അനുസ്വാരം
| കവിത
Update: 2023-02-22 09:36 GMT
കാലം എന്ന വാക്കിനറ്റത്തെ
അനുസ്വാരം സ്‌നേഹത്തോടെ,
ഓര്‍മ്മയില്‍ ചേര്‍ന്നിരിക്കുന്നിടത്താണ്,
പരിഭവങ്ങള്‍ കൂട്ടി വെക്കാതെ
വിശ്വാസത്തില്‍ കൂട്ടിരിക്കുന്നിടത്താണ്
കുടുംബം എന്ന വാക്കിനറ്റത്തെ
അനുസ്വാരത്തിന് യോഗ്യതയുണ്ടാവുന്നത്,
ഇമ്പവും മുറുക്കവുമുണ്ടാകുന്നത്.
കാലം നല്‍കുന്ന ഓര്‍മ്മകള്‍
ഋതുഭേദങ്ങള്‍ക്കിടയിലും നട്ട്
നനച്ചോമനിച്ചത് നാളെയുടെ
നിശ്വാസത്തിന് ഉറപ്പു കൂട്ടുന്ന
കണ്ണികളാകുമെന്ന് മനസ്സ് ഉറക്കെ
പറയുന്നിടത്താണ് വിശ്വാസം എന്ന
വാക്കിനറ്റത്തെ ആ ചെറിയ
വട്ടത്തിനും ബലമുണ്ടാകുന്നത്
കാലം കടഞ്ഞെടുക്കുന്ന
നീണ്ട ഇരുമ്പ് ചങ്ങലയുടെ
തുരുമ്പെടുത്ത ഒരു കണ്ണി മതി
കാലങ്ങളായി കുടുംബത്തിലെ
ഉറ്റവരുടെ ചൂടിലുരുക്കിയെടുത്ത
സ്‌നേഹം എന്ന ആ വാക്കിലെ
അനുസ്വാരം അയോഗ്യമാകുവാന്‍,
അത് വെറും ശൂന്യമാകുവാന്‍.