കാണുന്നുണ്ടോ?
| കവിത
ഭൂപടത്തിലേക്കൊന്നു
സൂക്ഷിച്ചു നോക്കൂ
അവരെ കാണാം
സാങ്കല്‍പ്പിക അതിരുകളില്‍
ഒട്ടും സങ്കല്പികമല്ലാത്ത
മനുഷ്യപ്പറ്റങ്ങള്‍
അഭയാര്‍ത്ഥികള്‍
കോളനികള്‍
ചേരികള്‍
ലയങ്ങള്‍
അവര്‍ക്കിടയില്‍
അണക്കെട്ടുകളെ
ആണവനിലയങ്ങളെ
അതിവേഗതകളെ
എഴുന്നുനില്‍ക്കും പ്രതിമകളെ
കെട്ടിടങ്ങളെ
എല്‍ഇഡി വെളിച്ചങ്ങളെ
മായ്ച്ചു നോക്കൂ
നഗരമധ്യത്തിലോവുചാലുപോല്‍
കെട്ടിക്കിടക്കുന്ന മനുഷ്യരെ കാണുന്നുണ്ടോ?
കൂട്ടയടക്കലിന് തയാറായി നില്‍ക്കുന്ന
ആള്‍ക്കൂട്ടത്തിനു ചുറ്റും
വരച്ചു നോക്കൂ,
ഓഷ്വിറ്റ്‌സിന്റെ
ഗേറ്റോയുടെ
ബെര്‍ലിന്റെ
വാഗണുകളുടെ
ജാലിയന്‍ വാലാബാഗുകളുടെ
സെര്‍ബിയന്‍ കാലിവണ്ടികളുടെ
ചതുരങ്ങള്‍
വെറിപിടിച്ച മനുഷ്യമുഖങ്ങളില്‍
വെച്ചു നോക്കൂ
കറുത്തമഷിയാല്‍ കുറിമീശ
നിക്ഷേപ-വികസന
കോര്‍പറേറ്റു കമ്പനികള്‍ക്ക്
ഈസ്റ്റിന്ത്യാ എന്ന പേര് വെച്ച് നോക്കൂ
ചിലമനുഷ്യരുടെ
കഴുത്തിലെ
കയ്യിലെ
ചങ്ങലകള്‍
അഗോചരമാവും വിധം
ചെറുതായി മായ്ക്കുക മാത്രമേ അവര്‍ ചെയ്തിട്ടുള്ളൂ
ഒന്നും എവിടെയും പോയിട്ടില്ല
ഒന്നും മാറിയിട്ടില്ല
കാണുന്നുണ്ടോ?