ഉന്മാദത്തിന്റെ രസതന്ത്രം
സ്വന്തമായി ഒരു ഭാഷ സൃഷ്ടിക്കുവാന്‍ ഓരോ എഴുത്തുകാരനും സാധിക്കണം. അത്തരത്തില്‍ ഭാഷകൊണ്ടും ആവിഷ്‌കാര മികവുകൊണ്ടും മികച്ചുനില്‍ക്കുന്ന കവിതകളാണ് സീതാലക്ഷ്മിയുടെ കവിതകള്‍. | സീതാലക്ഷ്മിയുടെ 'ഒറ്റമരം' കവിതാ പുസ്തകത്തിന്റെ വായന.
ജനിച്ചു വീഴാന്‍ പോകുന്ന ഒടുക്കത്തെ കവിത വലതു കൈയിലെ നടുവിരല്‍ പോലെ, കൂര്‍ത്ത മുള്ളുകളിലമര്‍ന്ന ഭ്രാന്തിന്റെ മുറിവുകള്‍ പോലെ ഉണങ്ങാതെ ചരിത്രമാകാതെ, നീറാതെ, മധുരിക്കാതെ, ഉദിരാതെ, വിരിയാതെ, പുഞ്ചിരിക്കാതെ, പൊഴിയാതെ, പെയ്യാതെ, എഴുതാതെ നില്‍ക്കുന്നു. അത് എന്‍.എന്‍ കക്കാട് പറയും പോലെ തുഞ്ചത്ത് വന്നിരിക്കുന്ന നിരാനന്ദത്തിന്റെയും അനാസക്തിയുടെയും അനാദ്യന്തമക്ഷരമാണ്. ആ അക്ഷരത്തിലാണ് സീതാലക്ഷ്മി കുനിശ്ശേരി വിഷം തേച്ച് നമുക്ക് നേരെ നീട്ടുന്നത്. അത് നിത്യചൈതന്യം ജ്വലിക്കുന്ന വാഴ്വിന്റെ സത്യമുണര്‍ത്തുന്ന ഒരു വിശേഷവേലയാണ്. അത് തീച്ചൂടിലും പുകയുമിരുളിലും ഉശിരും ചൊടിയും പൂണ്ട അനുഭവത്തിന്റെ തന്നെ ശുദ്ധിപത്രമാണ്. ഓരോ തുള്ളിയും ഓരോ പുല്ലിനു ജീവന്‍ നല്‍കും പോലെയാണ് ഈ ഉയിര്‍പ്പ്. അതിനാല്‍ മൃതദൃഷ്ടികള്‍ പോലെ അനാഥമായി നീങ്ങുന്ന ഈ കവിതകള്‍ അശ്രീകരമായൊരു സ്മൃതിയിലെന്നപോല്‍ നമ്മെ വാരിപ്പുണരും. അവിടെ വാടിക്കരിഞ്ഞൊരു നാക്കില പോലെയാകും സഹൃദയചിത്തം. അതിലാണ് സീതാലക്ഷ്മി ദാഹം തീര്‍ക്കാനെന്നോണം പുതുമഴയായ് പെയ്തു നിറയുന്നത്. ഈ പെയ്ത്തിന് നാളെയുടെ പച്ചപ്പിനു വേണ്ടിയുള്ള കരുതലിന്റെ ഒരു കുതിപ്പുണ്ട്.
എന്നില്‍ നിന്നിറങ്ങിപ്പോയ തല തെറിച്ചൊരു കവിത ഇന്നലെയേതോ തീവണ്ടിതട്ടി മരിച്ചു എന്നെഴുതുമ്പോള്‍ പോലും പേരറിയാത്തൊരുവാക്ക് അങ്ങുമിങ്ങും അലഞ്ഞുനടപ്പുണ്ട്. ഈ അലഞ്ഞുനടക്കുന്ന വാക്കാണ് സീതാലക്ഷ്മിയുടെ കവിതകളുടെ രസതന്ത്രം. അതുതന്നെയാണ് ആവര്‍ത്തിച്ചു പ്രത്യക്ഷം കൊള്ളുന്ന പിശാചിന്റെയും രക്ഷസ്സിന്റെയും അനുഭവതലം. ഇത് വെന്ത കാലിന്നകം പൊള്ളിച്ചു നീങ്ങുന്ന ഒന്നാണ്. ഇത് മലയാള കവിതയില്‍ അപൂര്‍വ്വമായി സംഭവിക്കുന്ന സുഭഗ സാര്‍ഥകമായ ഒരനുഭവമാണ്. വാക്കില്‍ കുടിവച്ച പ്രളയം മറ്റൊന്നില്‍ സുശാന്തമായ ഒഴുകിപ്പരക്കലാകുന്നു. ഇതിനിടയില്‍ സംഭവിക്കുന്ന കലുഷിതകാല സന്ദേഹങ്ങളാണ് സീതാലക്ഷ്മിയുടെ കവിത. അത് നിലച്ചുപോയ ഘടികാരധമനികളുടെ ഉയിര്‍പ്പുകൂടിയാണ്.
