പ്രണയത്താല്‍ വിശുദ്ധമാക്കപ്പെട്ട ഹൃദയകവിതകള്‍

സോയ ജോസഫിന്റെ ' പ്രണയ മാനിഫെസ്‌റ്റോ' കവിതാ പുസ്തകത്തിന്റെ വായന

Update: 2023-11-05 10:59 GMT
Advertising

സോയ ജോസഫിന്റെ കവിതകള്‍ പ്രണയത്തെക്കുറിച്ചുള്ള ഒരു അന്തര്‍മുഖ സംവാദമാണ്. കവിതകളുടെ പ്രമേയവും ശില്പവും, ഭാവവും പ്രണയമാണ്. പ്രണയമില്ലാത്ത ഒരു കവിതയുമില്ല എു തന്നെപറയാം.

''ഓരോ പ്രണയവും

ഒരൊറ്റ മുറിവീട്

പണിയുകയാണ്

പിന്‍വാതിലുകളില്ലാത്ത,

കയറിയതില്‍ക്കൂടിയല്ലാതെ

ഇറങ്ങിപ്പോവാനാവാത്ത ഒന്ന്''

(ഒറ്റമുറിവീട്)

''മഴ പെയ്യുമ്പോഴൊക്കെ

നിന്നെ ഓര്‍ക്കുന്നു

തോരാതെ പെയ്യുന്ന

മരം പെയ്യലുകളില്‍

നിന്റെ പ്രണയത്തെയും''

(ഓര്‍മ്മിയ്ക്കപ്പെടുമ്പോള്‍)

നീയില്ലാത്ത വര്‍ഷങ്ങളൊക്കെ

എന്റെ ജീവിതത്തിന്റെ

കലണ്ടറില്‍ നിന്നും

മാഞ്ഞുപോയതു കൊണ്ടാകും

ഞാനെപ്പോഴും - നിന്റെ പ്രണയത്തില്‍

ചെറുപ്പമായിരിക്കുന്നത്

(യൗവനം)

പ്രണയത്തെ അനുഭവിയ്ക്കുമ്പോള്‍, പ്രണയം അടിസ്ഥാനപരമായി പ്രണയത്തോടുള്ള പ്രണയമായിത്തീരുന്നു. അവസാനിയ്ക്കാത്ത പ്രണയ കല്പനകളുടെ വെളിപാടായിത്തീരുന്നു സോയയ്ക്ക് കവിത. പ്രണയത്തിന്റെ ആത്മസിന്ദൂരം കൊണ്ടാണ് സോയ കവിതകളെഴുതുത്. പ്രണയത്തെക്കുറിച്ചുള്ള പ്രാഥിമക യാര്‍ത്ഥ്യമല്ല, പ്രണയത്തിന്റെ ആത്മീയശക്തിയും സൗന്ദര്യവുമാണ്. ഈ കവിതകളില്‍ സ്പന്ദിയ്ക്കുന്നത്. മലയാളത്തില്‍ ഇതഃപര്യന്തമുണ്ടായിട്ടുള്ള എല്ലാ പ്രണയ കവിതകളില്‍ നിന്നും വ്യത്യസ്തമായി പ്രണയത്തിന്റെ പുതിയ ഒരു ആവില്‍ഭാവം സോയയുടെ കവിതകളില്‍ അനുഭവപ്പെടും.

''നിനക്കൊപ്പം

കടലെടുത്ത

ഒരു ഭാഷാശാസ്ത്രമുണ്ട്

എന്റെയുള്ളില്‍''

(പ്രണയനിഘണ്ടു)

നിന്റെ പ്രണയം

ക്യാന്‍സറുപോലെ

എന്നിലാകെ

വ്യാപിയ്ക്കുകയാണ്

(പണയാര്‍ബ്ബുദം)


''ഒരു വിപ്ലവകാരിയോട്

പ്രണയം തുറന്നുപറയരുത്

നിങ്ങളുടെ സ്‌നേഹത്തേക്കാള്‍

വലിയ വിമോചനമില്ലെന്നറിഞ്ഞ്

അയാള്‍ ഒരു നാടിന്റെ

സമരപോരാട്ടങ്ങളില്‍ നിന്നും

പിന്‍വാങ്ങിയേയ്ക്കും

(പണയവിപ്ലവങ്ങള്‍)

