പൊക്കിള്‍ക്കൊടി | Short Story
| കഥ
അടഞ്ഞ് കിടന്ന വാതില്‍ ആരോ തള്ളിത്തുറന്നത് പോലെ.
ശബ്ദം കേട്ട് ചിന്തയില്‍ നിന്നും ഞെട്ടി ഉണര്‍ന്നു. ട്രെയിന്‍ അതിവേഗത്തില്‍ ഓടിക്കൊണ്ടിരിക്കുന്നു. കാറ്റിന്റെ മര്‍മരം ക്ഷണിക്കാത്ത അതിഥിയായ് കടന്ന് വരുന്നു.
വീണ്ടുമൊന്ന് മയങ്ങാനുള്ള ആഗ്രഹത്തെ തട്ടിമാറ്റിക്കൊണ്ട് അടുത്തിരുന്ന പെണ്‍കുട്ടി ചോദിച്ചു:
''ആന്റി എങ്ങോട്ടാ?'' ശബ്ദത്തിന്റെ ഉടമയെ തിരിഞ്ഞ് നോക്കി വീണ്ടും കണ്ണടച്ചു. പക്ഷേ, അവള്‍ വിടാനുള്ള ഭാവമില്ല.
''ആന്റി ഒറ്റയ്ക്കാണോ?''
രണ്ടാമത്തെ ചോദ്യം അവളെ ഒന്നു കൂടെ നോക്കാന്‍ പ്രേരിപ്പിച്ചു.
സുന്ദരിയും ഫാഷണബിളുമായ പെണ്‍കുട്ടി. ജീന്‍സും ഷര്‍ട്ടുമാണ് വേഷം. മുടി തോളറ്റം വച്ച് മുറിച്ചിരിക്കുന്നു. കണ്ണുകളിലെ നിഷ്‌കളങ്കത അവള്‍ക്ക് വേറിട്ടൊരു സൗന്ദര്യം നല്‍കുന്നു. ചുറ്റുമുള്ളവരിലേക്കും ഒന്ന് നോക്കി. എല്ലാവരും തല കുമ്പിട്ട് ഇരിക്കുകയാണ്. എന്തോ കുറ്റം ചെയ്തവരെ പോലെ. കൈയില്‍ ഒരു മൊബൈലും.
അവള്‍ പറഞ്ഞ് തുടങ്ങി:
''ഞാനും ഒറ്റക്കാ. എനിക്ക് മൊബെലില്‍ നോക്കി ഇരിക്കാന്‍ ഇഷ്ടല്ല. ആരോടെങ്കിലും സംസാരിക്കണം. ഇവിടിപ്പോ ആന്റി മാത്രാണ് മൊബൈല്‍ ഇല്ലാതെ ഇരിക്കുന്നത്. സോ നമുക്ക് ഫ്രണ്ടാകാം.'' അവളുടെ സംസാരത്തിലെ കുസൃതി വല്ലാതെ ആകര്‍ഷിക്കുന്നു.
''മോള്‍ടെ വീട് എവിടെയാ?'' ഞാന്‍ ചോദിച്ചു.
''എന്റെ വീട് ബാംഗ്ലൂര്‍. മമ്മിയും പപ്പയും മലയാളിയാണ്. രണ്ടു പേരും ഐടി ഫീല്‍ഡിലാണ്. എനിക്കതൊനും ഇഷ്ടല്ല. ഗ്രാമത്തില്‍ ജീവിക്കാനെന്ത് രസാല്ലേ ആന്റീ.... അന്റിക്ക് എത്ര മക്കളാ?''
''എനിക്ക്.. എനിക്ക് ഒരു മോള്‍, ഇപ്പൊ 22 വയസാകും.''
''വാവ്.. എന്റെ പ്രായം. അവള്‍ എന്തിനാ പഠിക്കുന്നെ? അങ്കിള്‍ന് എന്താ ജോലി?''
വീണ്ടും അവളെ നോക്കിയതല്ലാതെ മറുപടി പറഞ്ഞില്ല.
