സ്വപ്നം

| കഥ

Update: 2023-01-30 13:24 GMT
Click the Play button to listen to article

അയാള്‍ എനിക്ക് തീര്‍ത്തും അപരിചിതനായിരുന്നു. എന്നിട്ടും ഞാന്‍ അയാളുടെ കൂടെ എത്ര സ്വാതന്ത്ര്യത്തോടെ ഒരു മടിയും കൂടാതെ ഈ തടാകക്കരയില്‍ ഇങ്ങനെ നടക്കുന്നതെന്നു അത്ഭുതത്തോടെ ഓര്‍ത്തു പോയി. ഇന്ന് ഓഗസ്റ്റിലെ മഴ പെയ്യുന്ന ഒരു തിങ്കളാഴ്ച. കൃത്യം പത്തുമണി അഞ്ചു മിനിറ്റ് ഉള്ളപ്പോഴാണ് ഞാനും അയാളും പരിചയപ്പെടുന്നത്. അതും ഇന്ദിരദേവി എന്ന മനഃശാസ്ത്രജ്ഞയുടെ ക്ലിനിക്കിന് മുന്നിലെ രോഗികള്‍ക്ക് ഇരിക്കാനുള്ള ബെഞ്ചില്‍ വച്ച്. അവരുടെ വീടിനോട് ചേര്‍ന്നുള്ള ക്ലിനിക്കായിരുന്നു അത്. നടവഴിയുടെ ഇരുവശങ്ങളിലും ഭംഗിയുള്ള പല നിറങ്ങളിലുള്ള പനിനീര്‍പ്പൂക്കളുണ്ടായിരുന്നു. മഴയില്‍ നനഞ്ഞു തല താഴ്ത്തി മണ്ണിനെ നോക്കി. ദാ ഞാന്‍ നിന്നിലേക്ക് അടര്‍ന്നു വീഴാറായിരിക്കുന്നുവെന്നല്ലേ ആ പൂക്കള്‍ മണ്ണിനോട് പറഞ്ഞു കൊണ്ടിരിക്കുന്നത്. ആയിരിക്കണം.

അവിടെ എനിക്ക് തൊട്ടു മുന്‍പിലുള്ള ബെഞ്ചിലാണ് അയാള്‍ ഇരുന്നിരുന്നത്. അയാള്‍. കറുത്ത നിറമുള്ള ഷര്‍ട്ടിലാണ് എന്റെ നോട്ടം പാറി വീണത്. മുകളില്‍ നിന്നും താഴേക്കുള്ള രണ്ടു ബട്ടണ്‍ ഇട്ടിരുന്നില്ല. മുപ്പത്തിയഞ്ച് വയസ്സ് പ്രായം തോന്നിച്ചിരുന്നു. കഴുത്തില്‍ കറുത്ത നിറമുള്ള മണിമാല നെഞ്ചിലെ മുടിയില്‍ ചുരുണ്ടു കിടക്കുന്നതറിഞ്ഞു. അലസമായ താടിയിഴകളും വളര്‍ന്ന മുടിയും. കണ്ണുകളില്‍ നിറഞ്ഞു നിന്ന ഗൗരവത്തിലേക്ക് ഒരു ക്ഷീണഭാവം നുറുങ്ങി കിടക്കുന്നതറിഞ്ഞു. ഇരുനിറം. എന്റെ കാഴ്ചപ്പാടില്‍ അയാള്‍ക്ക് വല്ലാത്തൊരു ആകര്‍ഷണം തോന്നി. അയാള്‍ പക്ഷേ വല്ലാതെ അസ്വസ്ഥനായിരുന്നു. കൈകള്‍ കൂട്ടിതിരുമ്മുകയും മുടിയിഴകളില്‍ കൈകള്‍ കോര്‍ത്തു വലിക്കുകയും ചെയ്തു. ഇടയ്ക്കു വരണ്ട ചുണ്ടുകള്‍ നാവു നീട്ടി നനച്ചു. ഇടയില്‍ അയാളുടെ നോട്ടം എന്നില്‍ പതിഞ്ഞു. പ്രസന്നമായ മുഖഭാവത്തോടെ നേര്‍ത്ത ചിരിയോടെ കറുത്ത നിറമുള്ള കോട്ടണ്‍ സാരി ഭംഗിയായി ഞൊറിഞ്ഞുടുത്ത എന്നെ അയാള്‍ സൂക്ഷിച്ചു നോക്കി. പിന്നെ ആ കണ്ണുകളില്‍ മുഖത്ത് ചിരി പരന്നു. ഞാനും അയാളെ നോക്കി മനോഹരമായി ചിരിച്ചു.