ഈ വിധത്തില്‍ ഇതിനു മുമ്പ് നമ്മുടെ ഭാവുകത്വങ്ങള്‍ അനുഭവിച്ചിട്ടില്ലാത്ത ചില പ്രണയരൂപകങ്ങളും ഭാവനകളും ഭാവാന്തരങ്ങളും സോയ കല്പന ചെയ്യുന്നു. ഭാവനകളിലും യാഥാര്‍ത്ഥ്യങ്ങളിലും ഒരുപോലെ പെരുകി പെരുകി വളരുന്ന അനുഭൂതിസഞ്ചയമായി പ്രണയം ഈ കവിതകളിലാകെ പൂത്തുലഞ്ഞു നിറഞ്ഞിരിയ്ക്കുന്നു. 


പ്രണയം ആത്മബലിയായിത്തീരുന്ന ചിലപ്പോള്‍ പ്രണയത്താല്‍ ഇരയാക്കപ്പെടുന്ന ഒരു വിഹ്വല ഭൂപടവും ഈ കവിതകളില്‍ തെളിയുന്നുണ്ട്. പ്രണയം ഒരേസമയം അവിടെ കുറ്റകൃത്യവും ഹിംസയുമാവുന്നു.

''നീയടുത്തേയ്ക്കുപോലും വരരുത്

ചിലപ്പോള്‍ ഞാന്‍ കെട്ടുപോകും''

(ചിതകത്തി തുങ്ങി)


''എന്റെ പോസ്റ്റുമോര്‍ട്ടം

റിപ്പോര്‍ട്ടിലെ

നിന്റെ അനിഷേദ്ധ്യമായ

സാന്നിദ്ധ്യത്തോടെ

നമ്മുടെ പ്രണയം

കുറ്റവാളിയാക്കപ്പെടുക

തന്നെ ചെയ്യും''

(കുറ്റവാളിയാക്കപ്പെടുവന്‍)


''നീയെന്നില്‍ നിന്ന്

ഇറങ്ങിപ്പോയപ്പോള്‍

നിലച്ചുപോയൊരു

ക്ലോക്കുണ്ടെന്റെയുള്ളില്‍

(നിലച്ചുപോയത്)


''നിന്നിലേയ്ക്ക് എത്തിപ്പെടാന്‍

കഴിയാത്ത ഞാന്‍

ഒരു രക്തസാക്ഷി

കൂടിയാവുന്നു'.

(പ്രണയകലാപങ്ങള്‍)

വിരഹവിഷം കുടിച്ചു നീലച്ചുപോയ ഹൃദയമായും വെന്തഉടലിനേക്കാള്‍ നീറ്റമുള്ള ചിതറിയ സ്വപ്നങ്ങളായും വധശിക്ഷ നീട്ടിക്കിട്ടിയിരിയ്ക്കുന്ന ദയാഹര്‍ജികളായും പ്രണയിയ്ക്കയക്കുന്ന അവസാനത്തെ സന്ദേശമായും കാര്‍മേഖം മൂടിയിരിയ്ക്കുന്ന ആകാശമായും പരസ്പരം ചുമന്ന അസ്ഥികലശങ്ങളായും പ്രണയ നഷ്ടങ്ങളുടെ അചുംബിതങ്ങളായ മൗലിക കല്പനകള്‍, ഈ സമാഹാരത്തിലുടനീളമുണ്ട്.

മരണത്തിന്റെ സാന്നിദ്ധ്യത്തിലാണ് പ്രണയം അതിന്റെ അഗാധതയെ അനുഭവിയ്ക്കുന്നതെന്ന് സോയജോസഫിന്റെ കവിതകള്‍ നമുക്കു പറഞ്ഞു തരുന്നു. പ്രണയം മരണത്തിന്റെ കൈകളിലേക്കു ചായുന്ന അനശ്വരതാ ദര്‍ശനം സോയയുടെ ഒരു പ്രിയപ്പെട്ട പ്രമേയമായിത്തീരുന്നു.

