ശവത്തട്ട് | Short Story

| കഥ

Update: 2024-08-14 17:31 GMT
Advertising

'ഉമ്മയെന്ന ലോകം ആര്‍ക്കാണുപ്പാ..?

ഉമ്മയുടെ ലോകം ആര്‍ക്കാണുപ്പാ..?

ഉപ്പയും ഉപ്പയുടെ ലോകവും ആര്‍ക്കാണുപ്പാ..?

ഞാനെന്ന ലോകം ആര്‍ക്കാണുപ്പാ.?

എന്നിലെ ലോകം ആര്‍ക്കാണുപ്പാ..?'

തന്നോളം പൊക്കമുള്ള ആറോ ഏഴോ വയസുള്ള മല്‍ഖാ എന്ന കുട്ടിയുടെ സ്‌കൂള്‍ യൂണിഫോമില്‍ നിന്നുള്ള കുറിപ്പ് അബു വിറയോടെ വായിച്ചു. ആ കുട്ടിയുടെ അറബിയിലുള്ള കൈപ്പടയായിരുന്നു അത്.

പേരുപോലെ രാജ്ഞിയായി ജീവിക്കേണ്ടിയിരുന്ന സുന്ദരിക്കുട്ടി ആയിരുന്നു മല്‍ഖാ.

യുദ്ധത്തില്‍, ഷെല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ആയിരക്കണക്കിന് കുട്ടികളില്‍ ഒരാള്‍ മാത്രമായിരുന്നു അവള്‍.

അവളുടെ കുഞ്ഞുടുപ്പുകള്‍ അഴിച്ച് മാറ്റുമ്പോള്‍ അബു വിങ്ങിപ്പൊട്ടി. ആ ദേഹത്തില്‍ തറച്ച ആണികളാലും, കുപ്പിച്ചില്ലുകളാലും അവളുടെ പൂപോലുള്ള പാല്‍ശരീരം വികൃതമാക്കപ്പെട്ടിരുന്നു. എന്ത് മാത്രം വേദന അനുഭവിച്ച് കാണും. അതിന്റെ ഭീകരത അങ്ങ് ദൂരെ ഇപ്പോഴും അലയടിക്കുന്നുണ്ട്. യുദ്ധവിമാനങ്ങളുടെ അലമുറയിടുന്ന, ആകാശം കീറിമുറിക്കുന്ന ശബ്ദമായി.

അബു. നാലടിമാത്രം പൊക്കമുള്ള മോര്‍ച്ചറി അസിസ്റ്റന്റ് ആണ്. അതെ, മോര്‍ച്ചറി അറ്റന്ററായി കേരളത്തില്‍ നിന്നും ഇസ്രായേലില്‍ എത്തിയ മെഡിക്കല്‍ ഓഫീസര്‍. ഒരുകണക്കിന് കുടിയേറ്റക്കാരന്‍ ആണ് അബുവും, പ്രവാസിയായി.

മല്‍ഖയാകട്ടെ, കുടിയേറ്റഭൂമിയിലെ ഒരു ജീവല്‍ത്തുടിപ്പ്. മല്‍ഖയുടെ വിദ്യാലയത്തില്‍ ഷെല്‍പതിച്ച് 23 കുട്ടികളും ടീച്ചര്‍മാരും മരിച്ചു. 18 പേര്‍ ജീവശ്ചവമായി ചികിത്സയിലാണ്, കയ്യും കാലും, കണ്ണും മൂക്കും ചിന്നിച്ചിതറി. ഏതൊരു മനുഷ്യരുടെയും കരളലിയിക്കുന്ന കാഴ്ചയാണ് ആ ഹോസ്പിറ്റിലില്‍ മുഴുവന്‍.

എല്ലാം കഴിഞ്ഞ് കീറിമുറിക്കാതെ എംബാം ചെയ്യാനായി ഇവിടേക്കെത്തുന്നു. തുന്നിക്കെട്ടേണ്ട ആവശ്യം ഇല്ല ഒരു ദേഹവും. ആയിരത്തിലധികം കുഴികളും, കീറലുകളും ആ പിഞ്ചുശരീരങ്ങളില്‍ തന്നെയുണ്ട്. ചില കണ്ണുകളില്‍ ഇരുമ്പാണി തറച്ചിരിക്കുന്നത് കണ്ടിട്ടുണ്ട്.