അയാള്‍ എന്റെ അടുത്ത് വന്നിരുന്നു. 'നിങ്ങള്‍ ആരെ കാണിക്കാന്‍ വേണ്ടിയാണ് ഇവിടെ വന്നത്. 'അയാള്‍ എന്നോട് ചോദിച്ചു.

'എന്നെ..'

ഞാന്‍ പറഞ്ഞപ്പോള്‍ ആ മുഖത്ത് അമ്പരപ്പ് പ്രകടമായി. 'നിങ്ങള്‍ക്ക് ന്താ അസുഖം.'

ഞാന്‍ ചിരിച്ചു.

'ഞാന്‍ സ്വപ്നങ്ങള്‍ കാണുന്നു'

ഇത്തവണ അയാളുടെ മുഖത്ത് അത്ഭുതം തിങ്ങി.

'അതൊരു അസുഖമാണോ'

'അല്ല. പക്ഷേ ഞാന്‍ കാണുന്ന സ്വപ്നങ്ങള്‍ സത്യമാവുന്നു'

ഞാന്‍ പറഞ്ഞപ്പോള്‍ അയാളുടെ കണ്ണുകള്‍ വിടര്‍ന്നു.

'എന്താ നിങ്ങളുടെ അസുഖം '

ഞാന്‍ ചോദിച്ചു.

അയാളുടെ കണ്ണുകള്‍ വിങ്ങി.

'ഞാന്‍ ഒരു സ്വപ്നം കണ്ടിട്ട് വര്‍ഷങ്ങളാവുന്നു'

'അതാണോ പ്രശ്‌നം'

ഞാന്‍ ചോദിച്ചു.

അയാള്‍ തലയാട്ടി.

'മണ്ണിനടിയില്‍ പുതഞ്ഞു കിടക്കും പോലെ. ഒന്നുമില്ല. അവിടെ. നനഞ്ഞ മണ്ണ് മാത്രം. ഒരു സ്വപ്നം പോലും ഞാന്‍ കാണുന്നില്ല. നല്ലതോ ചീത്തയോ. ഉറങ്ങിയിട്ട് നാളുകള്‍ ഏറെയായി'

അയാളുടെ സ്വരത്തില്‍ വിങ്ങല്‍.


ഇപ്പോള്‍ അയാള്‍ എന്റെ തൊട്ടടുത്താണ് ഇരിക്കുന്നതെന്നു ഞാന്‍ ഓര്‍ത്തു.

പെട്ടെന്ന് ഒരു സ്ത്രീ പുറത്തേക്ക് വന്നു. ഡോക്ടര്‍ക്ക് അത്യാവശ്യമായി പുറത്തു പോവേണ്ട ആവശ്യമുണ്ടെന്നും കാണാന്‍ ഒന്നോ രണ്ടോ മണിക്കൂര്‍ കാത്തിരിക്കണമെന്നും പറഞ്ഞു അവര്‍ പോയി.

ഞാന്‍ എന്ത് ചെയ്യണമെന്നു ഓര്‍ത്തു അങ്ങനെ ഇരുന്നു. ഞങ്ങളെ കൂടാതെ വേറെ രണ്ടു പേര്‍ കൂടെ അവിടെ ഉണ്ടായിരുന്നു. വിഷാദഭാവം നിറഞ്ഞ ഒരു പെണ്‍കുട്ടിയും അവളുടെ അമ്മയെന്ന് തോന്നിക്കുന്ന സ്ത്രീയും.

അവര്‍ അവിടെ തന്നെ ഇരുന്നു.

പുറത്തു മഴ കുറഞ്ഞു. തണുപ്പ്. ഞാന്‍ സാരിത്തലപ്പ് കൊണ്ട് ചുമല്‍ മൂടി.

