അവനവനു വേണ്ടിയല്ലാതെ | Short Story

| കഥ

Update: 2024-10-22 13:33 GMT
Advertising
Click the Play button to listen to article

ചിന്തകള്‍ പല ദിശയില്‍ സഞ്ചരിച്ചതു കൊണ്ടാവും ചുരത്തിലെ വളവുകള്‍ക്ക് എണ്ണം കൂടിയതുപോലെ തോന്നി. ജീവിതത്തിന്റെ രേഖാ ചിത്രം വരച്ചതു പോലെയാണ് ഈ ചുരം. താഴെ നിന്നു നോക്കിയാല്‍ മുകളിലെ പോക്കുവരവുകള്‍ കുഞ്ഞുകുഞ്ഞായി കാണാം. മുകളിലേക്ക് കയറും തോറും ജീവിതച്ചൂട് കുറഞ്ഞു വരും. 'എത്ര വളവുകള്‍ കഴിഞ്ഞാലാണ് ഇനിയൊന്ന് മുകളിലെത്തുക' ഞാന്‍ നെടുവീര്‍പ്പിട്ടു. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഇങ്ങോട്ടുള്ള ബസ് യാത്രകള്‍ പതിവായി. പുതുമകളൊന്നും സമ്മാനിക്കാത്ത ഓര്‍മകളാണ് ഈ ചുരം കയറി തീരുന്നത് വരെ. പിന്നെ പതിയെ പതിയെ മനസ് പൂത്ത് വിടരും.

പ്രിയപ്പെട്ട ചുരമേ നീ എനിക്ക് എത്രയെത്ര മഴവില്ലുകളാണ് വെറുതെ തന്നത്. പല നിറത്തിന്റെ ഒത്തു ചേരല്‍ സൗന്ദര്യമാണെന്ന് നീയല്ലേ പഠിപ്പിച്ചത്.

ചിന്തകള്‍ എത്ര കാടുകയറിയാലും ഒഴുകിപ്പടര്‍ന്നാലും വണ്ടിയും മനസും എപ്പോഴും സഞ്ചാരം നിര്‍ത്തുക ആ ആല്‍മരത്തിന്റെ സമീപത്തായിരിക്കും. പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ഒരു മഹാ മരം. അതിന്റെ തറയിലും ചുറ്റുമായി എപ്പോഴും ഒരു ആള്‍ക്കൂട്ടമുണ്ടാകും.

പതിവു സ്ഥലമെത്തിയപ്പോള്‍ ആരും ബെല്ലടിക്കാതെ തന്നെ ബസ്സ് നിന്നതു പോലെ തോന്നി. ബസ്സിറങ്ങിയപ്പോള്‍ സ്റ്റോപ്പില്‍ ആരെയും കണ്ടില്ല. ആല്‍മരച്ചോടും ശൂന്യം. മനസ്സില്‍ ഒരു വിങ്ങല്‍ അനുഭവപ്പെട്ടു. കുറച്ചു ദൂരെ എന്റെ വരവ് പ്രതീക്ഷിച്ചു കൊണ്ടെന്ന പോലെ നിന്ന ഒരാള്‍ വലതു ഭാഗത്തുള്ള വഴിയിലേക്ക് വിരല്‍ ചൂണ്ടി. ഭാരമുള്ള ചുവടുമായി ഞാന്‍ അങ്ങോട്ട് നടന്നു.

**********

പഴയ ഓത്തുപ്പള്ളിയില്‍ ഉസ്താദിന് ചുറ്റും പുല്‍പ്പായയില്‍ വട്ടം കൂടിയിരിക്കുകയാണ് കുട്ടികള്‍. ഉസ്താദ് പറഞ്ഞു. ''ഇന്ന് സൂറ: ഇബ്‌റാഹീമിലെ ഇരുപത്തി നാലാം വചനമാണ് പഠിപ്പിക്കുന്നത്. നല്ല ആദര്‍ശ വാക്യത്തിന്റെ ഉപമ നല്ല മരമാണ്. മണ്ണാഴങ്ങളിലേക്ക് വേരാഴ്ത്തി ആകാശ ലോകത്തേക്ക് ചില്ല വിടര്‍ത്തി പടരുന്ന മരം. എക്കാലവും ജനങ്ങള്‍ ഉത്തമ കനികള്‍ നല്‍കി കൊണ്ടേയിരിക്കുന്ന...'' ഉസ്താദ് ക്ലാസ് തുടര്‍ന്നു.