''ആന്റി എന്താ ഒന്നും പറയാത്തത്തത്? ആന്റിക്ക് ഇഷ്ടായില്ലേ എന്നെ? ഞാനിങ്ങനാ പെട്ടെന്ന് കൂട്ടാവും. ന്താ ആന്റീടെ മുഖത്ത് സന്തോഷം ഇല്ലാത്തത്. ഞാന്‍ കണ്ടോ ചിരിച്ചോണ്ടിരിക്കുന്നെ. എന്നെ ആരെങ്കിലും കളിയാക്കിയാലും എനിക്ക് ഇപ്പൊ ചിരി വരും. പപ്പേട കുടുംബത്തില്‍ പോകുമ്പോ എല്ലാരും കളിയാക്കും തെണ്ടിപ്പെണ്ണ് എന്ന് വിളിച്ചിട്ട്. എന്റ പപ്പക്കും മമ്മിക്കും എന്നെ എവിടന്നോ കിട്ടിയതാ. മക്കളില്ലാത്തവര്‍ക്ക് ദൈവം കൊടുത്തതെന്നാ അവര്‍ പറയല്‍''
ഇത് പറയുമ്പോഴും അവളുടെ മുഖത്ത് നേര്‍ത്തപുഞ്ചിരി ഉണ്ടായിരുന്നു. സങ്കടത്തില്‍ പൊതിഞ്ഞ പുഞ്ചിരി. ഇതും പറഞ്ഞ് അടുത്ത ചോദ്യം തുടങ്ങി ''അങ്കിളിന് എന്താ ജോലി?''
''അറിയില്ല'' നിസ്സംഗമായ എന്റെ മറുപടി അവളെഞ്ഞെട്ടിച്ചു.
''നിങ്ങള്‍ സെപ്പറേറ്റ് ആണോ?''
''എന്ത്?''
അവള്‍ ചോദിച്ചത് എനിക്ക് മനസ്സിലായില്ല.
''അല്ല ആന്റീ നിങ്ങള്‍ പിരിഞ്ഞിട്ട് എത്രവര്‍ഷയി?''
''22 വര്‍ഷമാകും''
''ഓഹ് ഗോഡ് റ്റൊന്റീ റ്റൂ ഇയര്‍. എന്തിനാ ആന്റീ പിരിഞ്ഞത്? ഇപ്പൊ കാണാന്‍ ആഗ്രഹമുണ്ടോ? കണ്ടാല്‍ ആന്റിക്ക് എന്താ റിയാക്ഷന്‍ ഉണ്ടാവുക?''
ചോദ്യങ്ങള്‍ തെരുതെരെ വന്നു കൊണ്ടിരുന്നു.
''കണ്ടാല്‍ ഇരുകരണത്തും മാറി മാറി അടിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷേ ഇപ്പോള്‍ ഒന്നും തോന്നാറില്ല. എല്ലാം ദൈവനിയോഗം എന്ന് തിരിച്ചറിവ് കിട്ടി. മുടി നരച്ചപ്പോള്‍ പകയും നരച്ചു. പക്ഷേ, ദുഃഖങ്ങള്‍ മാത്രം എന്നും വേട്ടയാടും.''
''ഈ ആന്റി എന്തൊക്കെയാ പറയുന്നെ? എനിക്കൊന്നും മനസിലായില്ല. എന്തിനാ അങ്കിളിനോട് പിണങ്ങിയത്?''
കഥ കേള്‍ക്കാന്‍ തയ്യാറായി അവള്‍ ഇരുന്നു. ഇത്രകാലവും നെഞ്ചിടക്കിയ വേദനപങ്ക് വെക്കാന്‍ ഞാനും തയ്യാറായി.
22 വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ആ രാത്രിയിലേക്ക് വീണ്ടുമൊരു യാത്ര. നേര്‍ത്ത തണുപ്പുള്ള ഒരു മകരമാസത്തിലാണ് അവസാനമായി അയാളെ കാണുന്നത്. ഭാര്യയാണെന്നോ, ഗര്‍ഭിണിയാണെന്നോ പരിഗണിക്കാതെ അവസാനമായുണ്ടായിരുന്ന മംഗല്യ താലിയും പൊട്ടിച്ചെടുത്ത് പുതിയ മേച്ചില്‍പ്പുറം തേടി പോയപ്പോള്‍, അനാഥയായ എന്നെ ചേര്‍ത്ത് പിടിക്കാനോ ആശ്വസിപ്പിക്കാനോ ആരുമുണ്ടായിരുന്നില്ല.