'നമുക്ക് പുറത്തിറങ്ങി നടന്നാലോ'

അയാള്‍ പെട്ടെന്ന് ചോദിച്ചു.

ഞാന്‍ ഒരു നിമിഷം ആലോചിച്ചു. പിന്നെ തലയാട്ടി.

എഴുന്നേറ്റ് അയാള്‍ക്കൊപ്പം പടികളിറങ്ങി പുല്‍ത്തകിടിലേക്ക് നടക്കുമ്പോള്‍. എന്തിനെന്നു ആലോചിച്ചില്ല.

'ഇവിടെ പുറത്തു റോഡ് ക്രോസ്സ് ചെയ്താല്‍ ഒരു തടാകമുണ്ട്. തപതി. അവിടേക്ക് പോയാലോ. എനിക്ക് സംസാരിക്കണം' അയാള്‍ എന്തോ ഒരു ആവേശത്തോടെ പറഞ്ഞു.

ഞാന്‍ തലയാട്ടി.

പുറത്തേക്കിറങ്ങി. റോഡ് മുറിച്ചു കടന്നു ആ തടാകത്തിനുള്ളിലേക്ക് കടക്കുമ്പോഴും എന്തിന് ഞാന്‍ അയാളെ അനുഗമിക്കുന്നു എന്ന് ആലോചിച്ചില്ല.

കാറ്റില്‍ എന്റെ അഴിച്ചിട്ട മുടിയിഴകള്‍ പറന്നു.

തടാകത്തിലെ ജലത്തിലേക്ക് വീണു കിടക്കുന്ന മരത്തില്‍ നിറയെ വെളുത്ത പക്ഷികള്‍.

'നിങ്ങള്‍ക്ക് എന്താണ് പറയാനുള്ളത്'

ഞാന്‍ ചോദിച്ചു.

'നിങ്ങള്‍ കാണുന്ന സ്വപ്നങ്ങള്‍ എങ്ങനെയാണ് ഫലിക്കാറുള്ളത്?

അയാള്‍ ചോദിച്ചപ്പോള്‍ ഞാന്‍ ചിരിച്ചു. ഒരു മറുചോദ്യം ചോദിച്ചു.

'നിങ്ങള്‍ എന്ത് കൊണ്ട് സ്വപ്നങ്ങള്‍ കാണുന്നില്ല?

അയാളുടെ മുഖത്ത് വിങ്ങല്‍.

അയാള്‍ ഷര്‍ട്ടിന്റെ തുമ്പില്‍ പിടിച്ചു താഴേക്ക് വലിച്ചു കൊണ്ടിരുന്നു.

ആ കണ്ണുകളില്‍ നനഞ്ഞ ഒരു പക്ഷി തളര്‍ന്നിരിക്കുന്നത് പോലെ.

അയാള്‍ അവിടെ ചാരുബെഞ്ചില്‍ ഇരുന്നു. ഞാനും.

അയാളുടെ കണ്ണുകള്‍ തടാകത്തിലെ ജലത്തില്‍ പരതി നടന്നു. അടിത്തട്ടില്‍ എന്തോ തിരയും പോലെ.

കണ്ണുകള്‍ വലിച്ചെടുത്തു അയാള്‍ എന്നെ നോക്കി.

അയാളുടെ കണ്ണുകള്‍ രണ്ടു തടാകങ്ങളാവുന്നതും അതില്‍ ചെറിയ ഓളങ്ങള്‍ പ്രത്യക്ഷമാവുന്നതും ഞാനറിഞ്ഞു.

'സ്‌നേഹിച്ചു മോഹിച്ചു സ്വന്തമാക്കി കൂടെ കൂട്ടിയ പെണ്ണ് മരണത്തിന്റെ വെള്ളപുതച്ചു ഉമ്മറത്ത് കിടന്നപ്പോള്‍'

അയാളുടെ സ്വരമിണ്ടറി.