''ഉസ്താദേ, വിശ്വാസത്തിന് ഒരു മരമാകാന്‍ സാധിക്കുമോ. അതിന് വേരും കായും പൂവും ചില്ലകളും ഉണ്ടാകുമോ''

കൂട്ടത്തില്‍ മെലിഞ്ഞ് നീണ്ട പതിനൊന്നുകാരന്റെ ചോദ്യം. ഉസ്താദ് പഞ്ഞി പോലെ വെളുത്ത താടി ഇടതു കൈകൊണ്ട് ഒന്നു തടവി. എന്നിട്ട് പറഞ്ഞു:

അതാണ് യൂസൂ ഞാന്‍ പറഞ്ഞത്. ചിലര്‍ മനുഷ്യര്‍ അങ്ങനെ ആയിത്തീരും. അതായത് പടച്ചോനെ പേടിയുള്ളവര്‍.'' യൂസുഫിന് ആ പറഞ്ഞത് പൂര്‍ണ്ണമായും പിടികിട്ടിയില്ലെങ്കിലും അവന്‍ തലയാട്ടി.

ഒത്തു പള്ളീലെ പഠിപ്പ് നിര്‍ത്തി കച്ചവടത്തില്‍ മുഴുകിയപ്പോഴും ക്രമേണ ഒരു വ്യാപാര ശൃംഖലയിലെ പ്രധാന കണ്ണിയായി മാറിയപ്പോഴും അവനെ ആ ഓത്തുപള്ളി ചോദ്യങ്ങള്‍ അസ്വസ്ഥപ്പെടുത്തി. ആകാശങ്ങളോളം പടര്‍ന്നു വിടര്‍ന്നു നില്‍ക്കുന്ന, പല നിറം പൂക്കളും കായ്കളും നല്‍കുന്ന ആഹാ! എന്തു നല്ല ഉപമ. ഓര്‍ക്കുമ്പോള്‍ തന്നെ മനസ്സില്‍ ഒരു വടവൃക്ഷത്തിന്റെ തണല്‍ കിട്ടുന്നതു പോലെ.

അങ്ങനെ യൂസുഫ് എന്ന പയ്യന്‍ യൂസുഫ് ഹാജി എന്ന് വടക്കെ മലബാറിലും കടലിനക്കരെ ഗള്‍ഫിലും മലയാളികളറിയുന്ന പൗര പ്രമുഖനായി മാറി. 


**********

ആസാമിലെ ദിസ്പൂരില്‍ നിന്നും പതിനാല് കിലോമീറ്റര്‍ തെക്ക് കിഴക്കായി ഒരു ഉള്‍നാടന്‍ മണ്‍പാതയില്‍ ആ ബൊലേറോ ബ്രേക്കിട്ടു നിന്നു. ഡ്രൈവര്‍ ഡോര്‍ തുറന്നു കൊടുത്തപ്പോള്‍ ആജാനുബാഹുവായ ഒരാള്‍ അതില്‍ നിന്നിറങ്ങി. കൂടെ സഹായികളെന്ന് തോന്നിക്കുന്ന രണ്ടു പേരും. അവര്‍ അടുത്തുള്ള പള്ളി ലക്ഷ്യമാക്കി നടന്നു. ആ നാടിന്റെ ദാരിദ്ര്യം മുഴുവന്‍ ആ പള്ളിയിലും നിഴലിച്ചിരുന്നു. ചെളി കൊണ്ട് അടിച്ചു മെഴുകി പലക വിരിച്ച നിലം. മരം കൊണ്ടുണ്ടാക്കിയ മിഹ്‌റാബ്. പാളികളാന്നുമില്ലാത്ത ജനലിനെ മൊത്തത്തില്‍ ഒരു തുണികൊണ്ട് മറച്ച് കര്‍ട്ടനാക്കിയിരിക്കുന്നു. പളളിയിലെ ഇമാമും ആറേഴു നാട്ടുകാരും മുറ്റത്ത് എന്തൊക്കെയോ പണികളിലാണ്. അതിഥികളുടെ വരവ് കണ്ട് അവര്‍ പണി നിര്‍ത്തി. കയ്യും മുഖവും കഴുകി പളളിയുടെ വരാന്തയില്‍ ഇരുന്നു. ആഗതര്‍ വന്ന കാര്യം വ്യക്തമാക്കി. കേരളത്തിന്റെ നടപ്പു ജീവിത രീതിയും പുതുതായി തുടങ്ങിയ സ്ഥാപനത്തിന്റെ പ്രത്യേകതയും വിശദീകരിച്ചു. കൂട്ടത്തില്‍ യൂസുഫ് ഹാജി ഒന്നു മാത്രം ഊന്നിപ്പറഞ്ഞു

''യത്തീമായ കുട്ടികളാണ് എന്ന് നിങ്ങള്‍ ഉറപ്പു തരണം. നാളെ പടച്ചോന്റെ മുമ്പില്‍ ശുപാര്‍ശ ചെയ്യാന്‍ അവരുണ്ടാകും.'