ബാക്കി പറയാനാകാതെ വിമ്മിഷ്ടപ്പെടുന്ന എന്റെ അടുക്കലേക്ക് അവള്‍ നീങ്ങിയിരുന്നു. എന്റെ വലതുകൈ അവളുടെ കൈക്കുള്ളിലാക്കി പൊതിഞ്ഞ് പിടിച്ചു. ശരീരത്തിലൂടെ വൈദ്യുതി കടന്ന്ുപോയ പോലെ. ദുഃഖങ്ങളൊക്കെ ഒഴിഞ്ഞ് പോയ പോല. ആകാംഷയോടെ നോക്കുന്ന അവളുടെ കണ്ണുകളില്‍ നോക്കി ഞാന്‍ തുടര്‍ന്നു.
ലോകത്തെ തന്നെ വെറുത്ത ദിനങ്ങള്‍. ആത്മഹത്യയെക്കുറിച്ചുള്ള ചിന്തകള്‍. ഇനിയൊരിക്കല്‍ കൂടി കണ്ടാല്‍ അയാളെ കൊല്ലാനുള്ള ആഗ്രഹം. ഇതിനെയെല്ലാം കവച്ച് വെക്കുന്നതായിരുന്നു വീര്‍ത്ത് വരുന്ന വയറിനോടുള്ള ഇഷ്ടം. കുഞ്ഞിളം മേനി കൊണ്ടുള്ള ഓരോ അനക്കവും സാന്ത്വനത്തിന്റെ പെരുമഴയായിരുന്നു. ശ്രദ്ധയോടെ കേട്ടിരിക്കുന്ന അവളുടെ വിരലുകള്‍ എന്റെ കൈയില്‍ ചെറുതായി തട്ടിക്കൊണ്ടിരുന്നു. ആശ്വസിപ്പിക്കും പോലെ.
ഞാന്‍ തുടര്‍ന്നു.
മീനമാസത്തെ കറുത്ത രാത്രിയില്‍ ഇനിയീ ഇരുട്ടറ എനിക്കു വേണ്ട എന്ന് ഉറപ്പിച്ച് എന്റെ കുഞ്ഞ് വേദനയ്ക്ക് മേല്‍ വേദന വാരി വിതറി പുറത്തേക്ക് കുതിച്ചു. ചോരയില്‍ കുളിച്ച് കിടക്കുന്ന എന്റെ കുഞ്ഞിനെ വാരിയെടുത്ത് പുതപ്പിക്കാനോ, മാറോട് ചേര്‍ക്കാനോ, പൊക്കിള്‍ക്കൊടി ബന്ധം മുറിച്ച് മാറ്റാനോ ആരുമുണ്ടായില്ല.
ഒന്ന് കരയാതെ, കൈകാല്‍ എടുത്ത് ലോകത്തെ മെതിക്കാതെ നിശ്ചലം കിടക്കുന്ന കുഞ്ഞ് എന്റ ഉദരത്തില്‍ വച്ചേ മരിച്ചോ? അതോ ഭൂമിയുടെ വിരിമാറില്‍ എത്തിയ ശേഷമോ എന്ന ആധി, ക്ഷീണം വെടിഞ്ഞ് എഴുന്നേല്‍ക്കാന്‍ എന്നെ പ്രേരിപ്പിച്ചു. പക്ഷേമനസിന്റെ ആഗ്രഹത്തിനൊത്ത് ചലിക്കാനാകാതെ കണ്ണില്‍ ഇരുട്ട് കയറി പുറകോട്ട് മറിഞ്ഞു.
പിന്നീടൊന്നും പറയാനാകാതെ, നിറഞ്ഞൊഴുകുന്ന മിഴി തുടയക്കാനാവാതെ ഞാനിരുന്നു.