'അതിനു ശേഷം കണ്‍മുന്നില്‍ ഒരു വെളുത്ത പുതപ്പ് കാണും. അവിടെ ഉണങ്ങാത്ത ചോരയില്‍ ആര്‍ത്തു പറക്കുന്ന ഈച്ചകളെയും. വേറെയൊന്നും കാണുന്നില്ല. ഉറങ്ങുമ്പോള്‍ ആ കാഴ്ച കണ്ണില്‍ നിന്നും മറഞ്ഞിരുന്നുവെങ്കില്‍ എന്നു മോഹിക്കും. പക്ഷേ'

അയാള്‍ അസ്വസ്ഥതയോടെ മുടി പിടിച്ചു വലിച്ചു.

അയാള്‍ എന്നില്‍ വീണു ചിതറും പോലെ. എന്റെ കണ്ണുകള്‍ നനഞ്ഞു. സമാധാനിപ്പിക്കാനുള്ള വാക്കുകള്‍ തോണ്ടിയെടുത്തു മുന്നിലിട്ടാല്‍ ഞാനൊരു വിഡ്ഢിയാവും.

ഏറെ നേരം അയാള്‍ നിശബ്ദനായിരുന്നു. ഞാനും.

'നിങ്ങള്‍ അവസാനമായി എന്ത് സ്വപ്നമാണ് കണ്ടത്?'

അയാള്‍ പെട്ടെന്ന് ചോദിച്ചു.

ഞാന്‍ ഓര്‍ത്തെടുത്തു. എന്റെ കണ്ണുകള്‍ വിടരുന്നു.

'ആ സ്വപ്നം'

അയാള്‍ ആകാംക്ഷയോടെ എന്നെ നോക്കി.

'ഒരു ചെറിയ മുറിയുടെ കട്ടിലില്‍ ഇടതു വശം തിരിഞ്ഞു കിടന്നുറങ്ങുന്ന ഒരാള്‍. അയാളുടെ മുറിയുടെ പാതി ചാരിയ വാതില്‍പ്പടിയില്‍ ഞാനിരിക്കുന്നു. ആ പടിയില്‍ നിറയെ നനഞ്ഞ വയലറ്റ് പൂക്കളെ കൊണ്ടു ഞാന്‍ അലങ്കരിക്കുന്നു. പുറത്ത് മഴയുണ്ടായിരുന്നു. ആ നനഞ്ഞ വയലറ്റ് പൂക്കള്‍ ആ വീടിന്റെ മുറ്റത്തു വിരിഞ്ഞു നിന്നതായിരുന്നു. ഞാന്‍ ഓര്‍ക്കുന്നു. കട്ടിലില്‍ അയാള്‍ ശാന്തമായി ഉറങ്ങുകയായിരുന്നു'

ഒരു സ്വപ്നത്തിലെന്ന പോലെ ഞാന്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ അയാള്‍ പെടുന്നനെ എഴുന്നേറ്റു.

'എന്റെ കൂടെ ഒരിടം വരെ വരാമോ'

അയാള്‍ ചോദിച്ചു.

'എവിടേക്ക്?'

'രത്‌നഹള്ളി. അവിടെയാണ് എന്റെ വീട്'

'അതെന്തിനാ ഞാന്‍ അവിടെ വരുന്നത്. ഡോക്ടറെ കാണണ്ടേ?'

ഞാന്‍ ചോദിച്ചു.

'കാണാം. കുറച്ചു നേരം മാത്രം.' അയാള്‍ അപേക്ഷിക്കുന്ന പോലെ തോന്നി.

ഞാന്‍ എഴുന്നേറ്റു. അയാള്‍ക്കൊപ്പം നടന്നു.

തടാകത്തിനു പുറത്തുള്ള വഴിയില്‍ നിന്നും അയാള്‍ ഒരു ഓട്ടോ വിളിച്ചു. അതില്‍ കേറി പോവുമ്പോള്‍ ഒരു പരിചയവുമില്ലാത്ത ഇയാള്‍ക്കൊപ്പം ഞാന്‍ എന്തിന് യാത്ര ചെയ്യുന്നുവെന്ന് ആലോചിച്ചില്ല.

