനസ്സിലാവും
കാല്‍പ്പാടുകളിലൂടെ
നടന്ന്
നടന്നുപോയവര്‍
വരിവരിയായ്
വാക്കുകളിലൂടെ
വന്നുനില്‍ക്കും..
ആകാശവും ഭൂമിയും
പിളര്‍ക്കുമാറുച്ചത്തില്‍
അവസാനത്തെ കാഹളംമുഴങ്ങി
സ്വര്‍ഗത്തിനും,
നരകത്തിനുമിടയില്‍
ഒരു ചാണുയരത്തിലെ
സൂര്യനു കീഴില്‍
എരിഞ്ഞില്ലാതാവുന്ന
ആഖിറത്തിലെ ശിക്ഷ -
വിവരിച്ച് പൊള്ളിക്കും.
മടിശ്ശീലയില്‍
കഥകള്‍ കെട്ടി നടക്കുന്ന
ഉമ്മാമ
കഥയില്ലാതെ,
പുറംലോകം കാണാതെ
പേറ് യന്ത്രമായി
മരിച്ചുവീണുകിടന്ന
കോലായി പിന്നെ
കഥ മുണ്ടിയിട്ടില്ല.