പൊന്നോമനകളേ.. അള്ളാ... അബു ആ മോര്‍ച്ചറില്‍ നിന്നുറക്കെ നിലവിളിച്ചു. അവന്റെ കയ്യില്‍ നിന്നും മല്‍ഖാകുട്ടിയെഴുതിയ പേപ്പര്‍ വിറച്ചു. ആ കവിതയുടെ ചോദ്യങ്ങള്‍ അലയടിച്ചു. കുഞ്ഞുശവശരീരങ്ങള്‍ കേള്‍ക്കുമാറ് അബു വരികള്‍ ഉറക്കെചൊല്ലി. ആരുംകേള്‍ക്കാനില്ലാതെ.

'ഉമ്മയെന്ന ലോകം ആര്‍ക്കാണുപ്പാ..?

ഉമ്മയുടെ ലോകം ആര്‍ക്കാണുപ്പാ..?

ഉപ്പയും ഉപ്പയുടെ ലോകവും ആര്‍ക്കാണുപ്പാ..?

ഞാനെന്ന ലോകം ആര്‍ക്കാണുപ്പാ.?

എന്നിലെ ലോകം ആര്‍ക്കാണുപ്പാ..?'

ഈ ലോകം ആര്‍ക്കാണുപ്പാ.. അബുവിന്റെ മനസ്സിലും അത് ചോദ്യമായി തന്നെ അവശേഷിച്ചു.

മോര്‍ച്ചറി മുഴുവന്‍ അബുവിന്റെ നിലവിളിയും കവിതയും അലയടിച്ചു. ആ മോര്‍ച്ചറിയില്‍ മുഴുവന്‍ ജഡങ്ങളായിരുന്നു. ഒരുപക്ഷേ, ജീവനുള്ള ശരീരങ്ങളും കണ്ടേക്കാം. ആ ഹോസ്പിറ്റലില്‍ താങ്ങാന്‍ പറ്റുന്നതിലേറെപേര്‍ ചികിത്സതേടി എത്തുന്നു. മൃതപ്രായമായവരെയും കൊണ്ട് അത്യാസന്നനിലയും വാര്‍ഡും നിറഞ്ഞിരിക്കുന്നു. മരിച്ചവരേയും ജീവനുള്ളവരെയും വേര്‍തിരിക്കാനാവാത്തവിധം നിറയുന്നു.

ഇത് കുട്ടികളുടെ മോര്‍ച്ചറിയാണ്. ശവശരീരം വെക്കാനായി തട്ടുകളായി അറകളുണ്ട്. എല്ലാം നാലോ അഞ്ചോ അടിയുള്ള കുഞ്ഞു അറകള്‍.

അബുവിന്റെ പൊക്കമില്ലായ്മ തന്നെയാണ് ആ ശവത്തട്ടിന്റെ കാവലാളായി അവിടെ നിയോഗിക്കപ്പെട്ടത്.

യുദ്ധം തുടങ്ങുന്നതുവരെ ഒരു കുഞ്ഞുമൃതശരീരം പോലും കണ്ടിട്ടുണ്ടായിരുന്നില്ല. കേരളത്തിലെതന്നെ പ്രഗത്ഭരായ ഡോക്ടര്‍മാര്‍ ആ ഹോസ്പിറ്റലിലുണ്ട്, നഴ്‌സുമാരും. ദൈവംതന്നെ ജീവനെ വിട്ടുകൊടുക്കുവാന്‍ ആ മാലാഖമാരും ഡോക്ടര്‍മാരും തയ്യാറല്ല. ഊണും ഉറക്കവും കളഞ്ഞ് അവര്‍ ജീവന്‍ നിലനിര്‍ത്തും.

പക്ഷേ, കുടിയേറ്റം കയ്യേറ്റം അധിനിവേശവും എന്നീപേരുകളിലുള്ള യുദ്ധങ്ങള്‍.. നിരപരാധികളായ പാവങ്ങളെ കൊന്നൊടുക്കുന്നു.  