'മൗനത്തിന്റെ
വാള്‍മുനയാല്‍
ഹൃദയം പിളര്‍ന്ന്
മരിച്ചൊരു കവിതയ്ക്ക്
പ്രണയമെന്നാണ് പേര്'.
എന്നെഴുതുമ്പോള്‍, മൗനത്തിന്റെ നിഗൂഢ ഗര്‍ത്തങ്ങളില്‍ പെട്ട് നിലച്ചുപോയ ഹൃദയമിടിപ്പുകള്‍ ആപത്കരമായ ജീവിതയാഥാര്‍ഥ്യങ്ങളിലേക്ക് ഒളിച്ചുകടക്കുന്നതായി അനുഭവപ്പെടുന്നുണ്ട്. അത് ആത്മസംഘര്‍ഷങ്ങളുടെ സത്യവിചാരണ കൂടിയാണ്.
കവിതയിലൊരിടത്ത് ഭ്രാന്ത് പൂക്കുന്ന ഇടങ്ങളെക്കുറിച്ച് സീതാലക്ഷ്മി എഴുതുന്നുണ്ട്. നഖങ്ങള്‍ മിനുക്കി വീണ്ടുമൊരു സീല്‍ക്കാരത്തിനായ് നിഴലൊച്ചകളെ കാതോര്‍ത്തിരിക്കുന്ന ഭ്രാന്തിനെക്കുറിച്ച്. ഈ അനുസരണ കെട്ട ഭ്രാന്തിന്റെ വാഴ്ത്താണ് പേരറിയാത്തൊരു വാക്കായി കവിതകളിലാകെ പ്രത്യക്ഷപ്പെടുന്നത്. ആ വാക്കു തന്നെയാണ് തെറിച്ചു വീണ എന്റെ ഉടല്‍മണത്തെയാകെ ഒപ്പിയെടുക്കുന്നതും മത്തുപിടിപ്പിക്കുന്നതും മുന്തിരിവള്ളികളെയാകെ തളിര്‍പ്പിക്കുന്നതും ഒറ്റനിമിഷത്തില്‍ ഉയര്‍ന്നു പൊങ്ങുന്ന മഴപ്പാറ്റകളെ ഹൃദയമിടുപ്പുകളാക്കിത്തീര്‍ക്കുന്നതും. ഇത് പൊള്ളിയടര്‍ന്ന് ഹൃദയം പിളര്‍ക്കുന്ന, വാക്കുകള്‍ക്കപ്പുറത്ത് വേര്‍പിരിഞ്ഞു നില്‍ക്കുന്ന ഒന്നാണ്. ഇന്നലകളിലേക്ക് യാത്ര തിരിക്കുന്ന ഓര്‍മകളുടെ നഷ്ട സൂചികളാണിത്. ശ്വാസം കിട്ടാതെ പിടയുന്ന ചതഞ്ഞ വെളുത്തുള്ളികളുടെയും ചത്ത അയിലയുടെയും രൂക്ഷ ഗന്ധമാണ്. ഇങ്ങനെയെല്ലാമാണ് സീതാലക്ഷ്മിയിലെ കവി എഴുതിയ വരികള്‍ക്കിടയില്‍ നിന്ന് തീക്കനല്‍ പോലെ പുറത്തേക്ക് തെറിച്ചു വീഴുന്നത്. ഈ വീഴ്ചകളാണ് തര്‍ക്കുത്തരങ്ങളെ ചൂണ്ടയിട്ടു പിടിക്കുന്ന പോലെ കവിതയെ ഒരു പുതിയ അനുഭവമാക്കിത്തീര്‍ക്കുന്നത്. ഇത് നനഞ്ഞ കണ്‍പീലികൊണ്ടെഴുതിയ ഒരു വാഴ്ത്തുകൂടിയാണ്.