ചൂട്ടുകത്തിച്ചൊരു കവിത നീറിപ്പുകയുന്നു
ഷറീന തയ്യില്‍ എഴുതിയ 'ഓലച്ചൂട്ട്' കവിതാ പുസ്തകത്തിന്റെ വായന
ഓലച്ചുട്ട് എന്ന പുസ്തകം കയ്യില്‍ തന്നപ്പോള്‍ തന്നെ അതിന്റെ പേരാണ് എന്നെ ആകര്‍ഷിച്ചത്. പഴയകാല ഗ്രാമീണതയിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന പേരായിരുന്നു അതിന്. ആളിക്കത്താതെ വെളിച്ചം പകരുന്നതും ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതും ആണ് പണ്ടത്തെ ഓലച്ചൂട്ട്. അത്തരത്തിലുള്ള കവിതകളാണ് ഈ സമാഹാരത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്. കവയിത്രിക്ക് പറയാനുള്ളത് പറയുകയും എന്നാല്‍, അതിലൊന്നും തന്നെ ആളിക്കത്താതെ കൊണ്ടുപോകാനും ഷെറീനക്ക് കഴിഞ്ഞു. ഓരോ കവിതകളും മനസ്സില്‍ തങ്ങി നില്‍ക്കുന്നതും വീണ്ടും വായിക്കാന്‍ തോന്നുന്നവയുമാണ്.
ബീപാത്തുവിനെയും അലമേലുവിനെയും കവിത വായിച്ചവര്‍ക്ക് മറക്കാന്‍ കഴിയില്ല. ഉച്ചക്കഞ്ഞി എന്ന കവിത സമകാലിക സംഭവങ്ങളോട് ചേര്‍ത്തുവെച്ച് വായിക്കാവുന്നതാണ്. എല്ലാ കവിതകളും തന്നെ ലളിതമായ ശൈലിയിലാണ് എഴുതിയിരിക്കുന്നതെങ്കിലും ചില ആശയങ്ങള്‍ ഗഹനമായവയാണ്. ഛായാമുഖി എന്ന കവിതയില്‍ ഇന്നിന്റെ പൊള്ളയായ പ്രണയത്തെക്കുറിച്ച് നമ്മോട് പറയുന്നുണ്ട്. ഋതുഭേദങ്ങള്‍ എന്ന കവിതയിലാകട്ടെ പ്രകൃതിയെ ചൂഷണം ചെയ്യുന്ന മനുഷ്യനെ വരച്ചുകാട്ടുന്നു. പ്രകൃതിക്ഷോഭങ്ങള്‍ മനുഷ്യനെ മതസൗഹാര്‍ദ്ദത്തിലേക്ക് നയിക്കുന്നതായി കവിതയില്‍ പറയാതെ പറയുന്നു. വായനശാല എന്ന കവിതയില്‍ മൊബൈല്‍ ഫോണ്‍ വരുന്നതിനു മുമ്പുള്ള കുട്ടിക്കാലത്തെയാണ് പറഞ്ഞു വെച്ചിട്ടുള്ളത്. ഈ സമാഹാരത്തിലെ ഒരു മികച്ച കവിതയായി വായനശാലയെ നമുക്ക് കാണാം.
കദീസാമ്മയിലൂടെ ഓരോ പെണ്‍ജീവിതത്തിന്റെയും വ്യത്യസ്തമായ ജീവിതതലങ്ങളെ ചൂണ്ടിക്കാട്ടുകയാണ് ചെയ്യുന്നത്. ഒരു മനുഷ്യന്‍ ജീവിക്കുന്ന ചുറ്റുപാടുകളില്‍ തന്നെ ഒരു പെണ്‍ജീവിതം കടന്നുപോകുമ്പോള്‍ അനുഭവിക്കുന്ന ഒറ്റപ്പെടല്‍ കവിതയെ സ്‌നേഹ സാന്ദ്രമാക്കുന്നു. ഓരോ വരികളിലുമുണ്ട് പച്ചയായ ജീവിതത്തിന്റെ മുദ്രകള്‍. പ്രണയവും, പ്രകൃതിയും കൈപിടിച്ചു നൃത്തം ചെയ്യുന്നതുപോലെ ചില കവിതകള്‍ കാവ്യാത്മകമാകുന്നു. എന്തൊരു ചൂടാണ് ചില വരികള്‍ക്ക്, ചാട്ടുളി പോലെ പ്രഹരിക്കുകയാണ് അത് ചിലപ്പോള്‍.
എവിടെയും നില്‍ക്കാതെ നടന്നുകൊണ്ടേയിരിക്കുകയാണ് കവി. കണ്ടതും കേട്ടതുമൊക്കെ ഹൃദയത്തില്‍ കുറിച്ചിട്ട്.
വെറുതേ പുഞ്ചിരിച്ച്,
നോക്കൂ.....
ഓണക്കളി എന്ന കവിതയില്‍ നാം കാണുന്നത് മറ്റാര്‍ക്കോ വേണ്ടി പൂ പറിക്കാന്‍ പോയ കുട്ടിയുടെ അനുഭവമാണ്. മറ്റൊരാളുടെ മുറ്റത്ത് വിരിയുന്ന പൂക്കളം കണ്ട് സന്തോഷിക്കുന്ന ഒരു കുഞ്ഞു മനസ്സ് അതില്‍ ഉണ്ട്. കവിയത്രി തന്റെ കുട്ടിക്കാലത്തെ കുറിച്ച് ആവാം ഇതില്‍ പറഞ്ഞിട്ടുള്ളത്. ഈ കവിതകളൊക്കെ ഗ്രാമീണ ജീവിതത്തിന്റെ നൈര്‍മല്യവും മനോഹാരിതയും നിഷ്‌കളങ്കതയും നിറഞ്ഞു നില്‍ക്കുന്നവയാണ്. കവയിത്രിയുടെ ഭാഷയില്‍ ചൂട്ടുകത്തിച്ചൊരു കവിത നീറിപ്പുകയുന്നു ഒരു ചെറിയ വെട്ടം പകര്‍ന്നുകൊണ്ട്. കൂര ബുക്‌സ് ആണ് പുസ്തകത്തിന്റെ പ്രസാധകര്‍.