മല്‍ഖായുടെ മുഖം തുണികൊണ്ട് മൂടിയപ്പോള്‍ അബു നോക്കി. ആ കുഞ്ഞിന്റെ മുഖം അവനില്‍ അത്രമാത്രം പതിഞ്ഞിരിക്കുന്നു. എന്തെന്നറിയില്ല. ഷഫ്‌നയെന്ന പെങ്ങളുടെതോ അയല്‍പക്കത്തെ നന്ദനയുടെതോ പോലുള്ള നിഷ്‌കളങ്ക മുഖം. ജീവിച്ച് കൊതിതീര്‍ന്നിട്ടില്ലാത്ത കുഞ്ഞുങ്ങള്‍.

ആ മുഖം തുണികൊണ്ട് ചുറ്റി ശവത്തട്ടിലേക്ക് മാറ്റുമ്പോള്‍ മോര്‍ച്ചറിയുടെ പാതിതാഴ്ത്തിയ ഷട്ടര്‍ ആരോ ഉയര്‍ത്തി. ഒരു സ്ത്രീ അബുവിനെക്കണ്ട് തന്റെ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചു. പാകിസ്താന്‍കാരിയാണ് അവര്‍.

അബുവിനോട് ഉറുദുവില്‍ എന്തൊക്കെയോ പറഞ്ഞു.

ശവത്തട്ടിലേക്ക് ഒടുവിലായി മാറ്റിയ ആ തുണിക്കെട്ട് വീണ്ടും ടേബിളിന്റെ മുകളിലേക്ക് മാറ്റി. എംബാംചെയ്തത് അഴിച്ചു. ഇനിയൊരിക്കലും കാണാനിടയില്ലാത്ത, മല്‍ഖായുടെ മുഖം ആ പാതിസ്താനി ടീച്ചറുടെയൊപ്പം അബുവും കണ്ടു.

ടീച്ചര്‍ കുട്ടിയെ വാരിയെടുത്തു നിലവിളിച്ചു. സ്വന്തം മക്കളെപ്പോലെ കാണുന്ന ടീച്ചര്‍മാര്‍. ഈ ലോകത്ത് അമ്മമാരെക്കാള്‍ സ്‌നേഹിക്കുന്നവര്‍. അവര്‍ക്ക് എങ്ങനെ താങ്ങാനാവും. മല്‍ഖായെ ടീച്ചറില്‍ നിന്നും അബു വാങ്ങി. ശവത്തട്ടില്‍ നിന്നും കുഞ്ഞുങ്ങളെ കൊണ്ടുപോകാന്‍ സമയമായി. മിനിഞ്ഞാന്ന് 72 മൃതദേഹങ്ങളാണ് കൊണ്ട് പോയത്. ഇന്ന് വരാന്‍ സമയമായി.

ടീച്ചര്‍ക്ക് അബു ആ അറബിക്കവിത കൊടുത്തു. കരഞ്ഞുകൊണ്ടിരുന്ന ടീച്ചര്‍ അത് കൂടി വായിച്ചപ്പോള്‍ നിലത്തിരുന്നു. നാലടിയുള്ള അബുവിന്റെ കണ്ണിലേക്ക് നോക്കി ആ ടീച്ചര്‍ പറഞ്ഞു.

ഈ കവിത എഴുതിക്കഴിഞ്ഞ് ആയിരുന്നു മിസൈല്‍ ആക്രമണം. അവള്‍ ആ കവിത ചൊല്ലിയപ്പോള്‍ ആ മിസൈല്‍ ശബ്ദം പോലും കേട്ടിട്ടുണ്ടായിരുന്നില്ല. മല്‍ഖായുടെ മണിമൊഴിയില്‍ ഒരുയുദ്ധകാഹളവും കേള്‍ക്കില്ലായിരുന്നു.

പക്ഷേ, മല്‍ഖാ.. അവളുടെ ഉമ്മ എങ്ങനെ സഹിക്കും. അവരറിഞ്ഞുകാണില്ല. തന്റെ മകള്‍, അല്ല ദത്തുപുത്രി മടങ്ങിവരാത്ത ലോകത്തേക്ക് പോയെന്ന്. അബുവിനോടായി ടീച്ചര്‍ മല്‍ഖയുടെ കഥ പറഞ്ഞു.

കുട്ടികളില്ലാതെ 15 വര്‍ഷം കാത്തിരിപ്പിന്നൊടുവില്‍, ഒരു ഇന്ത്യക്കാരിയുടെ വാടക ഗര്‍ഭത്തിലൂടെ പിറന്നവളായിരുന്നു മല്‍ഖ. ഇപ്പോള്‍ അവളും ഇല്ലാതായിരിക്കുന്നു.

