സൂര്യകാന്തികള്‍
| കവിത
Update: 2024-01-09 08:28 GMT
ഇന്നലെയും ഞാന്‍ എന്റെ കല്‍പടവുകളില്‍ ഇരുന്നിരുന്നു
പക്ഷെ അവിടമെല്ലാം ശൂന്യമായിരുന്നു
പവിഴമല്ലികള്‍ ഉതിര്‍ന്നു വീഴാത്ത പടവുകള്‍
നിശാഗന്ധിയും പൂത്തിരുന്നില്ല
ആ വഴികളില്‍ എങ്ങും ഗുല്‍മോഹറും ഇല്ലായിരുന്നു
ഗാര്‍ഡനിയ പൂക്കളുടെ സൗരഭ്യവും ഞാന്‍ അറിഞ്ഞില്ല
വയലിന്റെ നാദവും നിലച്ചിരുന്നു
ഏകമായ പാതയില്‍ എന്റെ ഓര്‍മകളെ മൂടിയ മഞ്ഞിന്റെ നേര്‍ത്ത പാളികള്‍ മാത്രം.
നിശബ്ദതയില്‍ ഞാന്‍ സ്‌നേഹിക്കുന്ന മൗനത്തിന് സംഗീതമില്ലായിരുന്നു
ആത്മാവില്‍ നിറഞ്ഞ ഭീതിയെ തട്ടി കുടഞ്ഞു ഉണര്‍ന്ന ഞാന്‍ അറിഞ്ഞു
അതൊരു ഇരുണ്ട സ്വപ്നം ആയിരുന്നു.
ഹൃദയത്തില്‍ വിരിഞ്ഞ സൂര്യകാന്തികള്‍ അപ്പോള്‍
എനിക്ക് ചുറ്റും നിറയെ വെളിച്ചം നല്‍കിയിരുന്നു.