ഉറുദുവിനേക്കാള്‍ ബംഗാളിയോട് ചായ്‌വുള്ള ഭാഷയില്‍ ഉസ്താദ് പറഞ്ഞു 'കഴിഞ്ഞ കലാപമാണ് ഇവരെ നിങ്ങള്‍ക്കായി തന്നത്. ഇനി ഒരു കലാപവും പിറക്കാതിരിക്കാന്‍ ഇവരെ നിങ്ങള്‍ വളര്‍ത്തണം.

അങ്ങനെയാണ് റഹീം ഫലാഹിയും അനുജന്‍ മുസദ്ദിഖും യൂസുഫ്ക്കയുടെ അത്തര്‍ മണത്തിലേക്കും വയനാടിന്റെ കുളിരിലേക്കും എത്തുന്നത്.

അതൊരു അനാഥശാല ആയിരുന്നില്ല. കേറി വരുന്നിടത്ത് ഗേറ്റും പാറാവുകാരും ഇല്ല. ആരോ പറഞ്ഞു വെച്ചതു പോലെ അനാഥത്വത്തിന്റെ തടവറയും ആയിരുന്നില്ല. ഒരു വാപ്പയുടെ മക്കളായി നൂറ്റിരണ്ടു പേര്‍ പിറന്നതു പോലെയായിരുന്നു അവിടം. രാവിലെ മുതല്‍ രാത്രി വരെ നീളുന്ന കലപിലകള്‍, കളികള്‍, മത്സരങ്ങള്‍, വാശികള്‍, ത്യാഗങ്ങള്‍, സ്‌നേഹവും വിട്ടുവീഴ്ച്ചയും. സങ്കടങ്ങളും പൊട്ടിച്ചിരിയുടെ പടക്കങ്ങളും എല്ലാം കൂടി ആ മൂന്ന് നില കെട്ടിടം ഏതോ മഹാ വ്യാപാരശാലയുടെ അസംസ്‌കൃത വസ്തു ശേഖര യൂണിറ്റ് പോലെ തോന്നും പുറത്തു നിന്ന് കാണുന്നവര്‍ക്ക്. വേലക്കാരില്ലാത്ത ഹോട്ടല്‍ ആയിട്ടും പലതരം വിഭവങ്ങള്‍. യൂസുഫ്ക്ക ഇടക്കിടക്ക് അവിടെ വരും. പലപ്പോഴും ഭാര്യ ബിയ്യുമ്മയും കൂടെ ഉണ്ടാവും. നാടായ നാട് മുഴുവന്‍ കറങ്ങുന്ന ആ വെളുത്ത ബൊലോറയില്‍ തന്നെയാണ് വരവ്. വരുമ്പോഴൊക്കെ മക്കളെ മടിയില്‍ ഇരുത്തി ഓരോരോ കഥകള്‍ പറഞ്ഞ് കൊടുക്കും. എത്രകഥകള്‍ പറഞ്ഞാലും അവസാനം പറയുക ഓത്തു പള്ളിയിലെ ഉസ്താദിന്റെയും വിശ്വാസിയായ മരത്തിന്റെയും കഥയായിരിക്കും.

എന്നിട്ട് താഹിറിനോട് പറയും ''അതുകൊണ്ട് നീ ഒരു വലിയ ഡോക്ടറാവണം. ദുനിയാവില്‍ എവിടെയും മരുന്നില്ലാത്ത രോഗത്തിനും നിന്റെ കയ്യില്‍ മരുന്ന് ഉണ്ടാവണം.''

ഷക്കീബിന്റെ നീണ്ട താടിയുള്ള മുഖവും വിടര്‍ന്ന മൂക്കും നോക്കി പറയും

''നീ മഹാജ്ഞാനിയാകണം. വലിയൊരു ഗുരുവാകണം.''