''ആന്റീ... ആര്‍ യൂ ഓകേ?''
ആ പെണ്‍കുട്ടിയുടെ ശബ്ദമാണ് സഥലകാലബോധത്തിലേക്ക് എന്നെ തിരിച്ച് കൊണ്ടുവന്നത്.
''ബുദ്ധിമുട്ട് ആണെങ്കില്‍ പറയണ്ട ആന്റീ. ദാ കണ്ടില്ലേ കൈയൊക്കെ തണുത്ത് മരവിച്ചിരിക്കുന്നു''
''ഇല്ല മോളേ. എനിക്ക് പറയണം പറയുമ്പോള്‍ വല്ലാത്ത ആശ്വാസം തോന്നുന്നു''
ഈ സംസാരം കേട്ട് മൊബൈല്‍ ഒക്കെ മാറ്റിവച്ച് എല്ലാവരും അവരുടെ വാക്കുകള്‍ക്കായി കാതോര്‍ത്തു.
എത്രനേരം കഴിഞ്ഞാണ് ഉണര്‍ന്നത് എന്നറിയില്ല. ആ സമയത്തും വയര്‍ വീര്‍ത്തിരിക്കുന്നു. സംഭരിച്ചെടുത്ത ധൈര്യവുമായി വഴുവഴുപ്പ് നിറഞ്ഞ കുഞ്ഞിനെ ചേര്‍ത്തെടുത്തപ്പോള്‍ പൊക്കിള്‍ക്കൊടിയുടെ ബന്ധം യോനിക്കുള്ളില്‍ തന്നെ. എന്താ ചെയ്യേണ്ടതെന്ന് അറിയാതെ അടുക്കളയിലേക്ക് ഇഴഞ്ഞ് നീങ്ങി. കിടന്നും ഇഴഞ്ഞും അടുക്കളയില്‍ എത്തിയപ്പോള്‍ രക്തത്തിന്റെയൊരു പാത എനിക്ക് പിന്നില്‍ രൂപപ്പെട്ടു. പഴന്തുണിക്കെട്ടു പോലെ എന്നെ വലിച്ചിഴച്ച് മീന്‍ മുറിക്കുന്ന കത്തിയുമായി തിരിച്ച് ഇഴയുമ്പോള്‍ ആദ്യത്തെ രണപാതയില്‍ തട്ടാതിരിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. പെട്ടെന്നായിരുന്നു വീണ്ടുമൊരു വേദന വന്നത്, ആ വേദനയില്‍ വീണ്ടും ഒന്നുകൂടെ പ്രസവിച്ചപോലെ, എന്താണെന്നറിയാത്ത ഒരറപ്പ് മനസില്‍ ഉണ്ടായി.
വെറുമൊരു ലോഹമായിരുന്ന ഒരിരുമ്പ് കഷണത്തെ അടിച്ച് പരത്തികത്തിയാക്കിയപ്പോഴും അതൊരു കുഞ്ഞിന്റെ പൊക്കിള്‍ക്കൊടി മുറിച്ച് മാറ്റുമെന്ന് കൊല്ലനോ, കച്ചവടക്കാരനോ, എന്തിനേറെ കത്തി വാങ്ങിയ ഞാന്‍ പോലും ചിന്തിച്ചിരുന്നില്ലല്ലോ.
സമയം എത്രയായി എന്നറിയില്ല. ചുറ്റും വഴുവഴുപ്പുള്ള വെള്ളവും രക്തവും കുഴഞ്ഞ് കിടക്കുന്നു. അതിനിടയില്‍ അവളും. അതെ എന്റെ പൊന്നുമോള്‍. ദൈവം എനിക്ക് തന്ന നിധി. അവളെ വാരിയെടുത്തപ്പോള്‍ രക്തവും വഴുവഴുത്ത വെള്ളവും എന്റ ശരീരത്തില്‍ ആയെങ്കിലും എനിക്ക് യാതൊരറപ്പുംതോന്നിയില്ല.