മികച്ച പ്രണയകാവ്യങ്ങളിലെല്ലാം പ്രണയവും മരണവും കാട്ടുപക്ഷികളെപ്പോലെ, ഇണചേരാറുണ്ടെുന്ന് പറയാറുണ്ട്. കുമാരനാശാന്‍ 'കരുണ'യില്‍ 'സമയമായില്ല' എന്നു നിരന്തരം പറഞ്ഞു കൊണ്ട് വാസവദത്തയുടെ പ്രണയം നിരസിച്ച ഉപഗുപ്തന്‍ ഒടുവില്‍ പ്രണയിനി കബന്ധരൂപമായി പ്രാണന്‍ പിടഞ്ഞു പോവുന്ന അവസ്ഥയില്‍ ചുടുകാട്ടിക്കിടക്കുന്ന അന്ത്യനിമിഷത്തിലാണ് യഥാര്‍ഥ പ്രണയ സാക്ഷാല്‍ക്കാരത്തിന്റെ സമയമായി എന്നു തിരിച്ചറിയുത്.

'അക്കിടപീലുമവളായുവമുനിയെ വീക്ഷിപ്പാന്‍

പൊക്കീടുന്നുതലരാഗ വൈഭവം കണ്ടോ?'

എന്നു മാംസ നിബന്ധമല്ലാത്ത അനുരാഗത്തിന്റെ അനശ്വരത ആശാന്‍ അവിടെ ഉറക്കെ വിളംബരം ചെയ്യുന്നുണ്ട്.

ഇങ്ങനെ ശരീരം നശിച്ചാലും ബാക്കിയാവാന്‍ വേണ്ടതാണ് പ്രണയത്തിന്റെ അനുഭൂതിസാന്ദ്രമായ ആത്മീയാനുഭവമെന്ന് സോയജോസഫും വിചാരിക്കുന്നുണ്ട്. അതിനാല്‍ പ്രണയത്തിന്റെ ആര്‍ദ്രചലനങ്ങളെല്ലാം സൂക്ഷ്മമായി ആവിഷ്‌കരിയ്ക്കുന്ന വിശുദ്ധമായ ഭാഷയിലൂടെ സോയ 'പ്രണയം' എന്ന വികാരത്തെ എന്നെന്നേയ്ക്കുമായി ശാശ്വതീകരിയ്ക്കുന്നു. ആത്മഭാഷയുടെ സംഗീതം കൊണ്ട് അനുവാചകന്റെ ആന്തരികതയിലേക്കു പ്രവേശിയ്ക്കാന്‍ സോയയ്ക്കു കഴിയുന്നു.


മലയാള കവിതയിലെ ഏറ്റവും നവീനമായ പ്രണയാനുഭവമാണ് സോയയുടെ ഈ കാവ്യസമാഹാരം സാക്ഷാല്‍ക്കരിച്ചിരിയ്ക്കുന്നത്. ഒരു കാലവും അതിനുമുമ്പുള്ള കാല്പത്തിന്റെ കാവ്യകല്പനകൊണ്ടും പ്രണയഭാവന കൊണ്ടും തൃപ്തിപ്പെടുകയില്ല എന്ന് സോയ ജോസഫിനറിയാം. അതിനാല്‍ ഭാഷകൊണ്ടും ഭാവനകൊണ്ടും ആഖ്യാനം കൊണ്ടും ഏറ്റവും മൗലികവുമായ ഒരു ഭാവുകത്വം സൃഷ്ടിക്കാന്‍ ഈ എഴുത്തുകാരി ധീരമായി ശ്രമിച്ചിരിയ്ക്കുന്നു. അതില്‍ വലിയൊരളവുവരെ വിജയിക്കുകയും ചെയ്തിരിയ്ക്കുന്നു.