മെയിന്‍ റോഡില്‍ നിന്നും ചെറിയ ഇടവഴി താണ്ടി ഒരു ചെറിയ വീടിന്റെ മുന്നില്‍ വണ്ടി നിന്നു. വളരെ ചെറിയൊരു വീട്. ഞാന്‍ അമ്പരപ്പോടെ ആ വീട്ടിലേക്ക് നടന്നു. വീടിനു മുന്നില്‍ ഭംഗിയുള്ള വയലറ്റ് പൂക്കള്‍ വിരിഞ്ഞു നിന്നിരുന്നു. മഴ ചാറി തുടങ്ങി. പൂക്കള്‍ നനഞ്ഞു. ഞാന്‍ അതില്‍ നിന്നും ഒരു കുല പൂക്കള്‍ പറിച്ചെടുത്തു.

അയാള്‍ വാതില്‍ തുറന്നു അകത്തേക്ക് കയറി. ഒരു മുറിയും അടുക്കളയും മാത്രമുള്ള ചെറിയൊരു വീട്. വീടിനുള്ളില്‍ എല്ലാം നല്ല വൃത്തിയാക്കി ഒതുക്കി വച്ചിരുന്നു. ചുവരില്‍ നല്ല ഭംഗിയുള്ള ഒരു പെണ്‍കുട്ടിയുടെ ഫോട്ടോ കണ്ടു. അത് ആരെന്നു ഞാന്‍ ചോദിച്ചില്ല. അയാള്‍ പറഞ്ഞതുമില്ല.

അയാള്‍ വല്ലാതെ അസ്വസ്ഥനായിരുന്നു.

'എനിക്ക് കുറച്ചു ചോറ് എടുത്തു തരോ'

അയാള്‍ ഇടറിയ സ്വരത്തില്‍ ചോദിച്ചു.

ഞാന്‍ മറുത്തൊന്നും പറഞ്ഞില്ല. അടുക്കളയില്‍ കയറി. ചോറും കറിയും ഒരു പാത്രത്തില്‍ വിളമ്പി അയാള്‍ക്ക് കൊടുത്തു.

അയാള്‍ അത് സന്തോഷത്തോടെ വാങ്ങി.

അതില്‍ നിന്നും ഒരുപിടി ചോറ് കുഴച്ചെടുത്തു എനിക്ക് നേരെ നീട്ടി. ഞാനതു വാങ്ങി. വായിലിട്ടു.

നാവില്‍ എരിവ് പടര്‍ന്നു.

അയാളുടെ കണ്ണുകള്‍ തിളങ്ങി.

പിന്നെ വല്ലാത്തൊരു ഭാവത്തോടെ അയാള്‍ ചോറ് വാരി കഴിച്ചു.

'നിങ്ങള്‍ക്ക് വേറെ ബന്ധുക്കള്‍ ആരുമില്ലേ'

ഞാന്‍ ചോദിച്ചു. അയാള്‍ കഴിക്കുന്നത് നിര്‍ത്തി. ഒരു തുള്ളി കണ്ണുനീര്‍ കുഴച്ച ചോറില്‍ വീണു. ഉള്ളില്‍ ഒരു പുളിപ്പ്. ദഹിക്കാതെ എന്തോ. എനിക്ക് അസ്വസ്ഥത തോന്നി. അയാള്‍ കൈ കഴുകി എന്റെ അരികില്‍ വന്നു.

'ഒരു കാര്യം ആവശ്യപ്പെട്ടാല്‍ ബുദ്ധിമുട്ട് ആവോ'

അയാള്‍ തെല്ലു മടിയോടെ ചോദിച്ചു.

'ഇല്ല. പറഞ്ഞോളൂ.'

'ഞാന്‍ ഉറങ്ങുമ്പോള്‍ കുറച്ചു നേരം ആ പടിയില്‍ എന്നെ നോക്കി ഇരിക്കോ'

അയാളുടെ സ്വരത്തില്‍ യാചന കലര്‍ന്നിരുന്നു.

ഞാന്‍ തലയാട്ടി.

അയാള്‍ കട്ടിലില്‍ തളര്‍ന്നിരുന്നു. 'എനിക്കൊന്നുറങ്ങണം. പിന്നെ ഒരു സ്വപ്നം കാണണം. വെളുത്ത തുണിയും രക്തവും ഈച്ചയൊന്നും അല്ലാത്ത എന്തെങ്കിലും'

തളര്‍ന്ന സ്വരം.