ഏത് ലൊട്ടുലൊടുക്ക് സാധനത്തിന്റെ വിലയും ഗുണവും ചോദിക്കുന്ന അഹമ്മദിനോട് പറയും

''ബാപ്പാന്റെ മോന്‍ വല്യ ബിസിനസുകാരനാവണം. ആ യൂസുഫലിയെയൊക്കെ പോലെ ആയിരങ്ങള്‍ക്ക് തൊഴില്‍ കൊടുക്കണം.''

''അപ്പോ ഞാനോ വാപ്പീ'' ജാബിര്‍ പതിവ് കോക്രിയുമായി മുടന്തി മുടന്തി വരും. ആ വരവ് കണ്ടാല്‍ ആരും ചിരിക്കും. യൂസുക്ക ആദ്യം ഒരു നുള്ള് കൊടുത്ത് അവന്റെ മുടന്ത് മാറ്റും. എന്നിട്ട് പറയും

''നിനക്ക് നല്ലത് കലയും പാട്ടും ഡാന്‍സും ഒക്കെയാ. വെഷമിക്കുന്നോര്‍ക്ക് അതും വല്യ മരുന്നാണ്.''

അപ്പോഴേക്കും ബഷീര്‍ ഉപ്പാക്ക് കുടിക്കാന്‍ ചൂടുവെള്ളവും ഗ്ലാസുമായി എത്തിയിട്ടുണ്ടാകും. അവനെ ചേര്‍ത്തു നിര്‍ത്തി സ്‌നേഹത്തോടെ അദ്ധേഹം പുറത്തു തലോടും എന്നിട്ടു പറയും.

''കണ്ടോ ഭാവിയിലെ ജനസേവകനും രാഷ്ട്രീയ നേതാവുമാണിവന്‍.''

അതു കേള്‍ക്കുമ്പോള്‍ അവന്റെ മുഖം വിടരും നുണക്കുഴി തെളിയും. ഇതെല്ലാം നോക്കി കഥകള്‍ കിനാവു കാണുന്ന എന്നോടായി ഒടുക്കം പറയും

''ടാ റഹീമേ, ഇനി നിന്റെ ജോലി പറയാം. നീ ഇന്ത്യ മുഴുവന്‍ സഞ്ചരിക്കണം. സകല ഭാഷയും പഠിക്കണം. തടവറകളില്‍ കഴിയുന്നവരുടെ വെളിച്ചമാകണം, ഈ പേന ഒരിക്കലും താഴെ വെക്കരുത്.''

വര്‍ത്തമാനങ്ങള്‍ക്ക് ഒടുവില്‍ ഭക്ഷണം വിളമ്പും. റൊട്ടിയും ചപ്പാത്തിയും ചോറും ദാലും എല്ലാം ചേര്‍ത്ത് ഒറ്റപ്പേരാണ് ചോറ്. പല പേരുകളും പല രുചികളും ഒന്നായി തീരുന്നതിന്റെ സൗന്ദര്യം. എനിക്ക് എപ്പോഴും ചോറ് ആയി കിട്ടിയിരുന്ന നാല് ചപ്പാത്തിയിലെ ഒന്ന് ഞാന്‍ ബഷീറിന് കൊടുക്കുമായിരുന്നു. പിന്നെ പിന്നെ അത് അവന്റെ അവകാശം പോലെയായി.

ബാല്യവും കൗമാരവും കടന്ന് അന്ന് അവിടെ നിന്ന് ഡല്‍ഹിക്ക് ചേക്കേറിയിട്ട് പതിനാല് വര്‍ഷം കഴിഞ്ഞാണ് എന്റെ ഈ തിരിച്ചു വരവ്.

*******

പുതിയ കാലത്ത് സമയത്തിന് വേഗത അല്‍പ്പം കൂടുതലാണ്. സെക്കന്റുകള്‍ കൊണ്ട് സംസാര സമയം അളന്ന് വിലയിടുന്ന കാലം. ഘടികാരത്തിന്റെ സമയ ചലനത്തില്‍ പലതും സംഭവിച്ചു. ഡല്‍ഹിയിലെ തിരക്കഥകള്‍ക്ക് അനുസരിച്ച് ഇവിടെ കേരളത്തിലും പലതും നടന്നു. വാര്‍ത്തയുടെ നേരും വേരും തിരഞ്ഞ് നടക്കുന്നതിനിടയില്‍ യൂസുഫ്ക്ക കുറച്ചു കാലം ഓര്‍മകളില്‍ വന്നില്ല. വിവാഹം, കുടുംബം, കുട്ടികള്‍ അങ്ങനെ ഉത്തരവാദിത്തങ്ങളുടെ ഭാരങ്ങളുള്ള ജീവിതത്തില്‍ എന്നെപ്പോലെ ആര്‍ക്കും സംഭവിക്കാവുന്ന താത്കാലിക മറവി.