വഴുവഴുപ്പിലും ചോരയിലും കുളിച്ച് കിടക്കുന്ന എന്റെ മുത്തുമണിയെ ഞാന്‍ വാരിയെടുത്തു നെഞ്ചോട് ചേര്‍ത്തു. ഒരു അനക്കം പോലുമില്ലാതിരുന്ന അവളെ അന്ത്യചുംബനം നല്‍കാനായി മാറോട് ചേര്‍ത്തതും ജീവന്റെ മിടിപ്പ് വൈദ്യുതി പോലെ എന്നില്‍ പാഞ്ഞ് കയറി. സന്തോഷവും സങ്കടവും കൊണ്ടൊരാര്‍ത്തനാദം തൊണ്ടയില്‍ തടഞ്ഞു. മൂക്കിന്റെ വലത് വശത്ത് മുക്കൂത്തി ഇട്ടതു പോലെ കാലണ വലിപ്പത്തില്‍ ഒരു മറുക് അവള്‍ക്കുണ്ടായിരുന്നു.
എന്റ സുന്ദരിക്കുട്ടിയെ മടിയില്‍ കിടത്തി പെട്ടെന്ന് ഞാനാ കത്തി എടുത്തു. ഇനിയൊരു നിമിഷം പോലും വൈകിക്കൂടാ. മൂര്‍ച്ച കുറഞ്ഞ കത്തി കൊണ്ട് എന്റെ പൊന്നുമോളുടെ പൊക്കിള്‍ക്കൊടി മുറിക്കാന്‍ ശ്രമിക്കുമ്പോള്‍ എന്റെ കൈ വിറച്ച് കൊണ്ടിരുന്നു. മുറിച്ച് മാറ്റിയ മറുപിള്ളയെ ശ്രദ്ധിക്കാതെ എന്റെ പൊന്നും കുടത്തിന്റെ പൊക്കിളില്‍ സാരിയില്‍ നിന്നുമൊരു കഷ്ണം തുണി മുറിച്ച് ഒരു കെട്ടിട്ട് ഉറപ്പിച്ചു. പച്ചി രുമ്പ് ആഴ്ന്നിറങ്ങിയിട്ടും ശബ്ദിക്കാത്ത അവളെ ഇരുകാലിലും തൂക്കിയെടുത്ത് തലകീഴായൊന്ന് കുടഞ്ഞപ്പോള്‍ ളേ... എന്നൊരൊച്ചയോടെ ലോകത്തെ തന്റെ സാന്നിദ്യം അറിയിച്ചു. അപ്പോഴേക്കും തളര്‍ച്ചയോടെ കണ്ണുകള്‍ കൂമ്പിയ എന്റെ മാറില്‍ പറ്റിച്ചേര്‍ന്ന് ഹൃദയതാളം താരാട്ടായ് ഏറ്റ് വാങ്ങി അവള്‍ നിശബ്ദം കിടന്നു. ആദ്യ അമ്മിഞ്ഞപ്പാല്‍ പോലും നുണയാതെ.
പിന്നീടെപ്പോഴോ ഞാന്‍ ഓര്‍മയിലേക്ക് തിരിച്ച് വന്നപ്പോള്‍ എന്റ മുത്തുമണി എന്റെ മാറിലില്ല. വീടിനകത്തും പുറത്തും ഒരു ഭ്രാന്തിയെപ്പോലെ ഞാനോടി നടന്നു. ഇന്നും നാടായ നാടൊക്കെ ഞാന്‍ യാത്ര ചെയ്യുന്നത് എന്റെ മുത്തുമണിയെ കണ്ടെത്തും എന്ന പ്രതീക്ഷയിലാണ്. ഇതും പറഞ്ഞ് പൊട്ടിക്കരയുന്ന അമ്മയെ ചേര്‍ത്ത് പിടിക്കുമ്പോള്‍ ആ കമ്പാര്‍ട്ട്‌മെന്റിലെ എല്ലാവരും കരയുകയായിന്നു. എന്നാല്‍, ആ പെണ്‍കുട്ടി മാത്രം പ്ലാസ്റ്റിക് സര്‍ജറി ചെയത് മാറ്റിയ വലത് സൈഡിലെ മറുകിനെ കുറിച്ച് ചിന്തിക്കുകയായിരുന്നു.