വീല്‍ചെയറില്‍ കാത്തിരിക്കുന്ന മല്‍ഖായുടെ ഉമ്മയുടെ രൂപം അബു മനനം ചെയ്തു.

അവന്‍ ഒരു തീരുമാനം എടുത്തു. രണ്ട് ദിവസമായി ഈ മോര്‍ച്ചറിയില്‍. ദീര്‍ഘമായ അപ്രതീക്ഷിത ജോലിസമയം തീര്‍ത്ത് ഇറങ്ങണം. കുളിച്ച് ആറ് മണിക്കൂര്‍ വിശ്രമിച്ച് വീണ്ടും വരണം.

അപ്പോള്‍ മോര്‍ച്ചറിയിലേക്ക് ഒരു ആംബുലന്‍സ് കടന്നുവന്നു. അതേ, മല്‍ഖായടക്കമുള്ള ചലനമറ്റദേഹങ്ങള്‍ എവിടെയോ കുഴിച്ച ഒറ്റ കുഴിയിലേക്ക് ബുള്‍ഡോസറിന്റെ കയ്യിലേക്ക് എത്തിക്കാനായി പോകുന്നു.

ശവത്തട്ടില്‍ നിന്നും എടുത്ത മറ്റനേകം കുഞ്ഞുങ്ങളുടെ ദേഹങ്ങള്‍ക്കൊപ്പം മല്‍ഖായുടെ ശരീരവും മുഖമറിയാത്ത തുണിക്കെട്ടിനൊപ്പം മാറ്റി. ആ കാഴ്ച കാണാനാകാതെ മല്‍ഖായുടെ ടീച്ചര്‍ പുറത്തിറങ്ങി. പുറകെ ആ ആംബുലന്‍സും എങ്ങോട്ടോ പോയി.

കരഞ്ഞുതളര്‍ന്ന ഏന്തി വലിഞ്ഞു നടക്കുന്ന ടീച്ചറുടെ പുറകെ അബു ഓടിയെത്തി. അവന്റെ മനസ്സിലെ ആ ആഗ്രഹം അവന്‍ പറഞ്ഞു.

തനിക്കിതേപോലെ ഒരു പെങ്ങളുണ്ട്. ബാപ്പയുടെ രണ്ടാം വിവാഹത്തിലെയാ. പക്ഷേ, താങ്കള്‍ മല്‍ഖായുടെ കഥ പറഞ്ഞപ്പോള്‍ അവരുടെ വീട്ടിലേക്ക്, ആ നിരാലംബയായ ഉമ്മയെ കാണണം എന്ന്... ഒരു പക്ഷേ, ഈ ബോഡി അവിടെയെത്തും. അതിന് മുമ്പ് അവരെ കാണണം. തിരിച്ച് ഇവിടേക്ക് തന്നെ എത്തണം.

അബുവിന് ടീച്ചര്‍ മല്‍ഖായുടെ വീട്ടിന്റെ വിലാസം നല്‍കി. മല്‍ഖയെഴുതിയ കവിതയുടെതാളിന് പുറകിലായിരുന്നു വിലാസം കുറിച്ചത്.

ശവത്തട്ട് നിറയാനായി കാത്ത് നില്‍ക്കാതെ അബു അവിടെ നിന്നും മല്‍ഖയുടെ വീട് ലക്ഷ്യമാക്കി യാത്രയായി.

ആറു മണിക്കൂറിന് ശേഷം.

ആ നാലടിപൊക്കമുള്ള, അബുവെന്ന കുറുകിയ മനുഷ്യന്‍ ആ മോര്‍ച്ചറിയില്‍ എത്തി.

ഒഴിഞ്ഞ ഒരു ശവത്തട്ടിലേക്ക്.

അബുവിന്റെ ശരീരം മുഴുവന്‍ ചില്ലുകഷ്ണങ്ങള്‍ വികൃതമാക്കിയിരുന്നു. പാതിയടഞ്ഞ കണ്ണില്‍ ചോരയോടുകൂടിയ ഒരു ഇരുമ്പുചീളും.



Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ടി.വി സജിത്

Writer

Similar News

കടല്‍ | Short Story