പിന്നൊരിക്കല്‍, എഡിറ്റര്‍ ഡസ്‌കില്‍ വെച്ച് സുഹൃത്ത് പറഞ്ഞ ഒരു ബ്രേക്കിങ്ങാണ് മനസ്സിനെ തിരിച്ച് ഇവിടെ എത്തിച്ചത്.

''നിന്റെ കേരളത്തില്‍ അന്യസംസ്ഥാന കടത്ത് ഉണ്ടെന്ന്! ഒരു കൊമ്പന്‍ സ്രാവ് പിടിയിലായി. ഗള്‍ഫ് പണത്തിന്റെ ഹുങ്കില്‍ അനാഥത്വം മുതലെടുക്കുന്നവര്‍. അവനെയൊക്കെ ജീവിതകാലം മുഴുവന്‍ ഗ്വാണ്ടനാമയില്‍ തള്ളണം'' സുഹൃത്ത് കിട്ടിയതുവെച്ച് കത്തിപ്പടരുകയാണ്. ''ഗോകുലിന്റെ ലോക്‌സഭാ മണ്ഡലത്തിലാ സംഭവം.'' അതും കൂടി കേട്ടപ്പോള്‍ ഞാന്‍ വിക്കി വിക്കി ചോദിച്ചു

''യൂസു... എന്ന് പേരുള്ള''

''ഉം. അതെ, സഭാഷ്. നീ ആളൊരു സംഭവം തന്നെ. ഇങ്ങ് ദല്‍ഹിയിലിരുന്നും ഓരോ ന്യൂസിന്റെയും അരികും മൂലയും വരെ അറിയുന്നല്ലൊ.'' അവന്‍ എന്നെ പുകഴ്ത്താന്‍ തുടങ്ങി.

പക്ഷെ, ക്യാബിനിലെ എസിയുടെ തണുപ്പിലും ഞാന്‍ കുടുകുടാ വിയര്‍ക്കുകയായിരുന്നു. ശരീരമാസകലം ഒരു വിറയല്‍. ആദ്യമായി പേന കയ്യില്‍ നിന്നും നിലത്തു വീണു.

റബ്ബേ! ഈ പേന കയ്യില്‍ വെച്ചു തന്നയാള്‍.

പെട്ടെന്ന് സ്വബോധം വീണ്ടെടുത്ത് ഞാന്‍ ഫോണിലെ കോണ്‍ടാക്ടില്‍ നമ്പര്‍ ഡയല്‍ ചെയ്തു. അകലെ നിന്നും റെക്കോര്‍ഡ് ശബ്ദം 'നിങ്ങള്‍ വിളിക്കുന്ന വ്യക്തി പരിധിക്കു പുറത്താണ്. അല്ലെങ്കില്‍...' വീണ്ടും പല പ്രാവശ്യം ശ്രമിച്ചു. ഇപ്രാവശ്യം മറുപടി നല്‍കിയത് അടുത്ത ലോക്കല്‍ സറ്റേഷനിലെ എസ്.ഐയാണ്

''ഹലോ... ഞാന്‍ നിങ്ങളെ ട്രൈ ചെയ്യുകയായിരുന്നു. ഒരു ഉഗ്രന്‍ സ്റ്റോറിയുണ്ട്. പിന്നെ, എഴുതുമ്പോള്‍ എന്റെ പേരും എഴുതണേ. ഒത്താല്‍ ഒരു പ്രൊമോഷന്‍ ചാന്‍സാ''

ഞാന്‍ പറഞ്ഞു

''സര്‍, അതൊക്കെ അവിടെ നില്‍ക്കട്ടെ, യൂസുക്കയുടെ കാര്യം എന്തായി''

പെട്ടെന്ന് അയാളിലെ പൊലീസുകാരന്‍ മീശ പോലെ ശബ്ദവും കടുപ്പിച്ച് പറഞ്ഞ ''അതൊക്കെ ഇവിടെ സേഫ് ആണ്''

അന്ന് മുതല്‍ തുടങ്ങിയ മൂന്ന് ആഴ്ച്ചയായുള്ള അലച്ചിലാണ്. വാര്‍ത്തയുടെ നേര് തേടി. ജീവിതത്തില്‍ ഇതുവരെ എഴുതിയതില്‍ വെച്ച് ഏറ്റവും സത്യസന്ധമായ സ്റ്റോറി. അല്ലെങ്കിലും ആത്മകഥ പകര്‍ത്താനുള്ള കഴിവ് ഒന്നു വേറെ തന്നെയാണല്ലൊ. അതിലെ അവസാന ഭാഗം എഴുതിച്ചേര്‍ക്കാനാണ് ഈ ചുരം കയറ്റം. സ്റ്റോറിയിലെ അവസാന വരി ആദ്യമേ മനസ്സില്‍ കുറിച്ചിരുന്നു.