ഞാന്‍ പടിയില്‍ ഇരുന്നു.

'കാണും. നിങ്ങള്‍ കിടന്നോളൂ'

കണ്ണടക്കും മുന്‍പ് അയാള്‍ ചോദിച്ചു.

'നിങ്ങളുടെ പേര്'

'ജനനി'

അയാള്‍ ആ പേര് ഉച്ചരിച്ചു. പിന്നെ കണ്ണുകളടച്ചു.

ഞാന്‍ ആ പടിയില്‍ നനഞ്ഞ വയലറ്റ് പൂക്കള്‍ നിരത്തി വച്ചു. പുറത്തു മഴ മണ്ണില്‍ വന്നലച്ചു പരാതി പറഞ്ഞു.

ഞാന്‍ ചുവരില്‍ ചാരിയിരുന്നു അയാളെ നോക്കി. ആ മുഖം ശാന്തമായിരുന്നു. എന്റെ കണ്ണുകള്‍ നിറഞ്ഞു. ഒരു സ്വപ്നം അതിന്റെ എല്ലാ ഭാവങ്ങളും പൂര്‍ത്തിയാക്കി മടങ്ങാന്‍ ഒരുങ്ങുന്നതു ഞാന്‍ കണ്ടു.

അയാളെ ഒരിക്കല്‍ കൂടെ നോക്കി. അയാള്‍ ഉറങ്ങുകയാണ്. ശാന്തമായി.

അവിടെ അടഞ്ഞ ആ കണ്ണുകള്‍ക്കുള്ളില്‍ നനഞ്ഞ ഒരു വയലറ്റ് പൂവ്.

ഞാന്‍ എഴുന്നേറ്റു. ഇനിയൊരിക്കലും നിങ്ങള്‍ എന്നെ തേടി വരരുതേയെന്ന് മനസ്സില്‍ ഉരുവിട്ട് കൊണ്ട് പതിയെ ഞാന്‍ ആ വീടിന്റെ പടികള്‍ ഇറങ്ങി.


പുലര്‍ച്ച.

പുറത്തു നല്ല മഴ. തുറന്നിട്ട ജനലഴികളില്‍ നിന്നും കാറ്റില്‍ മഴത്തുള്ളികള്‍ അകത്തേക്ക്. ഞാന്‍ കണ്ണുകള്‍ ഒരിക്കല്‍ കൂടെ അടച്ചു തുറന്നു. അത്. അതൊരു സ്വപ്നമായിരുന്നുവോ?

ഹൃദയമിടിപ്പിന്റെ താളം തെറ്റി. ഒരു മുഖം കണ്ണുകളില്‍ തറഞ്ഞു. ഹൃദയത്തെ നീറ്റി. ഉള്ളം കൈ രണ്ടും മുഖത്തോട് ചേര്‍ത്ത് അമര്‍ത്തി.

'നീയിന്നു ഡോക്ടറെ കാണാന്‍ പോവുന്നില്ലേ'

അമ്മയുടെ സ്വരം. ഞാന്‍ മറുപടി പറഞ്ഞില്ല. അമ്മയുടെ നനഞ്ഞ കണ്ണുകളെ അവഗണിച്ചു പുറത്തെ മഴയിലേക്ക് നോക്കി നിന്നു. ആ മഴയിലൂടെ കറുത്ത കോട്ടണ്‍ സാരി ധരിച്ച ഒരു രൂപം നടന്നു നീങ്ങുന്നത് കണ്ടു. അത്. അത് ഞാന്‍ തന്നെയല്ലേ. ആ നനഞ്ഞ ജനലഴികളില്‍ ഞാന്‍ മുഖം ചേര്‍ത്തു. ആ സ്വപ്നത്തിലേക്ക് മിഴി നട്ടു എന്തിനോ കരഞ്ഞു കൊണ്ടിരുന്നു.



Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - മേദിനി കൃഷ്ണന്‍

Story Writer

Similar News

കടല്‍ | Short Story