'എന്റെ ഹൃദയം

ചിത്രശലഭങ്ങളുടെ

വീടാകുന്നു

നിന്നെ ഓര്‍ക്കുമ്പോള്‍ മാത്രം

ചിറകനക്കുന്ന ശലഭങ്ങള്‍

'ശലഭവീടുകള്‍' എന്ന ഈ കവിതയില്‍ സങ്കല്പിച്ചിരിയ്ക്കുന്നതുപോലെ ഈ കാവ്യസമാഹാരത്തെ പ്രണയ ശലഭങ്ങളുടെ വീടാക്കിത്തീര്‍ക്കാന്‍ സോയ ജോസഫിന് കഴിഞ്ഞിട്ടുണ്ട്.

പ്രണയം, പ്രണയബോധ്യങ്ങള്‍, പ്രണയഭേദങ്ങള്‍, പ്രണയഔഷധങ്ങള്‍, പ്രണയവടുക്കള്‍, പ്രണയകലാപങ്ങള്‍, പ്രണയ വിപ്ലവങ്ങള്‍, പ്രണയ പടക്കങ്ങള്‍, പ്രണായാര്‍ബ്ബുദം, പ്രണയ നിഘണ്ടു തുടങ്ങി പ്രണയം ശീര്‍ഷകമായി വരുന്ന കവിതകള്‍ മാത്രമല്ല, സോയയുടെ ഒട്ടെല്ലാകവിതകളിലും പ്രണയം ഒരു ജീവിതോന്മാദമാണ്. പ്രണയത്താല്‍ വിശുദ്ധയാക്കപ്പെട്ട ഒരു വാഴ്ത്തപ്പെട്ടവളായി എഴുത്തുകാരി ഈ കവിതകളില്‍ പരിണമിയ്ക്കുന്നു. വിരഹം കണ്ണുനീര്‍, ഉപ്പ്, അച്ഛന്‍, അമ്മ, പച്ച, വെട്ടിതിരുത്തലുകള്‍, വൈരുദ്ധ്യാത്മകത തുടങ്ങി പ്രണയം നേരിട്ട് വിഷയമാവാത്ത അപൂര്‍വ്വം ചില കൊച്ചുകവിതകളില്‍ പോലും അന്തര്‍ഹിത വികാരമായി പ്രണയത്തിന്റെ സ്പന്ദനം കേള്‍ക്കാം. എല്ലാം ഉപേക്ഷിയ്ക്കപ്പെട്ടവളായി സോയയുടെ പ്രണയിനി, പ്രണയവിരഹങ്ങളുടെ ശലഭമായി നില്ക്കുന്നു.

പുതിയ ഭാഷ, പുതിയ സമീപനം, പുതിയ ആവിഷ്‌ക്കാരം, പുതിയ ഭാവന എിങ്ങനെ എല്ലാ അര്‍ത്ഥത്തിലും മലയാള കവിതയിലെ ഏറ്റവും പുതിയ കവിതയുടെ ആവിര്‍ഭാവം സോയ ജോസഫിന്റെ കവിതയില്‍ അനുഭവപ്പെടുന്നു. മലയാളത്തിലെ ഒരു പുതിയ എഴുത്തിന്റെ തിരുപ്പിറവി ഈ വരികളില്‍ സപ്ന്ദിയ്ക്കുന്നു. പ്രണയത്താല്‍ സ്‌നാനപ്പെട്ട വിശുദ്ധായിവാഴ്തപ്പെട്ടവളായ സോയ ജോസഫിന് മറ്റു വാഴ്ത്തുകളുടെ ആവശ്യമില്ല.

നാളത്തെ മലയാള കവിത ഈ കവയിത്രിയുടേതു കൂടിയായിരിയ്ക്കും. തീര്‍ച്ച.

(പുസ്‌കത്തിന് ആലങ്കോട് ലീലാകൃഷ്ണന്‍ എഴുതിയ അവകാരിക) ഗ്രാസ്സ് റൂട്ട്‌സ് പബ്ലിക്കേഷന്‍ ആണ് പുസതകത്തിന്റെ പ്രസാധകര്‍.


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ആലങ്കോട് ലീലാകൃഷ്ണന്‍

Writer

Similar News

കടല്‍ | Short Story