'ഇപ്പോള്‍ മനസ്സിലായില്ലെ എന്തുകൊണ്ടാണ് സഹ്യാദ്രിക്കിപ്പുറം അപ്പുറത്തില്‍ നിന്ന് വ്യത്യസ്തമാകുന്നതെന്ന്.' പക്ഷെ, അത് എഴുതി പൂര്‍ത്തിയായില്ല. അവസാനത്തേതിന് തൊട്ടു മുമ്പുള്ള കുറച്ചു വരികള്‍ അപൂര്‍ണ്ണമായി കിടക്കുന്നു.

*******

ഒരിക്കല്‍ കൂടി ആ ആല്‍മരം ബഹുഭാഷാ സംഗമത്തിന് വേദിയായി. മനസ്സിന്റ സങ്കടത്തിന്റെ ഭാഷക്ക് ലോകത്തെല്ലായിടത്തും ഒരേ ലിപിയാണെന്ന് ആ മുഖങ്ങളിലെ കണ്ണീര്‍ ചാലുകള്‍ പറഞ്ഞു. എല്ലാവരും ചേര്‍ന്ന് മരണത്തിന്റെ മൂന്നാം നാള്‍ ചോര്‍ എന്ന പേരില്‍ ഒരു പിടി വറ്റ് വീണ്ടും തിന്നു. പൂനെയില്‍ നിന്ന് ഡോ. താഹിര്‍ എം.ഡി കാര്‍ഡിയോളജിസ്റ്റ്, ആന്ധ്രയുടെ സ്വന്തം ഷകീബ് ഖചഡവിലെ ഗവേഷകനായ പ്രൊഫസര്‍, സ്വര്‍ണ്ണത്തിന്റെയും പട്ടിന്റെയും വ്യാപാരത്തിലെ പൊന്‍താരകം അഹമദ്, വെള്ളിത്തിരയിലെ കോമഡി സ്റ്റാര്‍ ജാബിര്‍ ഹുസൈന്‍, ഇരുത്തംവന്ന യുവജന നേതാവ് കെ.ടി ബഷീര്‍, ചാനലുകള്‍ക്ക് ബ്രേക്കിങ്ങ് ന്യൂസ് ഒരുക്കുന്ന ഈ ഞാനും അങ്ങനെ പുതിയ കുറേ മേല്‍വിലാസങ്ങളില്‍ ഒത്തുചേരുമ്പോഴും ജീവിതത്തില്‍ എല്ലാം ഉണ്ടായിട്ടും ശരിക്കും അനാഥരായതായി തോന്നി.

പെട്ടെന്ന് അത്തറിന്റെ മണമുള്ള ഒരിളം കാറ്റ് ആല്‍മരത്തെയും ഞങ്ങളെയും തഴുകി കടന്നു പോയി. മരത്തിന് മാത്രം അറിയുന്ന ഒരു സംഗീതമുണ്ട്, കാറ്റിന്റെ സംഗീതം. ഒരോ ഇലയും പൊഴിച്ച് അത് പ്രതികരിക്കുന്നു. കാറ്റടിക്കുമ്പോള്‍ ഇലകള്‍ യൗവനത്തിന്റെ പച്ച കാട്ടി പ്രതിരോധിക്കുന്നു. പക്ഷെ, പ്രായം കൂടിയവയോ? രക്തയോട്ടം നിലച്ച് വിളറി വെളുത്ത് അവ താഴേക്ക് തന്നെ വീഴുന്നു. ചിലത് മാത്രം ആകാശത്തിന്റെ നീലയിലേക്ക് എത്തിപ്പിടിക്കാനായി കാറ്റിനോടൊപ്പം ഉയര്‍ന്നുയര്‍ന്ന് യാത്രയാകുന്നു.

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - നിഷാദ് വി.എം

Writer

Similar News

കടല്‍ | Short Story